‘നിങ്ങൾക്ക് അവളെ കെട്ടി രക്ഷിക്കാമായിരുന്നില്ലേ?’ ഭാര്യയുടെ ചോദ്യത്തിന് ഭർത്താവിന്റെ മറുപടി!

happy-couple
Representative Image. Photo Credit : HSSstudio / Shutterstock.com
SHARE

ഞാനൊന്നു പറയട്ടെ (കഥ)

സമയം ഏഴു കഴിഞ്ഞു. രാവിലെ തന്നെ കമ്പ്യൂട്ടർ തുറന്നുവെച്ച് ജോലി തുടങ്ങി. വീട്ടിൽ ആരും എഴുന്നേറ്റിട്ടില്ല. വീട്ടിലിരുന്ന് ജോലി തുടങ്ങിയിട്ട് മാസം നാല് കഴിഞ്ഞു. കൊറോണയുടെ ഭാവമാറ്റങ്ങൾ ഇനിയും തിട്ടമായിട്ടില്ല. നാളിത്ര കഴിഞ്ഞിട്ടും കേൾക്കുന്ന വാർത്തകളിൽ രോഗരക്ഷണങ്ങളും രോഗം പിടിപെടുന്ന ആളുകളുടെ ഗണവും ദിനം പ്രതി മാറിക്കൊണ്ടിരിക്കുകയാണ്. എന്ന് ഓഫീസിൽ പോകാൻ സാധിക്കുമെന്ന് ഇനിയും അറിയില്ല. 

പിള്ളേർക്കും ക്ലാസുകൾ ഓൺലൈൻ വഴിയാണ്. 

കഴിഞ്ഞ നാളുകളിൽ പുറത്ത് പോകുന്ന ഏക വ്യക്തി സൂസൻ മാത്രമാണ്. അവൾക്ക് പോകാതിരിക്കാനാവില്ല, ഫ്രണ്ട് ലൈൻ വർക്കറല്ലേ. ഇന്ന് അവൾക്ക് അവധിയാണ്, അതാണ് ഇതുവരെ എഴുന്നേറ്റു താഴേക്ക് കാണാഞ്ഞത്. അവധിദിവസങ്ങളിൽ അല്പം കൂടി താമസിച്ചേ എഴുന്നേൽക്കാറുള്ളു എന്നറിയാമായിരുന്നെങ്കിലും രാവിലെ ഒരുകപ്പു ചായ കിട്ടാത്തത്തിന്റെ ഒരു ആലസ്യം എന്നിൽ അനുഭവപ്പെട്ടു. പെട്ടന്ന് മുകളിൽ അവൾ നടക്കുന്ന ശബ്ദം കേട്ടു. അവൾ എഴുനേറ്റു. ഇനി അധികം താമസിയാതെ ചായ കിട്ടുമെന്നോർത്ത് അറിയാതെ ഒരു ഉന്മേഷം മുന്നോടിയായി ഉള്ളിൽ പടർന്നു. 

വെറുതെയുള്ള ചിന്തകൾ വിട്ട് ഞാൻ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞ് നേരത്തെ വന്ന ഒരു മെയിലിനു മറുപടി ഇടുന്നതിനിടയിലാണ് കൈയിൽ പിടിച്ച ഫോണും ആശ്ചര്യം മുറ്റിയ മുഖമുവായി ‘സന്തു’ എന്ന് വിളിച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് പെട്ടെന്ന് നടന്നുവന്നത്. എന്തെങ്കിലും ദേഷ്യം ഉള്ളപ്പോൾ മാത്രമേ അവൾ സന്തോഷ് എന്ന് മുഴുവനായും വിളിക്കാറുള്ളു. ഇപ്പോൾ എന്താണ് രാവിലെ ഇത്ര സന്തോഷം എന്നറിയാനായി തലയുയർത്തി നോക്കിയപ്പോഴേക്കും അവൾ ഫോണുമായി അടുത്തെത്തിക്കഴിഞ്ഞിരുന്നു. അടുത്തുള്ള കസേര വലിച്ചിട്ടിരുന്ന് ഫോൺ എന്റെ നേരെ കാണിച്ച് അവൾ വിവരണം തുടങ്ങി. ‘‘സന്തുവിനു അറിയില്ലേ ഞങ്ങളുടെ മെറിനെ, അവൾ എന്നെ ഞങ്ങളുടെ പത്തിലെ ബാച്ചിന്റെ ഗ്രൂപ്പിൽ ആഡു ചെയ്തു. അവൾ കുവൈറ്റിലാ. കൊറേ മെസ്സേജ് ഉണ്ട്.’’ അതുപറഞ്ഞവൾ എഴുന്നേറ്റു നടന്നു, അടുക്കളയിലേക്കാണെന്നു കരുതി ഒരു പതിവ് ചൂട് ചായക്കായി ഞാൻ കാത്തിരുന്നു.

