ADVERTISEMENT

വീണ്ടും ഒരു പ്രളയകാലം.. മണ്ണിടിച്ചിൽ കാലം...

വേനൽക്കാലം, വർഷക്കാലം എന്നൊക്കെ പറയുന്നതുപോലെ നാമിപ്പോൾ എല്ലാവർഷവും ഒരു പ്രളയക്കാലവും മണ്ണിടിച്ചിൽ കാലവും  ഭയപ്പാടോടെ നോക്കിയിരിക്കേണ്ട ജനതയായി മാറിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന രീതിയിൽ അഭിമാനിച്ചിരുന്ന, അഹങ്കരിച്ചിരുന്ന നാമിപ്പോൾ അതേ ദൈവത്തിന്റെ കാരുണ്യത്തിനും കൃപയ്ക്കും വേണ്ടി കൈകൂപ്പി യാചിക്കേണ്ടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. 24 ലെ പ്രളയം എന്ന വിദൂരമായ ഗതകാലത്തിന്റെ ഓർമ്മകളിൽ നിന്ന് പരതിയെടുക്കുന്നതിനുപകരം, കഴിഞ്ഞ വർഷത്തെ പ്രളയം എന്ന് കടന്നുപോകുന്ന ഓരോ വർഷവും തിരിഞ്ഞുനോക്കി നെടുവീർപ്പിടാൻ പാകത്തിൽ എല്ലാ വർഷവും ഇപ്പോൾ പ്രളയം നമ്മെ അമർത്തി ചുംബിച്ചു ആലിംഗനം ചെയ്യാൻ ആർത്തലച്ചെത്തുന്നു. കൂടെ മലയോരപ്രദേശങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി വിറപ്പിച്ചു കുടഞ്ഞു കളയാനായി മണ്ണിടിച്ചിലും. 

 

2018 വരെ പ്രളയവും മണ്ണിടിച്ചിലും ഞങ്ങൾക്ക് മറ്റേതോ ലോകത്തു നടക്കുന്ന, ഞങ്ങളെയൊന്നും പ്രത്യക്ഷത്തിൽ തൊട്ടു നക്കി രസിക്കാൻ വരില്ലെന്ന് ഉറപ്പുള്ള സംഗതികളായിരുന്നു. (അങ്ങ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇത്രവേഗം നമ്മെയൊക്കെ വന്നുവലയം ചെയ്തു കൂച്ചുവിലങ്ങിടുമെന്നു മൂന്നു മാസം മുൻപാണെങ്കിൽ നാം വിശ്വസിക്കുമായിരുന്നോ. .നമ്മെ കാത്തിരിക്കുന്നതും തേടിയെത്തുന്നതും  മാസ്ക്കണിഞ്ഞ ദിനങ്ങളാണെന്നും. ഇപ്പോഴും മാസ്ക്ക്‌ വെക്കാതെ നിർഭയം നടക്കുന്ന, പോലീസിനെ പേടിച്ചു മാത്രം കഴുത്തിൽ നിന്നോ പോക്കറ്റിൽ നിന്നോ മാസ്ക്ക്‌ എടുത്തുവെക്കുന്നവരും ഉണ്ടെന്ന് മറക്കുന്നില്ല.) 2018ഓടെ ആ ധാരണയും വിശ്വാസവുമെല്ലാം മലവെള്ളപ്പാച്ചിൽ കണക്കെ ഞങ്ങളിൽ നിന്നിറങ്ങിപ്പോയി. വാഴാനി ഡാമിലെ വെള്ളം വീടിനുമ്മറത്തു നിന്ന് ‘ഞാനിപ്പോ കയറും’ എന്നും പറഞ്ഞു ഭീഷണിപ്പെടുത്തി അലറിയൊഴുകി മുൾമുനയിൽ നിർത്തിയത് മൂന്നു ദിവസമാണ്. മൂന്നാം ദിവസം വെള്ളം സാവധാനം ഇറങ്ങിയപ്പോൾ സ്വന്തം വീട്ടിൽ വെള്ളം കയറിയവരും സ്വന്തം വീട്ടിൽ വെള്ളം കയറാത്തവരും തമ്മിൽ മനോനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് കാലത്തു മുതൽ കാണുന്ന മൂന്നാറിലെ രാജമല നോക്കിയിരിക്കാൻ വയ്യാതെ പലപ്പോഴും ടിവി ക്കുമുന്നിൽ നിന്ന് എഴുന്നേറ്റുപോയി. കാരണം മനുഷ്യൻ എല്ലായിടത്തും ഒന്നാണല്ലോ. അതുപോലെ തന്നെ അവന്റെ ജീവനും ശ്വാസവും സ്വത്തും... ദുരന്തം എന്നും എല്ലായിടത്തും ഒന്ന് തന്നെ. പലപ്പോഴും കാലവും ഇടവും മാറുന്നു എന്നല്ലാതെ അതിന്റെ അന്തർധാരയിൽ ഒരു മാറ്റവും ഇല്ല. ഇരകൾ ജീവനുള്ളവ ആയിരിക്കുന്നിടത്തോളം.

