ADVERTISEMENT

വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ ആ മുഖത്ത് വായിച്ചെടുക്കാൻ പറ്റുന്ന ഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു. 

 

എങ്ങനെ വന്നു, ആരുടെ കൂടെ  വന്നു എന്ന ചോദ്യവും  മുഖത്ത് നോക്കാതെ പുറത്തേക്കു  നോക്കി ഉള്ള വർത്തമാനവും. 

 

എനിക്ക് ഒരു കല്യാണത്തിന് പോകാൻ ഉണ്ട്, ഞാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ഇയാളെ ഞാൻ ഇയാൾക്ക് പോകേണ്ട സ്ഥലത്തു വിടാം. 

 

വേണ്ട ഞാൻ പൊയ്ക്കോളാം. ഇയാളുടെ സമയം കളയണ്ട. 

 

സാരമില്ല എനിക്ക് സമയമുണ്ട് ഞാൻ വിടാം. 

 

ലോകം മുഴുവൻ സ്വന്തം തലയിൽ കൂടെ ആണ് ഓടുന്നതെന്ന ഭാവവും, ഒന്നിനെയും വകവെക്കാത്ത സംസാരവും.  

 

ചില പുരുഷൻമാരുടെ “പുരുഷൻ” എന്ന ഭാവത്തോട് ഉള്ള വെറുപ്പ് ഇരുപതുകളുടെ മധ്യത്തിൽ ആണ് ഉള്ളിൽ കുടിയേറിയത് , ഇതും ആ ഗണത്തിൽത്തന്നെ  ചെന്നുപെട്ടോ എന്നൊരു ചോദ്യം തികട്ടി വന്നു.

 

പതുക്കെ പതുക്കെ ആണ് ആ ഓട്ടപാച്ചിലും ഉടക്ക് വർത്തമാനവും ഒക്കെ വെറും ഒരു മൂടുപടം ആയിരുന്നു എന്ന് മനസിലായത്. പലതും വലിച്ചെറിഞ്ഞ കൂട്ടത്തിൽ ചില ഇഷ്ടങ്ങളെ കടുകുമണിയോളം ചെറുതാക്കി ആ ഉള്ളിൽ ഭദ്രമായി വച്ചിട്ട് ഉണ്ടെന്നു പതുക്കെ പതുക്കെ പറയാതെ പറഞ്ഞു. 

 

ഞങ്ങളുടെ ഇഷ്ടങ്ങളും രീതികളും  തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒടുവിൽ കറങ്ങി തിരിഞ്ഞു ഒരിടത്തു വരും എന്ന രസകരമായ ഒരു ചേർച്ചയും ഉണ്ട്. 

 

പതുക്കെ പതുക്കെ ഇഷ്ടങ്ങളും സന്തോഷങ്ങളും നേടി എടുക്കാൻ വാക്കുകൾ കൊണ്ടും മനസ്സുകൊണ്ടും പറ്റാവുന്ന പോലെ ഒക്കെ പരസ്പരം കൂടെ നിന്നു. ആ കരുതൽ കത്തുകളായും ഫോൺ വിളികളായും വർഷങ്ങളോളം ആയി തുടരുന്നു. വർഷങ്ങൾ ഓടി  മറയുന്നതൊന്നും അറിയുന്നതേ ഇല്ല

 

ഒരു നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ ആ തലതിരിഞ്ഞ തെണ്ടി… എത്തും നാളെ. 

 

ഡോ  ഇയാള് എത്തിക്കഴിയുമ്പോൾ അറിയിക്കണേ. ഒരു ദിവസം മുഴുവൻ എനിക്ക് വേണ്ടി മാറ്റി വയ്ക്കണം. 

 

ഞാൻ എത്തിയാൽ ഉടനെ വിളിക്കുവല്ലോ. തിരിക്കുവാണ് ഇവിടുന്ന്. ഇനി എത്തീട്ടു വിളിക്കാം.  ഇയാള് കിടന്നു ഉറങ്ങേടോ

 

ഉറങ്ങാം , ഞാൻ കിടന്നു. 

 

എയർപോർട്ടിൽനിന്നു കൂട്ടികൊണ്ടു പോകാൻ ഒരു ബന്ധു വരും എന്നാണ് പറഞ്ഞിട്ടുള്ളത്. 

 

പലതും ഓർത്തു കിടന്നു നേരം പുലരാറായി കണ്ണിൽ ഉറക്കം പിടിച്ചപ്പോൾ. പതിവിലും വൈകി ഉണർന്നു അടുക്കളയിലെ  തട്ടിക്കൂട്ടിനിടയിൽ  മനസ് പറഞ്ഞു. രാത്രിയിൽ പട്ടം പറത്താൻ പോകാതെ  മര്യാദക്ക്  കിടന്നു  ഉറങ്ങിയിരുന്നേൽ വരുന്ന  സമയം ആകുമ്പോഴേക്കും അവിടെ പോയി 

കാണാവാരുന്നു.  

