‘തേവരുടെ തേര്, മുന്നിൽപ്പെട്ടാൽ ദുർമരണമോ തീരാവ്യാധിയോ ഉറപ്പെന്നാണ് കഥകൾ’

Night
പ്രതീകാത്മക ചിത്രം. Photo Credit : KIDSADA PHOTO / Shutterstock.com
SHARE

തേര് (കഥ)

‘‘നീ കണ്ടിട്ടുണ്ടോ? കണ്ടാലേ വിശ്വാസം വരൂ 

കാണുന്നത് വരെ എല്ലാം തമാശയാണ് എനിക്കും അങ്ങനെയായിരുന്നു 

പക്ഷേ കണ്ടപ്പോൾ തേവരുടെ കനിവാ ജീവൻ കിട്ടിയത് ഒരു മിന്നായം പോലെയേ കണ്ടൊള്ളൂ...

സ്വർണ്ണ തൊങ്ങലൊക്കെ പിടിപ്പിച്ച് പാറിക്കളിക്കുന്ന  കോറിക്കൂറയും,

അരം വന്നു മൂർച്ചയുള്ള ചക്രങ്ങളും പളപ്പുള്ള പട്ടു മേലങ്കിയുമൊക്കെയുള്ള തേവരുടെ പള്ളിത്തേര്...

കുതിരത്താന്മാര് നിലം തൊടത്തില്ലെന്നേ പരപ്പിന്റെ മോളിൽ നിന്നൊരു ഒഴുക്കാ...

കാണേണ്ട കാഴ്ച്ചയാണെന്റെ അനിയാ’’

അച്യുതന്റെ വർണ്ണന കേട്ട അനിയൻ തമ്പിക്ക് ആകാംഷയും അതിൽ കൂടുതൽ ഭയവും വന്നു തുടങ്ങി....

പൊറ്റാട്ടിലെ അന്ധവിശ്വാസങ്ങളിൽ വല്ലാതെ വേരുറച്ചു പോയ ഒന്നാണ് തേവരുടെ തേരു കാഴ്ച്ച...

വെള്ളിയാഴ്ചയ്ക്കും വാവിനും പൊറ്റാട്ടിലെ തേവർ സ്വർണ്ണത്തിന്റെ അലുക്കും തൊങ്ങലും പിടിപ്പിച്ച നിലം തൊടാതെ തൂവെള്ള കുതിരകളെ പൂട്ടിയ പള്ളിത്തേരിൽ നാട് ചുറ്റാനിറങ്ങും എന്നാണ് ദേശത്തെ വിശ്വാസം...

ആ വരവിന് സാക്ഷ്യം കൊടുത്തു പോയാൽ ദുർമരണമോ തീരാവ്യാധിയോ ഉറപ്പെന്നാണ് കഥകൾ..

അതു ശരിയോ തെറ്റോ എന്നറിയില്ല പക്ഷേ വെള്ളിയാഴ്ച്ചയും വാവിനും പൊറ്റാട്ടു ദേശക്കാർ പുറത്തിറക്കം പതിവില്ല...

പകരം മുറ്റത്തു ചാണകം കൊണ്ടു തറമെഴുകി, രണ്ടു തിരിയിട്ടു നെയ്യൊഴിച്ച നിലവിളക്കു കത്തിച്ച് തളിർ വെറ്റിലയും പഴുത്തടയ്ക്കയും നനച്ച പുകയിലയും

കാണിക്ക വച്ച് തേവരെ പ്രീതിപ്പെടുത്തും. അതിന്റെ തൃപ്തിയെന്നോണം പിറ്റേന്നു കാലത്ത് ദേശത്താകെ മുറുക്കി തുപ്പിയ വെറ്റിലക്കറയും കാണാം...

