ADVERTISEMENT

സമാന്തരരേഖകള്‍ (കഥ) 

 

സാറാമ്മചേട്ടത്തിക്ക് നമ്മുടെ പഴയ നടി ഷീലേടെ ച്ഛായയാ, വീട്ടില്‍ സഹായിക്കാന്‍ വന്ന പെണ്‍കുട്ടി അങ്ങനെ പറഞ്ഞപ്പോ ഉള്ളിലിത്തിരി സന്തോഷം തോന്നിയെങ്കിലും പോടി പെണ്ണേ നീ നിന്‍റെ ജോലി നോക്ക് എന്നാണ് മറുപടി പറഞ്ഞത്. നല്ലൊരു കാലത്ത് അത്യാവശ്യം സുന്ദരി ഒക്കെ ആയിരുന്നെങ്കിലും, ഇനീപ്പോ ഈ അന്‍പത്തഞ്ചാം വയസ്സിലെന്താ സൗന്ദര്യം? എന്ന് മറിച്ചു ചിന്തിച്ചു. അമ്മൂമ്മയായി മോള്‍ടെ മോള്‍ക്ക് വയസ്സ് നാലായി. തന്‍റെ സമപ്രായക്കാരുടെ കൂട്ട് മുഖത്ത് ചുളിവുകളൊന്നും വന്നിട്ടില്ല. താനെന്നും എണ്ണതേച്ച് പച്ചവെള്ളത്തില്‍ കുളിക്കുന്നത് കൊണ്ടാണത് സാറാമ്മചേട്ടത്തി ആശ്വസിച്ചു. 

ആരെ കാണിക്കാനാണ് സുന്ദരിയായി നടക്കണത്. കാണണ്ട ആളാണെങ്കി ഇപ്പഴും ബോംബേലാണ്. ദേവസി ചേട്ടന്‍ കാലം കുറെ ആയി അവിടെ ഇലക്ട്രിക്കല്‍ കട നടത്തുകയാണ്. വയസ്സായെങ്കിലും ആള്‍ക്ക് കട വിറ്റ് നാട്ടിലേക്ക് വരാന്‍ തീരെ ഇഷ്ടല്ല്യ. ജീവിതത്തില്‍ പത്ത് നാല്‍പത് കൊല്ലം ജീവിച്ച നഗരം വിട്ട് നാട്ടില്‍വന്ന് അടയിരിക്കാന്‍ മൂപ്പര്‍ തയ്യാറല്ല. നീയിങ്ങ് പോര് എന്നാണ് വരാന്‍ വല്ലാതെ നിര്‍ബന്ധിച്ചാ പറയണ മറുപടി. താനും മോളും കുറെക്കാലം മുംബെയില്‍ പോയി നിന്നതാ. പിന്നെ ആ കുടുസ്സുമുറിയിലെ ജീവിതം മടുത്തിട്ടന്ന്യാ നാട്ടിലേക്ക് തിരിച്ചത്. മ്മക്ക് മ്മടെ നാടും വീടും വിട്ടൊരു കളി വേണ്ടാന്ന്അന്ന് തീരുമാനിച്ചതാ. ഇപ്പോ മോളുടെ കല്ല്യാണം കഴിഞ്ഞ് അവള്‍ കാനഡയില്‍ സെറ്റില്‍ ചെയ്തപ്പോ ഒരു ബുദ്ധിമുട്ടൊക്കെ തോന്നുന്നുണ്ട്. എന്നാലും ശുദ്ധവായു ശ്വസിക്കാലോന്ന് ആലോചിക്കുമ്പോ ഒരു സുഖം, ഈ പൊന്നുവിളയുന്ന മണ്ണും പാടവും തോടും ഒന്നും വിട്ട് ഇനി ജീവിക്കാന്‍ വയ്യ. ചപ്പിലക്കിളികളുടെ പയ്യാരവും ഓലഞ്ഞാലിക്കിളികളുടെ കൂജനവും കേള്‍ക്കാതെ ഇരിക്കപൊറുതിയില്ല. പിന്നെ ചുമ്മാ ഇരിക്കണ പരിപാടിയൊന്നും തന്നെകൊണ്ട് പറ്റില്ല. എപ്പോഴും തൊടീലെന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കണം, ഒന്നുമില്ലെങ്കില്‍ രണ്ടുമൂട് കപ്പയെങ്കിലും കുത്തണം. നാട്ടിന്‍പുറായതുകൊണ്ട് പറമ്പാണെങ്കില്‍ ജാസ്തിയാ. ഇവിടെ വീടുകളൊന്നും തൊട്ടടുത്തില്ല. ദേവസിചേട്ടന്‍റെ ആകെയുള്ള സഹോദരനും കുടുംബവും രണ്ട് കിലോമീറ്റര്‍ ദൂരെയാണ്. എല്ലാവര്‍ക്കും അത്യാവശ്യം പറമ്പുണ്ട്. തൊട്ടടുത്ത് താമസിക്കുന്നത് ശങ്കരന്‍ചേട്ടനും ഭാര്യ ഭാഗീരഥിയുമാണ്. അവരും ഇപ്പറഞ്ഞപ്പോലെ ഒറ്റക്കാണ്. ഒറ്റ മകനും ഭാര്യയും ദുബായീലോ മറ്റോ ആണ്. ആ പെമ്പ്രന്നോരത്തിക്കാണെങ്കി എപ്പോഴും അസുഖാണ്. ഇപ്പോ കുറച്ചായി കട്ടിലില്‍ തന്നെയാത്രേ. ആ ശങ്കരന്‍ചേട്ടന്‍ പൊന്നുപോലെ ഭാര്യയെ നോക്കണ കഥയൊക്കെ പണിക്ക് വരുന്ന പെണ്‍കുട്ടി പറയണത് കേള്‍ക്കാം. ഒതുങ്ങി കഴിയണ കൂട്ടരാണ്. ആരുമായും അവര്‍ക്കത്ര അടുപ്പമില്ല. അവര്‍ മുന്‍പ് പുറത്തെവിടെയോ ആയിരുന്നു.

