ADVERTISEMENT

മുഖമില്ലാത്തവർ (കഥ) 

ഇരു കാലുകളും നിവർത്തിയിരുന്ന് കാൽവിരലുകൾക്കിടയിൽ തിരുകിവച്ച പുല്ലാഞ്ഞിയുടെ ഈർക്കിലുകൾ രാകി കൊണ്ടിരിക്കുകയാണ് ഗൗരി. തൊട്ടടുത്ത് നിൽക്കുന്ന അർജുൻ അവളെത്തന്നെ നോക്കികൊണ്ടിരുന്നു. അവന്റെ മുഖത്ത് ആശകളുടെ പുതുദീപങ്ങൾ വിളങ്ങി നിൽക്കുന്നതുപോലെ. ഗൗരി ഭാവവ്യതിയാനങ്ങളേതു മില്ലാതെ രാകിക്കൊണ്ടേയിരുന്നു.

 

അർജുൻ കൂരയ്ക്കകത്തേക്കു കയറി. തിണ്ണയുടെ ഒരു മൂലയിൽ അവനു വേണ്ടി എടുത്ത് വച്ചിട്ടുണ്ടായിരുന്ന തേങ്ങാവെള്ളമൊന്നും ശ്രദ്ധിക്കാതെ, തൊട്ടടുത്ത കൂജയിൽ നിന്നു വെള്ളമൊഴിച്ചു കുടിച്ചു. ശേഷം ശക്തിയായി കൂജ നിലത്തു വച്ചു വാതിൽപ്പടിയിൽ തന്നെ ഇരിപ്പുറപ്പിച്ചു.

 

‘അവസാനായിറ്റു ചോയിക്കിന്, ഇന്ന് അന്തിക്ക് തന്നെ പോയിറ്റാണെങ്കില് മറ്റന്നാള് പൊലച്ച തന്നെ ഈടെത്തും. ഒറ്റക്കല്ലല്ലാ, വാസുച്ചന്റെ ഒപ്പല്ലേ..’ ഗൗരി ഒന്നും പറഞ്ഞില്ല. രാകി മിനുക്കിയ ഈർക്കിലുകൾ തറയിലൊന്നു കുത്തി ഒപ്പോപ്പമാക്കി, പനയോലയുടെ ഒരു നാരു കൊണ്ട് കൂട്ടി കെട്ടി. അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

‘വാസുച്ചനൊപ്പം കറക്കം തന്നെ പണി, സ്‌കൂൾ ഒയിവാക്കി ഇനീപ്പം സുള്ളിയക്കു പോണ് , കായ്ച്ചകൾ കാണാനായിറ്റ്..’

 

അർജുൻ മുഖം താഴ്ത്തി തന്നെ ഇരിപ്പാണ്. സിമന്റ് തേച്ചിട്ടില്ലാത്ത ചായ്‌പിന്റെ ഭിത്തിയിൽ ഈർക്കിൽ കെട്ട് ചാരിവച്ച ശേഷം അവൾ അകത്തേക്ക് കയറി. അടുപ്പത്തുണ്ടായിരുന്ന ചോറ്റുകലം ഇറക്കി വെച്ച ശേഷം, വാതിൽക്കൽ ഇരുപ്പുറപ്പിച്ച അർജുനെ തൊട്ടുരുമ്മി ഇറങ്ങവേ, അവൻ വീണ്ടും പരിതപിച്ചു.

‘അമ്മാ, ഈയൊരൊറ്റ പ്രാശ്യം. ഇനിയീ കൊല്ലം പോവാൻ ആവൂല്ലലോ.’

 

ഈ മാസം ഇതേവരേ ആയിട്ട് ആകെ നാല് തവണയോ മറ്റോ ആണ് അവൻ സ്കൂളിൽ പോയിട്ടുള്ളത്. അടുത്ത വർഷം എസ്എസ്എൽസി എഴുതേണ്ട ചെക്കനാ. പെരഡാല കോളനിയിൽ തന്നെയുള്ള എം.ജി.എൽ.സി. സ്കൂളിലായിരുന്ന കാലത്ത് എന്നും പോകാൻ കൂട്ടാക്കിയിരുന്നു. അവിടെ കൊറഗർ കുട്ടികൾ മാത്രമായതിനാൽ ഒരുപാട് കൂട്ടുകാരും ഉണ്ടായിരുന്നു. പക്ഷേ, നാലാം ക്ലാസ് കഴിഞ്ഞ് ബദിയഡുക്കയിലെ ഗവൺമെന്റ് ഹൈസ്കൂളിൽ ചേർത്തതോടെ അവൻ ഉഴപ്പാൻ തുടങ്ങി.

