ADVERTISEMENT

നീർപോളകൾ (കഥ)

 

ഇനി അച്ഛനെ കുറച്ചു നാൾ നീ നോക്ക്. ഇപ്പോൾ മാസം മൂന്നായി അവിടെ വന്നിട്ട്. എന്റെ മാത്രം അച്ഛനല്ലല്ലോ.  നിന്റെ കൂടെ അല്ലേ. ഇപ്പോഴാണെങ്കിൽ ഓർമക്കുറവും. സത്യത്തിൽ ഞാൻ മടുത്തു. കൊറച്ചു നാൾ അച്ഛൻ ഇവിടെ നിന്നാൽ എനിക്ക് ഒരു വിശ്രമം കിട്ടും.

 

ഇവിടെ ആരാണ് അച്ഛനെ  നോക്കാനുള്ളത്? ഞാനും വനജയും ജോലിക്കും മക്കൾ കോളജിലും പോയാൽ വീട്ടിൽ ആരും ഉണ്ടാകില്ല എന്ന് നിനക്കറിയാമല്ലോ സുപ്രിയേ. നിനക്ക് ജോലി ഒന്നും ഇല്ലാത്തതു കൊണ്ട് വീട്ടിൽ ഇപ്പോഴും ആളുണ്ടാകും. പിന്നെ  വയ്യായ്ക  തോന്നുന്നുണ്ടെങ്കിൽ ഒരു വേലക്കാരിയെ  വയ്ക്കാലോ.  അത്രയ്ക്ക് ബുദ്ധിമുട്ടൊന്നും അവിടെ നിനക്കിപ്പോൾ ഇല്ല. 

 

അത്രക്കൊന്നും സാമ്പത്തികം ഞങ്ങൾക്കില്ല എന്ന് ചേട്ടനറിയാലോ. ഒരാളുടെ ശമ്പളം കൊണ്ട് വേണം വീട് കഴിയാൻ. ഇവിടെ അങ്ങനെ ആണോ. ഒരു കാര്യം ചെയ്യൂ. കുറച്ചു കാലം അച്ഛൻ ഇവിടെ നിൽക്കട്ടെ. അമ്മയെ ഞാൻ കൊണ്ട്  പൊയ്ക്കൊള്ളാം. രണ്ടുപേരെ നോക്കേണ്ട ബുദ്ധിമുട്ടു ചേട്ടന് ഒഴിവാക്കാമല്ലോ. 

 

അമ്മയ്ക്ക് പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലല്ലോ. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ കഴിയും. മാത്രമല്ല ഞങ്ങൾ പോയാൽ ഇവിടെ അമ്മയുണ്ടെങ്കിൽ ഒരു വലിയ ആശ്വാസമാണ്. 

 

അതേ. ചേട്ടന് വീട്ടിലെ പണികളൊക്കെ ചെയ്യാൻ ഒരാളുണ്ടല്ലോ. അച്ഛനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ചേട്ടന് അച്ഛനെ നോക്കാൻ കഴിയില്ല. എന്തായാലും അച്ഛൻ കുറച്ചു കാലം ഇവിടെ തന്നെ നിൽക്കട്ടെ. ശാന്തേട്ടൻ വരുന്നതിനു മുൻപേ എനിക്ക് തിരിച്ചു പോകണം. 

 

പുറത്തെ ബഹളം ഇപ്പോഴൊന്നും തീരില്ല എന്ന് തങ്കമ്മക്കു തോന്നി. കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന രാഘവൻ നായരെ തങ്കമ്മ നോക്കി. സുപ്രിയയുടെ കൂടെ വന്നു കയറിയപ്പോൾ തന്നെ ക്ഷീണം കൊണ്ട് തളർന്നിരുന്നു രാഘവൻ നായർ. വേപ്പിലയും പച്ച  മുളകുമിട്ടു ഉണ്ടാക്കിയ സംഭാരം നിന്ന നിൽപ്പിൽ കുടിച്ചു കിടക്കുകയാണ് രാഘവൻ നായർ.  അവിടെ നടക്കുന്ന ബഹളങ്ങളൊന്നും അറിയുന്നില്ല. ഭഭഗ്യവാൻ തന്നെ. മക്കൾ തങ്ങളെ പങ്കുവയ്ക്കാൻ കഷ്ടപ്പെടുന്നത് അറിയാതിരിക്കട്ടെ. അറിഞ്ഞാൽ മക്കളെ ഏറെ സ്നേഹിക്കുന്ന ആ ഹൃദയം അത് താങ്ങില്ല. 

