ADVERTISEMENT

വിമുക്തി (കഥ)

 

രാജശ്രീ അന്ന് വളരെ സന്തോഷത്തോടെയായിരുന്നു ഭർതൃ പിതാവിനോടും അമ്മയോടും ആ വിവരം പങ്കു വെച്ചത്. വിജയേട്ടൻ വന്ദേ ഭാരത് മിഷനിൽ നാട്ടിലേക്ക് വരുന്നു. പാസും മറ്റു നടപടികളും എല്ലാം പൂർത്തിയാക്കി. പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ നാട് പിടിക്കാൻ പറ്റും എന്നാണ് കാലത്ത് സംസാരിച്ചപ്പോൾ പറഞ്ഞത്.

 

രാജശ്രീ പറഞ്ഞു നിർത്തിയപ്പോൾ വിജയമ്മ ഏറ്റു പറഞ്ഞു ‘‘എല്ലാം ദൈവ കൃപ, അവിടത്തെ  കൊറോണ വാർത്തകൾ കേൾക്കുമ്പോൾ മനസ്സ് വെന്തുരുകുന്നു, ഓരോ അമ്മമാരുടെയും ആധി ഇങ്ങനെ തന്നെയാവും’’

 

വിജയമ്മ പറഞ്ഞു നിർത്തിയേടത്തു അച്ഛൻ വാമനൻ മാഷ് തുടർന്നു: ‘‘ഒന്ന് രാമനാശാരിയെയും, കൽപ്പണിക്കാരൻ കൃഷ്ണനെയും വിളിക്കണം, തെക്കു വശത്തെ അവന്റെ മുറിക്ക്, പുറത്തു നിന്ന് തന്നെ ഒരു വാതിൽ ഉണ്ടാക്കണം, 14 ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടതല്ലേ, പുറത്തു നിന്ന് തന്നെ അകത്തേക്ക് കയറാൻ ഒരു വഴിയൊരുക്കിയാൽ നമ്മളോടൊന്നും അടുത്ത് പെരുമാറേണ്ടല്ലോ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടാൻ നമ്മൾ ബാധ്യസ്ഥരാണല്ലോ’’.

 

അത് കേട്ടപ്പോൾ രാജശ്രീയുടെ മുഖത്ത് ഒരു മ്ലാനത നിറഞ്ഞു.

 

വിവാഹം കഴിഞ്ഞ് അധികനാളുകളായില്ല. ഒൻപതു മാസം. മറ്റു ഗൾഫ്കാരെപോലെ തന്നെ, വിവാഹത്തിന് ശേഷം കൂടെ താമസിച്ചത് രണ്ടാഴ്ച്ച. ഇനിയുള്ള വരവിൽ കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയാവും വരിക എന്നാണ് വിജയേട്ടൻ പോകുമ്പോൾ പറഞ്ഞത്. വിവാഹാലോചന തുടങ്ങുമ്പോൾ നാട്ടിൽത്തന്നെയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനെയോ, അധ്യാപകനെയോ തന്നെ വേണം എന്നായിരുന്നു അച്ഛന്റെ നിർബന്ധം. ബി.എഡ്. കഴിഞ്ഞ എനിക്കും എന്തെങ്കിലും ജോലി ശരിപ്പെടുത്താം, എന്ന ധാരണയായിരുന്നു അന്ന് അച്ഛനുണ്ടായിരുന്നത്. എന്നാൽ മാസങ്ങൾ കഴിയുംതോറും ഓരോ നിർബന്ധത്തിനും  അയവു വന്നു.

 

അച്ഛന്റെ പരിചയത്തിൽപ്പെട്ട ഒരു സുഹൃത്ത് വഴി വന്ന ആലോചനയായിരുന്നു, വിജയേട്ടനിൽ എത്തി നിന്നത്. സ്കൂളിൽ എന്റെ സീനിയർ ആയിരുന്നു. ശാസ്ത്രമേളകളിലൊക്കെ മുൻപന്തിയിലായിരുന്നു. സ്വഭാവദൂഷ്യങ്ങൾ ഇല്ലാത്തതുകൊണ്ടും മറ്റുകാര്യങ്ങൾ അനുകൂലമായതുകൊണ്ടും ഗൾഫിലെ ജോലി ഒരു വിഷയമായില്ല.

