ADVERTISEMENT

ഒരു ക്ലെപ്‌റ്റോമാനിയ പുകില് (കഥ)

 

കാഞ്ചിമണിയൻ പതിവു പോലെ തന്റെ സാരിഭാണ്ഡവും താങ്ങി, നിറഞ്ഞ വയറിൽ നിന്നും വന്ന വലിയ ഏമ്പക്കത്തോടെ, പീടികമൂലയിൽ ബസ്സിറങ്ങി. മണിയൻ ഒരു തമിഴനാണ്. കച്ചവടത്തിന്റെ ഭാഗമായി പാലക്കാട് വന്നു താമസിക്കുന്നു. കാലങ്ങളായി സ്വന്തം നാടുവിട്ട് നിൽക്കുന്നതു കൊണ്ട് മലയാളം വെടിപ്പായി അറിയാമെങ്കിലും സംസാരത്തിൽ ഒരു തമിഴ് ചുവയുണ്ട് മണിയന്. കാതിലെ കടുക്കനും, ജുബ്ബയും, കസവുമുണ്ടും, നീട്ടി വരച്ച ചന്ദനക്കുറിയും അതിന്റെ നടുക്കുള്ള കുങ്കുമപൊട്ടുമെല്ലാം ഒറ്റ നോട്ടത്തിൽ കണ്ടാൽ ഏതോ ഒരു ഭാഗവതരാണെന്നേ തോന്നൂ. ഉന്തിയ രണ്ടു പല്ലും, തെറിച്ചു നിൽക്കുന്ന മുടിയും മാറ്റി നിർത്തിയാൽ സുന്ദരൻമാരുടെ കൂട്ടത്തിൽ പെടുത്താം.

 

വിശേഷിച്ച് കഴിവുകളുള്ള ആളൊന്നുമല്ലെങ്കിലും പെണ്ണുങ്ങളുടെ മന:ശാസ്ത്രത്തിൽ മിടുമിടുക്കനാണ് കേട്ടോ. എന്താണെല്ലേ പതുക്കെ പറയാം. ആഴ്ചയിൽ ഒരു ദിവസം തന്റെ ഭാണ്ഡത്തിൽ കൊണ്ടുവരുന്ന നെയ്ത്തു ശാലകളിൽ തിരിവ് വരുന്ന മിനുമിനുത്ത കാഞ്ചീപുരം പട്ടുസാരീ മടക്കുകളിൽ ഒളിപ്പിച്ച ചെറിയ പരദൂഷണങ്ങൾക്കും മണിയന് നല്ല വില തന്നെ കിട്ടിയിരുന്നു. എല്ലാം കൊണ്ടും സംതൃപ്തരായ നാട്ടുകാർ കാശു കൂടാതെ ചക്കയും, മാങ്ങയും, കപ്പയും മറ്റും നൽകുകയും ചെയ്തിരുന്നു.

 

പക്ഷേ, അന്ന് ആ ചന്ത ദിവസം എന്നത്തെയും പോലെ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. മണ്ണിയണ്ണൻ ബസ്സിറങ്ങിയപ്പോൾ ചന്തയുടെ സമീപത്ത് കണ്ടത് ഒരു ചെറിയ ആൾക്കൂട്ടമായിരുന്നു. അതും ഒരു സ്ത്രീജനക്കൂട്ടം തന്നെ. രാമൻ നായരുടെ ചായക്കടയുടെ മൂലയിലെ വാകമര ചോട്ടിൽ, സ്ത്രീജനങ്ങൾ ആരെയോ വളഞ്ഞിരിക്കുന്നു. സ്ത്രീകളുടെ കൂട്ടം കണ്ടപ്പോൾ കച്ചവടം ലക്ഷ്യമാക്കി ആകാംക്ഷയോടെ മണിയൻ അവിടേക്കു നടന്നു. 

