ഈ കൊറോണ എന്നു തീരാനാ? ഇതിലും വലുതുവല്ലോം വരാനിരിക്കുന്നോന്ന് ആർക്കറിയാം!  പെണ്ണാണോ പെരയാണോ വലുത് !

റേഞ്ച്
പ്രതീകാത്മക ചിത്രം : ddisq / Shutterstock
SHARE

റേഞ്ച്  (കഥ)

സ്കൂട്ടർ വന്നു നിർത്തുന്ന ഒച്ച കേട്ടിട്ട് പിന്നെ അനക്കമൊന്നും കേൾക്കാഞ്ഞാണ് തിരക്കിട്ട അടുക്കളപ്പണികൾക്കിടയിൽ നിന്ന് ഗീത പുറത്തു വന്നു നോക്കിയത്. സാധാരണ കട പൂട്ടി വന്നാലുടൻ രമേശൻ മുറ്റത്തു നിന്നേ വിളിക്കും. ‘‘ഗീതേ, ആ തോർത്തിങ്ങെടുത്തേ’’- തോർത്തും കൈലിമുണ്ടും കൊണ്ടുക്കൊടുത്തിട്ട് തിരിച്ചു വന്ന് ചായയെടുക്കുമ്പോഴേക്ക് പുറത്തെ കുളിമുറിയിൽ കയറി കുളി കഴിഞ്ഞ്  ഇട്ടിരുന്ന ഡ്രസ് ബക്കറ്റിലെ സോപ്പു വെള്ളത്തിൽ മുക്കി വച്ച്, മാസ്ക് കഴുകി തൂക്കിയുമിട്ടിട്ടേ രമേശൻ വീട്ടിലേക്ക് കയറുകയുള്ളു. കൊറോണക്കാലം തുടങ്ങിയപ്പോ മുതലുള്ള ശീലമാണ്.  ആ രമേശനാണ് ഇന്നു മിണ്ടാതെ വന്ന് വരാന്തയിൽ കയറിയിരിക്കുന്നത്! 

‘‘എന്തു പറ്റി രമേശേട്ടാ? നിങ്ങളെന്താണ് വന്നിട്ട് വിളിക്കാണ്ടെ ഇവിടെയിരിക്കണെ? കുളിക്കണൂല്യെ ?’’

ഒന്നൂലെന്ന അർത്ഥത്തിൽ ചുമലൊന്നിളക്കി രമേശൻ പറഞ്ഞു. ‘‘നീയാ തോർത്തിങ്ങെടുക്ക്. കുളിച്ചേച്ച് വരാം ’’

ഇതിയാനിതെന്തു പറ്റിയെന്നു പിറുപിറുത്ത് ഗീത തോർത്തും മാറ്റാനുള്ളതും കൊണ്ടുക്കൊടുത്തിട്ട് അടുക്കളയിലേക്കു തിരിച്ചുപോയി. ചമ്മന്തിക്കുള്ള ഉണക്കമീൻ ചുട്ടത് അടച്ചു മാറ്റി വച്ച് ചായയ്ക്കു വെള്ളം വച്ചു. എന്തേലും മീനില്ലാതെ അച്ഛനും മോനും ചോറിറങ്ങില്ല. പച്ച മീൻ കിട്ടാതായതോടെ ഉണക്കമീനാണ് ആശ്രയം. അതു പൂച്ച കൊണ്ടു പോയാൽ അത്താഴ കാര്യം തീരുമാനമായി!

വൈകിട്ട് ചൂടോടെ ചോറുണ്ണണമെന്ന് രമേശനു നിർബ്ബന്ധമാണ്. ചോറു വാർത്ത് തടയിലിട്ട്, ചായയും കൊണ്ട് ചെല്ലുമ്പോൾ ആൾ കുളിയും കഴിഞ്ഞ് ടിവിയും വച്ച് ഇരിക്കുന്നുണ്ട്. ടിവിയിൽ വാർത്താ ചാനലു വച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കുന്നേയില്ല.

‘‘ചായയും വേണ്ടേ? നിങ്ങളിതെന്തു നോക്കിയിരിക്കുവാ?’’

‘‘മനു എന്തിയേടി’’?

