വിരുന്നുകാരെ സ്വീകരിക്കാൻ ഇഷ്ടം ഇല്ലാത്ത ഭാര്യ, ഓണത്തിന് വിരുന്നൊരുക്കാൻ ഭർത്താവിന്റെ തന്ത്രങ്ങൾ

husband-and-wife-cooking
Representative Image, Photo Credit : Syda Productions / Shutterstock.com
SHARE

അമ്മിണിയുടെ ഓണക്കാലം (കഥ)

കാറ്റില്ലാത്ത ഒരു ദിവസം പോലെ ഉണ്ട്. ഇത്തിരി ചൂടും. ആഗസ്റ്റ് മാസം തന്നെ തളർച്ച തോന്നിയാൽ എന്താ ചെയ്യാ. ജയന് അമ്മിണിയോട് അക്കാര്യം പ്രസന്റ് ചെയ്യണം. ഇത്തിരി മടി ഉണ്ട്. മറുപടി എങ്ങനെ ആണെന്ന് അറിയില്ലല്ലോ.      

അമ്മിണിക്ക് വിരുന്നുകാരെ സ്വീകരിക്കാൻ ഇഷ്ടം ഇല്ല എന്ന് ജയന് അറിയാമായിരുന്നു. എന്നാലും ചോദിച്ചു: ‘‘അമ്മിണി, നമ്മൾക്ക് ഇത്തവണ കുറച്ചു അതിഥികൾ ഉണ്ടാകും. ലത്തീഫും കുട്ടികളും കാലത്ത് വരും.’’ ജയൻ ലത്തീഫും കുട്ടികളും ഉച്ച ഊണിനു കൂടി വീട്ടിൽ ഉള്ള കാര്യം പറയാൻ മടിച്ചു.

‘‘ലത്തീഫ് മാത്രേ വരൂ,’’ അമ്മിണിക്ക് കൂടുതൽ വ്യക്തത വേണം. അമ്മിണി എപ്പോഴും അങ്ങിനെ ആണ്. പ്ലാനിങ് നടത്തിയേ എന്തിനും മുന്നിട്ട് ഇറങ്ങൂ.

‘‘ഫാത്തിമ വരുന്നില്ലേ,’’ അമ്മിണി ശബ്ദം കനപ്പിച്ചു. ഫാത്തിമ ജയനോടൊപ്പം സ്കൂളിൽ പഠിക്കുമ്പോൾ മിടുക്കി ആയ കുട്ടി ആയിരുന്നു. പിന്നീട് അധികം കാലം കാണലോ ഫോൺ വിളികളോ ഉണ്ടായില്ല. കാരണം, അവൾ ഫാത്തിമ ലത്തീഫ് ആകാൻ അധികം സമയം വേണ്ടി വന്നില്ല. അവളുടെ ഉപ്പ കെട്ടിക്കാൻ കേമൻ ആയിരുന്നു. മൂന്ന് കെട്ടി എന്ന് അറിയപ്പെടുന്ന പോത്ത് വെട്ടുകാരൻ ഉപ്പാക്ക് സ്വന്തം മോളുടെ നിക്കാഹ് ഒരു തവണ നടത്താൻ വല്ലാണ്ട് കൊയപ്പം ഉണ്ടായിരുന്നില്ല. അല്ലേലും, ഫാത്തിമ ശേല് ഉള്ള കുട്ടിയായിരുന്നു എന്നാണ് ജയന്റെ അമ്മ അടക്കം പറയാറ്.

അമ്മിണി ശബ്ദം കൂട്ടി. ‘‘നിങ്ങൾക്ക് ആ ഫാത്തിമ ഇവിടെ വരുന്നത് എനിക്ക് ഇഷ്ടല്ല എന്ന് അറിയില്ലേ. എന്തിനാ ഒരു നല്ല ദിവസം നാശക്കണേ...’’

ജയൻ തന്ത്രങ്ങൾ മെനയാൻ കേമനാണ്. പക്ഷേ, ഒരു കുടുംബ കലഹം ഒഴിവാക്കുകയും വേണം. ജയന് ഓണത്തിന് വരുന്നവരോട് ഒരു പിടി ചോറ് ഇല്ല്യാന്ന് പറയുന്നത് നാണക്കേട് ആണ്. വീട് വച്ചിട്ട് ഒരു സദ്യ കൊടുക്കാൻ പറ്റിയില്ല. ഈ ഓണത്തിന് എങ്കിലും.

