ADVERTISEMENT

സച്ചിനും ധോണിയും (കഥ)     

ഐപിഎല്ലിലെ ഈ വർഷത്തെ ഫൈനലായിരുന്നു ഇന്നലെ. ചെന്നൈയും മുംബൈയും തമ്മിലായിരുന്നു കളി. സ്കൂൾ വിട്ട് പോകുമ്പോൾ അമൃതേഷിന്റെ മുഖത്തേക്ക് മുഖം ചേർത്തു വച്ചാണ് അവൻ ആ വാക്കുകൾ പറഞ്ഞത്.

‘നാളെ ഞങ്ങള് തോറ്റാ പിന്നെ ജ്ജ് ന്നെ നോക്കണ്ട’

ഷഹീറിന്റെ മനസ്സ് മുഴുവൻ ആധിയായിരുന്നു. ഒരു തരം തീ അവന്റെ മനസ്സിനുള്ളിൽ കത്താൻ തുടങ്ങി. അമൃതേഷ് അവന്റെ ചിരവൈരിയല്ല ബദ്ധശത്രുവുമല്ല. ‘ദ മോസ്റ്റ് ഇൻഫ്ലുവന്‍സ്ഡ് മാൻ ഇൻ മൈ ലൈഫ്’  എന്നാണ് ഷഹീറിനെക്കുറിച്ച് അമൃതേഷ് പറയാറുള്ളത്. അവന് അത്രയ്ക്ക് പ്രിയപ്പെട്ടവനാണ് ഷഹീർ. പക്ഷേ എല്ലാ സൗഹൃദങ്ങളേയും പോലെയല്ല അവരുടെ രണ്ട് പേരുടെയും സൗഹൃദം.

അമൃതേഷ് ഇടയ്ക്കിടക്ക് മുംബൈ ഇന്ത്യൻസിനെപ്പറ്റി പറയും    അപ്പോഴൊക്കെ ഷഹീർ ചെന്നൈ സൂപ്പര്‍ കിങ്സിനെ മുംബൈ ഇന്ത്യൻസിനേക്കാൾ ഉയരത്തിൽ കയറ്റി വയ്ക്കാൻ ശ്രമിക്കും. അതിന്റെ അവസാനമെല്ലാം അടിയിലാണ് കലാശിക്കുക. അടി എന്ന് പറഞ്ഞാൽ അവർ രണ്ട് പേരും തമ്മിലല്ല; ഒറ്റയ്ക്ക്. അമൃതേഷ് ഷഹീറിനെ തല്ലും ആരും പിടിച്ചു മാറ്റാനൊന്നും ശ്രമിക്കില്ല. കാരണം അവരുടെ ലോകത്തേക്ക് അനുവാദമില്ലാതെ ആരെങ്കിലും പ്രവേശിച്ചാല്‍ അമൃതേഷ് ഇടിക്കും ഇടിച്ച് ഇഞ്ചപ്പരുവമാക്കും.

ഷഹീർ ചെന്നൈയും അമൃതേഷ് മുംബൈയും ആകാൻ ഒരു കാരണമുണ്ട്. ഒരു വലിയ കാരണം. എന്തെന്നാൽ അമൃതേഷ് സച്ചിൻ ആരാധകനാണ് ഷഹീർ ധോണി ആരാധകനും. അതിന്റെ ബാക്കിയാണ് ചെന്നൈയും മുംബൈയുമെല്ലാം. ക്ലാസില്‍ തീരുന്നതല്ല ഈ അടിപിടിയൊന്നും. പിടി പിരീഡ് അത് മൂർച്ഛിക്കും.

എംആർഎഫിന്റെ ബാറ്റ് കൊണ്ട് ക്ലാസ്സിക് ഷോട്ടടിച്ച് താൻ ജൂനിയർ സച്ചിനാണെന്ന് അമൃതേഷ് വീമ്പിളക്കുമ്പോൾ എംഎസ്‌ഡിയെന്ന് എഴുതിയ മങ്കൂസ് ബാറ്റ് കൊണ്ട് സിക്സറടിച്ച് കളി ഫിനിഷ് ചെയ്താണ് ഷഹീർ മറുപടി പറയുക. ചുരുക്കത്തിൽ രണ്ട് പേരും നല്ല ബാറ്റ്സ്മാന്മാരാണ്. പക്ഷേ ഒന്ന് പറയാതിരിക്കാൻ വയ്യ. രണ്ട് പേരും ഭയങ്കര സ്വാർത്ഥന്മാരാണ്. നോൺ സ്ട്രൈക്ക് എന്റിലുള്ള ബാറ്റ്സ്മാന് സിംഗിൾ ഇട്ടുകൊടുക്കുന്ന ശീലം രണ്ട് പേർക്കും പണ്ട് മുതലേ ഇല്ല.