 

തറവാട് രണ്ടു പേർക്കുമായി പങ്കു വച്ച അന്ന് തുടങ്ങിയതാണ് കുഴപ്പങ്ങൾ. നാട്ടിലെ വീട് വിൽക്കാൻ രണ്ടു പേർക്കും എന്തുത്സാഹം ആയിരുന്നു. അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ കൂടെ പട്ടണത്തിലെ വീട്ടിൽ വന്നു നിൽക്കാമല്ലോ. ഞങ്ങൾ രണ്ടു പേരും അവിടെ ഉള്ളപ്പോൾ നിങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കാൻ ഞങ്ങൾക്കും കഴിയും. ഇനിയുള്ള കാലം പേരക്കുട്ടികൾക്കൊപ്പം ജീവിച്ചു കൂടെ. അങ്ങിനെ എന്തെല്ലാം കേട്ടു. 

 

മനസ്സുണ്ടായിട്ടല്ല. പതിനെട്ടര പാടവും ഇത്തിരി മണ്ണും വിട്ട് ഇങ്ങോട്ടു വന്നത്. ഒറ്റക്കാകണ്ടല്ലോ  എന്ന് കരുതി. മനസ്സിനെ തോൽപിക്കാൻ പറ്റിയില്ല. എങ്കിലും പ്രായം ശരീരത്തെ തോൽപിക്കുന്നുണ്ട്. എന്ന് തിരിച്ചറിഞ്ഞത് രാഘവേട്ടന് ഓർമക്കുറവ് വന്നു തുടങ്ങിയപ്പോഴാണ്. അതുകൊണ്ട് മാത്രമാണ് മക്കളുടെ കൂടെ നാട്ടിൻപുറത്തിന്റെ നന്മ ഉപേക്ഷിച്ചു പട്ടണത്തിലെ മരുഭൂവിലേക്കു വന്നത്. 

 

രാഘവൻ നായർ ഒന്ന് ചുമച്ചു. തങ്കമ്മ  അടുത്ത് ചെന്നിരുന്നു നെഞ്ചു തടവി കൊടുത്തു. തിരിച്ചറിയാത്ത പോലെ  രാഘവൻ നായർ തങ്കമ്മയെ നോക്കി. നരച്ച താടി, മെലിഞ്ഞ ശരീരം, തിളക്കം വറ്റിയ കണ്ണുകൾ. എന്തിനോ തങ്കമ്മയുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി അടർന്നു രാഘവൻ നായരുടെ നെഞ്ചിലേക്ക് വീണു. 

 

ഇങ്ങനെ ഒന്നും ആയിരുന്നില്ല രാഘവൻ നായർ. തങ്കമ്മ ആ ശുഷ്കിച്ച ശരീരം നോക്കി പഴയൊരു കാലം ഓർത്തു. ആറടി ഉയരവും അതിനൊത്ത വണ്ണവും ഉള്ള ഒത്ത ഒരാണ്. കരയിലെ എല്ലാവരും ബഹുമാനിച്ചിരുന്ന പതിനെട്ടര പാടത്തിന്റെ ഉടമ. പാട്ടമായും സ്വന്തമായും പാടത്തു നെല്ലിൽ സ്വർണം വിളയിച്ചിരുന്നവൻ.  പന്ത്രണ്ടു പല്ലിന്റെ ചക്രം ഒറ്റയ്ക്ക് ചവിട്ടി പാടത്തു വെള്ളം തേവി കയറ്റിയിരുന്നവൻ.

 

തങ്കമ്മ രാഘവൻനായരുടെ മെലിഞ്ഞ കൈകളിൽ തലോടി. ഉരുക്കു പോലെ ഉറച്ച മാംസപേശികളായിരുന്നു കല്യാണം കഴിക്കുമ്പോൾ. ആ കരുത്തിൽ തളർന്നുറങ്ങിയ നാളുകൾ. അതിന്റെ സുരക്ഷിതത്വം തണലായ കാലം.

 

മക്കൾ രാഘവൻ നായർക്ക് മറ്റെന്തിനേക്കാളും  വലുതായിരുന്നു. അവർ ജനിച്ച ശേഷം ജീവിതം അവർക്കു വേണ്ടി മാത്രമായിരുന്നു.  ഒരു കുറവും ഇല്ലാതെ തന്നെ വളർത്തി,  പട്ടണത്തിൽ കോളജിൽ വിട്ടു പഠിപ്പിച്ചു. നല്ല ജോലി തന്നെ ഈശ്വരൻ സഹായിച്ചു അവർക്കു ലഭിച്ചു. വിവാഹവും അവരുടെ ഇഷ്ടത്തിന് നടത്തി. കോളജ് പഠന കാലത്തു തന്നെ അവർക്കു നാടിനോട് ഇഷ്ടമില്ലായ്മ തുടങ്ങിയിരുന്നു. പലവട്ടം രാഘവേട്ടനോട് താൻ ഇതേ കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ മക്കളോടുള്ള സ്നേഹം കാരണം ഇതൊന്നും കാണാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്. 

