ADVERTISEMENT

രാമൻ (കഥ) 

 

എന്റെ ഗ്രാമത്തിൽ ഒരു രാമൻ ഉണ്ടായിരുന്നു, ജന്മനാ വൈകല്യങ്ങളുള്ള രാമൻ അവന്റെ അമ്മയുടെ കയ്യും പിടിച്ചു ചൊയ്യാലം വയലിന്റെ ഓരത്തെ തെങ്ങിൻ തോപ്പിൽ നിന്നും നടവരമ്പിലൂടെ നടന്ന് ഗ്രാമത്തിന്റെ പച്ചപ്പും സൗകുമാര്യതയും ആസ്വദിക്കുമായിരുന്നു. പാച്ചേനി വയലും നാട്ടിൻകുളവും കൊറത്തിന്റെ വളപ്പും അവൻ ആവോളം ആസ്വദിച്ചു. 

 

മുട്ടുവരെ ഉടുത്ത കള്ളിമുണ്ടും വെളുത്ത ബനിയനിലുമാണ് ഞാൻ കൂടുതലും രാമേട്ടനെ കണ്ടിട്ടുള്ളത്. ആ വയലിന്റെ ഓരോ ചലനവും രാമൻ തന്റെ ഭൂതക്കണ്ണാടിയിലെന്നപോലെ ഓരോ ദിവസവും ആസ്വദിച്ചു. ഓരോ പകലുകളിലും രാമൻ ആ വയലിലെ പശുക്കളോടും ആടുകളോടും കിന്നാരം പറഞ്ഞു.  

 

രാമനെ സ്കൂളിൽ വിടാൻ വീട്ടുകാർക്ക് താല്പര്യം ഉണ്ടായില്ല കാരണം രാമന്റെ ബോധമനസിന്റെ വ്യതിയാനം അമ്മയ്ക്ക് മാത്രേ  അറിയാൻ പറ്റൂ 

 

ചിലപ്പോൾ രാമൻ പറയുന്നത് കേട്ടാൽ മഹാ പരിജ്ഞാനിയാണെന്നു തോന്നും, പ്രാഥമിക വിദ്യാഭ്യാസം ഇല്ലെങ്കിലും സ്കൂൾ വിട്ടുവരുന്ന കുട്ടികളെ തടഞ്ഞു നിർത്തി ചോദ്യങ്ങൾ ചോദിക്കും, ചിലപ്പോൾ അവൻ കുറെ ഭാവി പ്രവചനം നടത്തും.  ആകാശത്തേക്ക് നോക്കി ഒരിക്കൽ അവൻ പ്രവചിച്ചു; ഇക്കൊല്ലം പുഞ്ചവയലിൽ വെള്ളം കയറും, നെല്ല് മുഴുവൻ മുങ്ങും– വർഷകാലം വന്നു. പുഞ്ചവയലും കൊയിച്ചല്ലി വയലും നിറഞ്ഞൊഴുകി, കൃഷി നാശം സംഭവിച്ചു. ഗ്രാമം അതുവരെ കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കം ഉണ്ടായി. 

 

സ്കൂളിൽ പോകുന്ന കുട്ടികളെ വലിയ ആകാംക്ഷയോടെ രാമൻ നോക്കിക്കണ്ടു, ചിലരെ പിടിച്ചു നിർത്തി വർത്താനം പറഞ്ഞു. വൈകുന്നേരം വരുമ്പോൾ ഇതിലൂടെ വരണേ; അവൻ ചിലപ്പോൾ ഓർമിപ്പിക്കും 

 

എന്നാൽ ചില ദിവസങ്ങളിൽ രാമൻ വല്ലാതെ അസ്വസ്ഥൻ ആയിരിക്കും ആ ദിവസങ്ങളിൽ രാമന്റെ പെരുമാറ്റത്തിൽ ഭാവ വ്യത്യാസം ഉണ്ടാകുകയും ദേഷ്യപ്പെടുകയും ചെയ്യും, ചിലപ്പോൾ പൊടുന്നനെ വടി എടുത്ത് അടിക്കാൻ വരും അല്ലെങ്കിൽ കല്ല് പെറുക്കി എറിയും. 

