‘അച്ഛനെ ആ സ്ത്രീയുടെ തടവിൽ നിന്നും മോചിപ്പിക്കണേ’ ഒരു ഏഴാം ക്ലാസുകാരന്റെ പ്രാർഥന

rain-boy
പ്രതീകാത്മക ചിത്രം. Photo Credit : witskyii / Shutterstock.com
SHARE

ഓർമ്മയിൽ മഴക്കാലം (ചെറുകഥ)   

നിര കളിക്കാൻ വേണ്ടി വ്യത്യസ്തങ്ങളായ രണ്ടിനം കല്ലുകൾ നോക്കിയാണ് ഗോപി സ്കൂൾ മുറ്റത്തെ മരുതിച്ചുവട്ടിൽ വന്നിരുന്നത്. മരച്ചുവട്ടിലെ നിഴൽവീണ നിലത്ത്  അങ്ങിങ്ങായി കാക്കകാഷ്ഠങ്ങൾ വീണു കിടക്കുന്നതു കണ്ടു. സൂര്യപ്രകാശം അരിച്ചിറങ്ങുന്ന മരച്ചില്ലകളിലേക്ക് അല്പനേരം നോക്കികൊണ്ടിരുന്നു. 

മരക്കൊമ്പുകളിലും മറ്റുമായി കാക്കകൾ കൃത്യമായി അകലം പാലിച്ചിരിക്കുന്നു. വേണ്ട, ഇവിടിരിക്കേണ്ട, കഴിഞ്ഞ ഓണത്തിന് അമ്മ വാങ്ങിത്തന്ന പുതിയ ഉടുപ്പിൽ ചിലപ്പോൾ.... വേണ്ട മാറിയിരുന്നേക്കാം.... വിശേഷ ദിവസങ്ങളിൽ എവിടെയെങ്കിലും പോകാൻ നിറമുള്ള ഒരു നല്ലുടുപ്പു മാത്രമേ ഉണ്ടായിരുന്നുള്ളു. നിറം മങ്ങിയ ഉടുപ്പുകളായിരുന്നു ബാക്കിയുള്ളവയെല്ലാം. പുതിയ ഉടുപ്പു വൃത്തികേടായാൽ അമ്മ എന്നെ കൊല്ലും. ഗോപി ഓർത്തു.

ആ മരത്തിൽ മാത്രം എന്താ ഇത്രയധികം കാക്കകൾ കാണുന്നത്. ഗോപി മറ്റൊരു മരച്ചുവട്ടിൽ പോയി ചിന്തിച്ചുകൊണ്ടിരുന്നു. എല്ലാ മരങ്ങൾക്കും ഒരോ പ്രത്യേകതകൾ കാണുമായിരിക്കും. അതോ ഈ കാക്കകൾക്കൊക്കെ പ്രത്യേക താല്പര്യം കാണുമോ ചില മരങ്ങളോട്.... അല്ലെങ്കിൽ ചില മരക്കൊമ്പുകളോട്...ഏയ് അങ്ങനെ കാണുമോ.... ചിലപ്പോൾ കാണുമായിരിക്കും. അല്ലേൽ ഇങ്ങനൊണ്ടോ ഒരിരുപ്പ്. ഗോപി അങ്ങനെ പലതും ഓർത്തും ചിന്തിച്ചും തപസ്സിരിക്കുന്ന ഒരു യോഗിയെ പോലെ മരച്ചുവട്ടിലിരുന്നു. രമേശനെ കാണുന്നില്ലല്ലോ, എന്താ ഇത്ര വൈകുന്നത്. ചിലപ്പോൾ ഞാൻ വരുന്നതിനെക്കാൾ എത്രയോ നേരം മുമ്പേ വരുന്നതാ... അവനായിരുന്നു എല്ലാ ദിവസവും നിരകളിക്കാൻ വരയ്ക്കുന്നതും കല്ലുകൾ പെറുക്കി വയ്ക്കുന്നതുമെല്ലാം. വരുന്ന വഴിക്ക് എന്തെങ്കിലും കണ്ടു കാണും, നിറയെ മരങ്ങളും പൂക്കളുമുള്ള, കുത്തിറക്കത്തിലിരിക്കുന്ന വീട്ടിൽ എന്തിനെയെങ്കിലും കണ്ടു കാണും. അതും നോക്കി കുറേനേരം നിന്നിട്ടുണ്ടാവണം, അല്ലേൽ ഇത്ര താമസിക്കില്ല.

അങ്ങനെ കുറേനേരം പലതും ചിന്തിച്ചിരുന്നു. അല്പനേരം കഴിഞ്ഞ് മരച്ചുവട്ടിൽ നിന്നെഴുന്നേറ്റ് സ്കൂൾ മുറ്റത്തും പറമ്പിലുമായി നടക്കാൻ തുടങ്ങി. തെളിഞ്ഞ ആകാശം, പ്രഭാതത്തിലെ സൂര്യരശ്മികൾ സ്‌കൂൾ മുറ്റത്തു പരന്നിരുന്നു. മതിലിലും മുറ്റത്തും നിരന്നു കിടക്കുന്ന വാകപ്പൂക്കൾ. ചെറിയ കാറ്റത്തു കറങ്ങി കറങ്ങി കൊഴിഞ്ഞു വീഴുന്ന വാകപ്പൂക്കൾ. തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിൽ താഴെക്ക് വീഴുന്ന ചുവപ്പു പൂക്കളെ കൗതുകത്തോടെ നോക്കികൊണ്ട് അല്പനേരം അവിടെത്തന്നെ നിന്നു.  ഞെട്ടറ്റുപോയ ആ പൂക്കൾ ശരിക്കും സ്വതന്ത്രമാകുകയാണോ...? അതോ പൂക്കളുടെ കൂട്ടത്തിൽ നിന്നേ ഒറ്റപ്പെട്ടു മറയുകയാണോ...? കൊഴിഞ്ഞുവീണ വാകപ്പൂക്കളെ നോക്കി ഗോപി ചിന്തിച്ചുകൊണ്ടിരുന്നു.