ചില ധൈര്യശാലികളൊക്കെ ഇതൊന്നും വക വയ്ക്കാതെ തേരിനു തട വയ്ക്കാൻ തുനിഞ്ഞിട്ടുണ്ട്. പക്ഷേ കൂടുതലും ദുർമരണവും തേരു വെളിച്ചം കൊണ്ട് കാഴ്ച്ച പോകലുമൊക്കെ തന്നെയായിരുന്നു ഫലം...

ചോയ്പ്പിലെ അപ്പു മാഷൊരിക്കൽ തേരിനു വട്ടം കേറി നിന്നതാണ്... മാഷ് കമ്മ്യൂണിസ്റ്റായിരുന്നു. പോരാത്തതിന് യുക്തനും, അങ്ങേര് നിൽക്കും എന്നു പറഞ്ഞാൽ നിൽക്കും എന്നു നാട്ടുകാർക്ക്‌ ഉറപ്പായിരുന്നു...

‘‘അപ്പുവേ തേവരോട് വേണ്ടാട്ടോ അന്റെ കമ്മുണിസം..

അപ്പു മാഷ് വഴി തടയലിനു ഇറങ്ങും മുൻപ് അമ്മ ഉപദേശിച്ചു.

പക്ഷേ വിപ്ലവകാരിയുണ്ടോ അടങ്ങുന്നു മാഷ് സധൈര്യം വഴിതടയലിനു വച്ചു പിടിച്ചു...

പക്ഷേ പിറ്റേന്നു കാലത്ത് മുതിരോൻ പാടത്തിന്റെ അതിരിൽ നിന്ന് കണ്ണ് രണ്ടും പോയി പാതി ജീവനോടെയാണ് മാഷിനെ കിട്ടിയത്...

ആ സംഭവം കൂടെ കഴിഞ്ഞതോടെ ആരും പള്ളിത്തേര് തടയാൻ മാത്രം തുനിഞ്ഞിട്ടില്ല...

‘‘ഇങ്ങട് നടക്ക് അനിയാ സമയം മോശാ പാതിരയ്ക്ക് മുന്നേ അമ്പല നട കടന്നു കിട്ടിയാൽ പിന്നെ ഭയപ്പെടാനില്ല അച്യുതൻ തിടുക്കം കൂട്ടി..

ചിറ്റമ്മയുടെ മകൻ അനിയൻ തമ്പിയെ അമ്മാത്തു നിന്ന് അവധിക്ക് കൂട്ടാൻ പോയതാണ് അച്യുതൻ. ഉദ്ദേശിച്ച വണ്ടി തെറ്റിയത് കൊണ്ടു നേരം വല്ലാതെ വൈകി...

നേരം വൈകിയാൽ ഒരു ദിവസം അവിടെ താമസിച്ചു പിറ്റേന്നു മടങ്ങിയാൽ മതിയെന്ന് അമ്മ പറഞ്ഞതാണ് പക്ഷേ ഉള്ളിലെ ബലം വച്ചു വരുന്ന കൗമാരക്കാരന്റെ ധൈര്യവും മുളപൊട്ടി തുടങ്ങിയ പുളിവാലൻ മീശയും ഇങ്ങനൊരു അത്യാഹിതത്തിനു വഴി വച്ചു കൊടുത്തു.

അനിയനെ ഒന്നു ഭയപ്പെടുത്താനായി തേരു കണ്ടിട്ടുണ്ടെന്നൊരു കഥയും

വച്ചു കാച്ചി. പക്ഷേ കടവ് ഇറങ്ങി പാടം കഴിഞ്ഞപ്പോൾ മുതൽ ഉള്ളിലൊരു വിറയൽ..

ചെമ്പോത്തിന്റെ നിലവിളിയും കരിവാവലുകൾ വലം വയ്ക്കുന്ന പാടത്തിന്റെ അതിരുകളും ഭയം വല്ലാതെ കൂട്ടുന്നുണ്ട്...

