ADVERTISEMENT

വെള്ളയാംകുടിയിലെ കോഴികള്ളന്മാർ (കഥ) 

 

പണ്ട്, അതായത് എന്റെയൊക്കെ ചെറുപ്പത്തിൽ, ഒരു ദിവസം രാത്രി ഒരുമണി കഴിഞ്ഞപ്പോൾ അമ്മ വന്ന് ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ചു.

 

‘ഡാ എഴുന്നേൽക്ക്, വീടിന് പുറത്ത് കള്ളന്മാർ ഉണ്ട്’

 

അതുവരെ ഉറക്കച്ചടവോടെ നിന്ന ഞാനും ചേട്ടനും കള്ളൻ എന്നു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഉറക്കമൊക്കെ ഏത് വഴിക്ക് പോയെന്നറിയതെ ഞങ്ങൾ കള്ളന്റെ ശബ്ദങ്ങൾക്ക് വേണ്ടി കാതോർത്തു.

 

അതേ, വീടിന്റെ പുറകിലുള്ള പറമ്പിൽ നിന്നും ആരോ ഒരാൾ അടിവെച്ച് അടിവെച്ച് വീടിനടുത്തേക്ക് വരുന്നത് കൃത്യമായി കേൾക്കാം. കരിയില അനങ്ങുമ്പോഴുള്ള ശബ്ദമാണത്.

 

ഞാനന്ന് വെള്ളയാംകുടി സ്‌കൂളിൽ എട്ടിലോ ഒമ്പതിലോ പഠിക്കുന്നു. വീട്ടിൽ പെങ്ങളും ചേട്ടനും അമ്മയുമാണ് അപ്പോൾ ഉണ്ടായിരുന്നത്. അപ്പൻ കച്ചവടവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാണ്.

 

വീട് റോഡ് സൈഡിലായത് കൊണ്ട് കള്ളശല്യം പതിവാണ്. പ്രധാനമായും കോഴിയെ പിടിക്കാനാണ് കള്ളന്മാർ വരുന്നത്. 

 

അന്നൊന്നും ഇന്നു കാണുന്ന തരത്തിൽ ബ്രോയിലർ കോഴികൾ ഇല്ല. ആർക്കെങ്കിലും കോഴി തിന്നണമെങ്കിൽ സ്വന്തമായി വളർത്തണം. ഞങ്ങളുടെ വീട്ടിൽ അന്നൊക്കെ പത്തിലധികം കോഴികൾ കാണും. ആഴ്ചയിലും മാസത്തിലുമൊക്കെ ഒന്നിനെ വീതം തട്ടും.

 

ഈ കോഴികളെ പിടിക്കാനാണ് കള്ളന്മാർ വരുന്നത്. രണ്ടെണ്ണം അടിച്ചിരുക്കുമ്പോൾ തൊട്ടുകൂട്ടാൻ കോഴിക്കാൽ വേണമെന്ന് ഒരുവന് തോന്നിയാൽ ഇന്നത്തെപ്പോലെ കോഴിക്കടയിലേക്ക് ഓടിയാൽ സാധനം കിട്ടില്ല. അന്നൊന്നും കോഴിപോയിട്ട് ഒരു കോഴിക്കട പോലും ഞങ്ങളുടെ നാട്ടിൽ ഇല്ലായിരുന്നു.

 

കട്ടപ്പന ചന്തയിൽ നാടൻ കോഴികളെ വിൽക്കുന്ന കടകൾ  ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ അത് മേടിക്കാൻ പോകാൻ ഇന്നുള്ളതു പോലെ വാഹനസൗകര്യം അന്ന് കുറവാണ്. അതുപോലെ സാമ്പത്തികവും. 

 

അപ്പോഴുള്ള ഏകമാർഗം കോഴിമോഷണമാണ്. ഞങ്ങളുടെ വീട് റോഡ് സൈഡിലായതു കൊണ്ട് തന്നെ കോഴി മോഷ്ടാക്കൾ ആദ്യം തെരഞ്ഞെടുക്കുന്ന വീടും ഞങ്ങളുടേതാകും.

 

അതായത് ഒരു കള്ളന് മോഷണം നടത്തി പെട്ടന്ന് രക്ഷപ്പെടാൻ റോഡുകൾ സഹായിക്കും. പൊതുവഴിയായത് കൊണ്ട് ആരും ആരെയും സംശയിക്കുകയുമില്ല.

 

എന്നാൽ ഇടവഴികളിൽ മോഷണം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നാട്ടുകാർ ഇളകിയാൽ ഓടി രക്ഷപ്പെടാൻ കഴിയാതെ വരും. ഇടവഴികളിൽ അന്യരായ ആളുകളെ കണ്ടാൽ തടഞ്ഞു നിർത്തി സകലതും അന്വേഷിക്കുന്ന ഒരേർപ്പാട് ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.