കുട്ടികൾ ആരും വന്നു തുടങ്ങിയിട്ടില്ല. സ്കൂൾ തുറക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ചെല്ലപ്പൻചേട്ടനും വന്നിട്ടില്ല. നൂറു വർഷത്തോളം പഴക്കമുള്ള സ്കൂൾ കെട്ടിടം, കഴിക്കോലുകൾ പലതും ദ്രവിച്ചു തുടങ്ങി. ക്ലാസ്സുമുറികൾ പലതും കാലപ്പഴക്കത്താൽ ഏതു സമയവും പൊളിഞ്ഞു പോകാറായതു പോലെ. കുമ്മായം പൊളിഞ്ഞു പോയ ഭിത്തിയുടെ ഭാഗങ്ങളിൽ ചെങ്കലുകൾ തെളിഞ്ഞു കാണാമായിരുന്നു. ഏഴാം ക്ലാസ്സിലെ ജനാലവഴി നോക്കിയാൽ കാണുന്ന വലിയ മാവിൽ മാമ്പൂ വന്നു തുടങ്ങി. മാമ്പഴക്കാലമായാൽ പക്ഷികളുടെ ബഹളം തന്നെയായിരിക്കും. കിളികളും കുരുവികളും മത്സരത്തോട് മാമ്പഴം കൊത്തിത്തിന്നും. ക്ലാസ്സിലിരുന്ന് ജനാലവഴി എനിക്കതു നോക്കികൊണ്ടിരിക്കാം. പിന്നേം കുറേക്കൂടി മുന്നോട്ട് നടന്നു.

പുളിമരത്തിന്റെ അരികിൽ, ഇറക്കത്തിലുള്ള വഴിയിലൂടെ രമേശനും, ആന്റണിയും അതിനു പുറകിലായി നന്ദുവും, ഗായത്രിയും എല്ലാം നടന്നു വരുന്നു. രമേശനിന്ന് വളരെ സന്തോഷത്തിലാണെന്ന് തോന്നുന്നു. ഗോപി വിചാരിച്ചു.

‘ഇന്നെന്താടാ ഇത്ര താമസിച്ചത്...?’ നടന്നടുത്തു വന്നപ്പോൾ ഗോപി ചോദിച്ചു. 

‘ഇനിയിപ്പം നിര കളിക്കാൻ പറ്റുമോന്നു തോന്നുന്നില്ല. കുറച്ചു നേരം കഴിഞ്ഞാൽ മണിയടിക്കും.’

‘എടാ ഗോപി, ഞാൻ വരുന്ന വഴിക്കുള്ള മരത്തിന്റെ തുഞ്ചത്തൊരു തൂക്കനാം കുരുവിക്കൂട്!  രമേശൻ അതു പറയുമ്പോൾ അത്ഭുതഭാവം കണ്ണുകളിൽ നിറഞ്ഞു നിന്നു. 

‘എവിടെ വെച്ചാ കണ്ടത്.’’  ‘‘എടാ ഇങ്ങോട്ട് വരുമ്പോൾ ഒരു കൊടും വളവുണ്ടല്ലോ.’’ ‘‘അ ... അവിടെ...?’’ ഗോപി വളരെ ആകാംഷയോടെ ചോദിച്ചു.

‘‘പൂന്തോട്ടങ്ങളുടെ നടുവിലിരിക്കുന്ന വലിയ വീടുണ്ടല്ലോ...... അ ... ആ പറമ്പിൽ പൊക്കപ്പുറത്തിരിക്കുന്ന മാവിന്റെ ചെറിയ കൊമ്പിൽ ഒരു കിളിക്കൂട്’’. രമേശൻ അതിനെപ്പറ്റി കൂടുതൽ വിശദീകരിച്ചു. രമേശൻ വിവരിച്ചു പറയുന്നതു കേൾക്കാൻ നല്ല രസമാ... കേട്ടിരുന്നു പോകും. ചിലപ്പോൾ ഇല്ലാത്തതൊക്കെ തട്ടിവിടും.

‘‘രമേശാ ഇന്നു ഞാനും വരും നിന്റെ കൂടെ. കുഞ്ഞിക്കുരുവിയെ കാണാമല്ലോ.... പറ്റുമെങ്കിൽ കുരുവി കൂടെടുക്കുകയും ചെയ്യാം.’’ 