 

പെണ്ണ് കാണാൻ വന്നപ്പോൾ സ്ത്രീധനത്തെക്കുറിച്ചുള്ള പ്രതികരണമായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. ‘‘ധനത്തോടൊപ്പം സ്വീകരിക്കാനുള്ളതല്ലല്ലോ സ്ത്രീ, സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിത പങ്കാളിയാക്കേണ്ടവളല്ലേ’’

 

അന്ന് എനിക്കത്, അദ്ദേഹത്തിന്റെ വെറും തത്വചിന്തയാകാം എന്ന് തോന്നി. വിവാഹ ശേഷം ചുരുക്കം ചില ദിവസങ്ങൾ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂവെങ്കിലും ഒരുപാട് മൂല്യങ്ങൾ കൊണ്ട് നടക്കുന്ന വ്യക്തിയാണ് വിജയേട്ടൻ എന്ന് മനസ്സിലായി. മനസ്സ് മൃദുലമായിരുന്നു. സ്വന്തം അച്ഛനെയും അമ്മയെയും നോക്കികാണുന്നതുപോലെ തന്നെയായിരുന്നു എന്റെ അച്ഛനോടും അമ്മയോടും ഉള്ള ബഹുമാനം.

 

ഗൾഫ് നാടുകളിൽ നിയമം വളരെ കർക്കശമാണ്. ലോക്ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം. അനുദിനം ലഭിക്കുന്ന വാർത്തകൾ ശുഭകരമല്ല. ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, വിസയുടെ കാലാവധി തീർന്നവർ, ശമ്പളം കുറയ്ക്കൽ, ഓരോ ദിവസവും മരിച്ചുവീഴുന്ന മലയാളികളുടെ വാർത്തകൾ, ഇവയെല്ലാം മനസ്സിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു. തുടക്കത്തിൽ സഹായത്തിനായി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചവർ അടർക്കളത്തിലെ പോരാളികളെപോലെ പിന്നീട് തളർന്നുവീഴുന്ന കാഴ്ച്ചകളാണ് കണ്ടത്. വായിച്ചറിഞ്ഞ കുരുക്ഷേത്ര യുദ്ധത്തിന്റെ ചിത്രങ്ങൾ വിജയന്റെ മനസ്സിൽ മിന്നിമറഞ്ഞു. ഇല്ല കുറച്ചുകാലം കുടുംബത്തോടൊപ്പം ജീവിക്കണം, ഇല്ലാത്ത അത്യാവശ്യകാര്യങ്ങൾ ചികഞ്ഞെടുത്ത് കാരണമാക്കി വന്ദേ ഭാരത് മിഷനിൽ ഒരു സീറ്റ് ഒപ്പിച്ചു.

 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റണ്‍വേയില്‍ വിമാനം ഉരഞ്ഞു പൊങ്ങുമ്പോള്‍  മനസ്സും മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചു. കൂടെയുള്ള യാത്രക്കാരുടെ മുഖത്തേക്ക് നോക്കാനോ, സംസാരിക്കാനോ ആരും മെനക്കെട്ടില്ല. എല്ലാവര്‍ക്കും നാടുപിടിക്കാനുള്ള വെമ്പല്‍. പെണ്ണുകാണല്‍ മുതല്‍ ഷാര്‍ജയിലേക്കുള്ള യാത്രയയപ്പു വരെയുള്ള സംഭവങ്ങള്‍ ഒരു പ്രണയരാഗം പോലെ വിജയന്റെ മനസ്സില്‍ പാറിനടന്നു. പൂക്കളില്‍ പരാഗണം നടത്തുന്ന വണ്ട് പോലെയായിരുന്നു മനസ്സ്.

 

രാജശ്രീയുടെ മുഖം നേരിയ മിനുസ്സമാര്‍ന്ന വെളുത്ത ഫര്‍ദ്ദയ്ക്കു പിന്നില്‍ വന്നും പോയ്കൊണ്ടുമിരുന്നു. അനുരാഗലോലമായ മനസ്സിന് വിരാമം കുറിച്ചുകൊണ്ട് എയര്‍ ഹോസ്റ്റസ്സിന്റെ ശബ്ദം വിജയന്റെ ചെവിയില്‍ പതിഞ്ഞു.

