‘നഷ്ടപ്പെടുത്താനൊരുങ്ങിയപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ ജീവന്റെ വില’

girl-alone
പ്രതീകാത്മ ചിത്രം
SHARE

തിരിച്ചറിവ് (കഥ)

കുന്നിന്‍ ചെരുവിലെ ആ പുല്‍മേട് സായാഹ്നങ്ങളില്‍ അതീവ സുന്ദരിയായി കാണപ്പെട്ടു. അസ്തമയ സൂര്യന്‍ ആ മനോഹാരിതയില്‍ ലയിച്ചുകൊണ്ട് വിടവാങ്ങാന്‍ മടിച്ചു നിൽക്കും പോലെ തോന്നിച്ചു. ഒരു ചെറിയ പാറക്കെട്ടോടു ചേര്‍ന്ന് പണ്ടെപ്പോഴോ സ്ഥാപിതമായ ഒരു കരിങ്കല്‍ ഇരിപ്പിടം ആ ദൃശ്യസൗകുമാര്യം നുകര്‍ന്നിരിക്കാനായി പ്രത്യേകം തയാറാക്കിയ ഇടമായ് വര്‍ത്തിച്ചു.

വെയിലിന്റെ കത്തുന്ന ചൂടൊന്നു അടങ്ങിത്തുടങ്ങുമ്പോൾ ആ ഇരിപ്പിടം സ്വന്തമാക്കാനായി പതിവായി അവള്‍ എത്തുമായിരുന്നു. ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാത്ത വേഷ വിധാനത്തില്‍ ഒതുങ്ങാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന അവള്‍ക്കു കൂട്ടായി കൈപ്പിടിയില്‍ ഒരു പുസ്തകവും സ്ഥിരമാണ്. മൂക്ക് കണ്ണട യഥാസ്ഥാനത്തുറപ്പിച്ച് പുസ്തകത്തിലെ വരികളിലൂടെ കണ്ണോടിച്ചവള്‍ കുറച്ചു നിമിഷങ്ങള്‍ തള്ളി നീക്കും . പിന്നെ മടുത്തിട്ടെന്ന വണ്ണം വായിച്ചവസാനിപ്പിച്ച താളിന്റെ അറ്റം മടക്കി പുസ്തകമടച്ച് നിര്‍നിമേഷയായി  ഇരിക്കും . കുന്നിന്‍ മുകളില്‍ നിന്നു ഒഴുകി വരുന്ന ഇളം കാറ്റിന് അപ്പോള്‍ അവളുടെ കണ്ണു നീരിന്റെ ഉപ്പ് ചുവച്ചിരുന്നു.

ചില ദിവസം വെയിലുമായും വരെ അവളെ അവിടെ കാണപ്പെട്ടു. ദുഖവും നിരാശയും അവളുടെ മുഖത്തിന് അലങ്കാരമായി മാറിയിരിക്കുന്നു. ചുറ്റുമുള്ള ലോകത്തോടുള്ള വെറുപ്പും അകല്‍ച്ചയും അവളുടെ ശരീര ഭാഷയില്‍ വെളിപ്പെട്ടു. സൂര്യോദയവും അസ്തമയവും പോലെ അവളുടെ ആഗമന നിര്‍ഗമനവും ആ കുന്നിന്‍ ചെരിവിനും അവിടുത്തെ കാറ്റിനും പരിചിതമായി.

ഇളം മഞ്ഞ നിറത്തിലുള്ള സല്‍വാര്‍കമ്മീസ് ധരിച്ചു കയ്യിലെ പതിവ് പുസ്തകവുമായി അന്നും അവള്‍ എത്തി . നീണ്ട മുടിയിഴകളെ കാറ്റ് തഴുകി തലോടികൊണ്ടിരുന്നു. വായിക്കുന്ന വരികള്‍ക്കിടയിലെവിടെയോ ചിന്താവക്രത്തില്‍ അകപ്പെട്ട പോലെ അവളുടെ കൃഷ്ണമണികള്‍ കുന്നിന്‍ മുകളിലേക്ക് പാഞ്ഞു. നിറഞ്ഞു തുളുമ്പിയ കണ്ണുനീര്‍ കണങ്ങള്‍ അവളുടെ കാഴ്ച മറച്ചു.

