ADVERTISEMENT

ഉണ്ണിക്കുട്ടിയുടെ ഓണം  (കഥ)

 

പുലർച്ചെ പെയ്ത ചാറ്റൽ മഴയിൽ നനഞ്ഞു കിടന്ന റബർ ചെരിപ്പിട്ട് ഉണ്ണിക്കുട്ടി മുറ്റത്തേക്കിറങ്ങി, പിന്നെ വേലിക്കരികിലേക്കു വളഞ്ഞു നിന്ന ചെമ്പരത്തി കൊമ്പുകൾ വകഞ്ഞു മാറ്റി, കുത്തു കല്ലുകളിറങ്ങി പറമ്പിന്റെ താഴെ പാടത്തേയ്ക്കിറങ്ങുന്ന മൂലയ്ക്കുള്ള കുളവക്കത്തെ ചവിട്ടു പടികളിലൊന്നിൽ ഇരുന്നു. 

 

പറമ്പിടിഞ്ഞു കുളത്തോടു മുട്ടി കിടക്കുന്ന ഭാഗത്ത് വെളുത്ത ആമ്പലുകളും, ഒന്നു രണ്ടു താമര പൂക്കളും വിടർന്നിട്ടുണ്ട്... കുളത്തിലേക്കു ചാഞ്ഞു കിടക്കുന്ന പാലക്കൊമ്പിനെ ചുറ്റി പിണഞ്ഞു പടർന്നു കയറിയ പച്ചച്ചെടിയിൽ നിറയെ വെളുത്ത ഇലകളും, കടും ചുവപ്പു നിറത്തിലുള്ള പൂക്കളും ... 

 

‘അമ്മ കറുമ്പി, മോള് വെളുമ്പി, മോക്കടെ മോളോ സുന്ദരിക്കോത ...’

 

കഴിഞ്ഞ ഓണത്തിന് പൂക്കളത്തിന്റെ നടുക്ക് വയ്ക്കാൻ താമര പൊട്ടിക്കാൻ വന്നപ്പോൾ അച്ഛൻ ഈ ചെടിയെ ചൂണ്ടി പാടിയ പാട്ടാണ്... ഓർത്തപ്പോൾ ഉണ്ണിമോളുടെ കണ്ണ് നിറഞ്ഞു വന്നു.

 

ഓണമായിട്ടു ഉണ്ണിക്കുട്ടി ഇവിടെ വന്നിരിക്കുകയാണോ?.. പൂവിടാനില്ലെ? ഒച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരപ്പൂപ്പൻ.

 

ഒന്നും മിണ്ടാതെ ഉണ്ണിക്കുട്ടി ചെറിയ ഒരു കല്ലെടുത്തു കുളത്തിലെ വെള്ളത്തിലേക്കിട്ടു ... 

അതാ ഒച്ചയുണ്ടാക്കാതെ പൊങ്ങി വരുന്നു രണ്ട് ആമകൾ... അവർ വെള്ളത്തിൽ ചെറിയ കുമിളകൾ പൊട്ടിച്ചു കൊണ്ട് വന്നെത്തി നോക്കി... ഉണ്ണിക്കുട്ടിയെ കണ്ടപ്പോൾ കുളത്തിന്റെ പടവിനടുത്തു നീന്തി തുടിച്ചു നിൽപ്പായി...

 

വീട്ടിൽ പറഞ്ഞിട്ടാണോ താഴേയ്ക്കിറങ്ങിയത് ? അപ്പൂപ്പൻ പിന്നെയും ചോദിച്ചു.

 

ഉണ്ണിക്കുട്ടി തിരിച്ചൊന്നും മിണ്ടാൻ പോയില്ല ... ‘അമ്മ പറഞ്ഞിട്ടുണ്ട് പരിചയമില്ലാത്തവർ എന്തൊക്കെ മിണ്ടാൻ വന്നാലും കേൾക്കാത്ത മട്ടിൽ ഇരുന്നാൽ മതി എന്ന്.

ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. എന്തോരും പൂക്കളാണ് വഴി നിറയെ, കയ്യാല ചോട് നിറയെ മുക്കുറ്റിയും തുമ്പയും. പാടവരമ്പത്തു നിറയെ അരിപ്പൂവ് .. ആരും പൂ പറിക്കാനൊന്നുമില്ലേ ഈ നാട്ടിൽ. 

 

അപ്പൂപ്പൻ കുനിഞ്ഞു നിന്ന് പൂവിറുക്കാൻ തുടങ്ങി.

