ADVERTISEMENT

നാരങ്ങാമുട്ടായി (കഥ)  

 

പെട്ടിക്കടയിലെ വലിയ ചില്ലുഭരണിയിൽ മഞ്ഞ നിറത്തിൽ നിറച്ചു വെച്ചിരിക്കുന്ന നാരങ്ങാമുട്ടായി നോക്കിയപ്പോൾ കേശുവിന്റെ വായിൽ വെള്ളം നിറഞ്ഞു. അവന്റെ  ഇടതു കരം പോക്കറ്റിലേക്ക് ആഴ്ന്നിറങ്ങി. 50 പൈസയുടെ ഒരു നാണയമാണ് അവന്റെ  വിരലുകളിൽ തടഞ്ഞത്. അതെടുത്ത് ഉള്ളംകയ്യിൽ ഭദ്രമായി മുറുകെ പിടിച്ചു കേശു കടക്കാരന്റെ അടുത്ത് ചെന്നു.   

 

‘‘ഉം എന്തു വേണം ...?’’

കടയുടമ കുട്ടൻപിളള അവന്റെ  മുഷിഞ്ഞ വസ്ത്രങ്ങളിലേക്കും നിറംമങ്ങിയ പഴയ  സഞ്ചിയിലേക്കും കണ്ണോടിച്ചു   അവജ്ഞയോടെ  ശബ്ദമുയർത്തി.

 

‘‘നാരങ്ങാമുട്ടായി ..’’

 

ഉള്ളം കയ്യിൽ മുറുകെ പിടിച്ചിരുന്ന നാണയം അയാൾക്ക്‌ നേരെ നീട്ടിക്കോണ്ടവൻ മന്ത്രിച്ചു. തന്റെ കയ്യിൽ വീണ നാണയത്തിലേക്ക് നോക്കിയ കുട്ടൻപിള്ളയുടെ മുഖം  ചുളിഞ്ഞു. അതെ നിമിഷം നാണയം ആ പിഞ്ചു ബാലന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്   അയാൾ ഒരു കാളയേപ്പോലെ മുക്രയിട്ടു.

 

‘‘കടന്നു പോ അശ്രീകരമേ... നിന്നെപ്പോലത്തെ തെണ്ടിക്കുട്ടിയോൾക്ക് വേണ്ടിയല്ല്യ  ഞാനിവിടെ മിഠായി വെച്ചിരിക്കണേ..’’

 

അപ്രതീഷിതമായ ആ  പ്രതികരണത്തിൽ പകച്ചു പോയ കേശു തന്റെ 

ദേഹത്തു തട്ടി പൂഴി മണ്ണിൽ  വീണ നാണയം കുനിഞ്ഞെടുത്ത് അതിലെ പൊടി തട്ടിക്കളഞ്ഞ് നിറയുന്ന മിഴികൾ കൈ കൊണ്ട് തുടച്ചു. ഒരു അനാഥ ബാലന് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു ആ അപമാനം. അന്നേ ദിവസം  കോൺവെന്റിൽ നിന്നും വഴിച്ചിലവിന് തന്ന അഞ്ചു രൂപയിൽ  മറ്റൊരു കടയിൽ നിന്നും  പെൻസിൽ വാങ്ങിയ ഇനത്തിൽ ബാക്കിയുണ്ടായിരുന്ന പണമായിരുന്നു ആ അൻപത്  പൈസ. അവനത് ഒരു നിധി പോലെ തന്റെ പോക്കറ്റിലേക്ക് ചേർത്തു വെച്ചതാണ്  പെട്ടിക്കടയിലെ  ചില്ലു ഭരണിയിൽ നിറച്ചിരിക്കുന്ന നാരങ്ങാമുട്ടായി സ്വന്തമാക്കാൻ. തുളുമ്പിയ മിഴിക്കോണുകളിലൂടെ തിരിഞ്ഞു നോക്കിയപ്പോൾ ചില്ലുഭരണിയിലെ നാരങ്ങാമുട്ടായികൾ തന്നെ നോക്കി ആർത്തു ചിരിക്കുന്നതായി അവനു തോന്നി. 

