ADVERTISEMENT

എന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥ (കഥ) 

 

തൂതയിലെ കോളജിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു വാരികയിലേക്ക് കഥ അയച്ചു കൊടുക്കുന്നത്. അത് വന്നില്ല എന്ന് മാത്രമല്ല ഞാൻ അയച്ച കത്തിന് ഒരു മറുപടിയും ലഭിച്ചില്ല. സെപ്റ്റംബർ മാസത്തിൽ ഞാൻ വീണ്ടും ഒരു കഥ എഴുതി. പക്ഷേ അത് സ്റ്റാമ്പ് ഒട്ടിച്ച് അയക്കാൻ എനിക്ക് തോന്നിയില്ല. പകരം ഞാൻ അത് രെജിസ്റ്റേർഡായി അയച്ചു. അതിന് മുപ്പത്തിമൂന്ന് രൂപ ചിലവായി. 

 

ആ ദിവസങ്ങളിൽ ചില ചിന്തകൾ എന്റെ മസ്തിഷ്കത്തിനുള്ളിൽ വടക്കോട്ടും തെക്കോട്ടും തുടർച്ചയായി അരിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫീസിലെ ചേച്ചിയോട് ഞാൻ ആ കാര്യം ചോദിക്കാൻ തീരുമാനിച്ചത്‌. ഒരു വെള്ളിയാഴ്ച ദിവസം രാവിലെ നേരത്തേ ഞാൻ പോസ്റ്റ് ഓഫീസിലേക്ക് പുറപ്പെട്ടു. കോളേജിൽ നിന്ന് കുറച്ച് ദൂരമേയുള്ളൂഎങ്കിലും ശ്രദ്ധിച്ച് വേണം പോകാൻ. അഥവാ പ്രിൻസിപ്പൾ എങ്ങാനും കണ്ടാൽ ഒന്നുകിൽ ഡിസ്മിസൽ ലെറ്റർ അടിച്ച് തരും അതല്ലെങ്കിൽ സസ്‌പെൻഷൻ വിത്ത് ഫൈൻ. അത് കൊണ്ട് തന്നെ അതീവ ശ്രദ്ധയോട് കൂടി വേണം പോകാൻ. 

 

പോസ്റ്റ് ഓഫീസ് എട്ടരയ്ക്ക് തുറക്കും പന്ത്രണ്ടരയ്ക്ക് അടക്കും. എന്തെങ്കിലും അയക്കാൻ ആണെങ്കിൽ പതിനൊന്ന് മണിക്ക് മുമ്പ് പോകണം. കാരണം പതിനൊന്ന് മണിക്ക് മെയിൽ വണ്ടി പോകും. മെയിൽ വണ്ടി പോയാൽ പിന്നെ അടുത്ത ദിവസം നോക്കിയാൽ മതി. കോളേജ് തൂതപ്പുഴയിലേക്കുള്ള റോഡിനരികിലാണ് സ്ഥിതി ചെയ്യുന്നത്. ആ റോഡ് തുടങ്ങുന്നത് പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി ഹൈവേയിൽ നിന്നുമാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വണ്ടികൾ പായുന്ന പാതയാണത്. രാത്രി പന്ത്രണ്ട് മണിക്ക് എഴുന്നേറ്റ് കാതോർത്താൽ അണ്ണാച്ചി ലോറികളുടെ ഇരമ്പൽ വ്യക്തമായി കേൾക്കാം. 

 

പോസ്റ്റ് ഓഫീസിൽ മൂന്ന് പേരാണുള്ളത്. കത്തുകൾ വിതരണം ചെയ്യുന്നത് ഒരാണാണ്. അല്പം തടിയും താടിയുമൊക്കെ ഉള്ള ഒരാൾ. അയാളെ ഞാൻ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ബാക്കി രണ്ട് സ്ത്രീകളാണ്. അതിൽ ഒരാൾക്ക് നാല്പത്തിനടുത്ത് പ്രായം വരും. ഓഫീസിൽ വരുന്ന കത്തുകളും പ്രസിദ്ധീകരണങ്ങളും വേർതിരിക്കലാണ് അവരുടെ ജോലി. പിന്നെയുള്ളത് കഷ്ടി മുപ്പത് തികഞ്ഞ ഒരു സ്ത്രീയാണ്. അവരെ കാണാൻ നല്ല ചന്തമാണ്. ആദ്യമായി സ്റ്റാമ്പ് ഒട്ടിച്ച് അയച്ചപ്പോഴും രണ്ടാമതായി രജിസ്റ്റേർഡ് ആയി അയച്ചപ്പോഴും അവരുടെ കയ്യിലാണ് ഞാൻ കത്ത് കൊടുത്തത്. ആ സ്ത്രീ ചിരിക്കുമ്പോൾ ഏതോ വലിയ നടി ചിരിക്കുന്ന പോലെ എനിക്ക് തോന്നിയിട്ടുണ്ട്. 

