ADVERTISEMENT

പോസിറ്റീവായ സുഹൃത്ത് (കഥ)

 

കൊറോണ പോസിറ്റീവായ എല്ലാവരും ലക്ഷണം കാണിക്കണമെന്നില്ലെന്നും ലക്ഷണം കാണിക്കാത്തവരും വാഹകരാകാൻ തുല്യസാധ്യതയാണുള്ളതെന്നും അയാൾക്കറിയാം. പ്ലൈവുഡ്ഡ് കമ്പനിയിലെ  തൊഴിലാളിയായ അയാൾ അതിരാവിലെതന്നെ കൊറോണ ടെസ്റ്റ് നടത്തി റിസൾട്ട് ബോധ്യപ്പെട്ടതിനുശേഷം പുറത്തേക്കിറങ്ങി.  

 

കവലയിൽ മൂസാകുട്ടിയുടെ കടയിൽ അഞ്ചെട്ടുപേര് രാവിലെതന്നെ വരാറുണ്ട് ചായ കുടിക്കാൻ. ചായകുടി കഴിഞ്ഞതിനുശേഷവും സൊറ പറഞ്ഞിരിക്കലും തോണ്ടിമുട്ടി വത്തമാനം പറയലും അവര്‍ക്ക് ശീലമാണ്. 

 

പതിവില്ലാത്തവിധം ചായക്കടയിലെത്തിയ തന്നെക്കണ്ട് എന്തോ പുതുമ കാണുന്നപോലെ സൂക്ഷിച്ചുനോക്കുന്നവരോടായി അയാൾ പറഞ്ഞു. ‘ഭാര്യ വീട്ടിലില്ല അതാ’

 

‘അഞ്ചുപേരിൽ കൂടുതൽ കൂടരുതെന്നും, മാസ്ക് വയ്ക്കണം എന്നും പോലീസ് പറഞ്ഞിട്ട്...’ അയാൾ തന്റെ മൂക്കിൽ നിന്ന് മാസ്ക് താടയിലേക്ക് വലിച്ചുതാഴ്ത്തി അർദ്ധോക്തിയിൽ നിർത്തി.

 

‘പോലീസുകാർക്ക് അങ്ങനെയൊക്കെ പറയാം. ഇവിടെ ആർക്കും കൊഴപ്പൊന്നൂല്ലാന്നേ’ മൂസ അതു പറഞ്ഞപ്പോൾ പലരും പല രീതിയിൽ ചിരിച്ചു. 

 

സ്നേഹത്തോടെ വർത്തമാനം പറഞ്ഞും എല്ലാവരോടും അടുത്തിടപഴകിയും, ഒഴിഞ്ഞതും നിറഞ്ഞതുമായ ഗ്ലാസ്സുകൾ എടുത്തുകൊടുക്കാൻ സഹായിച്ചും നിന്നപ്പോൾ  ‘ഒാൻ സ്നേഹോള്ളോനാ’ എന്ന്  മൂസ സന്തോഷിച്ചു.

  

‘കൊറോണ രോഗം ഒരു വൈറസ്സാണ് പകർത്തുന്നത്. സമ്പർക്കത്തിലൂടെയൊ സ്രവങ്ങളിലൂടെയൊ വായുവിലൂടെയൊ അത് പകരാം. ആരോഗ്യമുള്ളതും മറ്റസുഖങ്ങളൊന്നുമില്ലാത്തതുമായ ശരീരത്തിൽ

സ്വപ്രയത്നം കൊണ്ട് മരുന്നുകളൊന്നുമില്ലാതെതന്നെ കൊറോണ മാറ്റാവുന്നതേയുള്ളു. വൈറസ്സ് ശരീരത്തിലെത്തിയാൽ ശ്വാസകോശത്തേയും വയറിനേയും ബാധിച്ച് പടരുന്നതിനു മുൻപ് രണ്ട് മൂന്നു ദിവസം തൊണ്ടയിൽ തങ്ങുമത്രെ. ആ ദിവസങ്ങളിൽ നല്ല ചൂടുള്ള പാനീയങ്ങൾ കുടിക്കുകയും ചൂടുവെള്ളത്തിൽ