 

ഒരൂസം സാറാമ്മചേട്ടത്തി കൂര്‍ക്കത്തല നടുകയായിരുന്നു. ഒരു പത്തിരുപത് നിരയിട്ടിട്ടും തീര്‍ന്നില്ല. ഇതുതന്നെ ധാരാളാണ്. തലയാണെങ്കില്‍  കുറെ ബാക്കിയുമായി. നല്ല  തലچ ആയതുകൊണ്ട് കളയാനും തോന്നിയില്ല. അപ്പോഴാണ് അപ്പുറത്തെ പറമ്പില്‍ കളച്ചുക്കൊണ്ടിരുന്ന ശങ്കരന്‍ചേട്ടനെ കണ്ടത്. അയാള്‍ ശരിക്കും ചേട്ടനൊന്നും അല്ല തന്നേക്കാള്‍ എളപ്പായിരിക്കും. എന്നാലും വിളിക്കാന്‍ ഒരു സുഖോള്ളതുകൊണ്ട്  ശങ്കരചേട്ടാന്ന് ആക്കീന്ന് മാത്രം.

 

കുറച്ച് കൂര്‍ക്കത്തലയുണ്ട് തരട്ടെ തന്‍റെ ശബ്ദംകേട്ട് ആള്‍ കളക്കല്‍ നിര്‍ത്തി. ഔദാര്യം വാങ്ങാന്‍ ഇഷ്ടമില്ലെങ്കിലും കൊണ്ടുവന്നതല്ലേ എന്ന മട്ടില്‍ അത് വാങ്ങി. താനപ്പോ ഭാഗീരഥിചേച്ചീടെ വിശേഷം ചോദിച്ചു. വയ്യാണ്ടായിരിക്കുന്നു എന്നാലും നല്ല ബോധണ്ട് അതാ അശ്വാസം, തളര്‍ന്ന് കിടപ്പാണ് എന്നാലും കൈപിടിച്ച് കൊണ്ടുപോയാല്‍ അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ ചെയ്യും. പിന്നെ വീല്‍ ചെയറില്‍ ഇരുത്തി ഞാന്‍ കുറെ കൊണ്ട് നടക്കും, കാഴ്ച കാണാനൊക്കെ ഒത്തിരി ഇഷ്ടാ, പറയുന്ന ഓരോ വാക്കിലും ഭാര്യയോടുള്ള സ്നേഹമോ വാത്സല്യമോ അനുകമ്പയോ ഒക്കെ പതഞ്ഞുയരുന്നുണ്ട്.

