പ്രവാസജീവിതത്തിൽ ഒരു ഓണാഘോഷമുണ്ടാക്കിയ ഉണങ്ങാത്ത മുറിവ്; പൊയ്മുഖങ്ങൾ പൊഴിഞ്ഞുവീണ രാവ് ബാക്കിവച്ചത്...

irunda-prathibimbangal
വര : ശ്രേയസ് സുരേഷ്
SHARE

ഇരുണ്ട  പ്രതിബിബങ്ങൾ (കഥ)

ബസ്സറിന്റെ കാതടപ്പിക്കുന്ന അരോചകമായ മുഴക്കം അനുനിമിഷവും വണ്ടിന്റെ മൂളൽ പോലെ കാതിന്റെ ഉള്ളറകളിൽ ഇരമ്പിക്കൊണ്ടിരുന്നു. രാത്രി ജോലിക്കെത്തി നാലു മണിക്കൂറുകൾ പിന്നിട്ടിട്ടും ഒരു നിമിഷമൊന്നിരിക്കുവാൻ മോഹിച്ചിരുന്നപ്പോഴായിരുന്നു വീണ്ടും ബസറടിച്ചത്. 

മാർഗരെറ്റ് വെയ്റ്ററിന്റെ മുറിയിൽനിന്നു തന്നെ വീണ്ടും വിളി വന്നപ്പോൾ ദേഷ്യത്തെക്കാളുപരി അരോചക മായി മാറി. പക്ഷേ ചെയ്യുന്ന ജോലിയോടുള്ള കൂറിനാലും ഓരോ മനുഷ്യജീവനേയും  സംരക്ഷിക്കുവാനായി തന്നാലാവുന്നത് എല്ലാം ചെയ്യുമെന്ന വാഗ്ദാനവും ഓർമ്മയിൽ തെളിഞ്ഞപ്പോൾ തൽക്കാലം മുഖം പ്രസന്നമാക്കി മാഗിയുടെ മുറിയുടെ നേർക്ക് നടന്നു. 

ജോലിഭാരമേറി ശാരീരികമായും മാനസികമായും തളരുന്ന വേളകളിൽ ബസ്സറിന്റെ ശബ്‌ദം മുഴങ്ങുമ്പോൾ  മറ്റൊന്നും കേൾക്കാനാകാത്ത വിധം വളരെ ഉച്ചത്തിലായി മാറുകയാണിപ്പോൾ. രോഗബാധിതർക്ക് ഏറ്റവും മേന്മയേറിയ ചികിത്സാ സൗകര്യങ്ങൾ നൽകുമ്പോഴും മാഗിയെപ്പോലുള്ള അനാഥരോഗികൾ ചികിൽസി ക്കുന്നവർക്ക് അധിക ബാധ്യതയായി മാറുന്നത് പലരും സൗകര്യപൂർവം മറക്കുന്നു. 

രാത്രിസമയങ്ങളിലെ  അരണ്ട വെളിച്ചത്തിലും ബസറിനോടൊപ്പം നീല പ്രകാശവും മിന്നിത്തെളിയുന്ന ചില വേളകളിലെങ്കിലും  കണ്ണുകളിലിരുട്ട് കയറുന്നതും പതിവായി മാറി. ശബ്ദതരംഗങ്ങൾ അദൃശ്യമായ വായുവിലൂടെ സഞ്ചരിക്കുന്നത്  സ്വസ്ഥമായ വായുവിൽ തന്നെ വൈബ്രേഷനുകൾ സൃഷ്ടിച്ച് ഒരോ വ്യക്തികളുടെയും ലോലമായ കർണ്ണപുടങ്ങളിൽ ആർത്തലയ്ക്കുന്ന തിരമാലകളെന്നപോലെ  ആഞ്ഞുപതിക്കുമ്പോൾ തലയ്ക്കുള്ളിൽ കൊള്ളിയാൻ മിന്നുന്ന അനുഭവമാണിപ്പോൾ. 

രാത്രികാലങ്ങളിലെങ്കിലും ബസറിന് ശബ്ദവും അതോടൊപ്പം നീല വെളിച്ചവും ആവശ്യമില്ലായെന്ന് പലയാവർത്തി അഭ്യര്‍ത്ഥിച്ചെങ്കിലും നിരാകരിക്കപ്പെട്ടു. രാത്രി ജോലി ചെയ്യുന്നവരുടെ ജീവിത ദുരിതങ്ങളെക്കാളും യാതനകളെക്കാളും രോഗികളുടെ രോഗാവസ്ഥകൾക്ക് മുൻഗണന നൽകുക യായിരുന്നു.

മാർഗരെറ്റ് വെയ്റ്റർ അവിവാഹിതയായ വയോധികയാണെങ്കിലും ഇപ്പോഴും യൗവനം തുളുമ്പുന്ന അതിമനോഹരിയായ സ്ത്രീയാണ്. പുരുഷന്മാരായ വൈദ്യന്മാരോടും മറ്റു സഹപ്രവർത്തകരെയും പ്രത്യേകിച്ച് യുവത്വം തുളുമ്പുന്ന ഏതൊരു പുരുഷന്റെയും മുൻപിൽ ഇപ്പോഴും വാചാലയാകുവാൻ മടിയില്ലാത്തതും എന്നാൽ വളരെ രസികയുമായ സ്ത്രീ. നേഴ്സുമാരോടും മറ്റെല്ലാ വനിതാ സഹപ്രവർത്തകരോടും വളരെ അരോചകമായി മാത്രം പെരുമാറുന്ന സ്ത്രീയും. 

അടുത്ത ബന്ധുക്കളായി ആരുമില്ലെങ്കിലും ഈ അടുത്തനാളുവരെ ഇംഗ്ലണ്ടിന്റെ വിദേശകാര്യമേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നതിനാൽ സന്ദർശകരെല്ലാവരും സർക്കാർ തലങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നവർ. അതിനാൽ തന്നെ പ്രത്യേക പരിഗണനകൾ നൽകുവാനുള്ള നിർദ്ദേശവും ലഭിച്ചിരുന്നു. 

ശ്വാസനാളങ്ങളിൽ തുടങ്ങിയ അർബുദം നിലവിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം സുഖം പ്രാപിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. കഴിഞ്ഞ നാല് മണിക്കൂറിൽ ഇത് മൂന്നാം പ്രാവശ്യമാണ് അനാവശ്യമായി ബസറടിപ്പിക്കുന്നത്. വീര്യമേറിയ വേദന സംഹാരിയാണ് നൽകിയിരിക്കുന്നതെങ്കിലും ഉറക്കമില്ലാതെ വളരെ അസ്വസ്ഥ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. 

വാതിൽ തുറന്നതും എന്തോ പറയുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ശബ്ദം പുറപ്പെടുവിക്കുവാൻ സാധിക്കാതെ ആംഗ്യത്തോടെ അടുത്തേയ്ക്ക് ക്ഷണിച്ചു. സാവധാനം കൈയ്യിൽ പിടിച്ചു തലോടിയപ്പോൾ ആശ്വാസം ലഭിച്ചിരിക്കണം, മിഴികൾ അടയ്ക്കുവാൻ ശ്രമിച്ചുകൊണ്ടിരിന്നു. വേദന തിന്നുന്ന രോഗിയോട് സ്വാഭാവികമായ അനുകമ്പ മനസ്സിൽ നിറഞ്ഞെങ്കിലും രാത്രിയുടെ  മധ്യമായതിനാലും മറ്റ് ധാരാളം രോഗികളെ ശുശ്രൂഷിക്കേണ്ടതിനാലും തൽക്കാലം തിരികെ നഴ്‌സിങ് സ്റ്റേഷനിലേയ്ക്ക് നടന്നു. നേരം പുലരുവാനുള്ള ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇനിയും എത്രയോ പ്രാവശ്യം ബസ്സർ ചിലക്കുകയും അവരുടെയെല്ലാവരുടെയും അടുത്തേയ്ക്ക് ഓടി എത്തേണ്ടിയുമിരിക്കുന്നു.