കിളികളോടും കുരുവികളോടും ഏറെ ഇഷ്ടമുള്ള ഗോപി, മരത്തിന്റെ തുഞ്ചത്തുള്ള കിളിക്കൂടൊക്കെ എടുക്കുമായിരുന്നു. ഒരിക്കൽ കവലയിലെ രാഘവൻചേട്ടൻ തെങ്ങിൻ പൊത്തിൽ നിന്നും ഒരു തത്തക്കുഞ്ഞിനെ എടുത്തു ഗോപിക്കു കൊടുത്തു. ആദ്യമായിട്ടാണ് തത്തക്കുഞ്ഞിനെ കൈയിൽ കിട്ടുന്നത്. ഏറെ ആഗ്രഹിച്ചു കിട്ടിയ തത്തമ്മ. വീട്ടിൽ കൊണ്ടുപോയി ചെറിയ കൂടൊക്കെയുണ്ടാക്കി അതിനെ വളർത്തി. പാലും പഴങ്ങളും ഒക്കെ കൊടുത്തു. തത്തക്കുഞ്ഞു വളർന്നു. വെറ്റില മുറുക്കിയ പോലുള്ള ചുണ്ടുകൾ കൂടുതൽ ചുവന്നു വന്നു. മുഴുത്ത ഒരു പച്ചപ്പനം തത്തയായി മാറി. ഇണങ്ങിക്കാണും എന്നു വിചാരിച്ച് ഒരിക്കൽ കൂടു തുറന്നു. പറക്കമുറ്റിയതുകൊണ്ടാവാം അത് പറന്നു പോയി. അതിനെപ്പറ്റി കുറെ ദിവസം വിഷമിച്ചിരുന്നു. പിന്നെ അതു മറന്നു പോയി. പിന്നെ ഞാനാലോചിച്ചു, അവയ്ക്കും ആഗ്രഹങ്ങളില്ലേ... പ്രപഞ്ചത്തിന്റെ അനന്തവിഹായുസ്സിൽ പറന്നു നടക്കാൻ, കാടുകളും മരങ്ങളും അരുവികളും മലനിരകളും കടന്ന് യാത്ര ചെയ്യാൻ.

ഒൻപതേമുക്കാലായാൽ സ്കൂളിൽ മണിയടിക്കും. പിന്നെ അസംബ്‌ളി, അതു ചില ദിവസങ്ങളിലെ കാണുകയുള്ളു. ഈശ്വര പ്രാർത്ഥന കഴിഞ്ഞാൽ പിന്നെ ക്ലാസ്സുകളിലേക്ക്. ആദ്യ പീരീഡ് കണക്കു തന്നെയായിരിക്കും മിക്കവാറും. ഏഴാം ക്ലാസ്സിലെ കണക്ക് കഠിനം തന്നെ. കണക്കിന്റെ ഗൃഹപാഠം പതിവുപോലെ ഇന്നും ചെയ്തിട്ടില്ല. 

‘‘രമേശാ നീ ചെയ്തെങ്കിൽ ആ ബുക്കിങ്ങ് കാണിച്ചേടാ....’’ 

നന്ദുവും ഗായത്രിയും ഒക്കെ ചെയ്തോന്നു നോക്കും. ചിലപ്പോൾ ആരും ഗൃഹപാഠം ചെയ്തിട്ടുണ്ടാവുകയില്ല. ഭാസ്കരൻ മാഷിന്റെ കൈയിൽ നിന്ന് അടി കിട്ടും ഉറപ്പ്. എങ്കിലും വല്ലോവിധേനയും ആരുടെയെങ്കിലും ബുക്കു നോക്കി എഴുതും.

ഗോപിക്ക് വീടിനേക്കാൾ ഇഷ്ടം സ്കൂളിൽത്തന്നെ വരാനായിരുന്നു. അമ്മ മാത്രമേ എന്നോട് സ്നേഹം കാണിച്ചിട്ടുള്ളു. വല്ലപ്പോഴുമൊക്കെ വീട്ടിലേക്ക് കടന്നു വരുന്ന

അച്ഛനെ പറ്റി ഓർക്കുമ്പോൾ അവ്യക്തമായൊരു ഒരു ഭയം എന്റെ മനസ്സിലൂടെ കടന്നു പോകും. കർക്കടകമാസത്തെ മഴക്കാലം. കാർമേഘങ്ങൾ ആകാശമാകെ പരന്നു. ഘോരവനം പോലെ നിബിഢമായ ആകാശം. ഏതു നിമിഷവും പേമാരിയായി പെയ്തിറങ്ങാവുന്ന മേഘക്കൂമ്പാരങ്ങൾ. വലിയ കാറ്റ്, ഇടിമുഴക്കം. വലിയ മഴത്തുള്ളികളായി കോരിച്ചൊരിഞ്ഞെത്തുന്ന മഴ.

പുഴയരികിലെ വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ടിരിക്കുന്ന ചെറിയ വീട്ടിൽ മഴക്കാലമായാൽ പല ഭാഗവും ചോർന്നൊലിക്കാൻ തുടങ്ങും. സ്കൂളിലെ പുതിയ പുസ്തകങ്ങൾ നനയാതിരിക്കാൻ ഞാൻ നന്നേ പാടുപെടും. പാത്രങ്ങളെല്ലാം വീടിന്റെ പല ഭാഗത്തായി നിരത്തിവയ്ക്കും. വാതിൽപ്പടികളിൽ നിന്ന് വലിയ ശബ്ദത്തോടുകൂടി  തിമിർത്തു പെയ്യുന്ന മഴ നോക്കികാണും. മഴയുടെ നീളൻ സൂചികൾ മണ്ണിൽ വന്നു ചിതറുന്നു. മണ്ണിൽ വീണ മഴവെള്ളം മണൽ തരികളുമായി ചെറിയ ചാലുപോലെ ഒഴുകുന്നു. ഒഴുകി ... ഒഴുകിയൊഴുകി പുഴയിലേക്കും പുഴയിൽ നിന്നും സമുദ്രത്തിലേക്കും ചേരുന്നു. ഒന്നും ഒരിടത്തും സ്ഥായിയായി നിൽക്കുന്നില്ല. അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മഴ കണ്ടുനിൽക്കാൻ എന്തൊരു രസമാണ്. കോരിച്ചൊരിഞ്ഞ മഴയിൽ മരങ്ങളുടെ ഇലകളിൽ നിന്നും ഉതിർന്നു വീഴുന്ന മഴത്തുള്ളികൾ. മണ്ണിൽ കുത്തിയൊലിച്ചൊഴുകുന്ന മഴവെള്ളം. മരചില്ലകളിൽ അഭയം തേടുന്ന പക്ഷികൾ. പുഴയിലൂടെ കലങ്ങി കുതിച്ചൊഴുകുന്ന മഴവെള്ളം. കുത്തൊഴുക്കിൽ മണ്ണിനും പുഴയിലെ വെള്ളത്തിനും ഒരേ നിറമായിരിക്കും.