 

ഇനിയും സമയം ഉണ്ട്…  രാവിലത്തെ ആസ്വദിച്ചുള്ള ചായകുടി വേണ്ടാന്ന് വച്ച് തലവഴി വെള്ളം ഒഴിച്ച് കുളിച്ചെന്നു വരുത്തി, കിട്ടിയ ഒരു ഉടുപ്പും വലിച്ചു കേറ്റി ഓടി. 

 

പാതിവഴി എത്തിയപ്പോൾ വിളിവന്നു 

 

ഞാൻ എത്തിയെടോ...

 

കൃത്യസമയത്തു തന്നെ എത്തി അല്ലേ…

 

ലാൻഡ് ചെയ്തതേ ഉള്ളു , ഇനി പുറത്തിറങ്ങിട്ടു വിളിക്കാടോ.

 

പറഞ്ഞില്ല ഞാൻ അവിടേക്കു വന്നു കൊണ്ടിരിക്കുകയാണെന്ന്. ഇനിയും 30 മിനിറ്റ് കൂടി എടുക്കും എയർപോർട്ടിൽ എത്താൻ. 

 

എന്തോ ഒരു പ്രതീക്ഷ ബാക്കി വച്ച്  എയർപോർട്ടിലേക്കു തന്നെ പോയി. കരുതിയതിലും കുറച്ചു നേരത്തെ എയർപോർട്ടിൽ എത്തി.

 

ഡോ വിളിക്കാൻ വരും എന്ന് പറഞ്ഞ ആള് എത്തിയോ. 

 

ഇല്ലെടോ. . ഞാൻ ബാഗേജ്  എടുത്തു കഴിഞ്ഞാണ് പുള്ളിയോട് എത്തിയെന്ന കാര്യം പറഞ്ഞത് .

വരാൻ ഇത്തിരി ലേറ്റ് ആകും ഞാൻ ഇവിടെ വെയ്റ്റിംഗ് ഏരിയയിൽ ഇരിക്കുവാ. 

 

എന്നാ ഇയാള് ഒന്ന് മുകളിലേക്ക് നോക്കിയേ. ..

 

കള്ള തെണ്ടി. .. വന്നോ പറയാതെ. ...

 

അതെ വന്നല്ലോ, തെണ്ടിതിരിയാതെ നേരെ ഇങ്ങോട്ടു പോന്നേതു..

 

ഇയാളെ ഞാൻ കൊണ്ടുപോയി വിടട്ടെ ബന്ധുവിന്റെ  വീട്ടിൽ 

 

ബന്ധുവിനെ വിളിച്ചു പറഞ്ഞു എയർപോർട്ടിലേക്ക് വരണ്ട, എന്റെ ഒരു ഫ്രണ്ട്നെ കണ്ടു ഒരുമിച്ചു വരാം എന്ന്. 

 

ആദ്യമായി ഈ നാട്ടിലെത്തിയതിന്റെ ആകാംക്ഷയൊന്നും ആ മുഖത്ത് ഇല്ലാരുന്നു. ഇതൊന്നും എനിക്ക് വലിയ കാര്യം അല്ല  എന്ന ഭാവം. ട്രാഫിക് ബ്ലോക്ക്, വലിയ കെട്ടിടങ്ങൾ, വിലകൂടിയ വണ്ടികൾ, വളഞ്ഞു തിരിഞ്ഞു കയറുന്ന പാലങ്ങൾ ഇതിനെ ഒന്നിനെ പറ്റിയും സംസാരിക്കാതെ ഉള്ള പതിനഞ്ചു  മിനിറ്റ് നീണ്ട  യാത്രയുടെ അവസാനം. 

 

നാളെ നമ്മൾ എപ്പോഴാ കാണുക എന്ന ചോദ്യത്തിന്  ഞാൻ ഇപ്പോഴേ റെഡി ആണ് ഇയാള് എപ്പോൾ വേണേലും വന്നോ എന്ന ഉറപ്പു നൽകി. 

 

പട്ടം പറത്തലിനു കുറവ് ഒട്ടും ഇല്ലാരുന്നെങ്കിലും രാവിലെ  പതിവിലും നേരത്തെ ഉണർന്നു. ആ രാത്രിയിൽ പറന്ന  പട്ടങ്ങളെല്ലാം വർണക്കടലാസിൽ ഉണ്ടാക്കിയ പട്ടങ്ങൾ ആരുന്നു.  പട്ടങ്ങൾ ഒക്കെ ചരടിൽ നിന്ന് മോചിപ്പിച്ചു സ്വതന്ത്രമാക്കി. ഉയരങ്ങളിലേക്ക് അവ  തുള്ളി തുള്ളി കണ്ണിൽനിന്നും മറഞ്ഞതോടെ ഞാനും ഉറക്കത്തിലേക്കു വീണു പോയി.

 

കുളിച്ചു വന്നു കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണാടി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു: നീ മിടുക്കി ആണ്. ഉള്ളിലെ സന്തോഷവും സങ്കടവും ഒളിപ്പിച്ചു വയ്ക്കുന്ന കാര്യത്തിൽ നീ ഇതുവരെ പരാജയപ്പെട്ടിട്ടില്ല.