നോക്കിയപ്പോഴല്ലേ കാണുന്നത് ഒരു മഹാപുകിലാണ് അവിടെ നടക്കുന്നത്. പ്രദേശത്തെ രണ്ടു വീരശൂര പരാക്രമികളായ സുന്ദരകുസുമങ്ങൾ തമ്മിലുള്ള വാക്പോര്. ഒന്ന് പ്ലാമൂട്ടിലെ കൊച്ചുത്രേസ്സ്യ കൊച്ചും, മറ്റേത് ചേമ്പിലമറ്റത്തെ മറിയാമ്മയും. നല്ല മേളം! ആരും അതിൽ ഇടപെടുന്നതോ സമാധാനിപ്പിക്കുന്നതോ കാണുന്നില്ല. 

 

ഒരു കാര്യം മണിയനു നേരത്തേ തന്നെ അറിയാം. പണ്ട് വളരെ സന്തോഷത്തോടെയും, സ്നേഹത്തോടെയും കഴിഞ്ഞിരുന്ന രണ്ട് കുടുംബങ്ങളായിരുന്നു അവരുടേത്. ഏകദേശം ഒരു വർഷമായി രണ്ടു കൂട്ടരും തമ്മിൽ വഴിത്തർക്കം സംബന്ധിച്ച വഴക്കു നടക്കുന്നതുകൊണ്ട്, ഇടക്ക് വഴിയിൽ വച്ചെങ്ങാനും മറിയാമ്മയും കൊച്ചുത്രേസ്സ്യയും പരസ്പരം കണ്ടുമുട്ടിയാൽ ഓക്കാനം വരുന്നതു പോലെയും മറ്റുമായി ഗോഷ്ടികൾ കാണിക്കുന്നത് മണിയൻ പലതവണ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ കവലയിൽ വച്ച് ഇങ്ങനെയൊരു പോര് നടത്താൻ മാത്രം എന്ത് പുകിലാണ് സംഭവിച്ചതെന്ന് മണിയന് പിടികിട്ടിയില്ല. മണിയൻ സൂത്രത്തിൽ നാട്ടിലെ ദൂരദർശൻ എന്ന വിളിപേര് സമ്പാദിച്ച് സദയം പ്രവർത്തിച്ചു പോരുന്ന ലില്ലിക്കുട്ടിയോട് തന്നെ വിളിച്ചു ചോദിച്ചു.

 

‘‘ലില്ലിയമ്മാ എന്ന പ്രച്ചനം?” 

ലില്ലിക്കുട്ടി പതിയെ പറഞ്ഞു: ‘‘അത് മണിയണ്ണാ.... കൊച്ചുത്രേസ്സ്യാകൊച്ചിന്റെ ഒരു കൊപ്പക്കാ ആരോ കട്ടു’’, അത് മറിയാമ്മയാന്നും പറഞ്ഞാ ഈ പുകില്. എന്നാ ചെയ്യാനാ?” ലില്ലിക്കുട്ടി പറഞ്ഞു നിറുത്തി.

 

മണിയൻ ആകെ ആശയകുഴപ്പത്തിലായി. ഒരു കൊപ്പക്കാ മോഷ്ടിച്ചതിന് ഇത്ര വലിയ കശപിശയോ? ഒന്നും പിടികിട്ടാത്ത ഭാവത്തിൽ വില്ല് പോലെ പുരികം വളച്ച് കണ്ണു വട്ടം പിടിച്ച് ലില്ലിക്കുട്ടിയെ ചായക്കടയുടെ ചായ്പിന്റെ അടുത്തേക്ക് വിളിച്ച് മണിയൻ കാര്യങ്ങൾ വിശദമായി ചോദിച്ചു.

