ADVERTISEMENT

കുഞ്ഞി ചിറകു മുളയ്ക്കുമ്പോൾ (കഥ) 

രണ്ടു ദിവസമായി ഇങ്ങനെയാണ്. പത്തു മണി വരെ കിടക്കയിൽ ചുരുണ്ടു കിടക്കും. ഈ കിടപ്പിൽ താഴെ നിലയിലെ ഓരോ ചെറു ശബ്ദവും അനുവാദമില്ലാതെ പടി കയറി വരും. അവിടെ എല്ലാം സാധാരണ പോലെ . ഞാനിറങ്ങി ചെല്ലാത്തതു കൊണ്ട്  പറയത്തക്ക മാറ്റമൊന്നുമില്ല.

 

അവർ രണ്ടു പേരും രാവിലെ കുളിക്കുന്നുണ്ട്. ബ്രേക്‌ഫാസ്റ്റ് കഴിച്ച്, വൃത്തിയായി അലക്കി മടക്കി തേച്ച വസ്ത്രങ്ങൾ അണിഞ്ഞു സമയത്തിന് ഇറങ്ങുന്നുണ്ട്. ഇറങ്ങുന്നതിനു മുൻപ് അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ട്. ഫ്രിഡ്ജിന്റെ വാതിൽ ചേർത്തടച്ചിരിക്കുന്നു. പാത്രങ്ങളും ചായയും  പാലും പകർന്ന ഗ്ലാസുകളും  വാഷറിൽ ക്രമം തെറ്റാതെ അടുക്കിയിട്ടിട്ടുണ്ട്. 

 

മാറിയ ഉടുപ്പുകളോ നനഞ്ഞ തോർത്തോ വാതിൽപ്പടിയിലോ ബാത്റൂമിലെ തറയിലോ എറിഞ്ഞിട്ടില്ല. അവ വാഷിങ്  മെഷീനിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറെ താമസിയാതെ അവ ഉണങ്ങി തേച്ചെടുത്തതു പോലെ ആയി വരും. ഇന്നലെ ഉച്ചയ്ക്ക്  സ്കൂൾ വിട്ടു അവൾ വന്നപ്പോൾ നോക്കി. ഞാൻ എടുത്തു കൊടുക്കാത്തത് കൊണ്ട് രണ്ടു കാലിലും രണ്ടു നിറമുള്ള സോക്സ് ആണോ എന്ന്. അല്ല ഒരേ നിറം. ഷൂ ലേസ് തൂങ്ങി കിടക്കുന്നുമില്ല.

 

 

ഒന്നും ചെയ്യാനില്ലാത്തതു പോലെ തോന്നുന്നതു കൊണ്ട് ചായ കുടിച്ചു ടിവിയിൽ യൂട്യൂബ് ചാനലിൽ തമാശ സീരിയൽ കാണുകയാണ് ഇപ്പോഴത്തെ പണി. എന്തുകൊണ്ടാണ് ഈ സീരിയൽ ഞാൻ ഇത് വരെ കാണാഞ്ഞത് ? അത്ര മാത്രം എന്തായിരുന്നു ഈ വീട്ടിൽ പണി ? ആ...

 

ഇക്കാലത്തെ കുട്ടികൾ എത്ര ബുദ്ധി ഉള്ളവരാണ്. എത്ര വിശദമായാണ് പറഞ്ഞു തന്നത്. അന്ന് കാലത്തു പതിവു പോലെ  തിരക്കിട്ട പണിയൊക്കെ ഒതുക്കി ചായയുമായി അൽപനേരം നാട്ടിൽ അമ്മയെ വിളിച്ചു വിശേഷം പറയാമെന്നോർത്തു വന്നിരുന്നപ്പോഴാണ് മേശപ്പുറത്തു അവളുടെ ലഞ്ച് ബോക്സ് കണ്ടത്. ഹോ തിരക്കിൽ ഇത് എടുത്തു ബാഗിൽ വയ്ക്കാൻ മറന്നു. സമയം 9:45. ഇവിടെ 11 മണിയ്ക്ക് കുട്ടികൾ ലഞ്ച് കഴിക്കും. ചില ദിവസങ്ങളിൽ ഇവർക്ക് പുറത്താണ് ക്ലാസ്സ്. ദൈവമേ ഇന്ന് ട്രെക്കിങ് ഉള്ള ദിവസമാണെങ്കിൽ നടന്നു തളർന്നു കഴിക്കാനിരിക്കുമ്പോൾ കൊച്ച് എന്ത് ചെയ്യും? 