  

ഡോ …ഞാൻ ഇറങ്ങുവാണെ. അരമണിക്കൂറിനുള്ളിൽ എത്തും.

 

ഞാൻ റെഡി ആയി നിൽക്കുവാ, ഇയാള് പോരെടോ. 

 

ഇന്നലത്തെ അതേ ഭാവം തന്നെ മുഖത്ത്.  ഈ നാടിനോട് ഒരു അപരിചിതത്വവും ഇല്ലാത്ത ഒരാളെപ്പോലെ ആരുന്നു വഴിയിൽ ഉടനീളം ഉള്ള പെരുമാറ്റം.

 

ഡോ, നമുക്ക് വല്ലതും കഴിച്ചിട്ടു തുടങ്ങാം. ഞാൻ ഒന്നും കഴിച്ചില്ല.  ഒരുമിച്ചു കഴിക്കാം എന്ന് കരുതി. 

 

നമുക്ക് വെജ് മതി അല്ലേ 

 

മതി, വെജ് മതി രാവിലെ

 

വൃത്തി ഉള്ള വെജിറ്റേറിയൻ ഹോട്ടൽ ഇത് കയറി , മുഖാമുഖം  ഇരുന്നു. 

 

ഡോ. . എനിക്ക് മസാല ദോശ ആണ് ഇഷ്ടം , ഇയാള് എന്താ കഴിക്കുന്നേ 

 

എനിക്ക് നെയ്‌റോസ്‌റ്റ് മതി. 

 

ഇനി നമ്മൾ എങ്ങോട്ടാ. ...

 

ഇവിടെ എല്ലായിടവും നല്ല തിരക്കാണ് , എനിക്ക് പ്രിയപ്പെട്ട ഒരിടമുണ്ട് എത്ര പോയാലും എന്നെ മടുപ്പിക്കാത്ത ഒരിടം. കുറച്ചു ദൂരം ഉണ്ട് , ഇയാൾക്ക് അത് ഇഷ്ടം ആകുവോ എന്നും അറിയില്ല. 

 

നമുക്ക് പോകാഡോ, ഇന്ന് എനിക്ക് വേറെ ഒരു കാര്യവും ഇല്ല , ദൂരം കാര്യം ആക്കണ്ട.

 

സിറ്റിയുടെ തിരക്കിൽ നിന്ന് മാറി ശാന്തമായ റോഡിൽ കൂടി ഒരുപാട് വർഷങ്ങളുടെ കഥ പറഞ്ഞു കൊണ്ട് 2 മണിക്കൂർ യാത്ര ചെയ്തു. 

 

എനിക്ക് പ്രിയപ്പെട്ട അവിടെ അന്ന് സഞ്ചാരികളുടെ തിരക്ക് ഒട്ടും ഇല്ലാരുന്നു. വാതോരാതെ കഥ പറഞ്ഞും , കളിയാക്കിയും  ആറേഴു മണിക്കൂർ കടന്നു പോയി. 

 

ഇടയിൽ ഒരു മൗനം കടന്നു വന്നു , ഒരു പാട് ചോദ്യങ്ങൾ മനസ്സിൽ കൂടി  കടന്നു പോയി. 

  

എപ്പോഴാണ്  ഞാൻ നിന്റെ  കൂടെ നടന്നു തുടങ്ങിയത്?

 

കുറെ ഏറെ ദൂരം സഞ്ചരിച്ചു. കടന്നു വന്ന  വഴിയിൽ ഒരുപാട് കല്ലും മുള്ളും ഉണ്ടാരുന്നു ഒരിക്കൽ പോലും അവ ഒന്നും  എന്നിൽ  ഒരു പോറലും പോലും ഉണ്ടാക്കി ഇല്ല , യാത്രയിൽ ഉടനീളം ഞാൻ നിന്നെ  മാത്രം നോക്കി ആണ് നടന്നത്, നീ  നടന്ന വഴികളിൽ  ഉടനീളം ഞാൻ  വസന്തം മാത്രമേ കണ്ടുള്ളു . 

 

കുഞ്ഞിനെ ഓമനിച്ചു വളർത്തുന്ന ഒരു അമ്മയുടെ മനസ് ആരുന്നു  എന്നിൽ നിറഞ്ഞു നിന്നതു. നിന്റെ  ഓരോ മാറ്റവും ഒരു കുഞ്ഞിന്റെ വളർച്ച പോലെ അത്രയേറെ സമയം എടുത്തു തന്നെ ആയിരുന്നു. സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല എന്ന്  ഇടക്കൊക്കെ ഓർമിപ്പിച്ചത്, നിന്നെ പറ്റി  ഞാൻ കണ്ട സ്വപ്നങ്ങളിലേക്ക് നീ നടന്നു കയറുന്നതു കാണാൻ വേണ്ടി ആണ്. 

 

പിന്നീട് എപ്പോഴാണ് നിന്റെ  തണലിൽ ഞാൻ വിശ്രമിക്കാൻ പഠിച്ചത് എന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല. 

