ADVERTISEMENT

മഹാവ്യാധിയും വയോധികനും (ചെറുകഥ) 

 

മനസ്സിലേറെ ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, കൂടെ ഉണ്ടായിരുന്ന പോലീസ് വേഷധാരികളോട് എന്തെങ്കിലും ചോദിക്കാൻ ഉള്ളിൽ  പുകഞ്ഞു കൊണ്ടിരുന്ന ഭയം അയാളെ അനുവദിച്ചില്ല. 

 

നീണ്ടു നരച്ച തന്റെ താടി രോമങ്ങൾക്കിടയിൽ പരിഭ്രാന്തിയോടെ വിരലോടിച്ചു കൊണ്ട് ആ ഓടുന്ന പോലീസ് വാഹനത്തിൽ അയാൾ ഇരുന്നു, തലയുടെ മുക്കാൽ ഭാഗവും കയ്യേറിയ കഷണ്ടിയിൽ പതിവിലും ഏറെ വിയർപ്പു തുള്ളികൾ പൊടിയുന്നുണ്ടായിരുന്നു...

 

കൂടെയുള്ളവരെല്ലാം പോലീസ് വേഷധാരികളല്ല, അല്ലാത്തവരും ഉണ്ട്,  പക്ഷേ എല്ലാവരും ആശുപത്രിയിൽ ഡോക്ടർമാർ മാത്രമുപയോഗിച്ച് കണ്ടിരുന്ന തരം മുഖം മൂടിയുപയോഗിച്ചു മുഖം മറച്ചിരുന്നു.

 

സ്ഥിരമായി കിടന്നുറങ്ങാറുള്ള കടയുടെ തിണ്ണയിൽ നിന്നുമായിരുന്നു അവർ അയാളെ  കൂട്ടിക്കൊണ്ട് പോയി വണ്ടിയിൽ കയറ്റിയത്... ബലം പ്രയോഗിച്ചിരുന്നില്ല... എന്തൊക്കെയോ ചോദിച്ചിരുന്നു....

അവരു ധരിച്ചിരുന്ന മുഖംമൂടി കാരണമാണോ അതോ ചെവി അല്പം പതുക്കെ ആയതിനാലാണോ എന്നറിയില്ല ഒന്നും വ്യക്തമായില്ല. 

 

വീട് വിട്ടിറങ്ങിയശേഷം നാളിന്നോളം താമസം അവരിപ്പോ കൂട്ടിക്കൊണ്ട് വന്ന ആ കടത്തിണ്ണയിലായിരുന്നു.

 

നെഞ്ചിലെ ചൂട് കൊടുത്തു വളർത്തിയവർക്കു ചോരയും നീരും വറ്റിത്തുടങ്ങിയ തന്റെ ശരീരം ഒരു ഭാരമായി തുടങ്ങി എന്ന തിരിച്ചറിവ് കിട്ടിത്തുടങ്ങിയപ്പോളായിരുന്നു വീട് വിട്ടിറങ്ങിയത്....

 

കയ്യിൽ നീക്കിയിരിപ്പായി ഉണ്ടായിരുന്ന കുറച്ചു പൈസ വണ്ടിക്കൂലിക്കും കുറച്ചു ദിവസത്തെ ഭക്ഷണത്തിനും തികഞ്ഞു. ഒടുവിൽ എത്തിപ്പെട്ടത് ആ ഇടത്തരം പട്ടണത്തിലെ ചെറു കവലയിലായിരുന്നു.  

 

പതിവായി കണ്ട് തുടങ്ങിയപ്പോൾ പരിസരവാസികൾക്കെല്ലാം അയാൾ  പരിചിതനായി മാറി. എന്നിരുന്നാലും എവിടുന്നു വന്നു എന്നോ എന്താണ് പേര് എന്നോ പലർക്കും അപ്പോളും അറിയില്ലായിരുന്നു.

 

നിരുപദ്രവകാരിയായ, എന്നാൽ അപ്പപ്പോൾ ഉപകാരിയായ ഒരു സാധു വൃദ്ധൻ - അതായിരുന്നു പലരും അയാൾക്ക്‌ നൽകിയിരുന്ന നിർവചനം.  