ഒരിക്കൽ ഏതോ ഒരു ദുർബല നിമിഷത്തെ അമളി കാരണം അമൃതേഷിന് ഒരു വെല്ലുവിളി ഏറ്റെടുക്കേണ്ടിവന്നു.അവനായിരുന്നു ക്ലാസ്‌ ലീഡർ. അതിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ അനുഭവിച്ചതാകട്ടെ ഷഹീറും. അധ്യാപകർ വരാത്ത പിരീഡുകളിൽ സംസാരിച്ചിട്ടും തല്ല് കൊള്ളാത്ത രണ്ട് പേരേ ആ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. അമൃതേഷും പിന്നെ ഷഹീറും.

 

കാര്യം അതല്ല. വരാൻ പോകുന്ന ശനിയാഴ്ചത്തെ സ്പെഷ്യൽ ക്ലാസിന് ശേഷം പത്ത്  ഓവര്‍ ക്രിക്കറ്റ് മാച്ച്. അതും ഇംഗ്ലീഷ് മീഡിയം ക്ലാസുകാരോട്. അമൃതേഷ് വെല്ലുവിളി ഏറ്റെടുത്തപ്പോൾ ഷഹീറിന് ആദ്യം ദേഷ്യമാണ് വന്നത്. അതിന്  വലിയൊരു  കാരണവുമുണ്ടായിരുന്നു. അമൃതേഷിന് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു; സിനു മാത്യു. അത്യാവശ്യം ഉയരവും കാണാൻ സുന്ദരിയുമായിരുന്ന ഒരു പെൺകുട്ടി. മൂന്ന് വർഷം അവൻ അവളുടെ പിന്നാലെ നടന്നു. ഒരിക്കൽ പോലും അവൾ അവനെ പരിഗണിച്ചില്ല. രണ്ടാമത്തേത് ഷഹീർ. അവനും ഇഷ്ടപ്പെട്ടത് ഇംഗ്ലീഷ് മീഡിയത്തിലെ ഒരു പെൺകുട്ടിയെയായിരുന്നു; നമിത. പോണി ടെയിലായി മുടി കെട്ടി നടക്കുന്ന ഒരു പക്കാ ഡീസന്റ്. പക്ഷേ ഒരിക്കൽ പോലും ഷഹീറിനോട് ഒന്ന് മിണ്ടാൻ പോലും അവൾ തയ്യാറായിട്ടില്ല.

 

പതിയെപ്പതിയെയാണ് ഷഹീറിന് ഇംഗ്ലീഷ്  മീഡിയം കാരോടുള്ള ദേഷ്യം ശക്തമായത്. എന്നാൽ അമൃതേഷിന് അവരോട് ദേഷ്യമൊന്നും തോന്നിയില്ല. ഒരാൾ ചെയ്ത തെറ്റിന് ബാക്കിയുള്ളവർ എന്ത് പിഴച്ചു എന്നായിരുന്നു അവന്റെ അഭിപ്രായം. പക്ഷേ അതൊന്നും ചെവി കൊള്ളാൻ ഷഹീർ തയ്യാറായില്ല…. 

‘പതിനൊന്ന് പേര് വേണം’

ക്രിക്കറ്റ് കളിക്കാറുള്ള തന്റെ ക്ലാസിലെ പതിനെട്ട് പേരേയും അമൃതേഷ് വിളിച്ചു വരുത്തി.

‘ഞാൻ പറയുന്നോര് ന്റെ ഇടത്തേ സൈഡില്ക്ക് നില്ക്കാ’

 

എല്ലാവരും അക്ഷമരായി നിന്നു. പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ ഇലവനെ പ്രഖ്യാപിക്കാൻ വാർത്താസമ്മേളനത്തിന് വന്നയാളെപ്പോലെ അമൃതേഷ് അങ്ങനേ നിന്നു. അവൻ തലതാഴ്ത്തി കണ്ണുകളടച്ച് ഓരോരുത്തരുടെ പേര് പറയാൻ തുടങ്ങി.    