‘‘അവനാ മുറിക്കാത്തെങ്ങാനും ഫോണേൽ തോണ്ടിക്കോണ്ട് ഇരിക്കുവാരിക്കും. അല്ലാതെവിടെപ്പോകാനാ ?’’

ഒന്നേയുള്ളു. എട്ടാം ക്ലാസ്സുകാരനാണ്. സ്കൂളിൽ പോക്കില്ലല്ലോ. ഓൺലൈൻ ക്ലാസല്ലേ... ഫോൺ മേടിച്ചു കൊടുക്കാതെന്തു ചെയ്യാനാ.

‘‘എടീ, നീയറിഞ്ഞോ? നമ്മടെ ബേബിച്ചൻ വീടു വിൽക്കാൻ പോവാന്ന്. പോവാന്നല്ല, കച്ചോടമാക്കിയെന്നാ കേട്ടത്. അതും ഭയങ്കര നഷ്ടവെലയ്ക്ക്. കേട്ടപ്പ ചങ്കിലിടിത്തീ വീണപോലെയായിപ്പോയി.’’

അപ്പം അതാണു കാര്യം. വന്നപ്പോ മുതൽ ഏതാണ്ടും കളഞ്ഞു പോയ പോലെ ഇരുന്നത് ചുമ്മാതല്ല.....

‘‘ഓ അതോ, ഞാനറിഞ്ഞതാ. അതിനിപ്പം എന്നാ ? അയാളു വച്ച വീട് അയാളു വിക്കുന്നു, അത്ര തന്നെ.’’

‘‘അത്രേയുള്ളോ? നിനക്കു പറഞ്ഞപ്പോൾ എത്ര നിസ്സാരം. ഒരു നല്ല വീടുണ്ടാക്കാൻ അവൻ എത്ര കാലം ആഗ്രഹിച്ചു. എത്ര കഷ്ടപ്പെട്ടു. എന്തുമാത്രം ലോണും ചിട്ടിയും - എന്നിട്ടിപ്പം  അതു കൊടുത്തു കളഞ്ഞേച്ച് പോവാത്രേ! ഓർക്കുമ്പത്തന്നെ സഹിക്കണില്ല’’

‘‘അതിപ്പം കടമൊക്കെ വീട്ടണ്ടായോ? കുറേ കാണുവല്ല്. ഒരു പെണ്ണ് വളന്നു വരുവല്ലേ? ഇതാന്നു പറയുന്ന നേരം കൊണ്ട് അതിനെ കെട്ടിക്കാറാകുകേലേ ? നിങ്ങള് ചായ കുടിച്ചേച്ച് കണക്കെഴുതാനൊണ്ടെങ്കി ഇരുന്നെഴുത്. എന്റെ പണിയൊന്നും തീർന്നില്ല. ഞാമ്പോട്ടെ’’

രമേശനെ വിഷമിപ്പിക്കണ്ടാന്നു കരുതി  നിസാരവൽക്കരിച്ചു പറഞ്ഞെങ്കിലും  അയാളുടെ മനസ്സ് ഗീതയ്ക്കറിയാമായിരുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല രമേശനും ബേബിച്ചനുമായുള്ള ബന്ധം. ഒന്നിച്ചു കളിച്ചു വളർന്നോരാണ്. ആദ്യം പെണ്ണുകെട്ടിയത് ബേബിച്ചനാണ്. ഭാര്യ ലിസി. രണ്ടു മക്കൾ. ഒരു പെണ്ണും ഒരാണും. മൂത്തവൾ സീന. ഇളയവൻ സച്ചു. സച്ചുവും മനുവും സമപ്രായക്കാരും സഹപാഠികളുമാണ്. അതുപോലെ തന്നെ പെണ്ണുങ്ങളും നല്ല കൂട്ടാണ്. 