 

ലില്ലിക്കുട്ടി സന്തോഷത്തോടെ മനസ്സ് തുറന്നു: “മണിയണ്ണാ... കാര്യം കൊപ്പക്കായാണെങ്കിലും കൊച്ചുത്രേസ്സ്യാ കൊച്ച് പൊന്നുപോലെ നോക്കിയതല്യേ അത് നെ. അപ്പം അയ്ന്റെ ദണ്ണം കാണില്ലായോ.... കേക്കണേ... കോയമ്പത്തേര് കല്യാണത്തിന് പോയേച്ചും വന്നപ്പോ കൊണ്ടന്നതാ... ഒരു ചക്കപ്പയത്തിന്റെ അത്ര വലുപ്പൊള്ള കൊപ്പക്കാ. നെയ്ക്കും കിട്ടിയേ അലുവാ പോലൊരു കശണം. എന്നാ രൂചിയാർന്നെന്നോ അത് ന്. എന്റെ പൊന്നുതമ്പുരാന്നേ.... പറയ്യാനൊക്കണില്ല... നല്ല തേൻ മുട്ടായീടെ മധുരാർന്ന്....’’ അത് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ലില്ലിക്കുട്ടിയുടെ വായിലെ കൊതി വെള്ളം തന്റെ കവിളിൽ തെറിച്ചത് പോലും അറിയാതെ മണിയനും ആ കൊപ്പക്കാ കഷ്ണത്തിന്റെ മധുരം ഒരു നിമിഷത്തേക്ക് ലില്ലിക്കുട്ടിയുടെ വാക്കുകളിൽ നിന്നു നുണഞ്ഞു.

 

ലില്ലിക്കുട്ടി വീണ്ടും നിർത്താതെ വാചക കസർത്തു തുടർന്നു. “രസോള്ള കാര്യം വേറൊണ്ടെന്നേ... ആ ചക്കപ്പോലുള്ള കൊപ്പക്കായിൽ എത്ര കുരു ഉണ്ടാർന്നെന്നോ... നാലു കുരു.... എന്നിട്ടോ... ഒന്നിനേ സൗകര്യപ്പെട്ടുള്ളൂന്നേ മുളക്കാനും, മരാവാനും. അയ്ന്റെതാണിപ്പം ആരോ... കൊച്ചുത്രേസ്സ്യാ കൊച്ച് ഇതൊക്കെ എങ്ങനെ സഹിക്കാനാന്നേ... നെയ്ക്ക് ഇത്രേ അറിയൂന്നേ. എന്നെക്കാ മുന്നേ ഇവിടുണ്ടാർന്നേ കുഞ്ഞോളാ......”

 

ലില്ലിക്കുട്ടി നീട്ടി പറഞ്ഞു: “പിന്നേ.... ഒന്നൂടി കേക്കണ്ട് മണിയണ്ണാ... കൊപ്പക്കാ കട്ടോര് കൊപ്പ മരത്തിനും അന്ത്യകൂദാശ ചൊല്ലിയേച്ചും പോയി എന്നാ നാട്ടാര് പറേണത്. എനിക്കറിയാൻ മേലാ...’’

 

എല്ലാം കേട്ട് കഴിഞ്ഞ മണിയൻ ലില്ലിക്കുട്ടിയോട് ഒന്നും പറയാതെ ആൾക്കൂട്ടത്തിനുള്ളിലെ വഴക്കിലേക്കു കയറിപ്പറ്റി. ഇടപ്പെട്ടാൽ തനിക്ക് അത് കച്ചവടത്തിൽ ഗുണം ചെയ്യുമെന്ന് മനസ്സിൽ കണക്കുകൂട്ടി തന്നായിരുന്നു മണിയൻ ആ പോരിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയത്.

 

ചുറ്റുമുള്ള സ്ത്രീകളെല്ലാം മണിയനെ കണ്ട് അമ്പരന്നു. മണിയൻ തെല്ലുപോലും കൂസലില്ലാതെ പോരാളികളോടു പറഞ്ഞു.

