ADVERTISEMENT

1195 കർക്കടകം 3 ശനി (കഥ)

 

ജനലിലൂടെ ആകാശത്തേക്കു നോക്കി കിടക്കുകയാണ്. സമയം പതിനൊന്നുമണി ആയിട്ടുണ്ടാവും. രണ്ടു ദിവസമായി ഉച്ചകഴിഞ്ഞാണു മഴ പെയ്യുന്നത്. കർക്കടകത്തിൽ ഇങ്ങനെ പ്രസന്നമായ കാലാവസ്ഥയോ...? നീലാകാശത്തു വെളുത്തമേഘങ്ങൾ ഒഴുകിനടക്കുന്നതു മാവിൻ ചില്ലകൾക്കിടയിലൂടെ കാണാം. ആ മനോഹര കാഴ്ച കണ്ടുകൊണ്ടു കിടക്കെ മുറിയിലാകെ പുകനിറയുന്നു. അമ്മ അടുക്കളയിൽ കഞ്ഞിയ്ക്കു വെള്ളം ഇട്ടിട്ടുണ്ട്. പുറത്തെ അടുപ്പിലെ കഞ്ഞിവയ്ക്കലിനു മഴ മുടക്കം വരുത്തിയിരിക്കുന്നു. അതുകൊണ്ടിപ്പോള്‍ വീടിനകത്തെ കൊതുക്ശല്ല്യത്തിനു നല്ല കുറവുണ്ട്. നിങ്ങൾക്കെല്ലാവർക്കും നടപ്പിലാക്കാവുന്ന ഒരാശയമാണിത്. ലക്ഷങ്ങൾ മുടക്കി വീടുപെയിന്റടിച്ചവർ ക്ഷമിക്കുക.

 

പത്തായം പെറും ചക്കികുത്തും അമ്മവയ്ക്കും ഞാൻ തിന്നും എന്നാണല്ലോ... പക്ഷേ ഇവിടെ അങ്ങനെയല്ല. പത്തായത്തിന്റെ ആവിശ്യമില്ല. കോവിഡ്-19 ന്റെ ഫലമായുള്ള സൗജന്യറേഷനാണ്. കുത്താൻ ചക്കിവേണ്ട. റേഷൻകടയിൽ പോയി വാങ്ങികൊണ്ടുവന്ന് അമ്മവയ്ക്കും, ഞാന് തിന്നും. 

 

കട്ടിലിൽ മലർന്നുകിടന്നു കണ്ട മനോഹരകാഴ്ചയിലേക്കു പുകപരത്തി അമ്മ എന്നെ പുകച്ചുപുറത്തുചാടിച്ചു. ദേഷ്യം തോന്നിയെങ്കിലു ഒന്നും മിണ്ടാതെ വാതിക്കലേക്കുനടന്നു. എന്തു പറയാനാണു..? തീറ്റക്കാര്യമായിപ്പോയില്ലേ.. കസേരയിൽ വന്നിരുന്നു ‘പാത്തുമ്മയുടെആട്’ കൈയ്യിലെടുത്തു. നിവർത്തിവായനതുടങ്ങി. മുഖവുരയായി സുൽത്താന്റെ രണ്ടുകുറിപ്പുണ്ട്. മുപ്പരുടെ കിണ്ണംക്കാച്ചിയ ജീവിതാനുഭവങ്ങളാണ്. അതുമതി മഹത്തായ ഒരുകൃതിവായിച്ച അനുഭവം കിട്ടാൻ.. 

 