 

പിന്നീട് എന്നും സാറാമ്മചേട്ടത്തി പറമ്പിലേക്ക് ഇറങ്ങുമ്പോ അപ്പുറത്തെ പറമ്പിലെ ആള് വന്നോന്ന് നോക്കും. ഒരു ആകാംക്ഷ. മിക്കവാറും ദിവസങ്ങളില്‍ ആള് പണിയില്‍ മുഴുകി നില്‍ക്കുന്നത് കാണാം. ഒന്നര രണ്ട് മണിക്കൂറില്‍ കൂടുതലൊന്നും ഒറ്റ സമയം ആള് പറമ്പില്‍ കാണില്ല. ഇടക്കിടെ വീട്ടിലേക്ക് പോയ് വരും. ഭാര്യയെ നോക്കാനായിരിക്കും സാറാമ്മചേട്ടത്തി ഊഹിച്ചു.

 

പണികളങ്ങനെ പുരോഗമിച്ചോണ്ട് ഇരിക്കുമ്പോഴാണ് എന്തെങ്കിലും ഒന്ന് മിണ്ടിപറയല്‍, സാധാരണയായി അധികവും മക്കളുടേയും വീട്ടുകാരുടേയും വിശേഷങ്ങളാണ്. പിന്നെ പറമ്പിലെ പക്ഷിക്കൂട്ടങ്ങളുടേയും പൂമ്പാറ്റകളുടേയും കഥ പറയും രണ്ടാളുംകൂടി കുറെ നേരമങ്ങനെ പക്ഷികളുടെ ചിലക്കലും ചിറകടിക്കലും കണ്ടങ്ങനെ നില്‍ക്കും. കൊച്ചുതെന്നല്‍ തെന്നിതെന്നിയെത്തി അവരുടെ സംസാരത്തിന് കാതോര്‍ക്കും, തെങ്ങിന്‍ തലപ്പുകളും വാഴത്തലപ്പുകളും മാത്രമല്ല പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ജാതി ഇലകള്‍ പോലുംതലയാട്ടി സന്തോഷം പങ്കിടുന്നതുപോലെ സാറാമ്മച്ചേട്ടത്തിക്ക് തോന്നി. പറമ്പിന്‍റെ വിസ്തൃതി കൂടുതലായതുകൊണ്ട് സാറാമ്മചേട്ടത്തി പറമ്പിലേക്ക് ഇറങ്ങുമ്പോ എന്തെങ്കിലും തിന്നാന്‍ എടുക്കും. ഷുഗര്‍ കുറഞ്ഞുപോയാലോ. പിന്നീട് പലപ്പോഴും പകര്‍ച്ച അടുത്ത പറമ്പുകാരനും കൊടുത്തുതുടങ്ങി

 

