ADVERTISEMENT

സാറാ (കഥ)

 

‘‘ഇന്ന് വാലെന്റൈൻസ് ഡേ ആണ്..”

 

കട തുറക്കുമ്പോൾ ശ്യാം വീണ്ടുമത് ഓർത്തു. നഗരത്തിലെ ഏറ്റവും നല്ല ഗിഫ്റ്റ് സെന്റർ ആണത്. വാലൻന്റൈൻസ്‌ ഡേ ആയതു കൊണ്ട് രണ്ടുമൂന്നു ദിവസം മുൻപ് തന്നെ നല്ല തിരക്ക് തുടങ്ങി. ഇന്നും ഏറെയുണ്ടാകും. അതുകൊണ്ട് തന്നെ ശ്യാം ഇന്ന് കട തുറക്കാൻ നേരത്തേയെത്തി. മുതലാളി വരാൻ ഇനിയുമുണ്ട് അരമണിക്കൂർ. ഗണപതി ഭഗവാന്റെ മുന്നിലെ തിരിതെളിയിച്ച് പതിവുപോലെ ശ്യാം പ്രാർഥനയോടെ അന്നത്തെ ദിവസം ആരംഭിച്ചു. പ്രാർഥന കഴിഞ്ഞ് തിരിഞ്ഞപ്പോഴേയ്ക്കും കടയ്ക്കുള്ളിലേക്ക് ഒരു സ്ത്രീ വന്നു നിന്നു. അവർ അവിടെയുള്ളതിലെല്ലാം കണ്ണോടിച്ചുകൊണ്ട് നിൽക്കുകയാണ്. തലമുടി കെട്ടാനുള്ളതോ, എന്തെങ്കിലും ലേഡീസ് ഐറ്റംസോ വാങ്ങാനാകണം അവർ വന്നിട്ടുള്ളത്.

 

“ഗുഡ് മോർണിംഗ് മാഡം.. എന്താണ് വേണ്ടത്..?”

ശ്യാം ചോദിച്ചു. സാധനങ്ങളിൽ നിന്നും കണ്ണെടുക്കാതെ തന്നെ അവർ പറഞ്ഞു;

“ ഒരാൾക്ക് സമ്മാനമായി കൊടുക്കാൻ പറ്റിയ എന്തെങ്കിലും വേണം.. വളരെ നല്ലത്..” 

“ ഇഷ്ടമായത് തിരഞ്ഞെടുത്തുകൊള്ളൂ..”

ശ്യാം അത് പറഞ്ഞു തീരും മുൻപേ അവർ അകത്തേയ്ക്ക് നടന്നു. ശ്യാം പുറകെയും.

“ അതിനെത്രയാ..?”

മുകളിലെ നിരയിലിരുന്ന അതിമനോഹരമായ ശിൽപ്പത്തിന് നേരെ കൈചൂണ്ടിക്കാട്ടി അവർ ശ്യാമിനോട് ചോദിച്ചു.

അവിടേയ്ക്ക് നോക്കിയ ശ്യാമിന് ചിരിയാണ് വന്നത്.

“ അയ്യോ മാഡം.. അത് ലവേഴ്‌സിന്   വേണ്ടിയുള്ളതാ.. വാലൻന്റൈൻ’സ് ഡേ സ്പെഷ്യൽ..” അവൻ പറഞ്ഞു.

അവർ ഒരു ചെറുചിരിയോടെ ശ്യാമിന്റെ കണ്ണുകളിലേയ്ക്ക് മാത്രം സൂക്ഷിച്ച് നോക്കിപ്പറഞ്ഞു;

“ അത് തന്നെയാണ് എനിയ്ക്കും വേണ്ടത്..”

 

ആ മറുപടി ശ്യാമിന് അമ്പരപ്പുണ്ടാക്കി. എങ്കിലും മര്യാദ അനുസരിച്ച് ശ്യാം അവിടെക്കിടന്ന ഒരു കസേരയുടെ പുറത്ത് കയറി നിന്ന് കൈയെത്തിച്ച് ആ ശിൽപ്പം അവിടെ നിന്നുമെടുത്ത് താഴെ മേശപ്പുറത്ത് വച്ചു. അത് കയ്യിലെടുത്ത് ആ സ്ത്രീ കുറേനേരം കണ്ണിമ ചിമ്മാതെ നോക്കി.

“ ഇതിന് എന്ത് വില വരും..”

“ തൊള്ളായിരത്തി അമ്പത് ’’

“ ഇത് ഭംഗിയായി ഒന്ന് പൊതിഞ്ഞു തരൂ..” അവർ ആവശ്യപ്പെട്ടു. 

“ ഹാം” ശ്യാം തലകുലുക്കി പറഞ്ഞു. ആ ജോലി കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു.

‘‘സ്റ്റിക്കർ ഒട്ടിച്ചേക്കട്ടെ..’’