 

‘ഷഹീറ്, വാര്യര്‍, സൂരജ്, ആച്ചി, അജു, ഷിജു, ഷിജിന്‍, സനത്ത്, അമൽ, സിറാജ്’

 

പേര് വിളിക്കപ്പെടാത്ത ജിതിന് ഒരു സംശയം. ഇനിയും ഒരാൾക്ക് കൂടി അവസരമില്ലേ  എന്ന്. അതിനുള്ള ഉത്തരമെന്നോണം അമൃതേഷ് ജിതിനോട് ഒരു ചോദ്യം ചോദിച്ചു.

 

‘ക്യാപ്റ്റനില്ലാതെ കളി നടക്കോ?’

‘അതിപ്പോ കൂട്ടത്തീന്ന് ഒരുത്തനെ ക്യാപ്റ്റനാക്ക്യാ  പോരെ’

‘അപ്പൊ ഞാനോ’

 

അന്നേരം ജിതിന് ഒന്നും ചോദിക്കണ്ടായിരുന്നു എന്ന് തോന്നി.ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. അങ്ങനെ ശനിയാഴ്ച വന്നെത്തി. കളി നിയന്ത്രിക്കാനായി രണ്ട് ക്ലാസുകാരും സംയോജിച്ച് ഒരാളെ തിരഞ്ഞെടുത്തു; ഷിബു മോൻ ജോസഫിനെ. അവൻ അതേ സ്കൂളിൽ പ്ലസ്‌ടു വിദ്യാർത്ഥിയാണ്. നിലവിലെ ജില്ലാ അണ്ടർ നയന്റീൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആണവൻ.

 

അങ്ങനെ ഉച്ചയായി. അമൃതേഷും നിഖിലും ടോസിടാൻ വേണ്ടി ഗ്രൗണ്ടിന്റെ മധ്യത്തിലേക്കിറങ്ങി. നിഖിലാണ് ഇംഗ്ലീഷ് മീഡിയം ടീമിന്റെ തുറുപ്പുചീട്ട്. കഴിഞ്ഞ കേരളോത്സവത്തിൽ കല്ലടിക്കോട് മുണ്ടൂരിനെ തോൽപ്പിച്ചപ്പോൾ അവനായിരുന്നു മാൻ ഓഫ് ദി മാച്ച്. പതിനാറ് വയസ്സേ  അവന് ഉള്ളൂയെങ്കിലും ഒരു ഇരുപത്തിനാലുകാരന്റെ വളർച്ച അവനുണ്ടായിരുന്നു. ഷിബു മോൻ അമൃതേഷിന്റെ മുഖത്തേക്ക് നോക്കി. അവൻ തല വിളിച്ചു നിഖിൽ വാലും. നിഖിലിന് ടോസ് കിട്ടി. അവൻ ബൗളിംങ്  തിരഞ്ഞെടുത്തു. അമൃതേഷും അജുവും ഓപ്പണർമാരായി ഗ്രൗണ്ടിലേക്കിറങ്ങി. 

 

കളി കാണാൻ ഇംഗ്ലീഷ് മീഡിയം ക്ലാസിലെ മുഴുവൻ പെൺകുട്ടികളും ബെഞ്ച് വലിച്ചിട്ട് വരാന്തയിൽ ഇരുന്നു. ഇംഗ്ലീഷ് മീഡിയം ടീമിൽ നിന്ന് ആദ്യം ബോളെറിയാൻ മുന്നോട്ട് വന്നത് സിദ്ധാർത്ഥയിരുന്നു. നിഖിൽ വിക്കറ്റിന് പിന്നിൽ ശ്രദ്ധാലുവായി നിന്നു. അവൻ ധോണി കളിക്കുകയാണെന്ന് അമൃതേഷിന് ഒരു നിമിഷം തോന്നി. അവൻ നിഖിലിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. നിഖിൽ താഴോട്ടും മുകളിലോട്ടുമായി തലയാട്ടി. നമുക്ക് കാണാം എന്ന ഭാവത്തോടെ.