‘‘തൂവാനം കൊള്ളാതെ വീടിന്റെ അകത്തേയ്ക്ക് കേറിവാ കുട്ടി.’’ അമ്മ അടുക്കളയിൽ നിന്നും ഉച്ചത്തിൽ പറയും. ഞാൻ അല്പനേരം കൂടി കണ്ടു നിൽക്കും. മഴ എന്നും എനിക്കൊത്തിരി ഇഷ്ടമാണ്, പക്ഷെ.... പക്ഷെ വീടിന്റെ ഇപ്പോഴത്തെ സ്ഥിതി ഓർക്കുമ്പോൾ.... ഓർക്കുമ്പോൾ സങ്കടമാവും. ഈ കാർമേഘങ്ങൾ വരാതിരുന്നെങ്കിൽ, മഴ ഒന്നു പെയ്യാതിരുന്നെങ്കിൽ, വെയിൽ തെളിഞ്ഞിരുന്നെങ്കിൽ, എല്ലായിടത്തും പച്ചപ്പു വന്നിരുന്നെങ്കിൽ അങ്ങനൊക്കെ ചിന്തിക്കും.

‘‘അച്ഛന് ഈ വീടൊന്ന് ശരിയാക്കി കൂടെ ....’’ ഞാൻ അമ്മയോട് ചോദിക്കും. ‘‘അതെങ്ങനെ, കരതെണ്ടല് കഴിഞ്ഞ് വീട്ടിൽ വന്നാലല്ലേ...’’ അമ്മ ദേഷ്യത്തോടെ പറയും. മിക്കപ്പോഴും ആഴ്ചകളും ചിലപ്പോൾ മാസങ്ങളും കഴിഞ്ഞായിരിക്കും വരവ്. അച്ഛനെപ്പറ്റി എന്തു ചോദിച്ചാലും അമ്മ വല്ലാതെ ദേഷ്യപ്പെടും. അല്ലേൽതന്നെ എങ്ങനെ ദേഷ്യപ്പെടാതിരിക്കും, അച്ഛന് വീട്ടുകാര്യത്തിലും ഞങ്ങളെ പറ്റിയൊന്നും ഒരു ശ്രദ്ധയുമില്ല. ‘‘അവളുടെ കൂടെയല്ലേ പൊറുതി, അവളൊരുത്തി വശീകരിച്ചു വെച്ചേക്കുകയാ അതിയാനെ...’’ ഇടയ്ക്കൊക്കെ അമ്മ പറയുന്നതു കേൾക്കാം. സന്ധ്യാനേരങ്ങളിൽ അമ്മ അതോർത്ത് പലപ്പോഴും കരയുന്നതു കാണാം. അച്ഛനെ ഏതോ ഒരു സ്ത്രീ മയക്കി വെച്ചിരിക്കുകയാണ് അതുകൊണ്ടാണ് വീട്ടിൽ വരാത്തത്. എന്തിനായിരിക്കും ആ സ്ത്രീ അച്ഛനെ മയക്കിവച്ചേക്കുന്നത്. അച്ഛനും ആ സ്ത്രീയുമായി എന്താണ് ബന്ധം. എന്റെ മനസ്സിലൂടെ പല ചോദ്യങ്ങളും വന്നു.

അടുക്കളയിലും പറമ്പിലുമായി അമ്മ എപ്പോഴും തിരക്കു തന്നെ. ആടിനും പശുവിനും തീറ്റ വെട്ടണം, പശുവിനെ കറക്കണം, പിന്നെ കോഴികൾ, ഇവയെല്ലാം നോക്കി രാത്രിയാകുമ്പോൾ അമ്മ ക്ഷീണിതയാവും, അമ്മയ്ക്ക് എപ്പോഴു ജോലി തന്നെ, അടുത്തെങ്ങും ഒരു വീടു പോലുമില്ല. അതുകൊണ്ടുതന്നെ കളിക്കാൻ ഒരു കൂട്ടുകാരും ഇല്ല. അച്ഛനെ ആ സ്ത്രീയുടെ തടവിൽ നിന്നും മോചിപ്പിക്കണേ. ഞാൻ അച്ഛനു വേണ്ടി എപ്പോഴും പ്രാർത്ഥിക്കും. ചിലപ്പോൾ ഞാനോർക്കും, ലോകത്തെത്രയോ ആളുകൾ ഒരോ ആവശ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു, അതിനിടയിൽ ഒരേഴാം ക്ലാസ്സുകാരന്റെ പ്രാർത്ഥന കേൾക്കാൻ ദൈവത്തിന് സമയമുണ്ടോ...? പ്രായമായവരുടെ പ്രാർത്ഥയല്ലേ ദൈവം ആദ്യം കേൾക്കുന്നത്...  അതോ എല്ലാവരുടെയും പ്രാർത്ഥന ഒരേ സമയം ദൈവം കേൾക്കുമോ....? അങ്ങനെ പല സംശയങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി. പലപ്പോഴും ഈ സംശയങ്ങൾ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു.