കെട്ടിക്കോണ്ടു വന്ന കാലത്ത് രമേശനും ബേബിച്ചനും  കൂട്ടു ബിസിനസ്സായിരുന്നു. ബിസിനസെന്നു പറയാൻ മാത്രം അത്ര വലിയ സംഭവമൊന്നുമല്ല.... ജംഗ്ഷനിലൊരു തട്ടുകട. വല്യ തട്ടു കേടൊന്നുമില്ലാതെ പൊയ്ക്കോണ്ടിരുന്നതിനിടെയാണ് ബേബിച്ചനൊരു ഗൾഫ് യാത്ര തരപ്പെടുന്നത്. ‘‘കൂട്ടുകൂടിയൊള്ള എടപാടൊന്നും ശാശ്വതമാകേല. എപ്പാഴായാലും തല്ലിപ്പിരിയേയുള്ളു. അല്ലെങ്കിത്തന്നെ നാട്ടി നിന്നാ എങ്ങനെ രക്ഷപ്പെടാനാ. എല്ലാക്കാലോം ഈ ഒടിച്ചു കുത്തിപ്പെരയ്ക്കാത്ത് കെടന്നാ മതിയോ. ഗൾഫീപ്പോയി അഞ്ചാറു കൊല്ലം പണിയെടുത്താ ഒരു നല്ല പെരേം വയ്ക്കാം പിള്ളാരു വളരുമ്പഴേക്ക് പത്തു കാശു കൈയിലുമിരിക്കും.’’ ഇങ്ങനെ ‘വേണ്ടപ്പെട്ടവരാരോ’ കുത്തിത്തിരിച്ചിട്ടാണ് ബേബിച്ചൻ കടം കേറിയായാലും കാശു കൊടുത്ത് ഗൾഫിൽ ജോലിക്കു പോയതെന്നാണ് രമേശന്റെ വിശ്വാസം. ഏതായാലും അന്നു മുതൽ പുറമേയില്ലെങ്കിലും മനസ്സുകൊണ്ട് അവർക്കിടയിൽ ഒരിത്തിരി അകലം വന്നു. സാധാരണ ഗതിയിൽ പെണ്ണുങ്ങളാണ് ആദ്യം അകന്നു പോകുന്നത്; പക്ഷേ ഗീതയും ലിസിയും അന്നുമിന്നും ഒരു പോലെ തന്നെ.

തട്ടുകട പിന്നെ രമേശനും ഒറ്റയ്ക്ക് മടുപ്പായി. പതിയെ പലചരക്കുകടയിലേക്ക് തിരിഞ്ഞു. ചുവടുപിടിച്ചു വരാൻ കുറച്ചു സമയമെടുത്തെങ്കിലും സാമാന്യം തരക്കേടില്ലാതെ നടത്തിക്കൊണ്ടുപോകാൻ പറ്റി. ബേബിച്ചന്റെ ഗൾഫ് ജോലി പക്ഷേ ഉദ്ദേശിച്ചത്ര പ്രയോജനപ്പെട്ടില്ല. ശമ്പളം കുറവും അദ്ധ്വാനം കൂടുതലും - പോയ കടം ഏകദേശം വീട്ടിക്കഴിഞ്ഞപ്പോഴേക്ക് ആൾ മതിയാക്കി തിരിച്ചു പോന്നു. നീക്കിയിരുപ്പും മറ്റും കൂട്ടിപ്പെറുക്കി വീടുവക്കാൻ ഇച്ചിരെ സ്ഥലം മേടിച്ചിട്ടു. കുറച്ചു ദൂരെയാണെങ്കിലും വണ്ടി കേറിച്ചെല്ലും. ഏതു വേനലിലും വെള്ളം വറ്റാത്ത കിണറും. അങ്ങനെയൊന്നും ജീവിതത്തോട് തോറ്റു കൊടുക്കുന്ന ആളല്ലായിരുന്നു ബേബിച്ചൻ.  മീൻ പിടിത്തം തൊട്ട് തെങ്ങു കേറ്റവും പെയിൻറിംഗും വണ്ടിപ്പണിയും-എന്നു വേണ്ട സർവ്വ പണിക്കും പോകും. ലിസിയും നല്ല അദ്ധ്വാനിയാണ്. തൊഴിലുറപ്പു പണിക്കു പോയും വീട്ടുജോലി കഴിഞ്ഞ് ഉറക്കിളച്ചിരുന്ന് തുണി തയ്ച്ചു കൊടുത്തും അവളെക്കൊണ്ടാകുന്ന തരത്തിൽ അവളും വരുമാനം കണ്ടെത്തി.. അങ്ങനെ കഷ്ടപ്പെട്ടും ബാക്കി ലോണെടുത്തുമെല്ലാമായി നല്ലൊരു ചെറിയ വീട് കെട്ടിയതാണ്.....