 

ഷെയ്ൻ വോണിനെ ഓർമിപ്പിക്കും വിധം സിദ്ധാർഥ് ബൗൾ ചെയ്തു. പക്ഷേ അവന് വിക്കറ്റൊന്നും കിട്ടിയില്ല. ഓരോവർ അവസാനിക്കുമ്പോൾ ഒരു വൈഡും ഒരു സിംഗിളും മാത്രം. ഷഹീറിന്റെ തല പെരുത്തു തുടങ്ങി. രണ്ടാമത്തെ ഓവർ ചെയ്യാൻ വന്നത് സുഫൈലായിരുന്നു. സ്കൂളിലെ നൂറുമീറ്റർ ഓട്ടത്തിലെ നിലവിലെ ഒന്നാമനായിരുന്നു അവൻ. പക്ഷേ അവന്റെ വേഗതയെ അമൃതേഷ് പേടിച്ചില്ല. അഞ്ചാറ് മീറ്റർ അകലെ നിന്നാണ് സുഫൈൽ ബൗൾ ചെയ്യാൻ വേണ്ടി ഓടി തുടങ്ങിയത്. ബോൾ അവന്റെ കൈയ്യിൽ നിന്നും വിട്ടുപിരിഞ്ഞ രണ്ടാമത്തെ സെക്കന്റിൽ ഠപ്പേ എന്നൊരു ശബ്ദം കേട്ടു. സുഫൈൽ നേരേ നിന്ന് പന്തിനെ നോക്കി. അത് ബൗണ്ടറി ലൈന് മുകളിലൂടെ പറന്ന് മണ്ണിൽ പതിക്കുന്നത് അവൻ കണ്ടു. ആ ഓവറിൽ അമൃതേഷ് പൂണ്ടുവിളയാടി. മൂന്നാമത്തെ ഓവർ ചെയ്യാൻ സിദ്ധാർഥ് വരുമ്പോൾ മലയാളം മീഡിയം ടീമിന്റെ സ്കോർ ഇരുപത്തെട്ടായിരുന്നു.

 

സിദ്ധാർത്ഥിന്റെ ആദ്യ ബോൾ അജു രണ്ടടി വച്ച് മുന്നോട്ട് കയറി. ബോൾ ബാറ്റിൽ കൊള്ളാതെ നിഖിലിന്റെ കൈകളിലേക്ക്. അജു തിരിഞ്ഞു നോക്കിയപ്പോഴേക്കും നിഖിൽ കുറ്റിയിളക്കിയിരുന്നു. അവൻ തല കുനിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു. അടുത്തതായി വന്നത് ആച്ചിയായിരുന്നു. അമൃതേഷിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം വന്നുനിന്നു. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവനാണ് ആച്ചി. അവനോട് അമൃതേഷ് ഒന്നേ പറഞ്ഞുള്ളൂ. ‘സിക്സല്ലെങ്കിൽ ഫോർ കണ്ണും ചിമ്മി പൊട്ടിച്ചോ’.സിദ്ധാർഥ് ബോൾ ചെയ്തു. ആച്ചി കണ്ണും ചിമ്മി ബാറ്റ് വീശി.ബൗളറുടെ തലയ്ക്ക് മുകളിലൂടെ ബാൾ പാഞ്ഞു. അടുത്ത  പന്ത് ഷിബു മോന്റെ വലത് സൈഡിലൂടെ കടന്നുപോയി. ആ ഷോട്ട് കണ്ട് ഷിബു മോൻ ഒന്ന് തലതാഴ്‌ത്തി. പിന്നെ കൈ കൊണ്ട് ഫോർ എന്ന് ആംഗ്യം കാണിച്ചു.

 

പക്ഷേ നേരിട്ട മൂന്നാം പന്തിൽ ആച്ചിക്ക് പിഴച്ചു. സിദ്ധാർത്ഥിന്റെ ബോൾ ആച്ചിയുടെ നടുക്കുറ്റിയിൽ പതിച്ചു. ആച്ചി ഗ്രൗണ്ടിൽ നിന്ന് കയറിയിട്ടും അടുത്തയാൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയില്ല. അമൃതേഷിന് ദേഷ്യം വന്നു. അവൻ മലയാളം മീഡിയം കാരുടെ കൂട്ടത്തിലേക്ക് നോക്കി സനത്തിനോട് ഇറങ്ങാൻ പറഞ്ഞു…….

