പ്രായമായ അമ്മയെ തിരക്കുള്ള ഇടത്ത് ഉപേക്ഷിച്ചു പോയ മകൻ, പിന്നെ സംഭവച്ചിത്!

old-women
Representative Image. Photo Credit : Syahrin Abdul Aziz / Shutterstock.com
SHARE

സീതമ്മ (കഥ)

രാവിലെ നേരത്തെ വന്നു ക്യൂവിൽ നിന്നതാണ്. ഇപ്പൊ ഏകദേശം രണ്ടു മണിക്കൂർ ആയി. ഇട ദിവസം ആയതു കൊണ്ടു ഇന്ന് തിരക്ക് കുറവായിരിക്കും എന്നാണ് കരുതിയത്. എന്നാൽ കഴിഞ്ഞ മാസം വന്നതിലും കൂടുതൽ ആണ് ഇന്ന്. അല്ലെങ്കിലും തിരക്ക് കുറവായിരിക്കും എന്നു കരുതി വരുന്ന ദിവസങ്ങളിൽ തിരക്ക് കൂടുതൽ ആയിരിയ്ക്കും എന്നതാണ് മുൻ അനുഭവങ്ങൾ. ‘‘എന്നെ നിങ്ങൾ കുറച്ചു ബുദ്ധിമുട്ടി കണ്ടാൽ മതി ട്ടോ ’’ എന്നു വാശി പിടിക്കുന്ന ഒരു കറുമ്പുകാരൻ കുട്ടിയുടെ ഭാവത്തിൽ കൃഷ്ണനെ രവി സങ്കൽപ്പിച്ചു നോക്കി. എല്ലാം നിന്റെ വികൃതികൾ തന്നെ എന്റെ കൃഷ്ണ.

വരി മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങുന്നതിനിടയിൽ രണ്ടു വശത്തുകൂടെയും നടന്നു പോകുന്ന ആളുകളെ ശ്രദ്ധിക്കുന്നത് അയാളുടെ ശീലം ആയിരുന്നു. ഭഗവാനെ കണ്ട് ഇറങ്ങി വരുന്നവർ, വരിയുടെ നീളം കണ്ടു ആശങ്കയോടെ ഇന്നിനി ദർശനം കാണാൻ കഴിയുമോ എന്നു ആശങ്കയോടെ നിൽക്കുന്നവർ. മണ്ഡപത്തിൽ നടക്കുന്ന കല്യാണങ്ങളുടെ തിരക്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഒടുന്നവർ. അങ്ങിനെ നൂറുകൂട്ടം ആൾക്കാർ.

പെട്ടന്ന് തിരക്കിൽ ഒരു മിഷിഞ്ഞ സഞ്ചിയും തൂക്കി നടന്നു പോകുന്ന സ്ത്രീക്ക് സീതമ്മയുടെ മുഖച്ഛായ തോന്നി രവിക്ക്.

ഹേയ് അവർ ആയിരിക്കില്ല. ഇങ്ങനെ മുഷിഞ്ഞ വേഷത്തിൽ ഒരിക്കലും സീതമ്മ നടക്കില്ല. അതു രവിക്ക് ഉറപ്പായിരുന്നു.

സീതമ്മ എന്ന ഓർമ രവിയെ തന്റെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോയി ഒപ്പം അമ്മയിലേക്കും

‘‘കുട്ടാ എട്ടു മണി ആയി സ്കൂൾ ഇല്ല എന്നു വെച്ചിട്ടു എത്ര മണി വരെ കിടക്കും നീ ഇങ്ങനെ.അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞു കൊടുക്കും ട്ടോ.’’

‘‘ഇന്ന് ശനിയാഴ്ച്ച അല്ലെ  ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ.നാളെ അച്ഛൻ രാവിലെ വിളിച്ചു ഉണർത്തില്ലേ’’

രാവിലെ എണീക്കാൻ ഉള്ള മടി കൊണ്ട് രവി ചിണുങ്ങി.

‘‘ഇന്ന് ഇതുവരെ ആയിട്ടും സീതമ്മ പാലും ആയി വന്നിട്ടില്ല. നീ പോയി പാൽ വാങ്ങി വാ’’

‘‘അനുവിനോട് പറ അമ്മേ അവൾ പോയി വാങ്ങും’’

അനിയത്തി ആണ് അനു എന്നു വിളിക്കുന്ന അനുപമ.