 

ഫ്ലൈറ്റ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തും. പതിവ് നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ എയര്‍ പോര്‍ട്ടില്‍ എത്തിയാല്‍ പാലിക്കേണ്ട കോവിഡ് നിര്‍ദ്ദേശങ്ങള്‍ കൂടി ഉണ്ടായിരുന്നു. എല്ലാ നിര്‍ദേശങ്ങളും അതേപടി പാലിച്ചശേഷം വിജയന്‍ എയര്‍ പോര്‍ട്ടിന് പുറത്തുകടന്നു.

 

നേരത്തേ പറഞ്ഞു ഉറപ്പിച്ച കാറില്‍ വീട്ടിലേക്ക് പുറപ്പെട്ടു. കൂട്ടിന് ഡ്രൈവര്‍ മാത്രം. പരസ്പരം ഒന്നും മിണ്ടാതെയുള്ള യാത്ര. ഡ്രൈവര്‍ക്കു പിന്നില്‍ എനിക്ക് മുന്നില്‍ ഒരു സുതാര്യമായ പാളികള്‍കൊണ്ട് ഇരുവരെയും വേര്‍തിരിച്ചിരുന്നു.

 

നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മുന്‍പൊക്കെ ഈ സമയത്ത്  ഉന്തുവണ്ടികളില്‍ നിന്നും വില്‍ക്കുന്ന ചൂട് ചായ മോന്തുന്നതോടൊപ്പം ബീഡിപ്പുക ഊതിവിടുന്നവരെയും, മരത്തടിയില്‍ ഇരുന്ന് പത്രം വായിക്കുന്നവരെയും, പ്രഭാത സവാരി നടത്തുന്നവരെയും ഒക്കെ കാണാമായിരുന്നു. ഇന്ന് എല്ലാം വിജനം. ഇടയ്ക്കിടയ്ക്ക് പോലീസ് വണ്ടികള്‍ മാത്രം. മിക്കയിടത്തും കൊറോണ ബോധവല്‍ക്കരണ ബോര്‍ഡുകള്‍.

ജനലുകള്‍ തുറക്കരുതെന്ന നിര്‍ദേശം ഉള്ളതുകൊണ്ട് വിജയന്‍ കാറിന്റെ ജനാല തുറന്നില്ല. മാര്‍ക്കറ്റ് കടന്നപ്പോള്‍ വിജയന്‍ വീട്ടില്‍ വിളിച്ചു. തെക്കേപുറത്തെ പുതുതായി ഉണ്ടാക്കിയ വാതില്‍ തുറന്നിടാന്‍ പറഞ്ഞു.

കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് ഓടി കൊണ്ടിരുന്നു. ഇരുപുറത്തും  വിദൂരത്തേക്കു നീളുന്ന വയലുകള്‍. ഇനി ക്ഷേത്രവും,  ക്ഷേത്രക്കുളവും കഴിഞ്ഞാല്‍ വീട്.

 

മുന്‍പൊക്കെ ഈ സമയത്ത്  ക്ഷേത്രത്തില്‍ നിന്നൊഴുകിയെത്തുന്ന ഭക്തിഗാനവും, ഈറനണിഞ്ഞു ദര്‍ശനത്തിനെത്തുന്ന സ്ത്രീകളടക്കമുള്ള ഭക്തരെയും കാണാമായിരുന്നു. ഇപ്പോള്‍ എല്ലാം ശോകമൂകം. കൊറോണയെന്ന ശത്രുവിന് മുന്നില്‍ അനുസരണയോടെ തലകുനിച്ച മനുഷ്യവര്‍ഗം.

 

കാര്‍ നിന്നു. പതിവു വരവിന്  വിപരീതമായുള്ള വരവ്.  ബാഗുകള്‍ അധികമില്ല. അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം. ഡ്രൈവറെ മൂകമായി തന്നെ കൈവീശി യാത്രയാക്കി. പിന്‍ഭാഗത്തുകൂടി മുറ്റത്തേക്കുള്ള പടവുകള്‍ ഇറങ്ങി, തെക്കുവശത്ത്  മുറി തുറന്നു വെച്ചിട്ടുണ്ടായിരുന്നു. അവശ്യം വേണ്ടുന്ന സാധനങ്ങള്‍ അടുക്കിയിട്ടുണ്ട്. രാജശ്രീയാണ് മുറിയൊരുക്കിയതെന്ന് മനസിലായി. വേഷം മാറുന്നതിനു മുമ്പേ തന്നെ കിഴക്കു വശത്തെ വാതിലിന് അപ്പുറത്തു നിന്നും കാത്തിരുന്ന ആ ശബ്ദമെത്തി.