 

അർജുന് എട്ട്‌ വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ രാജൻ മരിക്കുന്നത്. മംഗലാപുരത്ത് ഒരു കൂപ്പിലെ പണിക്കിടയിൽ അപകടത്തിൽ പെടുകയായിരുന്നു. വിവരമറിഞ്ഞു മംഗലാപുരത്തെത്തിയ ഗൗരി പിന്നെ രാജേട്ടനെ കാണുന്നത് മോർച്ചറിയിൽ തണുത്തുറഞ്ഞ ഒരു പഞ്ഞിക്കെട്ടായാണ്. പിന്നീടങ്ങോട്ട് കൊറഗരുടെ പ്രധാന തൊഴിലായ കുട്ട നിർമ്മാണം തന്നെയായിരുന്നു അവരുടെ ഉപജീവനം. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ വനാതിർത്തിക്കുള്ളിൽ ഒളിച്ചു കയറി മുളയും പുല്ലാഞ്ഞിയുമൊടിക്കണം. ദിവസങ്ങളുടെ അധ്വാനഫലമാണ് ഒരു കുട്ട. കിലോമീറ്ററുകളോളം നടന്നു ചന്തയിൽ കൊണ്ട് പോയി വിറ്റാൽ കിട്ടുന്നത് മുന്നൂറ് രൂപ മാത്രമാണ്. അതായത്,അധ്വാനത്തിന്റെ നാലിലൊന്നു പോലും ലാഭം കിട്ടുന്നില്ല.

 

കോളനിയിൽ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ പാടത്തു കാളക്കൂട്ടു മത്സരം പതിവുണ്ട്. ലക്ഷണമൊത്ത കാലികളെ സുള്ള്യയിൽ പോയി കൊണ്ട് വരുന്നതിൽ പ്രധാനിയാണ് വാസു. അയൽക്കാരനായ വാസുച്ചനൊപ്പം സുള്ള്യ ചുറ്റാൻ പോകുക എന്നത് അർജുന്റെ ഒരു വലിയ മോഹമായിരുന്നു. ഏറെ നാളത്തെ ഈ ആഗ്രഹത്തിന്റെ പേരിലാണ് ഇന്ന് അമ്മയുമായി പിണങ്ങി നിൽക്കുന്നത്. സന്ധ്യ മയങ്ങി തുടങ്ങി. അടുക്കളയിലെ തിരിയുയർന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഗൗരി കഞ്ഞി വിളമ്പി വെച്ചു.

‘അർജ്ജൂ’

ഉമ്മറത്തേക്ക് മുഖം നീട്ടിയുള്ള ആ വിളിക്ക് അവൻ മറുപടി കൊടുത്തില്ല. വിളക്കുമെടുത്തു ഗൗരി അർജ്ജുന്റെ അടുത്തേക്ക് ചെന്നു. തല താഴ്ത്തി ഇരിക്കുകയായിരുന്ന അവനെ അവൾ മാറോടണച്ചു. ഒടുവിൽ തീക്ഷ്ണമായ അവന്റെ ആഗ്രഹത്തിന് സമ്മതം മൂളാതിരിക്കാൻ ഗൗരിക്ക് കഴിഞ്ഞില്ല.

 

രാത്രിയിൽ കഞ്ഞികുടിച്ച് ഉടനെ തന്നെ പുറപ്പെട്ട അവർ പുലർച്ചയോടെ ചന്തയിലെത്തി. സുള്ള്യ ചന്തയിലെ പുൽമെത്തയിൽ തീർത്ത കമാനങ്ങൾ പോലുള്ള വലിയ തൊഴുത്തുകൾ അർജുൻ ആശ്ചര്യത്തോടെ നോക്കി നിന്നു. ലക്ഷണമൊത്ത രണ്ട് കാലികളുമായി വാസുച്ചനൊപ്പം തിരികെ വരുമ്പോൾ കന്നഡ ചന്തകളുടെ സുന്ദരമായ കാഴ്ചകൾ, അവന്റെ മനസ്സിലെ അടുക്കുകളിൽ മായാ വർണ്ണങ്ങൾ ഒളിച്ചു വെച്ചിരുന്നു. മാമലകളെ അർദ്ധ നഗ്നരെപ്പോലെ തോന്നിപ്പിക്കുന്ന പ്രഭാത മഞ്ഞും തെച്ചിയുടെ ഗന്ധം മുട്ടിയുണർത്തുന്ന സുള്ള്യയുടെ തണുത്ത പുലർക്കാലവും അവന്റെ ഉള്ളത്തെ ഏറെ ഭ്രമിപ്പിച്ചു.

 

‘അടുത്ത പ്രാശ്യം ഇനീം വരണം. നിട്ടു രണ്ടീസം നിന്നിട്ടു പോണം..ല്ലേ വാസുച്ചാ ..’