‘‘അവൾ നിന്നെ പോലെ അല്ല ഇരുന്നു പഠിക്കുക ആണ്.എന്റെ കയ്യിൽ നിന്നും തല്ലു കിട്ടണ്ട എങ്കിൽ പോയി പാല് വാങ്ങി വന്നോ നീയ്’’

ഇനി കിടന്നാൽ അമ്മ അക്രമാസക്ത ആകും എന്നറിയാവുന്നത് കൊണ്ടു രവി ചാടി എഴുന്നേറ്റ് പാൽ പാത്രവും എടുത്തുകൊണ്ടു സീതമ്മയുടെ വീട്ടിലേക്ക് നടന്നു.

സാധാരണ രാവിലെ ആറു മണി ആവുമ്പോഴേക്കും സീതമ്മ പാലും ആയി വരുന്നത് ആണല്ലോ ഇന്ന് എന്തു പറ്റി ആവോ. ആകെ ഉറങ്ങാൻ കിട്ടുന്ന ഒരു ദിവസം നഷ്ടമായതിന്റെ വിഷമം അപ്പോഴും രവിക്ക് ഉണ്ടായിരുന്നു.

അവരുടെ വീടിനു മുന്നിൽ എത്തിയ രവി മധൂ എന്നു നീട്ടി വിളിച്ചു. അവരുടെ ഇളയ മകൻ ആണ് രവിയേക്കാൾ ഒരു വയസ്സിനു ഇളയ മധു.

‘‘മധുവിനെയും കൂട്ടി അമ്മ ആശുപത്രിയിൽ പോയതാ രവി’’ എന്നു പറഞ്ഞതു തന്റെ വിളികേട്ട് വാതിൽ തുറന്നു പുറത്തു വന്ന മിനിച്ചേച്ചി ആണ്. സീതമ്മയുടെ മൂത്ത മകൾ ആണ് രവിയേക്കാൾ രണ്ടു വയസ്സിനു മൂത്ത മിനി.

‘‘മധുവിന് എന്താ പറ്റിയത്’’ ‘‘അവൻ രാവിലെ പാലുകൊടുക്കാൻ ഇറങ്ങിയപ്പോൾ കാലു തട്ടി വീണു. അമ്മ അവനെയും കൊണ്ടു പോയതുകൊണ്ടാണ് പാലും ആയി വരാതിരുന്നത്.’’

രവിയുടെ നാലു വീട് അപ്പുറത്ത് ആണ് സീതമ്മയുടെ വീട്. ആ പരിസരത്തുള്ള എല്ലാ വീടുകളിലും പാലും തൈരും നെയ്യും ഒക്കെ എത്തുന്നത് സീതമ്മയുടെ വീട്ടിൽ നിന്നാണ്.

രണ്ടു പശുക്കൾ ആണ് ഭർത്താവ് മരിച്ച അവരുടെയും രണ്ടു മക്കളുടെയും ജീവിത മാർഗം.

‘‘ഒന്നു വേഗം വന്നൂടെ ചെക്കന്. എവിടെയെങ്കിലും പോയാൽ അവിടെ വായിലും നോക്കി ഇരുന്നോളും’’ വീട്ടിൽ എത്തിയപ്പോൾ വീണ്ടും അമ്മയുടെ ചീത്ത

അല്ലെങ്കിലും ഞാൻ എന്തു ചെയ്താലും അമ്മക്ക് കുറ്റം ആണ് .‘‘അമ്മയല്ലെ മെല്ലെ പോയാൽ മതി എന്നു പറഞ്ഞതു’’ രവി ചിണുങ്ങി.

‘‘വേഗം പോയി പല്ലുതേച്ചു കുളിച്ചു വന്നോ ഞാൻ ദോശ ഉണ്ടാക്കി വെച്ചിട്ടുണ്ട്.’’ ‘‘ദോശക്ക് മുട്ടക്കറി ഉണ്ടോ അമ്മേ’’

‘‘പിന്നെ കർക്കിടകമാസം ഒന്നാന്തി ആണ് മുട്ടക്കറി. ഇനി പന്ത്രണ്ടു ദിവസമെങ്കിലും കഴിയാതെ ഇറച്ചിയും മീനും ഒന്നും ഇല്ല കുട്ട്യേ’’ അച്ഛമ്മയുടെ വക.

