‘‘പരേതനു മതമില്ല, പൊതുശ്മശാനത്തിൽ സംസ്കരിക്കും, സ്വർണ്ണ പല്ലുകൾ സർക്കാറിലേക്ക് കണ്ടു കെട്ടും’’

dead-body
പ്രതീകാത്മക ചിത്രം, Photo Credit : Fer Gregory / Shutterstock.com
SHARE

ഇഹ്വാഹിന്റെ മതം (കഥ)

കൈതോലമേഞ്ഞ ഒറ്റമുറിചായ്‌പ്പിൽ വാപിളർന്ന് മലർന്നു കിടക്കുകയാണ് ഇഹ്വാഹ്‌, സൂര്യൻ കിഴക്കുദിച്ച് ആദ്യം ഊർന്നിറങ്ങുന്നത് സുഷിരപൂരിതമായ ഇഹ്വാഹിന്റെ ചായ്പ്പിലേക്കാണ്, സൂര്യന് മാത്രമല്ല പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങൾക്കും നിർബാധം കയറിച്ചെല്ലാവുന്ന ഇടമാണ് ഇഹ്വാഹിന്റെ ചായ്പ്പ്. അങ്ങനെയൊക്കെ ആണെങ്കിലും ആരും ഇഹ്വാഹിനെ തേടി അവിടെ പോകാറില്ല, ഒഴിഞ്ഞ ഒരു മൊട്ടക്കുന്നിൽ തെക്കേ അറ്റത്താണ് ഇഹ്വാഹിന്റെ ചായ്പ്പ്.

ഒഴിഞ്ഞ സ്ഥലത്ത് വൈകുന്നേരങ്ങളിൽ കുട്ടികൾ ക്രിക്കറ്റ്‌ കളിക്കാൻ വരും, ഒരു ദിവസം കുട്ടി സച്ചിൻ അടിച്ച സിക്സറിൽ ടെന്നീസ് ബോൾ ചെന്ന് പതിച്ചത് ഇഹ്വാഹിന്റെ കൈതോല മേൽക്കൂരക്ക് ഒരു സുഷിരം കൂടി നൽകി. ഗ്രൗണ്ടിൽ സച്ചിനും ഗാംഗുലിയും ദ്രാവിഡും എല്ലാം ഇഹ്വാഹ് തിരിച്ചെറിയുന്ന പന്തിനായി കാത്തിരുന്നു.

അസാധാരണമായ താമസം നേരിട്ടപ്പോൾ ഫീൽഡ് നിന്ന ചെക്കൻ ഇഹ്വാഹിന്റെ ചയ്പിലേക്ക് പാഞ്ഞു. വെൺ ചിതലുകൾ പാതിയാക്കിയ വാതിലിന്റെ ഇടയിലൂടെ അവൻ ചരിഞ്ഞു കയറി, പന്ത് തിരയാൻ തുടങ്ങി, ആർഭാട വസ്തുവായി അവിടെ ആകെ ഉള്ളത് ഇഹ്വാഹും ഒരു പുൽപ്പായയും പിന്നെ പനങ്കള്ളു നിറച്ച ഒരു കന്നാസും, പന്ത് കണ്ടുപിടിക്കാൻ വലിയ പ്രയാസമൊന്നുമില്ല, പക്ഷേ പന്ത് താഴെ എങ്ങും കാണാൻ ഇല്ല മുകളിൽ തന്നെ തങ്ങി ഇരിപ്പുണ്ടാവും, ചെക്കൻ മുകളിലേക്ക് നോക്കി പന്ത് മുളങ്കഴുക്കോലിൽ തങ്ങി ഇരിപ്പുണ്ട്.

പക്ഷേ ആ നിൽപ്പിൽ ചെക്കൻ ഒരു കാര്യം ശ്രദ്ധിച്ചു രൂക്ഷമായ ദുർഗന്ധം അകത്ത് തളംകെട്ടി നിൽപ്പുണ്ട്, അവൻ ഇഹ്വാഹിനെ സൂക്ഷിച്ചു നോക്കി, മലർന്നു കിടക്കുന്ന ഇഹ്വാഹിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും വെളുത്ത പുഴുക്കൾ നുരയ്ക്കുന്നു. ഭയന്നു വിറച്ച് ചെക്കൻ ഓടിച്ചെന്ന്‌ ടീമിനോട് കാര്യം പറഞ്ഞു.