 

റോഡിൽ നിറയെ കരിങ്കൽ കഷ്ണങ്ങളാണ്. തൂതപ്പുഴയിലേക്കുള്ള ഈ റോഡ് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ടാറിട്ടതെന്ന് എന്നോടാരോ പറഞ്ഞിരുന്നു. ഞാൻ പോസ്റ്റ് ഓഫീസിന്റെ മുന്നിലെത്തി. അവിടെ മെലിഞ്ഞൊട്ടിയ ഒരു വൃദ്ധ ഡെസ്ക്കിലും കൈ വെച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ദൈന്യതയുടെ നിഴൽവെട്ടങ്ങൾ ഉയരുന്നതായും താഴുന്നതായും ഞാൻ കണ്ടു. എന്നെ കണ്ട മാത്രയിൽ പോസ്റ്റ് ഓഫീസിലെ നാല്‍പതുകാരി ചേച്ചി ഒന്ന് പല്ലിളിച്ച് കാണിച്ചു. അത് കണ്ടിട്ടാകണം മുപ്പത്കാരി യുവതി എന്നെയൊന്ന് നോക്കി. അവരെന്തോ തിരക്കിലാണെന്ന് എനിക്ക്  മനസ്സിലായി. അവരുടെ കണ്ണുകളിലേക്ക് കുറച്ച് നേരം ഞാൻ നോക്കി  നിന്നു. നയനമനോഹരമായ ആ കാഴ്ചയിൽ ഞാൻ മുഴുകി നിൽക്കേ ആരോ ഒച്ചയനക്കുന്നത് ഞാൻ കേട്ടു. ഞാൻ മുഖം തിരിച്ചു ഒരിത്തിരി മടി തോന്നിയെങ്കിലും ഞാൻ വീണ്ടും അവരുടെ മുഖത്തേക്ക് നോക്കി. അന്നേരം അവർ ഒരു പേപ്പറിൽ ഒപ്പിട്ട് എന്റെ അരികിലുണ്ടായിരുന്ന വൃദ്ധയ്ക്ക് നേരേ നീട്ടി. 

 

‘എന്താ?’ 

 

അവരുടെ മുഖത്തേക്ക് നോക്കി നിന്നിരുന്ന എന്നോട് പെട്ടെന്നാണ് അവരത് ചോദിച്ചത്.നല്ല സ്വപ്നം കാണുന്നതിനിടയിൽ നേരം വെളുത്തു എഴുന്നേൽക്ക് മോനെ എന്ന അമ്മയുടെ സ്വരമാണ് എനിക്ക് അപ്പോൾ ഓർമ വന്നത്. 

 

‘എന്റെ കത്തിന് വല്ല മറുപടീം വന്നോന്നറിയാൻ പോന്നതാ’ 

 

അല്പം ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു. അന്നേരം അവർ ഒന്ന് ചിരിച്ചു.അതെന്നെ കളിയാക്കിയിട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കളിയാക്കി ചിരിക്കുമ്പോൾ ആരും ഇത്ര ഭംഗിയിൽ ചിരിക്കാറില്ല. 

‘ വന്നാ കോളേജിലേക്ക് കൊടുത്തയക്കില്ലേ’ 

‘ന്നാലും  ഇന്ക്കൊരു സമാധാനല്ല ഇന്റെ മനസ്സ് പറഞ്ഞു വന്നൂന്ന്’ 

‘എന്ത് വന്നൂന്ന്?’ അവർ ഒരിത്തിരി ഗൗരവത്തിൽ ചോദിച്ചു. 