എങ്ങനെ അമ്മിണിയെ സമ്മതിപ്പിക്കും. ജയൻ പറഞ്ഞു: ‘‘അധികം വിഭവങ്ങൾ വേണ്ട. എല്ലാം ഒരു പേരിന് മതി. അവർ ഭക്ഷണം കഴിക്കാതെ കിടക്കുക ഒന്നും അല്ല.’’

അമ്മിണിക്ക് സമ്മതം ആയോ. എന്തായാലും ശബ്ദത്തിൽ ഇത്തിരി മാറ്റം ഉണ്ട്. ‘‘എന്തെല്ലാം ഉണ്ടാക്കണം.’’

ജയൻ മനസ്സ് തുറന്നു. അമ്മിണി ഇന്നാളൊരു ദിവസം ഉണ്ടാക്കിയ ചട്ടിണി എന്തായാലും വേണം. പിന്നെ, സാമ്പാറിൽ കായം കുറവു മതി.

‘‘നിങ്ങൾക്ക് ഇപ്പോഴും ഫാത്തിമയുടെ ഫുഡ് ലിസ്റ്റ് അറിയാം അല്ലെ,’’ അമ്മിണി കയർത്തു. ജയൻ വിയർത്തു. വീശാൻ വിശറിയോ, തലോടാൻ ഒരു തണുത്ത കയ്യോ ആ വീട്ടിൽ ഇല്ല്യ. അമ്മു എപ്പോഴും ചൂടായ ഒരു ഇരുമ്പു പൈപ്പ് പോലെ ആണ്. ഇത്തിരി തണുത്ത വെള്ളം ഉണ്ടെങ്കിലേ രംഗം കൺട്രോളിൽ വരുത്താൻ പറ്റൂ. ജയൻ പുതിയ നമ്പർ എടുത്തു പയറ്റി. ‘‘കായത്തിൽ വിഷ വസ്തുക്കൾ ഉള്ളതായി ഒരു ന്യൂസ് റിപ്പോർട്ട് അമ്മിണിയും  കണ്ടത് അല്ലെ...’’

അമ്മിണി ആ വിഷ വസ്തുവിൽ വഴുക്കി വീണു. അമ്മിണിക്ക് നല്ല ഭക്ഷണം കഴിക്കണമെന്നു മോഹം ഉണ്ട്. ആരോഗ്യം നന്നാകണം അമ്മിണി എന്നും എല്ലാവരെയും ഓർമിപ്പിക്കും. ഇഞ്ചി, വെളുത്ത ഉള്ളി, എന്നിവ എന്നും വീട്ടിൽ ഉണ്ടാകും. കാൻസറിന്‌ നല്ലതാണ് അത്രേ. അമ്മിണിക്ക് ഇഷ്ടമുണ്ടായിരുന്ന അവരുടെ അച്ഛൻ മരിച്ചത് ഇഞ്ചിയും വെളുത്ത ഉള്ളിയും അധികം കഴിക്കാതെ ആണെന്ന് തോന്നുന്നു. കാൻസർ ബാധിച്ചാണ് അച്ഛൻ മരിച്ചത് എന്ന് അധികം പറയാറില്ല.

അമ്മിണിയുടെ ഓണക്കാലം നന്നായിരുന്നു. അവളുടെ അച്ഛൻ പുതിയ ഡ്രസ്സ്, ഇല നിറക്കാൻ വിഭവങ്ങൾ, എന്നിവ മറക്കാതെ വാങ്ങും. അയൽ വക്കത്ത് അമ്മിണിയുടെ അത്രയും ഭംഗിയുള്ള കുട്ടി ഉണ്ടായിരുന്നില്ല എന്നാണ് അവരുടെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളത്. അമ്മിണി നല്ല കളർ ഡ്രസ്സ് ഇട്ടാൽ ഒരു പ്രത്യേക ഭംഗി തന്നെ.  