“എനക്ക് നിങ്കടെ പ്രച്ചനം തെരിയും. നിശ്‌ചയമാ നാനേ സമാധാനം സെയ്തുതരുവേ.....” പറഞ്ഞു തീരും മുൻപേ മറിയാമ്മ ഇടക്ക് കയറി പറഞ്ഞു. “എന്റെ പിതാവേ... ഞാനൊന്നും അറിഞ്ഞതല്ല. ഞാനാരടതും ഒന്നും കട്ടിട്ടുമില്ല. ഈയൊട്ടു കക്കത്തുമില്ല. ഇവളളുമ്മാര് വെറുതേ പറയണേയാണ്. അതിയാനാണേ.... പുള്ളേരാണേ എനിക്കൊന്നുമറിയാൻമേലാ. ഞമ്മടെ കുടുബത്തൂന്നും കപ്പയും, കിഴങ്ങും, കൊലയുമെല്ലാം കളവു പോണണ്ട്.” മറിയാമ്മ ഇതു പറഞ്ഞതും ആൾക്കൂട്ടത്തിൽ നിന്നും അന്നാമ്മയും, സൂസന്നായും മുന്നോട്ട് വന്നു പറഞ്ഞു: “ഞങ്ങളടതും പോകണണ്ട് മണിയണ്ണാ തേങ്ങായും, കൊതുമ്പും, കപ്പയുമെല്ലാം.” 

 

അപ്പോഴേക്കും കൊച്ചുത്രേസ്സ്യാ കൊച്ച് ചൊടിച്ച് പറഞ്ഞു: “കള്ളം! പച്ച കള്ളം ! ഇതവള് തന്നാ... മറിയാമ്മ. എനിക്കറിയാൻ മേലേ...” ത്രേസ്സ്യാമ്മ മറിയാമ്മയോട് കണ്ണുരുട്ടി പറഞ്ഞു: “നീ വല്ലാതെ അങ്ങ് മറിയല്ലേ മറിയാമ്മേ... ഇതിനൊരു സമാധാനം പറയാതെ ആരും വീട്ടിലേക്ക് ഇന്ന് പോവണില്ല” എന്നും പറഞ്ഞ് വാകമരചോട്ടിൽ ഇരിപ്പായി കൊച്ചുത്രേസ്സ്യാ.

 

കേട്ടറിഞ്ഞതിനേക്കാൾ പ്രശ്നം ഗൗരവമുള്ളതായി മണിയന് മനസ്സിലായി. ചന്തയിലെ മീനിലും, പന്നിയിറച്ചിലും, മാട്ടിറച്ചിയിലും ഈച്ചകൾ പൊതിഞ്ഞു. ചന്തയിലേക്ക് വന്ന കൂടുതൽ ആളുകൾ മരച്ചുവട്ടിലെ ലഹളയിലേക്ക് നീങ്ങി. മണിയൻ കയ്യിലെ ഭാണ്‌ഡം താഴെ വച്ച് എല്ലാ പരാതികളും കൂടി മനസ്സിൽ ഇട്ട് കുഴച്ചു മറിച്ചു. പെട്ടെന്നാണ് മണിയന് മറ്റൊരു കാര്യം ഓർമ്മയിൽ വന്നത്. ഒരിക്കൽ മണിയൻ മേരിക്കുട്ടിയുടെ വീട്ടിൽ സാരിവിൽപന കഴിഞ്ഞ് വന്നപ്പോൾ എണ്ണത്തിൽ ഒരു സാരിയുടെ കുറവുണ്ടായിരുന്നതായി മണിയന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. ദൈവഹിതം പോലെ നഷ്ടപ്പെട്ട സാരിയുടുത്ത് മേരിക്കുട്ടി പിന്നീട് മണിയന് മുമ്പിൽ മാലാഖയെന്നോണം അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു. അന്ന് മണിയൻ ചോദിച്ചപ്പോൾ കടയിൽ നിന്നും വാങ്ങിയെന്നും പറഞ്ഞ് തടിതപ്പി. പക്ഷേ മണിയനത് നിശ്ചയമായും സ്വന്തം ഭാണ്‌ഡത്തിലേതാണെന്ന് മനസ്സിലായി. തെളിവില്ലാത്തതിനാലും, താരതമ്യേന കുടുംബമഹിമയുള്ളതുകൊണ്ടും, മേരിക്കുട്ടിയോട് കൂടുതലൊന്നും ചോദിക്കാൻ നിവൃത്തിയില്ലാതെ മണിയന് നിരാശനായി തിരിച്ചുപോകേണ്ടി വന്നു. 

