ADVERTISEMENT

നീലനിശീഥിനിയിൽ പൂത്ത ഏഴിലംപാലകൾ (ചെറുകഥ)

 

സ്ത്രീകളും കുട്ടികളും അവരുടെ ഇരുപ്പിടമായി നിലത്തും കല്പടവുകളിലും മറ്റുമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥാനം പിടിച്ചിരിക്കുകയാണ്. യുവാക്കളും പ്രായമായ പുരുഷന്മാരും കടയുടെ വശങ്ങളിലും ആൽമരച്ചുവട്ടിലുമായൊക്കെ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. വേദിയിൽ ഒരു ഗാനമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വാദ്യോപകരണങ്ങൾ എല്ലാം നിരന്നു കഴിഞ്ഞു. തബലയും ഗിറ്റാറും കീബോഡും ട്രിപ്പിളും എല്ലാം, ശ്രുതിയും താളവുമിട്ട് ഒരു തകർപ്പൻ ഗാനമേളയ്ക്കായി തയാറെടുക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മൈക്കിൽ കൂടി അനൗൺസ്മെന്റ് കേൾക്കാം. ‘‘കുരുതികാമൻകാവ് ക്ഷേത്രത്തിലെ തിരുവോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന്  കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള ഏതാനം നിമിഷങ്ങൾക്കകം ഈ വേദിയിൽ അവതരിപ്പിക്കുന്നതാണ്. ഇന്നിവിടെ കൂടിവന്ന എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.’’ ഇതിനു മുമ്പ് ഒന്നുരണ്ടു തവണയായി അനൗൺസ്മെന്റ് വന്നിരുന്നു. വൈകും തോറും ആളുകൾ അക്ഷമരാകാൻ തുടങ്ങിയിരിക്കുന്നു.

 

കാവിലെ തിറയാട്ടത്തിനു ശേഷമാണ് ഈ പരിപാടി ഇവിടെ നടക്കുന്നത്. ഇവിടുത്തെ പ്രധാനചടങ്ങും കാവിലെ തിറയാട്ടം തന്നെ. ഇതിനെല്ലാം ശേഷമാണ് കനലാട്ടം നടക്കുന്നത്. പുലരുവോളം നീളുന്ന കനലാട്ടം. കഠിനമായ വൃതം എടുത്തായിരിക്കും അതിൽ പങ്കെടുക്കുന്നത്. ഒരു വർഷത്തെ ഈ നാടിന്റെ കാത്തിരിപ്പാണ് ഇന്നവസാനിക്കുന്ന ഈ ഉത്സവം. പുഴയരികിലെ മണൽപ്പരപ്പിൽ ഭക്തജനങ്ങൾ ഏറെ  പങ്കെടുത്ത കാവടിയാട്ടം ഉച്ചയോടുകൂടി പൂർത്തിയായി.

 

പുഴയുടെ തീരത്തായി ഇല്ലിമുളം കാടുകൾക്കും വൻ മരങ്ങൾക്കുമിടയിലുള്ള പുരാതന ക്ഷേത്രത്തിൽ നല്ല തിരക്കാണ്. അവസാന ദിവസമായതുകൊണ്ടാവാം തൊഴാനും മറ്റുമായി ഒരുപാട് ആളുകൾ വരുന്നുണ്ട്. സൈക്കിളിലും നടന്നുമൊക്കെ ദൂരെനിന്നു പോലും ആളുകൾ എത്തിയിട്ടുണ്ട്. ഉത്സവപ്പറമ്പിലെ വെളിച്ചം പുഴയിൽ തെളിഞ്ഞു കാണാം. ഒരു കന്യകയെപ്പോലെ പുഴ ശാന്തമായൊഴുകുന്നു. ചെറിയ നിലാവെട്ടത്തിൽ കുളിച്ചു നിൽക്കുന്ന പുഴയിലൂടെ കടത്തുവള്ളത്തിൽ പലരും ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. 