 

ഓരോ പെരുമഴയും മണ്ണിടിച്ചിലും ഞങ്ങളെ ഇപ്പോൾ ഓർമിപ്പിക്കുന്നത് കുറാഞ്ചേരിയാണ്. കഴിഞ്ഞ പ്രളയകാലം വരെ കുറാഞ്ചേരി വെറുമൊരു ബസ് സ്റ്റോപ്പ് മാത്രമായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും തൃശ്ശൂർക്ക് പോകുമ്പോൾ പാർളിക്കാട് കഴിഞ്ഞു അത്താണി എത്തുന്നതിനുമുൻപ് ഉള്ള ഒരു സാധാരണ ബസ് സ്റ്റോപ്പ്. വലതുവശത്തൂടെ നീണ്ടുപോകുന്ന ടാർ റോഡ് ആര്യംപാടം പിന്നിട്ടു  കേച്ചേരിയിൽ ചെന്ന് ചേരുന്നു. ഇടതു വശത്തെ വളഞ്ഞു പുളഞ്ഞു പോകുന്ന ടാർ റോഡ് കയറ്റം കയറി മലനിരകൾക്കിടയിലൂടെ പൂമലയിൽ ചെന്നെത്തുന്നു. അന്ന് കുറാഞ്ചേരിയിൽ ശ്രദ്ധിച്ചിട്ടുള്ളത് പൂമല റോഡിലെ ഇടതു ഭാഗത്തെ മഞ്ഞപ്പിത്ത ചികിത്സാകേന്ദ്രവും ഇപ്പുറത്തെ വലിയ പച്ചക്കറി കടയും നവീകരിച്ച ഒരു വാഹനകാത്തിരിപ്പുകേന്ദ്രവുമാണ്. ഒരു മിനിറ്റിൽ താഴെ ബസ് നിർത്തിയിട്ട് ആൾക്കാരെ കയറ്റുന്ന ആ സ്റ്റോപ്പിൽ ഒറ്റ നോട്ടത്തിൽ കണ്ണിൽ പെടുന്നത് ഇതൊക്കെയാണ്. 

 

