ADVERTISEMENT

അരികെ (കഥ)                                                                                                     

 

ഇടവഴികളിൽ ‍എന്നും ഓർമകൾ വേരൂന്നിയിരിക്കും, അല്ലെങ്കിൽ ഞാനിങ്ങനെ നടന്നു നീങ്ങുമ്പോൾ നീ എന്റെ അടുത്തേക്ക് ഓടി‍‍വരില്ലല്ലോ?

ഓർമ്മകൾ ഇരുട്ടുപോലെയാണ്; അത് മനസിന്റെ ഉള്ളിൽ ഒരിറ്റു വെളിച്ചം  പോലും ബാക്കി വെയ്ക്കാതെ,,, വെറും ഇരുളുമാത്രം....... ഞാൻ ഓർക്കുന്നു, ആരായിരുന്നു നീ എനിക്ക്... എന്റെ എല്ലാമായിരുന്നു, എല്ലാം...കൺപീലികളിലെ നനവ് ഇപ്പോഴും തോർന്നിട്ടില്ല; എന്റെ തലച്ചോറിനെ കാർന്നു തിന്നുന്ന നിന്റെ ചോദ്യങ്ങൾ, അത് ‍‍‍‍‍എപ്പോഴും ഇടവിടാതെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. എനിക്കറിയില്ല ‘‘നീ ആരാണ്?‘‘ എന്നുള്ള നിന്റെ ചോദൃത്തിന് ഞാനെങ്ങനെ മറുപടി നൽകണം? ഇത് നിന്റെ വെറും അഭിനയം മാത്രമാവണമെന്ന് പലപ്പോഴും ഞാനാഗ്രഹിച്ചു പോവുന്നു. ഈ വൈകിയ വേളയിലും ഇപ്പോഴും ഞാൻ ആ ഇടവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു...

 

‘‘ഞാനും നീയും തമ്മിലുള്ള സ്നേഹബന്ധത്തെ ഏത് അളവുകോൽ കൊണ്ടാണ് അളക്കാൻ സാധിക്കുക?’’ ഞാനും നീയും ഒരുമിച്ചുള്ള ഈ ജീവിത യാത്രയിൽ സന്തോഷവും ദുഃഖങ്ങളും എല്ലാം നമ്മുടേതുമാത്രമാണ്... നീ ഇനിയും എന്റെ ജീവിതത്തിൽ നിറങ്ങൾ വാരി വിതറും; ഇനി മുതൽ നിന്റെ ജീവൻ എന്നിലും എന്റെ ജീവൻ നിന്നിലും ആയിരിക്കും... നീ അടുത്തു വരുമ്പോൾ മാത്രം മിടിക്കുന്ന ഒരു ഹൃദയമുണ്ടെനിക്ക്. ‘‘നിന്റെ കൈകൾ എന്നും എനിക്ക് സ്നേഹത്തിന്റെ കരുതലാണ്’’, ഞാനറിയാതെ എന്റെ കൈകൾ നീ കോർത്തു പിടിക്കുമ്പോൾ നിന്റെ കണ്ണുകളിലായിരുന്നു എന്റെ ലോകം......... 

 

നീ പറഞ്ഞതെല്ലാം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്; നീ പറഞ്ഞു നിർത്തിയതും, പറയാൻ ബാക്കി വെച്ചതും... എല്ലാം... എല്ലാം ഞാനല്ലേ?.  മറ്റുള്ളവർക്ക് നീ ആളാകെ മാറി പോയെന്നാണ് പറയുന്നത്, പക്ഷേ അങ്ങനെയല്ല... എല്ലാം പഴയതു പോലെ... എല്ലാം നമ്മുടേതു മാത്രം തന്നെയാണ് ഇപ്പോഴും... ഈ അവസ്ഥയിൽ എന്നെ ഇവിടെ നിന്നു മാറ്റാനുള്ള തത്രപ്പാടിലാണ് എന്റെ ബന്ധുക്കൾ! അങ്ങനെ പോകാൻ പറ്റുമോ, അതോടെ അയാളുടെ അഭിനയം നിൽക്കില്ലേ, അത് അയാൾക്ക് വിഷമം ഉണ്ടാക്കില്ലേ... അതും കൂടാതെ എന്റെ ജീവൻ നിന്റെ കയ്യിൽ തന്നെയാണല്ലോ ഇപ്പോഴും. ഞാൻ ഒരിക്കലും ഇവിടെ നിന്ന് മാറി നിന്നിട്ടില്ല, ഇനി മാറിനിൽക്കുന്നുമില്ല; ഇയാൾ എന്റെ പേര് മറന്നെന്നല്ലേ ഉള്ളൂ, എങ്കലും ഞാനിവിടെ നിന്ന് പോയാൽ അയാൾക്ക് വേദനിക്കില്ലേ...

 

ഇന്നത്തേക്ക് ആറോ ഏഴോ വർഷങ്ങൾ പിന്നിട്ടെങ്കിലും എന്നെ അറിയാത്ത ആ കണ്ണുകൾ തന്നെയാണ് ഇന്നും എന്റെ ലോകം; നീ കോർത്തു പിടിച്ച കൈകൾ ഇന്ന് മരവിച്ച നിലയിലാണെന്നു മാത്രം... 

 

വീണ്ടും ഹോസ്പിറ്റൽ വരാന്തയിലൂടെ ഞാൻ അയാളുടെ കൈ പിടിച്ചുകൊണ്ട് നടന്നു; അയാൾ ഒന്നും മിണ്ടുന്നില്ല, ഒരു കാലത്ത് എന്നോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന അയാളുടെ മൗനം എന്റെ ഹൃദയത്തെ വലിഞ്ഞു മുറുക്കി... ഓരോ തവണ ഈ വരാന്തയിലൂടെ നടക്കുമ്പോഴും, എല്ലാം പഴയതു പോലെ വീണ്ടു കിട്ടുമെന്നുള്ള പ്രതീക്ഷ ഉള്ളിൽ കടന്നു വരുമായിരുന്നു... അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചെത്തി; സമയം മുന്നോട്ടോ പിന്നോട്ടോ ചലിക്കാത്ത അവസ്ഥ, ഇനിയും എത്രനാൾ ഞാൻ കാത്തിരിക്കണം? വീണ്ടും ഞാൻ അയാളുടെ കയ്യും പിടിച്ച് ആ ഇടവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോയി,,, അവിടെ അപ്പോഴും ഇലകൾ കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു...

ഞാൻ അയാളുടെ കൈവിട്ടു, 

അയാൾ എന്റെ മുത്തേക്കു നോക്കി...

‘‘ശരിക്കും നീ എന്റെ ആരാണ്?’’

ഉത്തരം പറയാൻ പറ്റാതെ ആ പഴയ ഓർമ്മകളും, പറഞ്ഞു തീരാത്ത... പറയാൻ ബാക്കി വെച്ച പ്രണയവും, സിന്ദൂരത്തിന്റെ ചുവപ്പും, അയാളും... എല്ലാം എന്നിലേക്ക് ഒരിക്കൽകൂടി......... ഒരു നിമിഷം...!

 

English Summary : ‘Arike’ Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com