 

പിന്നീടും പലയിടത്തും  സംശയകരമായ സാഹചര്യങ്ങളിൽ മേരിക്കുട്ടിയെ മണിയൻ കാണുകയുണ്ടായി. ഒട്ടും വൈകാതെ മണിയന്റെ സംശയകണ്ണുകൾ ആൾക്കൂട്ടത്തിൽ മേരിക്കുട്ടിയെ പരതി. ഇല്ല.. ഇവിടെയെങ്ങുമില്ല. രണ്ടു ചുവട് മുന്നോട്ടു നടന്നു കഴുത്തുനീട്ടി ചന്തയിലൂടെ കണ്ണോടിച്ചു. അപ്പോഴാണ് മേരിക്കുട്ടിയുടെ മകൻ ലാസർ കൂട്ടുകാരോടൊത്ത് ഗോട്ടി കളിക്കുന്നത് മണിയന്റെ ശ്രദ്ധയിൽ പെട്ടത്. മണിയൻ വളരെ സ്നേഹത്തോടെ കുട്ടിയെ അടുത്തേക്ക് വിളിച്ചു ചോദിച്ചു.

 

‘‘ലാശറേ... ഇങ്കവാ... ഇന്നലെ മേരിയമ്മാവുക്ക് നാങ്കളൊരു ചക്ക മാതിരിയൊരു കൊപ്പക്കാ കൊടുത്തിരുന്നു. യെന്ന കണ്ണേ.... സാപ്പിട്ടാച്ചാ...... നല്ലായിറ്ക്കാ?.”

 

ലാസർ സന്തോഷത്തോടെ പറഞ്ഞു: “മണിയണ്ണാ അത് മണിയണ്ണൻ കൊടുത്തതാർന്നാ... നല്ല തേൻ പോലത്തെ കൊപ്പക്കാർന്ന്... ഇത്ര മധുരോള്ളത് ഇതുവരെ ഞാൻ തിന്നില്ലാർന്ന്...” 

 

ലാസർ പറഞ്ഞു തീർന്നതും ചന്തയിലുള്ളവരും, മണിയനും, പറക്കുന്ന കാക്കയും, മീൻ തിന്നുന്ന പൂച്ചയും, ഓടുന്ന നായയും ഒരു നിമിഷത്തേക്ക് സ്തംബന്ധരായി. ഒരു ചെറിയ കാറ്റു  വീശീയെങ്കിലും കുലുക്കമില്ലാതെ ഇലകളെല്ലാം അതിനോട് സഹകരിച്ചു നിന്നു.

അപ്പോഴേക്കും ആ നിശബ്ദതയെ വെല്ലുവിളിച്ചു കൊണ്ട് ഒരു കരിങ്കൽ ലോറി കട കട ശബ്ദം മുഴക്കി വിജയാരവത്തോടെ ചെമ്മണ്ണിൻ പൊടി തൂവി കടന്നുപോയപ്പോൾ മണിയന്റെ മുഖം ആ ധൂമപടലങ്ങൾക്കിടയിൽ അന്തിവെയിൽനാളമേറ്റ് മുഴുത്ത ഒരു കൊപ്പക്കാ കണക്കെ ചുവന്നു തിളങ്ങി.

 

English Summary: Oru Kleptomania Pukilu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com