സമയം ഏറെയായിട്ടും പ്രതീക്ഷിച്ചതുപോലെ അവളെ ചായയുമായി കാണാതായപ്പോഴാണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്. അടുക്കളയിലെ മേശക്കുമുന്നിൽ പുതിയ ഗ്രൂപ്പിലെ മെസ്സേജുകൾ കേട്ടും വായിച്ചും അവൾ സ്ഥലകാലബോധം നഷ്ടപ്പെട്ട തിരക്കിലായിരുന്നു, ചായക്ക് പാലുപോലും അടുപ്പിൽ വെച്ചിട്ടില്ല. അവൾ എന്നെക്കണ്ടതും പെട്ടെന്ന് ഓർത്തിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, ഞാൻ ഫ്രിഡ്‌ജിൽ നിന്ന് പാൽ എടുത്ത് പാത്രത്തിൽ ഒഴിച്ച് ചുടാക്കാൻ വെച്ചത് കണ്ടിട്ട് അവൾ വീണ്ടും ഫോണിലേക്ക് തിരിഞ്ഞിട്ട് പറഞ്ഞു, ‘‘എന്ത് മെസ്സേജുകളാ, ഞങ്ങളെല്ലാം നേഴ്‌സറിമുതൽ ഒന്നിച്ച് പത്തുവരെ പഠിച്ചവരാ, ജോളിയും, ദീപയും, നീനയും ഞാനും പിന്നെ  പ്രീഡിഗ്രിക്കും ഒന്നിച്ചാ പഠിച്ചത്.’’ അവളുടെ സന്തോഷം കണ്ടപ്പോൾ കഴിഞ്ഞ ഇരുപതുകൊല്ലത്തോളം അവളും അവളെപ്പോലെ സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സൗഹൃദങ്ങൾ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് തിരിച്ചറിയാനായി. 

രണ്ടുകപ്പിൽ ഒന്ന് അവളുടെ മുന്നിലെ മേശപ്പുറത്ത് വച്ചിട്ട് അവളുടെ സന്തോഷത്തിനു തടസ്സം നിൽക്കാതെ ഇടയ്ക്കുവെച്ച് നിർത്തിയ ജോലിതീർക്കാനായി ഞാൻ എന്റെ മേശയെ ലക്ഷ്യമാക്കി നടന്നു. 

കൊറോണ വളരെ നാശനഷ്ടങ്ങൾ മനുഷ്യന് സമ്മാനിച്ചെങ്കിലും, കൊറോണകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിച്ചാൽ പ്രകൃതി മലിനീകരണം കുറഞ്ഞാതുൾപ്പെടെ പലകാര്യങ്ങളും പലർക്കും പറയാൻ കാണും. കൂട്ടത്തിൽ എനിക്ക് തോന്നിയ മറ്റൊരു കാര്യം ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള പലരെയും, ചാരം മൂടിക്കിടന്ന ഓർമ്മയുടെ കനലിൽ പല ബന്ധനങ്ങളും ജ്വലിക്കാൻ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങാനും, നേരത്തെ തുടങ്ങിയവ കത്തിജ്വലിക്കാനും ഈ കൊറോണകാലം ഇടയാക്കിയെന്ന നന്മയാണ്.