 

ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആൽമരച്ചുവട്ടിൽ കാക്കാത്തികൾ തത്തയെക്കൊണ്ട് വരിവരിയായി വൈകുന്നേരം മുതൽ തുടങ്ങിയ ഇരുപ്പാ... കൈനോക്കി ഭൂതം, ഭാവി, വർത്തമാനം പറയുന്ന കാക്കാത്തികൾ. ഭാവി അറിയാൻ പല ചെറുപ്പക്കാരും കൈലിമുണ്ടുടുത്ത് കാക്കാത്തികളുടെ മുമ്പിൽ കുത്തിയിരിക്കുന്നതു കാണാം. കരിമണിമാല, മുത്തുമാല, ശംഖുമാല, കല്ലുമാല, മാങ്ങാമണിമാല പിന്നെ വള, കമ്മൽ ഇവയൊക്കെ വിൽക്കുന്ന ചിന്തിക്കടകൾ കൂടാതെ പാത്രക്കട, മുറുക്കാൻകട, ചായക്കടകൾ അങ്ങനെ മൈതാനത്തിന്റെ പല ഭാഗത്തും കാണാം. കൊച്ചുകുട്ടികളെ എടുത്തുകൊണ്ട് അച്ഛനമ്മമാർ കളിപ്പാട്ടക്കടകളിലും മറ്റും തിക്കുംതിരക്കും കൂട്ടുന്നു. ചെപ്പിൽ നിറയെ കുങ്കുമവുമായി മറ്റൊരു ഭാഗത്തായി സ്ത്രീകൾ ഇരിക്കുന്നു. നടന്നുകൊണ്ട് കപ്പലണ്ടി വിൽക്കുന്ന പയ്യന്മാർ, ആൾക്കൂട്ടത്തിൽ കരിപ്പട്ടികാപ്പി കൊണ്ടു നടന്നു വിൽക്കുന്നവർ, അങ്ങനെയങ്ങനെ.... 

 

തെങ്ങിലും പ്ലാവിന്റെ കൊമ്പിലും കെട്ടിയ കോളാമ്പിയിൽക്കൂടി റിക്കാർഡ് പാട്ടുകൾ കേൾക്കാം. വർഷങ്ങൾക്കു ശേഷമാണ് ഇത്രയും നന്നായി ഉത്സവം നടക്കുന്നത്. പൊടുന്നനെ എല്ലാവരും നിശ്ശബ്ദരായി. 

“പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട 

ഹിമവല്‍ ശൈലാഗ്രശൃംഗത്തില്‍

വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന

വിമലാകാശാന്തരംഗങ്ങളില്‍

നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന

തുടിതന്നുത്താള ഡുംഡും രവം

തത്വത്തിന്‍ പൊരുളാലപിപ്പു മധുരം

സത്യം… ശിവം... സുന്ദരം...’’

 

ഒരു ശിവഭക്തിഗാനത്തോടു കൂടി ഗാനമേള ആരംഭിച്ചിരിക്കുന്നു. സോഡാ പൊട്ടിക്കുന്ന ശബ്ദ്ദങ്ങളും കൊച്ചു കുട്ടികളുടെ കരച്ചിലുമൊഴിച്ചാൽ ആളുകളെല്ലാം വളരെ ശാന്തരായി ഇരുന്നു കാണുകയാണ്.

പുഴയുടെ അങ്ങേക്കരയിൽ ഓലമേഞ്ഞ വീടിനുള്ളിലെ മങ്ങിയ വിളക്കുവെട്ടത്തിൽ ഇരുന്നു കൊണ്ട് ഗോമതിയമ്മ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. 

 

അഞ്ച് വർഷം മുമ്പൊരു ഉത്സവത്തിന്റെ അവസാന ദിവസമാണ് അതു സംഭവിച്ചത്. ഗോമതിയമ്മ പുത്രവിയോഗത്താൽ മനസ്സ് നീറിത്തുടങ്ങിയിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഹൃദയം നുറുങ്ങുന്ന സങ്കടത്തോടെ ചാർത്തിലെ കട്ടിലിൽ പോയി കിടന്നുകൊണ്ട് മകനെപ്പറ്റിയോർത്തു. അവന് ഈനാട് എന്നും ഒരുപാട് ഇഷ്ടമായിരുന്നു. ഒരു കാരണവരെ പോലെയായിരുന്നു കാവിലെ ഉത്സവത്തിലൊക്കെ നിന്നത്. കടുത്ത ദുഃഖഭാരത്തോടാണ് ഈനാട് വിട്ടുപോയത്. മകന്റെ വരവും കാത്ത് എല്ലാ രാത്രികളിലും കൈയിൽ ഒരോട്ടുവിളക്കുമായി വീടിന്റെ വാതിൽപ്പടിയിൽ നിന്ന് അകലങ്ങളിലേക്ക് നോക്കും, ഏറെ പ്രതീക്ഷകളോടെ... കടവിലെ അവസാന തോണി വരുന്നവരെയും കാത്തിരിക്കും. കടത്തുകാരൻ ചെല്ലപ്പന്റെ അവസാന കൂവിവിളിയും കേട്ടു നിൽക്കും. വർഷങ്ങളായി തുടരുന്നു. കുറെ നേരം നോക്കിനിന്ന ശേഷം വീടിനുള്ളിലേക്ക് കയറി പോകും. ‘‘ഇന്നും അവൻ വന്നില്ല, അല്ലേ... ഞാൻ മരിക്കുന്നതിന് മുമ്പേ അവനെ കാണാൻ പറ്റുമോ  ഭഗവാനെ…” പിന്നെ എന്തെങ്കിലും പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കയറിപ്പോകും.   