 

മുട്ടിൽ ഇഴഞ്ഞും , ഇടയ്ക്കു ഒന്ന് കാലിടറിയും നടന്നു തുടങ്ങിയ നീ ഇപ്പോൾ എന്റെ കൂടി കൈ പിടിച്ചു ഓടുകയാണ്. 

 

ആ ഓട്ടത്തിനിടയിൽ എപ്പോഴോ ആകാം. . നിന്റെ തണലിൽ എന്റെ ഉള്ളം തണുത്തു തുടങ്ങിയത്.

ആ തണലിൽ ഞാൻ എന്ന ഭാവം ഇല്ലാതെ ആയി, വാശിയും , ദേഷ്യവും, പരിഭവങ്ങളും എന്നിൽ നിന്ന് അപ്രത്യക്ഷം ആയി.  

 

പെട്ടന്ന് ആ തണലിൽ നിന്ന് കാലിടറി ഒന്ന്  മാറി നടന്നപ്പോൾ ആണ് ഞാൻ ഒരു തണലിൽ ആയിരുന്നു എന്ന് പോലും തിരിച്ചറിഞ്ഞത് , അത്രമേൽ ഞാൻ നീയായി മാറിയിരുന്നു .   വേർതിരിക്കാൻ ആകാത്ത വിധം  ഇഴകൾ പോലും ഒന്നായി. 

 

ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത് , കൺപോളകളിൽ വന്നു വീണ ചൂടുള്ള നിശ്വാസം ആണ്.  ആ ഞെട്ടലിൽ നിന്ന് മാറും മുന്നേ ആ നിശ്വാസം എന്റെ കവിളുകളെയും പൊതിഞ്ഞിരുന്നു.  

ചേർത്ത് പിടിച്ചിട്ടു കണ്ണിൽ നോക്കി പറഞ്ഞു. ഡോ തെണ്ടി. .. ‘നമ്മുടെ ഈ ജീവിതം ആയാസരഹിതമായി അല്ലേ …. 

 

ആ കൈകളിൽ ഇറുകെ പിടിക്കുമ്പോൾ , 

ആ കൈകൾക്ക്  സംരക്ഷണത്തിന്റെ തണുപ്പാരുന്നു. 

എത്രയോ നാളായി തേടിയ തണുപ്പ്..

 

സന്തോഷവും സങ്കടവും എല്ലാം നുരഞ്ഞു പൊങ്ങി. 

മുന്നിൽ ഒരു കൂട്ടം പക്ഷികൾ ഉച്ചത്തിൽ ചിറകടിച്ചു പറന്നു പൊങ്ങി. 

ഏതോ ഒരു പൂമരത്തിൽ ചേക്കേറാൻ. 

 

ഡോ. ..ഞാൻ ഇനിയും വരും, വരാതെ ഇരിക്കാൻ എനിക്ക് പറ്റില്ല.  കാണാതെ ഇരിക്കാൻ ഇയാൾക്കും  , നമ്മുടെ ലോകത്തു നമ്മൾ സന്തോഷ ഉള്ളവർ ആയി ജീവിക്കും. 

 

ഞാനും വരും , കാണണം എന്ന് തോന്നുമ്പോൾ ഓടി എത്തും. എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ജോലികളും തീർത്തു ഞാനും കാത്തിരിക്കും.

 

കാത്തിരിക്കാം എന്ന വാക്കുകളിലൂടെ എല്ലാ കാത്തിരിപ്പിനെയും ഇല്ലാതാക്കി, ഒരു ജീവിതം തുടങ്ങുകയായിരുന്നു.  മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ മനസും, മനസിന്റെ പേടിയും ആണെന്ന് പഠിപ്പിച്ചു തന്ന ജീവിതം.

 

ഡോ  നമുക്ക് കാറ്റുകൊണ്ടും, കഥപറഞ്ഞും കുറെ ദൂരം നടന്നാലോ  

 

 ഇപ്പോഴോ??   

 

അതെ ഇപ്പൊ തന്നെ, ഇയാള് വാ..

 

കയ്യിൽ കിട്ടിയ  ഡ്രസ്സ്‌ ഇട്ടു 10 മിനുറ്റിൽ  റെഡി ആയി ഇറങ്ങിയപ്പോൾ സമയം രാത്രി 10 കഴിഞ്ഞിരുന്നു. 

 

ഉപ്പുകാറ്റിൽ  വെള്ളപ്പരപ്പിൽ പൊന്തിക്കിടക്കുന്ന നുരഞ്ഞു പൊങ്ങിയ പത അവിടെ ഇവിടെ ആയി പറന്നു നടക്കുന്നു.  

 

ആ വിരലുകൾ എന്റെ വിരലുകളെ ആണോ ഞാൻ ആ വിരലുകളെ ആണോ ഒരുമിച്ചു നടന്നു തുടങ്ങിയപ്പോൾ ആദ്യം സ്വന്തം ആക്കിയതെന്നു അറിയില്ല. 

