ADVERTISEMENT

പേന (കഥ)

 

ആ പേന.. 

അത് അങ്ങനെ മേശപ്പുറത്ത്, ആർക്കും ഉടമസ്ഥാവകാശം ഇല്ലാതെ, അനാഥമായി കിടന്നു. വെറുമൊരു പേന, അഞ്ചോ പത്തോ രൂപയാകും അതിന്റെ വില.

 

സമയം രാവിലെ ഒൻപത് മണിയായി. ആ സ്ഥാപനത്തിൽ ജോലിയ്‌ക്കെത്തിയവരുടെ തിരക്ക് കൂടി. പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിൽ, രജിസ്റ്ററിൽ ഒപ്പിടാനായി അവരെല്ലാവരും ഒന്നിന് പുറകെ ഒന്നായി നിന്നു. ഏറ്റവും പുറകിൽ അവിടുത്തെ പ്യൂൺ നാരായണൻ കുട്ടി.

ഇന്ന് പതിവിനു വിപരീതമായി നാരായണൻകുട്ടി പേനയെടുക്കാൻ  മറന്നുപോയി. സാധാരണ രണ്ട്, മൂന്നു പേനകൾ - കറുപ്പ്, നീല, ചുവപ്പ് അങ്ങനെ - അയാളുടെ കീശയിലുണ്ടാകും. സാറുമ്മാർക്ക് പെട്ടെന്നൊരു നീലയോ, കറുപ്പോ, ചുവപ്പോ മഷിയുള്ള പേന വേണമെങ്കിൽ അപ്പോൾ തന്നെ നാരായണൻകുട്ടി വേണ്ടത് എടുത്ത് കൊടുക്കും. ആവശ്യം കഴിഞ്ഞാലോ തിരികെ വാങ്ങി കീശയിലിടും. അതയാളുടെ ഒരു ശീലമായി തീർന്നു, പേനകൾ അത്രയും കയ്യിലുണ്ടാവുക എന്നത്. ഇന്നെന്തോ..,

 

തിരക്കിട്ടാണിറങ്ങിയത്. പേന എടുത്തിടാൻ അപ്പോഴേയ്ക്ക് മറന്നിരുന്നു.

നോക്കുമ്പോൾ ഒരു പേന മേശപ്പുറത്ത് കിടപ്പുണ്ട്. മുകളിൽ അമർത്തുമ്പോൾ താഴെ എഴുതാൻ തക്ക രീതിയിൽ മുനയിറങ്ങിനിൽക്കുന്ന തരം പേന.

“അതുംകൊണ്ട് ഇന്ന് ഒപ്പിടാം.. ’’ അയാൾ ഓർത്തു.

അതൊരു നീലയും വെളുപ്പും നിറമുള്ള പേന ആയിരുന്നു.

 

നീല മഷിപ്പേന. ഒപ്പിടാനുള്ള തന്റെ ഊഴമെടുത്തപ്പോൾ അയാൾ ആ പേന കയ്യിലെടുത്തു, തന്റെ പേരിനായി പരതി. കണ്ണുകൾക്ക് കാഴ്ചക്കുറവുണ്ടായിരുന്നു. കൈവിരൽകൊണ്ട് തപ്പി തന്റെ പേരിനു നേരെയുള്ള കളത്തിൽ ആ പേനകൊണ്ട് അയാൾ ഒപ്പിട്ടു. ഇനി തന്റെ ജോലികളിലേക്ക് അയാൾ പ്രവേശിക്കുകയായി... അയാൾ മനസ്സിൽ കണക്കുകൂട്ടി.

ഒൻപത് മണിയ്ക്ക് എത്തുമെങ്കിലും ഒൻപതര-പത്തോടു കൂടെയാണ് ഔദ്യോഗി ജോലികൾ ആരംഭിക്കുക.

 

ആ സമയം എല്ലാവർക്കും തന്റെ വക ഓരോ ചായ നാരായണൻകുട്ടി കൊടുക്കും. അതായത്, വെറും ചായയല്ല.. സ്പെഷ്യൽ ചായ. ചുക്കും ഏലയ്ക്കായുമിട്ട നല്ല ഒന്നാംതരം ചായ. അവിടെയുള്ളവർ ഒന്നടങ്കം ആ ചായ ഇഷ്ടപ്പെട്ടിരുന്നു. അവർ നാവിൽ നിറഞ്ഞ രുചിയോടെ, ആത്മാർഥമായി എന്നും പറയും;

“നാരായണാ.. തന്റെ ചായ.., ഇതുപോലെ നല്ല രുചിയും മണവുമുള്ള ചായ ജീവിതത്തിൽ കുടിച്ചിട്ടില്ല”

അവിടെ നാരായണൻകുട്ടിക്ക് എല്ലാവരും സാറുമ്മാരാണ്.