പത്താംക്ലാസില്‍ മലയാളം രണ്ടാം പേപ്പറായി പഠിച്ചത് ഈ പുസ്തകമായിരുന്നു. പന്ത്രണ്ടുകെല്ലത്തെ സ്കൂൾ വിദ്യാഭ്യാസകാലത്ത് എഴുതിയ നിരവധി ഓണ-ക്രിസ്മസ് പരീക്ഷകളിൽ വിരലിലെണ്ണാവുന്നതിനെ ഞാന് ജയിച്ചിട്ടുള്ളു (അതുംകഷ്ടിച്ച്). എണ്ണത്തിൽ കുറവായതുകെണ്ട് അതൊക്കെ ഇപ്പോഴും നന്നായി ഓർക്കുന്നുണ്ട്. പത്താംക്ലാസിലെ ക്രിസ്മസ്പരീക്ഷയ്ക്ക് മലയാളത്തിന് ഒരുചോദ്യം, നിങ്ങൾ ബഷീർ ആണെന്നു വിചാരിക്കുക, ‘കുട്ടികളെ എങ്ങനെ വളർത്താം’ എന്നതിനെകുറിച്ചു മാതാപിതാക്കൾക്ക് ഒരു കത്തെഴുതുക... ? ചോദ്യത്തെ നിസാരമായി കണ്ടു ഉത്തരമെഴുതരുത്. വിശ്വവിഖ്യാതനായ ബഷീർ ആണന്നുവിചാരിച്ചാണ് എഴുതേണ്ടത്. എഴുതി... ഇടംവലംനോക്കാതെ എഴുതി. ഉത്തരത്തിനു ഫുൾമാർക്ക്. ആ ഒറ്റഉത്തരത്തിന്റെ പച്ചപ്പിൽ കഷ്ടിച്ച് ഇരുപതു മാർക്കു വാങ്ങി ജയിച്ചു. പേപ്പറു തന്നപ്പോൾ ടീച്ചറിന്റെ മുഖത്ത് ‘അറിഞ്ഞില്ല ഉണ്ണീ ആരും പറഞ്ഞില്ല’ എന്ന ഭാവം.....

 

നോവല്‍ ഇങ്ങനെ തുടങ്ങുന്നു…

‘പാത്തുമ്മയുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിതത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തിനടുത്ത് തലയോലപ്പറമ്പിലുള്ള എന്റെ വിട്ടില് താമസിക്കാൻ ചെന്നു. സ്റ്റൈലന് സ്വീകരണം! എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാനിരുന്നു പുകഞ്ഞു. എന്റെ വീട്... ഞാന് ആരെ പഴിക്കണം.?’

ശാന്തിയും സമാധാനവും ആഗ്രഹിച്ചെത്തിയ മൂപ്പർക്കു കിട്ടിയത് പതിനഞ്ചോളം മനുഷ്യജീവികളും, പൂച്ചകളും കാക്കത്തൊള്ളായിരം എലികളും, കാക്കകളും പത്തുനൂറു കോഴികളും, പിന്നെ പാത്തുമ്മയും, പാത്തുമ്മയുടെ ആടും ചേർന്നു നൽകിയ സ്വീകരണമായിരുന്നു. ബഹളം, സർവത്രബഹളം... ബഹളങ്ങളുടെ രസംപിടിച്ച് വായന തുടർന്നു. ആടിന്റെ തീറ്റയിലും, സ്ത്രീജനങ്ങൾക്കുകിട്ടാത്ത അരിയാഹാരത്തിലും എത്തിയപ്പോള് ഒരു ചോദ്യം..,

 

ഇതൊന്ന് അരിഞ്ഞുതരുമോ...?

 

പാത്രത്തില് കുറച്ചു ചെറിയ ഉള്ളിയുമായി അപേക്ഷരൂപേണ അമ്മയാണ് ചോദിച്ചത്. പാത്തുമ്മയുടെ ആടു വായിച്ചുകെണ്ടിരിക്കുന്ന ഒരു പുരുഷപ്രജയോട് അമ്മയോ, സഹോദരിയോ, ഭാര്യയോ ആരുമായിക്കോട്ടെ ഒരു കാര്യം ആവശ്യപ്പെട്ടാല് അവനതു സാധിച്ചുകൊടുത്തിരിക്കും. അതാണ് ഇതിന്റെ ഒരു രസതന്ത്രം. മാത്രമല്ല എന്റെ ഉച്ചയൂണിന്റെ കൂടെകാര്യമാണ്. പുസ്തകം മടക്കി വച്ച് പാത്രം വാങ്ങി. മൂന്നുനാല് ഉള്ളികൾ അരിഞ്ഞപ്പോളെ കണ്ണുനിറിത്തുടങ്ങിയതുകൊണ്ട് വീടിനുമുന്നിലെ തോട്ടിലേക്കു നോക്കിയിരുന്നാണ് ബാക്കിയരിഞ്ഞത്.  