 

അത് ഭയന്ന് കുട്ടികൾ അതുവഴി പോകാതായി 

 

നോക്കെത്താ ദൂരം പരന്നു കിടക്കുന്ന വയലിന്റെ ഓരങ്ങളിൽ മതിൽ കെട്ടുകൾ ഉയർന്നുവരുന്നത് രാമൻ ഭീതിയോടെ നോക്കി കണ്ടു. 

 

വയലുകളിലെ വെള്ളാരം കൊറ്റികളും നെച്ചിങ്ങകളും തേളിയാൻ പാമ്പുകളും മാത്രമായി രാമന്റെ കൂട്ടുകാർ .

 

വയലിൽ പണി എടുക്കുന്നവർക്ക് ചായയുമായി പോയ ഒരു ദിവസം എന്നെ ദൂരത്തു നിന്നും രാമൻ തിരിച്ചറിഞ്ഞു; എടാ ഒന്ന് ഇങ്ങോട്ട് വാ കൊറോനെ, ഒന്ന് ഇതുവഴി വന്നിട്ട് പോ എന്ന് പറഞ്ഞു. ഭാവ വ്യത്യാസങ്ങൾ ഒന്നും തോന്നാത്തതുകൊണ്ട് രാമന്റെ അടുത്തേക്ക് പോയി.

 

ചൊയ്യാലത്തെ തോട്ടിലെ പരൽ മീനുകളെ കാട്ടിയിട്ട് പറഞ്ഞു; ഒരു മീനായി ജനിച്ചിരുന്നെങ്കിൽ ഒഴുകി നടക്കാമായിരുന്നു, ഇപ്പോൾ ആരും എന്നെ കാണാൻ വരുന്നില്ല. വിശാലമായ ഈ ലോകത്തിലെ ഏകാന്തത ഏറെ വിഷമകരം തന്നെ. വല്ലപ്പോളും ഇതുവഴി പോകുമ്പോൾ എന്നെ കാണാതെ പോകരുത്..

 

ഹൈ സ്കൂൾ പഠനത്തിനായി സ്കൂൾ മാറിയതോടെ പിന്നെ രാമനെ കണ്ടത് വളരെ കുറവ് തന്നെ. ലോകത്തെ ആകമാനം ചുട്ടുചാമ്പലാക്കുന്ന കാട്ടു തീയെക്കുറിച്ചും, കടൽ വിഴുങ്ങുന്ന ഭൂമിയെക്കുറിച്ചും, പടർന്നു പന്തലിക്കുന്ന മഹാമാരികളെക്കുറിച്ചുമെല്ലാം രാമൻ ചില ഭീതിതരാത്രികളിൽ സ്വപ്നം കണ്ട കഥപറഞ്ഞിട്ടുണ്ടായിരുന്നു.  

 

രാമൻ ആരെക്കണ്ടാലും വിളിക്കുന്നത് എടാ കൊറോനെ എന്നായിരുന്നു എന്നാണ് എന്റെ ഓർമ്മ- ഇനി ഒരുപക്ഷേ രാമൻ കണ്ട ഭീതിത സ്വപ്നങ്ങളിൽ കൊറോണയും ഉണ്ടായിട്ടുണ്ടാകുമോ? 

 

ഒരു പക്ഷേ ഈ വലിയ ലോകത്തെ രാമന്റെ മോഹങ്ങൾ നാരാട്ടന്റെ കടയിലെ കപ്പലണ്ടി മിട്ടായിയും, കാവിലെ പൂരത്തിലെ ബലൂണും തെയ്യം പ്രമാണിച്ചുള്ള ഘോഷയാത്രയുടെ കൂടെ നടക്കലും ഒക്കെ മാത്രമായിരുന്നിരിക്കാം. 