ആ സ്ത്രീ വശീകരിച്ചുവെച്ചതുകൊണ്ടാണ് അച്ഛനിവിടെ വരുമ്പോൾ ഇത്ര ദേഷ്യം.

അച്ഛനിവിടെ ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിൽ എന്തു രസമായിരിക്കും. ഇടയ്ക്കൊക്കെ മുത്തശ്ശി വീട്ടീൽ വരുന്നതൊഴിച്ചാൽ, എന്നോടൊപ്പം കളിക്കാൻ ആരുമില്ല. ആകെയുള്ളൊരുകൂട്ട് ആട്ടിൻ കുട്ടികളും പറന്നു നടക്കുന്ന കിളികളും കുരുവികളുമൊക്കെയായിരുന്നു. മുത്തശ്ശി വന്നാൽ പിന്നെ പഴങ്കഥകളും കെട്ടുകഥകളുമൊക്കെ പറഞ്ഞു സമയം പോകുന്നതറിയത്തേ ഇല്ല. 

ഒരു ദിവസം കന്നാലിക്കൂടിനടുത്ത് ആടിനു തീറ്റ കൊടുക്കുമ്പോഴായിരുന്നു അച്ഛന്റെ വരവ്. മാസങ്ങൾക്കു ശേഷമാണ് ആ വരവ്. വരുമ്പോൾ ചിലപ്പോൾ അച്ഛന്റെ കൈയിൽ ഒരു പൊതികാണും. 

‘‘എടാ ഗോപിയെ’’ ...ഉച്ചത്തിൽ നീട്ടി വിളിക്കും.... 

‘‘നീ സ്കൂളിലൊക്കെ പോകുന്നുണ്ടോടാ...?’’ 

എന്നിട്ട് കൈയിലുള്ള പൊതി എടുത്തു തരും. അതിൽ കവലയിലെ ചായപ്പീടികയിൽ നിന്നുള്ള പഴംപൊരിയായിരിക്കും. എന്നു വീട്ടിൽ വന്നാലും പ്രാർത്ഥിക്കും. അച്ഛനിനി ഒരിടത്തും പോകല്ലേ... ഇവിടെ തന്നെ നിൽക്കണേ എന്നൊക്കെ ...പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, അച്ഛനെന്തിനാണ് ഇങ്ങനെ വരുന്നത്, വന്നാലും ഒന്നോ രണ്ടോ ദിവസം കാണും. വീണ്ടും ഒരു പോക്കാണ്, പിന്നെ മാസങ്ങൾ കഴിയണം വീണ്ടും വരാൻ.

എല്ലാ ദിവസവും വീട്ടിൽ തന്നെ നിക്കാൻ പല മാർഗ്ഗങ്ങളും ഞാൻ ആലോചിക്കും. ആലോചിക്കുക മാത്രമേ കാണുകയുള്ളൂ. പലപ്പോഴും ഒന്നും ഫലം കാണുകയില്ല. ഗോപി തന്റെ ക്ലാന്ത ചിന്തകളുമായി വിജനമായ ഇടവഴിലൂടെ സ്കൂളിലേക്ക് നടന്നു. രണ്ടു മൈൽ ദൂരം താണ്ടി വേണം സ്കൂളിൽ എത്താൻ. ഇടവഴിയിലൂടെ ഏകദേശം ഒരു മൈൽ തന്നെ നടക്കാൻ കാണും, അതു കഴിഞ്ഞ് റോഡിലെത്തും. കാറ്റാടി മരത്തിന്റെയും

ആഞ്ഞിലിമരത്തിന്റെയും മുത്തശ്ശിമരങ്ങളുടെയും അരികിലൂടെയുള്ള നടത്തം. ചെറിയ കാടിന്റെ രൂപഭംഗിയോടും കൂടെയുള്ള ഇടവഴി. പ്രകൃതിയിൽ നിന്നു വരുന്ന സുഖമുള്ള ശബ്ദ്ദങ്ങൾ ഒഴിച്ചാൽ എങ്ങും നിശ്ശബ്ദത. പക്ഷികളുടെയും കുരുവികളുടെയും ആരവം മാത്രം. എങ്ങുനിന്നോ പാറി വന്ന ഒരു കാക്കത്തമ്പുരാട്ടി മാവിൻ കൊമ്പിലിരുന്ന് കിണുങ്ങി. അതിനെയും നോക്കിക്കൊണ്ട് ഗോപി അല്പനേരം മാവിൻ ചോട്ടിൽ നിന്നു. മാവിന്റെ കൊമ്പിലൂടെ പോകുന്ന ആണ്ണാര കണ്ണൻമ്മാർ, പറന്നു വന്ന പച്ചപ്പനംതത്തകൾ, തെങ്ങിന്റെ ഓലയിൽ മേൽ ഇരുന്നു പുഴുക്കളെ കൊത്തിതിന്നുന്ന ഓലേഞ്ഞാലിക്കിളി, പ്രത്യേകതരം ശബ്ദ്ദം പുറപ്പെടുവിക്കുന്ന വാലാട്ടിക്കിളി അങ്ങനെന്തൊക്കെ....  ഒരോ ദിവസവും സ്കൂളിലേയ്ക്കുള്ള യാത്രയിൽ ഗോപി പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരുന്നു. അങ്ങനെ കാലം പലതു കഴിഞ്ഞു. ഗോപി എല്ലാ ദിവസവും ഈ വഴികളിലൂടെ സ്കൂളിലേക്ക് നടന്നു. ഋതുക്കൾ മാറി മാറി വന്നു.