 

രണ്ടുകരയിൽ നിന്നു കൈതയും, കവുങ്ങും, ആഞ്ഞിലിയും അടക്കം പലമരങ്ങളും തോട്ടിലേക്കുമറിഞ്ഞുകിടപ്പുണ്ട്. അവിടെ ഒരു അനക്കം.. മറിഞ്ഞുകിടക്കുന്ന കൈതയിലേക്ക് ഒരു കൊറ്റിപറന്നുവന്നിരുന്നു. കൊക്ക്, കുളകൊക്ക് എന്നെല്ലാം പേരുള്ള ഇവ കൂടുകൂട്ടി മുട്ടവിരീച്ചു കുഞ്ഞുകുട്ടിപരാധിനകളുമായി കഴിയുന്ന കാലമാണിത്. കൈതവേരില്‍ ധ്യാനനിരതനായി കൊറ്റി തന്റെ ഇരയെ കാത്തിരുന്നു. അമ്മ മീന്‍ വെട്ടിവൃത്തിയാക്കി തലയുംവാലും മറ്റ് ആന്തരിക അവയവങ്ങളുമെക്കെ കളയുന്നതു തോട്ടിലേക്കാണ്. കുറെ ആമകളും, ചേരകളും, മീനുകളും അതൊക്കെതിന്നു ജീവിക്കുന്നുണ്ട്. ഇന്നലെ മത്തി വാങ്ങിയിരുന്നു. പതിവുപോലെ തലയുംവാലുമൊക്കെ തോട്ടിലെത്തി. ആമയും ചേരയും, മീനുകളും വന്നുതിന്നു തുടങ്ങി. അതിലൊരു ചേര മത്തിത്തലയും കടിച്ചുപിടിച്ചു ചാഞ്ഞുകിടക്കുന്ന കൈതയ്ക്കരികിലൂടെ എങ്ങോട്ടോ നിന്തിപോകുകയായിരുന്നു. പെട്ടന്നു നമ്മുടെ ഈ കൊറ്റി പറന്നുവന്ന് അവിടെയിരുന്നു, മീന്തല ചേരയുടെവായിൽനിന്നും കൊത്തിയെടുത്ത് അകത്താക്കി.

 

എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ പകച്ചുപോയ ചേര കുറച്ചുനിമിഷങ്ങൾക്കു ശേഷം സ്വബോധം വീണ്ടെടുത്ത്

‘ഈ നാട്ടില് ഒരുകാലത്തും സോഷ്യലിസം വരാൻ പോണില്ല... ഒറ്റയ്ക്കുകൊണ്ടുപോയി തിന്നോടാ...’ എന്നു പ്രാകികൊണ്ടു  വെള്ളത്തിലേക്കു താണുപോയി.

 

കൊറ്റിയെ കുറ്റംപറയാൻ പറ്റില്ല. കുഞ്ഞുകുട്ടിപരാധിനകളുമായി കഴിയുകയല്ലേ.. ചെയ്തുപോകും.. ഇന്നിവിടെ മീൻ വാങ്ങിയിട്ടില്ല. മത്തിത്തല പ്രതീക്ഷിച്ചു ആരു ഇരിക്കേണ്ട..അതുകൊണ്ടാണല്ലോ ഞാൻ ഇവിടെയിരുന്നു ഉള്ളിയരിയുന്നത്. 

‘ഗ്ലും...’ ഒന്നു മുങ്ങിനിവർന്നപ്പോള്‍ കൊക്കില്‍ വിലങ്ങനെയൊരു മീൻ ഇരുന്നു പിടയ്ക്കുന്നു. ‘വാ കൊടുത്ത ദൈവം ഇരയും കൊടുക്കും.’ തല ഒന്നുരണ്ടു തവണ മുന്നോട്ടുപിന്നോട്ടു ആക്കി മീനെ ഒള്ളിലാക്കി, നിന്റെ മത്തിത്തല കിട്ടിയില്ലെങ്കിൽ എനിക്കൊരു ചുക്കുമില്ല എന്നു പറഞ്ഞുകൊണ്ടു കൊറ്റി പറന്നുപോയി.

 

അമ്മേ., ഉള്ളിയരിഞ്ഞു കഴിഞ്ഞു....നിറഞ്ഞകണ്ണുകളുമായി ഞാന് വിളിച്ചുപറഞ്ഞു. അമ്മവന്നു പാത്രം വാങ്ങിപോയി .  പുസ്തകം കയ്യിലെടുത്തു വായനതുടർന്നു.

.

ഡും...പാത്തുമ്മയുടെ ആട് പെറ്റു. കുറെശ്ശെ ചാറ്റല്മഴയുള്ള ഒരു ഉച്ചനേരത്തു.പാത്തുമ്മയെ പറ്റിച്ചു വീട്ടിലെ മറ്റു സ്ത്രീജനങ്ങള് ആടിനെ കറന്നു പാല്ച്ചായകുടിച്ചു തുടങ്ങി.