 

അയാൾ ആരോടും സംസാരിക്കാൻ നിൽക്കാറില്ലായിരുന്നു, നേരമില്ലാതെ ചീറിപ്പായുന്ന നഗര ജീവിതങ്ങൾക്ക് നടുവിൽ അയാൾ നിശ്ശബ്ദനായ ഏകാകിയായി ഇരുന്നു.

 

പകൽ മിക്കവാറും വാസുവേട്ടന്റെ കടയിലും പരിസരത്തും ആയിട്ടായിരുന്നു അയാൾ സമയം കഴിക്കാറ്....

 

വാസുവേട്ടൻ - ഒരു പല ചരക്കു കടയും ചായക്കടയും ഒന്നിച്ചു നടത്തുന്നു,  നാട്ടുകാർ എല്ലാം അയാളെ ‘വാസുവേട്ടാ’ എന്നായിരുന്നു വിളിച്ചിരുന്നത്...

തന്നെക്കാൾ പ്രായം കുറവാണെങ്കിലും അയാളും വാസുവേട്ടാ എന്ന് തന്നെ വിളിച്ചു.... 

 

പലപ്പോളും ആഹാരം വാസുവേട്ടന്റെ ഔദാര്യമായിരുന്നു. അല്ലാത്തപ്പോൾ അടുത്ത ക്ഷേത്രത്തിലെ അന്നദാന പുരയിലും. 

 

വാസുവേട്ടന്റെ കടയിൽ വരുത്തിയിരുന്ന ദിന പത്രങ്ങളിലെല്ലാം തന്റെ ചിത്രം ‘കാണ്മാനില്ല’ എന്ന അടിക്കുറിപ്പോടെ വന്നിട്ടുണ്ടോ എന്ന് അയാൾ ആശയോടെ നോക്കുമായിരുന്നു...

 

രാത്രി വാസുവേട്ടൻ കടയടച്ചാൽ അയാൾ ആ തിണ്ണയിൽ കിടക്കുമായിരുന്നു അത്താഴം മിക്കവാറും പതിവില്ലായിരുന്നു, കട അടയ്ക്കുന്നതിന് മുൻപ് വാസുവേട്ടൻ വല്ലതും കൊടുത്താൽ നിരാകരിക്കാതെ അയാൾ അത് വാങ്ങി കഴിക്കുമായിരുന്നു....  

 

യൗവ്വനം നശിച്ചു വാർദ്ധക്യത്തെ മനസാ വരിച്ച അയാളെ സുന്ദരിയായ നിദ്രാ ദേവി അവഗണിക്കുന്നത് പതിവായിരുന്നു. ഉറക്കമില്ലാതെ ഓർമകളുടെ തീച്ചൂളയിൽ ഒരുപാടു രാത്രികൾ അയാൾ സ്വയം ഹോമിച്ചു.  

 

ചെയ്യുന്ന ജോലിക്ക് കാര്യമായ മെച്ചം ഒന്നും തടയാത്തതു കൊണ്ട് കൊതുകുകളും ആ വഴി അയാളെ തേടി വരാറില്ലായിരുന്നു.

 

മദ്യാസക്തിയിൽ, ശബ്ദം കൂടിയ ബൈക്കുകളിൽ ബഹളം വച്ച് നടന്നിരുന്ന യുവാക്കൾ, ഉറക്കമില്ലാത്ത രാത്രികളിൽ  അയാൾക്കൊരു സ്ഥിരം കാഴ്ചയായിരുന്നു.

 

വാസുവേട്ടൻ കട തുറക്കാത്ത ദിവസങ്ങളിൽ അയാൾ മിക്കവാറും പട്ടിണിയായിരുന്നു, അല്ലെങ്കിൽ ക്ഷേത്രത്തിലെ അന്നദാന പുരയിൽ പോയായിരുന്നു ആ ദിവസങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനെങ്കിലും അയാൾ വക കണ്ടിരുന്നത്. 

