ADVERTISEMENT

അപ്പുനായരുടെ ഇഡ്ഡലി (കഥ)

 

ഇഡ്ഡലി കാണുമ്പോഴൊക്കെ ജോർജിന് ഓർമ വരിക അപ്പുനായരുടെ ചായക്കടയിലെ ഇഡ്ഡലിയാണ്. പക്ഷേ ഇഡ്ഡലി  എന്ന് എവിടെ നിന്ന് കഴിച്ചാലും ആ സ്വാദ് നാവിൽ വരാറില്ല എന്നതാണ്  സത്യം. 

നാട്ടിൻപുറത്തെ വീടിനടുത്തുള്ള ചായക്കടയായിരുന്നു അപ്പുനായരുടേത്. അവിടുത്തെ ഇഡ്ഡലിയുടെ സ്വാദിനെക്കുറിച്ച്  കൂട്ടുകാരിൽ നിന്ന് കേട്ടിരുന്നു. 

 

സ്‌കൂളിലേക്ക് പോകും നേരം അപ്പുനായരുടെ കടയിലെ മൂന്നറയുള്ള  ചില്ലലമാരയിലെ നടുവിലെ അറയിൽ വലിയൊരു തട്ടിൽ ഒരു പിരമിഡ് ഉണ്ടാക്കിവെച്ചതുപോലെ മനോഹരമായി, വായിൽ കപ്പലോടിക്കാൻ പാകത്തിൽ ഇഡ്ഡലി നിവർന്നിരിക്കുമായിരുന്നു. ഉച്ചയ്ക്ക് ഊണുകഴിക്കാനുള്ള ബെല്ലടിച്ചു വീട്ടിലേക്ക് പോകും നേരം എന്നും ജോർജ് അവിടേക്ക് നോക്കുമായിരുന്നു. എന്നാൽ അപ്പോഴേക്കും ഇഡ്ഡലിയുടെ സ്ഥാനത്ത് അവിടെ സുഖിയനും പരിപ്പുവടയും നിശ്ചിതമയൊരകലത്തിൽ ചായക്കുള്ള ചെറുകടികളായി കൂടിക്കിടക്കുന്നുണ്ടാകും. 

 

നാലുമണിക്ക് സ്‌കൂൾ വിട്ടുപോകുമ്പോഴാകട്ടെ ഒഴിഞ്ഞ അലമാര കടയടക്കാനുള്ള തയാറെടുപ്പോടെ സംതൃപ്തിയോടെ നിൽക്കുമായിരുന്നു. സ്‌കൂൾ വിട്ട് അൽപം കഴിഞ്ഞാൽ അപ്പുനായരുടെ ചായക്കട അടയ്ക്കും. അതാണ് അതിന്റെ ഒരു സമയക്രമം . മറ്റൊന്നും അവിടെനിന്ന് കഴിക്കണമെന്നില്ലായിരുന്നെങ്കിലും അപ്പുനായരുടെ ഇഡ്ഡലി കഴിക്കണമെന്ന ആഗ്രഹം ജോർജിനുള്ളിൽ വല്ലാതെ  കിടന്ന് പെരുകി. പക്ഷേ ഒരിക്കലും അന്നൊന്നും അവിടെ പോയി കഴിക്കാൻ കഴിഞ്ഞിട്ടില്ല. അച്ചടക്കത്തിൽ വളർത്തുന്ന, ഉള്ളതുകൊണ്ട് അടങ്ങിയൊതുങ്ങി ജീവിക്കുന്ന  അപ്പന് മകൻ നാട്ടിലെ ചായക്കടയിൽ കയറുന്നത് ഒട്ടും സമ്മതമായിരുന്നില്ല. 