“ ഊം..”

 

സ്റ്റിക്കറും ഒട്ടിച്ച് ശ്യാം അത് അവരുടെ കയ്യിൽക്കൊടുത്തു. അവിടെ മേശപ്പുറത്തു കിടന്നിരുന്ന പേന കൊണ്ട് അവർ അതിന്മേൽ എന്തോ എഴുതി. ശ്യാം അത് ശ്രദ്ധിച്ചു. അവരുടെ പേര് മാത്രമേ അവന്റെ കണ്ണിൽപ്പെട്ടുള്ളു.

 

“ സാറ..” കടയുടെ മുതലാളി 

അപ്പോഴേയ്ക്കും എത്തിയിരുന്നു. പതുക്കെ തിരക്കും കൂടി. ആ സ്ത്രീ പഴ്സിൽ നിന്നും ആയിരം രൂപ എടുക്കുന്നത് കണ്ട് ശ്യാം പറഞ്ഞു;

“ അവിടെ കൊടുത്താൽ മതി.. ഇതാ ബില്ല് ..”

‘‘ ഓഹ്.. പുള്ളി വന്നത് ഞാൻ ശ്രദ്ധിച്ചില്ല.. ശരി.. താങ്ക്സ്”

അവർ കാശുമായി മുൻപിലേക്ക് നടന്നു.

“ ആഹാ. സാറയോ..? ഗിഫ്റ്റ് എടുത്തുകഴിഞ്ഞോ..?”

“ എടുത്തു..”

സംഭാഷണം കേട്ട് ശ്യാം അവിടേയ്ക്ക് തല ഉയർത്തി നോക്കി..”

“സാറ.. നീ ഇത്തവണ വരുകയില്ലെന്നാണ് ഞാൻ കരുതിയത്..” അദ്ദേഹത്തിന്റെ സ്വരം വല്ലാതെയിരുന്നു.

പക്ഷേ അതിന് മറുപടി പറയുന്നതിന് പകരം ആ സ്ത്രീ കയ്യിലിരുന്ന കാശ് ആ മുഖത്തെ പുഞ്ചിരി മായാതെ നൽകുകയാണ്  ചെയ്തത്. 

“ തൊള്ളായിരത്തി അമ്പതായി..”

“ അഞ്ഞൂറ് മതി സാറാ ..” മറ്റൊരാൾക്ക് വേണ്ടി ഗിഫ്റ്റ് 

പൊതിയുന്നതിനിടയിൽ ശ്യാമിന്റെ ശ്രദ്ധ വീണ്ടും അവിടേയ്ക്ക് തിരിഞ്ഞു. താൻ ഈ കടയിൽ ജോലിയ്ക്ക് കയറിയിട്ടിപ്പോൾ ഏതാണ്ട് ആറേഴു മാസമായി. ഇന്നേവരെ തന്റെ മുതലാളി ഒരു രൂപ കൂടെ കുറച്ച് കൊടുത്തിട്ടുള്ളതായി താൻ കണ്ടിട്ടില്ല. അതൊരു അത്ഭുതത്തോടെ ഓർക്കവേ ആ സ്ത്രീ ബാക്കി പൈസയും വാങ്ങി ശ്യാമിനെയും നന്ദി സൂചകമായി ചിരിച്ചു കാണിച്ചിട്ട് ആ സമ്മാനവുമായി കടയിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി.  എങ്ങോട്ടാണ് അവർ പോകുന്നത് എന്നറിയാൻ ഒന്ന് ചുമ്മാ നടന്നു എന്ന് തോന്നിപ്പിയ്ക്കും വിധം ശ്യാം  കടയുടെ വാതുക്കൽ വരെ വന്നുനോക്കി. ആ സ്ത്രീ ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതാണ് കണ്ടത്. കടയിൽ ആൾക്കാർ വന്നു. ശ്യാം തിരികെ നടന്നു. ഒരു സമ്മാനമെടുക്കാനായി വീണ്ടും കസേരയിൽ കയറി  നിൽക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന് മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത്. എടുത്തുനോക്കുമ്പോൾ ‘പ്രീതി’യാണ്.

“ശ്യാമേട്ടൻ എവിടെയാ..?”

അവളുടെ ചോദ്യത്തിൽ പരിഭവം നിറഞ്ഞിരുന്നു.

“ ഞാൻ ഇവിടെ കടയിലാ. കുറച്ച് തിരക്കുണ്ട്..”

ശ്യാം ഫോൺ വയ്ക്കാൻ തുനിഞ്ഞു. അയാൾക്ക് അരിശം തോന്നുന്നുണ്ടായിരുന്നു. 

“ഒരു നിമിഷം.. ഫോൺ കട്ട് ചെയ്യരുത്.. ഞാനൊന്ന് പറഞ്ഞോട്ടെ..” 

