ആരാധനമൂത്ത് ജോത്സ്യനെ വിളിച്ച് വിശ്വാസി; ക്ലൈമാക്സിൽ അയാളെ കാത്തിരുന്ന അപാര ട്വിസ്റ്റ്...

ഭൂപൻ ഹസാരികയും ചേലക്കുളം കാദറും (കഥ)
SHARE

ഭൂപൻ ഹസാരികയും ചേലക്കുളം കാദറും (കഥ)

പാരമ്പര്യ സ്വത്തിൽ പെങ്ങൻമാർ ഉപേക്ഷിച്ചുപോയ ചാരു കസേര കോലായിൽ ഇട്ട് അയാൾ അമർന്നിരുന്നു. രണ്ടു മൂന്നു ദിവസം കഠിന വേനലാണെന്ന കാലാവസ്ഥാ നിരീക്ഷകന്റെ മുന്നറിയിപ്പ് അയാൾ എന്തായാലും അവഗണിച്ചില്ല. പെട്ടെന്നയാളുടെ ഫോൺ ചിലച്ചു.. ‘ഹലോ ശശി പത്തനാപുരമല്ലേ?...’ 

‘അതേ’.... 

‘ജ്യോത്സ്യനല്ലേ..’

‘ ആണെന്ന് ചിലരൊക്കെ പറയുന്നു ....എന്താണ് കാര്യം’ 

‘ഞാൻ കാദർ.... സാറിന്റെ വലിയ ഒരു ഫാനാണ്. സാറിന്റെ പ്രവചനങ്ങളിൽ എനിക്ക് വലിയ വിശ്വാസമാണ്. ചാനൽ പരിപാടി സ്ഥിരമായി കാണാറുണ്ട്.’

‘അതേയോ’ എങ്ങനെയുണ്ട് പരിപാടി’

വെറുതെ ഒരു ആകാംക്ഷ കൊണ്ട് ചോദിച്ചതാണ്.

‘വളരെ നന്നായിട്ടുണ്ട് . താങ്കളുടെ പ്രവചനമനുസരിച്ച് ഭാഗ്യക്കുറി എടുത്ത എനിക്ക് കഴിഞ്ഞ മാസം ഒരു ലക്ഷം രൂപ അടിച്ചു. ‘ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ’ എന്ന പരിപാടി രാവിലെ കണ്ടതിൻ ശേഷമേ  എന്റെ ദിനചര്യ തുടങ്ങൂ’

ദൈവമേ!!! അത്ര വേണ്ടായിരുന്നു. ജ്യോത്സ്യൻ പിറുപിറുത്തു.

‘ഇപ്പോ ഞാൻ ഒരു പ്രശ്നത്തിലാണ്. എനിക്ക് ഒരു മറുപടി തരണം.’

അനുവാദത്തിനൊന്നും കാത്തു നിൽക്കാതെ കാദർ പറഞ്ഞു തുടങ്ങി.

‘വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ബാല്യമായിരുന്നു എന്റേത്. എനിക്ക് മൂത്തതും എളേതുമായി ഞങ്ങൾ അഞ്ചു മക്കളായിരുന്നു.

വാപ്പയ്ക്ക് ഉണ്ടായിരുന്ന ചെറിയ പലവ്യഞ്ജന കടയാണ് ഞങ്ങളുടെ ഉപജീവനമാർഗ്ഗം. എന്റെ ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കിയത് കാണാൻ കാത്തിരിക്കാതെ ബാപ്പ യാത്രയായി. പണ്ട് എട്ടണ സമരകാലത്ത് പോലീസ് സമ്മാനിച്ച ഇടികളുടെ അനന്തരഫലം. നൂറനാട്ടെ ടി.ബി. സാനിട്ടോറിയത്തിൽ കിടന്നാണ് മരിച്ചത്’.

‘കാദറെ കാര്യത്തിലേക്ക് വരൂ... സമയമില്ല വേഗം പറയൂ’. ജ്യോത്സ്യർ അക്ഷമനായി...

‘മൂത്തവനായ ഞാൻ പഠനം പാതിവഴിയിൽ നിർത്തി, കച്ചവടം ഏറ്റെടുത്തു, സഹോദരങ്ങൾ പഠിച്ചു, ചെറിയ ജോലികൾ കിട്ടി ജീവിച്ചു പോകുന്നു. ഞാൻ നാട്ടിൽ നിന്നു തന്നെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. എന്റെ ഭാര്യയുടെ സ്വഭാവം കുടുംബത്തിലെ മറ്റംഗങ്ങളുമായി ചേർന്നു പോകുന്നതല്ലായിരുന്നു. എന്നാൽ എന്നോടുള്ള ഇഷ്ടം കാരണം അവർ പലപ്പോഴും അവളോട് ക്ഷമിച്ചിരുന്നു.....’

‘അതിനെന്നാ കാദറെ അങ്ങനല്ലേ വേണ്ടത്.’