നാട്ടുകാർ കൂടി, പോലീസുകാർ വന്നു, പത്രക്കാർ വന്നു, പോസ്റ്റ്മോർട്ടം നടന്നു, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ സഹായി പുറത്തുവന്നു കൂടി നിന്ന ജനങ്ങളോടായി പറഞ്ഞു, ‘‘ഇഹ്വാഹിന്റെ പ്രേതം സ്വീകരിക്കാൻ ആരെങ്കിലുമുണ്ടോ? ഒരു കൈ പോലും ഉയർന്നുകണ്ടില്ല സഹായി വീണ്ടും തുടർന്നു ‘‘ഇഹ്വാഹിന്റെ ചില സാധനങ്ങൾ ഉണ്ട്, വസ്ത്രം, ചെരുപ്പ് പിന്നെ!!!’’ ആ പിന്നെ കേട്ടപ്പോൾ, ചുറ്റുപാടും വളരെ നിശ്ചലമായി, നിശബ്ദമായി... എല്ലാ ചെവികളും ‘പിന്നെ’യുടെ പിന്നാലെ വരുന്നത് എന്താണെന്ന് കാത്തിരുന്നു. ‘‘പിന്നെ!!! രണ്ടു സ്വർണ്ണ പല്ലുകൾ, അതോടെ ചില കൈകൾ ഉയർന്നുവരാൻ തുടങ്ങി ഇഹ്വാഹിന് ബന്ധു ബലം കൂടി വരാൻ തുടങ്ങി.’’

മോർച്ചറി അറ്റൻഡർ വീണ്ടും തുടർന്നു വീണ്ടും നിശബ്ദം ‘‘ ഈ മരണപ്പെട്ടയാളുടെ യഥാർത്ഥ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ തെളിവുമായി വന്നാൽ ബോഡിയും സാധനങ്ങളും കൈപ്പറ്റാം!’’ ‘മറ്റു ചില സാധനങ്ങൾ കൂടി ഉണ്ട് ഒരു കുരിശുമാല’, അത് കേട്ടപ്പോൾ വിജയിച്ച ഭാവത്തോടെ ചിലർ വിളിച്ചുപറഞ്ഞു. ഇത് നമ്മുടെ ഇഹ്വാഹ് ആന്റണിയുടെ ബോഡിയാണ്, ഇത് ഞങ്ങളിൽ പെട്ടവൻ തന്നെ. പക്ഷേ അറ്റൻഡർ തുടർന്നു ‘‘പിന്നെ ഒരു നമസ്കാര തൊപ്പി’’, അവിടെ ചിലർ വിളിച്ചു പറഞ്ഞു ‘‘ ഇത് ഇഹ്വാഹലിയുടെ മയ്യത്ത് ആണ്’’ വളരെ ആധികാരികമായിട്ടുള്ള അധികാരം പറച്ചിൽ. അറ്റൻഡർ വീണ്ടും തുടർന്നു വീണ്ടും നിശബ്ദം

‘‘പിന്നെ ഒരു രുദ്രാക്ഷ മാലയും,’’ അവിടെ ഒരു ഇഹ്വാഹ് ശേഖറും പിറന്നു...

പിന്നെ അവിടെ കൂട്ട അടിയായി, അടി എന്ന് പറഞ്ഞാൽ ജോറായി അടി നടന്നു, അധികാരികൾ ഇടപെട്ടു, മത, സാമൂഹിക, സാംസ്കാരിക നേതാക്കൾ ഇടപെട്ടു, രാഷ്ട്രീയ വിഷയമായി, അവസാനം കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനമായി.

മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു ‘‘ഇഹ്വാഹുവിനു മതമില്ല, ജഡം പൊതുശ്മശാനത്തിൽ സംസ്കരിക്കും, സ്വർണ്ണ പല്ലുകളും, വസ്തുവകകളും സർക്കാറിലേക്ക് കണ്ടു കെട്ടും.’’

വാൽകഷ്ണം: രണ്ടും കറ പിടിച്ച അണപ്പല്ലുകൾ ആയിരുന്നതുകൊണ്ടാവാം ജീവിച്ചിരുന്നപ്പോൾ ഇഹ്വാഹിന് ഇത്രയധികം ബന്ധു ബലം കിട്ടാതിരുന്നത്.

സ്വർണ്ണ പല്ലുകൾക്ക് ബന്ധു ബലം!!!

ജഡത്തിനു മതം!!!.

ഇഹ്വാഹിന്റെ മതം ഇന്നും അജ്ഞാതം.

English Summary: Ihwahinte Matham, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;