പ്രീതി ശ്യാമിനെ തടഞ്ഞു. 

“നാശം” ശ്യാം മനസ്സിൽ പറഞ്ഞു. പ്രീതി തുടർന്നു ;

“ഇന്ന് വൈകിട്ട് പാർക്കിൽ വരാമോ..?’’ ശ്യാം മറുപടി ഒന്നും പറഞ്ഞില്ല . 

പ്രീതിയുടെ ശബ്ദത്തിനു നേരിയ ഒരു വിറയൽ ഉണ്ടായിരുന്നു.

“എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട.. ആരെയും ശല്യപ്പെടുത്തണം എന്നും എനിക്കില്ല.. എനിക്കൊന്ന് കാണണം, സംസാരിക്കണം.. അത്രേയുള്ളു.. ഞാൻ അവിടെയുണ്ടാകും അഞ്ച് മണിക്ക്.

വരുമോ ശ്യാമേട്ടാ..?” പ്രീതിയുടെ ശബ്ദത്തിന് യാചനയുടെ മുഖം ഉണ്ടായിരുന്നു.

 

ശ്യാം എന്തോ ആലോചിച്ച ശേഷം പ്രീതിയോടു പറഞ്ഞു;

“ഞാൻ വരാം..”

കോൾ കട്ടായി. ശ്യാം ഓർക്കുകയായിരുന്നു...,

ഇക്കാലത്തെ പെണ്ണുങ്ങളെക്കുറിച്ച് നന്നായി തനിയ്ക്ക് അറിയാം. അത്തരത്തിലെ താൻ ഇവളെയും കണ്ടിട്ടുള്ളു. കുറച്ചു നാൾ സംസാരിച്ചു, പലപ്പോഴും കണ്ടുമുട്ടി. അതിനിടയ്ക്ക് അവൾ അത് കാര്യമായിട്ടെടുക്കുമെന്ന് വിചാരിച്ചില്ല. എല്ലാം പറഞ്ഞിട്ട് എത്രയോ തവണ ഒഴിവാക്കാൻ ശ്രമിച്ചു. ഇപ്പൊ വീണ്ടും കാണണമെന്ന്. കണ്ടേക്കാം. എന്താണ് പറയാനുള്ളത് എന്ന് അറിയാമല്ലോ.

‘‘ ചേട്ടാ.. എനിയ്ക്ക് ഒന്ന് അത്യാവശ്യമായി പുറത്തുപോകണമായിരുന്നു...’’

ശ്യാം മുതലാളിയുടെ മുൻപിൽ ഈ ആവശ്യവുമായി ചെന്നുനിന്നു.

 

‘‘ എടാ ഇന്ന് തിരക്കുള്ളതല്ലേ .. നീ പോയാൽ എങ്ങനെയാ ..?’’

‘‘ ഒരു രണ്ട് മണിക്കൂറിനകം തിരിച്ചുവരാം. കട എട്ടുമണിയ്ക്കല്ലേ അടയ്‌ക്കേണ്ടേ.. ഞാൻ അപ്പോഴേയ്ക്കും വന്നേക്കാമെന്നേ.’’

ശ്യാം കടയിൽ നിന്നും ഇറങ്ങി ബൈക്കുമായി പാർക്കിലേക്ക് നീങ്ങി. പാർക്കിൽ അങ്ങുമിങ്ങുമായി ഈരണ്ടുപേർ വീതം, മരത്തിന്റെ ചുവട്ടിൽ, ഐസ്ക്രീം പാർലറിൽ, തടാകത്തിന്റെ കരയിൽ അങ്ങനെ .. 

 

ചിലർ സമ്മാനങ്ങൾ കൈമാറുന്നു. ചിലർ ബൈക്കുകളിലും കാറുകളിലുമായി എവിടെയൊക്കെയോ പോകുന്നതിന്റെ ബഹളം. ഇതിനെല്ലാം ഇടയിലൂടെ ശ്യാം മുന്നോട്ട് നടന്നു. മണി അഞ്ച് ആകുന്നതേയുണ്ടായിരുന്നുള്ളു. ഇനിയും പത്തുപന്ത്രണ്ട് മിനുട്ടുകൾ ബാക്കി.

 

പെട്ടെന്നാണ് ശ്യാമിന്റെ കണ്ണുകളിൽ ഒരു കാഴ്ച വന്നുപെട്ടത്. ഏതോ ഒരു കലാകാരൻ വരച്ച ഒരു ചിത്രം പോലെ.. 

അതെന്താണെന്ന് വച്ചാൽ..,

അവിടെ അതേ പാർക്കിൽ, കൂട്ടമായി നിൽക്കുന്ന മരങ്ങൾക്ക് താഴെ , രണ്ട് പേർക്ക് മാത്രമായി ഇരിയ്ക്കാൻ ഉപകരിയ്ക്കുന്ന ഒരു ഇരിപ്പിടത്തിൽ സാറ.. 