 

എന്തിനാണ് പൂ പറിക്കുന്നതു? ഉണ്ണിക്കുട്ടി ചോദിച്ചു 

 

അല്ല നിങ്ങള്ക്ക് വയ്യെങ്കിൽ ഇനി ഞാൻ തന്നെ പൂവിടാം ... വട്ടയുടെ രണ്ട് ഇലകൾ കുമ്പിൾ പോലെയാക്കി പൂവിറുത്തിട്ടു കൊണ്ട് അപ്പൂപ്പൻ പറഞ്ഞു.

 

പൂ പറിക്കണ്ട ... ഇവിടെ ആരും പൂക്കളമിടുന്നില്ല. ഉണ്ണി കുട്ടി പറഞ്ഞു.

 

അതെന്താ? ഓണം അവധിക്ക് സ്കൂൾ അടച്ചില്ലേ ? നാടായ നാട് മുഴുവൻ പൂക്കൾ നിറഞ്ഞു നിൽക്കുന്നു .. എന്നിട്ടെന്താണ് പൂവിടാത്തത് ?

 

അല്ലെ നിങ്ങൾ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത് ? ഉണ്ണിക്കുട്ടിക്ക് ദേഷ്യം വന്നു. സ്കൂൾ തുറന്നിട്ട് വേണ്ടേ അടയ്ക്കാൻ ... സ്കൂൾ ഒന്ന് തുറന്നെങ്കിൽ എന്നാണ് ഞാൻ ആലോചിക്കുന്നത് .. എന്റെ കൂട്ടുകാരെ കണ്ടിട്ട് എത്ര നാളായി. .ഇത്തവണ ഓണത്തിന് അച്ഛനും വരാൻ പറ്റിയില്ല. അച്ഛൻ വന്നാലേ ഓണം ഉള്ളു എന്നാണ് അമ്മയും, അച്ഛമ്മയും ഒക്കെ പറഞ്ഞത്.

 

ഓ അങ്ങനെ ആണോ... ഞാൻ ഓർത്തു മാവേലി വരുമ്പോഴാണ് ഓണം എന്ന്. അപ്പൂപ്പൻ പറഞ്ഞു. 

 

അത് ശരി ആണല്ലോ... മാവേലി വരുമ്പോൾ പൂക്കളം ഒന്നുമില്ലേൽ സങ്കടമാവുമല്ലോ... ഉണ്ണിക്കുട്ടി ഓർത്തു.

 

മാവേലി വരുമെന്നോർത്തു ഇത്തവണയും ആമ്പലും, താമരയുമൊക്കെ വിരിഞ്ഞു .. കോളാമ്പിയും ചെമ്പരത്തിയും ചെത്തിയും ജമന്തിയും റോസാച്ചെടിയുമൊക്കെ ഇല കാണാൻ പറ്റാത്തത് പോലെ പൂക്കളെ കൊണ്ട് നിറഞ്ഞു നിൽക്കുന്നു ... 

 

കൊങ്ങിണി നിറയെ ഓറഞ്ചു പൂക്കൾ. ഇത്രയും കാലം ഒളിച്ചിരുന്ന ഓണത്തുമ്പികളും പാറി നടക്കുന്നു .. ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ കുയിലിന്റെ പാട്ടും, അണ്ണാറക്കണ്ണന്മാരുടെ ചിൽ ചിൽ കേൾക്കാം .. ഏതോ മരക്കൊമ്പിൽ പാട്ടു മൂളി മരം കൊത്തി താളം പിടിക്കുന്നു ... 

ചക്കയ്ക്ക് ഉപ്പുണ്ടോ എന്ന് ചോദിച്ചു പാറി നടക്കുന്ന ചോപ്പൻ കണ്ണുള്ള ഉപ്പന്മാർ .. പാടത്തു കൂട്ടമായിറങ്ങി ഒച്ചയുണ്ടാക്കി പറന്നുയരുന്ന വെളുത്ത പ്രവീൺ കൂട്ടങ്ങൾ ... മാമ്പഴം കൊത്തി വീഴ്ത്തി വിശേഷം ചോദിക്കുന്ന പച്ച തത്തകൾ ...

 

ഇവരെല്ലാം മാവേലിയെ നോക്കി സന്തോഷിച്ചു നടക്കുന്നു .. ഇതൊന്നും ഞാൻ ഇത് വരെ കണ്ടില്ലലോ.