‘കത്ത് മറ്പടി കത്ത്’ 

‘വന്ന്ട്ടില്ല വന്നാ കോളേജില്ക്ക് കൊടുത്തയക്കണ്ട്’ 

 

എനിക്ക് സങ്കടം വന്നു. ഒരുപാട് പ്രതീക്ഷിച്ചാണ് പ്രിൻസിപ്പളുടേയും മറ്റുള്ളവരുടേയും കണ്ണുവെട്ടിച്ച് പോസ്റ്റ് ഓഫീസിലേക്ക് വന്നത്. പക്ഷേ പതിവിന് ഒന്നും സംഭവിച്ചിട്ടില്ലായെന്ന് എന്ന‌‌െ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഈ കത്തും ഏതെങ്കിലും വേസ്റ്റ് ബാസ്ക്കറ്റിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ചു. 

 

പിറ്റേന്ന് ലൈബ്രറിയിൽ ഇരിക്കുമ്പോൾ എനിക്ക് ഒരു കഥ എഴുതാൻ തോന്നി. ആ സമയം ഞാൻ ആനന്ദിന്റെ അഭയാർത്ഥികൾ വായിക്കുകയായിരുന്നു. അഭയാർത്ഥികളിൽ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ട കുറച്ച് വരികൾ ഞാൻ ശബ്ദം കുറച്ച് ചൊല്ലി. 

‘ആമി കൊതൊയി ജേ കരി വൃഥാ പര്യടന്‍ 

തോമാര്‍ കാഛേ തൊ ജായ്നേ 

ആമി കൊതൊ ഗാന്‍ ഗായി മനേര്‍ ഹര്‍ഷേ 

തോമാര്‍ മഹിമ ഗായ്നേ 

ആമി സകല് കാജേര്‍ പായ്നേ സമയ് 

തോമാരേ ഡാകിതേ പായ്നേ’ 

 

അതൊരു സംസ്‌കൃത ശ്ലോകമായിരുന്നു. അതിന്റെ അർത്ഥം ആ പേജിന്റെ അവസാനത്തിൽ ഉണ്ടായിരുന്നു. ‘ഞാൻ എവിടെയെല്ലാം വൃഥാവില്‍  അലഞ്ഞുനടന്നു; നിന്റെ അരികിൽ മാത്രം വന്നില്ല… മനസ്സിലെ സന്തോഷത്താൽ ഞാൻ എത്ര പാട്ടുകൾ പാടി; നിന്റെ മഹിമയെക്കുറിച്ച് മാത്രം പാടിയില്ല… ഞാൻ സകല കാര്യങ്ങളിലും വ്യത്യസ്തനായിരുന്നു; നിന്റെ വിളി മാത്രം കേട്ടില്ല’. ഞാൻ ആ പുസ്തകം അടച്ചുവെച്ചു. സുമനും ഗൗതമനും മഹേഷും അപ്പോഴും കുഴി വെട്ടുകയും മണ്ണ് മാന്തുകയുമായിരുന്നു. പക്ഷേ അത് ഗംഗയുടെ തീരങ്ങളിലായിരുന്നില്ല എന്റെ സങ്കല്പതീരങ്ങളിലായിരുന്നു.എന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ഇനി പോസ്റ്റ് ഓഫീസിലുള്ള ചേച്ചിയെങ്ങാനും കത്തിലെ എന്റെ പേര് വെട്ടി അവരുടെ പേരിൽ അയക്കുന്നുണ്ടോ എന്ന് വരെ എനിക്ക് തോന്നി. ആ ഒരൊറ്റ സംശയത്തോടെ പോസ്റ്റ് ഓഫീസിലും സ്റ്റാമ്പിലുമുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു. 

 

അങ്ങനെയാണ് ഞാൻ കോഴിക്കോട് പോകാൻ തീരുമാനിക്കുന്നത്. കഥ എഡിറ്ററുടെ കൈയ്യിൽ നേരിട്ട് കൊടുക്കാമല്ലോ എന്നായി എന്റെ ചിന്ത.പക്ഷേ അതിന് കഥ വേണമല്ലോ കഥയില്ലാതെ എഡിറ്ററെ കണ്ടിട്ട് എന്ത് കാര്യം! അങ്ങനെ ഞാൻ പേനയും പുസ്തകവുമെടുത്തു. എഴുതാൻ ഒന്നും വരാത്തതിന്റെ ദുഃഖത്തില്‍ ഇരിക്കുമ്പോൾ ഞാൻ നോട്ടുപുസ്തകത്തിന്റെ വെളുത്ത പ്രതലത്തിലേക്ക് വെറുതേയൊന്ന് നോക്കി. അതെന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്നെനിക്ക് തോന്നി. പതിയെ പേന കൊണ്ട് പേപ്പറിലേക്ക് ഞാൻ അക്ഷരങ്ങൾ കോറിയിടാൻ തുടങ്ങി. 