 

അവരുടെ അരികിൽ ഏതോ ഒരാളുടെ കൈകളിലേക്ക് എത്തിപ്പെടാനായി ഒരുങ്ങിയിരിക്കുന്ന സമ്മാനപ്പൊതി. ശ്യാമിന് ആവേശമായി. ഈ ഒരു പ്രായത്തിൽ, ഈ ദിവസം ഇവർ ആരെയോ കാത്തിരിക്കുന്നു. ഈ സമ്മാനം നൽകാനായി ഒരുപാട് നേരമായി ഇവർ ആരെയോ കാത്തിരിക്കുന്നു.

 

സാറ തന്നെ കാണാതെയിരിയ്ക്കാൻ ശ്യാം മറ്റൊരിടത്തേക്ക് നീങ്ങിനിന്നു, ഒരു തമാശ പോലെ. മുൻപെങ്ങും കണ്ട് പരിചയം പോലുമില്ല. എന്നാലും ഒരു ആകാംഷ, ഇന്ന് വന്ന് സമ്മാനം വാങ്ങിച്ച സ്‌ഥിതിക്ക് അത് നൽകാൻ  പോകുന്നത് ആർക്കായിരിക്കും ..? ഒരുപക്ഷേ അവരുടെ മുൻകാമുകൻ  ആകും, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറൊരാളുടെ മുൻപിൽ തലകുനിയ്ക്കേണ്ടി വന്നതാവാം. അല്ലെങ്കിൽ എന്തെങ്കിലും കാരണത്താൽ  ഇരുവരും വിവാഹം തന്നെ വേണ്ട എന്ന് വച്ച് പിരിഞ്ഞതാകും. അല്ലെങ്കിൽ... മറ്റൊരു വഴിയ്ക്ക്  ചിന്തിച്ചാൽ..

ശ്യാമിന്റെ ആ ചിന്ത പലവഴിയ്ക്കാണ് നീങ്ങിയത്. അവൻ മറഞ്ഞുനിന്ന് ആ പരിസരം നിരീക്ഷിച്ചു. സാറയും ആ സമ്മാനപ്പൊതിയും.. 

 

ആ സ്ത്രീ വേറെയേതോ ഒരു ലോകത്താണ് എന്ന് ശ്യാമിന് തോന്നി. കാരണം, ചുറ്റുമുള്ളതൊന്നും അവർ കാണുന്നില്ല, അറിയുന്നില്ല. എത്രയോ പേര് അവരെ ഉറ്റുനോക്കി, എത്രയോ പേർ  അവർ അവിടെ നിന്നും ഒന്നെഴുന്നേൽക്കാനായി കാത്തുനിന്നു, എത്രയോ പേർ അവരെ നോക്കി പുച്ഛത്തോടെയോ പരിഹാസത്തോടെയോ ചിരിച്ചു, കമന്റടിച്ചു. അവർ ഒന്നും അറിഞ്ഞില്ല. അവരുടെ കണ്ണുകൾ പ്രതീക്ഷയിൽ മാത്രം തറഞ്ഞു നിന്നു.  ശ്യാമിന് മടുപ്പ് തോന്നി. സമയം കുറെ കടന്നുപോയി. സാറയുടെ കണ്ണുകളിലെ പ്രതീക്ഷ വറ്റിതുടങ്ങിയതു പോലെ. അവർ ആ ഇരിപ്പിടത്തിൽ നിന്നും പതുക്കെ എഴുന്നേറ്റു. അവരുടെ കൃഷ്ണമണികൾ മറ്റെവിടൊക്കെയോ എത്തിച്ചേരാനായി നീങ്ങിത്തുടങ്ങി.

 

“ശ്ശെടാ.. അപ്പോൾ ആള് വരില്ലേ ഇന്ന്..?”

 

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി തന്റെ കണ്ണുകൾ സാരിത്തലപ്പുകൊണ്ട്  മെല്ലെയൊന്നു ഒപ്പി സാറ ആ സമ്മാനപ്പൊതിയുമായി പുറത്തേയ്ക്ക് നടന്നു. ഒരു അകലം പാലിച്ച് ശ്യാം പുറകെയും. അവിടെ കവാടത്തിനടുത്തായി നിന്ന്  സാറ കാവൽക്കാരനോട് എന്തൊക്കെയോ സംസാരിക്കുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ ശ്യാം അയാളുടെ അരികിലെത്തി. 

 

“ചേട്ടോ.. അതാരാ.., ഇപ്പൊ ഇവിടെ നിന്ന് സംസാരിച്ചിട്ട് പോയെ..?”

