ADVERTISEMENT

കൗണ്ട് ഡൗൺ‌ (കഥ)  

 

ജീവിത സന്ധ്യയിൽ ഒറ്റപ്പെടേണ്ടെന്നു പറഞ്ഞു സഹപ്രവർത്തക സമ്മാനിച്ചതാണ് കൊച്ചാപ്പിയെന്ന നായക്കുട്ടിയെ. ഒരാൾ പെൻഷൻ പറ്റുമ്പോൾ കിട്ടാവുന്നതിൽവെച്ച് ഏറ്റവും വ്യത്യസ്തമായ സമ്മാനം. ഇണങ്ങിയാൽ ചിണുങ്ങി കൊല്ലുമെന്ന് പത്മജ പറയുമ്പോൾ അയാൾക്ക്‌ ചിരി വരുന്നുണ്ട്. പന്ത്രണ്ട് വയസ്സുള്ളപ്പോളാണ് മകൻ മുകളിലേക്ക് പിണങ്ങിപ്പോയത്. തനിക്ക് അവനെ സ്നേഹിക്കാൻ സമയമില്ലെന്നായിരുന്നല്ലോ എന്നും ഭാര്യയുടെ പരാതി. പറഞ്ഞതിൽ പരിഭവമൊന്നും പറയാനില്ല. ഒരാഴ്ച്ചയ്ക്കുമേൽ പഴക്കം വന്ന അവന്റെ പനിയെ പറഞ്ഞു വിടാൻ താൻ തിടുക്കം കാണിച്ചില്ല എന്നതു സത്യം തന്നെ.  സ്നേഹത്തിന് ഉത്തരവാദിത്തം എന്നൊരർഥം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. രണ്ടാമതൊരു കുഞ്ഞ് വേണമെന്ന് ജെയിംസ് പറയുമ്പോൾ നിങ്ങളെ എനിക്ക് വിശ്വാസമില്ലെന്നായിരുന്നു എൽസിയുടെ  മറുപടി. മൂടിക്കെട്ടിയ ആകാശം പോലെ വെളിച്ചമില്ലാത്ത വർഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വിഷാദം ഒരു രോഗമാണെന്ന് തിരിച്ചറിയാതെ പോയത് കുറ്റബോധം കൊണ്ടാവണം . ഉപദ്രവം തുടങ്ങിയപ്പോഴാണ് ഉറക്കിക്കിടത്താനുള്ള മരുന്നുകൾ ഡോക്ടർ എഴുതിത്തന്നത്. പശ്ചാത്താപത്തിന്റെ പകലുകളിൽ അയാൾ അവൾക്ക് കൂട്ടിരുന്നു. ഒരു പെരുമഴക്കാലത്തിന്റെ ഓർമ്മയായി,  അമ്മയെത്തപ്പി മകനെത്തിയപ്പോൾ അയാൾ കാണുന്നുണ്ട്, നിഴൽ നഷ്ടമായ തന്റെ രൂപം.

 