 

കാര്യങ്ങൾ എന്നു തൊട്ടാണ് മാറിത്തുടങ്ങിയത് എന്ന് അയാൾക്ക്‌ കൃത്യമായി ഓർമയില്ല...

 

വാസുവേട്ടൻ കട തുറന്നിട്ടിപ്പോൾ രണ്ടു ദിവസം ആയിരിക്കുന്നു.

 

സാധാരണ ഗതിയിൽ വാസുവേട്ടൻ കട തുറക്കാൻ ഇത്തിരി വൈകിയാൽ പോലും കടയ്ക്കു മുന്നിൽ വന്നു നിന്ന് കാത്തു നിൽക്കുകയും ബഹളം വെക്കുകയും ചെയ്യുന്നവരെയും കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ല.

 

കവലയിൽ ഇഞ്ചോടിഞ്ചു പോരാടിക്കൊണ്ടും വലിയ വായയിൽ ഹോൺ അടിച്ചു കൊണ്ടും മുന്നേറാൻ ശ്രമിക്കുന്ന ശീതീകരിച്ച വാഹനങ്ങളുടെ ബാഹുല്യമില്ല.

 

രാത്രിയിൽ ബൈക്കുകളുടെ ശബ്ദമില്ല, മദ്യലഹരിയിൽ സാമൂഹിക ആവാസവ്യവസ്ഥയെ വെല്ലു വിളിക്കുന്ന യൗവ്വനങ്ങളില്ല...  

 

അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളും, അങ്ങിങ്ങായി പാറി നടക്കുന്ന പക്ഷികളും മരങ്ങളും കെട്ടിടങ്ങളും ഇലക്ട്രിക് പോസ്റ്റുകളും എല്ലാം ഉണ്ട് പക്ഷേ ഇതിനെയെല്ലാം കയ്യടക്കി വാണിരുന്ന മനുഷ്യൻ മാത്രം എവിടെയോ പോയ്‌ മറഞ്ഞിരിക്കുന്നു.

 

ഇടയ്ക്കെപ്പോളോ പല വ്യഞ്ജനങ്ങൾ നിറച്ച സഞ്ചിയുമായി രണ്ടു പേർ ആ വഴി വന്നു. പക്ഷേ ആരാണെന്നു തിരിച്ചറിയാൻ വയ്യാത്ത വിധം അവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു.

 

അവരുടെ അടുത്തേക്ക് ചെന്നപ്പോൾ, അകാരണമായ ഭയത്തോടെ അവർ ഓടിയകന്നു! തന്റെ ഈ മുഷിഞ്ഞ വേഷവും താടിയും ഒക്കെ കണ്ടിട്ടാകുമോ എന്നയാൾ സംശയിച്ചു.

 

തലേ ദിവസം ഊണും അത്താഴവും കഴിച്ചിരുന്നില്ല. വിശപ്പ്‌ അസഹനീയമായി തുടങ്ങിയപ്പോൾ കരുണാമയനായ ഈശ്വരനെ വിളിച്ച് അയാൾ ഉള്ളുരുകി കരഞ്ഞു.

 

തന്റെ ആശങ്കകളുടെ ഭാണ്ഡക്കെട്ടുമായി അയാൾ ക്ഷേത്രത്തിലെ അന്നദാന പുര ലക്ഷ്യമാക്കി നടന്നു.

 

പതിവില്ലാത്ത വിധം ക്ഷേത്രത്തിലും ആളനക്കമില്ല.

 

അന്നദാന പുരയും ക്ഷേത്ര ഗോപുരവും പോലും അടച്ചിരിക്കുന്നു!

 

ഏഴു ദശാബ്ദത്തിലേറെ നീണ്ട തന്റെ പുരുഷായുസ്സിൽ കാണാത്ത,   കഴിഞ്ഞ രണ്ടു  ദിവസങ്ങളിൽ കണ്ട അസാധാരണതയുടെ അർഥങ്ങൾ തിരിച്ചറിയാനാകാതെ ആ വൃദ്ധൻ നിന്നു...