 

 

ഡോ...നമ്മൾ പറഞ്ഞിട്ടുള്ളത് ഒക്കെ ഓരോന്നായി നമ്മളെ തേടി എത്തും അല്ലെ.

 

വർഷങ്ങൾക്കു മുന്നേ നമ്മൾ നടന്ന വഴിയിൽ കൂടി ആണ് ഇപ്പോൾ ഇന്ന് വീണ്ടും നടക്കുന്നത്.  ഇയാൾക്ക് ഓർമയുണ്ടോ  അത്

  

അതേഡോ.. ഞാൻ ഓർക്കുകയായിരുന്നു, നമ്മൾ ഒരുമിച്ചു രാത്രിയിൽ നടക്കുന്നതിനെ പറ്റി  പറഞ്ഞിട്ടുണ്ട്. 

 

വാക്കുകൾ കൊണ്ട് ഉലകം ചുറ്റിയവരാണ് നമ്മൾ അല്ലേ

 

.................................. .............................................. .................................................

ഡോ ഇയാള് എവിടെയാ

 

 ഞാൻ സൈക്കിളിൽ വീട്ടിലേക്കു പോകുവാ

 

 മഴയുണ്ടോ 

 

 ഇപ്പോഴാണോ മഴ, ഇപ്പോൾ എവിടെ മഴപെയ്യാനാ. ചീവീടിന്റെ സംഗീതവും, തണുത്ത കാറ്റും ഉണ്ട്. ഇയ്യാൾ വരുന്നോ.

 

 വരുന്നല്ലോ, എനിക്കു പാതിരക്കു തന്നെ നടക്കണം, ഞാൻ വരും "

 

........................... ................................ ....................................

 

ചീവീട് ഇല്ല, കാറ്റുണ്ട്. നമുക്ക് ഇന്ന് സന്തോഷിക്കാൻ ഈ ഉപ്പു കാറ്റു ധാരാളം അല്ലെടോ.  

അതെ അതെ ചീവിടിന് യോഗം ഇല്ല നമുക്ക് വേണ്ടി മൂളി പാട്ട് പാടാൻ. 

 

അനുവാദം ചോദിക്കാതെ ആ കൈവിരലുകളിൽ ഒന്നുകൂടിമുറുകെ പിടിച്ചു. 

പിടി മുറുകുമ്പോൾ രണ്ടു പേർക്കും അറിയാം ഇനി എപ്പോൾ എന്ന ചോദ്യം ആണ് അതെന്നു.

 

വാക്കുകൾ കൊണ്ട് അമ്മാനം ആടി,  ചിരിച്ചു കൊണ്ട് യാത്രപറയാൻ ഉള്ള  രണ്ടുപേരുടെയും മികവ് ഓരോതവണയും കൂടി കൂടി വരുകയാണ്. 

 

 

ഇന്നത്തെ നിലം തൊടാതെ ഉള്ള ഓട്ടം തുടങ്ങിട്ടു ഇപ്പൊ  പതിനാലു മണിക്കൂറായി. .  ഇത്തിരി നേരം എനിക്ക് ആ കാറ്റു കൊണ്ട് ഒന്ന് നിൽക്കണം... വെളുത്ത പൂക്കൾ വിരിയുന്ന ആ മരച്ചോട്ടിൽ!!! അതിനു വേണ്ടി മാത്രം ആണ് മണിക്കൂറുകൾ കടമെടുത്തുള്ള യീ യാത്ര. 

 

മനസ്സിൽ വന്നു നിറയുന്ന സന്തോഷം നിന്നെ കുറിച്ച് ഓർത്തിട്ടു ആണ് എന്ന് ആർക്കെങ്കിലും മനസിലായോ എന്ന് അറിയാൻ ചുറ്റും ഇരുന്ന മുഖങ്ങളിലേക്കു  വെറുതെ അവർ അറിയാതെ നോക്കി. ഓരോ മുഖങ്ങളിലും ഓരോ ഭാവം ആരുന്നു.. ആകുലതയുടെ, രാവിലെ മുതൽ ചെയ്തു തീർത്ത ജോലിയുടെ, ഉറങ്ങി തീരാത്ത രാത്രികളുടെ, ചെയ്ത്  തീർക്കാൻ ബാക്കി ഉള്ളവയിൽ എന്ത് ആദ്യം..... ..നഷ്ടപെട്ടതിന്റെയും, നഷ്ടപെടുത്തിയതിന്റെയും വേദന, ഒരു ദീഘനിശ്വാസം.. അങ്ങനെ അങ്ങനെ... 

 

 

ചില സന്തോഷങ്ങൾ അങ്ങനെ ആണ് ആരോടും അനുവാദം ചോദിക്കാതെ പടിവാതുക്കൽ വരെ വന്നു നിൽക്കും  ഉള്ളിലേക്ക് കടന്നു , കൂടെ കൂടാൻ തയ്യാറായി ഉള്ള ഒരു നിൽപ്പാണ് അതങ്ങനെ...   കൂടെ കൂടാൻ തീരുമാനിച്ചു ഞാനും. 