 

ഉടുപ്പിൽ പറ്റി പിടിച്ച മൺതരികൾ തട്ടിക്കുടഞ്ഞു ഉണ്ണിക്കുട്ടി തിടുക്കത്തിൽ എഴുന്നേറ്റു. പൂക്കൾ പറിച്ച് അപ്പൂപ്പന്റെ ഇലകുമ്പിളിലേക്കിട്ടു... എത്ര ഇറുത്താലും തീരാത്ത പൂക്കൾ. ഇലക്കുമ്പിളുകൾ എത്ര പെട്ടന്നാണ് നിറഞ്ഞത്.

 

കുറ്റിചൂലെടുത്ത് ഉണ്ണിക്കുട്ടി മുറ്റം തൂത്തു. ഒച്ച കേട്ടിട്ടും അമ്മ ഇറങ്ങി വന്നില്ല ... ങ്ങും അച്ഛൻ വരാത്തതിന്റെ സങ്കടത്തിലാവും .

 

നടുക്ക് ഇത്തവണ തുമ്പപൂക്കുടകളെ വച്ചു, പിന്നെ ഓരോ വട്ടമായി മുക്കുറ്റിയും, അരിപ്പൂവും , ജമന്തിയും , കോളാമ്പിയും , കൊങ്ങിണിയും , മുല്ലപ്പൂവും .. ആഹാ എന്ത് ഭംഗിയുള്ള പൂക്കളം . ഉണ്ണിക്കുട്ടിക്ക് സന്തോഷം അടക്കാനായില്ല ....

 

പൂക്കളം കാണിക്കാൻ അമ്മയെയും അച്ഛമ്മയെയും വിളിക്കാൻ എഴുന്നേറ്റപ്പോഴാണ് പടി കടന്ന് അച്ഛൻ വരുന്നത് കണ്ടത് ... ആദ്യമോർത്തു സ്വപ്നം ആണെന്ന് ... അച്ഛൻ വന്നിരിക്കുന്നു ...

 

അമ്മെ അച്ഛൻ ... അച്ഛനെ ചുറ്റി പിടിച്ചു ഉണ്ണികുട്ടി കൂവി വിളിച്ചു ..

 

പിന്നെ അവിടെ പൂവിളി കേട്ടു, പൂക്കളത്തിനു ചുറ്റും താമര ഇതളുകൾ വിടർന്നു , അടുക്കളയിൽ നിന്നും പായസത്തിന്റെ മധുരമണം കാറ്റു പടർത്തികൊണ്ടു പോയി .. മുറ്റത്തെ ഊഞ്ഞാലിൽ പുതിയ ഓല മടൽ പടി വീണു .. 

 

തിരക്കിനിടയിൽ എപ്പോഴോ ഉണ്ണിക്കുട്ടി അപ്പൂപ്പനെ കുറിച്ചോർത്തു .. ഇലയിട്ടപ്പോൾ അപ്പൂപ്പനും കൂടി എന്ന് പറഞ്ഞു തിരക്കിയിറങ്ങി .. മുറ്റത്തും , തൊടിയിലും കുളക്കരയിലും അപ്പൂപ്പനെ കണ്ടില്ല .

 

പിന്നെ അച്ചാമ്മ പറഞ്ഞത് പോലെ ഉണ്ണിക്കണ്ണന്റെ ചിത്രത്തിന് താഴെ അപ്പൂപ്പന് വേണ്ടി ഇലയിട്ട് സദ്യ വിളമ്പി. പിന്നെ സദ്യ ഉണ്ട് ... ഊഞ്ഞാലിലാടി, ഓടി കളിച്ചു, കുളത്തിൽ നീന്തി തുടിച്ചു സന്ധ്യക്ക്‌ ക്ഷീണിച്ചുറങ്ങിയപ്പോൾ അപ്പൂപ്പനെ കണ്ടു 

 

...സന്തോഷമായിരിക്കുന്നിടത്താണ് ഓണം എന്ന് അപ്പോഴാണ് അപ്പൂപ്പൻ പറഞ്ഞത് .. അതെ സന്തോഷമായി തന്നെ ഇരിക്കാം ...

ഉണ്ണിക്കുട്ടി ഉറക്കത്തിൽ പറയുന്നത് കേട്ടു അച്ചമ്മ അവളെ ഒന്നൂടെ കെട്ടിപിടിച്ച് ഉമ്മ വച്ചു.

 

English Summary: Unnikkuttiyude Onam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com