 

പബ്ലിക് പൈപ്പിലെ പച്ച വെള്ളം കുടിച്ചപ്പോൾ ആമാശയത്തിൽ കത്തികൊണ്ടിരുന്ന തീയിൽ പുകപടലങ്ങൾ സൃഷ്ടിക്കപ്പെട്ടതായി അയാൾക്ക്‌ തോന്നി.

 

വേച്ചു വേച്ചു കടത്തിണ്ണയിൽ എത്തിയപ്പോളേക്കും കാഴ്ച മങ്ങി തുടങ്ങിയിരുന്നു, ചെവിയുടെ പിൻഭാഗം ചൂട് പിടിച്ചു തുടങ്ങിയിരുന്നു. കീഴ്ത്താടി കിടു കിടാ വിറയ്ക്കുന്നുണ്ടായിരുന്നു. 

 

ആരോ, നല്ല ഖനമുള്ള ഒരു വടി കൊണ്ട് തട്ടി വിളിച്ചപ്പോളാണ് അയാൾ ഉണർന്നത്. കണ്ണ് തുറന്നു നോക്കിയപ്പോൾ, വടിയല്ല പോലീസ് ലാത്തിയാണ്. ഏതാനും പോലീസ് വസ്ത്ര ധാരികളും പൊതു പ്രവർത്തകർ എന്ന് തോന്നിക്കുന്ന ചിലരും ആയിരുന്നു അത്. എല്ലാവരും ഡോക്ടർമാരുടേതിന് സമാനമായ മുഖം മൂടികൾ ധരിച്ചിട്ടുണ്ടായിരുന്നു.

 

ഒരു ചെറിയ കളിത്തോക്കു പോലെ എന്തോ അവർ അയാളുടെ നെറ്റിയുടെ ഇടതു വശത്തേക്ക് ചൂണ്ടി എന്തൊക്കെയോ പരിശോധിച്ചു.

 

അയാൾ ചോദിക്കാതെ തന്നെ അവർ അയാൾക്ക്‌ കുടിക്കാൻ വെള്ളവും കഴിക്കാൻ ബണ്ണും കൊടുത്തു. 

 

നല്ല സുഗന്ധമുള്ള ഒരു കൊഴുത്ത ദ്രാവകം അയാളുടെ കൈവെള്ളയിലേക്ക് ഏതാനും തുള്ളികൾ അവർ ഇറ്റിച്ചു, എന്നിട്ട് കൈകൾ കൂട്ടി തിരുമ്മുവാൻ പറഞ്ഞു.

 

അയാൾ കൈകൾ കൂട്ടിത്തിരുമ്മി. അയാൾക്ക്‌ കയ്യിൽ ഒരു കുളിർമ അനുഭവപ്പെട്ടു. ഞൊടിയിട കൊണ്ട് ആ ദ്രാവകം അപ്രത്യക്ഷമായത് അയാൾ അത്ഭുതത്തോടെ നോക്കി. എന്നിരുന്നാലും ആ കുളിർമയും സുഗന്ധവും അപ്പോളും ഉണ്ടായിരുന്നു.

 

അതിനു ശേഷമായിരുന്നു അവർ ആ പോലീസ് വാഹനത്തിൽ അയാളെ കൂടെ കൂട്ടിയത്.

 

ആ വാഹനത്തിലെ, രണ്ടു പേർക്കിരിക്കാവുന്ന സീറ്റുകളിലെല്ലാം തന്നെ ഓരോരുത്തർ മാത്രം ഇരിക്കുന്നത് എന്താണെന്ന് അയാൾ അത്ഭുതത്തോടെ ചിന്തിച്ചു. അയാളുടെ തൊട്ടടുത്തുള്ള സീറ്റും കാലിയായിരുന്നു.      

 

കരിനീല നിറത്തിലുള്ള ആ വാഹനത്തിന്റെ ജാലകങ്ങളെല്ലാം കോഴിക്കൂടുപോലെ കമ്പികൾ വച്ച് മറച്ചതായിരുന്നതിനാൽ പുറം കാഴ്ചകൾ വ്യക്തമായിരുന്നില്ല. എന്നിരുന്നാലും സഞ്ചരിച്ച വഴികളിലെ വിജനത അയാൾ തിരിച്ചറിഞ്ഞു.