‘‘ഓ ഈ കർക്കട മാസം വരേണ്ടാർന്നു’’ എന്നു പിറു പിറുത്തു കൊണ്ടു രവി കുളിക്കാൻ കിണറ്റിൻ കരയിലേക്ക് നടന്നു.

വീടിന് അകലെ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥൻ ആയ രവിയുടെ അച്ഛൻ ആഴ്ചയിൽ ഒരിക്കലെ വീട്ടിൽ വരാറുള്ളൂ. പിറ്റേന്ന് രാവിലെ പാലും കൊണ്ടു വന്ന സീതമ്മ പറഞ്ഞിട്ടാണ് മധുവിന്റെ കാലൊടിഞ്ഞ വിവരം അറിയുന്നത്.

പിന്നീട് രണ്ടു ദിവസം മധു സ്കൂളിലേക്ക് വന്നില്ല. അടുത്ത ആഴ്ച്ച രാവിലെ രവിയും അനുവും മറ്റു കുട്ടികളും ഒക്കെ സ്കൂളിൽ പോകുമ്പോൾ മധുവിനെയും ഒക്കത്ത് എടുത്തു കൊണ്ടു സീതമ്മയും കൂടെ വന്നത് കുട്ടികൾക്കെല്ലാം അത്ഭുതം ആയിരുന്നു. തന്നെക്കാൾ ഒരു വയസ്സിന് ഇളയത് ആണെങ്കിലും അവനു തന്നെക്കാൾ ഉയരവും തടിയും ഉണ്ടെന്നു കണ്ടു രവിക്ക് അവനോടു അസൂയ തോന്നിയിരുന്നു. അതു അവൻ എപ്പോഴും പാലും തൈരും നെയ്യും ഒക്കെ കഴിക്കുന്നത് കൊണ്ടാണെന്നു കൂടെ പഠിക്കുന്ന ബിജുക്കുട്ടൻ എപ്പോഴും പറയാറുണ്ട്.

അന്ന് വീട്ടിൽ വന്ന രവി അമ്മയോട് പരാതി പറഞ്ഞു ‘‘അന്ന് പനിച്ചു വിറച്ചു നടക്കാൻ വയ്യാതിരുന്ന എന്നെ നടത്തിച്ചല്ലേ അമ്മ പരീക്ഷക്ക് സ്കൂളിലേക്ക് കൊണ്ട് പോയത്. സീതമ്മ മധുവിനെ എടുത്തുകൊണ്ടാണ് സ്കൂളിൽ കൊണ്ട് വരുന്നത്. അങ്ങിനെ ആണ് സ്നേഹമുള്ള അമ്മമാർ. ഇവിടെ എപ്പോഴും ചീത്ത പറച്ചിൽ മാത്രമേ ഉള്ളു.’’

അതു കേട്ട അമ്മ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.

അതുകേട്ടുകൊണ്ടു വന്ന അച്ഛമ്മ ആണ് മറുപടി പറഞ്ഞതു.‘‘കുട്ടാ അങ്ങിനെ ഒന്നും പറയരുത് അമ്മയോട് കുരുത്തക്കേട് കിട്ടും ട്ടോ.’’

മധുവിന്റെ കാല് സുഖമാകും വരെ എന്നും രാവിലെയും വൈകുന്നേരവും അവനെ ഒക്കത്ത് എടുത്തു കൊണ്ട് തന്നെ സീതമ്മയും ഞങ്ങളുടെ കൂടെ സ്കൂളിൽ വന്നു.

രവി എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ ജോലിസ്ഥലത്ത് തളർന്നു വീണു മരിക്കുന്നത്. അച്ഛന്റെ കമ്പനിയിൽ നിന്നും കിട്ടിയ ചെറിയ നഷ്ടപരിഹാരത്തുകയും ആകെ ഉള്ള നാല്പതു സെന്റ്‌ സ്ഥലത്തു നിന്നു കിട്ടുന്ന തേങ്ങയും അടക്കയും വിറ്റു കിട്ടുന്ന ചെറിയ തുകയും കൊണ്ടു  പറക്കുമുറ്റാത്ത രണ്ടു കുട്ടികളും ഭർത്താവിന്റെ വൃദ്ധമാതാവും ആയി എന്തു ചെയ്യണം എന്നറിയാതെ അമ്മ ആകെ തളർന്ന സമയം.

