ADVERTISEMENT

ബാഗ് മേശയിലേയ്ക്ക് ഇട്ടിട്ട് അലീന പതുക്കെ കട്ടിലിലേക്കു ചാഞ്ഞു. നല്ല ക്ഷീണം ഉണ്ട്. ഒരു ദൂര യാത്ര കഴിഞ്ഞു വന്നതല്ലേ. ഒരു ബഞ്ചിലിരുന്നു പഠിച്ച് ഒരു മുറിയിൽ നാലു വർഷം ഒന്നിച്ചു കഴിഞ്ഞ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിനു പോയി വന്നതാ. തിരികെ ജോലി ചെയ്യുന്ന നഗരത്തിലെത്തിയപ്പോഴേക്കും ആകെ മടുത്തു. എന്തോ ഒരു ഉന്മേഷക്കുറവ്. ഇന്നിനി പോകാൻ വയ്യ. മാനേജരെ വിളിച്ച് എന്തേലും ഒഴിവു പറയണം. ഫോൺ വിളിച്ച് അവധി പറഞ്ഞു വച്ചപ്പോഴേക്കും റൂംമേറ്റ് നീത പോകാൻ തയാറായി എത്തിയിരുന്നു.

 

‘‘നീ എന്താ വരുന്നില്ലേ.. ഇതെന്നാ ഇരുപ്പാ’’

‘‘ഓ ഇല്ലാ. ഇന്നൂടെ ലീവ് പറഞ്ഞു.’’

‘‘ എന്തു പറ്റി. കല്യാണം കൂടാൻ പോയിട്ട് പണ്ട് തേച്ചിട്ടു പോന്ന ആരെയെങ്കിലും കണ്ടോ.’’

‘‘ഒന്ന് പോകുന്നുണ്ടോ നീ’’

‘‘എന്നാ ആട്ടെ. വൈകിട്ട് വന്നിട്ട് വിശദമായി വിശേഷം ചോദിക്കാം’’

 

നീതയുടെ ചോദ്യം അവളെ വിണ്ടും ആലോചനയിലാഴ്ത്തി. കല്ല്യാണത്തിനു പഴയ പട എല്ലാവരും തന്നെ ഉണ്ടായിരുന്നു. പലരും ജോലിയും കുടുംബവും ഒക്കെ ആയി പലയിടത്താണെങ്കിലും എല്ലാവരും ജസ്നയുടെ കല്ല്യാണത്തിന് എത്തിയിരുന്നു. കൂട്ടത്തിൽ അവനും. രാജീവ്.

 

ആ കാലം, ഹോ!, ഓർക്കുമ്പോഴേ ഒരു സന്തോഷം. ക്ളാസ്സ് കട്ട് ചെയ്തുള്ള പടത്തിനു പോക്കും മൂസാക്കാന്റെ കടേലെ പലഹാരങ്ങളും കോളജ് ടൂറും കലോത്സവങ്ങളും എല്ലാം ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു. അതൊരു കാലം. നാലു വർഷം പോയതെങ്ങനാന്ന് പോലും ഓർക്കുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ മനസ്സിലേക്കു വരുന്നു. ഒപ്പം രാജീവും അവന്റെ പ്രണയവും. 

 

രാജീവിനെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അവന്റെ നിഷ്കളങ്കമായ സംസാരവും കുസൃതി ഒളിപ്പിച്ച കണ്ണുകളും ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന ആ നുണക്കുഴിയും എല്ലാം കൂടെ ആയിട്ട് ചിന്നത്തമ്പി എന്നൊരു വിളിപ്പേരു പോലും ഉണ്ടായിരുന്നു അവന്. ആർക്ക് എന്തു കാര്യത്തിനും മുന്നിൽ തന്നെ കാണും. അടി എങ്കിൽ അടി. പൺകുട്ടികളുടെ ഹീറോ ആയിരുന്നെന്നു പറയാം; ആൺകുട്ടികൾക്ക് അസൂയയും. പക്ഷേ അവനെല്ലാവരുടെയും ചങ്കായിരുന്നു. 