 

‘‘യാത്രയൊക്കെ സുഖമായിരുന്നോ, എയര്‍പോര്‍ട്ടിലും, ഫ്‌ളൈറ്റിലും ഒക്കെ എന്തൊക്കെയോ നിബന്ധനകള്‍ പാലിക്കണമെന്ന് കേട്ടപ്പോള്‍ വേവലാതിയായിരുന്നു.’’

 

രാജശ്രീയുടെ ശബ്ദം. അതേ താളം, ലയം. ഉരുകി തീരാറായ ഊര്‍ജ്ജം തിരിച്ചു വന്നതുപോലെ.

 

‘‘എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ തരാനും സഹായിക്കാനും മറ്റും എല്ലായിടത്തും ആള്‍ക്കാരുണ്ട്, ഇവിടെ എത്തിയപ്പോഴും അങ്ങനെതന്നെ. നമ്മള്‍ നമ്മളെ കുറിച്ച് വേവലാതി പൂണ്ട് ജീവിക്കുമ്പോള്‍, മറ്റുള്ളവര്‍ക്ക് വേണ്ടി രാപ്പകല്‍  ഭേദമില്ലാതെ, സ്വന്തം ആരോഗ്യം പോലും പണയപ്പെടുത്തുന്ന ഇവരാണ് ദൈവത്തിന്റെ മാലാഖമാര്‍.’’

 

‘‘പക്ഷെ അവര്‍ അവരുടെ ഡ്യൂട്ടി അല്ലെ ചെയ്യുന്നത്.’’

 

രാജശ്രീയോട് വിജയന്‍ പറഞ്ഞു ‘‘രാജശ്രീ അങ്ങനെ ഒരിക്കലും പറയരുത്, അവര്‍ക്കും ഒരു കുടുംബമുണ്ട്, ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ട്, അതൊക്കെ മാറ്റി നിര്‍ത്തിയാണ് അവരുടെ ഈ സേവന തല്‍പ്പരത എന്നോര്‍ക്കണം. അതിനെ അഭിനന്ദിക്കാന്‍ നമ്മള്‍ പിശുക്കു കാണിക്കരുത്’’.

 

അത്തരത്തില്‍ പറയരുതായിരുന്നു എന്ന കുറ്റബോധത്തോടെ രാജശ്രീ തുടര്‍ന്നു  ‘‘എല്ലാം മുറിയില്‍ വെച്ചിട്ടുണ്ട്, ചായ ഫ്ലാസ്കിൽ ഉണ്ട്. സാനിറ്റൈസര്‍, സോപ്പ് തോര്‍ത്ത് എല്ലാം, പുറകിലെ തന്നെ കുളിമുറി ഉപയോഗിക്കാനാണ് അച്ഛന്‍ പറഞ്ഞത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒന്ന് വാതിലിന് തട്ടിയാല്‍ മതി, തല്‍ക്കാലം വിശ്രമിക്കൂ’’.

 

കുറേകൂടി സംസാരിക്കണമെന്നുണ്ടായിരുന്നു വിജയന്, പക്ഷെ അകന്നുപോകുന്ന കാലടിയൊച്ചയും അച്ഛന്റെയും അമ്മയുടെയും വിശേഷം ചോദിക്കലുമാണ് പിന്നീട് കാതില്‍ പതിഞ്ഞത്. അതോടൊപ്പം പശുകുട്ടിയുടെ കരച്ചിലും.

 

അപ്പോഴാണ് വിജയൻ അമ്മ പറഞ്ഞതോര്‍ത്തത്, ‘‘അമ്മിണി പ്രസവിച്ചു, ഇനി ദിവസവും എന്റെ കൈകൊണ്ട് കറന്ന പാല്‍ കൊണ്ട് വേണം കുടുംബക്ഷേത്രത്തില്‍ അഭിഷേകം നടത്താന്‍, കുറെ നാളുകളായുള്ള പ്രാര്‍ത്ഥനയാണ്’’. പക്ഷെ അത് അധികനാള്‍ തുടര്‍ന്നില്ല. ഭഗവാന് തന്നെ, പ്രതീക്ഷകള്‍ വെച്ചുള്ള ഭക്തരുടെ പ്രാര്‍ത്ഥനകള്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ടാകണം, ക്ഷേത്രങ്ങളെയും കൊറോണ ബാധിച്ചില്ലേ, ശിവനെയും ശനി ബാധിച്ചിരുന്നുവല്ലോ എന്നോർത്ത് അയാൾ സമാശ്വസിച്ചു.