ഇടയ്ക്കിടെ വരുന്ന വോയിസ് മെസ്സേജുകളും വാട്സപ്പ് കോളുകളും എന്റെ ജോലിയുടെ ഏകാഗ്രതക്ക് തടസ്സമായപ്പോൾ ചിലപ്പോഴൊക്കെ എന്നെ അലോസരപ്പെടുത്തിയെങ്കിലും, ഞാൻ കൂട്ടാക്കിയില്ല. രാവിലെ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് പറഞ്ഞിരുന്ന ആൾ സമയക്കുറവുമൂലം ഫ്രിഡ്ജിലിരുന്ന തലേന്നത്തെ മാവെടുത്ത് ദോശയുണ്ടാക്കി ഗ്രൂപ്പ് ചാറ്റിനു കൂടുതൽ സമയം കണ്ടെത്തി. ഉടനെ കഴിച്ചിട്ടു വരാമെന്നു ഗ്രൂപ്പിൽ പറഞ്ഞിട്ട് അവൾ ദോശയും സാമ്പാറും എടുത്ത് വച്ചിട്ട് എന്നെ വിളിച്ചു. കഴിക്കുന്നതിനിടയിൽ അവൾ തന്റെ വർഷങ്ങളായി നഷ്ടപ്പെട്ടുപോയിരുന്ന കൂട്ടുകാരികളെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. എല്ലാവരും ഇന്ന് നല്ല നിലയിലാണ്, നല്ല കുടുംബജീവിതം നയിക്കുന്നു, നീന ഒഴികെ.

നീന അവളുടെ ഉറ്റ കൂട്ടുകാരിയായിരുന്നു. അവളുടെ കല്യാണം കഴിഞ്ഞ ഉടനെത്തന്നെ കാലിഫോർണിയക്ക് പോയതാണ്. തുടക്കം എല്ലാം സുന്ദരമായിരുന്നു, അവനു നല്ല ജോലി, അവളും ചെന്ന് അധികം താമസിയാതെ നഴ്‌സിങ് പരീക്ഷ പാസായി നല്ല ജോലിയും കിട്ടി. പക്ഷേ, ദാമ്പത്യത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയത് പെട്ടന്നാണ്. ഒരു കുട്ടിയാകുമ്പോൾ കാര്യങ്ങൾക്ക് ഒരു മാറ്റമുണ്ടാകുമെന്ന് അവൾ ആശ്വസിച്ചു. സംശയങ്ങളും, പ്രശ്നങ്ങളും കൂടികൂടി വന്നതല്ലാതെ മറ്റൊരു മാറ്റവും അവൾക്ക് അനുഭവപ്പെട്ടില്ല. പിരിയുകയല്ലാതെ വഴിയില്ലെന്നായി. 

അവിടെ അവനു ബന്ധുക്കൾ ഉണ്ടായിരുന്നു. പക്ഷേ ദൂരെ ഒരു നാട്ടിൽ അവൾ ഒരു സഹായമില്ലാതെ കൈകുഞ്ഞിനെയും കൊണ്ട് എല്ലാരീതിയിയും ബുദ്ധിമുട്ടി. അതുകൊണ്ടാവും, അടുത്ത് താമസിച്ചിരുന്ന ഒരു കന്നഡക്കാരൻ, ഒരു ഇന്ത്യക്കാരി എന്ന പരിഗണയിലാവാം, അവളെ സഹായിച്ചു, പലതിനും. അതൊടുവിൽ അവരുടെ വിവാഹത്തിൽ കലാശിച്ചു. അവളെ കുറ്റം പറയാനാവില്ല, നിലയില്ലാ കയത്തിൽ താഴ്ന്നിറങ്ങുമ്പോൾ ജാതിയും, മതവും, ഭാഷയും നോക്കാൻ ആരും ശ്രമിക്കാറില്ലല്ലോ. പക്ഷേ അതോടെ സ്വന്തം വീട്ടുകാരും അവൾക്കെതിരായി, അപ്പൻ പോലും.

ഉറ്റ കൂട്ടുകാരിയുടെ അവസ്ഥ വിവരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. ഒന്ന് നിർത്തിയിട്ട്, അവൾ വീണ്ടു പറഞ്ഞു, സന്തുവിനു അറിയുമോ, തോപ്പിലച്ചന്റെ അനുജന്റെ മോളാ. വലിയ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ അവളുടെ കൂട്ടുകാരിയുടെ കഥകേട്ട് സാമ്പാറും കൂട്ടി ദോശകഴിച്ചുകൊണ്ടിരുന്ന ഞാൻ പെട്ടന്ന് ഒന്ന് തലയുയർത്തി, അവൾ പറഞ്ഞ അവസാന വാക്കുകൾ വീണ്ടും ഉരുവിട്ടു, ‘‘തോപ്പിലച്ചന്റെ അനുജന്റെ മോൾ.’’ 