ശാന്തസുന്ദരമായ കുറാഞ്ചേരിയുടെ ഈ ചിത്രം പൊടുന്നനെ ഒരു രാമഴയുടെ ആർത്തലച്ചുവന്ന വന്യതയിൽ പാടെ മാറിമറിഞ്ഞു പോകുകയായിരുന്നു. രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റ് പതിനഞ്ചിന്റെ പ്രളയമഴയിൽ കുറാഞ്ചേരിയുടെ കുന്നിൻമുകളിലെ മണ്ണ് ഒന്നടങ്കം ഒരു വശം  ഇടിഞ്ഞുകുത്തി താഴോട്ടുപോന്നു. അതിനിടയിൽ പിടഞ്ഞ പത്തൊൻപതു മനുഷ്യജീവനുകൾ കുതിർന്നരഞ്ഞ  ചെളിമണ്ണിന്റെ മണ്ണടരുകളിൽ അവസാന ശ്വാസത്തിനായി പിടഞ്ഞിരിക്കണം. അതോടെ കുറാഞ്ചേരി പഴയ കുറാഞ്ചേരി അല്ലാതായി. കേരളം മുഴുവൻ ഞെട്ടിവിറച്ചു നിന്ന പ്രളയവാർത്തകളിലെ മാധ്യമ ഇടങ്ങളിൽ കുറാഞ്ചേരി മുൻപന്തിയിൽ തന്നെ വിറങ്ങലിച്ചു കിടന്നു. അതുവരെ ഉരുൾപൊട്ടൽ എന്നതും പ്രളയം എന്നതും ഞങ്ങൾക്ക് അകലെ മലപ്രദേശത്തും നദിയോരത്തും സംഭവിക്കുന്ന ചില ദുരന്തങ്ങൾ മാത്രമായിരുന്നു. മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നും  കുഴഞ്ഞ ചെളിയിൽ നിന്നും സാവധാനം വലിച്ചെടുക്കുന്ന നിർജ്ജീവമായ ശരീരഭാഗങ്ങളുടെ ചാനൽ ചിത്രങ്ങളും പത്രചിത്രങ്ങളും മാത്രമായിരുന്നു ഉരുൾപൊട്ടൽ എന്ന അനുഭവം. എന്നാൽ ഞങ്ങൾക്ക് തൊട്ടടുത്ത് അതുപോലൊന്ന്  സംഭവിച്ചു എന്ന്‌ ഉൾക്കൊള്ളാൻ പിന്നെയും ദിവസങ്ങൾ എടുക്കേണ്ടി വന്നു എന്നതാണ് സത്യം. ആർത്തലയ്ക്കുന്ന പ്രളയവും കാറ്റും കാരണം പലർക്കും അവിടേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടരീതിയിൽ എത്താൻ കഴിഞ്ഞില്ല. മെഡിക്കൽ കോളേജിലേക്ക് കുതിച്ചു പോകുന്ന ആംബുലൻസുകളും അഗ്നിശമന വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും അവിടം കയ്യടക്കി. പ്രളയ മഴ കഴിഞ്ഞു പിന്നെയും കുറെ ദിവസങ്ങൾ എടുത്തു കുറാഞ്ചേരിയുടെ  നെഞ്ചിൽ അമർന്നു വീണ  മരണമണ്ണിനെ പല ഭാഗത്തേക്കായി നീക്കിയിട്ട് തീർക്കാൻ. 

 