 

അടുത്ത ദിവസം രാവിലെ അച്ഛന്റെ ശബ്ദം വാട്‌സ്ആപ്പില്‍ മുഴുകിയിരുന്ന അയാളുടെ ശ്രദ്ധ തിരിച്ചു. ‘‘ചായയും പലഹാരവും വെച്ചിട്ടുണ്ട്, എടുത്തു കഴിക്കാം.’’ തിരിച്ചുള്ള അയാളുടെ ശബ്ദം അച്ഛനെ നിര്‍ത്തി ‘‘അച്ഛന്റെ നെഞ്ചു വേദന എങ്ങനെയുണ്ട് ഇപ്പോള്‍.’’  

 

‘‘ആ പതിവുപോലെ തന്നെ മാറ്റം ഒന്നുമില്ല, ഡോക്ടറെ കാണിക്കാം എന്നുവെച്ചാല്‍, അയാള്‍ക്ക് തിരക്കൊഴിഞ്ഞ നേരമില്ല, മാത്രവുമല്ല ഈ സമയമായതുകൊണ്ട്, അദ്ദേഹവും കൂടുതല്‍ രോഗികളെ കാണുന്നില്ല... ഹാ! മരുന്നുകളൊക്കെ പതിവ് തെറ്റാതെ കഴിക്കുന്നുണ്ട്. ഇപ്പോള്‍ പിന്നെ പുറത്തേക്കൊന്നും പോവാന്‍ മറ്റാരും ഇല്ലാത്തതിനാല്‍ അത്യാവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ എല്ലാറ്റിനും പോവണ്ടേ, നിന്റെ ക്വാറന്റീന്‍ കഴിഞ്ഞാല്‍ നീയുണ്ടല്ലോ എന്ന ആശ്വാസം.’’  

 

‘‘എന്താണച്ഛാ ടി. വി. യില്‍ നിന്നും കോഴിയുടെയും, പൂച്ചയുടേയുമൊക്കെ ശബ്ദം, ആരാ കാര്‍ട്ടൂണ്‍ ചാനല്‍ കാണുന്നത്.’’

 

‘‘അത് കാര്‍ട്ടൂണ്‍ അല്ലടാ. നിന്റെ ചേട്ടത്തിയുടെ മക്കള്‍ വെക്കേഷന് വന്നതാ ഇവിടെ തന്നെയായി, അവരുടെ ഓണ്‍ലൈന്‍ പഠനം നടക്കുകയാ, ഇനി എന്നാണാവോ അവരൊക്കെ സ്‌കൂളിന്റെ പടി കാണുക’’ നിരാശയായിരുന്നു ആ ഉത്തരത്തില്‍.  

 

‘‘ഓ അവരെയൊക്കെ കാണാന്‍ കൊതി തോന്നുന്നു, ദിവസങ്ങള്‍ ഒന്ന് വേഗം കൊഴിഞ്ഞാല്‍ മതിയായിരുന്നു.’’ വിജയന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേക്കും അച്ഛന്‍ വാതില്‍പ്പടിയില്‍നിന്നു നീങ്ങുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. പതിയെ വാതില്‍ തുറന്ന് പ്രാതല്‍ അകത്തേക്കെടുത്തു. അപ്പോള്‍ അച്ഛനെ കുറിച്ചോര്‍ത്തു. ഒരു തവണ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണ്. സ്റ്റെന്റ് മാറ്റേണ്ട സമയമായിരിക്കണം, അതാണ് വേദന.

 

ഗള്‍ഫില്‍ നിന്നും അനുദിനം വരുന്ന വാര്‍ത്തകള്‍ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. സുഹൃത്തുക്കളില്‍ നിന്നും പരിഭവങ്ങളും പരാതികളും മാത്രം. കണക്കുക്കൂട്ടലുകളെല്ലാം തെറ്റുന്നതുപോലെ വിജയന് തോന്നി. 