എല്ലാം നല്ല സ്വാദുണ്ട്ന്നാണ് ശങ്കരന്‍ചേട്ടന്‍റെ കമന്‍റ്. അതീപ്പോ കപ്പ പുഴുങ്ങിയതായാലും നന്നായിട്ടുണ്ടെന്ന് പറയും. കേള്‍ക്കുമ്പോ സാറാമ്മചേട്ടത്തിക്ക് പാവം തോന്നും, കെട്ട്യേള്‍ക്ക് ഒന്നും വെച്ച് വിളമ്പി കൊടുക്കാന്‍ വയ്യാത്തോണ്ടാവും. പിന്നെ പിന്നെ പകര്‍ച്ച ശങ്കരന്‍ചേട്ടനും ഭാഗീരഥിക്കും ആയി. ഓ ഇതൊന്നും വേണ്ടാട്ടോ ശങ്കരന്‍ ചേട്ടന്‍ എന്നും പറയും ഇതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യല്ലാന്നേ,ഒറ്റക്കലം പുഴുങ്ങിതിന്ന് എനിക്ക് മതിയായി. പോവെ പോവെ സാറാമ്മചേട്ടത്തി തന്‍റെ കൈപുണ്യം മുഴുവനും എടുത്ത് പലഹാരങ്ങളുണ്ടാക്കി പറമ്പില്‍ കൊണ്ട് പോയി തുടങ്ങി. ശരിക്കും ഒരു സന്തോഷം, ഒന്നുമില്ലെങ്കിലും ആ പെണ്ണ് തളര്‍ന്ന് കിടക്കല്ലേ എന്നായി ചിന്ത. അത് മാത്രമല്ല എന്ത് കൊടുത്താലും നന്നായിട്ടുണ്ട് എന്ന് പറയുന്നത് കേള്‍ക്കുമ്പോ ഒരു സുഖം. പാചകത്തില്‍ താനൊരു മോശക്കാരിയല്ല എന്നൊരു ബോധ്യം സാറാമ്മച്ചേട്ടത്തിക്ക് ഉണ്ടെങ്കിലും ദേവസ്സിച്ചേട്ടന് നമ്മുടെ നാട്ടിന്‍പുറത്തെ കറികളൊന്നും അത്ര ഇഷ്ടല്ല്യ, നോര്‍ത്ത് ഇന്ത്യന്‍ ആണ് എപ്പോഴും ഇഷ്ടം. ഭക്ഷണം പങ്കിട്ട് കഴിക്കുമ്പോ എന്നും ഒത്തിരി വിശേഷങ്ങള്‍ പറയും. സാറാമ്മചേട്ടത്തീക്കാണെങ്കി പറയാന്‍ തുടങ്ങ്യാ പിന്നെ നിറുത്തണത് ഇഷ്ടല്ല്യ. മൂപ്പരാണെങ്കി ഒക്കെ കേട്ടുകൊണ്ടിരിക്കും, നല്ല ശ്രദ്ധയോടെ. വിഷമം പറയുമ്പോ ആശ്വസിപ്പിക്കേം ചെയ്യും. അധികോം ദേവസ്സിചേട്ടന്‍ നാട്ടില്‍ വരാത്തതിന്‍റെ സങ്കടാണ്. ഭാര്യയെ ഇഷ്ടമില്ലാഞ്ഞിട്ടല്ലല്ലോ ജീവതത്തിന്‍റെ മുക്കാല്‍ ഭാഗോം അവിടെ താമസിച്ചോണ്ടാവും. അത് ശര്യാന്നാ എന്നാലും ഞാനിവിടെ ഒറ്റക്കല്ലേ സാറാമ്മചേട്ടത്തിക്ക് നെഞ്ച് കലങ്ങി. സങ്കടപ്പെടേണ്ട ഞങ്ങളൊക്കെയില്ലേ വെറുതെ ആശ്വസിപ്പിക്കാന്ന് കരുതി മുഖത്ത് നോക്കീപ്പോ പറഞ്ഞത് അച്ചിട്ടാ. ആ കണ്ണിലും മുഖത്തും അത് കൊത്തിവെച്ചിട്ടുണ്ട്. എന്തോ ആരൊക്കെയോ ഉണ്ട് എന്ന തോന്നല്‍ സാറാമ്മചേട്ടത്തിക്കും ഉണ്ടായി. 

 

ശങ്കരന്‍ ചേട്ടന്‍റെ കൂട്ട് കിട്ടിയപ്പോള്‍ പണിയൊക്കെ എടുക്കാന്‍ ഒരു ത്രില്ല്. ഇപ്പോ ഒരു വേദനയും തന്നെ പിന്തിരിപ്പിക്കുന്നില്ലല്ലോ എന്ന് സാറാമ്മചേട്ടത്തി വിചാരിച്ചു. മുന്‍പ് എന്നും മുട്ടുവേദയനും മുതുകുവേദനയും ഒക്കെയായിരുന്നു. ചെറുപ്പത്തിന്‍റെ ചുറുചുറുക്ക് ഒക്കെ തിരികെ കിട്ടിയപോലെ ഒരു തോന്നല്‍. മനസ്സിലെ സന്തോഷം മുഖത്തും അലയടിക്കുന്നുണ്ട്.

ഒരു ദിവസം ശങ്കരന്‍ചേട്ടന്‍ പറമ്പില്‍ വന്നില്ല. കാത്ത് കാത്ത് സാറാമ്മചേട്ടത്തിയുടെ കണ്ണ് കഴച്ചു. എന്ത് പറ്റിയോ ആവോ. കാര്യം അറിയാതെ മനസ്സമാധാനം ഇല്ലാതായി. ഉച്ചവരെ പിടിച്ചുനിന്നു. ഒന്നുപോയി അന്വേഷിച്ചുവരാം.