പെടുമരണങ്ങൾ കുഴിച്ചുണ്ടാക്കുന്ന ചില ചുഴികളുണ്ട്. ജന്മം നൽകിയവർ മാത്രം കാലിടറിവീഴുന്ന മരണക്കുഴികൾ. കരകയറാനാവാതെ ജീവച്ഛവങ്ങളായി അവരതിൽ കാലങ്ങളോളം കറങ്ങിക്കൊണ്ടിരിക്കും. സാവിയോ സമ്മാനിച്ചിട്ടു പോയ തടവറയ്ക്കുള്ളിലെ ഏകാന്തതയുമായി സംസാരിക്കുകയാണ് എൽസി. വൃത്തിയുടെ കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നവളുടെ വിയർപ്പിനിന്ന് ഭ്രാന്തിന്റെ  മണമാകുന്നു. കുറവുകളോടെ ജനിച്ചവൻ ചോദ്യം ചെയ്തത് ജയിംസിന്റെ  ആത്മാഭിമാനത്തെ ആയിരുന്നു. പരാധീനതകളുടെ നിസ്സഹായതയിൽ പിച്ചും പേയും പറയുന്നവന് അയാളൊരു വിളിപ്പേരിട്ടു. ‘നാശം’. പുറമേ കാണിക്കുന്ന ഇഷ്ട പ്രകടനങ്ങളുടെ പൊരുളറിയാവുന്നത് കൊണ്ടാവണം സാവിയോയുമായി എൽസി മാറിക്കിടക്കാൻ തുടങ്ങിയത്. ചുവരുകൾക്കുള്ളിൽ ഒതുങ്ങാനുള്ള തീരുമാനം കുഞ്ഞു സാവിയോയ്ക്ക് വേണ്ടിയാകുന്നു. ഇപ്പോൾ അവളുടെ ലോകം കുറേക്കൂടി വലുതാണ്. ഉണർന്ന് കിടക്കുന്നവന്റെ  കൃഷ്ണമണിയ്ക്കുള്ളിലൂടെ ഈ പ്രപഞ്ചം മുഴുവനും അവൾക്കിപ്പോൾ കാണാം. അമ്മമാർ  അങ്ങനെയാണ്. പാൽപ്പല്ലുകൾ മുറിച്ചൊഴുക്കുന്ന ചോരയ്ക്കു പോലും അമ്മിഞ്ഞപ്പാലിന്റെ മണമാകുന്നു. താരാട്ട് പാട്ടിന്റെ ശ്രുതിയറിയാൻ ബുദ്ധിയൊന്നും വേണമെന്നില്ല. പറ്റിക്കിടക്കുന്നവളുടെ നെഞ്ചിടിപ്പിനൊരു താളമുണ്ട്. വിങ്ങലുകളിൽ സംഗീതവും.

 

ഇരുട്ടിൽ മുഖത്തടിക്കുന്ന വെളിച്ചം ജെയിംസ് ആണെന്നറിഞ്ഞിട്ടും അവൾ കണ്ണടച്ചു തന്നെ  കിടന്നു. അയാളുടെ ടോർച്ചിന്റെ വെട്ടം ഇപ്പോൾ കുഞ്ഞു സാവിയോയുടെ മുഖത്താണ്. കുറച്ച് സമയം അങ്ങനെ നോക്കി നിന്നിട്ട് മടങ്ങിപ്പോവുന്നത് പതിവായപ്പോൾ അവൾ അത് ശ്രദ്ധിച്ചു. പഴയ പിശാചിന്റെ മുഖം ഇപ്പോൾ അയാൾക്കില്ല. ഓഫീസിലെ പിരിമുറുക്കങ്ങൾ ആയാൾ ഇറക്കിവെക്കുന്നത് ആ നിമിഷങ്ങളിൽ ആയിരിക്കണം. രക്തം എന്ന വാക്കിന് ആശ്വാസം എന്നൊരർഥം കൂടിയുണ്ടെന്ന് ജെയിംസ് അറിഞ്ഞു തുടങ്ങിയിരിക്കുന്നു. സഹതപിക്കുന്നവരോട് അയാൾക്കിപ്പോൾ വെറുപ്പാണ്. അനിഷ്ടങ്ങളൊക്കെ പതിയെ  അലിഞ്ഞു തുടങ്ങിയപ്പോഴായിരുന്നു അവന് ആ പനി വന്നത്. ചികിത്സ വൈകിപ്പിച്ചത് മനപ്പൂർവ്വമായിരുന്നെന്ന് എൽസി ഉറപ്പിച്ചപ്പോൾ, അയാൾ വല്ലാതെ പതറിപ്പോയി. കല്ലറയിൽ ചെവി ചേർത്ത് വെച്ചുകൊണ്ട് അവൾ പറയുന്ന ഭാഷ അയാൾക്ക് മനസ്സിലാവുന്നില്ല. പഠിക്കാൻ താൻ മനപ്പൂർവ്വം ശ്രമിക്കാതിരുന്ന തന്റെ മകന്റെ ഭാഷ. മനസ്താപമാവണം വൈകുന്നേരങ്ങളിൽ ജെയിംസിനെ സെമിത്തേരിയിൽ എത്തിക്കുന്നത്. മടങ്ങാനൊരുങ്ങുമ്പോൾ വഴിയൊതുങ്ങിത്തരുന്ന തെരുവ് നായ്ക്കളും അവിടെ ആരോടൊക്കെയോ മിണ്ടാൻ വരുന്നതാവാം.. അക്ഷരങ്ങൾക്കും അപ്പുറം ഒരാകാശമുണ്ട്. അവിടെ ലിപികളില്ലാത്ത, കരുതലിന്റെ ഭാഷ സംസാരിക്കുന്ന കുറേ നക്ഷത്രക്കുഞ്ഞുങ്ങളും..