 

‘‘ചേട്ടൻ എവിടെയെങ്കിലും സമാധാനത്തോട് ജീവിച്ചോട്ടെ, അമ്മ വന്നുകിടക്ക്’’

 

ഒരുപാട് നേരം ചേട്ടനെപ്പറ്റി പറയുമ്പോൾ ആതിര പറയും. അച്ഛനീ സമയമെല്ലാം ചായ്പ്പിലെ കസേരയിൽ ഒരോന്നു ചിന്തിച്ചു ബീഡിവലിച്ച് ഇരിക്കുന്നുണ്ടാവും. ‘‘അച്ഛനും അമ്മയ്ക്കും താങ്ങായി നിൽക്കേണ്ടവനായിരുന്നു. എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവൻ പഠിച്ചിട്ടുള്ളൂ. ഇങ്ങനെ മൂന്നു ജീവനുകൾ ഉണ്ടെന്നൊരു വിചാരം പോലുമില്ല. ഒരേയൊരു പെങ്ങടെ കാര്യം പോലും അവൻ മറന്നു. ഇവളെ ഒരുത്തന്റെ കൈ പിടിച്ചു കൊടുക്കുന്നതിന് മുന്നിൽ നിൽക്കേണ്ടവനായിരുന്നു. എന്റെ കണ്ണടയുന്നതിനു മുമ്പേ അതു കാണാൻ പറ്റുമോ... ഭഗവാനേ...” ഇടയ്ക്ക് ഇങ്ങനൊക്കെ പിറുപിറുത്തു കൊണ്ട് നടക്കും. അച്ഛൻ ഇതെല്ലാം കേട്ടോണ്ട് വളരെ നിസ്സംഗതയോടെ ചായ്പ്പിലെ കൈയൊടിഞ്ഞ കസേരയിൽ പുറത്ത് ഇരുട്ടിലേക്ക് നോക്കി ഇരിക്കും. 

 

പുഴയുടെ തീരത്തും ആൽത്തറയിലും സുഹൃത്തുക്കളുമായി ഒത്തുകൂടിയ കാലം. പുഴയരികിലെ മണൽത്തരികളെ നോക്കി ഓരോ സ്വപ്നങ്ങൾ നെയ്തെടുത്ത രാത്രികൾ. രാത്രി ഒരുപാട് ഇരുട്ടുമ്പോൾ ഉച്ചത്തിലുള്ള അച്ഛന്റെ വിളികേട്ടാണ് പലപ്പോഴും ഹരിദാസ് വീട്ടിൽ വരുന്നത്. നിറയെ മഞ്ചാടിമണികൾ വീണുനിറഞ്ഞ സർപ്പക്കാവിലെ മൺചിരാതുകളിൽ തിരിവെയ്ക്കും. ഏകാന്തതയുടെ നിശ്ശബ്ദതയിൽ കൽവിളക്കിൽ  തിരിതെളിച്ച് അല്പനേരം പ്രാർത്ഥിച്ചു നിൽക്കും. എന്തെന്നില്ലാത്ത ഏകാന്തതയാണിവിടം. പൊക്കത്തിലുള്ള ഇരുപതോളം കൽപടവുകൾ കയറി വേണം വീട്ടിലെത്താൻ. ഞാൻ വരുമ്പോഴേക്കും തിരികൊളുത്തിയ നിലവിളക്കിന് മുന്നിൽ നാമജപം കഴിഞ്ഞ് ആതിര പഠിക്കാൻ ഇരുന്നിട്ടുണ്ടാവും. അമ്മയ്ക്ക് പലപ്പോഴും വേവലാതിയാണ്. “നിനക്കു കുറച്ചു കൂടി നേരത്തേ വന്നാലെന്താ…? എന്നും ഇരുട്ടുന്നവരെ നിക്കണോ....?” 