 

അമ്മയാണെങ്കിൽ ഉറക്കത്തിൽ ചെറിയൊരു ശബ്ദം കേട്ടാൽ പോലും ചാടിയെഴുന്നേൽക്കും. പറമ്പിൽ ഒരു ഇല അനങ്ങിയാൽ അറിയും. അത്രക്ക് ഉറക്കബോധമാണ്. ഇതിന് മുമ്പും പലപ്പോഴും ഇങ്ങനെ കള്ളന്മാർ പറമ്പിൽ കടന്നപ്പോൾ അമ്മ അറിഞ്ഞിട്ടുണ്ട്.

 

ഒരിക്കൽ അങ്ങനെയൊരു അനക്കം കേട്ട് അമ്മ പാതിരാത്രി എഴുന്നേറ്റ് ജനലിലൂടെ നോക്കുമ്പോൾ കോഴിക്കൂടിന് പുറകിലൂടെ ഒരു കള്ളൻ പമ്മി പമ്മി നടന്നു പോകുന്നത് നിലാവെട്ടത്തിൽ കണ്ടു. അമ്മ ആരോടും പറയാതെ നോക്കിയിരുന്നു. അയാൾ ആ വഴിയേ നടന്നു പോകുകുകയും ചെയ്തു.

 

ആരോടും പറയാത്തതിന് കാരണമുണ്ട്. ഞങ്ങളൊക്കെ അന്ന് ചെറുതാണ്. അപ്പനോട് ഇത് വല്ലതും പറഞ്ഞാൽ മേലുംകീഴും നോക്കാതെ അപ്പൻ ടോർച്ചുമെടുത്ത് പുറത്തു ചാടും അതൊഴിവാക്കാനാണ് അമ്മ കള്ളന്റെ അനക്കങ്ങൾ മിണ്ടാതിരുന്ന് വീക്ഷിച്ചത്.

 

എന്നാൽ ഈ സംഭവങ്ങൾ നടക്കുന്ന രാത്രി അപ്പനാണെങ്കിൽ വീട്ടിൽ ഇല്ല താനും. ഞങ്ങളാണെങ്കിൽ പാതിരാത്രി പുറത്തിറങ്ങി ഒരു കള്ളനെ നേരിടാൻ  മാത്രം ശേഷിയുള്ളവരും ആയിട്ടില്ല.

 

അങ്ങനെ ഞങ്ങൾ പുറത്തെ കള്ളന്റെ നീക്കങ്ങൾ ശ്രദ്ധിച്ചു കേട്ടിരിക്കുകയാണ്. ഹോ...വർഷം എത്ര കഴിഞ്ഞു. അന്നനുഭവിച്ച മാനസിക സംഘർഷം ഇന്നും മനസ്സിലുണ്ട്. എന്നാൽ വാക്കുകൾ കൊണ്ട് പറയാനും പറ്റുന്നില്ല.

 

കള്ളൻ വീടിന്റെ ഒരു വശത്തുകൂടി നീങ്ങി താഴെയായുള്ള ഒരു വാഴച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.

 

ഞങ്ങൾ വീട്ടുകാർ ഉണർന്നു എന്നു കാണിക്കാനായി ചുമയ്ക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം കള്ളൻ കോ... എന്ന തരത്തിൽ പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ച്  ഞങ്ങളെ കളിയാക്കി ഭയപ്പെടുത്തുകയായിരുന്നു. ഇത് ഏകദേശം പത്ത് മിനിറ്റോളം തുടർന്നു.

 

ഒരുപക്ഷേ ആ കള്ളൻ വീട് കൊള്ളയടിക്കാൻ വന്നതൊന്നുമായിരിക്കില്ല. വല്ല ‘ഓപ്പറേഷനും’ കഴിഞ്ഞു തിരിച്ചു പോകുമ്പോഴായിരിക്കും ഞങ്ങളെ ഇരകളായി കിട്ടുന്നത്. എന്നാൽ പിന്നെ പേടിപ്പിച്ചിട്ടു പോയേക്കാം എന്നു കരുതിക്കാണും.

 

കള്ളൻമാർക്ക് അതൊക്കെ ഒരു രസകരമായ ഏർപ്പാടുകളാണ്. അതെങ്ങിനെ ഞാൻ മനസ്സിലാക്കി എന്നല്ലേ? 

 

ജീവിതത്തിൽ ആദ്യമായി കള്ളന്മാരെ കാണുന്നത് സംഘടനാ പ്രവർത്തനകാലയളവിൽ  പീരുമേട് സബ്ജയിലിൽ കിടക്കുമ്പോഴാണ്.