ഒന്നും അനിയനെ അറിയിക്കാതെ മുത്തശ്ശി നൽകിയ കൈ പിച്ചാത്തി അടിവയറ്റിൽ അമർത്തിപ്പിടിച്ച് ഹനുമാൻ മന്ത്രവും ചൊല്ലി ധൈര്യം സംഭരിച്ച് അനിയൻ തമ്പിയെ ഇറുക്കിപ്പിടിച്ച് അച്യുതൻ നടന്നു കൊണ്ടിരുന്നു...

‘‘നിക്കും തേര് കാണാൻ പറ്റുവോ അച്ചുവേട്ടാ...’’

നടപ്പിന്റെ വേഗം കൂടുന്നതിനിടയിലും അനിയൻ ആകാംഷ വിടാതെ ചോദിച്ചു...

‘‘നീയ് നടക്ക് അനിയാ അതൊന്നും അങ്ങനെ കാണണ്ട സംഗതിയല്ല...

അച്യുതൻ തന്റെ ഭയം പുറത്തറിയിക്കാതെ അനിയന് മറുപടി നൽകി നടപ്പിന്റെ വേഗം കൂട്ടി...

തെച്ചിപ്പിലെ തൊടി കഴിഞ്ഞാൽ അമ്പലത്തിലേക്കുള്ള നടവഴി തുടങ്ങും..

ഇല്ലിപ്പൊന്ത നിറഞ്ഞു നിൽക്കുന്ന നടവഴി.സൂക്ഷിച്ചു നടന്നില്ലെങ്കിൽ വളഞ്ഞു കുത്തുന്ന ഇല്ലിമുള്ള് കൊണ്ടു ദേഹം മുറിയും.

അച്യുതനും അനിയനും തൊടി കടന്ന് ഇല്ലിപ്പൊന്ത തട്ടാതെ അൽപ്പം കുനിഞ്ഞ് അമ്പല വഴിയിലൂടെ മെല്ലെ നടന്നു തുടങ്ങി.

മുതലക്കുളം എത്തും മുൻപുള്ള ഇടവഴി കയറിയാൽ തറവാടിന്റെ അതിരിൽ കയറാം അവിടേയ്ക്ക് എത്തിക്കിട്ടിയാൽ പിന്നെ ഭയപ്പെടാനില്ല. യക്ഷിയും സർപ്പത്താനും മാടനും ഇരിപ്പുള്ള നാലുകെട്ടാണ്.

തേര് അവിടേയ്ക്ക് കയറില്ല ചുറ്റി വലം വച്ചേ പോകൂ...

‘‘അച്ചുവേട്ടാ വെളിച്ചം...’’

അച്ച്യുതനെ നടുക്കിക്കൊണ്ട് അനിയൻ തമ്പി കൈത്തണ്ടയിൽ ചുറ്റിപ്പിടിച്ചു പറഞ്ഞു...

വലിച്ചിട്ട് നിർത്തിയതു പോലെ അച്യുതൻ നിന്നു .

ദൂരെ മുതലക്കുളത്തിനു മുകളിലായി തേവരുടെ നടയ്ക്കു മേലെ നിന്നു വെളിപ്പെടുന്ന പൊട്ടു പോലുള്ളൊരു തീ വെളിച്ചം. അതിനു മെല്ലെ വലുപ്പം വയ്ക്കുകയാണ് ചുറ്റിലും സ്വർണ്ണം പോലെ തിളങ്ങുന്ന അലുക്കുകളുടെ നിര...

ഭൂമ്...മ്...മ്...

നിമിഷ മാത്രയിൽ ഒരു ആളൽ കണക്കെ മുകളിലേക്ക് വിരിയുന്ന തീ വെളിച്ചത്തിന്റെ കുടവിരിവ്...

‘‘ടക്..ക്..ക്...’’

കുളമ്പടി ശബ്ദം...

ഭുമ്...മ്..