 

വേഗം ഉടുപ്പ് മാറി മുടി ചീകിയെന്നു വരുത്തി  ലഞ്ച്  ബോക്സ് എടുത്തു നടന്നു . ഒരു കിലോമീറ്റർ ദൂരത്താണ് സ്കൂൾ. ബസ്സിൽ പോകാമെന്നു വച്ചാൽ പത്തു മിനുട്ടു കൂടി കാക്കണം. ഒരിത്തിരി വേഗം നടന്നാൽ ആ നേരം കൊണ്ട് സ്കൂളിലെത്താം.അപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്.

 

വേഗത്തിൽ നടന്നത് കൊണ്ടാവണം അവിടെ എത്തിയപ്പോഴേയ്ക്കും നന്നേ വിയർത്തു പോയി. ക്ലാസ് റൂം ഏതാണെന്നു കൃത്യമായി അറിയാത്തതു കൊണ്ട് ഓഫിസിൽ ചോദിച്ചാണ് പോയത്. സാധാരണ മീറ്റിങ്ങുകൾക്കെല്ലാം അപ്പയാണ് പോകുന്നത്. ‘അമ്മ വരണ്ട. അപ്പ വന്നാൽ മതി. അമ്മയ്ക്ക് ഇവിടത്തെ ഭാഷ അറിയില്ലലോ എന്ന് അവൾ പറയും. ശരിയാണ്. വന്നിട്ട് വർഷങ്ങൾ കുറച്ചായെങ്കിലും ഭാഷ ഇത് വരെ വഴങ്ങിയിട്ടില്ല. 

 

ഇംഗ്ലിഷ്  പറഞ്ഞാണ് അത്യാവശ്യം  കാര്യങ്ങൾ നടത്തി എടുക്കുന്നത്. ഇവിടുത്തുകാർക്കു ഇംഗ്ലിഷ് അറിയാം . പക്ഷേ അവർ അവരുടെ ഭാഷയിൽ തന്നെ സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചെന്നപ്പോൾ ക്‌ളാസ്സു നടക്കുകയായിരുന്നു. വാതിൽ തുറന്നാണ് കിടന്നിരുന്നത്. വാതിൽക്കൽ തല കാണിച്ചപ്പോൾ ടീച്ചർ വന്നു. ഒന്നോടിച്ചു നോക്കിയപ്പോൾ രണ്ടാമത്തെ നിരയിൽ അങ്ങേ അറ്റത്തു കസേരയിൽ അവളെ കണ്ടു . ലഞ്ച് ബോക്സ് ഉയർത്തി കാണിച്ചു. അവൾക്കു പിന്നിൽ ലോത്തയെ കണ്ടു. എന്നെ കണ്ടതും ലോത്ത ചിരിച്ചു. കൂട്ടുകാരിയാണ്. മിക്കവാറും വീട്ടിൽ വരാറുണ്ട്. കളിയുംഹോംവർക് ചെയ്യലുമൊക്കെ രണ്ടാളും കൂടിയാണ്. ഇവിടെ അടുത്ത് തന്നെ ആണ് വീട് .

 

പക്ഷേ എന്തോ മോളുടെ മുഖം ഇരുണ്ടിരുന്നു. എന്ത് പറ്റിയതാവും ? കാലത്തേ തന്നെ ടീച്ചർ എന്തെങ്കിലും വഴക്കു പറഞ്ഞു കാണുമോ ? പോരുന്ന വഴി ഓർത്തു. അന്ന് ഉച്ചയ്ക്ക് വന്നപ്പോഴും മുഖം വീർത്തു തന്നെ ഇരുന്നു. എത്ര ചോദിച്ചിട്ടും കാര്യം പറഞ്ഞില്ല. പിന്നെ വൈകിട്ട് അപ്പ വന്നു ചോദിച്ചപ്പോഴാണ് പറഞ്ഞത്  അമ്മ ഇന്ന് സ്കൂളിൽ വന്നിരുന്നു എന്ന്. അവളുടെ കൂട്ടുകാർക്കു മുന്നിൽ ലഞ്ച് ബോക്സും ആയി  ചെന്ന്  നിന്ന് നാണം കെടുത്തിയെന്ന്.

 

അമ്മയ്ക്ക് സൗന്ദര്യമില്ല എന്ന് അവൾ പറഞ്ഞപ്പോഴാണ് ഞാൻ എന്നെത്തന്നെ നോക്കിയത്. ശരിയാണ്. കുറേക്കാലമായി കണ്ണാടി നോക്കി മുഖം മിനുക്കാൻ മറന്നു പോയിരുന്നു. കറുപ്പും വെളുപ്പും തിരിച്ചറിയുന്ന പ്രായത്തിലേയ്ക്ക് മകൾ വളർന്നത് ഞാൻ അറിഞ്ഞതേയില്ല. എന്റെ കണ്ണിൽ അവൾ എന്നും എന്റെ നെഞ്ചിൽ ഒട്ടിയിരുന്ന ഓമന കുഞ്ഞായിരുന്നു. മറിഞ്ഞു വീഴുമോ, വിശക്കുന്നുണ്ടോ. ഉടുപ്പിൽ അഴുക്കു പറ്റിയോ എന്നൊക്കെ തന്നെ ആയിരുന്നു ഞാൻ ആ സമയം വരെ ചിന്തിച്ചിരുന്നത്.