 

വിവാഹം കഴിഞ്ഞു സ്വന്തം കുടുംബം ആയി കഴിഞ്ഞപ്പോൾ അവർ നാട്ടിലേക്കുള്ള വരവ് തീരെ ഇല്ലാതായി. എത്രയും പെട്ടെന്ന് നാട്ടിലെ സ്ഥലം വിൽപിക്കാനും. പട്ടണത്തിൽ ചേക്കേറുവാനുമുള്ള മോഹം. തങ്കമ്മയ്ക്കു കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല. ഏറ്റവും ദുഃഖം തങ്ങളെ രണ്ടു വീട്ടിൽ ആക്കാനുള്ള മക്കളുടെ തീരുമാനം ആയിരുന്നു. താൻ അടുത്തില്ലെങ്കിൽ രാഘവേട്ടൻ ബുദ്ധിമുട്ടും എന്ന് പലവട്ടം പറഞ്ഞിട്ടും അവർ കേട്ടില്ല. അല്ലെങ്കിലും അഭിപ്രായങ്ങൾക്കു വിലയില്ലാതായിട്ടു കാലം ഒരുപാടായിരുന്നു. 

 

പുറത്തു  കലഹം തീർന്നിരുന്നില്ല, വീട്ടിലെ സ്വത്തുക്കൾ ഭാഗം വയ്ക്കാൻ ഇവർ കലഹിച്ചിരുന്നില്ല,  ഇപ്പോൾ അച്ഛനെയും അമ്മയെയും ഭാഗം വയ്ക്കുന്നു. അത് കയ്യാങ്കളിയോളം എത്തി എന്ന് തോന്നി തങ്കമ്മയ്ക്ക്. 

 

ഇതൊന്നുമറിയാതെ തങ്കമ്മയുടെ കൈ ചേർത്തു പിടിച്ചു ശാന്തമായി ഉറങ്ങുകയാണ് രാഘവൻ നായർ. ശുഷ്കിച്ച ആ കൈകൾ ചേർത്തു പിടിക്കുന്നതിന്റെ സമാധാനം ആ മുഖത്ത് തെളിഞ്ഞു കാണാം. ഇനി ഒരുമിച്ചു കഴിയാൻ ഈ ജീവിതകാലത്തു ഭാഗ്യമുണ്ടാകുമോ.. ഓർമ്മകൾ ഇല്ലാത്തതു നല്ലതാണ്. ദുഃഖങ്ങൾ  അടുത്ത് വരില്ലല്ലോ. 

 

ഒരിക്കൽ കൂടി രാഘവൻ നായരുടെ നെറുകയിൽ തലോടി തങ്കമ്മ. ഒന്ന് കുനിഞ്ഞു ആ മൂർദ്ധാവിൽ ഒരു ചുംബനം നൽകി. 

 

നിങ്ങൾ ഇങ്ങനെ നരകിക്കുന്ന കാണാൻ എനിക്ക് വയ്യ. എന്റെ രാഘവേട്ടനെ  മക്കൾക്ക് തട്ടിക്കളിക്കാൻ വിടാനും കഴിയണില്ല, എന്നോട് പൊറുക്കണം. കൈ പിടിച്ചു കൂടെ വന്ന അന്ന് തൊട്ടു നിങ്ങളുടെ സുഖവും സന്തോഷവും മാത്രമായിരുന്നു എന്റെ ജീവിതം. എനിക്കും കുടുംബത്തിനും വേണ്ടി മാത്രം രാഘവേട്ടനും ജീവിച്ചു. നമുക്ക് വേണ്ടി ജീവിക്കാൻ ഇനി നമുക്ക് കഴിയില്ല അതുകൊണ്ട്, അതുകൊണ്ട് രാഘവേട്ടാ. എന്നോട് ക്ഷമിക്കണം ,

 

കട്ടിലിൽ തളർന്നു കിടക്കുന്ന രാഘവൻ നായരുടെ ശിരസ്സ് സ്വന്തം മടിയിലേക്കു വച്ച് ചുമരിൽ ചാരി ഇരുന്നു തങ്കമ്മ. കൊച്ചു കുട്ടികളുടെ നിഷ്കളങ്കത ആ മുഖത്തു അപ്പോഴും കാണാമായിരുന്നു. രാഘവൻ നായരുടെ നരച്ച തലമുടിയിൽ മെല്ലെ വിരലുകളാൽ തലോടി.. ആ സുഖത്തിൽ ഒന്ന് കുറുകി കണ്ണുകൾ മുറുകെ പൂട്ടി രാഘവൻ നായർ തങ്കമ്മയുടെ വയറിനോട് തല ചേർത്തു കിടന്നു. ബോധത്തിനും അബോധത്തിനും ഇടയിലെ നിമിഷങ്ങൾ. 

