ADVERTISEMENT

കരിനീല കാക്കപ്പുള്ളി ! (കഥ)

 

‘‘ആൻസിമ്മേ.. നമ്മടെ മനസ്സിന് ഇണങ്ങിയ ആളെ എങ്ങിനെയാ തിരിച്ചറിയാ..?’’

 

‘‘എന്തോന്നാ..!’’

 

അടുക്കളപ്പുറത്തിരുന്ന് മത്തി വെട്ടി ശരിയാക്കുന്നതിനൊപ്പം തല പൊക്കി നോക്കാതെ തന്നെ അമ്മ നെറ്റിചുളിച്ചു.

 

‘‘ഇന്നത്തെ കുർബാനക്കിടെ ലിസിയേച്ചി പറേണ കേട്ടാർന്നല്ലോ.. നമ്മടെ സിസിലി ആന്റീടത്തെ ചേച്ചി കെട്ടാതെ നിക്കുന്നത് മനസ്സിനിണങ്ങിയ ആളെ കിട്ടാഞ്ഞിട്ടാന്ന്..’’

 

‘‘മറിയക്കൊച്ചേ.. കുഞ്ഞുവായിൽ വലിയ വർത്താനം പറച്ചില് നിനക്കല്ലേലേ കൂടുതലാ... അതെങ്ങനാ അപ്പനെ കണ്ടല്ലേ പഠിക്കണേ..!’’

 

ഇനി അവിടെ നിന്നാലും തന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടില്ലാന്ന് മാത്രല്ല.. രാവിലത്തെ വഴക്കിന്റെ ബാക്കി അപ്പനോട് പറയാൻ പറ്റാത്ത ചീത്ത കൂടി താൻ കേൾക്കേണ്ടി വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നത് കൊണ്ടും അവൾ ആ ശ്രമം അവിടെ ഉപേക്ഷിച്ചു.

 

‘‘എന്റീശോയേ.. എന്റെ മനസ്സിനിണങ്ങിയ ആളെ ഞാനെങ്ങനാ തിരിച്ചറിയാ..!’’

 

അന്നു മുതൽ മറിയ കൊച്ചിന്റെ ചിന്താഭാരത്തിന്റെ പാതിയും.. ഉറക്കത്തിന്റെ മുക്കാലും സ്വപ്നങ്ങളുടെ ആകെത്തുകയും ആ മനസ്സിനിണങ്ങിയ ആൾ ഏറ്റെടുത്തു...

അങ്ങനൊരു ദിവസം രാത്രി കുരിശു വരച്ച് കിടക്കാൻ തുടങ്ങുമ്പോഴാണ് മറിയക്കൊച്ചിന്റെ മനസ്സിലേക്ക്  സിമിച്ചേച്ചി പത്താംതരം ജയിച്ചതിന്റെ വക മധുരോം കൊണ്ട് വന്ന വഴി കുഞ്ഞാന്റി അമ്മയോട് പറഞ്ഞ കാര്യം ഓർമ്മവന്നത്..

 

‘‘ആൻസിയേ.. ഇവള് തോക്കുമെന്ന് തന്നാരുന്ന് ഞങ്ങളുടെ ഒരിത്.. പിന്നെ ഒക്കെ മ്മടെ അൽഫോൻസാമ്മയുടെ മദ്ധ്യസ്ഥ പ്രാർത്ഥനേടെ ശക്തിയാ..!’’

 

പിന്നെയൊട്ടും വൈകിയില്ല. വേദപാഠപുസ്തകത്തിന്റെ ഇടയിൽ നിന്നും കഴിഞ്ഞ തവണ ധ്യാനത്തിന് പോയപ്പോ ജോസച്ചൻ കൊടുത്ത പ്രാർത്ഥന തപ്പിയെടുക്കേണ്ട താമസം..

 

‘‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായി ഞങ്ങളുടെ ഹൃദയങ്ങളിൽ നിരന്തരം വസിക്കുന്ന ത്രീയേക ദൈവമേ................

.................................................

വി. അൽഫോൻസായുടെ സുകൃത യോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളും പ്രത്യേകിച്ച് (മനസ്സിനിണങ്ങിയ ആളെ തിരിച്ചറിയാനുള്ള ആഗ്രഹം) സാധിച്ചുതന്ന് അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.. എന്നേക്കും..

ആമ്മേൻ.!’’