 

വീട്ടിൽ നിന്ന് ഒരു വിളിപ്പുറം മാത്രമേയുള്ളു പുഴയും ആൽത്തറയുമായി, എങ്കിലും അമ്മ ഇങ്ങനൊക്കെ പറഞ്ഞുകൊണ്ടിരിക്കും.

രാത്രികാലങ്ങളിൽ ഹരിദാസ് വായനയിൽ മുഴുകിയിരിക്കും. കവിതകളെ ഏറെ ഇഷ്ടപ്പെടുന്ന ഹരിദാസ് പലപ്പോഴും കവിതകൾ എഴുതുമായിരുന്നു. ചിലപ്പോൾ രാവേറെയാകും. നീലനിലാവുള്ള രാത്രികളിൽ ജനാലകളിൽ കൂടി പുറത്തേക്ക് നോക്കിയാൽ അകലെ പുഴയിൽ പൂർണ്ണചന്ദ്രനെ കാണാം. നിലാവിന്റെ പ്രഭയിൽ മുങ്ങി നിൽക്കുന്ന പുഴ. നിലാവിൽ കുളിച്ചു നിൽക്കുന്ന പുഴയിലെ ആകാശം കണ്ടുകിടക്കും. അങ്ങേക്കരയിൽ അവസാന ബസ്സ് വരുമ്പോൾ രാത്രി ഒരുപാട് ഇരുട്ടും, ഇക്കരയിലേക്ക്  വരാൻ ഒന്നോ രണ്ടോ പേർ കാണും. കടത്തുകാരൻ ചെല്ലപ്പൻചേട്ടൻ കൂവി വിളിക്കുന്നതു കേൾക്കാം. കാവിലെ പക്ഷികളും ഹരിതനികുഞജങ്ങളുമെല്ലാം നിശ്ശബ്ദരായി ഉറങ്ങിയിട്ടുണ്ടാവും. ചിലപ്പോൾ നിശാശലഭങ്ങൾ പറന്നു നടക്കുന്നതു നിലാവിന്റെ വെട്ടത്തിൽ കാണാം. ഞാനും കുറെ വായിച്ചശേഷം ഉറങ്ങും.

 

ഹരിദാസ് ഡിഗ്രി കഴിഞ്ഞ് ഒരു വർഷക്കാലം വെറുതെ വീട്ടിൽ തന്നെയായിരുന്നു. ഒരു ജോലിക്ക് വേണ്ടി പലയിടത്തും അലഞ്ഞു. മുടങ്ങാതെ അമ്പലത്തിൽ പോകുമായിരുന്നു. ആ ഇടയ്ക്കാണ് അശ്വതിയെ കാണുന്നത്. അനിയത്തി ആതിരക്കൊപ്പം പലപ്പോഴും വീട്ടിൽ വരുമായിരുന്നു. വീട്ടിൽ വന്നാൽ എല്ലാവരോടും ഏറെനേരം സംസാരിച്ചു നിൽക്കുന്ന അശ്വതിയെ അമ്മയ്ക്കൊരു പ്രത്യേക വാൽത്സല്യമായിരുന്നു.

 