 

ഒരുപകലും രാത്രിയും തുടർച്ചയായി യാത്ര ചെയ്ത ക്ഷീണം എല്ലാം ഒരു നോട്ടം കൊണ്ട് തീർന്നു. 

 

പതിവ് തെറ്റിക്കാതെ ഉള്ള ചോദ്യം.

 

;-ഇന്ന് ഇനി എന്താ പരിപാടി , പോകും മുന്നേ കാണാം. 

 

പറയുന്ന പതിവ് തെറ്റാറില്ലെങ്കിലും  കാണൽ പലപ്പോഴും നടക്കാറില്ല. 

 

രാവിലെ ഫോൺ ചെയ്തു പറഞ്ഞു 

 

 ഞാനും വരുന്നു 

 

 എവിടേക്കു 

 

 ഇയാള് എവിടെയാണോ , അവിടേക്കു 

 

 എപ്പോൾ 

 

 വരും , ആ ഒരു ഉറപ്പുമാത്രമേ  ഇപ്പോൾ തരാൻ പറ്റൂ.  എനിക്ക് കുറെ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. കൂട്ടത്തിൽ ഈ  തെണ്ടിക്ക് തന്ന  വാക്കും പാലിക്കണം. 

 

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് തെന്നി മാറുമ്പോൾ എപ്പോഴും  കൂടെ ഉണ്ടാരുന്നു. 

ദൂരം ഒന്നിനും ഒരു തടസം അല്ല എന്ന് അനുഭവങ്ങളിൽ കൂടി അറിയുക ആയിരുന്നു. 

 

 ഡോ , ഇടയിൽ യാത്ര മുറിഞ്ഞ ഒരു യാത്രികൻ ആയിരുന്നു ഞാൻ.  ആ  ദൂരം അത്രയും ഞാൻ ഓടി കയറാൻ തീരുമാനിച്ചു.  ഇയാളും തയ്യാറായിക്കോകൂടെ ഓടാൻ, ഇനിയും കാത്തിരിക്കാൻ പറ്റുന്നില്ല.  

 

 ഞാൻ കൂടെ ഉണ്ടാകും. 

 

കൂടികാഴ്ചകളുടെ ഇടവേളകൾ കുറഞ്ഞു വന്നു. ഒരുമിക്കാൻ കിട്ടിയ ഓരോ സാഹചര്യങ്ങളെയും  ദൈവം കരുതി വച്ച ഒരു സമ്മാനം പോലെ രണ്ടു പേരും സന്തോഷത്തോടെ സ്വീകരിച്ചു. 

 

ഈ  രാത്രി ഒന്ന്  പുലർന്നു കിട്ടുക എളുപ്പം അല്ല  , കിടന്നാൽ ഉറക്കം വരില്ല. രാവിലെ വരുമ്പോൾ കഴിക്കാൻ  പട്ടരുടെ കടയിലെ നെയ്‌റോസ്റ്റാണ് പതിവ്. കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വച്ചാൽ  നാളെ ആ പതിവിനു ഒരു അവധി കൊടുക്കാം. 

 

ഇന്ന് രാത്രി സമയം പോകാൻ ഏറ്റവും നല്ല മാർഗവും അതാണ് 

 

ആദ്യം ആയിട്ടാണ് ഞാൻ ഉണ്ടാക്കിയ ആഹാരം കൊടുക്കുന്നത്  , ഇഷ്ടം ആകുവോ എന്ന ചിന്ത ഇല്ലാരുന്നു. 

യീ രാത്രി ഒന്ന്  പുലർന്നു കിട്ടണം അത്രേ ഉള്ളു. പലപ്പോഴും വാക്കുകളിൽ കൂടി പങ്കുവച്ച രുചികൾ, ഇഷ്ടങ്ങൾ , പറഞ്ഞു പഠിപ്പിച്ച പാചകക്കുറിപ്പുകൾ. ... , എനിക്ക്  ഇത്  ഇയാടെ  കൈ കൊണ്ട് ഉണ്ടാക്കി കഴിക്കണം എന്ന് ഇടയ്ക്കു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

 

അടുക്കളയിൽ പാതിരാ വരെ കഴിച്ചു കൂട്ടി പുലരാറായപ്പോൾ ചെറുതായി ഒന്ന് മയങ്ങി. യാത്രകൾ ഇപ്പോൾ ജീവിതത്തിന്റെ ഭാഗം ആയി തീർന്നു. 

 

പട്ടരുടെ മസാല ദോശക്കും , നെയ്‌റോയ്സ്റ്റിനും ഇന്ന് അവധി.

 

എന്നെ പലപ്പോഴും അതിശയിപ്പിച്ചത് ഒന്നിനോടും പുതുമ തോന്നാത്ത ആ സ്വഭാവം തന്നെ ആണ്. 