 

‘‘ഉറങ്ങുകയാണോ...’’ എന്ന ചോദ്യം ചിന്തയില്‍നിന്നും ഉണര്‍ത്തി.

 

‘‘അല്ല ഓരോ കാര്യങ്ങള്‍ ആലോചിക്കുകയാണ്...

‘‘അറിയാം... രാജശ്രീ തുടര്‍ന്നു.  ‘‘എന്തൊക്കെയായിരുന്നു നമ്മള്‍ പ്ലാനിട്ടത്, അടുത്ത വരവിന് - ലുലു മാളില്‍ പോകണം, എല്ലാവരും കൂടി ഗുരുവായൂരില്‍ തൊഴാന്‍ പോകണം, കുട്ടികളുമൊത്തു വീഗാലാന്‍ഡ്... നമ്മള്‍ രണ്ടുപേരും മാത്രമായി കുമരകം...’’

 

‘‘നിനക്ക് വിഷമം തോന്നുന്നുണ്ടാകും അല്ലെ’’ വിജയന്‍ ചോദിച്ചുകൊണ്ട് തുടര്‍ന്നു. ‘‘ഓരോ ആഗ്രഹങ്ങളും തുന്നിപിടിപ്പിച്ചു അത് വലയാക്കിയപ്പോള്‍ പുഴയില്‍ മീനില്ലാത്ത അവസ്ഥ... കഷ്ടം തോന്നുന്നു’’.  

 

‘‘അയ്യോ അങ്ങനെയൊന്നും ചിന്തിക്കേണ്ടാ, ഒന്നും ശാശ്വതമല്ലല്ലോ, ഇത് രാമായണ മാസമാണ്, അയോധ്യാകാണ്ഡത്തില്‍ സീത പറഞ്ഞത് ഓര്‍മ്മയുണ്ടോ, കൂര്‍ത്തു മൂര്‍ച്ചയുള്ള കല്ലിലും മുള്ളിലും എന്നും ഭര്‍ത്താവിന്റെ തുണയായി നടന്ന് പാദ സേവ ചെയ്യാന്‍ വിധിക്കപ്പെട്ടവളാണ് ഭാര്യ, നിങ്ങളുടെ കൂടെ എന്നും ഞാനുണ്ടാകും... ഈ അവസ്ഥ താല്‍ക്കാലികം മാത്രം’’.

 

ഇത് കേട്ടപ്പോള്‍ വിജയന്‍ തമാശരൂപേണ പറഞ്ഞു. ‘‘ജനഹിതം മാനിച്ചു സീതയെ രാമന്‍ അഗ്‌നിപരീക്ഷ കൂടി നടത്തിയിരുന്നു’’.

 

‘‘ഒന്ന് പോ ചേട്ടാ...’’ എന്ന സ്വരത്തോടൊപ്പം അകന്നു പോകുന്ന പാദസ്വരത്തിന്റെ ശബ്ദം വിജയന് സുഖിപ്പിക്കുന്നതായിരുന്നു.

 

മറ്റൊരു ദിവസം വിജയന്‍ രാജശ്രീയുമായുള്ള ആശയവിനിമയം തുടങ്ങിയത് ഇങ്ങനെയായിരുന്നു.

 

‘‘വാതിലിന് അപ്പുറവും ഇപ്പുറവും ഉള്ള സംസാരം കേള്‍ക്കുമ്പോള്‍ മതിലുകളിലെ നാരായണിയെ ഓര്‍മ്മ വരുന്നു’’

 

‘‘അവരിരുവരും ഒരിക്കലും കാണാത്ത കഥാപാത്രങ്ങളായിരുന്നില്ലേ, നമ്മള്‍ അങ്ങനെയാണോ’’.  

 

‘‘വെറുതെ രസത്തിനു ഒരു ഉപമ മാത്രം, ഇവിടെ എങ്ങനെയാ ലോക് ഡൗണ്‍, എന്റെ സുഹൃത്തുക്കളൊന്നും അന്വഷിച്ചില്ലേ’’.