കാവൽക്കാരൻ നീയേതാണ്, നീ ആരാണ് അതൊക്കെ ചോദിയ്ക്കാൻ എന്നവണ്ണം ശ്യാമിനെ നോക്കി. 

“ചേട്ടൻ തെറ്റുധരിക്കരുത്.. ഒരു ആകാംഷകൊണ്ട് ചോദിച്ചുപോയതാ... കാരണം അവർ എന്റെ കടയിൽ നിന്നാണ് ആ സമ്മാനം വാങ്ങിക്കൊണ്ട് പോയത്..”

‘‘അതിന് ..?’’

അയാൾക്ക് അരിശം വന്നു. ശ്യാം വിനയത്തോടെ പറഞ്ഞു;

“ചേട്ടാ ദേഷ്യം തോന്നരുത് കടയുടെ ഉടമസ്‌ഥൻ പറയുന്നത് കേട്ടു, ‘നീ ഇത്തവണ വരില്ല എന്ന് കരുതി’ എന്ന്.. 

സത്യത്തിൽ ഞാൻ ഇവരെ ഇവിടെ വച്ച് അപ്രതീക്ഷിതമായി കണ്ടതാണ്.. എനിക്കത് അറിയണമെന്നുണ്ട് ചേട്ടാ..”

 

കാവൽക്കാരന്റെ മുഖം പതിയെ ശാന്തമായി. അയാൾ കുറച്ച് നേരം മൗനമായി നിന്ന് എന്തൊക്കെയോ ആലോചിച്ചു. ശ്യാം അയാളുടെ വായിൽ നിന്നും വീഴാൻ കാത്തിരിയ്ക്കുന്ന വാക്കുകൾക്കായി ചെവിയോർത്തു.

അവസാനം അയാൾ പറഞ്ഞു തുടങ്ങി;

“അത് സാറയാണ്... സാറ മാത്യു..” ശ്യാമിന് ആകാംഷ കൂടി വന്നു.

“കഴിഞ്ഞ പത്തുപതിനഞ്ച് വർഷമായി സാറ ഇവിടെ വരുന്നു.., ഈ ദിവസം ഒരു സമ്മാനവുമൊക്കെയായി. എപ്പോഴും അവിടെ പോയി ഇരിക്കും, ആറ് മണി വരെ കാക്കും. പിന്നെ തിരികെ പോകും.”

 

“ആരെയാണ് അവർ കാത്തിരിയ്ക്കുന്നത്..?’’

ശ്യാം തനിക്ക് അറിയണമെന്ന് അതിയായി  ആഗ്രഹിച്ച കാര്യം.

“എടാ കൊച്ചനെ.. ഒരു വാലെന്റൈൻസ് ഡേയിൽ  ഒരു പെൺകുട്ടി സമ്മാനമൊക്കെ ആയി ആരെയാകും കാത്തിരിക്കുക, അയാളെ തന്നെ...”

 

ആ മനുഷ്യൻ ഒരു കഥ പറയുമ്പോലെ എന്തൊക്കെയോ ഓർത്തെടുത്തു പറഞ്ഞു;

“ആ പയ്യൻ ഏകദേശം നിന്നെപ്പോലെയൊക്കെ തന്നെയായിരുന്നു. കാണാനും സംസാരിക്കാനുമൊക്കെ കൊള്ളാവുന്ന ഒരുവൻ. രണ്ടുപേരും എങ്ങനെ പരിചയപ്പെട്ടൊന്നൊന്നും എനിക്കറിയില്ല. പക്ഷേ അവർ ഇടയ്ക്കൊക്കെ ഇവിടെ വരും, സംസാരിക്കും. പിന്നെ തിരികെ പോകും.

 

പക്ഷേ കൊണ്ടുവിടാം എന്ന് എത്ര നിർബന്ധിച്ചാലും ആ കുട്ടി അത് സമ്മതിക്കില്ലായിരുന്നു.. അവർ പരസ്പരം കൈകോർത്തു പിടിക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ അവർ പരസ്പരം നല്ല സ്നേഹത്തിൽ ആയിരുന്നു.. 

അയാൾ അവിടെ കിടന്ന കസേരയിലേക്ക് ഇരുന്നുകൊണ്ട് തുടർന്നു.

“അന്നൊരു ദിവസം, അതായത് ഈ ദിവസത്തിന്റെ തലേന്ന്.. അതെ, അന്ന് തന്നെ. എന്റെ മുന്നിൽ വച്ചാണ് അവൻ സാറയോട് പറഞ്ഞത്, നാളെ നമ്മൾ തീർച്ചയായും കാണും, എനിക്കുള്ള ആദ്യ സമ്മാനം കയ്യിൽ കണ്ടേക്കണം എന്ന്...’’