നാട്ടിലെ പ്രമാണി കുടുംബമായ കിഴക്കേടത്തില്ലം. പടിപ്പുര വാതിൽ കടന്നു ചെന്നാൽ തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടുകൂടി വിശാലമായ മുറ്റത്ത് സമ്പൽ സമൃദ്ധിയിൽ നിൽക്കുന്ന നാലുകെട്ട്. തെങ്ങിൻതോപ്പും കവുങ്ങിൻ പാടങ്ങളും നിറഞ്ഞ പറമ്പുകൾ. കണ്ണേത്താദൂരത്തായി കിടക്കുന്ന നെൽവയലുകൾ, നാലുകെട്ടിന്റെ   അറകളിൽ എണ്ണമില്ലാത്ത സമ്പത്തുകൾ. ഇല്ലത്തിനുള്ളിലും പാടത്തും പറമ്പിലും നിറയെ വാല്യക്കാർ. നാട്ടിലെ ഒരു പ്രമാണി കുടുംബമായ കിഴക്കേടത്തില്ലത്തെ മൂത്ത കാരണവരായ രാമൻ നമ്പൂതിരിയുടെ ഏകമകളായിരുന്നു അശ്വതി. നാട്ടിലെ ഒരു ജന്മി കുടുംബത്തിലെ തമ്പുരാനായിരുന്നു രാമൻനമ്പൂതിരി. അശ്വതിക്ക് അതിന്റെ  കനമൊന്നും ലവലേശം തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു. തമ്പുരാട്ടിക്കുട്ടിയാണെന്ന തോന്നലൊന്നും ഒട്ടും ഇല്ലായിരുന്നു. എപ്പം കണ്ടാലും ഹരിയേട്ടാ എന്നുവിളിച്ച് പുറകെ നടക്കുന്ന ഒരു പാവാടക്കാരി. പ്രസന്നവദനമായ മന്ദസ്മിതത്തോട് വരുന്ന ശാലീനസുന്ദരി. പ്രീഡിഗ്രിക്ക് ഒരു ക്ലാസ്സിലായിരുന്നു ആതിരയും അശ്വതിയും. വീട്ടിലെത്തി ആതിരെയും കൂട്ടി ആയിരിക്കും മിക്കവാറും കോളേജിലേക്ക് പോകുന്നത്.

 

ഒരിക്കൽ കാവിൽ തിറയാട്ടത്തിന് പോയപ്പോൾ കണ്ടു ! ഹാഫ് സാരിയുടുത്ത് കളഭക്കുറി തൊട്ട് , മുടിയിൽ തുളസിക്കതിർ ചൂടി, കൺമഷി ചാലിച്ച നയനങ്ങളുമായി കൽവിളക്കിന്റെ ദീപപ്രഭയിൽ നിൽക്കുന്ന അശ്വതിക്കുട്ടിയെ കണ്ടപ്പോൾ ആയിരം കൽവിളക്കുകൾ ഒന്നിച്ചെന്റെ മനസ്സിൽ തെളിഞ്ഞതുപോലെ ! ആദ്യമായാണ്  അശ്വതിയെ ഇത്ര സുന്ദരിയായി കാണുന്നത്. മാനത്ത് അപൂർവമായി മാത്രം ഒന്നിച്ചു തെളിയുന്ന നക്ഷത്രങ്ങളെ പോലെ എനിക്ക് തോന്നി. ഹരിയേട്ടാ, ഹരിയേട്ടാ എന്നു വിളിച്ച്  പിറകെ നടന്ന ആ പാവാടക്കാരി തന്നെയാണോ എന്ന് ഞാൻ സംശയിച്ചു. അന്നാണ് എന്റെ മനസ്സിൽ മോഹമുദിച്ചത്. ഒരു മാസ്മരമോഹം. പല രാത്രികളിലും ഒരു തിരിനാളം പോലെ അശ്വതി എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ഏഴു പൊൻതിരികൾ കത്തിച്ച കെടാവിളക്കായി... ചെമ്പക പൂവിതളുകളുടെ മനോഹാരിത അശ്വതിയുടെ നയനങ്ങളിൽ ഞാൻ കാണുമായിരുന്നു. അന്നു മുതലാണ് എന്റെ മനസ്സിൽ അനുരാഗം ഉണർന്നത്.

 

ഇടനാഴിയിലും തൊടിയിലും അമ്പലമുറ്റത്തുമൊക്കെ ഞങ്ങൾ പലപ്പോഴും കണ്ടുമുട്ടുന്ന ഇടങ്ങളായി മാറി. കടത്തുകടന്ന് അങ്ങേക്കരയിൽ ചെന്നാൽ പിന്നെ മുഴുവനും നെൽപാടങ്ങളായിരിക്കും. കാറ്റത്താടിയുലയുന്ന നെൽക്കതിർ. അരുണകിരണങ്ങളാൽ മുങ്ങിനിൽക്കുന്ന പാടവരമ്പിൽ കൂടിയാണ് ഞങ്ങൾ കവലയിലെ ബസ്സ്സ്റ്റോപ്പിലേക്ക് പോകുന്നത്. അവിടെ നിന്നും പട്ടണത്തിലെ കോളേജിലേക്കും, ഞാനും ഇടക്കൊക്കെ  പട്ടണത്തിൽ പോകുമായിരുന്നു. 

