മകളുടെ ഓർമകളിൽ മാത്രം ജീവിക്കുന്ന ഒരമ്മ

mother-and-doughter
Representative Image. Photo Credit : George Rudy / Shutterstock.com
SHARE

ഹൃദയപൂർവം അമ്മ (കഥ)

ഇന്ന് ഉച്ചയ്ക്ക് കടയിൽ നിന്നും പഴയൊരു ശീലത്തിന്റെ ഓർമയിൽ വെറുതെ ഒരു വൈറ്റ് ചോക്ലേറ്റ് വാങ്ങി. ചോക്ലേറ്റിൽ വൈറ്റ് ചോക്ലേറ്റ് മാത്രമേ മിന്നുവിന് കൊടുക്കാവൂ എന്ന് ഡോക്ടർ അവൾക്ക് ന്യുമോണിയ വന്ന ശേഷം പറഞ്ഞിരുന്നു. വാങ്ങിയപ്പോഴേ എടുക്കാൻ തോന്നിയെങ്കിലും രാത്രി വീട്ടിൽ പോയിട്ട് എടുക്കാം എന്ന് വിചാരിച്ചു.

ജോലി കഴിഞ്ഞ് പതിവു പോലെ പാട്ടും ചെവിയിൽ വെച്ച് ട്രെയിനിൽ കയറി. സാധാരണ ഇരിക്കാറുള്ള സീറ്റിൽ ഏതോ ഒരു സ്ത്രീ ഇരിക്കുന്നു. പിന്നെ നോക്കുമ്പോൾ ഒരു ഫാമിലി ഇരിക്കുന്നത് കണ്ടപ്പോൾ അവിടെ ചെന്നിരുന്നു. ഭാര്യയും ഭർത്താവും അവരുടെ ഏകദേശം എട്ട് വയസ് തോന്നിക്കുന്ന മകളും. 

ഞാൻ ബാഗിൽ നിന്നും മൊബൈൽ എടുത്തപ്പോൾ അതിൽ മിന്നുവിന്റെ ഫോട്ടോ കണ്ടിട്ടാവണം ആ സ്ത്രീ സൂക്ഷിച്ച് നോക്കുന്നത് കണ്ടു.

എല്ലാവരും വളരെ സന്തോഷത്തിലാണ്. സെൽഫി എത്ര എടുത്തും മതിയാകുന്നില്ല. അവർ അച്ഛന്റെ ജോലിസ്ഥലം കാണാൻ, നാട്ടിൽ നിന്നും വന്നവർ ആണെന്ന് മനസിലായി. വാ തോരാതെ കാഴ്ചകളെക്കുറിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.

വിജനമായ ഗോതമ്പു പാടങ്ങൾക്ക് ഇടയിലൂടെ പോകുന്ന ആ ട്രെയിനിൽ അവർക്ക് രസകരമായി ഒന്നും കാണാൻ ഇല്ല, എന്നിട്ടും അദ്ഭുതത്തോടെ പുറത്തേക്ക് തന്നെ നോക്കുന്നു.

ഞാൻ ചോദിച്ചു, മോളുടെ പേരെന്താ ? 

‘‘അനാമിക’’

ഏത് ക്ലാസിൽ ആണ് ? 

‘‘ മൂന്നാം ക്ലാസിൽ’’ 

ഏത് സ്കൂളിൽ ? 

അവ്യക്തമായ ഏതോ പേര് പറഞ്ഞു.

എവിടെയാ സ്ക്കൂൾ ? 

‘‘കേരളത്തിൽ’’

ക്ലാസില്ലെ ഇപ്പോൾ? 

‘‘ഞങ്ങൾ രണ്ടാഴ്ചത്തെ ലീവ് എടുത്ത് വന്നതാ’’

ആൻറിക്കും ഒരു മോളുണ്ട്, നാലാം ക്ലാസിലാണ്.

ഉടൻ ആ അമ്മ ഫോണിലേക്ക് നോക്കിയിട്ട് ചോദിച്ചു ഇതാണോ മോള്?

ഞാൻ അതെ എന്നർത്ഥത്തിൽ തലയാട്ടി. വർത്തമാനം മുറുകി പരിചയപ്പെട്ട് വന്നപ്പോൾ അവർ ചെർപ്പുളശ്ശേരിയിൽ നിന്നാണ്.. അടുത്ത നാട്ടുകാർ! 

ഇതിനിടയിൽ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തി. 

പെട്ടെന്നാണ് ഉച്ചയ്ക്ക് വാങ്ങിയ ചോക്ലേറ്റ് ഓർമ വന്നത്.. അത് അനാമികയ്ക്ക് നേരെ നീട്ടി. യാതൊരു പരിചയക്കുറവും ഇല്ലാതെ അവൾ അത് വാങ്ങി, ഉടൻ അമ്മയോട് തുറന്ന് തരാൻ പറഞ്ഞു.

അവളുടെ കുഞ്ഞു വാശികൾ കണ്ടപ്പോൾ അത് മിന്നു അല്ലെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല ... പിന്നീട് ഉണ്ടായ കാര്യങ്ങൾ വർഷങ്ങളായി ഞാൻ മിന്നുവിനോട് പറയാറുള്ളതു തന്നെ.. 

ആ അമ്മയും പറയുന്നു,

‘‘ആന്റിയോട് താങ്ക്സ് പറ’’ 

അവൾ പറയാൻ വന്നപ്പോഴേക്കും സ്റ്റേഷനിൽ ഇറങ്ങി ഞാൻ ഏതോ ചിന്തയിൽ നടന്നു തുടങ്ങിയിരുന്നു. നന്ദി വാക്ക് അല്ലല്ലോ ഞാൻ ആ കുഞ്ഞിൽ നിന്നും പ്രതീക്ഷിച്ചത്. അവളുടെ ചിരി മാത്രം... അത് എനിക്ക് കിട്ടി... 

സ്റ്റേഷനിൽ തിടുക്കപ്പെട്ട് ഇറങ്ങുമ്പോഴും പിന്നിൽ നിന്നും പറയുന്നത് കേൾക്കാം. ‘‘ആന്റിയോട് താങ്ക്സ് പറ. നിന്നോട് ഞാൻ എത്ര പറഞ്ഞതാ അങ്ങനെ വേണം എന്ന് ...’’ 

 ഞാൻ എന്റെ മോളോടും എപ്പോഴും പറയാറുണ്ട്, താങ്ക്സ് പറയാൻ . അങ്ങനെയാണല്ലോ കുഞ്ഞുങ്ങൾ. അവർക്ക് ഇഷ്ടമുള്ള സാധനം കൈയ്യിൽ കിട്ടിയാൽ പിന്നെ ഒന്നും ഓർമ കാണില്ല. അവർ എത്ര നിഷ്ക്കളങ്കരാണ്!

‘‘അനാമികയിൽ എന്റെ പ്രാണനായ മോളുടെ എന്തോ ഒരു സാന്നിധ്യം അനുഭവപ്പെടുന്ന പോലെ. അവൾ എന്നെ വിട്ടകന്ന് വർഷങ്ങളായെങ്കിലും’’

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് നടന്നകലുമ്പോഴും പിന്നിൽ നിന്നും ആ കുട്ടി ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു, താങ്ക്യൂ ആന്റി എന്നായിരിക്കാം, എന്തോ ഞാൻ കേട്ടതു ‘‘താങ്ക്യൂ അമ്മ’’ എന്നായിരുന്നു!

English Summary: Hridayapoorvam Amma, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;