വാസുവിന്റെ മറുപടി ഒരു പുഞ്ചിരിയായി ബഹിർഗമിച്ചു. രണ്ടു കാലിക്കുട്ടന്മാരുടെയും കയറുകൾ ഒരു കയ്യിൽ തന്നെ ചേർത്ത് പിടിച്ചാണ് അയാൾ നടക്കുന്നത്. ഹർഗ വനത്തിലെ ഇടതൂർന്ന മുളകൾക്കിടയിലൂടെ സഞ്ചരിച്ച് അവർ വനാന്തരത്തിലെ ഒരു ചെറു ഗ്രാമത്തിൽ എത്തി ചേർന്നു. ഒരു വലിയ കനാലിന് അഭിമുഖമായി നില കൊള്ളുന്ന തെരുവ് ഉണർന്നു വരുന്നതേയുള്ളു.

 

കനാലിന്റെ മറുവശത്തു സ്വെറ്ററിട്ട, ചെമ്പൻ മുടിക്കാരായ ചില ചെറുപ്പക്കാർ തങ്ങളെ ശ്രദ്ധിക്കുന്നത് മനസ്സിലാക്കിയെന്നോണം, പച്ച കരിമ്പിന്റെ തണ്ട് കടിച്ചു പറിച്ചുകൊണ്ടു പുറകിലായി പതുക്കെ നടക്കുന്ന അർജുനെ വാസു തോളിൽ കൈ ചേർത്ത് പിടിച്ചു വേഗം നടക്കാൻ ആവശ്യപ്പെട്ടു. മഹാകാളി ക്ഷേത്രത്തിന്റെ പുറകിലുള്ള ടാറിടാത്ത വഴിയോരത്ത് എത്തിയപ്പോഴാണ് രണ്ടു പേർ അവരെ തടഞ്ഞു നിർത്തിയത്. ഒരു നിമിഷം പുറകിലോട്ടു നോക്കിയ വാസുവിന്റെ ചങ്ക് വിയർത്തു പോയി. 

 

ഒന്ന് അലറി വിളിക്കാനുള്ള ശ്വാസം പോലും അയാളുടെ കണ്ഠത്തിൽ ബാക്കിയുണ്ടായിരുന്നില്ല.  ആറേഴു പേർ ചേർന്ന ഒരു സംഘം വലിയ ദണ്ഡുകളുമായി അവരെ വളഞ്ഞിരിക്കുന്നു. കയ്യിലുണ്ടായിരുന്ന കാലികളുടെ കയർ ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ അയാൾ വനഭാഗത്തേക്കു ഓടി മറഞ്ഞു. കുറച്ചു പേർ അയാൾക്ക്‌ പിന്നാലെ ഓടി. വാസുച്ച ഓടി മറഞ്ഞ ദിക്കിലേക്ക് ഒന്നും മനസ്സിലാവാതെ ഒരു വേള നോക്കിയ അർജുൻ, ആൾക്കൂട്ടത്തിന്റെ വർണ്ണ ശബളമായ തലപ്പാവുകൾ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു. അടുത്ത നിമിഷം തന്നെ പുറകിൽ നിന്നും ഒരു മുളവടി ശക്തമായ ഒരു പ്രഹരമായി അവന്റെ പിരടിയിൽ പതിച്ചു. അവന്റെ മസ്തിഷ്‌ക ഗോളങ്ങളിൽ കറുത്ത ചീവീടുകൾ ചേക്കേറി. ഇരമ്പിയടുത്ത ആൾക്കൂട്ടം മുഖമില്ലാത്തവരായി.

 

‘അമ്മാ!’

 

മുഷ്ടി ചുരുട്ടി മുന്നിൽ നിന്നേറ്റ മറ്റൊരു പ്രഹരത്തിൽ ആ വിളി ഞെരിഞ്ഞമർന്നു. കയ്യിലുണ്ടായിരുന്ന കടിച്ചു വറ്റിയ കരിമ്പിൻ തണ്ടിനൊപ്പം നിലം പതിക്കുകയായിരുന്ന അവന്റെ കൗമാര ദേഹം ഒരാൾ കോളറിൽ പിടിച്ചു ഉയർത്തി നിർത്തി. മണിക്കൂറുകൾ നീണ്ടു നിന്ന ആൾക്കൂട്ട വിധി, ആർപ്പു വിളികളുടെ ആരവത്തിനൊപ്പം ചുടു ചോരയുടെ ഗന്ധവുമണിഞ്ഞു. ചേതനയകലും വരെയുള്ള അവന്റെ നിലവിളി കാളിക്ഷേത്രത്തിന്റെ സുവർണ്ണ ഭിത്തികളിൽ പ്രതിധ്വനിക്കുമ്പോൾ, രക്തം കിനിഞ്ഞ ആ കാൽവിരലുകൾ മണപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു കാലികൾ രണ്ടും.

 

English Summary : Mukhamillathavar, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com