ജീവിതത്തിലൊരിക്കലെങ്കിലും പ്രകൃതിയുടെ വരദാനമായ രാവും പകലും അതിന്റെ എല്ലാ അർഥത്തിലും തന്നെ അനുഭവിക്കുവാനും ആസ്വദിക്കുവാനും ഇനിയൊരു ജന്മമുണ്ടാവണമെന്ന് നഴ്സിങ് മേഖല തിരഞ്ഞെടുത്ത വേളയിൽ കുടുംബത്തിലെ പ്രഥമ നഴ്സും ഏടത്തിയുമായ  പത്‌മിനി ചേച്ചി  പറഞ്ഞപ്പോൾ മുഖവിലയ്‌ക്കെടുത്തില്ല. 

നഴ്സിങ്ങിനെ ഒരു ജോലിയേക്കാളേറെയും ഒരു ശുശ്രൂഷയായിക്കാണുവാൻ മാത്രമാഗ്രഹിച്ചിരുന്ന നാളുകളായിരുന്നു.  നഴ്സിങ് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചപ്പോൾ വാർഡിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അതിലുപരി മറ്റു സഹപ്രവർത്തകരെപ്പോലെ കുടുംബപ്രാരാബ്ധങ്ങൾ ഇല്ലാതിരുന്നതിനാൽ രാത്രി ജോലിയോട് മറുത്ത് പറയുവാനാവില്ലായിരുന്നു. പഠനം കഴിഞ്ഞു അഞ്ചു വർഷങ്ങൾക്ക് ശേഷം ഗൾഫിലെത്തിയപ്പോളും ജീവിത സാഹചര്യത്തിൽ വീണ്ടും വലിയ വ്യത്യാസങ്ങളില്ലാത്തതിനാൽ രാത്രികാലങ്ങളിലെ ജോലി തന്നെ ലഭിച്ചു. 

മൂന്ന് വർഷമുള്ള ഗൾഫ് ജീവിതത്തിന് ശേഷമാണ് സ്വന്തമായി കുടുംബമുണ്ടായത്. പക്ഷേ അവിടെയും ഭർത്താവിന് നാട്ടിൽ മെച്ചപ്പെട്ട ജോലിയും നാടിനോടുള്ള കടപ്പാടുമായപ്പോൾ വീണ്ടും തനിയെയുള്ള ജീവിതമായി. അതിൽനിന്നെല്ലാം മോചനം അഭിലഷിച്ചാണ്  ഏവരുടെയും എല്ലാ പ്രതീക്ഷകളും പൂവണിയാവുന്ന  നാടായ ബ്രിട്ടണിലെത്തിയത്. എന്നാൽ വർഷങ്ങളെറെയായിട്ടും മൂത്ത പുത്രി ഉപരിപഠനത്തിനായി വീട്ടിൽ നിന്നുമകന്ന് യൂണിവേഴ്സിറ്റിയിൽ ചേർന്നിട്ടും രാത്രി ജോലിയിൽ നിന്നും മോചനം ലഭിക്കുന്നില്ല.  

കാർഷിക കുടുംബത്തിലെ അനുദിന ബുദ്ധിമുട്ടുകൾ സമൃദ്ധമായി അനുഭവിച്ചു വളർന്ന നാളുകളിൽ എല്ലായ്പ്പോഴും തന്നെ  ഉള്ളതിനേക്കാൾ ഇല്ലായ്മകൾ അനുഭവിച്ച മേഴ്സിമോൾ മത്തായിക്ക് സ്ഥിരവരുമാനമുള്ള ഒരു ജോലി മാത്രമായിരുന്നു ജീവിത ലക്ഷ്യം. പാരമ്പര്യമായി ലഭിച്ച തുച്ഛമായ മണ്ണിൽ കനകം വിളയിക്കുവാൻ പകലന്തിയോളം അധ്വാനിക്കുന്ന കർഷകകേസരികളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു  അവരോരുത്തരുടേയും ഭാര്യമാർ തന്നെയായിരുന്നു.  

ഇല്ലായ്മകളിലും ഉള്ളത് ഒരേപോലെ പങ്കിട്ട് എല്ലാ മക്കളെയും കുടുംബത്തിനെയും നെഞ്ചോട് ചേർത്ത് സംരക്ഷിച്ചു പോറ്റിയിരുന്നത് വീടിന്റെ പിന്നാമ്പുറങ്ങളിൽ മാത്രം വസിച്ചിരുന്ന സ്ത്രീജന്മങ്ങളായിരുന്നുവെന്ന് അനുഭവസ്ഥർ മാത്രം തിരിച്ചറിഞ്ഞിരുന്ന കാലഘട്ടങ്ങൾ. എന്നും മറ്റുള്ളവരുടെ സുഖം മാത്രം സംരക്ഷി ക്കുന്ന സ്വന്തം മാതാവിന്റെ അനുദിന ജീവിതചര്യകൾ നെഞ്ചോട് ചേർത്തിരുന്ന പെൺകുട്ടി. 

അദൃശ്യശക്തികളോടുള്ള അനുദിന പോരാട്ടം മാത്രമാണ് ജീവിതമെന്ന് പ്രപഞ്ച ശക്തികളോട് പോരാടുന്ന കർഷകരുടെ ജീവിതങ്ങളിൽനിന്നു പഠിച്ച പെൺകുട്ടിയുടെ ജീവിതത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പ്രതിബന്ധങ്ങൾ നിറഞ്ഞിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോൾ തന്നെ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിച്ചിരുന്ന മേഴ്സിമോൾക്ക് പല  വിവാഹാലോചനകൾ  എത്തിയിരുന്നെങ്കിലും മകളുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ അവളുടെ അമ്മ സമ്മതിച്ചിരുന്നില്ല. 

മലയോര മേഖലകളിലേയ്ക്ക് കുടിയേറിയ അവളുടെ അമ്മയുടെ ബാല്യകാല സഖിയുടെ സുമുഖനായ പുത്രനെപ്പോലും മകളുടെ ഭാവിയോർത്ത് തള്ളിക്കളഞ്ഞിരുന്നു. ശാരീരികമായും മാനസികമായും വളർന്ന മേഴ്സിമോളെ തന്റെ മകന്റെ വധുവാക്കുവാൻ പലയിടങ്ങളിൽ നിന്നും സമ്മർദ്ദം ചെലുത്തുവാൻ അവളുടെ അമ്മയുടെ കൂട്ടുകാരി ശ്രമിച്ചിരുന്നെങ്കിലും പത്താം തരത്തിൽ ഉന്നതനിലവാരം പുലർത്തിയപ്പോൾ മകളെ ഉന്നത പഠനത്തിന് അയക്കുവാൻ അപ്പൻ തയാറായി. 