 

സ്കൂൾ വളപ്പിലെ മുത്തശ്ശിമാവിന്റെ ചോട്ടിൽ വീണു കിടന്ന പച്ച മാങ്ങകളിൽ  ഒന്നെടുത്ത് പോക്കറ്റിൽ വെച്ച് അവൻ തന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. ക്ലോക്കിലെ സൂചികൾ ചലിച്ചു കൊണ്ടിരുന്നു. ഓരോ അധ്യാപകരായി ക്ലാസ്സ്‌ റൂമിൽ വന്നു പോയിക്കൊണ്ടിരുന്നത് അവനറിഞ്ഞില്ല. ക്ലാസ്സ്‌ മുറിയിൽ ഏറ്റവും പിന്നിലെ ബെഞ്ചിൽ  ഒട്ടിയ വയറും നിറഞ്ഞ കണ്ണുകളുമായി ക്ലാസ്സിൽ ഇരിക്കുന്ന അവനെയാരും മറ്റു ബഹളങ്ങൾക്കിടയിൽ ശ്രദ്ധിച്ചതുമില്ല.

 

സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടിച്ചപ്പോൾ കുട്ടികൾ തിക്കും, തിരക്കുമുണ്ടാക്കി കഞ്ഞിപ്പുരക്ക് സമീപത്തേക്ക് ഓടി. കേശുവാകട്ടെ അവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി മെല്ലെ ആ നീളൻ ക്യുവിന്റെ പിന്നിലിടം പിടിച്ചു. 

 

തിരക്കുകൾ ഒഴിഞ്ഞപ്പോൾ തനിക്കു കിട്ടിയ കഞ്ഞിയുമായി മുത്തശ്ശിമാവിന്റെ  ചുവട്ടിലെ  ആളൊഴിഞ്ഞ ഒരു മൂലയിൽ അവൻ ഇരിപ്പുറപ്പിച്ചു. സ്കൂളിലെ ഉച്ചയൂണിന്റെ  സമയത്തുള്ള നിത്യ സന്ദർശകരായ പൂച്ചകൾക്കൊപ്പം ഇരുന്ന് ഭക്ഷണം പങ്കിട്ടു കഴിക്കുന്ന കേശുവിനെ അപ്പോഴാണ് ഉച്ചയൂണ് കഴിഞ്ഞു കുട്ടികളെ നിരീക്ഷിക്കനിറങ്ങിയ ശാരദ ടീച്ചർ  ശ്രദ്ധിച്ചത്. ദിവസങ്ങൾക്ക് മുൻപ് പുതിയതായി മലയാളം വിഭാഗത്തിൽ എത്തിയതായതിനാൽ അവർ കൗതുകത്തോടെ കേശുവിനെ നിരീക്ഷിച്ചു. 

 

അല്പസമയത്തിനു ശേഷം നിരീക്ഷണം മതിയാക്കി സ്റ്റാഫ് റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോൾ ശാരദ ടീച്ചർ എന്തൊക്കെയോ മനസ്സിൽ  ഉറപ്പിച്ചിരുന്നു. സ്റ്റാഫ്‌ റൂമിലെത്തിയതും ഒന്നാം ക്ലാസ്സിന്റെ ചുമതലയുള്ള അനിത ടീച്ചറിന് സമീപത്തേക്ക് ശാരദ ടീച്ചർ നടന്നു. അല്പം നേരത്തെ കുശലം പറച്ചിലിന് ശേഷം ശാരദ ടീച്ചർ മെല്ലെ ചോദിച്ചു. 

 

‘‘ടീച്ചറേ ഒന്നാം ക്ലാസിലെ ഒരു കുട്ടിയുണ്ടല്ലോ സ്ഥിരമായി ഒറ്റക്ക് നടക്കുന്നതും പൂച്ചക്കുട്ടികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതും എന്താ അവന്റെ പേര്..?’’

 

മുൻപിൽ തുറന്നു വച്ചിരുന്ന തടിയൻ ബുക്കിലേക്ക് ഒന്നു നോക്കി. ശേഷം ചുണ്ടിലൊരു പുച്ഛച്ചിരിയോടെ മൊഴിഞ്ഞു 

 

‘‘ടീച്ചർ പുതിയതായി വന്നതല്ലേ അതുകൊണ്ട് പറഞ്ഞേക്കാം... അധികം  അടുപ്പത്തിനൊന്നും പോയേക്കല്ലേ..’’

 

‘‘അതെന്താ..?’’ ആകാംഷയോടെ ശാരദ ആരാഞ്ഞു. 

 

‘‘അവനൊരു തൊണ്ടിക്കുട്ടിയാ.. അവന്റെ തന്തയും, തള്ളയും എയിഡ്സ് വന്നാണ് മരിച്ചത്.. !’’ അനിത എടുത്തടിച്ചു പറഞ്ഞപ്പോൾ ശാരദയുടെ മിഴികളിൽ ഒരു പകപ്പുണ്ടായി. അത് ശ്രദ്ധിക്കാതെ അനിത തുടർന്നു 

 

‘‘ഇപ്പോൾ ഏതോ കോൺവെന്റിൽ നിന്നാണ് അവന്റെ പഠനമൊക്കെ.. ’’

 

‘‘ഏതു കോൺവെന്റ് ആണെന്ന് അറിവുണ്ടോ ടീച്ചർക്ക്..?’’ ശാരദ തന്റെ കണ്ണട നേരെ  വെച്ച് ആരാഞ്ഞു. അനിതയാവട്ടെ അലസ ഭാവത്തിലാണ് അതിനു മറുപടി നൽകിയത്. 