ഉപ്പും മഞ്ഞളുമിട്ട് ഇടയ്ക്കിടെ തൊണ്ടയിൽ ഗാർഗിൾ ചെയ്യുകയും  വായ ശരിക്കു തുറന്നു പിടിച്ച് ആവി കൊള്ളുകയും ചെയ്താല്‍ വൈറസ്സ് ശരീരത്തിലേക്ക് അധികമായി ബാധിക്കാതെ നശിച്ചു പൊയ്ക്കൊള്ളും. ചുക്കുകാപ്പിയും ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരു കലർത്തിയതും കുടിക്കുക കൂടി ചെയ്താൽ

അസുഖം പടർന്നതിനു ശേഷവും മാറ്റിയെടുക്കാവുന്നതേയുള്ളു എന്നാണ് ഡോക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും ഇടയ്ക്കിടെ  ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. തണുപ്പു ചെന്നാൽ ശരീരത്തിൽ

പെട്ടന്ന് വ്യാപിക്കുമത്രെ’.  എല്ലാവരുടേയും അറിവിലേയ്ക്കായി അയാൾ പറഞ്ഞു.

 

പോലീസിന് എപ്പോഴും എല്ലായിടത്തും ഉണ്ടാവാൻ പറ്റില്ലല്ലോ. അവര് റോന്തു ചുറ്റി ഒാരോ സ്ഥലത്തും എത്തുന്നത് ഒരു പ്രത്യേക സമയത്ത് ആയിരിക്കും. രാവിലെയാണെങ്കിൽ പത്ത്-പത്തര, ഉച്ചകഴിഞ്ഞ് അഞ്ച്- അഞ്ചര.  ഈ പതിവ് മനസ്സിലാക്കി സ്ഥിരമായി കടത്തിണ്ണയിൽ കൂട്ടം കൂടിയിരുന്ന് സൊറ പറയുന്ന, തന്റെ ഉയര്‍ച്ചയില്‍ അസൂയപൂണ്ട് അകലം പാലിക്കുന്ന ചില സമപ്രായക്കാരുണ്ട് ഞങ്ങളുടെ കവലയിൽ. താൻ നെഗറ്റീവ് ചിന്താഗതിക്കാരനാണത്രെ. എല്ലാവരേയും അടുത്തുകാണാനും ചേർന്നുനിന്ന് സ്നേഹം പങ്കുവച്ച് പോസിറ്റീവ് ആകാനും അയാൾ ശ്രദ്ധിച്ചു. 

 

അംഗനവാടി ഗ്രൗണ്ടില്‍ എന്നും പന്തുകളിയുണ്ട്. മൂന്നു മണി മുതല്‍ രണ്ടു ബാച്ചായി ഇരുട്ടുന്നതുവരെയാണ് കളി. അന്ന് വൈകിട്ടുവരെ അയാൾ കളിക്കാൻ കൂടി. ‘അവള് വീട്ടില്‍  ഇല്ലാത്തോണ്ടാ’. ഇടയ്ക്കിടെ കൂടെയുള്ളവര് കേൾക്കത്തക്ക ശബ്ദത്തിൽ തന്നോടുതന്നെയെന്നവണ്ണം പറഞ്ഞ് അവിടെ തന്റെ സാമീപ്യം ശരിയാണെന്ന് സമർത്ഥിച്ചുകൊണ്ടിരുന്നു അയാൾ. 