 

ഒരു സന്ധ്യനേരം ഞങ്ങൾ മഞ്ചാടിക്കാവിൽ വച്ച് കണ്ടുമുട്ടി. ആദ്യമായാണ് ഇവിടെവച്ചു കാണുന്നത്. കണ്ണെഴുതി നെറ്റിയിൽ ചന്ദനക്കുറിതൊട്ട്, നന്ത്യാർവട്ടപ്പൂക്കൾ മുടിയിൽ ചൂടി, ചുവപ്പു പട്ടുപാവാടയിൽ അശ്വതി കൂടുതൽ മനോഹരിയായി തോന്നി. എങ്ങുനിന്നോ വന്ന കാറ്റിൽ കാവിലെ വള്ളിപ്പടർപ്പുകൾ ആടിയുലഞ്ഞു. കൂടിക്കിടന്ന കരിയിലകൾ കാറ്റത്തിളകി അവ എങ്ങോട്ടോ സഞ്ചരിച്ചു. എങ്ങുനിന്നോ കാട്ടുപൂക്കളുടെ ഗന്ധം  ഒഴുകിയെത്തി. ഇളകിയാടിയ മുടിയിഴകൾ ഒതുക്കിവെയ്ക്കാൻ അശ്വതി നന്നേ ബദ്ധപ്പെടുന്നുണ്ടായിരുന്നു. കുറുനിര അവളെ കൂടുതൽ മനോഹരിയാക്കികൊണ്ടിരുന്നു.

 

“അശ്വതിക്കുട്ടി തന്നിച്ചാണോ വന്നത്…?” ഞാൻ ചോദിച്ചു.

“അതേ...”

“സസ്യാനേരത്ത് ഇവിടെ തനിച്ചു വരാൻ പേടിയില്ലേ…?”

‘‘ഞാനെന്തിന് പേടിക്കണം, എന്നോടൊപ്പം കാവിലമ്മ എപ്പോഴും കാണുമല്ലോ.’’ എന്നോട് മറുപടി പറയുമ്പോൾ മുഖത്ത് എവിടുന്നോ വന്ന ധൈര്യം കാണാമായിരുന്നു.

‘‘പിന്നെ ഹരിയേട്ടാ ഇന്നെന്റെ പിറന്നാളാണ്.’’

‘‘ധനു മാസത്തിലെ അശ്വതി നാളിലാണെന്റെ പിറന്നാള്. എല്ലാ പിറന്നാളിലും കാവിലെ വിളക്കിൽ തിരിവെയ്ക്കും. എന്റെ ജന്മനക്ഷത്രം തന്നെയാണ് അമ്മ എനിക്ക് പേരായിട്ടത്.’’

‘‘അശ്വതിക്കുട്ടിയുടെ പിറന്നാളിനു എനിക്ക് പായസമൊന്നുമില്ലേ...?’’

‘‘ഹരിയേട്ടനെ ഞാൻ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. അല്ലെങ്കിൽ ഞാൻ ഹരിയേട്ടന്റെ വീട്ടിൽ നാളെവരാം... എനിക്ക് ആതിരയെയും അമ്മയെയും കാണാമല്ലോ... പിന്നെ പിറന്നാൾ പായസോം കൊണ്ടു വരാം.’’ 

‘‘ആതിരയെയും അമ്മയെയും മാത്രമാണോ കാണാൻ വരുന്നത്, ശരിക്കും.... ശരിക്കും ആതിരെയും അമ്മയെയും മാത്രം കാണാനാണോ വരുന്നത്.’’ അശ്വതിയുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ ചോദിക്കും. എന്റെ ചോദ്യത്തിനുത്തരമായി അശ്വതിയുടെ നീൾമിഴികളിൽ ലജ്ജകൾ പൂത്തുനിൽക്കുന്നതു കാണാമായിരുന്നു.