 

രാജീവും ജസ്നയും തമ്മിൽ അടുപ്പമാണെന്നറിഞ്ഞപ്പോൾത്തന്നെ തകർന്ന എത്രയെത്ര ഹൃദയങ്ങൾ. ആർക്കും അസൂയ തോന്നുന്ന പോലൊരു പ്രണയമായിരുന്നു അത്. ഇണക്കുരുവികളെപ്പോലെ കുറുകി കുറുകി ഉള്ള അവരുടെ നടപ്പു കണ്ടു നിൽക്കാൻ തന്നെ നല്ല ഭംഗിയാണെന്ന് കോളജ് മുഴുവൻ പറഞ്ഞിരുന്നു. എല്ലാവരും അംഗീകരിച്ച പ്രണയജോടികൾ. എന്തിനു പറയുന്നു, അധ്യാപകരു പോലും മൗനാനുവാദം കൊടുത്തിരുന്ന പോലെ. 

 

പഠനകാര്യത്തിൽ രണ്ടാളും കൃത്യമായിരുന്നു. കടുകിട തെറ്റാതെ എല്ലാം ചെയ്തിരുന്നു. അതായിരിക്കാം മറ്റു പലർക്കും താക്കീതുകൾ കിട്ടിക്കൊണ്ടിരുന്നപ്പോഴും അധ്യാപകരും അവരെ അംഗീകരിച്ചിരുന്നത്. പക്ഷേ എന്തു സംഭവിച്ചെന്ന് ആർക്കും അറിയില്ല. പഠിത്തം കഴിഞ്ഞപ്പോൾ മറ്റു പല ക്യാംപസ് പ്രണയങ്ങളെയും പോലെ അവരുടെ പ്രണയവും ശുഷ്കിച്ചു വന്നു. വർഷം ഒന്നുരണ്ടു കഴിഞ്ഞു. ഒടുക്കം അവനൊരു കോൾ, അപ്പനും ആങ്ങളമാരും കൂടി കല്യാണം തീരുമാനിച്ചു എന്നും പറഞ്ഞു. കൂടെ ഇറങ്ങി വരാൻ അവൻ നിർബന്ധിച്ചെങ്കിലും വീട്ടുകാരില്ലാതെ ജീവിക്കാനാകില്ലന്ന് അവൾ തറപ്പിച്ചു പറഞ്ഞു. എല്ലാവരുടെയും നന്മയ്ക്ക് അവർ പിരിയുന്നതാ നല്ലതെന്നും പറഞ്ഞ് അവൾ അവനു പറയാനുളളതൊന്നും കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഒടുവിൽ മഹേഷേട്ടൻ സൗമ്യയോട് പറഞ്ഞപോലെ നൈസായിട്ട് ഒഴിവാക്കിയതാ അല്ലേ എന്ന് ചോദിച്ചു ഫോൺ വെച്ചു. 

 

 

കല്ല്യാണം വിളിച്ചപ്പോൾ ജസ്ന പറഞ്ഞ് ഞാൻ വിവരങ്ങൾ അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ താടീം മുടീം വളർത്തി ഒരു വിരഹകാമുകനെ കാണേണ്ടി വരുമല്ലോ എന്ന് ഓർത്തുകൊണ്ടാണ് അവിടെ എത്തിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ച് പഴയതിലും കിടിലനായിത്തന്നെ രാജീവ് കല്ല്യാണത്തിനു വന്നു. കണ്ടാൽ ഇവനാണോ ചെക്കൻ എന്ന് ആരും ചോദിച്ചു പോകും. ജസ്ന വരെ ഏറുകണ്ണിട്ട് ഇടയ്ക്ക് നോക്കുന്നതു കണ്ടു. കല്ല്യാണമൊക്കെ കഴിഞ്ഞ് കൂട്ടുകാരുമായൊത്തുള്ള ലാത്തിയടിയും കഴിഞ്ഞ് ധൈര്യം സംഭരിച്ച് അവന്റെ അടുത്ത് ചെന്നു. 