പക്ഷേ, ഓണം മാറി. ചിന്തകൾ മാറി. അവരുടെ ഫുഡ് ലിസ്റ്റ് ഫൈനൽ ആകുന്നില്ല. ജയൻ നിന്ന് വിറക്കാൻ തുടങ്ങി. അവൻ അമ്മിണിയുടെ മുന്നിൽ ദ്വേഷ്യം കാണിക്കില്ല. ഒന്നുമില്ലെങ്കിലും, രാത്രി നന്നാക്കാൻ അമ്മിണിയുടെ മൂഡ് വൈകുന്നേരം മുതൽ നന്നാകണം.

ജയൻ ഒന്ന് തണുക്കാൻ തീരുമാനിച്ചു. അമ്മിണി ഫുഡ് ലിസ്റ്റ് തിരഞ്ഞെടുത്താൽ മതി, അവൻ പറഞ്ഞു. അവൾ തല കുലുക്കി. അമ്മിണിയുടെ പുഞ്ചിരി എന്നും അവന്റെ വീക്‌നെസ്സ് ആണ്. അവൻ വീണ്ടും തണുക്കാൻ തുടങ്ങി.

അവൻ ആലോചിച്ചു. അമ്മുവും ജയനും ഒരു കാര്യത്തിൽ എന്നും ഒപ്പം ആണ്– ഭക്ഷണം ആവശ്യത്തിന് ഉണ്ടാക്കിയാൽ മതി. എന്തിനാ ഓണത്തിന് ഇത്രയും ഭക്ഷണം ഉണ്ടാക്കുന്നത്. ഒരു ദിവസം കൊണ്ട് ഇത്രമാത്രം തിന്നു തീർക്കാൻ പാടുണ്ടോ? ദഹനം ശരിയായി നടക്കുമോ?

ഈ മലയാളികൾ എന്താ ഇങ്ങിനെ– അവർ സംസാരിച്ചു. പണ്ട് ഭൂരിപക്ഷം പേർക്കും നല്ല ഭക്ഷണം കഴിക്കാൻ മാർഗം ഉണ്ടായിരുന്നില്ല. കൃഷി കാലം കഴിഞ്ഞാലാണ് ഇത്തിരി പണം കയ്യിൽ വരുക. ആ പണം അടിച്ചു പൊളിക്കും–  ഓണക്കാലത്ത് തന്നെ. ഇന്നത്തെ കാലത്ത് എല്ലാവരുടെ കയ്യിലും എപ്പോഴും പണം ഉണ്ട്. ഭക്ഷണം ഇല്ലാതെ ഇരിക്കുന്നവർ വിരളം.  

അവർ തീരുമാനിച്ചു. ഈ ഓണത്തിന് ഭക്ഷണം കുറച്ചു മതി. അതിഥികൾക്ക് ഇഷ്ടമുള്ള കുറച്ചു വിഭവങ്ങൾ മാത്രം ഉണ്ടാക്കും. അമ്മിണി ഭക്ഷണം എന്ത് വേണം എന്ന് തീരുമാനിക്കും. കറി വക്കാൻ ഉള്ള പച്ചക്കറി നുറുക്കൽ മാത്രം ജയൻ ഏറ്റെടുത്തു.

ഫാത്തിമയുടെ കാര്യം അമ്മിണി മറന്നോ- ജയൻ ആലോചിച്ചു. അങ്ങനെ ആണ് അമ്മിണി. പെട്ടെന്ന് കോപം വരും. എന്തെങ്കിലും പറയും.    

അവർ തണുത്ത വൈകുന്നേരത്തെ ചൂടാക്കാൻ തീരുമാനിച്ചു. എപ്പോഴോ വരുന്ന അതിഥികളെ കുറിച്ച് ഓർത്ത് എന്തിനാ അവർ ചർച്ച ചൂടാക്കുന്നത് അവർ ചിരിച്ചു പറഞ്ഞു. നല്ല രാത്രികൾ ആണ് അവർക്ക് വേണ്ടത്. നാളെ വീണ്ടും ഉണരണമല്ലോ.

English Summary: Amminiyude Onakkalam, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;