അച്യുതനെയും അനിയനെയും ഞെട്ടിച്ചു കൊണ്ടു അവർക്കു വളരെ

പിന്നിലായി പാടത്തിന്റെ അങ്ങേ അതിരിൽ നിന്നുമൊരു തീപ്പൊരിയുടെ മിന്നലാട്ടം...

ചുറ്റിലും നിറയുന്ന വെണ്ണീറിന്റെ മണം. ആർത്തലച്ചു വരുന്ന കുളമ്പടി ശബ്ദം.

‘‘തേര്... അച്ചുവേട്ടാ തേര്...’’

അനിയന്റെ ശബ്ദം മുഴുമിയ്ക്കാൻ അനുവദിക്കാതെ അച്യുതൻ തന്റെ കൈപ്പടം കൊണ്ടു വായ പൊത്തിപ്പിടിച്ച് പെട്ടെന്നു ഇല്ലിപ്പൊന്തയ്ക്കു ഉള്ളിലേക്ക് വലിഞ്ഞു...’’

ചുമലും പുറവും ഇല്ലിമുള്ള് കൊണ്ടു ചോര പൊടിയുന്നുണ്ടെങ്കിലും, ശ്വാസം വിടാതെ അനിയനെ ചേർത്തു നിർത്തി പിച്ചാത്തിയിൽ മുറുകെ പിടിച്ച് അച്യുതൻ തേര് വരവും നോക്കിയിരുന്നു...

ഒരേ സമയം ദേശത്തിന്റെ നാല് അതിരിലും തീപ്പൊരിക്കുട വിരിയുന്നുണ്ട്...

അമ്പല നടയിൽ നിന്നു തേര് പുറപ്പെട്ടു തുടങ്ങിയെന്നുറപ്പ്. കുളമ്പടി മുഴക്കം അടുത്തെത്തി തുടങ്ങിയിരിക്കുന്നു.

അച്യുതന്റെ നെറ്റിത്തടത്തിൽ നിന്ന് ഉരുവം കൊണ്ട വിയർപ്പു ചാലുകൾ നെഞ്ചിറങ്ങി വഴി കണ്ടെത്തി ധൈര്യം നൽകിയ കൗമാരം നനച്ചു കൊണ്ടു മണ്ണിലേക്ക് ചേർന്നുവെങ്കിലും അനിയനെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തണച്ച് ഹനുമാൻ മന്ത്രം നിർത്താതെ ഉരുവിട്ടുകൊണ്ടേയിരുന്നു അച്യുതൻ...

‘‘ഭും... മ്..

തൊട്ടു മുന്നിൽ വെളിപ്പെടുന്നൊരു തീപ്പൊരിയുടെ തിളക്കം, കനത്തിലുയരുന്ന കുളമ്പടി ശബ്ദം....

തേര്...തേവരുടെ തേര്..

അനിയൻ അച്യുതന്റെ കൈ വിടുവിച്ചു പറഞ്ഞു..

‘‘സ്വർണ്ണത്തിന്റെ കമ്പളം പുതച്ച, മരക്കാലിൽ അരികും തൊങ്ങലും പിടിപ്പിച്ച തേവരുടെ തേര്. മുന്നിലായി ചേർത്തു പൂട്ടിയ മൂന്നു വെളുത്ത കുതിരകൾ. മൂന്നിന്റേയും മുൻകാലുകൾ നിലത്തു തൊടുന്നില്ല... പിൻകാലുകളിൽ ഊന്നിയാണ് ഓട്ടം...

കുളമ്പ് പിടിപ്പിച്ച് ലാടം തല്ലിയുറപ്പിച്ച കാലുകൾ. കുതിരത്തോലിനിടയിൽ നിന്നു ഇടയ്ക്ക് വെളിപ്പെട്ട് മുന്നിലെ കത്തിച്ചു നിർത്തിയ പന്തത്തിലേക്ക് വെണ്ണീറ് എറിയുന്ന കൈകളുടെ അഭ്യാസം....

‘‘ചേകോൻ....