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നെങ്കിലും പ്രീഡിഗ്രി പരീക്ഷകളിൽ വീണ്ടും മേന്മയേറിയ ഫലമുണ്ടായപ്പോൾ നഴ്സിങ്ങിൽ ബിരുദത്തിനുള്ള അവസരങ്ങൾ ലഭിച്ചു. പഠനത്തിലൂടെയാണ് ജീവിതത്തിൽ ഉയരങ്ങൾ താണ്ടുവാൻ സാധ്യമാകുന്നതെന്ന് തിരിച്ചറിഞ്ഞ മേഴ്സിമോൾക്ക് നഴ്സിങ് പഠനത്തിലും പ്രവർത്തനത്തിലും അവസരോചിതവും തിളക്കമേറിയതുമായ വിജയങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.

പ്രഭാതജോലിക്കായുള്ള സഹപ്രവർത്തകർ സമയത്തിനെത്തിച്ചേരുവാൻ പലപ്പോഴും അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നത് രാത്രിയിലെ ജോലിഭാരത്തെക്കാൾ വീട്ടിലുള്ള കുട്ടികളുടെ സുരക്ഷയോർത്ത് മാത്രമായിരുന്നു.  മുതിർന്നമോൾ യൂണിവേഴ്സിറ്റി പഠനത്തിലായതിനുശേഷം പത്താം തരത്തിൽ പഠിക്കുന്ന മോളാണ് ആറാം ക്ലാസ്സിലുള്ള ഏറ്റവും ഇളയവളെ സ്‌കൂളിലേക്ക് തയാറാക്കുന്നത്. 

പലയിടങ്ങളിൽ ജോലി ചെയ്‌തെങ്കിലും വൃദ്ധസദനത്തിലെ ജോലിയോട് താൽപര്യമുള്ള ഷിബുച്ചേട്ടൻ  രാവിലെത്തെ ജോലിയ്ക്കായി കുട്ടികളെ ഉണർത്തിയാലുടൻ  പുറപ്പെടുന്നതും പതിവായതിനാൽ എട്ടുമണിയ്ക്ക് മുൻപ് വീട്ടിലെത്തിയെങ്കിൽ മാത്രമാണ് അവരെ സമയത്തിന് സ്‌കൂളിലെത്തിക്കുവാൻ സാധിക്കുന്നത്. 

കടന്നുപോകുന്ന ഓരോ നിമിഷങ്ങൾക്കും അതിന്റേതായ മൂല്യമുണ്ടെന്ന്  തിരിച്ചറിയുന്നത് വൈകുമ്പോഴും അതിലൂടെ നഷ്ടങ്ങളുണ്ടാവുമ്പോൾ മാത്രമാണ്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് ഇരുപത് മിനിറ്റുകളുടെ യാത്രയാണെങ്കിലും പട്ടണത്തിൽ ജീവിക്കുന്നതിനാൽ ചെറുതും വലുതുമായ മുപ്പത്തിയാറ് ഗതാഗത ലൈറ്റുകൾ തരണം ചെയ്യേണ്ടതുണ്ട്. 

നിമിഷങ്ങളുടെ വ്യത്യാസത്തിൽ പലപ്പോഴും ചുവപ്പിന്റെയും പച്ചയുടെയുമിടയിൽ കുടുങ്ങുമ്പോൾ കുട്ടിക ളാണ് വ്യാകുലപ്പെടുന്നത്. അധികനേരവും ആശുപത്രിയുടെ പാർക്കിങ്ങിൽ നിന്നും പുറത്തു കടക്കുവാനുള്ള തത്രപ്പാടാണ്, പ്രത്യേകിച്ചും പ്രവൃത്തി ദിനങ്ങളിൽ അധികമായെത്തുന്ന രോഗികളും ശുശ്രൂഷകരും ആശുപത്രി ജീവനക്കാരും ചേർന്നുള്ള ഓട്ടമത്സരത്തിൽ ജയിക്കുന്നതിനേക്കാളുപരി തോൽക്കാതിരിക്കുവാ നുള്ള ജീവിത പ്രയാണമാകുന്ന ഓട്ടമത്സരം. 

പതിവുസമയത്ത് തന്നെ വീട്ടിലെത്തിയപ്പോൾ കുട്ടികൾ സ്‌കൂളിലേക്ക് പോകുവാൻ തയാറായി നിൽക്കുന്നു ണ്ടായിരുന്നു.ആശുപത്രിയിലെ യൂണിഫോം മാറുവാൻ ശ്രമിക്കാതെ കുട്ടികളുടെ ഭക്ഷണ സാധനങ്ങൾ തയാറാക്കി അവരോരുത്തരുടേയും ബാഗിൽ വച്ചുകൊടുത്തു. തലേന്നത്തെ പാത്രങ്ങളെല്ലാം ഭക്ഷണ അവശിഷ്ടങ്ങളോടെ അടുക്കളയുടെ സിങ്കിൽ തന്നെ കൂമ്പാരമായി കിടക്കുന്നുണ്ട്. തൽക്കാലം ഊണുമുറി വൃത്തിയാക്കിയതിൽ ഇളയകുട്ടിക്കൊരു മുത്തം കൊടുക്കുകയും ചെയ്‌തു. പ്രതീക്ഷിക്കാത്ത കാഴ്ചകളല്ലാത്തതിനാൽ വിഷമം അനുഭവപ്പെട്ടില്ല. 

സമൃദ്ധിയുടെ ഉത്തുംഗൃംഗങ്ങളിൽ വിരാജിക്കുന്ന ചില കുട്ടികൾക്ക് വീടുകളിലെ ദൈനംദിന ശുചീകര ണപ്രക്രിയകളിൽ ഭാഗമാകുവാവാനുള്ള  അഭ്യര്‍ത്ഥനകൾ  പോലും ശാസനകളായി ചിത്രീകരിക്കപ്പെടുന്ന തിനാൽ സമാധാന കാംക്ഷികളായ മാതാപിതാക്കൾ  തൽക്കാലം മൗനം പാലിക്കുക തന്നെ ചെയ്യും. കുട്ടികളധികവും സ്‌കൂളിലേയ്ക്ക് കാൽനടയായി എത്തണമെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെടുമ്പോഴും ജോലിചെയ്യുന്ന മാതാപിതാക്കളുടെ ജീവിതപശ്ചാത്തലങ്ങൾ സൗകര്യപൂർവം അവഗണിക്കുകയാണെന്ന് കരുതി. 

സ്‌കൂളിൽ നിന്നും തെല്ലുദൂരം അകലെ വാഹനം നിർത്തി കുട്ടികളോടൊപ്പം നടക്കുവാൻ തുടങ്ങിയപ്പോൾ തന്നെ അവരുടെ കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ കുശലങ്ങൾ പറഞ്ഞ് അവർ നടന്നു തുടങ്ങി. അൽപ ദൂരം നടന്നപ്പോൾ തന്നെ ശരീരത്തിന്റെ സന്ധിബന്ധങ്ങൾ അയയുന്നത്പോലെ അനുഭവപ്പെടുവാൻ തുടങ്ങി. രണ്ടുകാലിൽ നിവർന്നു നടക്കുമ്പോൾ  ഇടുപ്പിൽ നിന്നും ശരീരഭാരം സുഗമമായി പാദങ്ങളിലേയ്ക്ക് മാറ്റപ്പെടുമ്പോൾ തന്നെ നാഡീഞരമ്പുകൾക്ക് കൂടുതൽ ഉന്മേഷം ലഭിക്കുന്നത് അനുഭവിക്കുക തന്നെ ചെയ്തു. 

