ADVERTISEMENT

ഓൺലൈൻ ഓഫ്​ലൈൻ (കഥ)

 

അതെ, ഓൺലൈൻ തന്നെ, രണ്ടു പേരും. എഫ്ബിയിലും അതെ, വാട്സാപ്പിലും അതെ. പുലർച്ചെ മൂന്നിന്, രാവിലെ ഏഴരയ്ക്ക്, നട്ടുച്ചക്ക്, ചായക്ക്, വൈകിട്ട് ഏഴരയ്ക്ക്, ഇപ്പോൾ അർദ്ധരാത്രിക്കും.

 

നനുത്ത കാറ്റും നേരിയ മഞ്ഞും ഉള്ള മറ്റൊരു ഏഴരയ്ക്ക്, നടതുറക്കുന്നതിനു മുമ്പ് ഞാൻ തൊട്ട, സിന്ദൂരത്തിന്റെ ചുവപ്പായിരുന്നു അപ്പോൾ ആ ഓൺലൈൻ പൊട്ടിന്. എന്നും നോക്കി നോക്കി ഞാൻ ഈ ഹരിത ബിന്ദുവിനെ അരുണാഭമാക്കുന്നു.

 

അവളുടെ പൊട്ടു മാഞ്ഞു, അവനും ഓൺലൈൻ ഇല്ല. ഓഫ്‌ലൈൻ, രണ്ടു പേരും.

 

കാർത്തിക്കിനെ വീണ്ടും വിളിച്ചു. വീണ്ടും പഴയ പല്ലവി ‘‘എല്ലാം നിന്റെ തോന്നലാണ്. ഞാൻ അവനെ വിളിച്ചതല്ലേ... അവർ തമ്മിൽ ഒന്നും ഇല്ല. പിന്നെ ഇതൊക്കെ ചോദിക്കാൻ, നീ അവളുടെ ആരാണ്?’’

 

ഞാൻ അവളുടെ ആരാണ്? സപ്പറേറ്റ‍് ആയിരുന്നപ്പോൾ ഡസ്പെരറ്റായ രണ്ടുപേർ പരസ്പരം താങ്ങായ കഥ മാത്രമാണോ ഞങ്ങളുടേത്? ആ സിന്ദൂരം, ആ അഭിഷേകം, ആ ശിവരാത്രി...

 

അവൾ തിരിച്ചു താലിയിലേയ്ക്കും ഞാൻ തിരിച്ചു കുപ്പികളിലേയ്ക്കും പോയത്...

 

ഇപ്പോളും എനിക്ക് മോഹത്തിന്റെ മരുപ്പച്ച കാണിക്കുമ്പോളും, താലിചാർത്തിയ കുലീനതയായും, മിന്നിമറയുന്ന ഓൺലൈൻ വെട്ടങ്ങളായും പ്രഹേളികയാവുന്നത്..

 

വീണ്ടും പച്ചവെളിച്ചം. അതെ, ഓൺലൈൻ തന്നെ, രണ്ടുപേരും. നോക്കി നോക്കി നിൽക്കെ, പച്ചപ്പൊട്ട് വരകളായി, വരകൾ അലകളായി.

 

സ്റ്റെതസ്കോപ്പുമിട്ട് തൊട്ടടുത്തു നിൽക്കുന്ന വെളുത്ത വസ്ത്രക്കാരന്റെ ശാന്തസ്വരം, ദൂരെ ഒരു ഗുഹയിൽ നിന്ന് വരുന്ന പോലെ കേൾക്കുന്നു.

 

‘‘നിങ്ങൾ ഉണരുകയാണ്, ഉണരുകയാണ്.’’

 

അതെ, ഞാൻ ഉണരുകയാണ്, ഉണർന്നെണീക്കുകയാണ്. ഓൺലൈനിന്റേയും ഓഫ് ലൈനിന്റേയും താളവട്ടത്തിൽ നിന്ന്, തൊട്ടറിയാവുന്ന, രുചിച്ചറിയാവുന്ന, മണത്തറിയാവുന്ന, പച്ചമണ്ണിലേയ്ക്ക്...

 

English Summary : Online Offline, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com