ഇന്ന് കുറാഞ്ചേരി വെറും ഒരു ബസ് സ്റ്റോപ്പ് മാത്രമല്ല. പൂമല ഭാഗത്തേക്ക് വളഞ്ഞ് പുളഞ്ഞ് കയറി പോകാൻ പുതിയ ഒരു റോഡ് ഉണ്ട് ഇപ്പോൾ അവിടെ. കഴിഞ്ഞ കുറെ ദിവസങ്ങൾ മുൻപുവരെ കുറാഞ്ചേരിയുടെ ഇടിഞ്ഞുവീണ മണ്ണാഴങ്ങളിലേക്ക് ആണ്ടുപോയ 19  ജീവനുകളുടെ ഫ്ലക്സ് ചിത്രങ്ങൾ ഉണ്ടായിരുന്നു അവിടെ. പണ്ട് പേരില്ലാതെ നിലനിന്നിരുന്ന പച്ചക്കറി കടയുടെ സ്ഥാനത്ത് പുതിയ പച്ചക്കറി കട മോഹനേട്ടന്റെ കട  എന്ന പേരിൽ അവിടെ അറിയപ്പെട്ടു നിൽക്കുന്നു. എല്ലാം അതിജീവനത്തിന്റെ വിരൽപ്പാടുകൾ തന്നെ. മോഹനേട്ടനും കുടുംബവും  ഇല്ലാതെ പഴയ ആ കട ഇന്ന് മറ്റാരോ  മോഹനേട്ടന്റെ സ്മരണ നിലനിർത്താൻവേണ്ടി ‘മോഹനേട്ടന്റെ കട’ എന്ന പേരിൽ അവിടെ നടത്തിവരുന്നു. മോഹനേട്ടന്റെ കട എന്ന വലിയ ബോർഡ് ഒരു വലിയ ദുരന്തത്തിന്റെ ബാക്കി പത്രത്തിലേക്കുള്ള ചൂണ്ടുപലകയായിട്ടാണ് തോന്നുക. ആ കറുത്ത പുലരിയിൽ മോഹനേട്ടനൊപ്പം മണ്ണിന്റെ  അടിത്തട്ടിലേക്ക് പോയത് അദ്ദേഹത്തിന്റെ ഭാര്യയും  മുതിർന്ന രണ്ട് ആൺമക്കളുമാണ്. അതുപോലെ ഉള്ളുപറിച്ചെടുത്തു കൊണ്ടുപോയ കുട്ടികളടക്കമുള്ള കുറേ പ്രാണനുകൾ.

 

ഇപ്പോൾ കുറാഞ്ചേരിയിൽ നോക്കുമ്പോൾ ഓർമ്മവരുന്നത് ആ ദുരന്തവും  ഫ്ലക്സ് ചിത്രങ്ങളിലേക്ക് അകാലത്തിൽ ചുരുങ്ങേണ്ടിവന്ന 19 മനുഷ്യജീവനുകളുടെ നിഷ്കളങ്കമായ ചിരിച്ചിരിക്കുന്ന മുഖങ്ങളുമാണ്. 

 

മണ്ണ് പൊളിഞ്ഞടർന്നുപോന്ന കുറാഞ്ചേരിയുടെ ആ ഭാഗത്ത് ഇന്ന് പച്ചപ്പും ചെടികളും വളർന്നു നിൽക്കുന്നു. ഒരു ശാന്ത സൗന്ദര്യം. പക്ഷേ ജൂൺ മാസം വരുമ്പോൾ, മഴ തുടങ്ങുമ്പോൾ പിന്നെയും കുറാഞ്ചേരി കാണുമ്പോൾ ഓർക്കുമ്പോൾ മനസ്സിൽ ഭീതി കനക്കുന്നു. ശാന്ത സുന്ദരമായി പച്ചപിടിച്ചു നിൽക്കുന്ന കുറാഞ്ചേരി മഴയിൽ കുതിർന്ന് സംഹാരതാണ്ഡവമാടി താഴേക്ക് കുതിച്ചു കുറ്റം ചെയ്തവരെയും  നിരപരാധികളെയും ഒന്നിച്ചു  കവർന്നെടുത്തു കൊണ്ടുപോകുമോ? അതുപോലെ നമ്മൾ അറിയാത്ത നമ്മൾ ശ്രദ്ധിക്കാത്ത സാധാരണ ബസ് സ്റ്റോപ്പുകൾ കുറാഞ്ചേരിയെപോലെ സ്മാരക ബസ് സ്റ്റോപ്പുകൾ ആയി മാറുമോ? മഴയുടെ ചെറിയ ചെറിയ അനക്കങ്ങൾ വലിയ വലിയ നിറം മാറിവരുന്ന അലെർട്ടുകൾ ആയി പലസ്ഥലത്ത്  കേട്ടു തുടങ്ങുകയും കണ്ടു തുടങ്ങുകയും ചെയ്യുമ്പോൾ മനസ്സിൽ നീർക്കെട്ടുന്നത് ഈ ഭയമാണ്. 