 

‘‘ആ.. ഇവടെ അടുത്തുള്ള എസ്എസ് കോൺവെന്റാണ്..’’ അതു പറഞ്ഞു കഴിഞ്ഞതും  ശബ്ദം താഴ്ത്തി അവർ പിറുപിറുത്തു 

 

‘‘നാട്ടാര് പറഞ്ഞു കേക്കുന്നുണ്ട് അവനും HIV പോസ്റ്റിവ് ആണെന്ന്. അത് സത്യാണോന്നറിയില്ല...’’

 

ശാരദ ടീച്ചറൊന്നു മൂളി. അത് ശ്രദ്ധിക്കാതെ അനിത ബാക്കിയും പറഞ്ഞു–

 

‘‘എന്നാലും അവനിങ്ങോട്ട് വരുന്നത് പഠിക്കാനാണോ, അതോ അവന്റെ  ചത്തു മലച്ച തന്തയുടെയും തള്ളയുടെയും കയ്യീന്ന് കിട്ടിയ അസുഖം ഇവിടൊള്ളോർക്കും പടർത്താനാണോ ആവോ..? ’’

 

അതിന് മറുപടിയൊന്നും പറയാതെ ശാരദ ടീച്ചർ കസേരയിൽ എന്തോ ആലോചനയിൽ മുഴുകിയിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

ഒരു ദിവസം ബസ്സിറങ്ങി സ്കൂളിലേക്ക് നടന്നു വരുമ്പോൾ ടീച്ചർ ഒരു കാഴ്ച കണ്ടു.

സ്കൂളിനു സമീപത്തുള്ള പെട്ടിക്കടയിലെ മുട്ടായി ഭരണിയിലേക്ക് നോക്കി വായിൽ വിരൽ വെച്ച് നുണയുന്ന കേശുവിനെ.

 

കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി കേശു പഠിക്കുന്ന ക്ലാസിൽ ഒരു ബഹളം കേട്ടാണ് ശാരദ ടീച്ചർ ഇന്റർവെൽ സമയത്ത് അങ്ങോട്ടു ചെന്നത്.

അവിടെ മറ്റു കുട്ടികളുടെ നടുവിൽ അപമാനിതനായ മുഖത്തോടെ കേശു നിൽപ്പുണ്ടായിരുന്നു.

 

‘‘എന്താ പ്രശ്നം..?’’ ടീച്ചർ ചോദിച്ചു.

 

‘‘അവൻ ഞങ്ങളുടെ നാരങ്ങാമുട്ടായി  കട്ടു ടീച്ചറേ.. കളളൻ...’’

 

ക്ലാസ്സിലെ നേതാവായ തക്കുടു വിളിച്ചു പറഞ്ഞത് കേട്ട് മറ്റു കുട്ടികൾ ഉറക്കെ ചിരിച്ചു. ചിരിയും ആരവവും  കൂടിയപ്പോൾ ശാരദ ടീച്ചർ ഉറക്കെ പറഞ്ഞു.  

 

‘‘സൈലൻസ്... !’’

കുട്ടികൾ നിശ്ശബ്ദരായി. ടീച്ചർ പതിയെ കേശുവിന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു 

 

‘‘നീ മോഷ്ടിച്ചോ അവരുടെ നാരങ്ങാമുട്ടായി..?’’

കേശുവിന്റെ മുഖം അപമാനഭാരത്താൽ കുനിഞ്ഞു. എങ്കിലും അവൻ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു. 

 

‘‘ഉം.. എനിക്ക് കൊതി അടക്കാൻ കഴിയാഞ്ഞിട്ടാ ടീച്ചറേ... എനിക്കാരും തന്നില്ല്യാ.’’

 

ഒരു നിമിഷത്തെ മൗനത്തിനു ശേഷം  ടീച്ചർ അവന്റെ നേരെ കൈ നീട്ടി 

‘‘കേശു അതിങ്ങ് തരൂ...’’