 

ആ യാത്ര അവസാനിച്ചത് ഒരു ബഹു നില കെട്ടിടത്തിന്റെ മുൻപിലായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു ആശുപത്രിയാണെന്നു മനസ്സിലായി.

 

അവിടെ എല്ലാവരും ആകാശ നീല നിറമുള്ള വസ്ത്രങ്ങളും അതേ നിറത്തിലുള്ള മുഖം മൂടികളുമായിരുന്നു ധരിച്ചിരുന്നത്, കൈകളിൽ വെളുത്ത കയ്യുറകൾ ധരിച്ചിരുന്നു.

 

വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ, അയാളെ  അകത്തേക്ക് ആനയിക്കാൻ ഒരു പാട് പേർ കാത്തു നിൽക്കുന്നതായി അയാൾക്ക്‌ തോന്നി.

 

അയാളിൽ നിന്നും ഒരു നിശ്ചിത ദൂരം സൂക്ഷിച്ചു, അയാൾക്ക്‌ അകമ്പടിയായി, അയാൾക്ക്‌ ചുറ്റും ഒരു വലയം തീർത്തു കൊണ്ട്  കുറെ പേർ അയാളെ ഒരു രാജാവ് കണക്കെ അകത്തേക്കാനയിച്ചു.പണ്ടെങ്ങോ കണ്ട ശിവാജി ഗണേശൻ സിനിമയിലെ രാജാപ്പാട് രംഗം അയാൾക്ക് ഓർമ്മ വന്നു.

 

ആകാശ നീല നിറത്തിലുള്ള വസ്ത്രങ്ങൾ അയാൾക്കും ലഭിച്ചു. ഏറെ നാളുകൾക്കു ശേഷം ദുർഗന്ധമില്ലാത്ത, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചപ്പോൾ അയാൾക്ക്‌ ഇക്കിളി തോന്നി. അലക്കിത്തേച്ച വസ്ത്രങ്ങളുടെ പ്രസന്ന ഗന്ധം അയാളെ മരിച്ചു പോയ ഭാര്യയെ ചെറുതല്ലാത്ത വിധമോർമ്മിപ്പിച്ചു.

 

അയാൾക്ക് സ്വന്തമായി ഒരു മുറി നൽകപ്പെട്ടു, വൃത്തിയും വെടിപ്പും, വെളിച്ചവും, ഫാനും,  അയാൾക്ക്‌ മാത്രം ഉപയോഗിക്കാനുള്ള ശൗചാലയവും ആ മുറിയിൽ ഉണ്ടായിരുന്നു. മുറിയുടെ ചില്ലു വാതിലിലൂടെ നോക്കിയാൽ ഇടനാഴിയിലെ ചുവരിൽ ഘടിപ്പിച്ച ടെലിവിഷൻ അയാൾക്ക്‌ കാണാമായിരുന്നു.

 

സമയം തെറ്റാതെ ഭക്ഷണം എല്ലാ ദിവസവും അയാൾക്ക്‌ ലഭിച്ചു തുടങ്ങി,  അയാളുടെ മുറിയും ചുറ്റുവട്ടവും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കപ്പെട്ടിരുന്നു.

 

തനിക്കു ചുറ്റും എന്ത് മായയാണ് നടക്കുന്നതെന്നറിയാതെ ആ സാധു വൃദ്ധൻ സർവ ശക്തനായ പ്രപഞ്ച സ്രഷ്ടാവിനോട് ഈറനണിഞ്ഞ മിഴികളോടെ നന്ദി പറഞ്ഞു. പലപ്പോളും അതൊരു സ്വപ്നമല്ല എന്നുറപ്പിക്കാൻ അയാൾ സ്വന്തം കൈത്തണ്ടയിൽ നുള്ളി നോക്കി. 