 

കഴിഞ്ഞ വലിയ മഴയിൽ നിന്ന് വരാനിരിക്കുന്ന വലിയ മഴയിലേക്കായി  നാം എന്തു പാഠങ്ങളാണ് പഠിച്ചിരിക്കുന്നത്. പ്രളയ മഴക്കുശേഷം ശാന്തമായി കിടക്കുന്ന കുറാഞ്ചേരിയുടെ അന്തർ മനസ്സ് പുകയുന്ന അഗ്നിപർവതം പോലെ ഇപ്പോഴും കാത്തിരിക്കുന്നുണ്ടോ? അതുപോലെ ഇനിയും എത്രയെത്ര കുറാൻചേരികളാണ് നമ്മുടെ തൊട്ടരികെ നാം പോലും തിരിച്ചറിയാതെ നമ്മെ നോക്കി ഇരുൾ മഴയിൽ ദംഷ്ട്ര നീട്ടി ചോരയൂറ്റാൻ മറഞ്ഞിരിക്കുന്നത്. പലപ്പോഴും വീണുകഴിയുമ്പോഴേ നാം അറിയൂ നിന്നിരുന്നത് വലിയൊരു ഗർത്തതിന് മുകളിൽ ആയിരുന്നു എന്ന്. പക്ഷേ തീർച്ചയായും തിരിച്ചിനി കൈപ്പിടിയിൽ കിട്ടാത്തവണ്ണം സമയവും ജീവനും വിലപ്പെട്ടതും നമ്മെ കൈവിട്ടിരിക്കും.

 

പ്രകൃതിയെ നോക്കി ഞങ്ങൾ കൈകൂപ്പി നമസ്കരിച്ചു നിൽക്കുന്നു കാരണം നിന്നോട് എതിർത്തുനിൽക്കാൻ ഞങ്ങൾ അശക്തരാണ്. ഞങ്ങൾക്കറിയാം പ്രകൃതി നിയമം എന്നത് തെറ്റ് ചെയ്തവർക്കും നിരപരാധികൾക്കും  രണ്ടുതരത്തിൽ അല്ല. പ്രകൃതി നിയമം നടപ്പിലാക്കുമ്പോൾ ഒന്നിച്ചാണ് എല്ലാം എടുത്തുകൊണ്ടുപോകുന്നത്. പലപ്പോഴും അവിടെ ക്രൂരമായി ശിക്ഷിക്കപ്പെടുന്നതും കശക്കപ്പെടുന്നതും നിരപരാധികൾ ആയിരിക്കും. വേട്ട കഴിഞ്ഞു വേട്ടക്കാരൻ അപ്പോഴേക്കും തനിക്കു വേണ്ടതും വേണ്ടാത്തതുമെല്ലാം എടുത്തവിടെനിന്ന് കടന്നു കളഞ്ഞിരിക്കും. എന്നും എല്ലായിടത്തും അങ്ങനെയാണല്ലോ പതിവ്. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ മുങ്ങിത്തീരാനും ഇടിമുഴക്കത്തോടെ കുമിഞ്ഞുവീഴുന്ന മണ്ണിനടിയിൽ അമർന്നു തീരാനും എന്നും കുറെ പാവപ്പെട്ട നിരപരാധികൾ വേണമല്ലോ. അതുകൊണ്ട് ഞങ്ങൾ പാവം നിരപരാധികൾക്ക്, പ്രകൃതിയേ, നിന്നെ നോക്കി കൈകൂപ്പി കരയാൻ മാത്രമേ കഴിയൂ... ഈ പ്രാർത്ഥന നീ കേൾക്കില്ല എന്നു ഞങ്ങൾക്കറിയാം. കാരണം അത്രമാത്രം നിന്നെയും ദ്രോഹിച്ചിട്ടുണ്ടല്ലോ...

 

English Summary: Kurancheri landslide in 2018: a flash back

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com