നാളെ മുതൽ പാല് വേണ്ട എന്നു പറഞ്ഞു അനുവിന്റെ കുടുക്ക പൊട്ടിച്ചു നാണയങ്ങൾ എണ്ണി പാലിന്റെ പൈസ ഒപ്പിച്ചു സീതമ്മയുടെ കയ്യിൽ കൊടുത്ത അമ്മയോട് അവർ പറഞ്ഞു– ഇനി മുതൽ പാലിന്റെ പൈസ വേണ്ട എന്നു പറയാനും കൂടി ആണ് ഞാൻ വന്നത്.ഈ കുട്ടികളും എന്റെ മിനിയും മധുവും തമ്മിൽ എനിക്ക് ഒരു വ്യത്യാസവും ഇല്ല.

പിന്നെയും വീട്ടിൽ ബുദ്ധിമുട്ടു കൂടി കൂടി വരിക ആയിരുന്നു. അതിനും ഒരു ചെറിയ സഹായം കൂടി അമ്മക്ക് സീതമ്മ ചെയ്തു പാല് ബാക്കി വരുന്ന ദിവസങ്ങളിൽ അതു അമ്മക്ക് കൊണ്ടുവന്നു കൊടുക്കും.അമ്മ അതിൽ നിന്നും കുറേശ്ശേ വെണ്ണയും നെയ്യും ഒക്കെ ഉണ്ടാക്കി കൊടുത്തു ഒരു ചെറിയ വരുമാനം ഒക്കെ ഉണ്ടാക്കാൻ തുടങ്ങി.

രവി പത്തിൽ പഠിക്കുന്ന സമയത്തു അച്ഛമ്മയും മരിച്ചു. നാട്ടിൽ ഒറ്റക്കായ തങ്ങളെ അമ്മാവൻ വന്നു വീടും സ്ഥലവും വിറ്റ് അമ്മയുടെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു.

പിന്നെ അമ്മാവന്റെയും ചെറിയമ്മയുടെയും ഒക്കെ സഹായത്തോടെ ആണ് രവിയും അനുവും ഒക്കെ പഠിച്ചത്. അമ്മ അന്നും വളരെ സ്ട്രിക്ട് ആയിരുന്നു തന്റെ കാര്യത്തിൽ. അതുകൊണ്ടു തന്നെ പഠനം ഒഴികെ ബാക്കി ഒരു കാര്യത്തിലും തന്റെ ശ്രദ്ധ മാറിപോയതും ഇല്ല. പഠനം കഴിഞ്ഞ് അധികം വൈകാതെ തന്നെ അടുത്തുള്ള സഹകരണ ബാങ്കിൽ തനിക്ക് ജോലിയും കിട്ടി. അനുവിന്റെ കല്യാണം കഴിഞ്ഞ് അവൾ ഭർത്താവിനൊപ്പം സിംഗപ്പൂരിലേക്കു പോയി.

പിന്നെയും രണ്ടു വർഷം കഴിഞ്ഞിട്ടാണ് തന്റെ കല്യാണം കഴിഞ്ഞത്. തനിക്കായി പെൺകുട്ടിയെ തിരഞ്ഞെടുത്തതും അമ്മ തന്നെ ആയിരുന്നു. ഒരുപാട് ആലോചനകൾ വന്നിരുന്നെങ്കിലും അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട സുമിതയെ മതി എന്ന് അമ്മയുടെ നിർബന്ധം ആയിരുന്നു.

കല്യാണം കഴിഞ്ഞു എട്ട് മാസം കഴിഞ്ഞപ്പോഴേക്കും തന്നെയും ആ സമയത്തു ഗർഭിണി ആയിരുന്ന സുമിയെയും തനിച്ചാക്കി അമ്മ പോയി. ഒരു ദിവസം രാവിലെ പതിവ് സമയത്തു എണീറ്റ് വരാത്ത അമ്മയെ പോയി വിളിച്ച സുമിയുടെ കരച്ചിൽ കേട്ട് ഓടി ചെന്ന താൻ കാണുന്നത് ഒരു ചെറുപുഞ്ചിരിയോടെ ഉറങ്ങി കിടക്കുന്ന പോലെ ചലനമറ്റു കിടക്കുന്ന അമ്മയെ ആയിരുന്നു.