 

അപ്പൻ തന്നെ പുറത്തുള്ള കടകളിൽ പോയി എന്തെങ്കിലും കഴിക്കുന്നത് ജോർജ് കണ്ടിട്ടില്ല. വീട്ടിൽ അമ്മച്ചി വെച്ചുകൊടുക്കുന്നതെന്തോ അത് മാത്രമായിരുന്നു അപ്പന്റെ ഭക്ഷണം. അങ്ങനെ അത്ര അടുത്തുണ്ടായി രുന്നിട്ടും ആ ഇഡ്ഡലി കിട്ടാക്കനിയായി. അപ്പൻ അറിയാതെ ഏങ്ങനെയെങ്കിലും കഴിക്കാമായിരുന്നിട്ടും അത് വേണ്ടെന്ന് വെച്ചു. മുണ്ടുമുറുക്കിയുടുത്തിട്ടാണെങ്കിലും അപ്പൻ മുറുക്കെപ്പിടിച്ചു കൂടെകൊണ്ടുനടക്കുന്ന  മൂല്യങ്ങളും   ആദർശങ്ങളും തന്നിലൂടെ വില കുറയേണ്ടല്ലോ എന്നു കരുതി ജോർജ് തന്നിലുള്ള അപ്പുനായരുടെ ഇഡ്ഡലിക്കൊതിയൊക്കെ പുറത്തെടുക്കാതെ തന്നിൽ തന്നെ പൂഴ്ത്തിവെച്ചു. 

 

ജോർജ് പ്രീഡിഗ്രി കഴിഞ്ഞിരിക്കും നേരമാണ് ഒരു ദിവസം ഉച്ചക്ക് അപ്പനെ കാണാൻ അപ്പുനായർ വരുന്നത്. സ്കൂളിൽ പഠിക്കുന്ന അപ്പുനായരുടെ കുട്ടികൾക്ക് വല്ലതും പറഞ്ഞു കൊടുക്കാൻ ഒരാളെ വേണം. ജോർജിനെക്കൊണ്ട് പറ്റുമോ എന്നതാണ് ചോദ്യം, അപ്പന്റെയും അപ്പുനായരുടെയും.. ജോർജിന് എന്ത് വിസമ്മതം.. പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്..കാലത്തെ സമയം മാത്രമേ ഒഴിവുള്ളൂ.. ആയിക്കോട്ടെ എന്ന് നായരും.. 

 

ആദ്യത്തെ ദിവസം പഠിപ്പിക്കാൻ ചെന്ന ജോർജ് മാഷിന് നായർ ഒരു ചായ കൊടുത്തു. തുടക്കത്തിലേ എവിടെ , എങ്ങനെ   പിടിക്കണമെന്ന്  മാഷിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലായിരുന്നു. ഒരു ദിവസം പോരല്ലോ. മാഷ് സ്നേഹപൂർവ്വം ചായ നീക്കിവെച്ച് പറഞ്ഞു :

 

‘‘അപ്പോരേ, ചായ വേണ്ട.. എനിക്ക് നിങ്ങളുടെ ഇഡ്ഡലി മതി.. ചായയ്ക്ക് പകരം  കൂടി ഇഡ്ഡലി ആയിക്കോട്ടെ’’

 

അങ്ങനെ എന്നും വയറു നിറച്ചു ഇഡ്ഡലിയും വേണ്ടെന്നു പറഞ്ഞെങ്കിലും ചായയും അപ്പുനായർ മാഷിന് കൊടുത്തു. സാധാരണ ഞാറാഴ്ച അപ്പുനായർ കട തുറന്നില്ലെങ്കിലും മാഷ് അധ്യാപനത്തിന് അവധി കൊടുത്തില്ല. ഞായറാഴ്ചകളിൽ തങ്ങൾക്കുള്ള ഇഡ്ഡലിക്കൊപ്പം മാഷിനുള്ളതുകൂടി അപ്പുനായർ ഉണ്ടാക്കി കൊടുത്തു. അതാകട്ടെ സാധാരണത്തെക്കാൾ രുചിക്കൂടുതൽ ഉള്ള സ്പെഷ്യൽ ഇഡ്ഡലിയായിട്ടാണ് മാഷിന് തോന്നിയത്.