- എല്ലാം തകിടം മറിച്ചു കൊണ്ടാണ് ഒരു കൊറോണക്കാലം വന്നത്. ലോക് ഡൗൺ തുടങ്ങിയതോടെ വീട്ടുകാര്യങ്ങളടക്കം എല്ലാം അവതാളത്തിലായി. തൊഴിലുറപ്പുമില്ല., പുറം പണികളുമില്ല. ഇടയ്ക്ക് ലിസി ഗീതയോട് കുറച്ചു കാശ് കൈ വായ്പ ചോദിച്ചതും - രമേശനും കട തുറക്കാതെ വീട്ടിലിരിപ്പായ കൊണ്ട് വരുമാനമില്ലെന്നറിയാമെങ്കിലും -വല്ല നീക്കിയിരുപ്പും പ്രതീക്ഷിച്ചിട്ടാണ് - ‘രമേശനറിയണ്ട’ എന്നും കൂടി പറഞ്ഞ്. എന്നാലും ഗീതയ്ക്ക് തട്ടിക്കൂട്ടി കുറച്ചു പണം ഒപ്പിച്ചു കൊടുത്തത് രമേശൻ തന്നെയാണ് - ‘ഞാൻ തന്നതാണെന്നു പറയണ്ട’ എന്നു തിരിച്ചും പറഞ്ഞു. എങ്കിലും കാശ് കൈയിൽ വാങ്ങിയപ്പോൾ കണ്ണും നിറഞ്ഞ് ലിസി പറഞ്ഞു. ‘എനിക്കറിയാരുന്നു രമേശന് ഇച്ചായനോട് ഉള്ളിന്റെ ഉള്ളിലുള്ള സ്നേഹം.’

- ലോക് ഡൗണൊക്കെ കഴിഞ്ഞ് കുറേശ്ശെ പണികളൊക്കെ തുടങ്ങി. തൊഴിലുറപ്പു പണി പുനരാരംഭിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം. പിള്ളേർക്ക് ഓൺലൈൻ ക്ലാസ് തുടങ്ങി. ഇല്ലാത്ത കാശും കൊടുത്ത് പ്ലസ് വണ്ണുകാരിക്കും  ഇളയവനും മൊബൈൽ ഫോൺ വാങ്ങി. അതു വരെ മൊബൈൽ ഫോൺ ഒരു അത്യാവശ്യ വസ്തുവായി അവിടെ ചിന്തിച്ചിരുന്നില്ല എന്നതാണ് നേര്. പക്ഷേ എന്താ കാര്യം. വീട്ടിലൊരിടത്തും റേഞ്ചില്ല. കണക്ഷൻ മാറി നോക്കിയിട്ടും രക്ഷയില്ല. ആകെ ഒരു പൊട്ടിന് റേഞ്ചു കിട്ടുന്നത് പുരയിടത്തിന്റെ വടക്കേ മൂലയ്ക്കലാണ്. പെണ്ണ് അവിടെ ഫോണും കൊണ്ട് പോയി നിന്നു നിന്ന്. വേലിക്കപ്പുറത്തെ വീട്ടിലെ  മരുമോൻ ചെക്കൻ പെങ്കൊച്ചിനോട് ചില്ലറ ചിരിയും കളിയുമൊക്കെയായി. എങ്ങാണ്ട് പ്രൈവറ്റ് ബസോടിച്ചു നടന്നവൻ ഇപ്പോ വണ്ടിയോടാതായതോടെ പണിയില്ലാതെ ഭാര്യ വീട്ടിൽ കുത്തിയിരുപ്പാണ്; അമ്മായിയപ്പന്റെ ചെലവിൽ. 