 

ഇരുട്ടു മുറികളിൽ മിണ്ടാപ്രാണികളെപ്പോലെ നീണ്ട ഇരുപത് വർഷങ്ങൾ. ഏകാന്തതയുടെ അന്തകനായി സാവിയോയുടെ ഓർമ്മകൾ മാത്രം എൽസിക്ക് കൂട്ടുണ്ട്. മനസ്സൊന്ന് മാറിക്കോട്ടെയെന്ന് കരുതിയാണ് എംബ്രോയിഡറി പഠിപ്പിക്കാൻ വിട്ടത്. കുഞ്ഞിത്തൊപ്പികൾ മാത്രം തുന്നാൻ പഠിച്ചവൾ മുറി മുഴുവനും തൊപ്പികൾ കൊണ്ട് നിറയ്ക്കുകയാണ്. മയക്കിക്കിടത്താനല്ലാതെ മനസ്സിനെ മാറ്റുവാൻ മരുന്നുകൾക്ക് കഴിയുന്നില്ല. വിശദീകരണങ്ങളില്ലാത്ത ഒരു  തിരിച്ചറിവാകുന്നു ഭ്രാന്ത്‌. കാണിക്കാൻ പ്രത്യേകിച്ച്  കാരണങ്ങളൊന്നുമില്ലാതെ ഒരു കർക്കടകപ്പുലർച്ചയിൽ എൽസി പോയി. വെള്ളയിൽ നീലപ്പൂക്കളുള്ള ഒരു കുഞ്ഞിത്തൊപ്പിയും പഞ്ഞികൊണ്ട് തുന്നിയ സ്കൂൾ സഞ്ചി നിറയെ വർണ്ണ പെൻസിലുകളും തലയിണയ്ക്കരികിലുണ്ടായിരുന്നു. അതിൽ മുപ്പത്തിരണ്ട് പെൻസിലുകൾ ഉണ്ടായിരുന്നുവെന്ന് പിന്നീട് മദറമ്മ പറഞ്ഞപ്പോൾ അയാൾ ഓർത്തു.  തങ്ങളുടെ സാവിയോ ഉണ്ടായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന പ്രായം. ഒരമ്മയുടെ മനസ്സിലും സ്വന്തം കുഞ്ഞുങ്ങൾ വളരാറില്ല. പിന്നീടങ്ങോട്ട് അവർ കാണിക്കുന്ന ഗൗരവവും പക്വതയുമെല്ലാം പിടിച്ച്  നിൽക്കാൻ വേണ്ടി കാണിക്കുന്ന ജാഡകൾ മാത്രം. എൽസി കുഴിച്ചിട്ടു പോയ കുഴിയിൽ നിന്നും കയറി വരാൻ മാസങ്ങൾ  വേണ്ടി വന്നു ജെയിംസിന്.  പകുതിയില്ലാതായവന് പെൻഷനാവാൻ ഇനി മൂന്ന് മാസമേ ബാക്കിയുള്ളൂ..