 

ജയിലിൽ ചെല്ലുന്ന ആദ്യ രണ്ടു ദിവസം കഥ പറച്ചിലിന്റേതാണ്. കള്ളൻമാരും കൊള്ളക്കാരും ഗുണ്ടകളുമാണെങ്കിലും സഹതടവുകാർ അവരുടെ കഥ നമ്മളെ പറഞ്ഞു കേൾപ്പിക്കാൻ വല്ലാത്തൊരു ഉത്സാഹത്തിലായിരിക്കും.

 

പ്രത്യേകിച്ചും പാർട്ടിക്കാർ ആണെങ്കിൽ നമ്മുടെ സഹതാപം പിടിച്ചുപറ്റി നമ്മുടെ കയ്യിൽ നിന്നും ബീഡിയും സിഗരറ്റും കിട്ടാൻ അവരുടെ കഥനകഥകൾ നമ്മളോട് പറയും. 

 

അതിലൊരു കള്ളൻ പറഞ്ഞ കഥയാണ്. മോഷണ കഥകൾ പറയുന്നത് അവരുടെ ഒരു ഹോബിയാണ് എന്നു ഞാൻ മനസ്സിലാക്കുന്നത്.

 

അവൻ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി. ഭിത്തി തുരന്നാണ് അകത്ത് കയറുന്നത്. കൃത്യം ഒരാൾക്ക് നൂണ്ട് കയറാൻ പാകത്തിന് ഒരു തുളയുണ്ടാക്കി അവൻ കയറ്റം തുടങ്ങി. വളരെ കഷ്ടപ്പെട്ടാണ് കയറുന്നത്.

 

ഏകദേശം വയറിന്റെ ഭാഗമെത്തിയപ്പോൾ ആരോ ലൈറ്റിട്ടു. നോക്കുമ്പോൾ ഒരാൾ വടിയും പിടിച്ചു മുന്നിൽ നിൽക്കുന്നു. പുറകോട്ടിറങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അത്രയ്ക്ക് ടൈറ്റായാണ് ശരീരം ഇരിക്കുന്നത്.

 

അവസാനം മീശമാധവനിലെ പോലെ ‘പുരുഷു എന്നോട് മാപ്പാക്കണം’ എന്നു പറയുന്നതിന് മുന്നേ തന്നെ ആദ്യ അടി വീണു. ഒരു പതിനഞ്ച് മിനിറ്റെങ്കിലും അയാൾ നിർത്താതെ അടിച്ചു. അപ്പോഴേക്കും അയാളുടെ ഭാര്യയും മക്കളും ചുറ്റും കൂടിയിരുന്നു. 

 

അടി നിർത്തി ആ ചേട്ടനും ചേച്ചിയും അപ്പുറത്തേക്ക് പോയപ്പോൾ അയാൾ സമാധാനിച്ചു. അവിടെ നിന്ന കുട്ടികളോട് കുറച്ചു വെള്ളം ചോദിച്ചതും അടുത്ത അടി വീണതും ഒരുമിച്ചായിരുന്നു.

 

വീട്ടിലെ ചേട്ടൻ വീടിന് പുറത്തുകൂടി വന്നിട്ട് ചന്തിക്കിട്ടും കാലിനിട്ടുമാണ് ഇത്തവണ അടിക്കുന്നത്. കൈകാലിട്ടടിച്ചു കരഞ്ഞെങ്കിലും ആ ‘ദുഷ്ടൻ’ അടി നിർത്തിയില്ല. പോലീസ് ലാത്തി പോലെയുള്ള ഒരു വടി വെച്ചാണ് അടിക്കുന്നത്. 50 എണ്ണമൊക്കെ എണ്ണി പിന്നെയൊന്നും എണ്ണാൻ പറ്റിയില്ല എന്നാണ് അയാൾ പറഞ്ഞത്.

 

അതുകൂടാതെ ആ വീട്ടിലെ ചേച്ചി ഒരു തവിയിൽ മുളക്പൊടി കൊണ്ട് കണ്ണിലേക്ക് ഇട്ടതോടെ പിന്നെ എന്താണ് നടക്കുന്നത് എന്നൊന്നും അയാൾക്ക് മനസ്സിലായില്ല.

 

അവസാനം വീട്ടുകാരും നാട്ടുകാരുമെല്ലാം കൂടി വലിച്ചൂരി പോലീസിൽ ഏൽപ്പിച്ചു. അങ്ങനെ ജയിലിൽ എത്തി. ഇതു പറയുമ്പോൾ അപ്പോൾ അയാൾക്ക് തമാശയായിരുന്നു എങ്കിലും അയാളുടെ മുഖത്ത് ചെറിയൊരു പേടിയുടെ അംശം നമുക്ക് കാണാമായിരുന്നു.