 

‘ചുവന്ന തെരുവിലെ ആ ഇടുങ്ങിയ കെട്ടിടത്തിൽ നിന്നും ആരും കാണാതെ അവൾ പുറത്തേക്കിറങ്ങി. തന്റെ ചുണ്ടുകളിലമർന്ന ലിപ്സ്റ്റിക്കിന്റെ അടയാളം സാരിയുടെ കോന്തല കൊണ്ട് അവൾ മായ്ച്ചു കളഞ്ഞു. പകുതി തുറന്നിരുന്ന അവളുടെ സാരി ശരിയാക്കിയിട്ടു. ശരീരത്തിന്റെ മുഴുവൻ ഭാഗവും അതുകൊണ്ടവൾ മറച്ചു. പിന്നിയിട്ടിരുന്ന മുടിയവൾ പതുക്കെ കൂട്ടിക്കെട്ടി. നെറ്റിയിലമർന്നിരുന്ന സിന്ദൂരത്തിന്റെ കാഠിന്യം നേർത്തതാക്കി മാറ്റാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. കുറച്ചു നേരം നടന്ന ശേഷം അവൾ റോഡിന് ഇടതുവശത്തെ ബസ്‌സ്റ്റോപ്പിലേക്ക് കയറി നിന്നു. ആദ്യം വന്ന വാഹനത്തിൽ തന്നെ ഇരിപ്പിടമുറപ്പിച്ച അവൾ മിനുട്ടുകൾ മാത്രം നീണ്ട ആ യാത്ര സെന്റ് ജോസഫ് ഓർഫനേജ് എന്ന് ബോർഡെഴുതിയ ഒരു കെട്ടിടത്തിനു മുന്നിൽ അവസാനിപ്പിച്ചു. ഈറനണിഞ്ഞ രണ്ട് കണ്ണുകൾ അവൾ ദൂരെ നിന്ന് തന്നെ കണ്ടു, കൂടെ അമ്മേ എന്നൊരു വിളിയും…’ 

 

അന്ന് വൈകുന്നേരം ആയപ്പോഴേക്കും കഥ പൂർത്തിയായി. ഇനി മുന്നിലുള്ളത് പ്രിൻസിപ്പാളുടെ മുമ്പാകെയുള്ള വിനീത വിധേയന്റെ വിഡ്ഢി വേഷം കെട്ടലാണ്. പോയി മയത്തിൽ ചോദിച്ചാൽ അവധി തരും. അല്ലെങ്കിൽ അവധി തരില്ല. ഇനി ചോദിച്ചില്ലെങ്കിലും അവധി ലഭിക്കുന്ന കുറച്ച് പേരുണ്ട് കോളേജിൽ. പ്രമാണിമാരുടേയും പണക്കാരുടേയുമൊക്കെ മക്കളാണവർ. അവർക്ക് അവധി കഴിഞ്ഞ് വന്നാൽ പ്രിൻസിപ്പളെ ഒന്ന് മുഖം കാണിച്ചാൽ മതി. ഇത് അനീതിയായി കോളേജിൽ ഇതുവരെ ആർക്കും തോന്നിയിട്ടില്ല തോന്നിയിട്ടും വലിയ കാര്യമില്ല എന്നതാണ് സത്യം. 

 

അങ്ങനെ മുഖത്ത് അല്പം വിനീത ഭാവം വരുത്തി ഞാൻ മേലാന്റെ മുന്നിലേക്ക് പോയി. പോയപാടെ കേട്ടത് എന്തേയ് എന്ന ഉച്ചത്തിലുള്ള ചോദ്യമായിരുന്നു. ഞാൻ മയത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു. ബോധിച്ചു എന്ന മട്ടിൽ അയാൾ എന്നെയൊന്ന് നോക്കി. ലീവ് രജിസ്റ്ററിൽ ഒപ്പും മേടിച്ച് ഞാൻ ഹോസ്റ്റൽ മുറിയിലേക്ക് പോയി. 