 

വീട്ടില്‍ചെന്നു കോളിംഗ് ബെല്‍ അടിച്ചിട്ടും കുറെ നേരം കഴിഞ്ഞാണ് വാതില്‍ തുറന്നത്. ഒരു ചെറിയ പനി അതോണ്ടാ പറമ്പിലേക്ക് ഇറങ്ങാതിരുന്നത്. അയ്യോ മരുന്നുകഴിക്കണം വിശ്രമിക്കണം എന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും പിന്നെ വന്ന് നല്ല കരിപ്പെട്ടി ചായ ഉണ്ടാക്കിക്കൊടുത്തു. തനിക്ക്  ഇത് എന്ത് പറ്റിയെന്ന് സാറാമ്മച്ചേട്ടത്തിക്ക് മനസ്സിലായില്ല. എന്തോ ഒരിത് ഈ മനുഷ്യനെ കാണാതെ തനിക്ക് ശ്വാസം മുട്ടി തുടങ്ങീലോ.

പിറ്റേന്നായപ്പോഴേക്ക് പനിമാറി. കൃഷിപ്പണി തുടങ്ങി. അതുകണ്ട്  അന്ധാളിച്ച് സാറാമ്മച്ചേട്ടത്തി ഓടിവന്ന് പറഞ്ഞു., ഇന്ന് ദേഹം ഇളക്കണ്ടാട്ടോ വന്നത് നന്നായി മാറിപോകട്ടെ സ്നേഹത്തോടയെുള്ള പറച്ചില്‍ കേട്ടിട്ട് അനുസരിച്ചല്ലേ പറ്റൂ എന്ന വിധത്തില്‍ ശങ്കരന്‍ചേട്ടന്‍ അടുത്ത് വീണുകിടന്ന തെങ്ങിന്‍റെ മേലെ ഇരുന്നു. സാറാമ്മച്ചേട്ടത്തി അധികം അകലയല്ലാതെ ഇരിപ്പുറച്ചു. എന്തോ സാറാമ്മച്ചേട്ടത്തിക്ക് പറയണംന്ന്ണ്ട്. പക്ഷേ വാക്കുകളൊക്കെ തൊണ്ടയില്‍ കുരുങ്ങുന്നു. ആകര്‍ഷണ വികര്‍ഷണങ്ങളുടെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും പെട്ട് സാറാമ്മ ചേട്ടത്തി അങ്കലാപ്പിലായിപ്പോയി. ഒന്നും പറയാതെ രണ്ടുപേരും കുറച്ചങ്ങനെ നോക്കിയിരുന്നു. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമോ. പ്രായം മധുരപതിനാറെങ്കില്‍ ഇങ്ങനെ പാടാമായിരുന്നു. പക്ഷേ അക്കമൊന്ന് തിരിച്ചിടുന്നതിന്‍റെ അടുത്തായി. എന്നിട്ടും മനസ്സൊരു മാന്ത്രികക്കുതിരയായി കുളമ്പിട്ടടിക്കുന്നു. ഇതിയാന്  ഇതൊന്നും മനസ്സിലാവിണില്ലേ എന്ന് പരിഭവത്തോടെ നോക്കിയപ്പോ തന്നെ തന്നെ നോക്കിയിരിപ്പുണ്ട് സ്നേഹവായ്പ്പോടെ അടുത്ത് തന്നെ. അപ്പോ ഉറപ്പായി ഇതൊന്നും പറഞ്ഞ് അറിയണതല്ല, മനസ്സിന്‍റെ ഓരോ കളികളാണ്, അത് എത്തേണ്ടിടത്ത് എത്തുകതന്നെ ചെയ്യും, ഒരു ദൂതന്‍റെയും സഹായമില്ലാതെ, അതിന് വയസ്സോ പ്രായോ ഒന്നും പ്രശ്നല്ല, മനസ്സിന്‍റെ ഒരു അടുപ്പാണ്. അതിനെ പ്രണയംന്ന് വിളിക്കണംന്നില്ല, ആത്മ മിത്രങ്ങളില്ലേ ,അങ്ങനെ കരുതിയാല്‍ മതി, ചിന്തിച്ച് ചിന്തിച്ച് രണ്ടുപേരും മൗനമായി ഇരുന്നു. സാറാമ്മച്ചേട്ടത്തിക്ക്  സമാധാനായി ഏതായാലും പണി ചെയ്യണ്ടാന്ന് വച്ചല്ലോ. കുറച്ച് വെണ്ടക്കയും തക്കാളിയും വഴുതിനവും ഒക്കെ പാകായി നില്‍ക്കുന്നുണ്ട്  ശങ്കരന്‍ചേട്ടന്‍റെ പറമ്പില്‍. രണ്ടാളുംകൂടി അത്  പറിച്ചെടുത്തു. പറിച്ചെടുക്കണ ഓരോന്നിന്‍റേയും വലിപ്പവും നിറവും ആസ്വദിച്ച് അതൊക്കെ ഉറക്കെ പറഞ്ഞ് ചിരിച്ച് രണ്ടുപേരും നല്ല സന്തോഷത്തിലാണ്. സാറാമ്മച്ചേട്ടത്തിക്ക് ഒരുമിച്ച് പണിയെടുക്കുന്നത് നല്ല് ഇഷ്ടാണ്. പെട്ടന്ന് ദേവസിച്ചേട്ടന്‍റെ കാര്യം ഓര്‍ത്തു. താനെത്ര ശ്രമിച്ചതാ കല്ല്യാണം കഴിഞ്ഞതുമുതല്‍. വെറുതെ ഒന്നും ചെയ്തില്ലെങ്കിലും കൂടെ നിന്നാ മതി. താന്‍ പണിയെടുക്കുമ്പോള്‍ പാചകം ചെയ്യുമ്പോള്‍ അടുക്കളയില്‍ ഒന്നു വന്നിരുന്നാമതി. പക്ഷേ അതിയാന് അതിലൊന്നും താല്‍പര്യമില്ലായിരുന്നു. അല്ലെങ്കിലും തന്‍റെ ഇഷ്ടങ്ങളും ദേവസ്സിച്ചേട്ടന്‍റെ ഇഷ്ടങ്ങളും തമ്മില്‍ പൊരുത്തം കുറവായിരുന്നു. ജീവിതാവുമ്പോ അങ്ങനെയൊക്കെയാവുംന്ന്  വിചാരിച്ച് ഇതുവരെ പരുഭവിച്ചിട്ടില്ല. പരിഭവിച്ചിട്ടും കാര്യമില്ല, മുപ്പര്‍ക്ക് അതൊന്നും അങ്ങട്ട്  മനസ്സിലാവില്ല.