 

കള്ളന്മാർക്ക് രസകരമാണെങ്കിലും  ഇതനുഭവിക്കുന്ന നമ്മളെപ്പോലുള്ളവർക്ക് ഇത്തരം അനുഭവങ്ങൾ അത്ര സുഖകരമായിരിക്കില്ല. നിക്കറിൽ മുള്ളിപ്പോകും അതാണ് അവസ്‌ഥ. 

 

നമ്മുടെ വാഴച്ചുവട്ടിലിരിക്കുന്ന കള്ളനാണെങ്കിൽ പോകാനും ഉദേശമില്ലാതെ വന്നതോടെ  ലാൻഡ് ഫോണിൽ ആരെയെങ്കിലും വിളിക്കാൻ തീരുമാനിച്ചു. അന്ന് മൊബൈൽ ഫോണൊന്നും ഇറങ്ങിയിട്ടില്ല. 

 

ഇന്നാണെങ്കിൽ ഒരുപക്ഷേ പൊലീസിനെ വിളിക്കും. പക്ഷേ അന്ന് പൊലീസൊന്നും അത്ര ജനകീയമല്ലായിരുന്നു. പിന്നെയുള്ളത് താഴെയുള്ള വീട്ടിലെ ഒരു ചേട്ടനാണ്. അദ്ദേഹവുമായി ആയിടക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ വിളിക്കാനും ഒരു മടി.

 

അവസാനം കള്ളന്റെ പേടിപ്പെടുത്തൽ തുടർന്നപ്പോൾ രണ്ടും കൽപ്പിച്ച് അദ്ദേഹത്തെ തന്നെ ഫോണിൽ വിളിച്ചു. 

 

വിളിച്ച് വെച്ചയുടൻ ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങി. അപ്പോഴും താഴത്തെ വാഴച്ചുവട്ടിൽ നിന്നും കള്ളൻ ‘‘koooooo’’ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടേയിരുന്നു.

 

ആ സമയം തന്നെ താഴത്തെ വീട്ടിലെ ചേട്ടൻ വാതിൽ തുറന്നു പുറത്തിറങ്ങി. ശബ്ദം കേട്ട ഭാഗത്തേക്ക് തന്റെ ശക്തിയേറിയ ടോർച്ചടിച്ചപ്പോൾ ആ വാഴ ചുവട്ടിൽ നിന്നും ഒരാൾ താഴേക്ക് ഓടി ഓടിപ്പോകുന്ന ശബ്ദം കേട്ടു. പിന്നെ അവിടെയെല്ലാം അദ്ദേഹം ടോർച്ചടിച്ചു നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആ സമയം റോഡിന്റെ അങ്ങേ കരയിൽ പട്ടി കുരക്കുന്നതും കേട്ടു. 

 

അകന്ന ബന്ധുവിനെക്കാൾ അടുത്ത വീട്ടിലെ ശത്രുവാണ് ഗുണം ചെയ്യുന്നതെന്ന് പണ്ടുള്ള ആളുകൾ പറഞ്ഞത് എത്ര ശരിയാണ്. അന്നാ ചേട്ടൻ വന്നില്ലായിരുന്നുവെങ്കിലോ?

 

എന്നിട്ടും കള്ളശല്യം അവിടം കൊണ്ടൊന്നും തീർന്നില്ല. പിന്നെയും നിരവധി കോഴികൾ മോഷ്ടിക്കപ്പെട്ടു. രാവിലെകളിൽ കോഴിക്കൂട്ടിൽ പോയി നോക്കുമ്പോൾ കോഴി കിടന്ന സ്ഥലത്ത് പൂട പോലും കാണില്ല. അവസാനം കൂട് മാറ്റി വെച്ചു നോക്കി അവിടുന്നു കോഴികൾ മോഷണം പോയി.

 

വർഷം എത്ര കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സ്വപ്നങ്ങളിൽ ആ കള്ളന്മാർ കടന്നു വരും. അടയ്ക്കാത്ത വാതിലുകൾക്ക് പുറത്തു നിൽക്കുന്നവരായിട്ടും, ജനലടക്കാൻ കയ്യിടുമ്പോൾ പുറത്ത് നിന്ന് കയ്യിൽ പിടിച്ചു വലിക്കുന്നവരായിട്ടും, പുറകിലെ മാവിന്റെ പിന്നിൽ ഒളിച്ചു നിൽക്കുന്നവരായിട്ടുമെല്ലാം ആ കള്ളന്മാർ  ഇപ്പോഴും ചില രാത്രികളിൽ എന്റെ ഉറക്കം കെടുത്താറുണ്ട്.

 

English Summary: Vellayamkudiyile Kozhikkallanmar, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com