ഓലേഞ്ഞാലി കിളിയുടെ കൂടും നോക്കിക്കൊണ്ട് പുഴയരികിലൂടെ നടക്കുമ്പോഴായിരുന്നു കടത്തു കടന്ന് അച്ഛന്റെ വരവ്. ആറ്റിരമ്പിൽ നിന്നവരോട് ഒന്നും മിണ്ടാൻ നിൽക്കാതെ തോളത്തൊരു തുണി സഞ്ചിയുമായി മുളംക്കൂട്ടത്തിന്റെ ഇടയിലുള്ള ഊടുവഴിയിലൂടെ നടന്നുപോകുന്നു. ചുണ്ടത്ത് എപ്പോഴും പുകയുന്ന ബീഡി കാണും. ബീഡിപ്പുക ച്ചുരുളുകൾക്കിടയിലൂടെ അച്ഛൻ നടക്കുന്നു. മാസങ്ങൾക്കു ശേഷമുള്ള വരവ്.  ഇത്തവണയെങ്കിലും അച്ഛൻ വീട്ടിൽ തന്നെ നിൽക്കണമേ ഭഗവാനേ... ഞാൻ പ്രാർത്ഥിച്ചു. പുഴയരികിലെ പുല്ലാനിപൊന്തകൾക്കിടയിലുള്ള ചെറിയ വഴിയിലൂടെ ഞാൻ ഓടി. എന്റൊപ്പം ഉയരമുള്ള പുല്ലാനിപ്പൊന്തകൾ കാറ്റത്താടിയുലഞ്ഞപ്പോൾ സൂര്യപ്രകാശം തട്ടി തിളങ്ങുന്നുണ്ടായിരുന്നു. പുഴയരികിലുള്ള അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നിന്നു. കരിയിലകൾ വീണു നിറഞ്ഞ അമ്പലപ്പറമ്പ്. എങ്ങുനിന്നോ വന്ന കാറ്റിൽ കരിയിലകൾ ഒന്നിളകി അവ എങ്ങോട്ടോ സഞ്ചരിച്ചു. ആ സ്ത്രീയുടെ തടവിൽനിന്ന് അച്ഛനെ മോചിപ്പിക്കേണമേ.... അച്ഛൻ എല്ലാ ദിവസവും വീട്ടിൽ വരണമേ.... മനസ്സുരുകി പ്രാർത്ഥിച്ചു കുറേ നേരം അവിടെത്തന്നെ നിന്നു. തിരിച്ച് വീട്ടിലേയ്ക്കുള്ള യാത്രയിൽ അച്ഛനെപ്പറ്റിയുള്ള ചിന്തകളായിരുന്നു മനസ്സു നിറയെ.

വീണ്ടുമൊരു മഴക്കാലം. അച്ഛൻ വീട്ടിൽവന്ന രണ്ടാം ദിവസമാണ് ഇവിടെ മഴ തുടങ്ങിയത്. മഴപെയ്തു തുടങ്ങിയാൽ പിന്നെ പതിവുപോലെ വീടിന്റെ പല ഭാഗത്തും ചോരാൻ തുടങ്ങും. ഞാൻ ഓർത്തു, അച്ഛനിതെല്ലാം ഒന്നു കാണട്ടെ. അച്ഛനും ഇതെല്ലാം ഒന്നു മനസ്സിലാക്കട്ടെ.... 

‘‘എത്ര നാളായി ഈ വീട് ചോർന്നൊലിക്കാൻ തുടങ്ങിയിട്ട്, പൊട്ടിയ ഓടൊക്കെ ഒന്നു മാറിക്കൂടെ...’’അമ്മ ചോദിക്കും, പ്രതീക്ഷകളില്ലാതെ.... 

ഈ സമയമെല്ലാം റേഡിയോയിലൂടെ പാട്ടു കേട്ടുകൊണ്ട് ചായ്പ്പിൽ ഒരു പായ വിരിച്ച് കിടക്കുന്നുണ്ടാവും...... എന്തു പറ്റിയെന്നറിയില്ല, അടുത്ത ദിവസം രാവിലെ തൊഴുത്തിന്റെ ഓരത്ത് വച്ച ഓടുകൾ എടുത്ത് വീടിനു മുകളിൽ കയറി പൊട്ടിയതെല്ലാം മാറ്റിയിട്ടു. അന്നാദ്യമായാണ് അച്ഛൻ വീടിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതു കണ്ടത്. അമ്മ ഇത്ര സന്തോഷിച്ചു കാണുന്നതും ആദ്യമായാണ്. വീണ്ടും അച്ഛൻ പോകാൻ തയാറെടുത്തപ്പോഴാണ് മഴ ആരംഭിച്ചത്. ചെറുതായി ചാറിപെയ്ത മഴ പിന്നെപിന്നെ കനം കൂടി വന്നു. പുഴയിലെ വെള്ളം കുതിച്ചൊഴുകിക്കൊണ്ടിരുന്നു, അതും നോക്കി കുറെ നിന്നു. പുഴയിലൂടെ ഒഴുകി വരുന്ന തേങ്ങയൊക്കെ ഞാനും അച്ഛനും ചേർന്ന് പെറുക്കി വച്ചു. ആദ്യമൊക്കെ മഴ നന്നായി ആസ്വദിച്ചു. മാനം വീണ്ടും കൂടുതൽ ഇരുണ്ടു തുടങ്ങി, പതിയെ പതിയെ പ്രകൃതി രൗദ്രഭാവം പൂണ്ടു, കലിതുള്ളിയ മഴ കനത്തുപെയ്തു. നിർത്താതുള്ള മഴ,ദിവസം മുഴുവനും നിർത്താതെ പെയ്തമഴയിൽ പശുവും ആടുമൊക്കെ തൊഴുത്തിന്റെ ഓരംപ്പറ്റി ഭയന്ന് നിൽക്കുന്നു. മഴയെ സ്നേഹിച്ച ഗോപിക്ക് ഈ അവസ്ഥ ഏറെ ഭയാനകരമായാണ് തോന്നിയത്.