രാത്രികാലങ്ങളിൽ ആവശ്യത്തിലധികം വിശ്രമം ലഭിക്കുന്ന കുട്ടികളുടെ ശരീരത്തിന്റെ നാഡീഞരമ്പുകളെയും മസ്തിഷ്കത്തിന്റെ ബൗദ്ധിക മണ്ഡലങ്ങളെയും  സ്‌കൂളിലെത്തുന്നതിന് മുൻപ് തന്നെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന  പ്രക്രിയ മാത്രമാണ് സ്‌കൂളിലേയ്ക്കുള്ള നടത്തമെന്ന് മനസിലാക്കുവാനും അംഗീകരിക്കുവാനും ആധുനിക മനുഷ്യന്റെ ജീവിത ശൈലികൾ തയാറാവുന്നില്ല.

കുട്ടികൾ സ്കൂളിലേയ്ക്ക് കയറിയപ്പോൾ തന്നെ തിരിഞ്ഞു നടക്കുവാൻ തുനിഞ്ഞതും  സഹപ്രവർത്തകയാ യ ഷീജയെയും ഭർത്താവ് ആന്റണിച്ചേട്ടനേയും കണ്ടുമുട്ടി. എല്ലായ്പ്പോഴും തന്നെ എല്ലാ സ്ഥലങ്ങളിലും ഒരുമിച്ച് മാത്രം കാണുന്നതിനാൽ ആന്റണിച്ചേട്ടനെ ഷീജച്ചേട്ടനെന്ന് വിളിക്കുവാനാണ് മറ്റെല്ലാവരും ശ്രമിച്ചിരുന്നത്. ഒരുമിച്ച് ഒരേ വൃദ്ധസദനത്തിലുള്ള ജോലിയും നന്നായി ഗാനമാലപിക്കുവാനുള്ള കഴിവും അതിലുപരി ഷീജയുടെ എല്ലാ തീരുമാനങ്ങളോടൊപ്പം യോജിക്കുവാൻ ശ്രമിക്കുന്ന ആന്റണിച്ചേട്ടനേ മറ്റൊരു വ്യക്തിയായി കാണുവാൻ സാധിക്കുന്നില്ലായിരുന്നു. 

കുശലം പറഞ്ഞതിനോടൊപ്പം അന്നേദിവസം നടക്കുന്ന മലയാളി സംഘടനയുടെ യോഗത്തിലേയ്ക്ക് ഷിബുവിനോട് പ്രത്യേകം എത്തിച്ചേരണമെന്ന് ഓർമ്മിപ്പിച്ചു. വിദൂരത്തിലല്ലാത്ത ഓണാഘോഷങ്ങളുടെ ഭാഗമായുള്ള യോഗമായതിനാൽ നിർബന്ധമായും പങ്കെടുക്കണം. മലയാളികളുടെ മാത്രം ഓണാഘോഷ മെന്ന് കേട്ടപ്പോൾ തന്നെ മുഖത്തുണ്ടായ നടുക്കവും ജാള്യതയും  മറച്ചു വയ്ക്കുവാൻ തത്രപ്പെട്ടത് ആന്റണിച്ചേട്ടൻ തിരിച്ചറിഞ്ഞുകൊണ്ട് ചോദിച്ചു. ‘എന്താണ് സായിപ്പിന്റെ നാട്ടിലെത്തിയപ്പോൾ മലയാളിയെയും മാവേലിയേയും മറന്നുപോയോ. മലയാളികളുടെ സ്വന്തമായ ഓണാഘോഷങ്ങളിലൂടെ യൊക്കെയാണ് നമ്മൾ നമ്മുടെ തനിമ നിലനിർത്തുന്നത്’. പ്രസന്നഭാവം വരുത്തിക്കൊണ്ട് തൽക്കാലം ‘ഞാൻ പറഞ്ഞേക്കാമെന്ന’ മറുപടിയിലൊതുക്കി വാഹനം ലക്ഷ്യമാക്കി നടന്നു. 

വീട്ടിലെത്തിയതും ഒരു ചായയുമായി മുഷിഞ്ഞ പാത്രങ്ങൾ കഴുകുവാൻ തുടങ്ങിയതും ഒളിമങ്ങാത്ത ഓണാഘോഷ ഓർമ്മകൾ തിരികെ വരുവാൻ തുടങ്ങി. ബ്രിട്ടന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമത്തിൽ വളരെ സന്തോഷത്തോടെ ആരംഭിച്ച കുടുംബ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ഓർമ്മകൾ.

ആദ്യകാല കുടിയേറ്റങ്ങളായതിനാൽ വളരെക്കുറച്ച് മലയാളി കുടുംബങ്ങൾ, നഴ്സുമാരായ സ്‌ത്രീകളെല്ലാവ രും വൃദ്ധസദനങ്ങളിൽ ജോലി ചെയ്യുമ്പോഴും ആശ്രിതരായി എത്തിയവർ താൽക്കാലിക ജോലികളിൽ സംതൃപ്തരായി സ്വസ്ഥമായി ജീവിക്കുമ്പോഴാണ് ആദ്യത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. വാരാന്ത്യങ്ങളിൽ പന്തുകളിക്കുവാനും ക്രിക്കറ്റ് കളിക്കുവാനും ചില അവസരങ്ങളിൽ ചീട്ടുകളിക്കുവാനും ഒത്തുകൂടിയവർ ഓണാഘോഷമെന്ന ആരുടെയോ മനസ്സിലുദിച്ച ആശയത്തിനോട് സഹകരിക്കുവാൻ തയാറായി. 

എല്ലാ മലയാളിയുടെയും തന്നെ രക്തത്തിൽ സ്വാഭാവികമായി അലിഞ്ഞു ചേർന്നിട്ടുള്ള സംഘടനാ തത്ത്വചിന്താഗതികളും  പ്രവർത്തനരീതികളും വളരെപ്പെട്ടെന്ന് തന്നെ പ്രാവർത്തികമായി. മാവേലിയാകു വാനും തിരുവാതിര കളിക്കുവാനും കലാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും ഓരോരുത്തരും തയാറായപ്പോൾ വിഭവ സമൃദ്ധമായ സസ്യാഹാരം തയാറാക്കുവാൻ പ്രായോഗിക ബുദ്ധിമുട്ടുകളേറി. 

എന്നാൽ എല്ലാ മേഖലകളിലും സഹകരണ മനോഭാവമുള്ള മലയാളിക്ക് അതിനും പരിഹാരം കാണുവാൻ അധികസമയം വേണ്ടി വന്നില്ല. എല്ലാ വിഭവങ്ങളും വിഭജിച്ചു തയാറാക്കുവാൻ എല്ലാവരും തയാറായി. ഒരുമയുടെ ആഘോഷങ്ങളുടെ ഭാഗമായപ്പോൾ കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും ആഴമേറി. 

ആഘോഷദിനത്തിന്റെ തലേന്നാൾ നടത്തിയ കബഡി മത്സരത്തിൽ കൂട്ടത്തിൽ അൽപം മുതിർന്ന വ്യക്തിക്ക് അബദ്ധത്തിൽ കാലിന് പരുക്കേറ്റത് ആരുടെയോ അശ്രദ്ധയുടെ ഭാഗമായിട്ടാണെന്ന ആരോപണം ശക്തിപ്രാപിക്കുവാൻ തുടങ്ങിയത് ആദ്യമേ പലരും അവഗണിച്ചു. എന്നാൽ ആഘോഷനാളിൽ കാലിന് മുറിവേറ്റ വ്യക്തി തയാറാക്കാമെന്ന് ഏറ്റിരുന്ന കുത്തരിച്ചോർ എത്തിക്കാതിരുന്നപ്പോൾ വ്യക്തിബന്ധങ്ങൾ തകർന്നു. കാർബൂട്ടുകളുടെ മറവിലൂടെ ഉള്ളിലെത്തിയ ലഹരിയും ചേർന്നപ്പോൾ കുടുംബങ്ങൾ രണ്ടു ചേരിയായി മാറുവാൻ അധികസമയം വേണ്ടിവന്നില്ല. 