 

പിറ്റേന്ന് ഞാൻ നേരത്തേ കോളേജിൽ നിന്ന് ഇറങ്ങി. വഴിക്ക് വെച്ച് ആരെങ്കിലും കണ്ടാൽ പ്രശ്നമാകുമോയെന്ന ഭയം അശേഷം പോലും എന്നെ വേട്ടയാടിയില്ല. പ്രിൻസിപ്പളുടെ സമ്മതം കിട്ടിയിട്ടാണല്ലോ പോകുന്നത് എന്ന ധൈര്യമായിരുന്നു എന്റെ മനസ്സ് മുഴുവനും. പോസ്റ്റ് ഓഫീസ് തുറന്നിട്ടുണ്ടായിരുന്നില്ല. ഞാൻ അയച്ച രണ്ട് കത്തുകളും എന്റെ പേരിൽ തന്നെ എഡിറ്ററുടെ കയ്യിൽ കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ കൂടിയായിരുന്നു ഞാൻ കോഴിക്കോട് പോകാൻ തീരുമാനിച്ചത്. അഥവാ കിട്ടിയിട്ടില്ലാ എന്നെങ്ങാനും എഡിറ്റർ പറഞ്ഞാൽ പോസ്റ്റ് ഓഫീസിലെ ചേച്ചിമാരുടെ മുഖത്ത് നോക്കി പറയാനുള്ള പുളിച്ച നാല് തെറി ആലോചിക്കുന്നതിനിടയിലാണ് പെരിന്തല്‍മണ്ണയിലേക്കുള്ള ബസ് വന്നത്…

 

പതിനൊന്ന് മണിയായപ്പോഴേക്കും ഞാൻ കോഴിക്കോടെത്തി. വാരികയുടെ ഓഫീസ് കണ്ടെത്താൻ പിന്നെയും അരമണിക്കൂർ എടുത്തു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എഡിറ്ററെ കാണാമെന്ന് ഓഫീസിലെ ആരോ പറഞ്ഞു. കുറച്ച് നേരം ഞാൻ കാത്തിരുന്നു. നഗരത്തിന്റെ തിരക്കുകളിലേക്കും നോക്കി ഇരിക്കുമ്പോളാണ് പിന്നിലൂടെ വന്ന് അയാൾ എന്റെ ചുമലിൽ കൈ വയ്ക്കുന്നത്…

 

അയാൾ അന്ന് എന്നോട് പറഞ്ഞ ഒരു വചനം ഞാൻ എന്റെ ഡയറിയിൽ കുറിച്ചുവച്ചു.‘നീ എഴുതുന്നതിൽ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വന്നിരിക്കും ഇനി അഥവാ വന്നില്ലെങ്കിൽ നീ എഴുതിയതിൽ ഒന്നും ഇല്ലായെന്ന് വിശ്വസിക്കുക’. പിന്നെയും ഏഴ് മാസം ഞാൻ കാത്തിരുന്നു. ആ കാലയളവിൽ എട്ട് കഥകൾ പിന്നെയും ഞാൻ അതേ വരികയിലേക്ക് അയച്ചു. ആയിടെ ഒരു ദിവസം ഞാൻ കാഞ്ഞിരപ്പുഴയിലേക്ക് പോയി. ആറുകളും കാടുകളും നിറഞ്ഞ ആ പച്ചപ്പിന് നടുവിൽ വച്ചാണ് എനിക്ക് എഡിറ്ററുടെ ഇമെയിൽ സന്ദേശം ലഭിച്ചത്. ‘താങ്കളുടെ കഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു’. ആഹ്ലാദം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ചുറ്റും മരങ്ങളും പാറകളും മാത്രം മനുഷ്യരായി ആരുമില്ല. ഒന്നും നോക്കിയില്ല ഞാൻ ഉറക്കെ ആർത്തു. 

‘അബ് മെെന്‍ ബോംബെ കാ ബാഷ ബനേഗാ’

 

English Summary: Ente presidheekarikkapetta adhya kadha, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com