ADVERTISEMENT

കരിയാത്തൻ (കഥ

‘‘നീ വരണില്ലേയ് അമ്മുട്ടിയേയ്. മനയ്ക്കല് ഇന്ന് കരിയാത്തന്റെ തിറയാട്ടം ഇണ്ടെന്ന്.’’

‘‘എവ്ടെന്ന്.? ’’

‘‘തുമ്പൂര് മനയില്. അല്ലാണ്ട് ഇവിടെ തിറയാട്ടം നടക്കണ മനയിപ്പോ ഏതാ..?’’

‘‘നീ കുളിച്ച് ഇറങ്ങാൻ നോക്ക് പെണ്ണെ. ആട്ടം തുടങ്ങുന്നേനു മുന്നേ അങ്ങ് എത്തണം.’’

‘‘ഓന്റെ തിറയാട്ടം കണ്ടാല് മുക്കണ്ണനെ കാണണ പോലാ.!’’

പാറു പേറ്റിച്ചി അദ്ഭുതം കൊണ്ടു പറഞ്ഞു.

തള്ളയെ കൂടുതൽ മുഷിപ്പിക്കാൻ നിൽക്കാതെ അമ്മു പനങ്കുല പോലെ അരക്കെട്ടിനൊപ്പം വീണിഴയുന്ന മുടിക്കെട്ട് വാരിക്കെട്ടി, മേൽമുണ്ട് കൊണ്ട് മാറു മറച്ച്, കരികൊണ്ടു കണ്ണെഴുതി, മുടിക്കെട്ടിൽ അൽപം വെളിച്ചെണ്ണ തൊട്ട് തിളക്കം കൊടുത്ത് പെട്ടെന്നിറങ്ങി.

രാത്രി നടപ്പിൽ വഴി കാണിക്കാനുള്ള ചൂട്ടും ഓലയും ഇരിപ്പിനുള്ള തഴമ്പായും പിടിച്ച് പാറുവും മകളും ചേറ്റുവ കുന്ന് ഇറങ്ങിപ്പോയി.

പൊടിമൺ തോട് കടന്നു ചെന്നപ്പോഴേക്കും തിരക്കായി. തിറയാട്ടം കാണാനുള്ള വരവാണ്. കുറുമിയും അംബുട്ടിയും ചീരുവും തുടങ്ങി മനയ്ക്കലെ പണിക്കാരി പെണ്ണുങ്ങളെല്ലാമുണ്ട്.

‘‘പേറ്റിച്ചിയേയ് ഈ പെണ്ണിന് മുഴുപ്പും തടവും വച്ച് വരണൊണ്ടല്ലോ. ചെക്കനെ നോക്കാൻ നേരായിട്ടാ.’’

ഹ..ഹ..ഹ.

അംബുട്ടിയുടെ ആക്കി പറച്ചിൽ കേട്ട് പെൺ കൂട്ടം ചിരിയുടെ തിരിപൊട്ടിച്ചു തുടങ്ങി.

‘‘നേരത്തിനു നടക്കട്ടമ്മേ. മുത്തി കനിയട്ടെ..’’

പൊകയിലച്ചുവ തുപ്പിക്കളഞ്ഞ് ഒരു നെടുവീർപ്പ് എന്ന പോലെയാണ് പാറു പറഞ്ഞത്.

സംസാരം തുടർന്നതിനിടയിൽ തോട് മുറിച്ചു കടന്ന് തുമ്പൂര് പാടത്തിന്റെ അതിരിലേക്ക് കയറി പെൺകൂട്ടം നടന്നു തുടങ്ങി. ചെണ്ടയുടെ മുറുക്കം ഒന്നൂടെ അടുത്ത് വരുന്നു. പക്ഷേ അമ്മുവിന്റെ മനസ്സ് ഇതിലൊന്നിലും നിൽക്കുന്നില്ല അതിലാകെയൊരു നെരിപ്പോടിന്റെ നീറ്റലായിരുന്നു. കരിയാത്തൻ..