പിന്നീടെല്ലാം ദ്രുതവേഗത്തില്‍ ആയിരുന്നു. കയ്യിലെ പുസ്തകം നിലത്തിട്ടവള്‍ കുതിച്ചെഴുന്നേറ്റു. മൂക്ക് കണ്ണട നിലത്തേക്ക് വലിച്ചെറിഞ്ഞു കുന്നിന്‍ മുകളിലെക്ക് ദൃഷ്ടി പതിപ്പിച്ച് അതിനഭിമുഖമായി നിന്നു . അപ്പോള്‍ അവളുടെ മുഖത്ത് നിർവചിക്കാനാവാത്ത ഭാവതീവ്രത മിന്നിമാഞ്ഞു. കുന്നിന്‍ മുകളിലെ അസ്തമയ സൂര്യന്‍ മാടി വിളിക്കവേ, അവള്‍ ശരവേഗത്തില്‍ ആ കുന്നിന്‍ നെറുകയിലേക്ക് പാഞ്ഞു കയറി.

വെളിച്ചം! മനുഷ്യ സ്പര്‍ശമേല്‍കാത്ത ആ കുന്നിന്‍ തലപ്പ് അന്തി വെയില്‍ കിരണങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നു. കുന്നിന്‍റെ മറുവശത്തെ കിഴുക്കാംതൂക്കായ ഗര്‍ത്തത്തിനടുത്തേക്ക് അവള്‍ കാലുകളെ നയിച്ചു. വെളിച്ചവും ഇരുട്ടും അതിരിട്ടു നില്‍ക്കുന്ന ആ മലമുകളില്‍ അവളൊന്നു നിന്നു. പിന്നെ ആരോടും ഒന്നും ആലോചിക്കാനോ, ആ ദൃശ്യസൗന്ദര്യമൊന്നു കാണാനോ നില്‍ക്കാതെ , കൈകളെ നിവര്‍ത്തി , ശരീരത്തെ ദുര്‍ബ്ബലമാക്കി താഴെ അഗാധതയുടെ ഇരുട്ടിന്റെ മെത്തയിലേക്ക് അവള്‍ എടുത്തു ചാടി.

കുന്നിന്‍ ചെരിവിലെ കാറ്റിന് തണുപ്പ് കൂടി വന്നു. കടുത്ത ഇരുട്ട് പുതച്ച ഭൂമിക്ക് താരകങ്ങള്‍ കയ്തിരികള്‍ ആയി മാറിയിരിക്കുന്നു.. നട്ടെല്ലില്‍ നിന്നും പുറപ്പെട്ട് അഖില നാഡീഞരമ്പുകളിലേക്കും പടര്‍ന്ന വേദന അവളെ മയക്കത്തില്‍ നിന്നും ഉണര്‍ത്തി. കണ്ണു തുറന്ന അവള്‍ താന്‍ മരിച്ചില്ലെന്ന സത്യം നിരാശയും എന്നാല്‍ തെല്ലോരാശ്വാസത്തോടെയും തിരിച്ചറിഞ്ഞു. കൈകാലുകളെ ആരോ കെട്ടിയിട്ടമാതിരി, അവള്‍ മെല്ലെ അനങ്ങാന്‍ ശ്രമിച്ചു . പാറയിടുക്കുകള്‍ക്കിടയില്‍ വേരുറപ്പിച്ചു നില്‍ക്കുന്ന കാട്ടുവള്ളികള്‍ ഒരുക്കിയ കൂട്ടിലാണ് താന്‍ കുടുങ്ങിപ്പോയതെന്ന് അവള്‍ക്കു മനസ്സിലായി. വീഴ്ചയില്‍ പറന്നുപോയ സല്‍വാറിന്റെ നേര്‍ത്ത ഷാള്‍ അധികം മുകളില്‍ അല്ലാതെ മരക്കൊമ്പില്‍  കിടന്നു പാറി കളിക്കുന്നു.