വീട്ടിൽ വന്നു മൂന്നാംപക്കം തിരികെ പോകുമായിരുന്നു അച്ഛൻ വെള്ളപ്പൊക്കത്താൽ പോകാൻ പറ്റാത്ത സ്ഥിതി ആയി. അച്ഛൻ അങ്ങനെയെങ്കിലും വീട്ടിൽ നിൽക്കുമല്ലോ, ഞാൻ ഓർത്തു. പുഴയിലെ വെള്ളം കരകവിഞ്ഞ് വീട്ടിലും പറമ്പിലുമായി കയറി എതാണ്ട് ഒറ്റപ്പെട്ടതു പോലെയായി. എവിടെയൊക്കെയോ ഉരുൾപൊട്ടിയതുകൊണ്ടാവണം പുഴയിലൂടെ വെള്ളം കുതിച്ചൊഴുകിക്കൊണ്ടിരുന്നു. കുത്തൊഴുക്കിൽ, കാറ്റ് പിഴുതെറിഞ്ഞ പടുവൃക്ഷങ്ങളും കന്നുകാലികളും ജീവനോടെയും ചത്തുമൊക്കെ ഒഴുകി വരുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ഒന്നിനെയും രക്ഷിക്കാൻ കഴിയാതെ ഇതെല്ലാം കണ്ടു നിൽക്കാനെ കഴിഞ്ഞുള്ളൂ. വീടു മുഴുവനും വെള്ളം കയറിത്തുടങ്ങി. രക്ഷപെടാനുള്ള വഴികളെല്ലാം ഞങ്ങളുടെ മുമ്പിലടഞ്ഞു. ഞാനും അമ്മയും അച്ഛനും ഏതു സമയവും മരണം കാത്തുകൊണ്ട് വീടിനകത്തിരുന്നു. 

ഏറെ കഴിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ എത്തിത്തുടങ്ങി. ഞങ്ങൾക്ക് അൽപം പ്രതീക്ഷ വന്നു തുടങ്ങിയത് അപ്പോഴാണ്. നീണ്ട ശ്രമഫലമായി ഇരുകരയിലുമുള്ള മരക്കൊമ്പുകളിൽ വടം കെട്ടി അതിലൂടെ ഒരോരുത്തരെയായി സാഹസികമായി രക്ഷിച്ചു ദുരിതാശ്വാസ ക്യാമ്പായി മാറിയ എന്റെ സ്ക്കൂളിലെത്തിച്ചു.

കൂട്ടുകാരുമായി കളിച്ചു നടന്ന സ്കൂൾമുറ്റവും ക്ലാസ്സുമുറികളും ഇപ്പോൾ മൂകമായ അന്തരീക്ഷം തളം കെട്ടി നിൽക്കുന്ന ദുരിതാശ്വാസ ക്യാമ്പായി മാറി. സ്കൂളിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിലെല്ലാം എന്റെ വീടും അവിടെ കഴിഞ്ഞിരുന്ന മിണ്ടാപ്രാണികളെ പറ്റിയുള്ള ഓർമ്മകളായിരുന്നു മനസ്സുനിറയെ. അവയെ ഇനിയും കാണാൻ പറ്റുമോ...? ഒന്നിനെയും ഞങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് എന്റെ മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു. ഞാൻ ഒരുപാടു സ്നേഹിച്ച ആട്ടിൻകുട്ടികൾ ഒക്കെ രക്ഷപ്പെട്ടിട്ടുണ്ടാകുമോ...? അവയെല്ലാം ജീവനോടെ ഉണ്ടാവുമോ…? അവയുടെ രൂപങ്ങളെല്ലാം എന്നിൽ മിന്നിമറഞ്ഞു. ദുഃഖാർദ്രമായ മനസ്സുമായി ഏറെ നാൾ അവിടെ തന്നെ നിന്നു... പല കുടുംബങ്ങൾക്കും കണ്ണീരോർമ്മയായി മാറിയ മഴക്കാലം. പലരുടെയും വീടും കന്നുകാലിക്കൂടുകളുമെല്ലാം പ്രളയത്തിൽ നശിച്ചുപോയിരുന്നു. ഉറ്റവർ നഷ്ടപ്പെട്ടവർ, മരണം മുഖാമുഖം കണ്ടവർ, അങ്ങനെ ജീവിതം തന്നെ നിശ്ചലമായിപോയവർ. പുറം ലോകത്തെ വാർത്തകളെല്ലാം അറിഞ്ഞത് ഏറെ നാളുകൾക്ക് ശേഷമാണ്. നാടു മുഴുവൻ ഒരു മഹാപ്രളയമാണ് നടന്നതെന്ന് പിന്നീടാണറിഞ്ഞത്. 