 

മുത്തുവിതറിയപോലെ ചിരിക്കുന്ന അശ്വതി, മഞ്ചാടിമണികൾ വീണുകിടക്കുന്ന കാവിൽ നിന്നോടി മറയും. കൊലുസിന്റെ കിലുക്കം ഒരോ മഞ്ചാടിമണികളെ തട്ടി പ്രതിധ്വനിച്ചു കാവാകെ നിറയും. മന്ദഹാസത്തിന്റെ മാതളപ്പൂക്കൾ എനിക്കു സമ്മാനിച്ച അശ്വതിയെ പറ്റിയുള്ള ചിന്തകൾ എന്നിൽ കവിതകളായി തുളുമ്പി. എന്റെ മനതാരിൽ ഒരു ഗാനത്തിന്റെ വരികൾ ഓർത്തു.

 

‘സ്വർണ്ണ ഗോപുര നർത്തകി ശിൽപം

കണ്ണിനു സായൂജ്യം നിൻ രൂപം

ഏതൊരു കോവിലും ദേവതയാക്കും

ഏതു പൂജാരിയും പൂജിയ്ക്കും 

നിന്നെ ഏതു പൂജാരിയും പൂജിയ്ക്കും’

 

പിന്നീടൊരിക്കൽ കാവിൽവെച്ച് കുന്നിക്കുരുമണികൾ കൊണ്ടുണ്ടാക്കിയ ഒരു മാല ഞാൻ സമ്മാനിച്ചു. അശ്വതി അത് മാറോട് ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞു. “ഈ ചുവപ്പു മുത്തുകൾ എത്ര ഭംഗിയാണ് കാണാൻ, എന്റെ മനസ്സിലെ വർണ്ണങ്ങളെല്ലാം ഈ ചുവപ്പു മുത്തുമണികളിൽ ആവാഹിച്ച പോലെ.” അശ്വതിയുടെ മാറത്തു ചേർന്നു കിടക്കുന്ന ചുവപ്പു മുത്തുകളാവാൻ ഞാനേറെ ആഗ്രഹിച്ചു. അന്നാദ്യമായി എന്നിലെ പ്രണയമന്ത്രാക്ഷരങ്ങൾ അവളിൽ എഴുതി. ഒരിക്കലും മായാത്ത തീവ്രാനുരാഗത്തിന്റെ മന്ത്രാക്ഷരങ്ങളായവ മാറി. ഗന്ധർവ്വനും യക്ഷിയും രഹസ്യസമാഗമം നടക്കുന്ന ചില രാത്രികളിൽ അശ്വതിയെപ്പറ്റി ഓർക്കും. ചില നേരങ്ങളിൽ എന്നോടൊപ്പം നിൽക്കുമ്പോൾ അശ്വതി എന്തേ ഇത്ര പരിഭ്രമിക്കാൻ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ പലപ്പോഴും ഞങ്ങൾ കാവിലെ മഞ്ചാടിമരത്തിന്റെ ചുവട്ടിൽ കണ്ടുമുട്ടി. 

 

സന്ധ്യാനേരങ്ങളിൽ അശ്വതിയെ പ്രതീക്ഷിച്ച് മഞ്ചാടിക്കാവിൽ കാത്തിരിക്കും. ഞങ്ങൾക്കായി മഞ്ചാടിവള്ളികൾ ചുവപ്പു മുത്തുകളായി മഞ്ചാടിമണികൾ പൊഴിച്ചുകൊണ്ടിരുന്നു. കൊഴിഞ്ഞുവീണ മഞ്ചാടിമണികൾ ഞങ്ങളുടെ മനസ്സിലെ ആയിരം വർണ്ണങ്ങളായി മാറും. അശ്വതിയോടൊപ്പം നിൽക്കുമ്പോൾ എന്റെ മനസ്സ് വാചാലമാകും. അവളുടെ കണ്ണുകളിലെ തിളക്കം എന്നെ കൂടുതൽ വാചാലമാക്കും.

പലപ്പോഴും ചിന്തകളിൽ അശ്വതി നിറഞ്ഞു നിൽക്കും. അവൾ മന്ദഹസിക്കുമ്പോൾ ഇടത്തെ കവിളിണയിൽ എന്തോ ഒരു വശ്യത തോന്നും. 