പെൺസാറുമ്മാർ, “നാരായൺകുട്ടിച്ചേട്ടാ’’ എന്ന് അയാളെ സംബോധന ചെയ്തു. വയസ്സ് അമ്പതിനോളം അടുത്തിരുന്നു അയാൾക്ക്. പഠിപ്പും തീരെ കുറവായിരുന്നു. ചായ കുടിക്കുമ്പോൾ അയാൾ അവരുടെ മുഖത്തു നോക്കി, ചായ നാവിലാദ്യം എത്തുമ്പോഴുള്ള ഭാവം ശ്രദ്ധിച്ചിരുന്നു ഇഷ്ടപ്പെട്ടോ, ഇല്ലയോ, കടുപ്പം ഉണ്ടായിരുന്നോ, അതോ കൂടുതലാണോ, മധുരം കുറവാണോ, ഇനിയും ചേർക്കണോ എന്ന സംശയങ്ങൾ അയാളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. അവരുടെ മുഖം തെളിഞ്ഞു കാണുമ്പോൾ മാത്രം നാരായണൻകുട്ടിക്ക് സംതൃപ്തി തോന്നും. ചിലർ രണ്ടാമതും ചായ ചോദിക്കുമായിരുന്നതിനാൽ അയാൾ കുറച്ചധികം ചായ കൂടെ എന്നും ഉണ്ടാക്കും.

“ചായ ആണെങ്കിലും എന്താ ..? അവര് കുടിയ്ക്കട്ടെ.., മതിയാകുവോളം...”

         

ആദ്യത്തെ ആ ജോലി കഴിഞ്ഞാൽ പിന്നെയുള്ളത്, മണി പത്താകുമ്പോഴേയ്ക്ക് ഓരോരുത്തരുടെ മേശപ്പുറത്തു നിന്നും അവരവർക്ക്  വേണ്ട ഫയലുകൾ എത്തിച്ചുകൊടുക്കുക എന്നതാണ്. പിന്നെ, മാനേജർ സാറിന്റെ  ഓഫീസുമുറിയിൽ കുറച്ച് പണി. ഇത് എല്ലാം നാരായണന്റെ  മനസ്സിലെ കണക്കുകൂട്ടൽ ആയിരുന്നു. അത് കഴിഞ്ഞു.

 

ഇനി നാരായണൻകുട്ടി തന്റെ ജോലിയിലേക്ക് പ്രവേശിക്കുകയായി. ആദ്യം എല്ലാവർക്കും ചായ. നാരായണൻകുട്ടി ഊണുമുറിയിലേയ്ക്ക് നടന്നു. അവിടെയൊരു ചെറിയ മണ്ണെണ്ണ അടുപ്പുണ്ട്. വാഷ് ബേസിനിന് അരികിലെത്തിയപ്പോൾ.. നാരായണൻകുട്ടി പെട്ടെന്നൊന്ന് നിന്നു..!

 

ഇത് അയാളുടെ മറ്റൊരു ശീലം. എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ കൈകഴുകുക എന്നത്. ആഹാരം ഉണ്ടാക്കുകയാണെങ്കിൽ പ്രത്യേകിച്ച്. വർഷങ്ങളായി അയാൾ അത് ശീലിച്ചുപോന്നു. നാരായണൻ കൈകഴുകി. അവിടെയുണ്ടായിരുന്ന സോപ്പ് ഉപയോഗിച്ച് .., അയാൾ വൃത്തിയായി കഴുകി. എന്നിട്ട് അടുപ്പ് കത്തിച്ച്, തന്റെ രീതിയിൽ ആ സ്പെഷ്യൽ ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു.

.............................................