 

കൊടി വച്ച കാറുകളിൽ, അലക്കിത്തേച്ച വസ്ത്രങ്ങളുമണിഞ്ഞു ചിലർ അയാളെ കാണാൻ വന്നു, അവരും മുഖം മൂടികൾ ധരിച്ചിരുന്നു. അവർക്കു പിറകിലായി ക്യാമറയും മൈക്കും പിടിച്ച ഒരു സംഘം തിക്കി തിരക്കുന്നുണ്ടായിരുന്നു. അവരാരും മുറിക്കുള്ളിലേക്ക് വന്നിരുന്നില്ല,  പുറമെ നിന്ന് കൊണ്ട് ചില്ലു വാതിലിലൂടെ അയാളെ അവർ നോക്കി കണ്ടു. 

 

കാഴ്ച ബംഗ്ലാവിൽ തളയ്ക്കപ്പെട്ട ഒരു വന്യ മൃഗത്തെ ഇടയ്ക്കൊക്കെ അയാൾക്ക്‌ ഓർമ വന്നു.  

 

പുറത്തു കൂടി നിൽക്കുന്നവരിൽ തന്റെ മക്കളോ കൊച്ചുമക്കളോ ഉണ്ടോ എന്ന് എപ്പോളും അയാൾ നോക്കുമായിരുന്നു.

 

താൻ ജന്മം നല്കിയവരല്ലായിരുന്നിട്ടു പോലും തനിക്കുള്ള ഭക്ഷണവും മരുന്നുമായി ആ ചില്ലു വാതിലും തുറന്നു വരുന്ന പെൺകുട്ടികളെ അയാൾ വാത്സല്യത്തോടെ നോക്കുമായിരുന്നു. അവർ അയാളോട് സംസാരിക്കുമായിരുന്നു. അയാളെ വസ്ത്രം മാറാൻ സഹായിക്കുമായിരുന്നു. ഞരമ്പിലേക്കവർ സൂചിമുന കുത്തിയിറക്കുമ്പോളുള്ള  വേദന അയാളെ ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല.

 

സ്നേഹപൂർവ്വം അവർ അയാളോട് സംസാരിച്ചിരുന്നതെല്ലാം, എത്ര കാതോർത്തിട്ടും അവ്യക്തങ്ങളായ ചില ശബ്ദങ്ങളായി മാത്രമേ പലപ്പോളും അയാൾക്ക്‌ കേൾക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എപ്പോളും മുഖം മൂടി ധരിച്ചിരുന്നതിനാൽ അവരുടെ ആരുടേയും മുഖം അയാൾക്ക്‌ കാണാൻ കഴിഞ്ഞിരുന്നില്ല, എന്നിരുന്നാലും അവരുടെ  കണ്ണുകളിൽ പ്രതിഫലിച്ചിരുന്ന ഹൃദയം നിറഞ്ഞ ചിരി അയാൾക്ക് എപ്പോളും കാണാമായിരുന്നു.  

 

ഇടയ്ക്ക് വല്ലപ്പോളും പുറത്തിറങ്ങുമ്പോൾ, അടുത്തുള്ള മുറികളിലെ അന്തേവാസികളെ അവരുടെ ചില്ലുവാതിലുകളിലൂടെ അയാൾ നോക്കിക്കണ്ടു. പല രൂപത്തിലും പ്രായത്തിലും ഉള്ള മനുഷ്യർ, ചിലർ സുന്ദരർ, ചിലർ വിരൂപർ, ചിലർ ചെറുപ്പക്കാർ, ചിലർ വയോധികർ... പക്ഷേ എല്ലാവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു, ഒരേ ചര്യയിലുള്ള ജീവിതം ജീവിക്കുന്നു, തിരക്കില്ല , വിദ്വേഷമില്ല, മത്സരമില്ല,  വിവേചനമില്ല.

 

ഓണക്കാലത്തിന്റെ ഓർമകളുണർത്തുന്ന ചില വരികൾ ആകസ്മികമായി അപ്പോളൊക്കെ അയാളുടെ മനസ്സിൽ തികട്ടിവന്നു.