പെണ്ണ് അങ്ങോട്ടാണോ അതോ ചെക്കനിങ്ങോട്ടാണോ എന്നറിയില്ല ഏതായാലും ഓൺലൈൻ ക്ലാസിന്റെ മറവിൽ ചുറ്റിക്കളിയും തടസ്സമില്ലാതെ പുരോഗമിച്ചു പോന്നു. പ്രശ്നമായത് അനിയനും ക്ലാസ് തുടങ്ങിയതോടെയാണ്. റേഞ്ച് തപ്പി അവനും അവിടേക്ക് വന്നപ്പോൾ ചേച്ചി അവനോട് വഴക്കായി. രക്ഷയില്ലാതെ അവൻ, ചുറ്റിക്കളിയുടെ കാര്യം അമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി. വെറുതെ ഭീഷണിപ്പെടുത്തുക മാത്രമല്ല അമ്മയോട് പറയുകയും ചെയ്തു. 

അയൽക്കൂട്ടത്തിനു വന്നപ്പോൾ ലിസി രഹസ്യമായി ഗീതയോട് ഇതെല്ലാം പറഞ്ഞതാണ്. ‘‘എന്റെ ഗീതേ, ഞാൻ പെണ്ണിനെ കുറേ തല്ലുവേം തന്നത്താൻ ചങ്കത്തടിച്ചു കരയുവേം ഒക്കെ ചെയ്തു. ഇപ്പം പിള്ളാരോട് കൂടുതലുവല്ലോം പറയാൻ പറ്റ്വോ? എന്തേലും അന്തക്കരണം ചെയ്താലോ? എനിക്കു പണിക്കു പോകാതെ വീട്ടിലിരുന്ന് പിള്ളേരെ നോക്കിയിരിക്കാനൊക്കുവോ? പഠിക്കണ്ടാണ് പറയാൻ പറ്റുവോ! ഒക്കത്തെടുത്തു കൊണ്ടു നടക്കുന്ന പ്രായം കഴിഞ്ഞു പോയതല്ലേ? ഇട്ടേച്ചു പോകാനും വയ്യ, കൊത്തിക്കോണ്ടു പറക്കാനും വയ്യെന്നു പറയുന്ന പോലായി. വല്ലാരുമറിഞ്ഞാൽ കൊള്ളാവോ. വല്ലോം നാലക്ഷരം  പഠിക്കുവേം നാളെയൊരിക്കൽ മാനം മര്യാദക്കു വല്ലോന്റേം കൂടെ ഇറക്കി വിടുവേം ചെയ്യണ്ടതല്ലേ. ഞാൻ നോക്കീട്ട് വേറെ മാർഗ്ഗമൊന്നുമില്ല. വിറ്റു പെറുക്കി എന്റെ ചേട്ടത്തീടെ വീടിനടുത്തോട്ടു പോകാമെന്ന് ഇച്ചായനെക്കൊണ്ട് ഒരു വിധം സമ്മതിപ്പിച്ചു. അവിടടുത്തൊരു വീട് കൊടുക്കാൻ കെടക്കുവാ. വീടെന്നു പറയാൻ പറ്റുകേല, ഒട്ടും ഇടയില്ല. സൗകര്യമൊന്നുമില്ലെടീ. അടുത്തടുത്ത് വീടുകളാ. എന്നാലും ചേട്ടത്തീടൊരു നോട്ടം കിട്ടുവല്ലോ. ഫോണീപ്പടിക്കാനുള്ള സൗകര്യമുണ്ട്, വേറെ നിവൃത്തിയില്ല. അല്ലേൽ ആശിച്ചു മോഹിച്ച് ഓരോ കല്ലും പെറുക്കി വച്ച് ഉണ്ടാക്കിയ പെരകളഞ്ഞേച്ച് ആരേലും പോവോ. ആരോടും ഒന്നും പറയണ്ടാന്ന് ഞാൻ പറഞ്ഞു.  നല്ല കച്ചോടം വരത്തില്ല. ഇതിപ്പം കടം വീട്ടാൻ നിവൃത്തിയില്ലാഞ്ഞാന്ന്  ഓർത്തോളും.’’

 -അവളുടെ  നിറഞ്ഞ കണ്ണ് കണ്ടിട്ട് സങ്കടം വന്നു. രമേശനോട് ഇതൊന്നും പറയാനേ പോയില്ല.

