ADVERTISEMENT

ബ്ലഡ്‌ ബാങ്കിലെ മാലാഖ (കഥ) 

 

ഒരുപാട് നാളുകൾക്ക് ശേഷം റോഷൻ രക്‌തദാനത്തിനായി ആശുപതിയിലേക്ക് ഇറങ്ങി. കൊറോണ കാലമായതിനാൽ രക്തം ദാനം ചെയ്യാൻ പലർക്കും ഭയമുണ്ടായിരുന്നു. റോഷനും ഉള്ളിൽ ഭയമുണ്ടായിരുന്നിട്ടും അതൊന്നും പുറത്ത് കാണിക്കാതെ ആശുപത്രി വരാന്തയിലൂടെ നടന്നു. ലബോറട്ടറിയിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം താൻ  ഏറെ പേടിച്ച കൊറോണ പരിശോധനക്കായി പ്ലാസ്റ്റിക്ക് വസ്ത്രം ധരിച്ച പേടിപ്പെടുത്തുന്ന ഒരു രൂപത്തോടൊപ്പം നടന്നു. സ്രവം എടുക്കാനുള്ള പ്ലാസ്റ്റിക് സൂചി പോലെ ഒരു വസ്തു മൂക്കിലെ ദ്വാരത്തിലേക്ക് കയറ്റിയപ്പോൾ തലയിൽ മിന്നൽപിണർ പതിച്ചത് പോലെ റോഷന് തോന്നി. സ്രവം എടുക്കുന്ന ചടങ്ങിന് ശേഷം പ്ലാസ്റ്റിക്ക് വസ്ത്രത്തിനുള്ളിലെ രൂപത്തെയും ആശുപത്രിയിലേക്ക് വന്ന നിമിഷത്തെയും ഒരേപോലെ ശപിച്ചു കൊണ്ട് റോഷൻ വെളിയിലേക്ക് ഇറങ്ങി. 

      

‘‘വരൂ ബ്ലഡ്‌ ബാങ്കിലേക്ക് പോകാം’’ എന്ന വിളി കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. രക്ത ബാങ്കിലേക്ക് റോഷനെ ആനയിക്കാൻ വെളുത്ത വസ്ത്രം ധരിച്ച ഒരു മാലാഖയും ഉണ്ടായിരുന്നു. സൂചി മൂക്കിലേക്ക് കയറ്റിയപ്പോൾ ഉണ്ടായ വേദനയുടെ ബാക്കിയെന്നോണം തലയിൽ വേദന നിന്നിരുന്നു. കൂടെ അകമ്പടിക്ക് വന്ന നേഴ്സ് ഇടയ്ക്ക് റോഷനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയിൽ നിന്നും റോഷന്  മനസിലായി പ്ലാസ്റ്റിക് വസ്ത്രത്തിൽ താൻ കണ്ട ആ രൂപമാണ് വെളുത്ത വസ്ത്രം ധരിച്ചു കൂടെ നടക്കുന്നത് എന്ന്. മനസ്സിൽ അല്പം നീരസം തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ റോഷൻ നടന്നു. ശീതികരിച്ച മുറിയിലെ വളഞ്ഞ കട്ടിലിൽ കിടന്നു തന്റെ കയ്യിലേക്ക് സൂചി കയറ്റുന്നത് അല്പം വേദനയോടെ റോഷൻ  അറിഞ്ഞു. തനിക്ക് അവകാശപ്പെട്ട രക്തം വേറെ ആർക്കോ വേണ്ടി തന്റെ ശരീരത്തിൽ നിന്നും ഊറ്റിയെടുക്കുന്നു. 