 

ഏഴാം ഓവറിലെ അഞ്ചാം പന്തിൽ അമൃതേഷ് ഔട്ടായി. ക്യാച്ച് ഔട്ടാകാനായിരുന്നു അവന്റെ വിധി. അർധ സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെയായിരുന്നു അവൻ വീണത്. അതിന്റെ ദുഃഖമത്രയും അവന്റെ മുഖത്തുണ്ടായിരുന്നു. അമൃതേഷ് ഗ്രൗണ്ടിൽ നിന്ന് തിരിച്ച് നടക്കുമ്പോൾ അഖിൽ വാര്യർ ബാറ്റ് ചെയ്യാൻ വരുന്നതാണ് അമൃതേഷ് കണ്ടത്. ബാറ്റിങ്‌ തീരാറായിരിക്കുന്നു. ഈ സമയത്ത് അവൻ പ്രതീക്ഷിച്ചത് ഷഹീറിനെയായിരുന്നു. അവൻ അഖിലിനെ ശ്രദ്ധിക്കാതെ നടന്നുപോയി.

 

‘എന്താ ജ്ജ് ഇറങ്ങാന്നെ?’

 അല്പം ദേഷ്യത്തോടെ അമൃതേഷ് ഷഹീറിനോട് ചോദിച്ചു.

‘ഇനീണ്ടല്ലോ രണ്ടോവറ്’

 ഷഹീർ ശാന്തനായി കൊണ്ട് പറഞ്ഞു. അമൃതേഷ് അവന്റെ മുഖത്ത് നിന്നും ഗ്രൗണ്ടിലേക്ക് തല തിരിച്ചു. അഖിൽ വാര്യരും ഷിജിനും ചേർന്ന് എട്ടാം ഓവറിൽ നാല് സിംഗിളുകൾ നേടി ടീം സ്കോർ അറുപത്തിയഞ്ചില്‍  എത്തിച്ചു. അവരുടെ രണ്ട് പേരുടെയും കളി കണ്ട് അമൃതേഷിന് ദേഷ്യം വന്നു. ആഞ്ഞടിക്കേണ്ട ഈ അവസാന സമയത്ത് മുട്ടിമുട്ടി ഇവമ്മാര് എന്തുണ്ടാക്കുവാ എന്ന് അമൃതേഷ് ചോദിച്ചു. അതിന് ആരും ഉത്തരം പറഞ്ഞില്ല. അമൃതേഷ് ഒന്ന് ഷഹീറിനെ നോക്കി. ഇടങ്കണ്ണിട്ട് ഷഹീർ അവനേയും നോക്കി. അഖിലിന് മുമ്പേ തനിക്ക് ഇറങ്ങിയാൽ മതിയായിരുന്നു എന്ന് അവന് തോന്നി.

 

ഒമ്പതാം ഓവർ എറിയാൻ വന്നത് അമൽജിത്തായിരുന്നു. ആദ്യ പന്ത്  അഖിൽ ഇടത് വശത്തേക്ക് താഴ്ത്തിയടിച്ചു. മൃതേഷ് ഉറക്കെ ശബ്ദം വരുന്ന വിധത്തിൽ കൈയ്യടിച്ചു. അന്നേരം സിനു മാത്യു അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

പത്ത് ഓവറും കഴിഞ്ഞു. അവസാന ഓവർ മെയ്ഡനാക്കിയ ക്രിസ്റ്റിയെ നിഖിൽ തോളിൽ തട്ടി അഭിനന്ദിച്ചു. ബാറ്റിംങ് കഴിഞ്ഞ് വന്ന വാര്യരേയും ഷിജിനേയും അമൃതേഷ് ഒന്ന് അമർത്തി നോക്കി.

‘ഡാ ടഫ് ബോള്കളായിര്ന്നു അതോണ്ടാ’

 വാര്യർ ഒരു ഏറ്റുപറച്ചിലിന്റെ സ്വരത്തിൽ അമൃതേഷിനോട് പറഞ്ഞു.

‘കുറ്റിക്കടിച്ച് കേറായിര്ന്നു ഇവടെ വേറേം ആള്ക്കാര്ണ്ടായിരുന്നു’

 

അമൃതേഷ് ഷഹീറിനെയൊന്ന് നോക്കികൊണ്ട് പറഞ്ഞു. വിട്ടുകള എന്ന ഭാവത്തിൽ ഷഹീർ അവർ രണ്ട് പേരേയും നോക്കി. ബാറ്റിംങ്ങിനായി ഇംഗ്ലീഷ് മീഡിയം ടീമിൽ നിന്നും നിഖിലും ക്രിസ്റ്റിയും ഗ്രൗണ്ടിലേക്കിറങ്ങി. ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടയിൽ ജയിക്കാൻ എത്രയാണെന്ന് അജു ഷഹീറിനോട് ചോദിച്ചു. അവൻ എഴുപത് എന്ന് പറഞ്ഞു.