അത്താഴമുണ്ണാൻ ഇരുന്നപ്പോഴും രമേശന്റെ മുഖം മ്ലാനമായിരുന്നു.  ഇഷ്ടമുള്ള സാമ്പാറും ഉണക്കമീൻ ചമ്മന്തിയും പപ്പടവും ഒക്കെയുണ്ടായിട്ടും നുള്ളിപ്പെറുക്കി ഇരിക്കുന്ന കണ്ട് ഗീത ചോദിച്ചു.

‘‘ഇതെന്താ  കഴിക്കുന്നില്ലേ? ബേബിച്ചായന്റെ വീടുവിൽപ്പനയാണോ ചിന്ത? അത് ഇതു വരെ  വിട്ടില്ലേ?’’ 

‘‘അതങ്ങനെ പെട്ടെന്നു  വിട്ടുപോകുന്ന കാര്യമല്ലല്ലോടി’’

ഊണു കഴിഞ്ഞ് എഴുനേൽക്കാൻ തുടങ്ങുകയായിരുന്ന മനു പെട്ടെന്നു ചോദിച്ചു. ‘‘സച്ചൂന്റെ കാര്യമാണോ അച്ഛാ?  അവരുടെ വീട്ടിലില്ലേ, നെറ്റ് കിട്ടത്തേയില്ലാരുന്നു. എന്തു കഷ്ടമായിരുന്നു അവന്റെ കാര്യം. പക്ഷേ ഇപ്പം  അവൻ വളരെ ലക്കിയാ.  അവരിനി പോണ വീട്ടിലില്ലേ ഫുൾ റേഞ്ചാ. അവൻ കോളടിച്ചു’’

‘‘കഴിച്ചേച്ച് എണീച്ചു പോയേ ചെക്കാ, അവന്റെയൊരു കോള്’’

ഗീത അവനെ ശാസിച്ച് എഴുന്നേൽപ്പിച്ചു വിട്ടു.

‘‘എന്റെടീ. കൊറോണ അങ്ങു കഴിയത്തില്ലേ. നല്ലൊന്നാന്തരം വീട് - വെള്ളത്തിനു ബുദ്ധിമുട്ടില്ല, വഴിക്കു പ്രയാസമില്ല. അതു കൈവിട്ടു പോയാപ്പിന്നെ പോയില്ലേ.’’

‘‘എന്നു വച്ച് പിള്ളാർക്കു പഠിക്കണ്ടായോ? ഇനി ഇപ്പ കൊറേ നാള് പഠിത്തമൊക്കെ ഇങ്ങനൊക്കെത്തന്നെയായിരിക്കും.  ഈ കൊറോണ എന്നു തീരാനാ? ഇനി ഇത് തീർന്നാലും ഇതിലും വലുതുവല്ലോം വരാനിരിക്കുന്നോന്ന് ആർക്കറിയാം!  പെണ്ണാണോ പെരയാണോ വലുത് !

ഇനിയൊള്ള കാലം വെള്ളം കിട്ടുവോ വണ്ടി ചെല്ലുവോ എന്നൊക്കെ മാത്രം നോക്കിയപ്പോര, ഫോണിന് റേഞ്ചുണ്ടോ എന്നൂടെ നോക്കിയേ സ്ഥലം മേടിക്കുവേം വീടു മേടിക്കുവേം ഒക്കെ ചെയ്യാവൂ’’

അപ്പറഞ്ഞ തത്വം രമേശന് അത്രയ്ക്കങ്ങോട്ട് ഉൾക്കൊള്ളാനായില്ല.  അഞ്ചാറു കൊല്ലം കഴിഞ്ഞ് കെട്ടിക്കാറാകുന്ന പെണ്ണിന് വേണ്ടി ഇപ്പഴേ വീടുവിൽക്കണോ? 

കൈകകഴുകലും അകലം പാലിക്കലും മാസ്ക്ക് ധരിക്കലും ഒക്കെയായാലും കോവിഡ് വരുമോന്നുള്ള ഭീതി ഒരു വശത്ത്;  തൊഴിലും വരുമാനവും ഇല്ലാതാവുന്നതിന്റെ കഷ്ടതകൾ മറുവശത്ത് --

ഇതിനിടയിൽ മൊബൈലും റേഞ്ചും തുടങ്ങി ഒരു കൊറോണക്കാലം കൊണ്ടുവരുന്ന ഓരോരോ ദുരന്തങ്ങള് !

English Summary : Range, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;