വാക്കേറ്റങ്ങൾ കയ്യാംകളിയിലെത്തിയപ്പോൾ  പലർക്കും പരുക്ക് പറ്റുകയും പോലീസെത്തി ആശുപത്രിയിലു മാക്കി. അങ്ങനെ ബ്രിട്ടണിലെ ഒരു പുത്തൻ മലയാളി സമൂഹത്തിന്റെ ആദ്യ ഓണാഘോഷം അലങ്കോല മായത് അവരോരുത്തരുടേയും വ്യക്തിബന്ധങ്ങളേക്കൂടി തകർത്തുകൊണ്ടായിരുന്നു.

പലർക്കും സാരമായ പരിക്കുകൾ പറ്റിയെങ്കിലും പോലീസ് കേസൊഴിവാക്കുവാനായി അന്യോന്യം സന്ധിയാവുകയും ചെയ്തതിനാൽ എല്ലാവരും  തൽക്കാലം പരാതി പിൻവലിക്കുകയും ചെയ്തു. പക്ഷേ താമസിയാതെ ഒരു സമൂഹമെന്നത് പല സംഘങ്ങളായി വിഭജിക്കപ്പെട്ടു. അന്യോന്യം ആരോപണങ്ങൾ ഉയർത്തുവാൻ തുടങ്ങി. ആരോപണങ്ങൾ പലതും വ്യക്തിപരമായപ്പോൾ പലരുടെയും പൊയ്മുഖങ്ങൾ  പൊഴിഞ്ഞു വീഴുക തന്നെ ചെയ്തു. 

കേരളത്തിലെ  വളരെ പ്രസിദ്ധിയാർജ്ജിച്ച മെത്രാൻകുടുംബത്തിലെ അംഗത്തിന്റെ രഹസ്യങ്ങൾ പരസ്യമായപ്പോൾ പലരും വിശ്വസിക്കുവാൻ തയാറായില്ല. സാമൂഹിക ആരാധനകൾക്ക് പോലും നേതൃത്വം നൽകിയിരുന്ന സുന്ദരനും സുമുഖനുമായ വ്യക്തി. അതിസുന്ദരിയായ ഭാര്യയെയും മിടുമിടുക്കരായ രണ്ടു കുഞ്ഞുങ്ങളെയും മാതൃകാപരമായി സംരക്ഷിച്ചിരുന്ന വ്യക്തിക്ക് നൈജീരിയൻ വംശജയിൽ മറ്റൊരു കുട്ടിയുണ്ടായതും. നീതിന്യായ വ്യവസ്ഥിതികളുടെ ഇടപടെലുണ്ടായപ്പോൾ മറ്റാരുമറിയാതെ അമ്മയ്ക്കും കുട്ടിയ്ക്കും ജീവനാംശം നൽകിക്കൊണ്ടിരുന്നതും പരസ്യമായപ്പോൾ പലരും തലകുനിക്കുക മാത്രമാണ് ചെയ്തത്. 

അധികം താമസിയാതെ ആ കുടുംബം സ്കോട്‌ലൻഡിലേയ്ക്ക് മാറി താമസിക്കുകയും പിന്നീട് ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുകയും ചെയ്തതായി കേൾക്കുവാൻ സാധിച്ചു. അപവാദ പ്രചാരണങ്ങൾക്കും കുറവില്ലായിരുന്നു, ആശുപത്രിയിൽ സാമാന്യം ഭേദപ്പെട്ട തസ്തികയിൽ ജോലി ലഭിച്ചതിന്റെയും ലഭിക്കാത്തതിന്റെയും  അസൂയ സമൂഹ മാധ്യമങ്ങളിലൂടെ തീർക്കുവാൻ  ശ്രമിച്ചത് ഒരു കുടുംബത്തിന്റെ വിവാഹമോചനത്തോളമെത്തി.  

ഒരിക്കൽ പരസ്പരം സംരക്ഷിക്കുവാൻ തയാറായിരുന്ന സുഹൃത്തുക്കൾ അന്യോന്യം പാരകൾ പണിതുകൊണ്ടിരുന്നപ്പോൾ പലരുടെയും വൃദ്ധസദനങ്ങളിലെ സുരക്ഷിതമായ ജോലികൾ നഷ്ടപ്പെടുവാനും തുടങ്ങി. പിന്നീടങ്ങോട്ട് ജീവിതം പലർക്കും  വിവിധ മേഖലകളിലുമുള്ള  മത്സരങ്ങൾ മാത്രമായി, 

അക്കാലത്താണ് വൃദ്ധസദനത്തിലെ ജോലിയേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നത് ടാക്സി ഓടിക്കുന്നതിലൂടെയെന്ന് തിരിച്ചറിഞ്ഞത്. 

താമസിയാതെ മറ്റു പലരോടൊപ്പം ഷിബുവും ഒരു ആഡംബര വാഹനത്തിന്റെ ടാക്സി ഡ്രൈവർ ആയി മാറി. കുട്ടികളുടെ സുഗമമായ പഠനത്തിനും വളർച്ചയ്ക്കും തുണയാകുവാനുള്ള സമയവും ലഭിച്ചതിനാൽ കൂടുതൽ അഭികാമ്യവുമായിരുന്നു. എന്നാൽ നാലുമാസത്തിനുള്ളിൽ തന്നെ വീട്ടുപടിക്കൽ പോലീസെത്തി, രാത്രിയിൽ ടാക്സിയിൽ സഞ്ചരിച്ച യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന്. സായിപ്പിന്റെ ജീവിത രീതികളെല്ലാം അത്രത്തോളം  പരിചയമില്ലാതിരുന്ന ഷിബുവിന് മദ്യപിച്ചു ബോധം നശിച്ച സ്ത്രീയെ കാറിന്റെ പുറത്തിറങ്ങുവാൻ സഹായിച്ചത് വിനയായി. 

അനാവശ്യമായി തന്റെ  സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരുടെയോ ഭാഗ്യത്തിന്  ന്യായാധിപൻ തിരിച്ചറിഞ്ഞു. എങ്കിൽപ്പോലും ഏകദേശം ആറുമാസത്തോളം സ്വന്തമെന്നു കരുതിയിരുന്ന സമൂഹാംഗങ്ങളുടെ   കുത്തുവാക്കുകളും പഴിചാരലും സഹിക്കേണ്ടി വന്നു.  ഈ കാലയളവിൽ ഷിബുവിന് ജോലി ചെയ്യുവാൻ സാധിച്ചില്ല എന്നതിലുപരി തികച്ചും മദ്യത്തിന് അടിമയായി മാറുകയായിരുന്നു. 

പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടണമെന്ന് സാന്ത്വനിപ്പിച്ചപ്പോഴെല്ലാം മേഴ്സിയെ പഴിചാരുവാൻ ശ്രമിച്ചിരുന്നു. ആശ്വാസവാക്കുകൾ ശ്രവിക്കാതെ കുറ്റപ്പെടുത്തലുകൾ തുടർന്നപ്പോൾ ഷിബുവിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലേയെന്ന് ശങ്കിച്ചുപോവുകയും ചെയ്തിരുന്നു. പലയാവർത്തി കേരളത്തിലേയ്ക്ക് തിരിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കുട്ടികളുടെ ഭാവിയോർത്ത് ക്ഷമിക്കുവാനും സഹിക്കുവാനും തീരുമാനിച്ചു. 