 

പിറ്റേന്ന് നാലുമണിയോടെ സാറ വന്നു, ഒരു സമ്മാനമൊക്കെ ആയി. അവൾ വളരെ സന്തോഷത്തിലൊക്കെ ആയിരുന്നു. ഞങ്ങൾ ഒരു ഐസ്ക്രീമൊക്കെ കഴിച്ചു. അത് സാറയുടെ വക തന്നെ ആയിരുന്നു കേട്ടോ. 

 

കാവൽക്കാരന്റെ മുഖത്ത് ആ ഓർമ്മ ഒരു ചിരി വിടർത്തി.

‘‘അന്ന് ഞങ്ങൾ കുറെ സംസാരിച്ചിരുന്നു. പക്ഷേ പറഞ്ഞ സമയം, ആറിന് മുൻപെത്താം എന്ന് പറഞ്ഞിട്ടും.. പിന്നെയും ഏറെ നേരം കാത്തിരുന്നിട്ടും അവൻ വന്നില്ലടോ..”

ആ വൃദ്ധന്റെ തല താഴ്ന്നു. ശ്യാമിന്റെ നെഞ്ഞോഞ്ചൊന്നു പിടഞ്ഞു.

 

“പിന്നെ ദിവസവും സാറ  ഇവിടെ വരുമായിരുന്നു. പെട്ടെന്ന് കുറച്ചു നാളത്തേയ്ക്ക് വരവ് നിന്നു. പിന്നീട് ഈ ദിവസത്തിൽ മാത്രമായി. അവൾ അവളെക്കൊണ്ട് കഴിയുമ്പോലെ അന്വേഷിച്ചു. വീട്ടിൽ ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടായി എന്ന് പിന്നീട് കണ്ടപ്പോൾ സാറ തന്നെയാണ് പറഞ്ഞത്.

 

എന്തോ, ഞാൻ പോലും അവനെ പിന്നീട് എവിടെവച്ചും കണ്ടിട്ടില്ല. അന്ന് വേദനയോടെ, കരഞ്ഞ കണ്ണുമായാണ് സാറ ഇവിടെ നിന്നും പോയത്.. അതിപ്പോഴും എനിക്കു മറക്കാൻ കഴിയുന്നില്ല..

പലരെയും ഞാൻ കണ്ടിട്ടുണ്ട്. ആറ് മാസം കൂടുമ്പോൾ പുതിയ ആൾ എന്ന കണക്ക് ഇവിടെ വന്നു പോകുന്നവരെ. പെണ്ണുങ്ങളും മോശമൊന്നും അല്ല. ആണോ, പെണ്ണോ, മനസ്സിന്റെ അടിസ്‌ഥാനത്തിലേ തരം തിരിയ്ക്കാവു. ഇപ്പൊ ഇക്കാലത്തു തുടങ്ങിയ വാക്കുകൾ അല്ലെ, തേയ്പ്പൊ, വാർപ്പോ എന്തൊക്കെയോ..’’

ശ്യാമിന് ചിരി വന്നുപോയി അത് കേട്ടപ്പോൾ. 

 

“പക്ഷേ സാറ അങ്ങനെ ആയിരുന്നില്ല, ഓരോ വർഷവും അവൻ വരുമെന്ന് സാറ പ്രതീക്ഷിയ്ക്കുന്നുണ്ട്.. അതുകൊണ്ടാണ് ഇത്രയും വർഷങ്ങൾക്കു ശേഷം ഇന്നും അവൾ വന്നത്..  അതേ പ്രതീക്ഷയോടെ.’’

 

“ ഓഹ്.. സമയം ആറ് കഴിഞ്ഞല്ലോ.. ഞാനെന്നാൽ അകത്തോട്ട് കയറട്ടെ.. വാതിലുകളൊക്കെ അടയ്ക്കണം.. താനും ഇറങ്ങിയ്ക്കോ..” കാവൽക്കാരൻ വൃദ്ധൻ പറഞ്ഞു.

ശ്യാം തിരിച്ചൊന്നും പറയാതെ ഒന്ന് തലയാട്ടുക മാത്രം ചെയ്തു. അവൻ പ്രധാന  കവാടം വിട്ട് പുറത്തേയ്ക്ക് ഇറങ്ങി. അവിടെ നിന്ന് അവൻ പ്രീതിയെ ഒരുവേള ഓർത്തു.

 

സാറയ്ക്ക് തന്റെ ജീവിതവുമായി എന്തോ ബന്ധമുള്ളത് പോലെ. ഇപ്പോൾ പ്രണയം പ്രണയമല്ലാതായിക്കൊണ്ടിരിക്കുന്നു. ഞാനും അങ്ങനെയായിത്തീർന്നോ.

 

പ്രീതി.. അവൾ തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ശ്യാമിന് പശ്ചാത്താപം തോന്നി. അവളെ ഇനി വേദനിപ്പിക്കാൻ വയ്യ.