പാത്തുമ്മ ഇതറിഞ്ഞു പുകിലു പുക്കാറായി വന്നപ്പോള്, അമ്മ വീണ്ടും എന്റെ മുന്നിൽ. ഇതുകൂടെ ഒന്നരിഞ്ഞുതാ....പച്ചയുംമഞ്ഞയും നിറംകലര്ന്ന നല്ലഭംഗിയുള്ള മത്തൻപൂവ്. കര്ക്കടകമാസമാണ്, കോവിഡ്കാലമാണ് രോഗപ്രതിരോധശേഷികൂട്ടാന് കായും,പുവുമെക്കെയാണ് കഴിക്കേണ്ടതു. പുക്കാറിനു ഇടവേളകൊടുത്ത് പൂ അരിഞ്ഞുതുടങ്ങി. ഉള്ളിപോലെ വല്ല്യപാടില്ല. വേഗംതീരും. 

 

കീ.കീ... ശബ്ദംകേട്ട് ഞാന് മുറ്റത്തേക്കു നേക്കി..

 

തോട്ടുവക്കത്തെ ചെമ്പരത്തിചുവട്ടിൽ ചിക്കിചികഞ്ഞ് പമ്മിപമ്മി ദേ വരുന്നു മറ്റൊരുകുട്ടര്. തള്ളയും, തന്തയും രണ്ടുകുട്ടികളും അടങ്ങുന്ന ഒരു കുളക്കോഴികുടുംബം. കുറച്ചുദിവസമായി ഇവരെ കണ്ടുതുടങ്ങിയിട്ട്. മുൻപത്തേക്കാൾ കുഞ്ഞുങ്ങളുടെ കഴുത്തിനും കാലിനും നീളംവച്ചിട്ടുണ്ട്. ചെമ്പരത്തിച്ചുവട്ടിൽ കാര്യമായി ഒന്നും തടയുന്നില്ല. കുഞ്ഞുങ്ങളെ അവിടെ നിർത്തി മുറ്റത്തേക്കിറങ്ങിയ അപ്പനും, അമ്മയും ചെറുകിഴങ്ങു നട്ടിരിക്കുന്നതിനു ചുവട്ടിൽ ചികഞ്ഞുതുടങ്ങി. 

 

കിട്ടിപ്പോയി.... ചുണ്ടില്‍ തുങ്ങിയാടുന്ന മണ്ണിരകളുമായി രണ്ടുപേരും ചെമ്പരത്തിച്ചുവട്ടിലേക്കു ഓടി. കുഞ്ഞുങ്ങള് കീ..കീ.. ശബ്ദമുണ്ടാക്കി അവയെ വയറ്റിലാക്കുന്നു. മണ്ണുഴുതുമറിച്ച് കിഴങ്ങിനു വളംനൽകേണ്ട കർഷകന്റെ മിത്രങ്ങളെ ആണല്ലോ അ പഹയനും പഹയത്തിയും കൊത്തികൊണ്ടോടുന്നത്. വളർന്നുപാകമായി എനിക്കുകഴിക്കാനുള്ളതാണ് കിഴങ്ങ്. അതിനുകിട്ടേണ്ട വളമാണ് അവരു തട്ടിയെടുക്കുന്നത്. 

ഓടിച്ചുവിട്ടാലോ...? അല്ലെങ്കില്‍ വേണ്ട... 

 

കഴിക്കാൻ കഴഞ്ഞില്ലെങ്കിലും എനിക്കു ജീവിക്കാം. സർക്കാർ സൗജന്യറേഷൻ തരുന്നുണ്ട്. പൂവും കായുമൊക്കെയായി മറ്റുപലതും കിട്ടുന്നുണ്ട്. കുളക്കോഴികൾക്കു സൗജന്യറേഷൻ ഏർപ്പെടുത്തിട്ടില്ലല്ലോ....? അവർക്കുള്ളത് അവരു തന്നെ കണ്ടെത്തണം...? ഓടിച്ചുവിടേണ്ട. മണ്ണിരതീറ്റമതിയാക്കി തോടിനുകുറുകെ മറിഞ്ഞുകിടക്കുന്ന കവുങ്ങിലൂടെ നടന്ന് ആ സംന്തുഷ്ടകുടുംബം അക്കരെ പച്ചപ്പില് മറഞ്ഞു. ഞാന്‍ മുറ്റത്തേയ്ക്കു തന്നെനോക്കിയിരുന്നു മത്തൻ പൂ അരിഞ്ഞു തള്ളിക്കൊണ്ടിരുന്നു

 