കേസിൽ നിന്നും ഒഴിവാക്കപ്പെട്ടത് ആഘോഷിക്കുവാനായി കൂട്ടുകാരുമൊത്ത് ബെൽജിയത്തിൽ പോകണമെന്ന് ആവശ്യമുന്നയിച്ചപ്പോൾ ചെറുക്കുവാനും ശ്രമിച്ചില്ല.  ഒരാഴ്‌ച്ചത്തെ ആഘോഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ഷിബുവിന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഗർഭനിരോധന ഉറകൾ കണ്ടെടുത്തപ്പോൾ തകർന്നു പോവുക തന്നെ ചെയ്തു.

ബെൽജിയത്തിലേയ്ക്ക് മനസികോല്ലാസത്തിനായി വിനോദയാത്ര പോയ പുരുഷകേസരികളെല്ലാവരും പിന്നീടുള്ള എല്ലാ ആഴ്ച്ചകളിലും ഒത്തുകൂടുവാൻ തുടങ്ങിയതിന് പുറമെ മൂന്ന് മാസത്തിനുള്ളിൽ തന്നെ കുടുംബസമേതമായി ഇംഗ്ലണ്ടിലെ വളരെ പുരാതനവും ബൃഹത്തായ മലമേഖലകളും കുന്നിൻ ചെരുവുകളും കാർഷികമേഖലകളും നിറഞ്ഞ യോർക്‌ഷെയറിലുള്ള ഫാംഹൗസിലേയ്ക്ക് മൂന്ന്നാൾ നീളുന്ന ഉല്ലാസയാത്രയും നടത്തി. 

ഒറ്റപ്പെട്ടതും വിജനവുമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫാംഹൗസിലെത്തിയ ഉടനെ പുരുഷന്മാരെല്ലാവരും   സുഭിക്ഷതമായ ആഹാരത്തിനേക്കാൾ സുബോധം നഷ്ടമാകും വരെ മദ്യപിക്കുന്നതിനൊപ്പം ചീട്ടുകളിയിലും മുഴുകിയപ്പോൾ വനിതകളും കുട്ടികളും ഒറ്റപ്പെടുവാൻ തുടങ്ങി. മുതിർന്ന ഒരാൺകുട്ടിയും പെൺകുട്ടിയും രാത്രിയിലെപ്പോഴോ പുറത്തേയ്ക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ തുടങ്ങിയ കശപിശ രാവിലെ വരെയും നീണ്ടുനിന്നു.  

പെൺകുട്ടിയും കുടുംബവും രണ്ടാംദിവസം തന്നെ തിരിച്ചുപോയതിന്റെ പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങൾ തുടങ്ങി. വാക്കുകളിലൂടെയുള്ള കുറ്റാരോപണങ്ങൾക്ക് പുറമെ കണ്ടാലറയ്ക്കുന്ന അശ്ലീലം നിറഞ്ഞ ചിത്രങ്ങളിലൂടെ ആക്ഷേപങ്ങൾ തുടർന്നു. പുരുഷന്മാർ ഒരേസമയം പല സ്ത്രീകളോടും ചേർന്നുള്ള ലീലാവിലാസങ്ങൾ നിറഞ്ഞ ചിത്രങ്ങളിൽ ഷിബുവിന്റെ ചിത്രങ്ങളും കണ്ടപ്പോൾ തലകറങ്ങുവാൻ തുടങ്ങി. 

മറ്റുള്ളവരുടെ മുഖത്തേയ്ക്ക് നോക്കുവാൻ ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞപ്പോൾ കുട്ടികളെയും കൂട്ടി ടാക്സിയിൽ വീട്ടിലേയ്ക്ക് മടങ്ങുക തന്നെ ചെയ്തു. തിരികെപ്പോകുവാൻ ഷിബു തടസം പറഞ്ഞെങ്കിലും  ചെറിയൊരു വാക്കേറ്റത്തിൽ ഒതുക്കി മറ്റുള്ളവരുടെ മുൻപിൽ തൽക്കാലം വലിയ മാനഹാനിയ്ക്ക് ഇടം നൽകാതെ തിരിക്കുവാൻ സാധിച്ചു.

മാനസിക സമ്മർദ്ദത്താൽ തലയിലൂടെ തുടങ്ങിയ വിറയൽ ശരീരമാസകലം പടർന്നെങ്കിലും കുട്ടികളുടെ മുൻപിൽ മനഃസാന്നിധ്യം പ്രകടിപ്പിക്കുകയായിരുന്നു  പ്രായപൂർത്തിയായ മൂത്തകുട്ടിക്ക്  ചിലവസ്തുതകൾ മനസിലാക്കുവാൻ സാധിച്ചെങ്കിലും ജാള്യതയേറിയതിനാൽ മമ്മയോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുവാൻ മുതിർന്നില്ല. 

അപ്രതീക്ഷിതമായ പ്രകോപനങ്ങളും അതിനെത്തുടർന്നുള്ള മടക്ക യാത്രയുടെ കാരണങ്ങൾ അന്വേഷിച്ച ഇളയകുട്ടികളോട് സുഖമില്ലായെന്നു മാത്രം പറയുവാൻ ശ്രമിച്ചെങ്കിലും. ഡാഡിയെ കൂടാതെ ടാക്സിയി ലുള്ള മടക്കത്തിനെക്കുറിച്ച് കൂടുതൽ വിവരിക്കേണ്ടി വന്നു. തൽക്കാലം മുതിർന്നവരുടെ അമിതമായ മദ്യപാനത്തെയും കുട്ടികൾക്ക് അനുകരണയോഗ്യമല്ലാത്ത മ്ലേച്ഛമായ സംസാര ശൈലികളെയും അവഗണിക്കേണ്ടതിന്റെ ആവശ്യകതയിൽ ന്യായീകരണങ്ങൾ ഒതുക്കി. വീട്ടിലെത്തിയെങ്കിലും മനഃസമാധാനം പൂർണമായി നഷ്ടപ്പെട്ടതിനാൽ ഉറക്ക ഗുളികളെയും ആശ്രയിക്കേണ്ടി വന്നു. 

വലിയ പ്രതിഷേധങ്ങൾ പ്രതീക്ഷിച്ചു അടുത്ത ദിവസം വീട്ടിലെത്തിയ ഷിബുവിന്‌ മെഴ്സിമോളുടെ നിസ്സംഗതയുടെയും മൗനസമരത്തിന്റെയും മുൻപിൽ പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല. അനവധി ഛായാചിത്രങ്ങളിലൂടെയുള്ള തെളിവുകളെ തള്ളിപ്പറയുവാൻ ശ്രമിക്കാതെ എല്ലാം ചീത്ത കൂട്ടുകെട്ടുകളാലും മനസ്സറിയാതെയും സംഭവിച്ചു പോയതാണെന്നും പറഞ്ഞു വിലപിക്കുവാൻ തുടങ്ങിയപ്പോൾ മെഴ്സിമോൾ ക്ഷമിക്കുവാനും തയാറായി. ഇനിയൊരിക്കൽകൂടി ആവർത്തിക്കില്ലായെന്നും മക്കളുടെ മേൽ കൈവച്ചും കൈകൂപ്പിയും ആണയിടുവാനും തയാറായി.   