 

അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ ശാന്തനായി ഇരുന്ന ആഹാരം കഴിക്കുന്ന ആളിനെ ഞാൻ നോക്കി ഇരുന്നത് പോലും ആള് അറിഞ്ഞില്ല  , അഭിപ്രായങ്ങൾ ഒന്നും ഇല്ല. അത് കൊണ്ട് തന്നെ കൊള്ളാവോ എന്ന് ചോദിച്ചതും ഇല്ല. 

 

;- ഡോ. . കുറെ ജോലികൾ ഉണ്ട് കുറഞ്ഞ ദിവസത്തിൽ ചെയ്തു തീർക്കാൻ.

 

 ഇന്ന് എങ്ങോട്ടാ 

 

 ഇന്നിനി എങ്ങോട്ടും  ഇല്ല , നമ്മൾ ഒരുമിച്ചു ഉച്ചക്ക് കഴിക്കാൻ ഉള്ള ആഹാരം ഉണ്ടാക്കി കഴിക്കും , ഇവിടെ തന്നെ ഇരിക്കും. 

 

;- സത്യവാണോ , എവിടെയും പോകാൻ ഇല്ലേ ?

 

;- ആണെടോ. ...പോകാനുണ്ട് , പക്ഷേ ഇന്ന് പോകുന്നില്ല.

 

 

എത്ര പറഞ്ഞാലും തീരാത്ത കഥകൾ ബാക്കി കിടന്നതു കൊണ്ട്  ഉച്ച ഊണ് തട്ടി കൂട്ടാരുന്നു. 

ചോറും, രസവും മെഴുക്കു പുരട്ടിയും കൂട്ടി  സദ്യ  ഉണ്ണാം  എന്ന് അന്നാണ് ഞങ്ങൾ  മനസിലാക്കിയത്. 

 

ഡോ. ..സ്നേഹം എന്താണെന്ന് അനുഭവിച്ചു തന്നെ അറിയണം അല്ലെ. 

 

അതെ. ..വാക്കുകൾ കൊണ്ട് പകരാൻ പറ്റുന്നതല്ല സ്നേഹം.  ഇയാളിൽ കൂടിയാണ് അത് ഞാൻ  അറിഞ്ഞത്.  “പൂർണത” ആ വാക്കിനു വലിയ ആഴം ഉണ്ട്.

 

എനിക്കും ഉണ്ടെടോ പറയാൻ എന്തൊക്കെയോ. ..... സ്നേഹം,ഇഷ്ടം, സന്തോഷം ഇതൊക്കെ ഒരു കൈദൂരത്തിൽ ഉണ്ടായിരുന്നു അല്ലെ?

 

ഡോ…… അപ്പോൾ  നമ്മുടെ സ്നേഹം ഒരുമിച്ചു സ്വീകരിക്കാൻ ഒരാള് വന്നാലോ 

 

വരും…… നമ്മുടെ സ്നേഹത്തിന്റെ പുതുനാമ്പു 

 

 എന്നാ പിന്നെ ആയാലോ 

 

ആകാം

 

ഡോ …. ഇയാടെ കണ്ണിനു നീല നിറമാണ് …. ആ കണ്ണുകളിലെ നീലിമ  എനിക്ക് കാണണം,... കണ്ണ് തുറക്കെടോ.

 

 

അടുത്ത ഒരു യാത്ര പറച്ചിലിന് മണിക്കൂറുകൾ മാത്രമേ ബാക്കി ഉള്ളു. 

 

സാധനങ്ങൾ ഓരോന്നായി അടുക്കി വക്കുന്നത് വെറുതെ നോക്കി ഇരുന്നു. 

 

എന്തെങ്കിലും ഒന്ന് സംസാരിച്ചാൽ ശബ്ദം തൊണ്ടയിൽ കുരുങ്ങി പോകുവോ എന്ന പേടി ഒരു നീണ്ട  നിശ്ശബ്ദതക്കു വഴി മാറി. 

 

അരികെ  ചെന്നൊന്നു മുറുകെ കെട്ടി പിടിക്കാൻ തോന്നി. 

 

;- ഇനി എന്നാ. 

 

;- വരും , ഇനി ഒരുപാട് വൈകില്ല. 

 

;- എനിക്ക് പറ്റുന്നില്ലെടോ ഇയാളെ കാണാതെ , കൂടെ നടക്കാതെ. ..

 

 

കൈകൾ പരസ്പരം മുറുകെ പിടിച്ചു , ഇനി വിട്ടുകളയില്ല എന്ന് പറയും പോലെ. 

 

കണ്ണിൽ  നിന്ന് മറയും വരെ നോക്കി നിന്നു , 

 

എന്റെ ചുറ്റും തണൽ വിരിച്ചു ,ആ തണലിൽ ഞാൻ സുരക്ഷിത ആണെന്ന് ഉറപ്പിച്ച പോലെ ആയിരുന്നു തിരിഞ്ഞു നോക്കാതെ ഉള്ള ആ നടത്തം

 

കൂടുതൽ ഒന്നും ആലോചിക്കാൻ തോന്നി ഇല്ല. 

മനസിനെ അതിന്റെ വഴിക്കു വിട്ടു. 