 

വിക്കറ്റിന് പിന്നിൽ സിറാജിനോട് നിൽക്കാൻ പറഞ്ഞത് അമൃതേഷായിരുന്നില്ല ഷഹീറായിരുന്നു.ആദ്യ ഓവർ എറിയാൻ അമൃതേഷ് ഏൽപ്പിച്ചത് ഷിജുവിനെ……

 

ആദ്യ ഓവർ തന്നെ ഷിജു മെയ്ഡനാക്കി. ഓരോവർ കഴിഞ്ഞിട്ടും അവർക്ക് ഒരു റണ്ണും കിട്ടാത്തതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമൃതേഷായിരുന്നു. അത് അവന്റെ മുഖത്ത് പ്രകടമാവുകയും ചെയ്തു. എന്നാൽ രണ്ടാം ഓവർ എറിഞ്ഞ ആച്ചിയെ ക്രിസ്റ്റി ഒറ്റയ്ക്ക് തല്ലിപ്പരത്തി. രണ്ടാം ഓവറിൽ ഇരുപത്തിരണ്ട് റൺസാണ് അവൻ വാരിക്കൂട്ടിയത്. മൂന്നാം ഓവർ എറിയാൻ വീണ്ടും ഷിജു വന്നു. അവന്റെ അവസാനത്തെ ഓവർ. ഒന്നാം ബോൾ നിഖിൽ ബാറ്റ് പുറകിലേക്ക് വലിച്ച് പന്തിനെ പ്രതിരോധിച്ചു. ഒരു നിമിഷം സ്തബ്ധരായി നിന്നു. ബാറ്റിൽ തട്ടിയ പന്ത് ഷിജുവിന്റെ കൈയ്യിൽ സ്പർശിച്ച് നിലത്തേക്ക് വീണു. മലയാളം മീഡിയത്തിലെ ചിലർ തലയിൽ കൈയ്യിൽ വച്ചു. ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷം നിഖിലിന്റെ മുഖത്ത് തെളിഞ്ഞിരുന്നു…

 

എട്ടാം ഓവറിലെ അവസാന പന്ത്. സിദ്ധാർഥ് അത് വലത് വശത്തേക്ക് അടിച്ചു. പന്ത് ഷഹീറിന് നേരേ ഉരുണ്ടുവന്നു. പെട്ടെന്ന് ഷഹീറിന്റെ കൈയ്യിൽ തട്ടിത്തെറിച്ച് പന്ത് ബൗണ്ടറിലൈൻ തൊട്ടു. സ്കൂൾ വരാന്തയിൽ നിന്ന് നമിത കൂവുന്നതും കളിയാക്കി ചിരിക്കുന്നതും അവൻ കണ്ടു. അവൻ ബോൾ എടുക്കാതെ ഒരേ നില്പ്പിൽ അവളേയും  നോക്കിനിന്നു.

 

‘പോട്ടെ ഒരു ഫോറല്ലേ, ജയിക്കാൻ ഇനീം ഇരുപത്തിനാല് റൺസ് വേണം ഈ ഓവർ ഞാൻ ചെയ്യാം’

 

അമൃതേഷ് പറഞ്ഞത് കേട്ട് ഷഹീർ ഒന്ന് ഞെട്ടി. അമൃതേഷ് ബോളുമെടുത്ത് ഗ്രൗണ്ടിന്റെ മധ്യത്തിലേക്ക് നടന്നു. അമൃതേഷിന് സച്ചിനെപ്പോലെ ബാറ്റ് ചെയ്യാൻ അറിയാമായിരുന്നു എന്നാൽ അവന് സച്ചിനെപ്പോലെ ബൗൾ ചെയ്യാൻ അറിയില്ലായിരുന്നു. അമൃതേഷ് രണ്ടടി പിന്നോട്ട് വച്ച് അമ്പയറിന്റെ സിഗ്നലിന് വേണ്ടി കാത്തുനിന്നു. ആദിത്യനായിരുന്നു ക്രീസിൽ. അമ്പയർ കൈ താഴ്ത്തി അമൃതേഷ് പന്തെറിഞ്ഞു. ആദിത്യൻ ബൗണ്ടറി ലൈനിന് മുകളിലൂടെ പന്ത് പറത്തി.

