ADVERTISEMENT

നിശബ്ദത (കഥ)

 

രാഹുലിന്റെ വരവ് പ്രതീക്ഷിച്ചെന്നോണം രമ്യ വീടിന്റെ മുൻവാതിൽ തുറന്നിട്ടു. സമയം അന്നും തെറ്റിയില്ല, കൃത്യസമയത്തു തന്നെ രാഹുൽ എത്തി. അകത്തു കയറി വാതിൽ അടച്ചു. കയ്യിൽ പിടിച്ചിരുന്ന പൊതി രാഹുൽ മേശപ്പുറത്ത് വെച്ചു. മറ്റേ കയ്യിലെ ഹെൽമെറ്റ് അടുത്തുള്ള ഒരു ചെറിയ ടേബിളിലും വെച്ചു. ഭർത്താവ് വന്ന കാര്യം രമ്യയും, രമ്യയുടെ കാര്യം രാഹുലും ശ്രദ്ധിക്കുന്നില്ല. അപരിചതരെ പോലെ രണ്ടാളും സ്വന്തം റൂമുകളിലേക്ക് ചുരുങ്ങി.

 

ഒന്നര വർഷം മുൻപ് കോളജ് വരാന്തയിലൂടെ കൈകോർത്തു നടന്നവരാണ്. വാതോരാതെ ഉള്ള അവരുടെ സംസാരങ്ങൾ ഞാൻ എത്രയോ വട്ടം കണ്ടു കൊതിച്ചിട്ടുള്ളതാണ്. രണ്ടാളെയും ഒരുമിച്ചല്ലാതെ കോളജിൽ കാണാൻ സാധിക്കില്ലായിരുന്നു. ഇവർ തമ്മിൽ ഉള്ള സ്നേഹം കണ്ടാണ് പ്രേമിച്ചാലോ എന്നൊരു ആശയം എന്റെ മനസ്സിൽ അന്ന് രൂപപ്പെട്ടതും. പഠനം കഴിഞ്ഞ ഉടൻ തന്നെ ആർഭാടമായി കല്യാണവും നടന്നു.

 

കുട്ടികൾ ഉണ്ടാകാഞ്ഞതിന്റെ പേരിലും, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായ ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങളുടെ പേരിലും ഉണ്ടായ ചെറിയ മിണ്ടാട്ടങ്ങൾ ആണ് ഇന്ന് സമ്പൂർണ നിശ്ശബ്ദതയിലേക്ക് എത്തിയിരിക്കുന്നത്.

 

അത്താഴത്തിനാണ് രാഹുൽ മുറിയിൽ നിന്ന് പിന്നെ പുറത്തിറങ്ങുന്നത്. ടേബിളിൽ വന്നിരുന്ന രാഹുലിന് ഭക്ഷണം വിളമ്പിക്കൊടുത്തു രമ്യ തന്റെ കടമ വരുത്തിത്തീർത്തു. മറുവശത്തു രമ്യയും ഇരുന്നു ഭക്ഷണം കഴിക്കാൻ. പ്ലേറ്റിലേയ്ക്ക് തല കുമ്പിട്ട് എതിരെ ഉള്ള ആളിന്റെ മുഖത്തേക്ക് പോലും നോക്കാതെ ആണ് രണ്ടുപേരുടെയും കഴിപ്പ്. തീന്മേശയിൽ സന്തോഷം നിറയുന്നത് ഭക്ഷണത്തിന്റെ രുചിയിൽ അല്ല, അത് പരസ്പരം ഉള്ള പങ്കുവെക്കലിൽ ആണ് എന്ന് പണ്ടെവിടെയോ കേട്ടിട്ടുണ്ട്. കൈ കഴുകി രണ്ടിടങ്ങളിലേക്കായി രണ്ടാളും തലചായ്ക്കാൻ നടന്നു. 

 

ചിലപ്പോൾ ചില നിശ്ശബ്ദതകൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. എന്നാൽ ചിലപ്പോൾ അത് മായ്ക്കാൻ ആവാത്ത ഒരു വിങ്ങൽ ആരിക്കും സമ്മാനിക്കുക.

 

English Summary: Nisabdhatha, Malayalam Short Story    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com