 

 

 

തോണിയിലേക്കു കയറുന്ന അപരിചിതരെ നോക്കി തോണിക്കാരൻ പറഞ്ഞു കൊണ്ടേ ഇരുന്നു. പടിയിൽ ചവിട്ടല്ലേ വള്ളം മറിയും. 

 

തോണിയെ   വിശ്വസിക്കാതെ കടവിനും തോണിക്കും ഇടയിൽ പെട്ടുപോയവരാണോ പുഴയെയും തോണിയേയും അകലെ നിന്ന് പേടിയോടെ പ്രണയിക്കുന്നത്. 

 

 നിലഇല്ലാ  കയത്തിൽ ശക്തമായി ഉലഞ്ഞു മറിയാതെ ,-- താളത്തിൽ ഉള്ള ഒഴുക്ക്.  തോണിയും യാത്രക്കാരനും പരസ്പരം അറിഞ്ഞു കൊടുത്ത കരുതൽ  തോണി യാത്രയുടെ സുഖം  ആ കരുതൽ ആണ്. 

 

ചെറുതായി വീശിയ കാറ്റിൽ കണ്ണിലേക്ക് പാറി വീണ മുടി ഇഴകളെ ഒഴിവാക്കാൻ കണ്ണുകൾ പതുക്കെ അടച്ചതും നിറയെ വെളുത്ത പൂക്കൾ ഇടമുറിയാതെ പൊഴിയുന്ന വഴിയോരങ്ങൾ തെളിഞ്ഞു,  പതിവ് തെറ്റിക്കാതെ തണൽമരത്തിലെ പൂമൊട്ടുകൾ വിരിഞ്ഞു തുടങ്ങി എന്ന് കാറ്റിനോടൊപ്പം വന്ന സുഗന്ധം പറഞ്ഞു. 

 

കൈ വെള്ളയിൽ നിന്ന്  നിന്ന് ഒരു കുഞ്ഞി കൈ പതുക്കെ അടർന്നു മാറിയത് അറിഞ്ഞാണ് കണ്ണ് തുറന്നതു.

ആ കുഞ്ഞികൈ വെള്ളത്തിൽ തൊടാൻ വേണ്ടി പതുക്കെ പുഴയിലേക്ക് നീണ്ടു ആ കൈകളിൽ പിടിച്ചു പതുക്കെ വെള്ളത്തിലേക്ക് മുട്ടിച്ചപ്പോൾ , വള്ളപടിയിൽ  നിന്ന് ആ കുരുത്തക്കേട് ഇറങ്ങി നിന്നു രണ്ടു കൈകളും വെള്ളത്തിലേക്ക് ഇട്ടു താളം തല്ലി , വെള്ളത്തുള്ളികൾ മുഖത്തേക്ക് വീണപ്പോൾ ,തിരിഞ്ഞു എന്റെ മുഖം കുഞ്ഞികൈകളിലാക്കി ആ കുഞ്ഞു മുഖത്തിന് നേരെ  തിരിച്ചു കണ്ണിലേക്കു നോക്കി ചോദിച്ചു.  

  

ഡോ അയാളെപ്പോയാ  വര്വാ...

 

എന്താ കുഞ്ഞു  പറഞ്ഞത് ? കേട്ടില്ല.

 

ഡോ …അയാള്… എപ്പോയാ.... വര്വാ ….

 

അയാള് അവിടെ നമ്മളെ കാത്തു നിൽപ്പുണ്ട് , നമ്മൾ ഇപ്പൊ എത്തും അവിടെ.

 

ഡോ എന്നുള്ള വിളി  കുഞ്ഞൂ കേട്ട് പഠിച്ചതാണ് , തിരുത്താൻ തോന്നിയില്ല. 

മൂന്നു കൂട്ടുകാരായി മുന്നോട്ട് പോകാം, അതാണ് വേണ്ടത്. 

 

ഒളിപ്പിച്ചു വച്ച നീലിമയും നക്ഷത്രത്തിളക്കവും ഉള്ള ആ കുഞ്ഞി കണ്ണുകൾ സ്നേഹത്തിന്റെ കടലാണ്. 

 

 

എന്റെ വഴികളിൽ എല്ലാം ഇപ്പോൾ വസന്തം ആണ്.

പാതയോരത്തു എന്റെ തണൽ മരം നിറയെ പൂക്കൾ കൊഴിച്ചു കൊണ്ട് നിൽപ്പുണ്ട്., ഏതു കൂരിരുട്ടിലും ആ വെളുത്ത പൂക്കൾ എന്നെ ഉണർത്താൻ വേണ്ടി സുഗന്ധം പരത്തി വാടാതെ നിൽക്കും. 

മനസ് കുതിക്കുകയാണ്  എന്റെ പൂമരം നിഴൽ വിരിച്ച തണലിലേക്ക് എത്താൻ  വേണ്ടി. എല്ലാ ഋതുക്കളെയും പൂക്കാലമാക്കാൻ കഴിയുന്ന മണമുള്ള തണൽ മരം.

 

English Summary : Vasanthathinte Vazhikaliloode, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com