ഒരു മാസത്തിനു ശേഷമാണ് തിരികെ ഞങ്ങളുടെ വീട്ടിലെത്തിയത് തീർത്തും പ്രതീക്ഷകളില്ലാതെയായിരുന്നു. എന്റെ ബുക്കുകളും പുസ്തകങ്ങളുമെല്ലാം 

വെള്ളം കയറി നശിച്ചിരുന്നു. വെയിലത്തൊക്കെ വെച്ചു പതിയെ ഉണക്കിയെടുത്തു. മഴവെള്ളപാച്ചിലിൽ കന്നാലിക്കൂടൊക്കെ ഒലിച്ചുപോയിരുന്നു. നിറയെ മണ്ണും ചെളിയും നിറഞ്ഞ വീടും, വീട്ടുപകരണങ്ങളും. കുറെ ദിവസം പണിക്കൊന്നും പോകാതെ അച്ഛൻ വളരെ പണിപ്പെട്ട് വീടൊക്കെ നന്നാക്കിയെടുത്തു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം ചായ്പ്പിൽ ബീഡിയും വലിച്ച് പായയിൽ ഇരിക്കുന്ന അച്ഛന്റെ അടുക്കലേക്ക് ഗോപി ചെന്നിരുന്നു. അച്ഛനെന്തൊക്കയോ ആലോചിച്ചിരിക്കുകയാണ്. എന്തോ ഒരു നിരാശ അലട്ടുന്നതായി ഗോപിക്ക് തോന്നി.

‘‘അച്ഛനിനി ഒരിടത്തും പോവേണ്ട എല്ലാ ദിവസവും നമ്മുടെ വീട്ടിൽ തന്നെ വരണം.’’ അമ്മയ്ക്കും എന്നോടുമൊപ്പം എല്ലാ ദിവസവും ഇവിടെ തന്നെ കഴിയണം.” ഗോപി അച്ഛന്റെ അടുത്തിരുന്ന് പറഞ്ഞു. മിക്കവാറും ദേഷ്യപ്പെടാറുള്ള അച്ഛനെ അന്നു വളരെ ശാന്തനായിട്ടാണ് കണ്ടത്. അച്ഛന്റെ മുഖത്ത് വ്യസനം നിറഞ്ഞിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു നേരം കരഞ്ഞു. ആദ്യമായാണ് അച്ഛനിൽ നിന്ന് ഇങ്ങനെയൊരനുഭവം ഉണ്ടായത്. അന്ന് അച്ഛനൊരു വാക്കു തന്നു. എന്നെയും അമ്മയെയും വിട്ടിട്ട് ആരുടെയും കൂടെ പോകില്ലെന്ന്. അച്ഛൻ അന്നുതന്ന വാക്ക് ഒരിക്കലും മാറ്റിയില്ല. പിന്നീട് ഒരിക്കൽ പോലും അച്ഛൻ വീട്ടിൽ വരാതിരുന്നിട്ടില്ല. എല്ലാ ദിവസവും പണി കഴിഞ്ഞ് വീട്ടിൽ വരും. 

എന്റെ പ്രാർത്ഥന ദൈവം കേട്ടു. ഞാൻ പലപ്പോഴും സംശയിച്ചിരുന്നു, കേവലം ഒരേഴാം ക്ലാസ്സുകാരന്റെ പ്രാർത്ഥന ദൈവം കേൾക്കുമോയെന്ന്. വലുപ്പചെറുപ്പമില്ലാതെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കുന്ന ദൈവമുണ്ടെന്ന് അന്നാണെനിക്ക് മനസ്സിലായത്. വർഷങ്ങൾ പലതു കഴിഞ്ഞു. 

പത്താം ക്ലാസ്സിലെ വല്ല്യപരീക്ഷയുടെ ആദ്യ ദിവസമാണിന്ന്. ഗോപി കുളിച്ചൊരുങ്ങി പ്രാർത്ഥിച്ചു അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി സ്കൂളിലേക്ക് നടന്നു. മൂന്നു വർഷം മുമ്പൊരു മഴക്കാലം ഗോപിയോർത്തു. ഭൂമിയിൽ സസ്യങ്ങൾക്കും പക്ഷിമൃഗാദികൾക്കും മനുഷ്യരെ പോലെതന്നെ തുല്യവകാശമുണ്ടെന്ന് തെളിയിച്ച ആ മഴക്കാലം. ആ മഴക്കാലത്തായിരുന്നു അച്ഛന്റെ മനസ്സു മാറിയത്. അച്ഛൻ, എനിക്കും അമ്മയ്ക്കുമായി മാത്രം ജീവിച്ചു തുടങ്ങിയ നാളുകൾ. എല്ലാം അവസാനിക്കുമെന്നു തോന്നിയ ആ പെരുമഴക്കാലം പിന്നീടൊന്നും ഉണ്ടായിട്ടില്ല. പ്രകൃതിയിൽ വീണ്ടും വസന്തങ്ങൾ വന്നുകൊണ്ടിരുന്നു. ഗോപി വീണ്ടും മഴയെയും പ്രകൃതിയെയും സ്നേഹിച്ചുകൊണ്ടിരുന്നു. അച്ഛനെ ഞങ്ങൾക്കു മാത്രമായി നൽകിയ ആ മഴക്കാലം ഗോപി എന്നും ഓർക്കും, നിറഞ്ഞ മനസ്സോടെ... അച്ഛനെ ഞങ്ങൾക്കു തിരികെ തന്നതിന് ദൈവത്തിനും ഞാനേറെ സ്നേഹിക്കുന്ന പ്രകൃതിയും, പ്രകൃതിയിലെ വൃക്ഷങ്ങളും കിളികളും കുരുവികളുമെല്ലാവർക്കും എന്റെ നന്ദി. 

English Summary : Ormayil Mazhakkalam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;