 

നഗരത്തിൽ ജോലി കിട്ടി കുടുംബത്തോടൊപ്പം താമസിക്കുമ്പോഴും ജോർജ് ഇടയ്ക്കിടെ അപ്പനരികെ വരും. അപ്പോഴൊക്കെ അപ്പുനായരുടെ കട നോക്കും. ഒരു ദിനം നാലുമണിക്ക് സ്‌കൂൾ വിട്ട് പോകുന്ന കുട്ടികളെ നോക്കി നിരപ്പലക ചാരി നിന്ന അപ്പുനായർ സാവധാനം താഴേക്ക് ഊർന്നിരിക്കുകയായിരുന്നു. അങ്ങനെ ആ നിരപ്പലകയിൽ  ചാരിയിരുന്ന് തനിക്കനുവദിച്ചു കിട്ടിയിരുന്ന അവസാന ശ്വാസവും വലിച്ചുതീർത്തു. അത് കാണാനും അറിയാനും ഒരു ഇഡ്ഡലിയോ പരിപ്പുവടയോ സുഖിയനോ പോലും ആ അലമാരയിൽ അവശേഷിച്ചിരുന്നില്ല. 

 

അപ്പുനായരുടെ കാലശേഷം കട അടച്ചിട്ടു.നിരപ്പലക മാറ്റി വാതിൽ വെച്ചു. അങ്ങനെ ഒരു കട അവിടെ ഉണ്ടെന്ന് തന്നെ ഇപ്പോൾ തോന്നില്ല. അടഞ്ഞു കിടക്കുന്ന ആ വാതിൽ കാണുമ്പോൾ ജോർജ് തന്റെ കയ്യിൽ നോക്കും. ഇഡ്ഡലിയും ചട്ട്ണിയും സാമ്പാറും കുഴഞ്ഞ മണം മൂക്കിൽ കയറുമ്പോൾ അറിയാതെ വിരലുകൾ വായിൽ കൊണ്ടുപോകും. 

 

മിക്കവാറും ദിവസം പ്രാതലിന് ഇഡ്ഡലി തന്നെയാണ്. അപ്പോഴൊക്കെ പഞ്ഞി പോലെ മൃദുവായ ഇഡ്ഡലിക്ക് മുകളിൽ പച്ചമുളക് ചട്ട്ണിയും ഉള്ളിയും പരിപ്പും ചേർത്ത സാമ്പാറും ഒഴിച്ച് സൂസന്ന ക്ഷമയോടെ കാത്തു നിന്ന് ചോദിക്കും. 

 

‘‘എങ്ങനെയുണ്ട്?  നന്നായോ?’’

 

‘‘ഉം.. കൊള്ളാം.. പക്ഷേ അപ്പുനായരുടെ ഇഡ്ഡലിയോളം വരില്ല...’’

 

‘‘ ഓ, നിങ്ങടെ ഒരു അപ്പുനായരുടെ ഇഡ്ഡലി’’

 

കെറുവിച്ച് അടുക്കളയിൽ പോകുമ്പോൾ..., ബാക്കി അടുക്കളയിൽ നിന്ന് , തോൽവി ഉറപ്പായിക്കഴിഞ്ഞാൽ ഒളിപ്പോരിലേക്ക് പിൻവാങ്ങുന്ന പോരാളിയെപോലെ പിറുപിറുക്കും...

 

‘‘നോക്കിക്കോ.. ഒരു ദിവസം അതിനേക്കാൾ നല്ല ഇഡ്ഡലി ഞാൻ ഉണ്ടാക്കിത്തരും.. എന്നിട്ട് നിങ്ങളെക്കൊണ്ടത് സമ്മതിപ്പിക്കും.. അല്ലെങ്കീ ഞാൻ പടവീട്ടിലെ പെണ്ണല്ല’’

 

പക്ഷേ ഓരോ തവണ ഇഡ്‌ഡലി ഉണ്ടാക്കിക്കൊടുക്കുമ്പോഴും മുറ തെറ്റാതെ സൂസന്ന  ജോർജിനോട് അത് ചോദിച്ചുക്കൊണ്ടിരുന്നു. അപ്പോഴൊക്കെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ജോർജ് പഴയ കാലത്തെ തന്റെ അപ്പുനായരുടെ ഇഡ്ഡലിയെ കൊണ്ടുവന്നുയർത്തി നിർത്തി. ദേഷ്യം മൂത്ത് സഹികെടുമ്പോൾ സൂസന്ന  പറഞ്ഞു സമാധാനപ്പെടും..:

 

‘‘ഞങ്ങൾ പടവീട്ടിൽ തറവാട്ടിലെ പെണ്ണുങ്ങൾക്കേ  ഇഡ്ഡലി ഉണ്ടാക്കുന്നതിലല്ല മിടുക്ക്. ബീഫും കള്ളപ്പോം ഉണ്ടാക്കുന്നതിലാ..നിങ്ങടെ അപ്പുനായർക്ക് അതിനു പറ്റില്ലല്ലോ’’

 

അതുകേൾക്കുമ്പോൾ ഊറിച്ചിരിച്ചുകൊണ്ട് ജോർജ് സൂസന്നയുടെ ഇഡ്ഡലി ചവച്ചിറക്കും...  പിന്നിട്ട കാലത്തിനിടെ ഒരിടത്ത് വെച്ച് ജോർജിനും സൂസന്നക്കും പിരിയാനുള്ള നേരമായി. ആശുപത്രി കിടക്കയിൽ വെച്ച് ജോർജിന്റെ വലതുകൈവിരലുകളിൽ മുറുക്കെ പിടിച്ച് സൂസന്ന അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ആ കണ്ണുകൾ ഏറെനേരത്തേക്ക്  പിൻവലിച്ചതേയില്ല. ജോർജിൽ കുറ്റബോധം കനത്തു. ഒരിക്കലെങ്കിലും, കളിയായിട്ടെങ്കിലും, സൂസന്നയുടെ ഇഡ്ഡലി അപ്പുനായരുടെ ഇഡ്ഡലിയെക്കാൾ നല്ലതെന്ന് താൻ പറയേണ്ടതായിരുന്നു എന്നയാൾക്ക് ഉള്ളിൽ നീറ്റൽ അനുഭവപ്പെട്ടു.  

 

നഷ്ടമേതുമില്ലാത്ത ആ വാക്കുകൾ തങ്ങൾക്കിടയിൽ എപ്പോഴെങ്കിലും വാർന്നുവീഴേണ്ടതായിരുന്നു എന്നൊരു നഷ്ടബോധം ജോർജിൽ എരിഞ്ഞു തികട്ടി. അത്രയും കാലം തനിക്കൊപ്പം ജീവിച്ച സൂസന്നയോട് താൻ നീതിപുലർത്തിയതേയില്ല എന്ന് മറ്റാരോ തനിക്കുള്ളിൽ ഇരുന്ന് പറയുന്നതായും  ജോർജിന് തോന്നി. അതുവരെ സൂസന്ന ഉണ്ടാക്കിത്തന്ന ഇഡ്ഡലി ഒഴികെയുള്ള രുചിയേറിയ തീന്മേശാവിഭവങ്ങൾ തന്നെ തുറിച്ചു നോക്കി ഭയപ്പെടുത്തുന്നതായി അയാൾ അറിഞ്ഞു. അടുത്ത ഏതുനിമിഷവും അവ ഒന്നടങ്കം തന്നെ വന്ന് ആക്രമിക്കുമെന്ന് ജോർജ് ആശങ്കപ്പെട്ടു. 

 

അന്നുമുതൽ ഇഡ്ഡലി കണ്ടാൽ ജോർജിലേക്ക് നിറഞ്ഞത് സൂസന്നയുടെ കയ്യിൽനിന്ന് അവസാനമായി ഇരച്ചുകയറിയ തണുപ്പിന്റെ രുചിയും ഗന്ധവും മാത്രമായിരുന്നു.  അപ്പുനായരുടെ ഇഡ്ഡലി അയാളിൽ ഒട്ടുമേ ഇല്ലാതായി...

 

English Summary : Appunayarude Idaly, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com