 

രണ്ടാം പന്തും മൂന്നാം പന്തും സിക്സറടിച്ച് ആദിത്യൻ ഇംഗ്ലീഷ് ടീമിനെ വിജയതീരത്തിനരികില്‍ എത്തിച്ചു. ഇനി ആറ് റൺസ് മാത്രം. ആ സമയം അമൃതേഷ് ഒരു തീരുമാനമെടുത്തു. ഓവർ മിനി ഓവറാക്കുക ബാക്കിയുള്ള മൂന്ന് ബോൾ ഷഹീർ എറിയുക. ആദ്യം ഇല്ലായെന്ന് പറഞ്ഞെങ്കിലും അവസാനം അവൻ പന്ത് കൈയ്യിലെടുത്തു. ആദ്യ പന്തിനെ സിംഗിൾ രണ്ടാം പന്തും സിംഗിൾ മൂന്നാം പന്ത് വൈഡ്. ഷഹീറിന്റെ ഹൃദയം ശക്തമായി പിടയ്ക്കാൻ തുടങ്ങി. മൂന്നാം ബോൾ ബാറ്റ്സ്മാൻ വലത് വശത്തേക്ക് അടിച്ചു. ഒന്നോടി രണ്ടോടി മൂന്നാമത്തെ ഓട്ടം പൂർത്തിയാകും മുമ്പേ ആച്ചി കുറ്റി തെറിപ്പിച്ചു. വാരകൾക്കപ്പുറത്ത് നിന്നെറിഞ്ഞ് റൺഔട്ടാക്കിയ ആച്ചിയെ കൂട്ടത്തിൽ ആരോ ജഡേജയെന്ന് വിളിച്ചു. ഒരോവർ സൂപ്പർ ഓവർ കളിക്കാൻ നിഖിലും അമൃതേഷും കൂടിച്ചേർന്ന് തീരുമാനിച്ചു.

 

ആദിത്യനും ക്രിസ്റ്റിയും ബാറ്റിംങ്ങിനിറങ്ങി. ഷിജു ഒട്ടും കണിശതയില്ലാതെ ബൗൾ ചെയ്തു.ജയിക്കാൻ പതിനേഴ് റൺസ്. നിർബന്ധിക്കാനും നിർദേശിക്കാനും ആരെങ്കിലും നിൽക്കുന്നതിന് മുമ്പേ ഷഹീർ ഗ്രൗണ്ടിലേക്കിറങ്ങി. ഷഹീറിന്റെ പിന്നാലെ അമൃതേഷും ക്രീസിലേക്ക് നടന്നു. ആദ്യ ബോൾ ഷഹീർ പൊക്കിയടിച്ചു. അമൽജിത്തിന്റെ കൈകളിൽ നിന്നും പന്ത് നിലത്തേക്ക് പതിച്ചു. ഓടിയെടുത്ത രണ്ട് റൺസ് ലഭിച്ചു. രണ്ടാം ബോൾ ഫോർ. മൂന്നാം ബോളും ഫോർ. നാലാം ബോൾ    ഷഹീറിന്റെ അരക്കും മുകളിലാണ് വന്നത്. അവന്റെ ചുമലിൽ കൊണ്ട് പന്ത് നിലത്തേക്ക് വീണു. ഷഹീറിന് ദേഷ്യം വന്നു. ഷിബു മോൻ നോ ബോൾ വിളിച്ചു. അടുത്ത പന്ത് ഷഹീർ പൊക്കിയടിച്ചു. നമിതയുടെ കണ്ണുകൾക്ക് മുമ്പിൽ പന്ത് ചെന്നുവീണു. അവൾ ഷഹീറിനെ നോക്കി. യുദ്ധം ജയിച്ച വീരനെപ്പോലെ അവൻ അവളെ നോക്കുന്നുണ്ടായിരുന്നു…

 

ഷഹീർ നടന്നുനടന്ന് സ്കൂളിലെത്തി. സ്കൂളിലും സ്കൂള്‍ ബസ്സിലുമെല്ലാം    കരിങ്കൊടി വച്ചിരുന്നു. അമൃതേഷ് അന്ന് സ്കൂളിൽ വന്നിരുന്നില്ല. അവനെ കാണാൻ വേണ്ടി അവരെല്ലാവരും അവന്റെ വീട്ടിലേക്ക് പോയി...

 

English Summary: Sachinum Dhoniyum, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com