സാറ.. ആ സ്ത്രീ അവരറിയാതെ തന്നെ എനിയ്ക്കൊരു പാഠം  പറഞ്ഞുതന്നു. അവരുടെ പ്രണയം. അതിനെന്തു മാത്രം തീവ്രത ആണ്. ചങ്കൂറ്റം തന്നെയാണ് അത്. എന്നാൽ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ മണ്ടത്തരവും. 

“ ശ്യാമേട്ടാ..”

കുറച്ചു മുൻപിലായി ഒരു ശബ്ദം. അത് പ്രീതിയാണെന്ന് നോക്കാതെ തന്നെ അവന് മനസ്സിലായി. ആ പഴയ ചുരിദാർ തന്നെ.. പിങ്കും വെള്ളയും നിറഞ്ഞ.. 

‘‘ ഹ ഹ..’’

ശ്യാം മനസ്സിൽ ചിരിച്ചു. കോളർ വച്ച, കൈമുട്ടുവരെ നീളത്തിലുള്ള..

അന്നൊക്കെ പഴഞ്ചൻ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ എന്റേത് എന്ന തോന്നൽകൊണ്ടാകാം, ഇനി വേറൊരു രീതിയിൽ തയ്പ്പിയ്ക്കാൻ ഞാൻ സമ്മതിയ്ക്കില്ല.

പാവം..

നടക്കാൻ ബുദ്ധിമുട്ടുണ്ട് ഇപ്പോഴും, അത് ജന്മനാ ഉള്ളതാണ്. ഇതുവരെ എന്നെ ഇഷ്ടമാണെന്നോ, വിവാഹം കഴിക്കണമെന്നോ അവൾ പറഞ്ഞിട്ടില്ല. പക്ഷേ അവൾക്ക് എന്നും ഞാൻ ഒരു ആശ്വാസം ആയിരുന്നു. എന്നെക്കാണുമ്പോൾ അവളുടെ മുഖം തെളിഞ്ഞിരുന്നു. അത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ അവൾക്ക് സൗന്ദര്യം പോരാ എന്ന് തോന്നി. പിന്നെ കാലിന്റെ വൈകല്യവും. പിന്നെപ്പിന്നെ സംസാരം കുറഞ്ഞു. പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. അവൾക്ക് മനസ്സിലായിക്കാണണം അവളെ ഭാര്യയാക്കാൻ എനിക്ക് ഇഷ്ടമല്ല എന്ന്. അതുകൊണ്ടാവണം മനസ്സിലുണ്ടായ പ്രണയം അവൾ വാക്കുകൾക്കൊണ്ട് വെളിപ്പെടുത്താഞ്ഞത്. 

“സോറി ശ്യാമേട്ടാ.. ഞാൻ ഒരുപാട് താമസിച്ചു. ബസ് കിട്ടിയില്ല വിചാരിച്ച സമയത്ത് അതാ..”

പ്രീതിയുടെ കൈവശം ഒരു സമ്മാനപ്പൊതി ഉണ്ടായിരുന്നു. അതവൾ ശ്യാമിന് നേരെ നീട്ടി.

“എന്റെ കയ്യിൽ നിന്നും ഇത് വാങ്ങിക്കുമോ..? ഇഷ്ടമല്ലെങ്കിലും.. 

എന്റെ ഒരു സന്തോഷത്തിന് വേണ്ടി മാത്രം..” പ്രീതി അത് നീട്ടിപ്പിടിച്ചു നിൽക്കുകയാണ്. എന്തോ, ശ്യാമിന്റെ കൈ പൊങ്ങിയില്ല. പ്രീതിയുടെ കൈകൾ ചെറുതായി വിറച്ചുതുടങ്ങി.

 

“ശ്യാമേട്ടാ..” അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

ശ്യാം തന്റെ കണ്ണുകൾ മുറുക്കെയടച്ചു തല താഴ്ത്തി നിന്നു. 

ഇവളെയാണ് ദൈവം എന്റെ ജീവിതത്തിൽ വിധിച്ചത് എങ്കിൽ..!

ശ്യാമിന്റെ കൈകൾ പ്രീതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് സമ്മാനത്തിന് നേരെ നീണ്ടു. അന്ന് ആദ്യമായി ശ്യാം പറഞ്ഞു;

‘‘ഐ ലവ് യു പ്രീതി..’’

പ്രീതി പെട്ടെന്നൊരു അന്ധാളിപ്പോടെ നോക്കി. ശ്യാം തുടർന്നു;

‘‘ഇഷ്ടം അല്ലായിരുന്നു ആദ്യം.. പക്ഷേ .., ഇപ്പോൾ ഇഷ്ടമാണ്..’’

പ്രീതി ചിരിച്ചു. ആ കണ്ണുകളിൽ ഇതുവരെയും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സന്തോഷം , പ്രസന്നത ഒക്കെ ഉണ്ടായി.