‘അതേ ജ്യോത്സരെ ,ഇപ്പോൾ പ്രശ്നം ഗുരുതരമാണ്!! വീട്ടിലെ പഴയ കുട്ടുകുടുംബമായിരുന്നപ്പോൾ ഉള്ള റേഷൻ കാർഡും പഴയ പ്രമാണങ്ങളും വെച്ചിരുന്ന പെട്ടി കാൺമാനില്ല .... അതെന്റെ ഭാര്യ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുവാണെന്ന് എല്ലാരും പറയുന്നു. അവൾ അതിനെ കുറിച്ചൊന്നും മിണ്ടുന്നുമില്ല. അവൾക്ക് അറിവില്ലെന്നാണ് പറയുന്നത്.’

‘ ടേയ് അതിനെന്താണ് കുഴപ്പം‘ പഴയതല്ലേ?’

‘ ചേട്ടാ ... നിങ്ങൾ ഈ നാട്ടിലൊന്നുമല്ലേ? ഇത് പൗരത്വത്തിന്റെ പ്രശ്നമാണ്, സാർ എന്നെ സഹായിക്കണം. എവിടെയാണ് അവ ഇരിക്കുന്നതെന്ന് ഒന്നു മഷിയിട്ട് പറയണം.’

കാദറിനെ ഒരു വിധം സമാധാനിപ്പിച്ചു. മഷിയിട്ട് പിറ്റേ ദിവസം പറയാമെന്ന ഉറപ്പിൽ ജ്യോത്സ്യൻ ഉറക്കത്തിലേക്ക് ചാഞ്ഞു.

പിറ്റേ ദിവസം ചാനൽ പ്രോഗ്രാമിനു വേണ്ടി ഒരുങ്ങുമ്പോൾ അയാൾക്ക് കാദറിന്റെ കാര്യം ഓർമ്മ വന്നു. അയാളുടെ റേഷൻ കാർഡും പഴയ പ്രമാണങ്ങളും എവിടെ പോകാൻ ? അതവിടെവിടെങ്കിലും കാണാതെ കിടക്കുകയായിരിക്കും .... എന്തായാലും കാദർ വിളിക്കുമ്പോൾ പറയാൻ ഒരു മറുപടി കരുതി വെച്ചിരുന്നു. ചാനൽ സ്റ്റുഡിയോയിലെ ഫോൺ ഇൻ-പ്രോഗ്രാമിനിടെ കാദറുടെ പരുപരുത്ത ശബ്ദം കേറി വന്നു. ‘സാർ ഞാൻ കാദറാണ്. ഇന്നലെ ഒരു കാര്യത്തിന് വിളിച്ചിരുന്നു.’

‘ഉവ്വ് ... കാദറല്ലേ .... കാദറിന്റെ  പ്രമാണക്കൂട്ടങ്ങളും റേഷൻ കാർഡുമെല്ലാം വീട്ടിൽ തന്നെ തിരിച്ചെത്തും.... അതുവരെ സമാധാനമായി കാത്തിരിക്കുക’

കാദറിന് കൂടുതൽ സംസാരിക്കുവാൻ അവസരം നല്കാതെ അടുത്ത കാളിലേക്ക് കടന്നു.. സ്റ്റുഡിയോയിൽ നിന്നു മടങ്ങുമ്പോൾ അയാളും ദൈവത്തോട് പ്രാർത്ഥിച്ചു. കാദറിന്റെ പെട്ടി കിട്ടാൻ ....

കാദറിന്റെ വിളി വരാതെ ഒരാഴ്ച്ച കഴിഞ്ഞു കാണും. അയാളെ മറന്നു തുടങ്ങിയ വ്യാഴാഴ്ച വൈകിട്ട് നഗര കാഴ്ചകൾ കാണാനിറങ്ങിയ ജ്യോത്സ്യനു മുമ്പിൽ കറുത്തു മെലിഞ്ഞ ഒരാൾ കൈവിശി കാണിച്ചു കൊണ്ട് അടുത്തു വന്നു, ‘ഞാൻ കാദർ. എന്റെ പെട്ടി സാറു പറഞ്ഞതു പോലെ തിരിച്ചു വന്നു. തികച്ചും അവിശ്വസനീയം .... ഞാൻ പറഞ്ഞില്ലേ .... സാറിന്റെ നാക്കിൽ ഗുളികനാണ് ... ഗുളികൻ!!’

അവിശ്വസനീയതോടെ തന്നെ തുറിച്ചു നോക്കുന്ന ജ്യോത്സ്യരെ നോക്കി കാദർ വെളുക്കെ ചിരിച്ചു പറഞ്ഞു. എങ്ങനെയെന്ന് ചോദിക്കുന്നത് തന്റെ പ്രവാചകത്വത്തെ ദുർബലപ്പെടുത്തുമെന്ന് അറിയാവുന്നോണ്ട് അയാൾ കാദറിനു മുമ്പിൽ നെഞ്ച് അല്പം ഉയർത്തി നിന്നു. 

‘ഇവൻ ത്രിലേക് ചന്ദ്, എന്റെ വീട്ടിലെ പണിക്കാരനാണ് ആസാംകാരൻ.... ഇവൻ നാട്ടിൽ പോയപ്പോൾ പെട്ടി മാറി കൊണ്ടുപോയതാ!!’ 