മരണമെന്ന മോചന സ്വര്‍ഗത്തെ ആഗ്രഹിച്ച് താന്‍ പറന്നപ്പോള്‍ ചിറകറ്റു വന്നു വീണത് ഈ വേദനയുടെ വള്ളിപടര്‍പ്പില്‍ ആണല്ലോ എന്നു ഓര്‍ത്ത് അവള്‍ കണ്ണീര്‍വാര്‍ത്തു. വീഴ്ചയുടെ ആഘാതം ശരീരത്തിന്റെ ഒരു പാതി തളര്‍ത്തിയ പോലെ അവള്‍ക്കനുഭവപ്പെട്ടു. വേദനയുടെ ആ നീറുന്ന നിമിഷങ്ങളില്‍ പരിപൂര്‍ണ്ണ ആരോഗ്യവതിയായിരുന്ന സ്വന്തം ശരീരത്തെ അവള്‍ സ്മരിച്ചു. നടക്കാനും ഓടാനും തന്റെ ഇഷ്ട്ടാനുസരണംചുവടു വെയ്ക്കാനും തുണയായ സ്വന്തം കൈകാലുകളെ സ്വയം ഈ ദുര്‍ഗതിയില്‍ എത്തിച്ചതോര്‍ത്ത് അവള്‍ പരിതപിച്ചു. കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് പരന്നിരിക്കുന്നു. ദൂരെ വന്യ മൃഗങ്ങളുടെ അലര്‍ച്ചയും മുരള്‍ച്ചയും അല്ലാതെ ഒന്നും കേള്‍ക്കാന്‍ ഇല്ല. തന്റെ വീട്ടില്‍ തന്നെ കാണാതെ കരഞ്ഞു തളര്‍ന്നുകിടക്കുന്ന അമ്മയെ അവള്‍ മനക്കണ്ണുകൊണ്ടു കണ്ടു. ആ നിമിഷം ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. വേദനിച്ചു പുളയുന്ന നട്ടെല്ല് താങ്ങിവെക്കാന്‍ കാട്ടുവള്ളികളിലെ കൂര്‍ത്ത മുള്ളുകള്‍ അവള്‍ക്ക് ശരശയ്യയൊരുക്കി. സര്‍വസൗകര്യങ്ങളുമുള്ള തന്റെ സുന്ദരമായ കിടപ്പുമുറിയിലെ പതുപതുത്ത കിടക്കയുടെ സൗമ്യത ഇനി തനിക്ക് ആസ്വദിക്കാനാകുമോ?  അവള്‍ സ്വയം ശപിച്ചുകൊണ്ട് പിറുപിറുത്തു.

വേദനയുടെ, ഒറ്റപ്പെടലിന്റെ ആ നീറുന്ന നിമിഷങ്ങളില്‍ അവളുടെ മനസ്സിന്റെ തിരശീലയില്‍ പലമുഖങ്ങള്‍ മിന്നിമാഞ്ഞു. ഈ ലോകത്ത് നിന്നു മാഞ്ഞു  പോയാല്‍ തനിക്ക് നഷ്ടമാകാന്‍ പോകുന്ന സകല സൗഭാഗ്യങ്ങളും ആത്മപരിശോധനയുടെ തീച്ചൂളയില്‍ അവളെ പൊള്ളിച്ചു. മഹാനഷ്ടങ്ങള്‍ എന്നു കരുതി ആത്മഹൂതിക്കൊരുങ്ങിയ കാരണങ്ങള്‍ ജീവിതമെന്ന കരുത്തുറ്റ സത്യത്തിന് മുന്നില്‍ തലതാഴ്ത്തി തോല്‍വി സമ്മതിച്ചു. ജീവിതത്തിന്റെയും മരണത്തിന്റെയും അതിര്‍വരമ്പില്‍ താന്‍ കാണിച്ച ഹിമാലയന്‍ അബദ്ധത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്ക് സഹിക്കാനായില്ല. ജീവനിലേക്കുള്ള അവസാന ശ്രമം എന്നപോലെ അവളുടെ അന്തരാത്മാവില്‍ നിന്നുയര്‍ന്ന തേങ്ങല്‍ കണ്ഠനാളത്തിലൂടെ മുഴങ്ങി. “രക്ഷിക്കണേ.......”  

കുന്നിന്‍ ചെരിവ് ശബ്ദമുഖരിതമായത് പെട്ടെന്നായിരുന്നു. താഴ്​വരയില്‍ കാല്‍പ്പെരുമാറ്റത്തിന്‍ ഒലി കേള്‍ക്കാറായി. പാളി വന്ന ടോര്‍ച്ച് ലൈറ്റിന്‍റെ കടുത്ത പ്രകാശം അവളുടെ മുഖത്ത് പതിച്ചു. തൊണ്ടപൊട്ടുമാറ് അവള്‍ അലറിക്കരഞ്ഞു . “രക്ഷിക്കൂ...” ആശുപത്രിയിലേക്ക് പായുന്ന ആംബുലന്‍സില്‍ അമ്മയുടെ കൈ മുറുകെപ്പിടിച്ചു വേദനയുടെ അബോധലോകത്തേക്ക് വീഴുമ്പോഴും പ്രതീക്ഷയുടെ തിളക്കം ആ മിഴികളില്‍ നിറഞ്ഞു. നഷ്ടപ്പെടുത്താനൊരുങ്ങിയപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ ഉയിരിന്റെ വില അവളുടെ കരളിനെ കരുത്തുറ്റതാക്കിയിരുന്നു. 

English Summary: ‘Thiricharivu’ Malayalam short story written by Hima Aan Thomas

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;