ഓന്റെ മുഖം, അവന്റെ കൈത്തഴമ്പിലെ പരുക്കൻ, വലിച്ചടുപ്പിച്ചപ്പോൾ അറിഞ്ഞ കരുവീട്ടിയുടെ മുറുക്കം.. അമ്മുവിന്റെ ദേഹം നിന്ന് പുകയാൻ തുടങ്ങി.

ഇങ്ങനൊരു ആൺ പിറപ്പിനെ ഈ നാട് മുന്നെയും പിന്നെയും കണ്ടിട്ടില്ല. തുമ്പൂര് വയസ്സറിയിച്ച ഒരു പെണ്ണിനും കരിയാത്തനെ മോഹിക്കാതിരിക്കാൻ കഴിഞ്ഞിട്ടില്ല. എണ്ണക്കറുപ്പിൽ കുറുകിയ ദേഹം തിറ കെട്ടുമ്പോൾ മുക്കണ്ണന്റെ തിളക്കമാണ് ആ ദേഹത്തിന്. ആഴിയിൽ നടക്കുമ്പോഴും പാനകവും ഭജനയും നടക്കുമ്പോഴും കരിയാത്തനെ കാണാൻ പെൺപടയുടെ ഇടിയാണ്..

മൂപ്പിലെ ഭഗോതിടെ അമ്പലത്തിലെ തിരുമേനിയാണ് ഒരിക്കൽ പറഞ്ഞത്: ‘‘ഓൻ അവതാരാ.. സാക്ഷാൽ മുക്കണ്ണന്റെ അവതാരം.

അതിൽ പിന്നെ ദേശത്ത് കരിയാത്തന്റെ വിളയാട്ടമാണ്. കുടുംബത്തിലെ ഒരു പെണ്ണിലെങ്കിലും കരിയാത്തന്റെ കുട്ടി വേണമെന്ന് നാട്ടുകാർക്ക് വാശിയാണ്. മുക്കണ്ണന്റെ ബീജാംശം പറ്റാൻ പെണ്ണുങ്ങൾ മത്സരമായിരുന്നു.. രാത്രി തിരഞ്ഞെടുത്ത വീട്ടിലേക്ക് നേദിച്ച അന്തിക്കള്ളും കുടിച്ച്, കരിങ്കോഴി ചുട്ടതും അകത്താക്കി പുകയില ചവച്ചു പിടിച്ച് കരിയാത്തന്റെയൊരു വരവുണ്ട്. അപ്പോഴേക്കും വീട്ടുകാർ കന്യകയെ ഒരുക്കി നിർത്തിയ നിലവറ മുറിയുടെ വാതിൽ തുറന്നു കൊടുക്കും. കരിയാത്തൻ അകത്തു പ്രവേശിക്കും. പിന്നെ നേരം പുലരും വരെ മുക്കണ്ണന്റെ വിളയാട്ടമാണ്. വെളുപ്പിന് തളർന്നു വീണ പെണ്ണുടലിൽ ഒരു അടയാളവും കൊടുത്ത്, ബീജക്കൂലിയും പറ്റി കരിയാത്തൻ വീട് വിടും.

ചിലയിടത്തൊക്കെ കന്യകമാർ മാത്രമല്ല, മുക്കണ്ണന്റെ മൂപ്പറിയാൻ ചില മൂപ്പത്തിയാരും സമ്മതം കൊടുക്കാറുണ്ട്. എങ്കിലും കൂടുതലും വലിയ തറവാടുകളിൽ തന്നെയാണ് കരിയാത്തൻ വിളയാട്ടം കൂടുതലും നടന്നിരുന്നത്. ബീജം പറ്റുന്നതിനുള്ള ദക്ഷിണ തുക തന്നെയായിരുന്നു വിഷയം.

പക്ഷേ മറ്റൊരു ഇലക്കൊടി പോലുമറിയാതെ പാറു പേറ്റിച്ചി കരിയാത്തനെ കൊണ്ട് അമ്മുവിൽ മുക്കണ്ണനെ ആവാഹിച്ചു..