 

‘‘ ഹായ് രാജീവ്. എങ്ങനെ പോകുന്നു ജീവിതം’’

‘‘ സുഖം. അല്ല, നീ പോണില്ലേ’’

‘‘എന്റെ ബസ് വൈകിട്ട് ആറിനാണ്.’’

‘‘ അപ്പോൾ അതുവരെ എന്താണു പരിപാടി’’

 " Can you be with me for sometime"

പരസഹായത്തിന് ഇപ്പോഴും കുറവില്ലെന്ന് മനസ്സിലായി. എന്നെ ബസ് കേറ്റി വിട്ടിട്ടേ പോകുന്നുള്ളൂ എന്നു പറഞ്ഞു. ഞങ്ങൾ പതിയെ സംസാരിച്ചു കൊണ്ട് പുറത്തേക്കു നടന്നു. സമയം ഇനിയുമുള്ളതു കൊണ്ട് രാജീവിന്റെ ബൈക്കിൽ ഞങ്ങൾ അടുത്തുളള കടൽതീരത്ത് പോയിരുന്നു. അധികം ആളുകളൊന്നും ഇല്ലാത്ത ശാന്തമായൊരിടം. പഴയ കഥകളും കാര്യങ്ങളും ഒക്കെ അയവിറക്കി സമയം ചെലവഴിച്ചു. ബസ്സിന്റെ സമയം ആയപ്പോൾ ഞങ്ങളവിടുന്നു പോന്നു. എനിക്ക് ഒരു കുപ്പി വെള്ളം വാങ്ങി തന്ന് ബസിലേക്കു കയറിക്കൊള്ളാൻ പറയാൻ തുടങ്ങിയവന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

 

‘‘നിനക്കെന്നെ കെട്ടാമോ’’

അമ്പരന്നു നിൽക്കുന്ന അവനെ ഒന്ന് തട്ടിക്കൊണ്ട് വീണ്ടും ചോദിച്ചു.

‘‘നിനക്കെന്താടീ തലയ്ക്ക് ഓളമാണോ’’

‘‘അതൊന്നും എനിക്കറിയില്ല. ഇപ്പോ എനിക്ക് ചോദിക്കണമെന്നു തോന്നി. ചോദിച്ചു. എന്തിനും ഒരു രണ്ടാമൂഴം ഇല്ലേ. അങ്ങനെ കരുതിയാ മതി. എന്നായാലും ഒരാളെ കൂടെ കൂട്ടിയല്ലേ ഒക്കൂ. ഒരു പരിചയോമില്ലാത്ത ഒരാൾക്ക് പകരം മൂന്നാലു കൊല്ലം ഒന്നിച്ച് ഉണ്ടായിരുന്ന ഒരാളാകുമ്പോ ഭേദമല്ലേ’’

 

‘‘കെട്ടിനെപ്പറ്റി ചിന്തിക്കാൻ പറ്റിയ സമയം. മരണം കൊണ്ടു പോലും നമ്മളെ ആർക്കും പിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞവളുടെ കല്ല്യാണത്തിന് ഉപ്പ് വിളമ്പീട്ട് വരുകാ. അപ്പോഴാ. ഇതെന്നാ ഒന്നു പോയാൽ വേറൊന്ന് എടുത്ത് വയ്ക്കാൻ‌, മനസ്സല്ലേ മോളെ’’

 

‘‘എനിയ്ക്ക് പെട്ടന്ന് ഒരു മറുപടി വേണ്ടാ. നീ സമയം എടുത്ത് പറഞ്ഞാൽ മതി. നമ്പർ ഉണ്ടല്ലോ അല്ലേ?’’

 

വണ്ടി വിട്ടപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി. അവൻ അവിടെ തന്നെ നിൽക്കുന്നു. ഇവൾക്കിതെന്തു പറ്റി എന്നൊരു ഭാവത്തിൽ. യാത്ര മുഴുവൻ ഞാനും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്. എനിക്കെന്താ അങ്ങനെ തോന്നാൻ. ഒരിക്കൽ പോലും അങ്ങനെ ഒരു തോന്നൽ അവനോട് തോന്നിയിട്ടേയില്ല. കൂട്ടുകാരിയുടെ കാമുകൻ എന്നതിലുപരി എന്നും ഒരു നല്ല സുഹൃത്തായിരുന്നു രാജീവ്. 