 

പൊട്ടിച്ചെടുത്ത പച്ചക്കറികളെല്ലാം ശങ്കരന്‍ചേട്ടന്‍ സാറാമ്മച്ചേട്ടത്തിക്ക് കൊടുത്തു. അവിടയല്ലേ പാചകം ഒക്കെ, ശങ്കരന്‍ചേട്ടന്‍ ഒരുനിമിഷം ചിന്തിച്ചു, എന്തോ ഭാഗീരഥിക്ക് ഇതൊക്കെ അങ്ങട്ട് മുഴുവനായും ഇഷ്ടമാകുന്നില്ലാന്ന് തോന്നി ഇന്നലെ. ശരീരമല്ലേ തളര്‍ന്നിട്ടുള്ളൂ, മനസ്സിന് തളര്‍ച്ചയില്ലല്ലോ. എന്തിനാ അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണേന്ന് മാത്രം ചോദിച്ചു. ശങ്കരന്‍ചേട്ടന് വയ്യെങ്കി പണിക്ക് ആരെയെങ്കിലും നോക്കാനും പറഞ്ഞു.അതാണതിന്‍റെ ശരിയെന്ന് അറിയാഞ്ഞിട്ടല്ല, സാറാമ്മച്ചേട്ടത്തി ഭക്ഷണം പാചകം ചെയ്ത് കൊണ്ട് വരുമ്പോ അവരുടെ മുഖത്ത് നോക്കി വേണ്ടാന്ന് പറയാന്‍ ശങ്കരന്‍ചേട്ടന് ആവുമായിരുന്നില്ല. അത് വെറും മര്യാദയുടെ ഭാഗമല്ല തനിക്ക് ഭക്ഷണത്തിനോടല്ല  ഭക്ഷണം വെക്കുന്ന ആളോടാണ് പ്രിയംന്ന്  ഇനിപ്പോ ആരേം പറഞ്ഞറിയിക്കണ്ടല്ലോ.