 

പ്രാർത്ഥനയുടെ ശക്തിയോ വിശ്വാസത്തിന്റെ ബലമോ ആഗ്രഹത്തിന്റെ വെപ്രാളമോ... എന്തു തന്നെയായാലും അന്ന് രാത്രി മറിയക്കൊച്ചിന്റെ സ്വപ്നത്തിൽ വന്ന് ഈശോ പറഞ്ഞത്രേ..

 

‘‘മറിയകൊച്ചേ.. നിന്റെ മനസ്സിനിണങ്ങിയ ആൾക്ക് ഇടം നെഞ്ചിലൊരു കാക്കപ്പുളിയുണ്ട്.. കരിനീല കാക്കപ്പുള്ളി.!’’

 

മറിയക്കൊച്ച് വളർന്നു.. അവളോടൊപ്പം ഇടനെഞ്ചിൽ കരിനീല കാക്കപ്പുള്ളിയുള്ള ആളെക്കുറിച്ചുള്ള സ്വപ്നങ്ങളും..

പ്ലസ്ടു തോറ്റ് കാരണവന്മാരുടെയും അയൽക്കൂട്ടം ചേച്ചിമാരുടെയും കണ്ണിൽ മറിയക്കൊച്ച് പുരനിറഞ്ഞ് നിൽക്കുമ്പോഴായിരുന്നു ജോപ്പന്റെ വരവ്.!

അമ്മേടെ ഭാഷയിൽ പറഞ്ഞാൽ അപ്പന്റെ ചങ്കും കരളും ശ്വാസകോശവുമൊക്കെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന കാലമാടൻ വർഗീസിന്റെ ഇളയത് !

 

‘‘എടീ മറിയേ.. നീയങ്ങ് തടിച്ച് വീർത്തല്ലോ.. പ്ലസ് ടു തോറ്റ് വീട്ടിലിരുന്ന് തീറ്റി തന്നാല്ലേ?!’’

 

‘‘അതേടാ.. നിന്റെ അപ്പനൊണ്ടാക്കിയ മൊതല്ലാന്നും അല്ലല്ലോ ഞാൻ തിന്നുന്നേ.. പിന്നെ നിനക്കെന്നാ’’

 

എന്നൊക്കെ തിരിച്ചു ചോദിക്കണമെന്ന് അതിയായ മോഹമുണ്ടായിട്ടും അളിഞ്ഞ, ചമ്മിയ ചിരി പോലെ ഒന്നു മാത്രമാണ് പുറത്തേക്ക് വന്നത് !

 

‘‘ഇന്നാ. ഇതങ്ങോട്ട് വച്ചേക്ക്.. കുടംപുളിയിട്ട് വക്കാൻ പറഞ്ഞ് തന്നതാ.’’

 

‘‘ആര്?’’

 

‘‘നിന്റെ അപ്പൻ!’’

 

തിരിഞ്ഞു നടക്കുന്നതിനിടയിൽ മുറക്കാൻ കറപിടിച്ച കീഴ്ചുണ്ടു കടിച്ചു പിടിച്ച് കൊണ്ട് അയാൾ മറിയക്കൊച്ചിനെ നോക്കി കണ്ണിറുക്കി..

 

‘‘ച്ഛെ! വൃത്തികെട്ടവൻ.!’’

 

ദിവസം തോറും അപ്പന് ആസ്മയുടെ വലി കൂടി കൂടി വന്നു.. കൂട്ടുകൂടിയുള്ള കള്ളുകുടിയും പുകവലിയും തെല്ലും കുറഞ്ഞതുമില്ല.. ഒടുവിൽ അമ്മയടക്കം എല്ലാവരും അപ്പന്റെ എല്ലാവിധ ദുശ്ശീലങ്ങൾക്കുമുള്ള മൂലകാരണം നാട്ടുകാരുടെ കണ്ണിൽ പുര നിറഞ്ഞു നിൽക്കുന്ന മറിയക്കൊച്ചിന്റെ തലയിലേക്ക് കെട്ടിവച്ച് കൊടുത്തു! എല്ലാവരുടെയും പക്കൽ ഒരേയൊരു പരിഹാരം..

മറിയക്കൊച്ചിനെ കെട്ടിച്ചു വിടണം..!

 

‘‘എടീ മറിയേ.. നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടാ..?’’

 

‘‘അത്.. ഇല്ല അപ്പാ ..’’

 

‘‘ആ.. അതാണ്! അല്ലേലും എനിക്കറിയാ.. നീ അപ്പന്റെ പൊന്നുമറിയ അല്യോടീ..’’