അമ്മയുടെ മരണശേഷം ആണ് അമ്മ തന്നിൽ ആർപ്പിച്ചിരുന്ന സ്നേഹവും കരുതലും വിശ്വാസവും എത്രയായിരുന്നു എന്നു അവൾ പറഞ്ഞു താൻ അറിഞ്ഞത്.

കല്യാണം കഴിഞ്ഞു രണ്ടു മൂന്നു ദിവസം കഴിഞ്ഞു അവളോട്‌ അമ്മ പറഞ്ഞുവത്രെ ‘‘മോളെ നിനക്ക് ഞാൻ ഉരച്ചു മിനുക്കി എടുത്ത ഒരു മണിക്യകല്ല് ആണ് തന്നിരിക്കുന്നത്. അവന് എന്നും ഞാൻ ഒരു പരുക്കയായ കർശനക്കാരിയായ അമ്മ ആയിരുന്നു. അമ്മക്ക് എന്നോട് ഒരു സ്നേഹവും ഇല്ല എന്നു എപ്പോഴും അവൻ പറയാറുണ്ട്. അവനോടുള്ള എന്റെ സ്നേഹം മുഴുവൻ ഞാൻ മനസ്സിൽ അടക്കി വെച്ചിരിക്കുക ആയിരുന്നു. കുഞ്ഞായിരുന്നപ്പോൾ അവന്റെ അച്ഛൻ അവരെ വളരെ അധികം ലാളിച്ചിരുന്നു. അപ്പൊ സ്വാഭാവികം ആയും ഞാൻ കുറച്ചു സ്ട്രിക്ട് ആയി. പിന്നീട് അദ്ദേഹം പെട്ടന്ന് ഇല്ലാതായപ്പോൾ എന്റെ പ്രതീക്ഷ മുഴുവൻ അവനിൽ ആയിരുന്നു. വഴിതെറ്റിപോവാൻ എളുപ്പമുള്ള പ്രായം. എന്റെ പെരുമാറ്റത്തിൽ എന്റെ കുട്ടി പലപ്പോഴും വിഷമിച്ചിരുന്നു എന്നു എനിക്കറിയാം. നീയും ചെറുപ്പത്തിലേ അമ്മയും അച്ഛനും ഇല്ലാതെ വളർന്നതല്ലേ ഇനി നിങ്ങൾക്കും മക്കൾക്കും ആ സ്നേഹം മുഴുവൻ തന്നു വേണം എനിക്ക് ശിഷ്ടകാലം തീർക്കാൻ’’ എന്ന്.

അമ്മയെ കുറിച്ച് ഓർത്തപ്പോഴേക്കും രവിയുടെ കണ്ണുകൾ നിറഞ്ഞുവന്നു.

അപ്പോഴേക്കും വരി അമ്പലത്തിനുള്ളിലേക്കു പ്രവേശിച്ചിരുന്നു.

ദർശനം കഴിഞ്ഞ് ഇറങ്ങിയ രവി നേരെ പുറത്തേക്കു നടക്കുന്നതിനിടയിൽ വീണ്ടും ആ സ്ത്രീ അമ്പലത്തിന്റെ കിഴക്കേ നടയിൽ ഇരിക്കുന്നത് കണ്ടു. അതു സീതമ്മ തന്നെ അല്ലെ. വീണ്ടും രവിക്ക് സംശയം തോന്നി. ആയിരിക്കില്ല മനസ്സു പറഞ്ഞു. അവർ എന്തായാലും ഇങ്ങനെ ഒരു അവസ്ഥയിൽ ഇവിടെ വരില്ല. മാത്രവും അല്ല അവിടെ നിന്നു പോന്നതിനു ശേഷം ഒരിക്കൽ മാത്രമേ താൻ അവരെ കണ്ടിട്ടുള്ളു. അതു കൊണ്ട് വെറുതെ തോന്നിയതാവും. രവി മുന്നോട്ടു നീങ്ങി. പക്ഷേ വീണ്ടും മനസ്സു പിറകോട്ടു വലിക്കുന്നു. ഒന്നു ചോദിച്ചു പോയാൽ എന്താ രവി തിരിഞ്ഞു നോക്കിയപ്പോഴും അവർ അവിടെ തന്നെ ഇരിക്കുന്നുണ്ട്. 