‘‘നെന്നെ എന്റെ ഈ കൈയ്യില്ക്കാ മേടിച്ചേ കരിയാത്തെ. എനക്കും വേണം, എന്റെ കുഞ്ഞിനും വേണം മുക്കണ്ണന്റെ വിത്ത്. നീയ് സാധിച്ച് താ കരിയേ’’

പേറ്റിച്ചിയുടെ ആവലാതി കരച്ചിലിൽ കരിയാത്തൻ വീണു.

പൗർണമി രാത്രിയൊന്നിൽ അമ്മുവിൽ മുക്കണ്ണനെ ആവാഹിച്ചു വിട്ടു. മാസക്കുളി തെറ്റിയ അന്നാണ് അമ്മുവിന് മുക്കണ്ണൻ ജന്മം കൊണ്ട തുടിപ്പ് കിട്ടിയത്.

ഇപ്പോഴും ആ രാത്രി അമ്മു മറന്നിട്ടില്ല. വായുവിൽ തലമറിഞ്ഞു നിൽക്കുന്ന കരിയാത്തന്റെ ആവേശം. ഉടുക്ക് കൊട്ടുന്ന ശരീരത്തിന്റെ ഇരമ്പം.

ഓർക്കുമ്പോൾ ഇപ്പോഴും രോമം എഴുന്നേൽക്കുന്നു. അമ്മു നിന്നു വിയർത്തു.

‘‘ഡീ. പെണ്ണെ.’’

പാറുവിന്റെ വിളിയും കൈമടക്കിൽ കിട്ടിയ നുള്ളും അമ്മുവിന്റെ ശ്രദ്ധയെ തിരികെയെത്തിച്ചു. അപ്പോഴേക്കും ഒടുവിലെ തിരിവ് കൂടെ കഴിഞ്ഞ് പെൺകൂട്ടം മനയെത്തിയിരുന്നു. മുറ്റം നിറയെ തിക്കു കൂട്ടലാണ്. കളം വരച്ചിട്ടുണ്ട്. മേളം ഉച്ചസ്ഥായിയിലാണ്. സർപ്പം തുള്ളുന്ന സ്ത്രീകൾ

മുടിയഴിച്ച് ആടി തുടങ്ങി. ഇന്നു തിറ കയറി പിറ്റേന്നു കാവിൽ ആറാട്ട് കഴിഞ്ഞാൽ തുമ്പൂര് വേല നിൽക്കും.. 

‘ഹ്രഹ്. ഹ്രഹ്ഹ.’

തിറ വേഷം കെട്ടിയ കരിയാത്തന്റെ അലർച്ച. മുറുകുന്ന അസുര താളം. മണ്ണുറപ്പിച്ച ചുവടുകൾ.

‘‘മുക്കണ്ണാ നീയേ തൊണ’’

നിലവിളികളും പ്രാർഥനാ മന്ത്രങ്ങളും നിലയ്ക്കാതെ പടരുകയാണ്, കളങ്ങളിൽ മുടിക്കെട്ടുകൾ ചെമ്മണ്ണിന്റെ മുഖപ്പരപ്പിലേക്കു ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനൊക്കെയിടയിലും പെൺ കണ്ണുകൾ കരിയാത്തനെ മാറി മാറി ഭോഗിച്ചു കൊണ്ടിരുന്നു.

തിറയുടെ ഉന്മാദാവസ്ഥയിൽ കരിയാത്തൻ അടങ്ങുന്നില്ല. അവനു നിയന്ത്രണം വിട്ടു. അമ്മുവും ആൾക്കൂട്ടവും നോക്കി നിൽക്കെ അയാൾ പഠിപ്പുരയിറങ്ങി പുറത്തേക്ക് ഓടി. കാവും കുളവും അതിരും കടന്നു കൂരയിൽ ചെന്നു തളർന്നു വീണു. ദേഹം കിടന്നു പുകയുകയാണ്. മുക്കണ്ണന്റെ ബീജത്തിന്റെ പുകച്ചിൽ..

‘ണീം.ണീം.’

അരമണിയുടെ കിലുക്കം. പുറത്തു നിന്നാണ്. 