 

അപ്പൻ മുന്നിലിരുന്ന ചാരായക്കുപ്പി ബാക്കി കൂടി ഊറ്റിക്കുടിച്ച് നീളത്തിൽ ഒരു ഏമ്പക്കം വിട്ടു..

 

‘‘നാളെ നിന്നെ കാണാൻ ജോപ്പനും കൂട്ടരും വരും.. ഒരുങ്ങി മിടുക്കിയായി നിന്നോണം...’’

 

മറിയക്കൊച്ചിന്റെ സ്വപ്നങ്ങളിൽ ഇടുത്തീ വീണു..

 

‘‘എനിക്ക്.. എനിക്ക് ജോപ്പനെ ഇഷ്ടല്ല അപ്പാ...’’

 

തൊണ്ടക്കുഴിയിൽ തടയിട്ട് വക്കും മുന്നേ അവളറിയാതെ തന്നെ മനസ്സ് തട്ടി ശബ്ദം പുറത്തേക്ക് ചാടി..

 

‘‘എന്താ.. എന്താടീ ഒരുമ്പെട്ടവളെ പറഞ്ഞേ.. അവനെന്നതാടീ ഒരു കൊറവ്..? പ്ലസ് ടു തോറ്റ് നിൽക്കുന്ന നിന്നെ കെട്ടാൻ വേറെ രാജകുമാരന്മാര് വരൂന്നാ..!’’

 

ആൻസീമ്മയ്ക്കും ജോപ്പനെ ഇഷ്ടമായിരുന്നില്ല. പക്ഷേ... മറിയത്തിനു വേണ്ടി അപ്പനോട് നേരിട്ട് സംസാരിക്കാൻ ആ പാവത്തിനും ധൈര്യമുണ്ടായിരുന്നില്ല...

മറിയത്തിന്റെ ഉറക്കം എന്നന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. മകൾക്ക് സമ്പന്നമായ ഒരു ആഡംബര ജീവിതം സമ്മാനിക്കാനായ സന്തോഷത്തിൽ അവളുടെ അപ്പൻ തന്റെ കുടിയും വലിയും പൂർവ്വാധികം ശക്തിയോടെ തുടർന്നു. നിറങ്ങളില്ലാത്ത ഒരു ലോകം അവൾക്ക് മുന്നിൽ  തുറന്നു കിടന്നു..

മനസ്സമ്മതത്തിനൊപ്പം അവളുടെ ഉള്ളിലെ മനസ്സിനിണങ്ങിയ ആളെന്ന സ്വപ്നം അസ്തമിച്ചു.. കീ തിരിച്ചു വിട്ട യന്ത്രപ്പാവപോലെ തലയാട്ടുക എന്നതൊഴിച്ച്  അവളിൽ നിന്നാരും ഒന്നും ആഗ്രഹിച്ചില്ല.. അവളെ അറിയാൻ ആരും ശ്രമിച്ചതുമില്ല.. ഒരാഴ്ചക്കകം തന്നെ മിന്നുകെട്ട് നടന്നു.

 

മണിയറയിൽ ജോപ്പന്റെ കണ്ണുകളും വിരലുകളും മറിയ കൊച്ചിന്റെ ശരീരത്തിലുടനീളം ഇഴഞ്ഞു തുടങ്ങി. വെളുക്കുവോളം ആ പഴയകട്ടിൽ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. മറിയയുടെ കണ്ണുകൾ നിർവ്വികാരതയോടെ നിറഞ്ഞും തുളുമ്പിയും നിന്നു. അതിനിടയ്ക്കെപ്പോഴാണ് അവ അടഞ്ഞു പോയതെന്ന് കൂടി അവൾ അറിഞ്ഞതേയില്ല..

പിറ്റേന്ന് ഉണരുന്നോൾ ജോപ്പൻ അരികിൽ തന്നെ ഉണ്ടായിരുന്നു.

 

‘‘നീ ഒറങ്ങുന്നത് കാണാനും നല്ല ചേലാടീ മറിയേ... ’’

 

അയാൾ പറഞ്ഞതൊന്നും അവൾ കേട്ടതേയില്ല.. നിലച്ചുപോയ ഘടികാരത്തിന്റെ സൂചി കണക്കെ ആ കണ്ണുകൾ ജോപ്പന്റെ ഇടനെഞ്ചിലേക്ക് തിരിഞ്ഞു നിന്നു...

 

‘‘ ജോപ്പന്റെ ഇടനെഞ്ചിൽ കാക്കപ്പുള്ളിയുണ്ടോ..? കരിനീല...?!’’

 

English Summary: Karineela Kakkapulli, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com