 

കമ്പിക്കൂടിനുള്ളിൽ കണ്ണ് മിഴിച്ചിരിക്കുന്ന പഞ്ഞിക്കുട്ടനെ കൊച്ചാപ്പിയെന്ന് വിളിച്ചത് സൂപ്രണ്ട് സാറാണ്. ഇനി ഒറ്റയ്ക്കല്ലെന്നുള്ള ഓർമ്മ വേണം, നാല്പ്പത്തഞ്ച് ദിവസമേ പ്രായമുള്ളൂ... കുഞ്ഞുവാവയെപ്പോലെ നോക്കിക്കോണം എന്നൊക്കെ വത്സല പറയുമ്പോൾ ജയിംസിന്റെ  കണ്ണ് നിറയുന്നുണ്ട്. പാഴാക്കിക്കളഞ്ഞ പുതുജീവനാണ് തനിക്കിപ്പോൾ കിട്ടിയിരിക്കുന്നത്. കുഞ്ഞിപ്പല്ലുകൾക്കിടയിൽ വിരൽ വെച്ച് കൊടുക്കുമ്പോൾ സാവിയോയുടെ പിഞ്ചു മുഖം അയാൾക്കോർമ്മ വന്നു. ഇതൊക്കെ അവനും അന്ന് കൊതിച്ചിട്ടുണ്ടാകണം. കുഞ്ഞികൈകളും കാലുകളും വളരുന്നുണ്ടോയെന്ന് അളന്നു നോക്കുന്നവന്റെ മുഖത്ത് ഒരച്ഛന്റെ ആശങ്കയും ആകാംഷയുമുണ്ട്. മാസങ്ങൾക്കൊണ്ട് മുട്ടൻ പുരുഷനായവന്റെ കടികളൊക്കെ ഏതോ കടം വീട്ടുന്നത് പോലെ അയാൾ കൊള്ളുകയാണ്. സായാഹ്നങ്ങളിൽ സാവിയോയ്ക്കായി എൽസി തുന്നി വെച്ചിരുന്ന തൊപ്പികളും വെച്ചാണ് ആശാന്റെ സവാരി. പ്രാണൻ കൊടുത്തുള്ള ഈ പുന്നാരത്തിന് പന്ത്രണ്ട് വർഷമേ ആയുസ്സുള്ളൂവെന്ന് ഒപ്പം നടക്കാൻ വരാറുള്ള വർമ്മസാർ പറയുമ്പോൾ പ്രായം പെട്ടെന്ന് കൂടിയത് ജെയിംസിന്റെയാകുന്നു. പന്ത്രണ്ടാം വയസ്സിലാണ് തന്റെ സാവിയോ പറന്ന് പോയത്. കലണ്ടറിൽ നിന്നും കളങ്ങളൊക്കെ ഒരു ഭ്രാന്തനെപ്പോലെ  ഓരോ ദിവസവും അയാൾ വെട്ടി മാറ്റുകയാണ്. നഷ്ടപ്പെടുമെന്നുറപ്പുള്ള ഇഷ്ടങ്ങളാണെല്ലോ പലപ്പോഴും മനുഷ്യന്റെ സമനില  തെറ്റിക്കുന്നത്. കോപ്രായങ്ങൾ കണ്ട് കുടുകുടെ ചിരിക്കുന്ന കൊച്ചാപ്പിയോട് അയാൾക്കസൂയ തോന്നുന്നുണ്ട്,  ഒപ്പം വെറും നാല് വയസ്സ് മാത്രം പ്രായമുള്ളവന്റെ നാളെയെക്കുറിച്ച് ഉറക്കം കളയുന്ന തന്നെയോർത്ത് പരിഹാസവും... 

 

ചിലകാര്യങ്ങൾ അറിയാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിലും ആയുസ്സിന്റെ കാര്യമൊക്കെ തീരുമാനിക്കാൻ മനുഷ്യനാര്..?

 

English Summary: Countdown, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com