 

‘എന്തിനാണ് അമ്മ നിഴല് പോലെ എന്റെ പിന്നാലെ നടക്കുന്നത് ?  എനിക്ക് ശ്വാസം മുട്ടുന്നു’ അവൾ പറഞ്ഞു.

 

ഒന്നും പറയാതെ പപ്പ അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്നു. സ്കൂളിൽ ഞാൻ പൊയ്ക്കോളാം. ഓഫീസിൽ പാർട്ടി ഒത്തിരി ലേറ്റ് ആകും. നീ വരണ്ട. കേട്ടു മറന്ന ശബ്ദങ്ങൾക്ക് പുതിയ അർഥം തെളിയുന്നത് പോലെ.

 

അപ്പോഴാണ് ഒച്ചയുണ്ടാക്കാതെ പടികൾ കയറി എന്റെ കിടക്കയുടെ മൂലയ്ക്ക് ഒരു തടിയൻ പുതപ്പിനടിയിൽ ചുരുണ്ടു കൂടി കുറച്ചു സമയം കിടക്കണമെന്നു എനിക്ക് തോന്നിയത് . അന്നും പിറ്റേന്നും അവർ  എന്റെ ചൂട് തേടി വരുമെന്നും സാരമില്ല എന്ന്  പറയുമെന്നും ഞാൻ കരുതി . പക്ഷേ ആരും  വന്നില്ല . അവൾക്കു ചിറകുകൾ മുളച്ചിരുന്നു . അത് ഞാൻ കാണാതെ പോയതാണ് .

 

ഇന്നിപ്പോ  നാല്  മണി  ആയിട്ടും അവൾ വന്നിട്ടില്ല. ഒന്നരയ്ക്ക്  ക്ലാസ്സു കഴിഞ്ഞാൽ രണ്ടു മണിയോടെ വീട്ടിലെത്തുന്നതാണ്. മൂന്ന്  വരെ ഇപ്പോൾ എത്തും എന്നോർത്തിരുന്നു. പിന്നെ ഇരിപ്പുറയ്ക്കാഞ്ഞതു കൊണ്ട് ക്ലാസ് ടീച്ചറെ വിളിച്ചു. ഒന്നരയ്ക്ക് ക്ലാസ്സു കഴിഞ്ഞു കുട്ടികൾ എല്ലാം പോയതാണെന്ന് അവർ പറഞ്ഞു. പിന്നെ അവളെ  ഫോണിൽ വിളിച്ചു. അടിക്കുന്നുണ്ട്. പക്ഷേ എടുക്കുന്നില്ല. ഉള്ളിൽ തീ വിഴുങ്ങിയത് പോലെ ഒരാന്തലുമായാണ് പുറത്തിറങ്ങിയത്. 

 

വീട്ടിലേയ്ക്കുള്ള വളവിൽ വഴിയോരത്തെ ബെഞ്ചിൽ അവർ ഇരിക്കുന്നു. ഇനി ഞാൻ മിണ്ടാത്തത് കൊണ്ട് അവൾ സങ്കടപ്പെട്ടതായിരിക്കുമോ ? എന്നെ കണ്ടതും കരഞ്ഞു കൊണ്ട് കെട്ടിപിടിച്ചതു ലോത്തയാണ് . പിന്നെയും കുറെ സമയം കഴിഞ്ഞാണ് മമ്മയും പപ്പയും വേർപിരിഞ്ഞതും വീട്ടിൽ പോകാൻ കഴിയാതെ വഴിയിലിരിക്കുകയാണെന്നും അവൾ എന്നോട് പറഞ്ഞത്. ആശ്വസിപ്പിച്ചു കൊണ്ട് പുറം തലോടി നിന്ന മകളുടെ മുഖത്തു നോക്കിയപ്പോൾ അതും കലങ്ങി ചുവന്നിരിക്കുന്നു . ആ ചുവപ്പിൽ , പഠിച്ച പുതിയ പാഠങ്ങളൊക്കെ ഞാൻ മറന്നു പോയി. മറു കയ്യാൽ അവളെയും ചേർത്ത് പിടിച്ചു  കുറച്ചു നേരം കൂടി അവിടെ അങ്ങനെ തന്നെ  നിന്നു.

 

English Summary : Kunji Chiraku Mulakkumbol, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com