പതിയെ അടുത്തു ചെന്നു രവി വിളിച്ചു ‘‘സീതമ്മെ’’

ഒരു ഞെട്ടലോടെ അവർ തലപൊക്കി നോക്കി. തന്നെ മനസ്സിലായിട്ടില്ല എന്നു നോട്ടത്തിൽ നിന്നും മനസ്സിലാക്കി.

‘ഞാൻ രവി ആണ് ഓർമ ഉണ്ടോ’

അവർ മനസ്സിലായില്ല എന്ന ഭാവത്തിൽ വീണ്ടും നോക്കി

‘‘നാട്ടിൽ പണ്ട് നിങ്ങളുടെ വീടിനടുത്ത് താമസിച്ചിരുന്ന ചന്ദ്രൻ നായരുടെയും ശാരദാമ്മയുടെയും മകൻ’’

‘‘ചന്ദ്രൻ നായർ ശാ... ആ രവിക്കുട്ടാ നീയോ. നിന്നെ കണ്ടിട്ട് എത്ര കാലമായി മോനെ

അമ്മക്ക് സുഖമാണോ മോനെ’’ അവർ ഒറ്റശ്വാസത്തിൽ ചോദിച്ചു.

അമ്മയുടെ കാര്യം പറഞ്ഞപ്പോൾ പറഞ്ഞു ‘‘ശാരദ അവൾ പവമായിരുന്നു. നല്ലവളും ആയിരുന്നു. അതുകൊണ്ടു തന്നെ സുകൃതം ചെയ്ത മരണം’’

‘‘സീതമ്മ എന്താ ഇവിടെ മധുവും മിനിചേച്ചിയോ? ആരാണ് കൂടെ വന്നത്.’’

‘‘ഞാൻ ഒറ്റക്ക്’’

‘‘അതെന്താ ഒറ്റക്ക്?’’

‘‘കുറച്ചു ദിവസം ഇവിടെ ഭജന ഇരിക്കാം എന്നു വെച്ചു വന്നതാണ്’’

എന്തോ ആ മറുപടി രവിക്ക് ശരിയാണെന്ന് തോന്നിയില്ല.

‘‘സീതമ്മ ഭക്ഷണം കഴിച്ചുവോ’’

‘‘അവിടെ ഊട്ടു പുരയിൽ തിരക്കൊഴിയട്ടെ. പിന്നെ എനിക്ക് ഇപ്പൊ വല്യേ വിശപ്പും ഇല്ല.’’

‘‘എവിടെ ആണ് താമസിക്കുന്നത്’’ 

‘‘ഇവിടെ ഒക്കെ തന്നെ.’’

തന്റെ ചോദ്യം കേട്ടിട്ടാവും അടുത്തു ഇരിന്നിരുന്ന ഒരു വൃദ്ധ പറഞ്ഞു ‘‘എന്തു ഭക്ഷണം എന്തു താമസം മോനെ, കന്നുകുട്ടികളെ കൊണ്ടുവന്നു നടതള്ളി പോകുന്ന പോലെ മക്കൾ കൊണ്ടുവന്നിട്ടുപോയ ഞങ്ങൾക്ക് ഒക്കെ’’

അവർ പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് അവരുടെ വായപൊത്താൻ ശ്രമിച്ച സീതമ്മയുടെ കൈ തട്ടി മാറ്റി അവർ പൂർത്തിയാക്കി. അവിശ്വസനിയതയോടെ അവരുടെ മുഖത്ത്‌ നോക്കിയ തന്റെ മുന്നിൽ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു അതൊരു പൊട്ടിക്കരച്ചിൽ ആയി മാറുന്നത് രവി കണ്ടു.

അവർ കരഞ്ഞു തീരുന്നത് വരെ രവി അവരുടെ കയ്യിൽ പിടിച്ചിരുന്നു.