 

ഇരുളാൻ തുടങ്ങിയപ്പോൾ അയാൾക്ക് താത്രിക്കുട്ടിയെ ഒര്‍മ്മ വന്നു. ഒളിച്ചും പാത്തും ശരീരം വിറ്റു ജീവിക്കുന്ന താത്രിക്കുട്ടി അയാളെ മൈന്റ് ചെയ്യാറില്ല. പൈസ തീര്‍ത്ത് കൊടുക്കുകയില്ലത്രെ. ഇതിന് പ്രത്യേകിച്ച് ചിലവൊന്നുമില്ലല്ലോയെന്ന ദുഷിച്ച നോട്ടം അവളാട്ടിയകറ്റും. കടം വാങ്ങിയ അഞ്ഞൂറിന്റെ രണ്ട് പുതിയ നോട്ടുകളുമായി അയാൾ താത്രിക്കുട്ടിയുടെ നിറംമങ്ങിയ വീട്ടിലേയ്ക്ക് ഇരുളിന്റെ മറ പറ്റി നടന്നു. ബേക്കറിയില്‍നിന്ന് ഒരു ഐസ്ക്രീമും വാങ്ങിയിരുന്നു. എൻജോയ്മെന്റൊക്കെ കഴിയുമ്പോൾ അവളെ സ്നേഹത്തോടെ കഴിപ്പിക്കണം, അവനുറപ്പിച്ചു.

 

രാത്രിയായിട്ടും രാജൻചേട്ടന്റെ പലചരക്കുകടയില്‍ തിരക്ക് കുറഞ്ഞിട്ടില്ല. ആളുകൾ അങ്ങനെയാണ്,  ആറുമണിക്കു കടയടയ്ക്കും എന്നു പറഞ്ഞാല്‍ 5.55 നെ എത്തൂ. ഏഴ് എന്നാല്‍ 6.55 നും. ‘എന്താ സമയം കഴിഞ്ഞിട്ടും കടയടയ്ക്കാത്തത്’ എന്ന സ്നേഹശാസനയോടെ അയാൾ പൊലീസ് കെട്ടിയിരുന്ന വള്ളിക്കിടയിലൂടെ നൂണ്ടുകയറി സാധനങ്ങൾ എടുത്ത് കൊടുക്കാൻ സഹായിച്ചു. താൻ സാധനങ്ങൾ പറ്റുവാങ്ങിയാല്‍ കള്ളക്കണക്ക് എഴുതുന്ന ആളാണെങ്കിലും പറ്റിച്ചേര്‍ന്നുകൂടി സഹായിച്ചു. തനിക്കാവശ്യമുള്ള കരിപ്പെട്ടിശര്‍ക്കരയും ചുക്കും കാപ്പിപ്പൊടിയും ചെറുനാരങ്ങയും മഞ്ഞൾപ്പൊടിയുംവാങ്ങി കാശും കൈയ്യും കൊടുത്ത് സന്തോഷത്തോടെ പിരിഞ്ഞു.

 

കൊറോണയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞാല്‍ സര്‍ക്കാര്‍ വക കോറന്റെയിനില്‍ പോകണം. അതാണ് വിഷമം. അവിടുത്തെ ഒറ്റപ്പെടലില്‍ പലരും ആത്മഹത്യ ചെയ്യുന്നു എന്നു കൂടികേൾക്കുമ്പോൾ അയാൾക്ക് പേടി കൂടി. രോഗലക്ഷണം കാണിക്കാത്തവരും വാഹകരാകാൻ തുല്യസാധ്യതയുണ്ടെന്ന് ഒാര്‍ത്തപ്പോൾ അയാളില്‍ ഗൂഢസ്മിതം വിരിഞ്ഞു.

 

വീട്ടിലേക്ക് കയറാതെ ഔട്ട്ഹൗസിലേക്ക് കയറുന്നതിനിടയില്‍ വരാന്തയില്‍ തന്നെക്കാത്തു നിന്ന ഭാര്യയോട് അയാൾ പറഞ്ഞു.

“എടിയേ, ഞാൻ കൊറോണ പോസിറ്റീവാ, കോറന്റയിനിലാണ്. ആരോടും പറയണ്ട.”

 

English Summary : ‘Positive aaya suhrth’ Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com