 

രക്തം എടുക്കുന്ന നേഴ്സ്മാരോട് റോഷന് പൊതുവെ ദേഷ്യം ആണ്. കാരണം ഇത് വരെ കണ്ടതിൽ ഏറ്റവും വലിയ സൂചിയാണ് ഒരു മയവും ഇല്ലാതെ കയ്യിൽ കുത്തികയറ്റുന്നത്. ഇടയ്ക്ക് എന്തോ ഓർത്തു ചിരിക്കുന്ന നേഴ്സിനോട് റോഷൻ അല്പം ദേഷ്യത്തോടെ ചോദിച്ചു ‘‘എന്താണ് ഇത്ര ചിരിക്കാൻ?’’. തിരിച്ചു വളരെ സൗമ്യമായി നേഴ്സ് പറഞ്ഞു ‘‘സ്രവം എടുത്തപ്പോൾ ഇയാളുടെ മുഖത്തു മാറി മറിഞ്ഞ ഭാവങ്ങൾ ഞാൻ ഓർക്കുകയായിരുന്നു എന്ന്.’’

 

മറിച്ചൊന്നും പറയാൻ അവസരം കൊടുക്കാതെ നേഴ്സ് റോഷനോട് മുഖത്ത് നിന്നും മാസ്ക് മാറ്റിക്കോളാൻ പറഞ്ഞു. കൂട്ടിൽ കിടന്ന കിളിയെ അഴിച്ചു വിട്ട സന്തോഷമായിരുന്നു അത് കേട്ടപ്പോൾ. റോഷൻ മാസ്കിനൊപ്പം തന്റെ നീരസവും അഴിച്ചു മാറ്റി പതിയെ നേഴ്സിനോട് സംസാരിച്ചു. വിവാഹപ്രായമായ റോഷന് വളരെ സൗമ്യമായി ഇടപെട്ട നേഴ്സിനോട് ചെറിയ ഒരു ഇഷ്ടം ഉടലെടുത്തു. നേഴ്സിന്റെ പേരും മറ്റു വിവരങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ റോഷൻ ചോദിച്ചു മനസിലാക്കി. ഒരുപാട് സംസാരിച്ചെങ്കിലും റോഷന്റെ മനസ്സിൽ ഒരു വിഷമം നിന്നിരുന്നു. ‘‘മാസ്ക് ഇല്ലാതെ ആ മുഖം ഒന്ന് കാണണം.’’ 

 

റോഷന്റെ മനസ്സിലെ ആഗ്രഹം അവൾക്ക് മനസിലായില്ലെങ്കിലും മുഖത്തു ഇരുന്ന മാസ്കിനു മനസിലായി എന്നോണം മാസ്കിന്റെ വള്ളി ഒന്ന് പൊട്ടി. പെട്ടന്ന് കണ്ട ആ മുഖം റോഷന്റെ മനസ്സിൽ നിറഞ്ഞു. നിറയെ തമാശകൾ പറഞ്ഞു കുറച്ചു സമയം കൊണ്ട് റോഷൻ നേഴ്‌സിനെ കയ്യിൽ എടുത്തു. റോഷന്റെ സന്തോഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് രക്തം നിറക്കുന്ന ബാഗ് വെച്ചിരുന്ന ത്രാസിൽ നിന്നും ബീപ്പ് ബീപ്പ് ശബ്ദം ഉയർന്നു. വേണമെങ്കിൽ കുറച്ചു രക്തം കൂടി എടുത്തോളൂ എന്ന് പറയാൻ റോഷന്  തോന്നി. തന്റെ മനസ്സിലെ ചിന്തകൾക്ക് മറുപടിയായി ഇത്രയും നേരം ചിരിപ്പിച്ചതിനു നന്ദി എന്ന് പറഞ്ഞു കൊണ്ട് നേഴ്‌സ് ചെറിയ ഒരു ഫ്രൂട്ടി റോഷന് കുടിക്കാൻ നൽകി. 

 

ബ്ലഡ് ബാങ്കിലെ ചടങ്ങുകൾക്ക് ശേഷം തിരികെ ഡ്യൂട്ടി റൂമിലേക്ക് കയറുമ്പോൾ നേഴ്‌സ് റോഷനോട് പറഞ്ഞു ‘‘ഇടക്ക് രക്തം നൽകുന്നത് വളരെ നല്ലതാണ്.’’ ഉറപ്പായും വരും എന്ന അർഥത്തിൽ ഒരു ചിരി പാസ്സാക്കി റോഷൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു...

 

English Summary: Blood Bankile Malakha, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com