അൽപ സമയത്തിന് ശേഷം അവർ പറഞ്ഞു തുടങ്ങി

വളരെ ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപെട്ടതിനു ശേഷം മക്കളെ സ്നേഹിച്ചു വളർത്തി നല്ല വിദ്യാഭ്യാസം നൽകിയത്. പഠനത്തിന് ശേഷം മിനിച്ചേച്ചി തനിക്ക് ഇഷ്ടപ്പെട്ട ഒരു അന്യജാതിക്കാരന്റെ ഒപ്പം ഇറങ്ങിപ്പോയത്. ആ ദേഷ്യത്തിൽ തന്റെ പേരിൽ ആയിരുന്ന വീടും പറമ്പും അപ്പോഴേക്കും അടുത്തുള്ള സ്കൂളിൽ അദ്ധ്യാപകൻ ആയിരുന്ന മധുവിന്റെ പേരിൽ അവർ എഴുതി വെച്ചു. നല്ല അന്തസ്സുള്ള ഒരു തറവാട്ടിൽ നിന്നു തന്നെ അവനെ വിവാഹവും കഴിപ്പിച്ചു. അവർക്ക് രണ്ടു കുട്ടികളും ആയി. ആദ്യം മുതലേ മധുവിന്റെ ഭാര്യക്ക് സീതമ്മയെ പിടിച്ചിരുന്നില്ല. അവർ ചെയ്യുന്നതും പറയുന്നതും ഒക്കെ കുറ്റം ആയി. 

വീട്ടിൽ എന്നും വഴക്കായി. അങ്ങനെ ഇരിക്കെ ഒരു ദിവസം മധു സ്നേഹത്തോടെ അവരെ ഗുരുവായൂരിലേക്ക് വിളിച്ച് കൊണ്ടു വന്നു. വരിയിൽ നിർത്തിയിട്ട് അമ്മ ഇവിടെ നിൽക്കൂ ഞാൻ ഒരു വെള്ള കുപ്പി വാങ്ങി വരാം എന്നു പറഞ്ഞു പോയി. കുറെ സമയം കഴിഞ്ഞിട്ടും മകനെ കാണാതെ പരിഭ്രാന്ത ആയ അവർ അതിലെ ഒക്കെ മകനെ അന്വേഷിച്ചു ഓടി നടന്നു. പിന്നീട് ആരോ പറഞ്ഞു ദേവസ്വം ഓഫിസിൽ പോയി മൈക്കിലൂടെ വിളിച്ചു പറയുക ഒക്കെ ചെയിച്ചു. പക്ഷേ ആരും വന്നില്ല. നാട്ടിലേക്ക് പോകാനാണെങ്കിൽ കയ്യിൽ പൈസയും ഇല്ല. പിന്നീട് അതിലെ അലഞ്ഞു നടക്കുന്ന സമയത്ത് ഇതേ പോലെ മക്കൾ ഉപേക്ഷിച്ചു പോയ പലരെയും കണ്ടു. ആദ്യമൊന്നും അങ്ങിനെ ആവില്ല എന്നു കരുതിയിരുന്ന അവർക്ക് പിന്നീട് മനസ്സിലായി തന്റെ പുന്നാര മകനും തന്നെ കൊണ്ട് വന്നു കണ്ണന്റെ മുന്നിൽ നടതള്ളിയത് ആണെന്ന്.

തന്റെ മുന്നിൽ ഇരുന്നു കരയുന്ന ആ നിസ്സഹായയായ സീതമ്മയുടെ കയ്യിൽ പിടിച്ചു എഴുന്നേല്പിച്ചു ‘‘അമ്മ വരു’’ എന്നു പറഞ്ഞു നടക്കാൻ മടിച്ച അവരെ തന്റെ ശരീരത്തോട് ബലമായി ചേർത്തു പിടിച്ചു നടന്നു. ബസ് കയറുമ്പോൾ രവിക്ക് ഉറപ്പായിരുന്നു സുമിക്കും സ്കൂളിൽ നിന്നു വന്നു കഥകൾ പറഞ്ഞു തരാൻ എനിക്ക് മാത്രം ഒരു അപ്പൂപ്പനും അമ്മൂമ്മയും ഇല്ല എന്നു പറഞ്ഞു സങ്കടപെടുന്ന തന്റെ മോൾക്കും സന്തോഷം മാത്രമേ ഉണ്ടാവൂ എന്ന്...

English Summary: Seethamma, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;