മുറ്റത്തെ മരോട്ടിച്ചുവട്ടില്‍ എന്തോ വീഴുന്നു. മരത്തിന്റെ തൊലി കാറി തിന്നുകൊണ്ടു തലകുത്തനെ താഴോട്ടിറങ്ങിവരുന്ന അണ്ണാന്റെ വയറ്റിലേക്കു പോകാതെ താഴോട്ടുവീഴുന്ന മരത്തൊലിയാണ്. തലകുത്തനെ മുകളിൽനിന്നു താഴോട്ട് ഇറങ്ങാൻകഴിയുന്ന ഏക സസ്തനിയാണ് അണ്ണാന്. അതിന്റെ ഒരു അഹങ്കാരവു ഇല്ലന്നുമാത്രമല്ല അല്പം ഭയത്തോടുകൂടെയാണ് അവന്റെ വരവ്. താഴെവരെയെത്തി തിരിച്ചു മുകളിലേക്കുകയറുന്നതിനിടക്ക് സ്വസ്തമായി മരത്തിലിരുന്ന ചീവീടിന്റെ മൂട്ടിലൊരു മുട്ടുകൊടുത്തു. പേടിച്ച ചീവീട് പറന്നുമാറി. പെട്ടന്ന് ഒരു സാധനം എവിടുന്നോ പറന്നുവന്ന് വായുവിൽ ഒന്നുവട്ടംചുറ്റി ചീവീടിനെ വായിലാക്കി മരോട്ടികൊമ്പിൽ ചെന്നിരുന്നു ഒന്നുരണ്ടു തവണ തലകുടഞ്ഞ് വയറ്റിലേക്കു പറഞ്ഞുവിട്ടു. വേറാരുമല്ല ഒരു കറുത്ത കാക്കതമ്പുരാട്ടി. പാവം ചീവീട് തന്റെ അവസാന ശബ്ദവും വായുവിലേക്കു വർഷിച്ച് പക്ഷിയുടെ വയറ്റിൽ നിത്യസമാധിയായി. 

 

പാവം വിചാരിക്കേണ്ട. ഇത് പ്രകൃതിനിയമമാണ്. ഭക്ഷ്യശൃഖലയിലെ കണ്ണികളിൽ ഒന്നു മറ്റൊന്നിനു ആഹാരമാകുന്നു. ഞാനും നിങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്.

 

അരിഞ്ഞുതീർന്ന മത്തൻപൂ അമ്മയെ വിളിച്ചു കൊടുത്തു. പുസ്തകംവായന തുടർന്നു…

 

ആടിനെ കട്ടുകറക്കാതിരിക്കാനുള്ള പാത്തുമ്മയുടെ വിദ്യ ഫലിച്ചില്ല. സ്ത്രീജനങ്ങൾ പുതിയ അടവുകള്‍ പുറത്തെടുത്തു. അവസാനം പാത്തുമ്മ തോല്‍വി സമ്മതിച്ച് അരക്കുപ്പിപാല് കൊടുത്തുതുടങ്ങി. എല്ലാവർക്കും സന്തോഷം....

‘ഈ ബുദ്ധിയൊക്കെ പെണ്ണുങ്ങളില്‍ ആർക്കാണ് ആദ്യം തോന്നിയത്’ എന്ന ചോദ്യത്തോടെ നോവലവസാനിച്ചു.

പുസ്തകം മടക്കി അരഭിത്തിയിൽ വച്ച് മുറ്റത്തേക്കു നോക്കിയിരുന്നു. സമയം ഒരുമണി ആയിട്ടുണ്ടാവും. വിശപ്പിന്റെ വിളികേട്ടുതുടങ്ങി...

 

ഡാ.. നീ ഇപ്പോകഴിക്കുന്നുണ്ടോ.... അമ്മയുടെ ചോദ്യം... ങാ..എടുത്തോ.. എന്നു പറഞ്ഞു ഞാൻ എഴുന്നേറ്റു. ഇരുപതുസെക്കന്റിലേറെ സമയമെടുത്ത് കൈകൾ നന്നായി സോപ്പിട്ടു കഴുകി കഴിക്കാന് ചെന്നു. ആഹാ.!!!! നല്ല ആവിപറക്കുന്ന ചോറും, ഉള്ളിത്തീയലും, മത്തൻപൂതോരനും....

എന്നാപ്പിന്നെ ഞാൻ കഴിക്കട്ടെ...

ശുഭം

 

English Summary : Malayalam Short Story written by Ranjeev Bhasi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com