പക്ഷേ ഒരിക്കൽ മാത്രമേ കണ്ടുള്ളുവെങ്കിലും അറപ്പുളവാക്കുന്ന നഗ്നവൈകൃതചിത്രങ്ങൾ അവളുടെ മനസ്സിൽ നിന്നും മായാതെ നിന്നു. ഒരായുസ്സുമുഴുവൻ മനസ്സും ശരീരവും പൂർണ്ണമായും ആത്മാർത്ഥമായും സമർപ്പിച്ചതിന് ലഭിച്ച ദുരനുഭവങ്ങൾ മനസിനെ മാത്രമല്ല ശരീരത്തെയും വ്രണപ്പെടുത്തി. താമസിയാതെ മാനസിക സമ്മർദ്ദം സിരകളിലേക്കൊഴുകി രക്ത സമ്മർദ്ദമായി രൂപാന്തരപ്പെടുകയും ചെയ്തപ്പോൾ ആഴ്ചകളോളം തീവ്രതയേറിയ വേദനസംഹാരികളിൽ ആശ്രയിച്ചു വീട്ടിൽ തന്നെ കഴിയേണ്ടിയും വന്നു.  

ബാഹ്യമായ ശാരീരിക മുറിവുകളുടെ അഭാവത്തിൽ ആന്തരിക മുറിവുകളെ തിരിച്ചറിയുവാനും തൈലം തേൽക്കുവാനും ആരും തയാറായില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഷിബുവിന്റെ ലൈംഗികാവശ്യങ്ങൾക്ക് മുൻപിൽ ജീവച്ഛവം പോലെ മരവിച്ചു കിടക്കുവാൻ മാത്രമാണ് സാധിച്ചത്. ആസക്തിയുടെ മൂർദ്ധന്യതയിലൂടെ നിറഞ്ഞ ലഹരിയിൽ തളർന്നുറങ്ങുന്ന ഷിബുവിന് നേരെ നിർവികാരതയോടെയെങ്കിലും കണ്ണെത്തിക്കുവാൻ മനസ്സനുവദിച്ചുമില്ല. 

രഹസ്യങ്ങൾ പലതും പരസ്യമായതിലൂടെ വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉലച്ചിലുകളു ണ്ടായെങ്കിലും പലരും പരസ്പരം ബന്ധപെടുന്നതിൽ വിമുഖത കാട്ടിയിരുന്നില്ല. എന്നാൽ പല വ്യക്തികൾ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ജോലിയിലെ പാകപ്പിഴവുകൾ മൂലം ഒരാളെ പുറത്താക്കി യപ്പോൾ അത് മറ്റൊരാളുടെ പ്രതികാര നടപടികളുടെ ഭാഗമാണെന്ന ആരോപണം കനക്കുകയും വീണ്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള കുപ്രചാരണങ്ങൾക്ക്  തുടക്കം കുറിക്കുകയും ചെയ്തു. 

വിദ്വേഷം കൂടിയപ്പോൾ പലർക്കും വാശികൂടി താമസിയാതെ കുട്ടികളെയും തമ്മിലകറ്റുന്നതിലേയ്ക്ക് നയിച്ചു. കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന നൃത്തസംഗീത ക്ലാസുകളിൽ നിന്നും പലരും അകലുവാൻ തുടങ്ങി. ഒന്നിച്ചു നടനവിസ്മയങ്ങൾ രചിച്ചിരുന്ന കുട്ടികളിൽ പലരുടെയും മാതാപിതാക്കളുടെ പ്രേരണയാൽ തനിയെ അഭ്യസനങ്ങൾ തുടങ്ങിയപ്പോൾ കുട്ടികളുടെ മനസിലും വിദ്വേഷത്തിന്റെ നാമ്പുകൾ മുളച്ചു. 

മെഴ്സിമോളുടെ കുടുംബജീവിതത്തിൽ വീണ്ടും കരിനിഴൽ വീഴ്ത്തിക്കൊണ്ട് അജ്ഞാതനായ വ്യക്തിയിൽ നിന്നും ഒരെഴുത്ത് തപാലിൽ കിട്ടി. സ്ഥിരമായി രാത്രി ജോലിയ്ക്ക്  തിരിക്കുന്ന ഷിബു ചില അവസരങ്ങളിൽ പരസ്ത്രീ സംഗമത്തിനായി മൈലുകൾ യാത്രചെയ്യുന്നതിന്റെ വിശദാംശങ്ങളുൾപ്പെടുന്ന ഒരു എഴുത്ത്. തെളിവായി ഒരു പ്രത്യേക ദിവസത്തിൽ ഹോട്ടലിൽ മുറിയെടുത്തതിന്റെ വിവരങ്ങളും അഭിസാരികയ്ക്ക് ബാങ്കിലൂടെ പ്രതിഫലം കൊടുത്തതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിരുന്നു. സംശയ നിവാരണത്തിന് മെഴ്സിമോളുടെ ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകൾ ഒത്തുനോക്കുവാൻ ആവശ്യപ്പെട്ടിരുന്നു.

നഗ്നനേത്രങ്ങളാൽ ദർശിക്കുന്നതിലധികവും കാപട്യമാണെന്ന് ജീവിതത്തിലൂടെ പഠിച്ചതിനാൽ ആദ്യത്തെ ആഘാതത്തിൽ നിന്നും ജീവിത യാഥാർഥ്യങ്ങളിലേയ്ക്ക് പെട്ടെന്നു മടങ്ങിയെത്തി.  ഭാര്യയോട് നിരന്തരം അവിശ്വസ്തത  പുലർത്തുന്നത്  അഭികാമ്യമല്ലെങ്കിലും ഷിബുവിന് മക്കളോടുള്ള  അമിത വാത്സല്യവും കരുതലും അവഗണിക്കുവാൻ കഴിയുമായിരുന്നില്ല. നിലവിൽ ഒന്നോ രണ്ടോ വ്യക്തികളുടെ ജീവിതത്തേക്കാളുപരി ഒരു കുടുംബത്തിന്റെ നിലനിൽപ്പാണ് മേഴ്സിമോളുടെ മുന്നിലുള്ളത്. 

കുട്ടികളുണ്ടാവുമ്പോൾ കുടുംബത്തിൽ ഭാര്യയും ഭർത്താവും അപ്രസക്തരാണെന്ന് പറഞ്ഞ  സ്വന്തം അമ്മയുടെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞുവന്നു. ഭർത്താവിന്റെ കരുതലും സ്നേഹവും ലഭിക്കുന്നത് ഭാഗ്യം മാത്രമായിരിക്കെ അച്ഛന്റെ കരുതലും സ്നേഹവും മക്കൾക്ക് ആജീവനാന്തം അവകാശപ്പെട്ടതും.  അമ്മയുടെ സഹന ജീവിതത്തിന്റെ ഭാഗമാകുവാൻ ഭാഗ്യം ലഭിച്ച മേഴ്‌സിമോൾക്ക് അമ്മയുടെ മനഃശക്തിപകരുന്ന വാക്കുകളും ഓർമ്മവന്നു.

‘‘ജീവിതമെന്നും ഒരു പരീക്ഷണം മാത്രമാണ്, വിജയിക്കുന്നവർക്ക് മാത്രമാണ് മുന്നോട്ട്  ജീവിക്കുവാനുള്ള അധികാരമുള്ളത്’’ ഭീരുക്കൾ മാത്രമാണ് ജീവിതയാഥാർഥ്യങ്ങളിൽ  നിന്നും ഒളിച്ചോടുന്നത് എന്നാൽ അനുദിന പരീക്ഷണങ്ങളെ നേരിടുന്നവരാണ് വിജയിക്കുന്നവർ. മുന്നോട്ട് മാത്രം ജീവിക്കുവാനുള്ള കടുത്ത തീരുമാനം എടുക്കുക തന്നെ ചെയ്തു.  