 

ആളൊരു ആൾ റൗണ്ടർ ആയിരുന്നു കോളജിൽ. അവള് തേച്ചല്ലേ എന്നു പറഞ്ഞ് വിളിച്ചവരോടു പോലും അവൾടെ പക്ഷംനിന്ന് വാദിച്ചവൻ. എനിക്കെന്തോ അവനെ കണ്ടപ്പോൾ മുതൽ ഒരു അസ്വസ്ഥത. എന്താണെന്ന് മനസിലായില്ലായിരുന്നു. പക്ഷെ കൂടെ കൂട്ടുന്നോ എന്ന് ചോദിച്ചു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. വരും വരായ്ക ഒന്നും ചിന്തിച്ചില്ല. വിളിക്കുമോന്ന് നോക്കാം.

 

മൊബൈലിൽ മെസ്സേജുകൾ വരുന്ന ശബ്ദം കേട്ട് ഒരുപാട് പ്രതീക്ഷയോടെയാണ് കട്ടിലിൽനിന്നു ചാടി എഴുന്നേറ്റത്. സമയം കുറേ കഴിഞ്ഞിരിക്കുന്നു. കല്ല്യാണത്തിനെടുത്ത ഫോട്ടോകൾ ഗ്രൂപ്പിൽ വന്നതാരുന്നു. അലീന പോയി ഫ്രഷായി വന്ന് ഫോട്ടോകൾ കാണാൻ തുടങ്ങി. മിക്ക ഫോട്ടോയിലും അവൾ അവന്റെ അടുത്തായിട്ടാണ് ഉള്ളത്. അവൾ വീണ്ടും ഫോട്ടോകൾ ഒക്കെ കണ്ടു. ഒരു സന്തോഷം തോന്നി. അറിഞ്ഞുകൊണ്ട് അടുത്തു നിന്നതൊന്നുമല്ല. ഒരു പക്ഷേ നിമിത്തം ആയിരിക്കും. അവൾ ഫോൺ മാറ്റി വച്ച് ഒന്നു മയങ്ങി. എത്ര നേരം ഉറങ്ങിയെന്നറിയില്ല. ഉണർന്നപ്പോഴേ ഫോൺ എടുത്ത് നോക്കി. കോളുകൾ ഒന്നുമില്ല. പക്ഷേ മെസ്സേജുണ്ട്. തുറന്ന് നോക്കുമ്പോൾ അറിയാതെ ഹൃദയമിടിപ്പ് കൂടുന്നത് അവളറിഞ്ഞു.

 

‘‘അലീന, ഒരു രണ്ടാമൂഴം അസാധ്യമാണ്. എന്റെ പ്രണയം ഇന്നും എന്നിൽ നിറഞ്ഞു നിൽക്കുന്നു. വേറെ ഒരാളിലേക്കത് പറിച്ചു നടാൻ എന്നെ കൊണ്ട് ആകുമെന്ന് തോന്നുന്നില്ല. Sorry if i hurt you. എന്നും വിളിച്ചാൽ വിളിപ്പുറത്ത് ഞാനുണ്ടാകും’’

 

മെസ്സേജിലേക്കു നോക്കി എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് ഓർക്കുന്നില്ല. ഓഫിസ് വിട്ടു വന്ന നീതയുടെ കലപില ആണ് ബോധമുണ്ടാക്കിയത്. അത്താഴം കഴിച്ച് കല്ല്യാണ വിശേഷങ്ങളൊക്കെ പറഞ്ഞ് കിടക്കാൻ നേരം ഫോൺ എടുത്ത് മറുപടി അയച്ചു.

 

‘‘കാത്തിരിക്കാം. പറിച്ചു നടാൻ പ്രാപ്തി ആകുമ്പോൾ വിളിക്കുമെന്നു പ്രതീക്ഷിച്ച്’’

 

English Summary : Aleena, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com