കാദറിന്റെ വീട്ടിൽ രണ്ടു തലമുറയായി ഈ നേപ്പാളിയുണ്ട്. കാദറിന്റെ ബാപ്പയുടെ സഹായിയായി കടയിൽ കൂടിയതാണ് അച്ഛൻ. മകന്റെ കാലമായപ്പോൾ കാദർ ഒപ്പം കൂട്ടി. നാട്ടിൽ അത്യാവശ്യമായി പോകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം തന്നെ സമീപിച്ച പണിക്കാരനെ കാദർ അനുവദിക്കുകയും ചെയ്തു. പതിനഞ്ചു ദിവസം പറഞ്ഞത് ഇപ്പോ ഒരു മാസമായെങ്കിലും കാദർ പെട്ടി കിട്ടിയ സന്തോഷത്തിൽ അവനെ ശമ്പള വർദ്ധനവോടെ സ്വീകരിച്ചതായി പ്രഖ്യാപിച്ചു. കാദറിന്റെ വക ചായകുടിച്ചോണ്ടിരിക്കുമ്പോ ജ്യോത്സ്യർ ഒരു സംശയം കാദറോട് ചോദിച്ചു.

‘അല്ല കാദറെ നീ വല്ലാത്ത പൊകച്ചിലിൽ ആയിരുന്നല്ലോ ? പെട്ടിയിൽ കാശോ മറ്റോ ഉണ്ടായിരുന്നോ?!!’

കാദർ ഒരു നിമിഷം മിണ്ടാതിരുന്നു ...പിന്നല്പം സങ്കോചത്തോടെ പറഞ്ഞു. ‘...അതിലൊരു ബോംബുണ്ടായിരുന്നു .....എന്റെ കല്യാണത്തിനു മുമ്പുള്ള എഴുത്തു കുത്തുകളും ഡയറിയുമൊക്കെ .... അതെങ്ങാനും എന്റെ പെമ്പറോത്തിയുടെ കൈയിൽ ചെന്ന അവളെപ്പൊ ജോളിയായെന്നു ചോദിച്ചാ മതി.....’

കാദറിന്റെ പെറോട്ടയുടെ തണലിൽ വീട്ടിൽ വന്നപാടെ അയാൾ മയങ്ങി പോയി.. ഭാര്യ ഗേറ്റ് അടച്ചില്ലെന്നു പറഞ്ഞു വഴക്കിട്ടപ്പോഴാണ് എഴുന്നേറ്റത്. സമയം പത്തുമണിയാകുന്നു. വീടിന്റെ ഗേറ്റിലേക്കു നടക്കുമ്പോൾ അവിടെ ആരോ നിൽക്കുന്നു....‘ ആരാ, കാദറിന്റെ പണിക്കാരനല്ലെ? എന്താണിവിടെ ?’

അവന്റെ കൈയിലുള്ള പൊതി അയാളെ ഏൽപിച്ചു തൊഴുതു പറഞ്ഞു: ‘ഇതെന്റെ വക, നൻടി സാറെ ..... സാറിന്റെ ഉപദേശം കേട്ടതു കൊണ്ട് ഞാൻ ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടു. ഞാൻ മലയാളം വായിക്കും .... സാറിന്റെ ജ്യോതിഷ പംക്തി കണ്ടാണ് ഞാൻ ആ തീരുമാനം എടുത്തത്.’

‘എന്ത്?’

എന്റെ നാട്ടിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുവാണ്. 1981 സമയത്ത് ഇന്ത്യയിൽ താമസമുണ്ടെന്ന് തെളിയിക്കാൻ എനിക്കുള്ള ആകെ തെളിവ് കാദർക്കാന്റെ റേഷൻ കാർഡിൽ പേരുണ്ടെന്നുള്ളതാണ്. നേരേ ചോദിച്ചാൽ കിട്ടുമെന്ന് സംശയം ഉള്ളതു കൊണ്ട് ഞാനങ്ങ് എടുത്തു പക്ഷേ തിരിച്ച് ഈ നാട്ടിൽ തിരികെ വരണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചതു കൊണ്ട് മുഹൂർത്തം കുറിച്ചാണ് പെട്ടിയെടുത്ത് ആ സാമിലേക്ക് പോയത്. സാർ ചോദ്യോത്തരത്തിൽ അതു കുറിച്ചു നൽകിയതു മറന്നോ!!!’

ഓർമ്മയുണ്ടെന്നോ ഇല്ലെന്നോ അയാൾ പറഞ്ഞില്ല. ഗേറ്റടച്ച് ഉപഹാരം ഔട്ട് ഹൗസിൽ വെച്ച് ഭാര്യ കാണാതെ വെള്ളം തിരക്കി ഇറങ്ങിയപ്പോൾ അയാളുടെ മനസ്. പിറ്റേന്ന് വാരികയിൽ ഒരു ഭക്തന്റെ സംശയത്തിനുള്ള മറുപടി തിരയുന്ന തിരക്കിലായിരുന്നു.

English Summary : Bhoopan Hasarikayum Chelakulam Kadharum, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;