നേരം ഇരുണ്ട് തുടങ്ങിയിരുന്നു.

“ഞാൻ നാളെത്തന്നെ തന്റെ അച്ഛനെയും അമ്മയെയും വന്നു കാണാം കേട്ടോ..”

പ്രീതി അത്ഭുതത്തോടെ ശ്യാമിനെ നോക്കി.

“ഞാൻ കൊണ്ട് വിടണോ..?” ശ്യാം ചോദിച്ചു

“ വേണ്ട ശ്യാമേട്ടാ.. ഞാൻ പൊയ്ക്കോളാം..”

‘‘പിന്നെ.. തിരക്കായതുകൊണ്ടാണ് ഞാൻ അങ്ങനെ സംസാരിച്ചത് കേട്ടോ..” പെട്ടെന്ന് ഓർമ്മ വന്നപ്പോൾ ശ്യാം വിശദീകരിച്ചു.

“സാരമില്ല ശ്യാമേട്ടാ.. തിരക്കിലാകും എന്ന് എനിക്ക് തോന്നിയിരുന്നു..”

 

പിന്നീട് കുറച്ചുനേരം എന്ത് പറയണം എന്ന് അറിയാതെ ഇരുവരും ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് നിന്നു. ശേഷം പ്രീതി യാത്ര ചോദിച്ച് നടന്നകന്നു. അവൾ കണ്മുൻപിൽ നിന്നും മറഞ്ഞപ്പോൾ ശ്യാം തന്റെ ബൈക്കുമായി കടയിലേയ്ക്കും പോയി.

 

............................................

 

വാതിൽ തുറന്ന് ഉറ്റുനോക്കിയ തന്റെ അപ്പനെയും അമ്മയെയും നിറകണ്ണുകളോടെ നോക്കി സാറ തന്റെ മുറിയിലേയ്ക്ക് നടന്നു. 

‘‘പാവങ്ങൾ..

അവരുടെ തന്നോടുള്ള സ്നേഹം, വേദന..

ഇന്നും ഞാൻ അവരെ വേദനിപ്പിച്ചു. ഇനി...

ഇനിയെന്ത്..? മതിയാക്കാം എന്ന് തോന്നുന്നു.. എല്ലാ ഭ്രാന്തും .’’

സാറ, പത്തുപതിനഞ്ച് സമ്മാനപ്പൊതികൾ ഇരിയ്ക്കുന്ന അലമാരയിലേയ്ക്ക് ഇന്ന് വാങ്ങിച്ചതും കൂടെ എടുത്തുവച്ചു.

“നാളെ നമ്മൾ ഉറപ്പായും കാണും സാറ..”

ആ വാക്കുകൾ.., ആ ഓർമ്മകൾ..

അവ വീണ്ടും സാറയുടെ കണ്ണുകളെ നിറച്ചു.

അയാൾ .. അയാൾ തന്നെ ചതിച്ചതാണോ.? അറിയില്ല. എന്തെങ്കിലും അപകടത്തിൽ പെട്ടതാണോ, അതോ ഇപ്പോൾ ഈ ഭൂമിയിൽ ജീവനോടെ ഇരിപ്പുണ്ടോ എന്ന്കൂടെ അറിയില്ല. അറിയാൻ ആവുന്നയത്ര ശ്രമിച്ചതാണ്. അതിനായി ഒരുപാട് അലഞ്ഞതുമാണ്. ഒരു ഫലവും ഉണ്ടായില്ല. എന്നിട്ടും കാത്തിരുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ.. 

 

വാശി ആയിരുന്നു എന്നും പറയാം. അതിനേക്കാളൊക്കെ ഉപരിയായി , നിശബ്ദമായി നിന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് അലറുകയായിരുന്നു. അയാൾ എനിക്ക് എല്ലാം എല്ലാം ആയിരുന്നു. ജീവനേക്കാൾ ഏറെ ഞാൻ അയാളെ സ്നേഹിച്ചിരുന്നു. അയാൾക്ക്  പകരം ആരെയും ആ സ്‌ഥാനത്ത് കാണാൻ തനിക്ക് ആകുമായിരുന്നില്ല.. എന്റെ  സ്നേഹത്തിന്റെ ആഴം ഇത്രയേറെ ആയിരുന്നു എന്ന് എന്നെങ്കിലും എവിടെവച്ചെങ്കിലും അയാൾ അറിയാൻ വേണ്ടി..”

 

ഒരു നല്ല ശബ്ദത്തോടെ ആ അലമാര അടഞ്ഞു. ഇവിടെ 

സാറ വീണ്ടും കാത്തിരിപ്പ് തുടരുകയാണ്, ആ പഴയ പ്രതീക്ഷയോടെ അടുത്ത വാലെന്റൈൻസ്  ദിനവും കാത്ത്...

 

English Summary : Sara, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com