ശരി തെറ്റുകളുടെ കുത്തൊഴുക്കില്‍പ്പെട്ട് സാറാമ്മച്ചേട്ടത്തി നട്ടം തിരിഞ്ഞു. ഒന്നൂല്ല്യ ഒന്നൂല്ല്യാന്ന്  മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഈ വയസ്സുകാലത്ത് തനിക്കിത് എന്തുപറ്റി. ഉറങ്ങാനും പറ്റുന്നില്ല. എല്ലാ നേരവും ആ വിചാരാണ്. പള്ളീല് പോയി രണ്ട് കര്‍ത്താവിന്‍റെ മാലാഖ ചൊല്ലിയേച്ച് വരാന്ന് കരുതിയപ്പോ അവിടെയും കര്‍ത്താവിന്‍റെ മുഖത്തിന് പകരം വേറൊന്ന്. സഹിക്കെട്ട് ആയമ്മ ശങ്കരന്‍ചേട്ടന്‍റെ അടുക്കല്‍ പതം പറയാന്‍തുടങ്ങി. പക്ഷേ ആള്‍ കൂളാണ്. വികാരവിചാരങ്ങളില്ലാത്ത മനുഷ്യരില്ലല്ലോ. കൂടുതല്‍ ഒന്നും ചിന്തിച്ച് കഷ്ടപ്പെടേണ്ട, പരിധിക്കുള്ളില്‍ നിന്നുക്കൊണ്ടുള്ള ഒരു കൂട്ട് അത്രയേ ളള്ളൂ. ഇതിലെന്താ ഇത്ര പേടിക്കാന്‍ ആശ്വസിപ്പിച്ചപ്പോ മനസ്സിന്‍റെ പിടച്ചില്‍ മാറി. പിന്നെ ഒരു കയ്യലകത്തില്‍ മൂപ്പരുണ്ടായി കൂട്ടിന്. സമാന്തരരേഖകള്‍പോലെ അകലം കൂടിയുമില്ല കുറഞ്ഞുമില്ല. എപ്പോഴും ഒരേ അകലം പാലിച്ചുക്കൊണ്ട്. തിരുവാതിര ഞാറ്റുവേല പലവട്ടം വന്നുപോയി എന്നിട്ടും കൂട്ട് വിട്ടില്ല. 

 

ഒരു ദിവസം ശങ്കരന്‍ചേട്ടന് നെഞ്ചുവേദന വന്നു. കേട്ടത് പാതി കേക്കാത്തത് പാതി, സാറാമ്മച്ചേട്ടത്തി ഓടി, അടുത്ത വീട്ടിലേക്ക്. കണ്ടു ഏറെ വേദനിച്ചപ്പോള്‍ സമാന്തരരേഖകളുടെ കാര്യമൊക്കെമറന്നു. നെഞ്ച് നന്നായി ഒന്നമര്‍ത്തി തിരുമ്മി. സുഖം തോന്നിയിട്ടോ എന്തോ കണ്ണടച്ചു. പിന്നെ ആ കണ്ണ് തുറന്നില്ല. സാറാമ്മച്ചേട്ടത്തിയുടെ കണ്ണുകള്‍ നിറഞൊഴുകി. ശങ്കരന്‍ചേട്ടന്‍റെ മകനും മരുമകളും അന്ന് എത്തി, വൈകീട്ടോടെ എല്ലാം കഴിഞ്ഞു. സാറാമ്മച്ചേട്ടത്തീടെ മനസ്സാകെ ഖനീഭവിച്ചു. ഏകാന്തതയുടെ പ്രഹരം അവരെ വല്ലാതെ തളര്‍ത്തി. പതിനാറ് അടിയന്തിരം കഴിഞ്ഞു. ശങ്കരന്‍ചേട്ടന്‍റെ മകനും മരുമകള്‍ക്കും തിരിച്ചുപോകണം.ഭാഗീരഥി അമ്മയെ നോക്കാന്‍ ഒരാളെ അന്വേഷിച്ച് നടക്കാ, മകന്‍ കുറെ കറങ്ങീന്ന് തോന്നുന്നു. പോകുന്നതിന്‍റെ തലേന്ന് വൈകീട്ടായിട്ടും നല്ലൊരാളെ കിട്ടിയില്ലെന്നുമാത്രമല്ല, ബന്ധുക്കളൊന്നും സഹായത്തിനു വന്നില്ല, വൃദ്ധസദനത്തിലാക്കാന്‍ തീരുമാനമായി. സാറാമ്മ ചേട്ടത്തിക്ക് അത് കേട്ടപ്പോ നെഞ്ച് പൊട്ടി .അതിയാന്‍ ഉണ്ടായിരുന്നപ്പോ താഴത്തും തലയിലും വക്കാണ്ട് കൊണ്ടുനടന്നതാ, .ഇനീപ്പോ ആര് നോക്കും. സാറാമ്മചേട്ടത്തി തിരിച്ചും മറച്ചും ചിന്തിച്ചു.  