 

തങ്കമ്മ സമീപത്തിരുന്ന  തലയിണ രാഘവൻ നായരുടെ മുഖത്തേക്ക് അമർത്തി പിടിച്ചു.  അൽപ നിമിഷങ്ങൾ..  ശ്വാസം കിട്ടാതെ രാഘവൻ നായർ പിടഞ്ഞു. തങ്കമ്മയുടെ കൈകൾക്കു ശക്തി കൂടി കൂടി വന്നു. അവസാനം ഒരു ചെറിയ പിടച്ചിലോടെ  രാഘവൻ നായരുടെ ചലനം പൂർണമായി നിലച്ചു. 

 

തങ്കമ്മയുടെ കണ്ണുകളിൽ നിന്നൊഴുകിയിറങ്ങിയ അരുവി രാഘവൻ നായരുടെ ശിരസ്സ് നനച്ചിറങ്ങി. ഓർമകൾ തങ്കമ്മക്കു കൂട്ടിനെത്തി. പതിനെട്ടര പാടത്തുനിന്ന് ഉച്ചയൂണിനു വരുന്ന രാഘവൻ നായർ.  അമ്പലത്തിലെ ഉത്സവത്തിന് രാഘവൻ നായരുടെ കൈ പിടിച്ചു പോയിരുന്ന നാളുകൾ.  ഈണത്തോടു കൂടെ പാട്ടു പാടി തേക്ക് പിടിക്കുന്ന രാഘവൻ നായർ. മങ്ങി തുടങ്ങിയുന്ന ഓർമ്മകൾ. 

 

ഞാനൊറ്റയ്ക്ക് പോയാൽ മതിയോ തങ്കമ്മേ.  

 

ആരോ ചെവിയിൽ ചോദിക്കുന്നു. 

 

അല്ല. രാഘവേട്ടാ. ഞാനും വരുന്നു. ഒറ്റയ്ക്കാകാതിരിക്കാനാ ഞാൻ. രാഘവൻ നായരുടെ കവിളിൽ ചുണ്ടുകൾ ചേർത്തു തങ്കമ്മ കിടന്നു. നെഞ്ചിൽ എവിടെയോ കൊളുത്തി പിടിക്കുന്ന ഒരു വേദന. നിഴൽ പോലെ മുന്നിൽ രാഘവേട്ടൻ കൈ നീട്ടി നിൽക്കുന്നു. പഴയ രാഘവേട്ടൻ. തിളങ്ങുന്ന കണ്ണുകളും ഉറച്ച ശരീരവും. തങ്കമ്മ ആ കിടപ്പിൽ തന്നെ കൈ നീട്ടി  ആ കൈകളിൽ പിടിച്ചു.  

 

ഞാനൊന്നുറങ്ങട്ടെ  രാഘവേട്ടാ. 

 

തളർന്ന ശബ്ദത്താൽ തങ്കമ്മ പറഞ്ഞു. 

 

നീർപ്പോളകൾ പോലെയാണ് ജീവിതം തങ്കമ്മേ. ഉടഞ്ഞു പോകാനുള്ള സമയം മാത്രകൾ മാത്രമാണ്. ആരറിയാൻ. തിരിച്ചു പോകാൻ കഴിയാത്ത വഴികളിലൂടെ ഇനി നമുക്കൊരുമിച്ചു പോകാം ,

 

രാഘവൻ നായർ തന്റെ കൈകളിൽ മുറുക്കെ പിടിക്കുന്നതായി തങ്കമ്മക്കു തോന്നി. അവരുടെ മുഖം ശാന്തമായി. ശ്വാസം നിലച്ചു മിഴികൾ അടഞ്ഞു.

 

ആരൊക്കെയോ മുറിയിലേക്ക് വരുന്ന ശബ്ദം. സുപ്രിയ അച്ഛാ, അമ്മേ എന്ന് വിളിച്ചു ഉറക്കെ കരയുന്നു. ആരെ കേൾപ്പിക്കാനാണ് എന്ന ഭാവത്തിൽ തങ്കമ്മ രാഘവൻ നായരെ നോക്കി ,ശബ്ദങ്ങൾ അകന്നു പോകുന്നു. ഭാരമില്ലാത്ത മേഘശകലം പോലെ അവർ അനന്തതയിൽ ലയിക്കാൻ തുടങ്ങി.. പുതിയ വെളിച്ചം തേടി...

 

English Summary : Neerpolakal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com