എന്റെ മുഖത്തേക്ക് നോക്കി കാര്യമറിയതെയിരുന്ന അവളോട് നീനയുടെ വീടും സ്ഥലവും പറഞ്ഞു തിട്ടപ്പെടുത്തി. കറ്റാനം ഗാനം സിനിമ കൊട്ടകയുടെ മുന്നിലുള്ള ഗ്യാസ് കടയുള്ള വീടല്ലേ. അതെയെന്ന് അവൾ തലയാട്ടി. ‘‘നിന്നെ കാണുന്നതിന് മുമ്പ് പതിനാലു പെണ്ണ് കണ്ടതിൽ ഒന്ന് നീന, നിന്റെ കൂട്ടുകാരിയായിരുന്നു. അന്ന് അവിടെ പോയി വരുന്ന വഴി ഏട്ടൻ പറഞ്ഞതോർക്കുന്നു, നല്ല വീട്ടുകാരാ, തോപ്പിലച്ചന്റെ അനുജന്റെ മോളാ.’’  

അവൾ പലതും ചോദിച്ചുകൊണ്ടിരുന്നു. ജോലിക്ക് തിരികെ കേറുന്ന തിരക്കിൽ ഞാൻ ഓർക്കുന്നില്ലെന്നു പറഞ്ഞൊഴിഞ്ഞു. ഞാൻ അത് പെട്ടെന്ന് വിട്ട് ജോലിയുടെ തിരക്കിൽ ദിവസം തള്ളിനീക്കി. പക്ഷേ അവൾ അവളുടെ കൂട്ടുകാരിയെക്കുറിച്ച് മാത്രം ഓർത്തുകൊണ്ടിരുന്നു. കൂട്ടത്തിൽ നീനയെ വിളിച്ച് സ്വന്തം ഭർത്താവ് പെണ്ണുകാണാൻ വന്നകാര്യവും പറയാൻ മറന്നില്ല. കിടക്കാൻ വന്നപ്പോഴും അവളുടെ മുഖത്ത് കൂട്ടുകാരിയുടെ വിഷമസ്ഥിതിയിൽ ഒട്ടൊന്നുമല്ലായിരുന്നു ആശങ്ക. 

കണ്ണിൽ ഉറക്കം അരിച്ചു കയറിത്തുടങ്ങിയപ്പോൾ അവൾ തോണ്ടി വിളിച്ചു. അവൾ വീണ്ടും നീനയെക്കുറിച്ച് പറയാൻ തുടങ്ങുകയാണെന്നു തിരിച്ചറിഞ്ഞ് കിടന്നുറങ്ങാൻ പറയും മുമ്പ് അവൾ പറഞ്ഞു, ‘‘ഞാൻ ഒരു കാര്യം പറയട്ടെ’’ എന്റെ അനുവാദത്തിനായി കാത്തിനിൽക്കാതെ അവൾ തുടർന്നു, ‘‘സന്തുവിനു അവളെ കെട്ടി രക്ഷിക്കാമായിരുന്നില്ലേ?’’ മറുപടി പറയാനാവാതെ കുഴങ്ങിയ ഞാൻ തുളുമ്പിനിന്ന വികാര സാന്ദ്രമായ ആ നിമിഷം ലാഘവമാക്കാനായി തമാശയെന്നോണം പറഞ്ഞു, ‘‘അതുപിന്നെ, എനിക്ക് ഒരാളെക്കൂടുതൽ രക്ഷിക്കാൻ പറ്റില്ലല്ലോ, നിന്നെ പിന്നെ ആര് രക്ഷിക്കും.’’ അതവളെ തണുപ്പുച്ചുവോ എന്നറിയില്ല, പക്ഷേ അവൾ ചിരിച്ചുകൊണ്ട് തലയിണയെടുത്ത് എന്റെ മുഖത്തേക്ക് അടിച്ചു.

English Summary: Njanonnu Parayatte, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;