 

തനിക്കും ഒരു കൂട്ട് അത്യാവശ്യാ, തനിക്കാവുമ്പോ അവരുടെ ചിട്ടവട്ടങ്ങള്‍ നല്ലോണം അറിയാം. താന്‍ മതി അവര്‍ക്ക് തുണയായി, തീരുമാനിച്ചുറച്ചു. തന്‍റെ  ശങ്കരന്‍ചേട്ടനോടുള്ള സ്നേഹം സത്യമാണെങ്കില്‍ ഇതാണ് അവസരം, താനത് പാഴാക്കിക്കൂടാ, ദേവസിച്ചേട്ടനോട് പീന്നീട് പതിയെ പറഞ്ഞ് മനസ്സിലാക്കാം. അവര്‍ ശങ്കരന്‍ചേട്ടന്‍റെ മകനോട് പറഞ്ഞു മോന്‍ വിഷമിക്കേണ്ട ചേട്ടത്തി നോക്കിക്കോളാം അമ്മയെ. അവന്‍ കുറേനേരം മിണ്ടാതെനിന്നു വിശ്വാസമാകാത്തപോലെ. ചേട്ടത്തി ആവര്‍ത്തിച്ചുപറഞ്ഞു മോന്‍റേ അമ്മേ ഞാന്‍ ഒരു കുറവും വരാതെ നോക്കിക്കോളാം. അതുക്കേട്ട് ആകാശത്ത് എവിടേയോ നിന്ന് ഒരു നക്ഷത്രം കണ്ണുചിമ്മിയപോലെ സാറാമ്മചേട്ടത്തിക്ക് തോന്നി. ശങ്കരന്‍ചേട്ടന്‍റെ തെളിഞ്ഞ മുഖം വളരെ അടുത്ത് കണ്ടപോലെ. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതും നല്ലതിന്, സംഭവിക്കാന്‍ പോകുന്നതും നല്ലതിന് എന്ന് കേട്ടിട്ടില്ലേ, സാറാമ്മച്ചേട്ടത്തി നെടുവീര്‍പ്പെട്ടു. ജീവിതത്തില്‍ ഓരോ കാര്യത്തിനും ഓരോ കാരണവും കര്‍ത്താവ്  കണ്ട് വെച്ചിട്ട്ണ്ടാവും. അതിപ്പോ ചെറിയ മനുഷ്യന്മാര്‍, നമ്മള്‍ക്ക് മനസ്സിലാവണംന്ന് ഇല്ലല്ലോ. അല്ലെങ്കില്‍ എത്ര കാലായി ശങ്കരന്‍ചേട്ടനും ഭാഗീരഥിയും തന്‍റെ തൊട്ടടുത്ത് താമസിക്കുന്നു. അതിന് മാത്രമൊരു അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട്ആലോചിച്ചപ്പോള്‍ കണ്ണ് വീണ്ടും നിറഞ്ഞ് തുളുമ്പി. ഒരു കൂര്‍ക്കത്തലയില്‍ തുടങ്ങിയ ബന്ധാ, അത് വളര്‍ന്ന്  പടര്‍ന്ന്  രണ്ട് ജീവിതങ്ങളേയും സൗഹൃദത്തിനും സ്നേഹത്തിനും പുതിയ മാനങ്ങള്‍ നല്‍കി രണ്ട് സമാന്തരരേഖകളില്‍ എത്തിച്ചു, ഒന്ന് മറ്റൊന്നിനെ നോക്കിക്കൊണ്ട് ആശ്വസിപ്പിച്ചുക്കൊണ്ട്, എപ്പോഴും ഒരേ അകലത്തില്‍.

 

English Summary: Samanthararekhakal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com