 

പതിവില്ലാത്ത വിധം ചുമയും ശ്വാസം മുട്ടലും ചില ദിവസങ്ങളിൽ ഒക്കെ അയാളെ അലട്ടിയിരുന്നു. അല്ലാത്ത ദിവസങ്ങളിൽ അയാൾ തനിയെ  ഉരുത്തിരിഞ്ഞു വന്ന ആ സുരക്ഷിതത്വത്തിന്റെ തണലിൽ ജഗദീശ്വരനെ സ്‌മരിച്ചു കൊണ്ട് സുഖമായി ഉറങ്ങി.  

 

ദിവസങ്ങളും ആഴ്ചകളും കടന്നുപോകുന്നതിനിടെ, ഇടയ്ക്കൊക്കെ അടുത്ത മുറികളിലെ അന്തേവാസികളിൽ ചിലർ പുറത്തേക്കിറങ്ങി പോകുന്നത് അയാൾ കണ്ടു.

 

അത്രയും നാൾ ധരിച്ചിരുന്ന ആകാശ നീലനിറമുള്ള വസ്ത്രത്തിനു പകരം  അവർ സാധാരണ വസ്ത്രം ധരിച്ചിരുന്നു.

 

അവരുടെയൊക്കെ കുടുംബാംഗങ്ങൾ എന്ന് തോന്നിക്കുന്ന വിധത്തിൽ ചിലർ വന്ന് ആലിംഗന ബദ്ധരായി കണ്ണീർ പൊഴിക്കുന്നതും അയാൾ ആ ചില്ലു വാതിലിലൂടെ കണ്ടു.

 

ഒരു പക്ഷേ തന്നെ പോലെ ഒരുകാലത്തു ഉപേക്ഷിക്കപ്പെട്ടവരായിരിക്കുമോ അവരും എന്നയാൾ ചിന്തിച്ചു. താനും അവരും ഇത്രയും നാൾ ആ ചില്ലു വാതിലുകൾക്കുള്ളിൽ എന്തിനു കഴിഞ്ഞു എന്നുള്ളത് അയാൾക്ക്‌ അപ്പോളും അജ്ഞാതമായിരുന്നു.

 

അനാഥത്വത്തിന്റെ നൊമ്പരങ്ങൾക്കപ്പുറം സനാഥത്വത്തിനു വേണ്ടിയുള്ള  ത്വരയായിയിരുന്നു അപ്പോളെല്ലാം അയാളെ വരിഞ്ഞു മുറുക്കിയിരുന്നത്...

 

ജാലകത്തിന്റെ കമ്പികളിൽ പിടിച്ചു കൊണ്ട് അയാൾ പുറത്തേക്കു നോക്കി നിന്നു...

 

ആൾനടമാറ്റം കുറവുള്ള വഴിയിൽ കണ്ണും നട്ട് അയാൾ നിന്നു...  

 

പരിചയമുള്ള ഒരു മുഖത്തിനായി എപ്പോളുമെന്ന പോലെഅയാളുടെ കണ്ണുകൾ പരതികൊണ്ടേയിരുന്നു. കുഴിഞ്ഞ കണ്ണുകളിൽ നിന്നും അറിയാതെ അടർന്നു വീണ വേദനയുടെ കണങ്ങൾ ജാലകക്കമ്പികളെ മുത്തമിട്ടു നിന്നു.

 

അപ്പോൾ ഇടനാഴിയിലെ ഭിത്തിയിൽ ഘടിപ്പിച്ച ടെലിവിഷനിലിരുന്നു ഒരു വെളുത്തു മെലിഞ്ഞ പെൺകൊച്ചു പാടുന്നുണ്ടായിരുന്നു - 

 

‘‘വരുവാനില്ലാരുമീ വിജനമാം

എൻവഴിക്കറിയാം, 

അതിന്നാലുമെന്നും...

പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ 

വെറുതെ മോഹിക്കാറുണ്ടല്ലോ...

ഞാനെന്നും വെറുതെ മോഹിക്കാറുണ്ടല്ലോ...’’

 

English Summary: Mahavyadhiyum Vridhanum, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com