‘ണീം..ണീം.ണീം.’

തടയും തളയും അരമണിയും കിലുങ്ങുന്നു. കരിയാത്തൻ നിന്നു വിറച്ചു.

മുന്നിലൊരു പ്രഭാവലയം ദൃശ്യമാണ്. ഒറ്റ ബിന്ദുവിലേക്ക് മാത്രം കേന്ദ്രീകൃതമാകുന്ന ചുട്ടു പൊളളുന്ന തീപ്പൊട്ടു പോലെ തിളക്കമുള്ളൊരു വെളിച്ചം. അതിൽനിന്നു വെളിപ്പെടുന്ന രൂപത്തിന്റെ ഭംഗിയും വടിവഴകുകളും  മുറുക്കി ചുവന്ന ചുണ്ടുകൾ, സ്വർണ്ണ വാളും തടയും അരമണിയും, നിറഞ്ഞ മാറിടം, ഒതുങ്ങിയ അരക്കെട്ട്, അഴിച്ചിട്ട കേശഭാരത്തിന്റെ എണ്ണയൊഴുക്ക് നിതംബത്തിൽ നിന്നു ചാലു കണ്ടെത്തി പുളഞ്ഞു കീഴ്പ്പോട്ട് ഇറങ്ങുന്നു.

‘‘മുക്കണ്ണാ..’’

‘‘ദേവീ..’’

അവരിരുവരും വിളിച്ചു.

ശേഷമൊരു വാക്പയറ്റിനു നിൽക്കാതെ ആ ദേഹങ്ങൾ പരസ്പരം ഇടഞ്ഞു തുടങ്ങി.

ഉന്മാദത്തിന്റെ അശ്വമേധം തുടങ്ങിയിരിക്കുന്നു. ദേവിയും കരിയാത്തനും. ഇരുവരും വന്യമായി പോരടിക്കുകയാണ് ആയിരം കരിമ്പുലികളുടെ പ്രവേഗത്തോടെയുള്ള മത്സരം. മുടിക്കെട്ടിൽ ആഴ്ത്തിപ്പിടിച്ചു വലിച്ചും അവരിരുവരും പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മൂർച്ച പൂട്ടിയപ്പോൾ ദേവി അയാളുടെ നെഞ്ചിൽ ചവിട്ടി നിന്നു വിറച്ചു. അഴിഞ്ഞു വീഴുന്ന ചിലമ്പിന്റെ കിലുക്കം, മന്ദ ഗതിയിലാകുന്ന കരിയാത്തന്റെ ശ്വാസ ഗതിയുടെ ഉയർച്ചതാഴ്ച്ചകൾ..

ഒടുവിൽ വെളുപ്പ് അടുത്തപ്പോളെപ്പോഴോ വിയർപ്പൊട്ടിയ ദേഹങ്ങൾ വലിഞ്ഞു തുടങ്ങി.ഒരു യാത്രാമൊഴി പോലും നൽകാതെ ദേവീ ഇറങ്ങി പോയി. പക്ഷേ സൂര്യനുദിച്ചു വെളിച്ചം വച്ചു തുടങ്ങിയപ്പോഴേക്കും ഒരു വാർത്ത കാട്ടു തീ പോലെ ദേശത്ത് പരന്നു..

‘‘ഭഗോതിടെ ആറാട്ട് കഴിഞ്ഞു.. .നാട്ടാരേ.’’

‘‘പിന്നെ ങ്ങള് അറിഞ്ഞീനി.. കരിയാത്തനില്ലേ മ്മടെ മുക്കണ്ണൻ. ഓന് എന്തോ പൊങ്ങീന്ന്..’’

‘‘ചെമന്ന വല്യ വല്ല്യ കുരുക്കള്. ഭഗോതി വിളയാട്ട് ആത്രേ..’’

‘‘സന്ധ്യ കഴിക്കില്ലാന്നാ വൈദ്യര് പറേണെ.’’

‘‘വസൂരിയാത്രെ. ഭഗോതീടെ വസൂരി’’

English Summary: Kariyathan, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com