 

‘‘ആര് അന്വഷിക്കാന്‍, ഇപ്പോള്‍ നിങ്ങള്‍ വന്നത് വെറും കയ്യോടെ ആണെന്ന് എല്ലാവര്‍ക്കും അറിയില്ലേ, ചിലരൊക്കെ പുറത്തിറങ്ങി നടങ്ങുമ്പോള്‍ പോലീസ് പിടിച്ചു എന്നും, പിഴ അടച്ചു എന്നൊക്കെ കേള്‍ക്കാം, ആളുകളുടെ അശ്രദ്ധയാണ് ഈ രോഗം ഇത്രയും വളര്‍ത്തുന്നത്’’.

 

‘‘അതൊക്കെ അവിടെയാണ്, അവിടെ തിരുവായ്ക്ക് എതിര്‍വായില്ല നിയമം നിയമം തന്നെയാണ്, പക്ഷെ എങ്കിലും ലേബര്‍ ക്യാമ്പിലൊക്കെ ഉള്ളവരെ ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു. ബെന്യാമിന്റെ ആട് ജീവിതം, സിനിമ വന്നാല്‍ കാണണം. അതില്‍ ഗള്‍ഫില്‍ ജീവിക്കുന്നവരുടെ ജീവിതരേഖ ശരിക്കും വരച്ചുകാണിക്കുന്നുണ്ട്’’ വിജയന്‍ ആഗ്രഹം പങ്കുവെച്ചു.

 

‘‘ആഗ്രഹങ്ങള്‍ ഓരോന്നായി കൊരുപിടിപ്പിക്കാം, കൊറോണ കൊണ്ട് അങ്ങനെയെങ്കിലും ഗുണമുണ്ടാവട്ടെ, അച്ഛനും അമ്മയും ഉച്ചമയക്കത്തില്‍ നിന്നും എഴുന്നേറ്റിട്ടുണ്ടാകും, ഞാന്‍ പോട്ടെ’’.

 

രാത്രിയില്‍ അകത്തു നിന്നു എന്തൊക്കെയോ അടക്കം പറച്ചിലും വേവലാതി പറച്ചിലും. ഇടയ്ക്ക് അമ്മയുടെ അടക്കിയ കരച്ചിലും കേള്‍ക്കുന്നു. ഓരോ ശബ്ദവും കൂടി കൂടി വരുന്നു, ശബ്ദത്തിലെ വ്യതിയാനങ്ങള്‍ ആകുലപ്പെടുത്തി. ‘‘രാജി എന്താണവിടെ നടക്കുന്നത്’’ ഉറക്കെ വിളിച്ചു ചോദിച്ചു.

അവള്‍ വേഗത്തില്‍ നടന്നടുത്തുകൊണ്ട് പറഞ്ഞു ‘‘അച്ഛന് കലശലായ നെഞ്ചു വേദന, ഏട്ടത്തി മകനെയും കൂട്ടി ഡോക്ടറെ വിളിക്കാന്‍ പോയിരിക്കുകയാണ്, റോഡില്‍ ആണെങ്കില്‍ വാഹനവും കാണുന്നില്ല. ഞാന്‍ എന്റെ വീട്ടില്‍ അച്ഛനെ വിവരം അറിയിച്ചിട്ടുണ്ട്’’.

 

‘‘അച്ഛന്‍ മരുന്ന് കഴിച്ചില്ലേ’’.

 

‘‘എല്ലാം കൃത്യമായി കൊടുത്തതാ, ഇന്ന് പറമ്പില്‍ ഇറങ്ങി കുറെ കിളക്കലും, വൃത്തിയാക്കലും ഒക്കെയായിരുന്നു, അമ്മ വേണ്ടാന്നു പറഞ്ഞിട്ടും കേട്ടില്ല. കുറെ ദിവസമായി ആരും പണിക്കു വരുന്നില്ല’’.

 

പെട്ടെന്ന് ഒരു പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ട് ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞു രാജി ഓടി, അതിനിടെ അവൾ വിളിച്ചു പറഞ്ഞു. ‘‘ഡോക്ടറെയും കൊണ്ട് പോലീസ് വാഹനത്തില്‍ ചേട്ടത്തി വന്നു ചേട്ടാ’’. പിന്നീട് കുറച്ചു നേരത്തേക്ക് നിശബ്ദത മാത്രം. ‘‘അച്ഛനെയും കൂട്ടി ചേട്ടത്തി പോലീസ് വാഹനത്തില്‍ ഹോസ്പിറ്റലില്‍ പോയി’’. രാജശ്രീ നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് പറഞ്ഞു. പിന്നീട് കുറെ മണിക്കൂറുകള്‍ സ്വയം ശപിച്ചുകൊണ്ട് വിജയൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ‘‘എന്തൊരു ജന്മം, ഒന്ന് സഹായത്തിനുപോലും പറ്റുന്നില്ലല്ലോ’’ അയാൾ സ്വയം പിറുപിറുത്തു.