ചെറിയ കുടുംബമാണെങ്കിലും ആ കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും കടിഞ്ഞാണും തിരിച്ചേറ്റെടുക്കുവാനാണ് മേഴ്‌സിമോൾ ആദ്യം തീരുമാനിച്ചത്. കുട്ടികൾ മൂവരും സ്‌കൂളിൽ പോയ ഏറ്റവുമടുത്ത ദിവസം തന്നെ ഷിബുവിന്റെ മുൻപിൽ  തെളിവുകൾ നിരത്തി ഏകദേശം, എട്ടു വർഷങ്ങൾക്ക് മുൻപ് ബ്രിട്ടണിൽ ആദ്യമായെത്തിയപ്പോൾ കൈമാറിയ ബാങ്ക് ഡെബിറ്റ് കാർഡ് തിരികെ വാങ്ങി, മറ്റൊരു നഗരത്തിലേയ്ക്ക് മാറി താമസിക്കുവാനുള്ള തീരുമാനവുമറിയിച്ചു.

തെളിവുകളുടെയും  ദൃഢനിശ്ചയങ്ങളുടെ മുൻപിലും ഷിബുവിന് പിടിച്ചുനിൽക്കുവാനും മറുത്ത് സംസാരിക്കുവാനും സാധിച്ചില്ല. വീണ്ടും തലകുനിച്ചെല്ലാം സമ്മതിച്ചു. ജീവിതത്തിലൊരു തുണയേക്കാൾ ജീവിതം പൂർണമാവാണെമെന്ന പ്രതീക്ഷയിൽ  തുടങ്ങിയ കുടുംബ ജീവിതത്തിലൂടെ  ജന്മമേകിയ മക്കൾക്ക് സ്നേഹവും സംരക്ഷണവും പ്രത്യാശയും നൽകേണ്ടത് ആവശ്യമായതിനാൽ മാത്രമാണ് വീണ്ടും വിട്ടുവീഴ്ചകൾക്ക് തയാറായത്.  

ആധുനിക ലോകത്തിൽ ജീവിക്കുന്ന  ഓരോ വ്യക്തികൾക്കും സ്വസ്ഥമായി ജീവിക്കുവാനുള്ള സാമൂഹിക പരിരക്ഷ ലഭിക്കുന്നുണ്ടെങ്കിലും തന്റെ കുടുംബം തകരാതെ സംരക്ഷിക്കേണ്ട ചുമതല മേഴ്സിമോൾക്ക് മാത്രമാണുണ്ടായിരുന്നത്. എല്ലാക്കാലങ്ങളിലും ജീവിതസാഹചര്യങ്ങൾ  പ്രതികൂലമാണെങ്കിലും മനഃസാന്നിധ്യം നഷ്ടപ്പെടാത്ത ഓരോ അവസ്ഥകളെയും പ്രായോഗികമായി നേരിടുകയും അനുയോജ്യമായി കൈകാര്യം ചെയ്യുന്നതിലൂടെ തങ്ങൾക്ക് അനുകൂലമാക്കുവാൻ സാധ്യമാകുമെന്ന പാഠം വീണ്ടും ഉപകാരപെട്ടു. 

നിലവിലുള്ളതും ഭാവിയിൽ സംഭവിക്കാവുന്ന എല്ലാ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളും പലപ്രാവശ്യം കൂട്ടിക്കിഴിക്കുമ്പോഴും മുന്നിലുള്ള ഏക പോംവഴിയും വിട്ടുവീഴ്ചകൾ മാത്രമായിരുന്നു. എല്ലാ മനുഷ്യർക്കും അർഹതയുള്ള സ്വാര്‍ഥ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും തൽക്കാലം മൂടുപടമണിയിച്ചുകൊണ്ട് മുന്നോട്ട് മാത്രം ജീവിക്കുവാനുള്ള തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.

കുട്ടികൾ പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക്  എളുപ്പത്തിൽ ഇഴുകിച്ചേർന്നെങ്കിലും ഷിബുവിന് പല കാരണങ്ങളാൽ സാധ്യമായില്ല. അതിനാൽ തന്നെ അമ്മയുടെ പരിചരണത്തിന്റെ പേരിൽ കുറച്ചുകാലം നാട്ടിൽ ചെലവഴിച്ചു. അടുത്തകാലങ്ങളിൽ പ്രവർത്തനം തുടങ്ങിയ ആശുപത്രിയായതിനാൽ മേഴ്സിമോൾക്ക് ജോലി സാഹചര്യവും പുതിയ സഹപ്രവർത്തകരുമായി പൊരുത്തപ്പെടുവാനും ബുദ്ധിമുട്ടായില്ല. 

അമിതമായ രക്തസമ്മർദ്ദത്തിനുള്ള മരുന്ന് ആജീവനാന്തം കഴിക്കേണ്ടി വന്നപ്പോൾ മനസിനൊപ്പം നാഡീഞരമ്പുകൾക്കും  ക്ഷതമേറ്റു. കുട്ടികൾക്കുവേണ്ടിയുള്ള പിന്നീടുള്ള വിവാഹജീവിതത്തിൽ മനസികാരോഗ്യത്തിനും ശാരീരിക സുഖത്തിനും സ്ഥാനമില്ലാതായി. നാട്ടിൽ കഷ്ടിച്ച് മൂന്നു മാസം നിൽക്കുവാൻ സാധിച്ച ഷിബുവിനെ പല കാരണങ്ങളാൽ അമ്മ തന്നെ ബ്രിട്ടണിലേക്ക് മടക്കിയയച്ചു. 

വീണ്ടും മറ്റൊരു വൃദ്ധസദനത്തിൽ ജോലിയിൽ പ്രവേശിക്കുവാൻ ഷിബുവിന്‌ മടിയായതിനാൽ മറ്റു പല ജോലികളും മാറിമാറി പരീക്ഷിച്ചെങ്കിലും മാനസിക വളർച്ച കുറവുള്ളവരെ ശുശ്രുഷിക്കുന്നിടത്തുള്ള ജോലിയിൽ സംതൃപ്തനായി.  പുതിയ മലയാളി കൂട്ടുകാരും കൂട്ടായ്മകളും വീണ്ടുമുടലെടുത്തെങ്കിലും ഭൂതകാലസ്മരണകൾ ബന്ധങ്ങൾക്ക് കടിഞ്ഞാണുകളുണ്ടായി. അങ്ങനെയൊരു വിശ്വാസം ഇന്നും മേഴ്സിമോളിൽ നിലനിൽക്കുന്നു. 

പിന്നീടും പല ഓണാഘോഷങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും പിൻനിരയിൽ തന്നെ നിന്നിരുന്നു.  എന്നാലിപ്പോൾ വീണ്ടും മുൻ നിരയിലേയ്ക്ക്  ക്ഷണമെത്തുമ്പോൾ മാറിനിൽക്കുവാൻ ശ്രമിക്കാതെ സംഘാടകനാകുവാനായി അഞ്ചു മണിക്ക് മുൻപ് തന്നെ ഷീജചേട്ടന്റെ വീട്ടിലെത്തി.

English Summary : Irunda Prathibimbangal, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;