 

മടിച്ചു മടിച്ചു കേശു പോക്കറ്റിൽ ഇട്ടിരുന്ന നാരങ്ങാമുട്ടായി ടീച്ചർക്ക് നീട്ടി. അപ്പോളും അതിലെ നാരാങ്ങാമുട്ടായികൾ തന്നെ നോക്കി പരിഹസിക്കുന്നതായി അവനു തോന്നി. ആ മിഠായിപ്പൊതി തക്കുടുവിന് നൽകിയ ശേഷം ശാരദ ടീച്ചർ കേശുവിന്റെ  കൈകളിൽ പിടിച്ച് സ്റ്റാഫ് റൂമിലേക്ക് നടന്നു. ഇന്റർവെൽ സമയം കഴിഞ്ഞിരുന്നതിനാൽ മറ്റു ടീച്ചേഴ്സ് അവരവരുടെ ക്ലാസുകളിലേക്ക് പോയിരുന്നു. അവനെ അരികെ വിളിച്ച ശേഷം ശാരദ ടീച്ചർ പറഞ്ഞു.

 

‘‘കൈ നീട്ടു കുട്ട്യേ...’’

 

ശാരദ ടീച്ചറുടെ ചൂരൽ വടി കൊണ്ടുളള അടിയുടെ വേദനയോർത്ത് കണ്ണുകൾ ഇറുകെ പൂട്ടി കേശു തന്റെ വലത്തേ കൈ നീട്ടി പിടിച്ചു. നീട്ടിപ്പിടിച്ച ആ പിഞ്ചു കരങ്ങളിലേക്ക് മേശ വലിപ്പിലിരുന്ന ചെറിയ പൊതി ശാരദ ടീച്ചർ വെച്ചുകൊടുത്തു. കുഞ്ഞു കരങ്ങളിൽ  ഭാരം അനുഭവപ്പെട്ടപ്പോൾ കേശു മിഴി  തുറന്നു. അവന്റെ കണ്ണുകളിൽ ഭയം  നിഴലിച്ചിരുന്നു. പൊതി തുറന്നു നോക്കാൻ ശാരദ ടീച്ചർ ആഗ്യം കാണിച്ചു.

പൊതി തുറന്ന അവന്റെ  കുഞ്ഞു നേത്രങ്ങൾ അത്ഭുതം കൊണ്ട് വിടർന്നു ആ പൊതി നിറയെ നാരങ്ങാമുട്ടായി. ആശ്ചര്യവും, കൗതുകവും അവന്റെ മുഖത്ത് നിറഞ്ഞു. അവന്റെ  നിറുകയിൽ തലോടിക്കൊണ്ട് മുട്ടായി കഴിച്ചു കൊളളാൻ ടീച്ചർ ആഗ്യം കാണിച്ചു. ഒപ്പം അവന്റെ കാതുകളിൽ മന്ത്രിച്ചു 

 

‘‘ഇനി മോഷ്ടിക്കരുത് മോന് വേണ്ടതെല്ലാം ടീച്ചർ വാങ്ങിത്തരും..!’’

 

വിശ്വാസം വരാതെ കേശു തന്റെ  കുഞ്ഞുനയനങ്ങളുയർത്തി ടീച്ചറെയും, മുട്ടായിപ്പൊതിയെയും നോക്കിയതും ടീച്ചർ അവന്റെ നിറുകയിൽ ഒരു ചുംബനം നൽകി. എന്നിട്ട് പോയ്ക്കോളാൻ കണ്ണ് കൊണ്ട് അനുവാദം നൽകി. മനസ്സിൽ തിരതല്ലുന്ന സന്തോഷത്തോടും, അതിലേറെ ആർത്തിയോടെയും നാരങ്ങാമുട്ടായി വായിലിട്ട് നുണഞ്ഞു കൊണ്ട് കേശു മുത്തശ്ശിമാവിന്റെ ചുവട്ടിലേക്കോടി.

 

കേശുവിന്റെ ആ നടത്തം വാത്സല്യത്തോടെ നോക്കി നിന്ന ശാരദ ടീച്ചറിന്റെ പേഴ്സിൽ  ഒരു നിറം മങ്ങിയ ചിത്രമുണ്ടായിരുന്നു. ഏകദേശം കേശുവിന്റെ പ്രായമുള്ള, നാരങ്ങാമുട്ടായി നുണയുന്ന ഒരു മിടുക്കനായിരുന്നു അത്. അതിനു താഴെ ചെറിയ അക്ഷരങ്ങളിൽ  ഇപ്രകാരം എഴുതിയിട്ടിരുന്നു. 

‘‘അപ്പുണ്ണി  കൂടെയുണ്ട്  ഇപ്പോഴും..’’

അതു ടീച്ചറിന്റെ മരണപ്പെട്ടു പോയ മകന്റെ ചിത്രമായിരുന്നു.

English Summary: Narangamuttayi, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com