 

അടുത്ത ദിവസം പുലര്‍ച്ചെ വേദനാജനകമായ മറ്റൊരു വാര്‍ത്തയാണ് വിജയനെ എതിരേറ്റത്. നിലവിളികളോടെയുള്ള ശബ്ദ കോലാഹലത്തിനിടയില്‍ രാജി വാതിലിന് ആഞ്ഞു തട്ടിക്കൊണ്ടു പറഞ്ഞു.

‘‘അച്ഛന്‍...’’ കരച്ചിലിനിടയില്‍ അവള്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. അതിനടുത്ത ശബ്ദം തെക്കുഭാഗത്തുനിന്നും വരുന്ന ആംബുലന്‍സിന്റേതായിരുന്നു. വീട്ടിലെ അത്യാവശ്യ അന്ത്യ കർമ്മങ്ങൾക്ക് ശേഷം ആ ശരീരം തെക്കോട്ടു തന്നെ മറഞ്ഞു. അച്ഛന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രയ്ക്ക് വിജയന്‍ ജനാല വഴി ഒരു കാഴ്ചക്കാരനായി മാറി. ഒരുപാട് പേര്‍ക്ക് അറിവ് പകര്‍ന്ന വ്യക്തി, മരണം വിളിച്ചപ്പോള്‍ ചുരുക്കം ചിലര്‍ മാത്രം. എന്തൊരു വിധി വൈപരീത്യം.  

 

പിന്നീടുള്ള ദിവസങ്ങള്‍ ചുരുക്കം ചില വാക്കുകളിലൂടെ മാത്രമായി രാജശ്രീയും വിജയനും തമ്മിലുള്ള ആശയവിനിമയം. ചേട്ടത്തിയുടെ മകന്‍ ബലിയിടുന്നതിന് ജനാലയിലൂടെ സാക്ഷ്യം വഹിച്ചപ്പോള്‍, ബലിയിടാന്‍ ചുമതലപ്പെട്ടിരുന്ന അയാൾ ബലികാക്കകളുടെ സ്വരംകൊണ്ട് വീര്‍പ്പുമുട്ടി. വീട്ടിലെത്തുന്ന അപൂര്‍വം ചില സന്ദര്‍ശകരുടെ അടക്കം പറച്ചിലുകള്‍ മനസ്സിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു. സുഖം പകരുന്ന വാര്‍ത്തകളൊന്നും മനസ്സിനെ തേടിയെത്തിയില്ല, പാവം രാജി അവള്‍...

 

ഓരോ ചിന്തകള്‍ മനസ്സില്‍ ഇരുട്ട്പാകി. വഴി തെളിയുന്നില്ല. രാത്രിയുടെ ഏതോ യാമത്തില്‍ ഒരു പോത്ത് അട്ടഹാസത്തോടെ അലറി വിളിച്ചു.

 

അടുത്ത ദിവസം പ്രഭാത ഭക്ഷണവുമായി ചെന്ന രാജശ്രീ കണ്ടത് തലേദിവസത്തെ ഭക്ഷണം വാതിലിനരികെ തന്നെ കിടക്കുന്നതാണ്. എത്ര ഉറക്കെ തട്ടിയിട്ടും വാതില്‍ തുറക്കുന്നില്ല. ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അവള്‍ എല്ലാവരെയും വിളിച്ചുകൂട്ടി.

 

ഇതിനിടയില്‍ ആരോ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിച്ചു. അവരെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടകാഴ്ച്ച....

 

വെളുത്ത പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ ശരീരം, വെളുത്ത പുറംചട്ട അണിഞ്ഞ മനുഷ്യരാല്‍ വഹിച്ചു തെക്കോട്ടേക്കെടുത്തു, അതോടൊപ്പം അവരുടെ സ്വപ്നങ്ങളും...

 

English Summary: ‘ Vimukthi’ Malayalam short story written by P. Velayudhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com