ആകാംഷയടക്കാൻ കഴിയാതെ അച്യുതൻ പിറുപിറുത്തു... ഉറ്റ സുഹൃത്ത്, കീഴാത്തിലെ ഒടിയൻ കുടുംബത്തിലെ അവസാന കണ്ണി. മുഖം കണ്ടില്ലെങ്കിലും ഉറ്റവന് താൻ സമ്മാനിച്ച നാഗത്തലയുള്ള പിച്ചള മോതിരം ചേകോന്റെ ചൂണ്ടു വിരലിൽ കിടന്നു തിളങ്ങുന്നത് അച്യുതൻ കണ്ടു...

തേര് കടന്നു പോയി തറവാട്ടിലെത്തി കുളിച്ചു കിടന്നെങ്കിലും അച്യുതൻ ഉറങ്ങിയില്ല. ദേഹം പറ്റി കിടക്കുന്ന അനിയൻ തേരിനെ പറ്റി പിച്ചും പേയും പറയുന്നുണ്ട്...

‘‘പുളിവാറു കൊണ്ട് ചേകോന്റെ പുറം പൊളിക്കുമ്പോഴും അവന്റെ കൂട്ടരുടെ പുര കത്തിച്ചപ്പോഴുമൊക്കെ നെഞ്ചിലൊരു നീറ്റല് പടർന്നിരുന്നു...

അവനൊപ്പം ചേർന്നു നിൽക്കാൻ തോന്നിയിരുന്നു. പക്ഷേ ഭയമായിരുന്നു ഇപ്പോഴൊരു ആശ്വാസം തോന്നുന്നുണ്ട്.

ഉറക്കം കണ്ണിഴകളെ കീഴടക്കി തുടങ്ങിയിരിക്കുന്നു....

മനസ്സ് നിറയെ തേവരുടെ തേരാണ്, കുളമ്പ് കെട്ടിയോടുന്ന ചേകോന്റെ പാച്ചിലാണ്. നാഗത്തലയുള്ള മോതിരത്തിന്റെ പളപ്പ് ഉള്ളിൽ കിടന്നു നീറ്റുന്നുണ്ട്...

ഒടുവിൽ എപ്പോഴെന്നറിയില്ല ഉറങ്ങിപ്പോയി...

പിറ്റേന്നു വെളിച്ചത്തിന്റെ കൂടെ അമ്മയുടെ അലർച്ച കൂടി കേട്ടാണ് അച്യുതൻ ഉണർന്നത്...

‘‘അച്ഛൻ നമ്പൂരി മരണപ്പെട്ടിരിക്കുന്നു തേര് തട്ടി ദുർമരണപ്പെട്ടിരിക്കുന്നു’’

അച്യുതനൊന്നും തോന്നിയില്ല. അവന്റെ മനസ്സൊരു തേരോട്ടത്തിൽ പെട്ടിരിക്കുകയാണ് രണ്ടു പ്രതിയോഗികൾ മാത്രമുള്ള മത്സരം.

ഒരുവശത്ത് അച്ഛന്റെ പുളിവാറലിന്റെ പുളപ്പിൽ പെട്ട് പൊളിയുന്ന ചേകോന്റെ പുറം തൊലി. മറുവശത്തു ചോര പടർന്ന തന്റെ നാഗത്തലയുള്ള മോതിരം...

‘‘അതെ താനൊരു കാഴ്ച്ചക്കാരനാണ്...

ധൈര്യമില്ലാത്ത കാഴ്ച്ചക്കാരൻ

ആദ്യം അച്ഛന് വേണ്ടി കരയാം എന്നിട്ട് ചേകോന് വേണ്ടി ചിരിക്കാം...’’

അച്യുതൻ മെല്ലെ പടിക്കെട്ട് ഇറങ്ങി. മരണം കിടത്തിയിരിക്കുന്ന ഉമ്മറത്തേക്ക്... 

English Summary : ‘Theru’ Malayalam short story written by Harimohan G

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;