 

മേശപ്പുറത്തിരുന്ന ആ പേന.. പ്രത്യക്ഷത്തിൽ മുകളിൽ അമർത്തുമ്പോൾ ‘ക്ലിക്ക് ’ എന്ന ശബ്ദത്തോടെ, എഴുതത്തക്ക രീതിയിൽ മുന പുറത്തേയ്ക്ക് തള്ളിവരുന്ന ഒരു പേനയായിരുന്നെങ്കിലും, എങ്ങനെയെന്നറിയില്ല.. 

അതിൽ ആയിരങ്ങളെ കൊന്നൊടുക്കാൻ ശേഷിയുണ്ടായിരുന്ന മേൽപ്പറഞ്ഞ സൂക്ഷ്മജീവി, തന്റെ ഊഴത്തിനായി കാത്തിരുന്ന ആ മഹാവിപത്ത്, ആ പേനയിൽ ഉണ്ടായിരുന്നു. എനിയ്ക്കോ നാരായണൻകുട്ടിയ്ക്കോ അറിയില്ല. ആ പേനയിൽ എങ്ങനെയത് വന്നു..? നാരായണൻകുട്ടിയെപ്പോലെ ആരൊക്കെ ഇന്ന് പേന മറന്നവരുണ്ട്..? അവരിൽ എത്രപേർ ഒപ്പിടാൻ ആ പേന ഉപയോഗിച്ചു..? എന്നൊന്നും.

 

പിന്നീട് എത്ര പേരിലേക്ക് ആ മഹാവ്യാധി ഇതിനോടകം വ്യാപിച്ചു എന്നും. പക്ഷെ ഒന്നുറപ്പാണ് .., നാരായണൻകുട്ടി അയാൾപോലുമറിയാതെ അതിനെ തോൽപ്പിച്ചിരിക്കുന്നു. അതിനേക്കാളൊക്കെ ഉപരി ഒന്നുമറിയാത്ത ആയിരക്കണക്കിന് ജനങ്ങളെ ആ സാധാരണ മനുഷ്യൻ രക്ഷിച്ചു. നൂറ് ശതമാനം എന്ന് പറയാൻ പറ്റില്ല. കാരണം ധാരാളം വഴികൾ നമ്മൾ തന്നെ തുറന്നിട്ടിരിക്കുന്നു. 

 

ഇനി.. ഇപ്പോഴും ഒന്നും ചെയ്യാതെ മൗനമായി ഇരിയ്ക്കുന്ന സഹോദരങ്ങളോട് ഒരു അപേക്ഷ. സ്വയം രക്ഷിയ്ക്കാൻ വയ്യ എങ്കിൽ, മറ്റുള്ളവരുടെ ജീവിതം ഓർത്തെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുക.  മനുഷ്യ നിർമ്മിതമായ ബോംബുകൾക്കോ വാളുകൾക്കോ തോക്കുകൾക്കോ പിടിച്ചു നിൽക്കാനാകാത്ത വിധം എതിരാളി ശക്തനാണ്. പക്ഷേ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത വളരെക്കുറച്ച് കാര്യങ്ങൾ ഒന്ന് അനുസരിച്ചാൽ മതി.. അതിന്മേൽ വിജയം വരിക്കുവാൻ..

...............................................................

 

അതൊരു സൂക്ഷ്മജീവി ( ജീവി എന്ന് തീർച്ചപ്പെടുത്താൻ കഴിയില്ല) ആയിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്ത, അനേകായിരങ്ങളെ കൊന്നൊടുക്കിയ - ഇപ്പോഴും കൊന്നൊടുക്കുന്നു - ഒരു അതിസൂക്ഷ്മ ജീവി. അവ പ്രപഞ്ചശക്തിയുടെ ഹിതമോ, അതോ എതിരാളിയുടെ പരീക്ഷണമായോ ഭൂമിയിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് നിമിഷങ്ങൾക്കൊണ്ട് പറന്നെത്തിക്കൊണ്ടിരുന്നു. ലോകത്തിന്റെ സകല കോണുകളിലും ശവശരീങ്ങൾ കുന്നുകൂടി കിടന്നിട്ടും, അവ യുദ്ധം അവസാനിപ്പിച്ചില്ല. രാജ്യങ്ങൾ രാജ്യങ്ങളെ കണ്ടുപിടുത്തങ്ങളാൽ കീഴടക്കിയ...മനുഷ്യരുമായുള്ള യുദ്ധം....

 

English Summary: ‘Pena’ Malayalam short story written by Anna Jyothy Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com