 

അതിമോഹങ്ങളും സ്വപ്നങ്ങളും യാത്രകളുമെല്ലാം തച്ചുടക്കപ്പെടുന്നത് ഇത്തരം അപ്രതീക്ഷിത ദുരന്തങ്ങളിലാണ് 

 

എന്തിനാണ് നീ ഇപ്പോൾ രാമനെയും മറ്റും ചിന്തിക്കുന്നത് എന്നാണോ, കാരണമുണ്ട്. 

 

ഇന്നലെ വരെ തിരക്കായിരുന്നു, എന്തിനു വേണ്ടി എന്നറിയില്ലെങ്കിലും  ഉറങ്ങാൻ പോലും നേരമില്ലാത്ത ഓട്ടം, പട്ടിക്ക് ഒട്ടു വിലയും ഇല്ല പട്ടിക്ക് ഇരിക്കാൻ നേരവുമില്ല എന്ന് പറയുന്നപോലെ ആയിരുന്നു രാത്രികൾ, പകലുകൾ. 

അതിനിടയിൽ വീർത്തു വരുന്ന വയറിനെക്കുറിച്ചോ, മെലിഞ്ഞുപോകുന്ന തുടയെല്ലിനെക്കുറിച്ചോ ഒന്നും ചിന്തിക്കാൻ നേരം കിട്ടാത്തവർ- എന്നെപ്പോലെ എത്രയോ പേർ

 

ഇവിടെ ഈ മുറിക്കുള്ളിലേക്ക് അടച്ചിടലിന്റെ അരക്ഷിതത്വം തോന്നിയപ്പോൾ എനിക്ക് രാമനെ കാണാൻ സാധിച്ചു. വയൽ വരമ്പിലൂടെ എനിക്ക് നാടിനെ പുണരാൻ തോന്നുന്നു. നാട്ടുവഴികളിലൂടെ അലക്ഷ്യമായി നടക്കാൻ തോനുന്നു. അവിടെ ചീറിപ്പായുന്ന വാഹനങ്ങൾ ഇല്ല, പറന്നുയരുന്ന വിമാനങ്ങൾ ഇല്ല 

 

ചില ആളുകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരാൻ പ്രത്യേക കാരണം ഉണ്ടാകണം എന്നില്ല, എങ്കിലും രാമൻ; പാച്ചേനിക്കപ്പുറം വേറൊരു ലോകം കണ്ടിട്ടില്ലാത്ത അവന്റേതായ ലോകത്തേക്ക് പോയിമറഞ്ഞു എന്നറിഞ്ഞു.

 

നമ്മൾ അനുഭവിക്കുന്ന ശരിയ്ക്കും തെറ്റിനും രാമനടക്കം കടന്നുപോയ വഴികളുടെ കാൽപ്പാടുകൾ ഉണ്ട്, രാമനെക്കാൾ രാമന്റെ തണലായ ആ അമ്മയുടെ കരുതൽ. 

 

ഇരുട്ട് വീഴുമ്പോൾ നിശ്ചലമായ നഗരത്തിലെ ഫ്ലാറ്റിന്റെ ജനാല വാതിലിലൂടെ പുറത്തേക്ക് വീണ്ടും ഒരിക്കൽ കൂടി നോക്കി. നാടുകാണികുന്നിന്റെ മുകളിലൂടെ മിന്നിമറയുന്ന രാത്രിവണ്ടികൾ കണ്ടു, നിശബ്ദമായി ഒഴുകുന്ന കുപ്പം പുഴകണ്ടു. പാച്ചേനിക്കപ്പുറം വേറൊരു ലോകമില്ലെന്നു വിശ്വസിക്കാനാണ് എനിക്കാഗ്രഹം. 

 

മനസ്സൊരു തീവണ്ടിയായി ഓടുന്നുണ്ട്, ഘോഷയാത്രയുടെ പിറകിൽ എനിക്കും കൂടണം.

 

വേഗം വേഗം നടക്കെന്റെ കൊറോന്മാരെ.

 

ഒരു ഭൂതക്കണ്ണാടിയിലൂടെ എനിക്കും ആ സ്പന്ദനങ്ങൾ വീക്ഷിക്കണം. അതിന്റെ മിടിപ്പുകൾക്കൊപ്പം ചേരണം.

 

English Summary: Raman, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com