 

എന്റെ ചിന്തകളിൽ അശ്വതി നിറഞ്ഞു നിൽക്കുന്നപോലെ നാട്ടിലെ പലരുടെയും ചിന്തകൾ ഞങ്ങളുടെ  പ്രണയത്തെപ്പറ്റിയായിരുന്നു. ഇവരുടെ പരിണയം നടക്കുമോ...? നാട്ടിലെ പ്രമാണിയായ കിഴക്കേടത്ത് രാമൻനമ്പൂതിരി തന്റെ ഏക മകളെ ഒരു വകയില്ലാത്ത മേലേപാടത്തെ ഹരിദാസിനെകൊണ്ട്...... അസംഭവ്യം തന്നെ. കവലയിലും ചായപ്പീടികയിലും എല്ലാം സംസാരവിഷയം ഹരിദാസിന്റെയും അശ്വതിയുടെയും പ്രണയമായിരുന്നു. ഈ വിഷയം സംബന്ധിച്ച് രണ്ടു പക്ഷം തന്നെയായി. നാട്ടിലെ മറ്റു പലരുടെ കാതുകളിൽ എത്തിയതുപോലെ ആ വാർത്ത അധികം വൈകാതെ കിഴക്കേടത്ത് വീട്ടിലും എത്തി. ഇതിന്റെ സത്യാവസ്ഥ അറിയാൻ രാമൻനമ്പൂതിരി ചില ആളുകളെ നിയോഗിച്ചു. പിന്നീടുള്ള അശ്വതിയുടെ യാത്രയിൽ ആരൊക്കെയോ തന്നെ പിന്തുടരുന്നതായി തോന്നി. മഞ്ചാടിക്കാവിലെ ഞങ്ങളുടെ ഒത്തുചേരലുകൾ ആരൊക്കെയോ ശ്രദ്ധിക്കുന്നതായി തോന്നി. ഒരിക്കൽ കാവിൽ വെച്ച് ഹരിദാസ് ചോദിച്ചു.

‘‘നമ്മുടെ ഈ ബന്ധത്തിന് അശ്വതിയുടെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ എന്തുചെയ്യും...? ’’

‘‘ഹരിയേട്ടൻ എന്നെ ഒന്നുവിളിച്ചാൽ എവിടെ വരാനും ഞാൻ തയ്യാറാ... ഹരിയേട്ടനെ ഒരിക്കലും എനിക്ക് പിരിയാൻ കഴിയുകയില്ല’’

അതു പറയുമ്പോൾ തമ്പുരാട്ടിക്കുട്ടിയുടെ വീറും വാശിയും കണ്ണുകളിൽ കാണാമായിരുന്നു. ചില സമയങ്ങളിൽ എന്റെ മാറോട് ചേർന്ന് ഒരു കൊച്ചുകുട്ടിയേ പോലെ കരയും. ഒരുപാട് കരയും. കണ്ണുകളിൽ നിന്ന് ഉതിർന്ന് വീഴുന്ന നീർത്തുള്ളികൾ ഞാൻ തുടയ്ക്കുമ്പോഴാണ് അശ്വതിക്ക് അല്പം ആശ്വാസമാകുന്നത്. എന്നിലെ സ്നേഹ ചുംബനങ്ങൾ അശ്വതിക്ക് കൂടുതൽ സ്വാന്തനമാകും. 

 

ജന്മി അടിയാൻ വ്യവസ്ഥകൾ മാറ്റപ്പെട്ടെങ്കിലും മനസ്സിന്റെ കോണുകളിൽ പലർക്കും മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. പഴയ പാതയിൽ തന്നെയായിരുന്നു പലരും. ഈ വ്യവസ്ഥിതികൾ മനസ്സിൽ നിന്നും മണ്ണിട്ടു മൂടാത്തിടത്തോളം കാലം എനിക്ക് അശ്വതിയെ മോഹിക്കാമോ....? ഞങ്ങളുടെ ഈ ബന്ധം അശ്വതിയുടെ വീട്ടിൽ ഉൾകൊള്ളാൻ കഴിയുമോ....? ഞാനിതിൽനിന്ന് പിൻമാറിയാൽ തന്നെ അശ്വതിക്ക് മാറാൻ സാധിക്കുമോ....? ഇതിന്റെ അവസാനം എന്തായിത്തീരും.... കാവില്ലമ്മേ... എന്റെ മനസ്സിൽ പല സംശയങ്ങളും പതിയെപ്പതിയെ വന്നു തുടങ്ങി. എന്നാലും കാവിലമ്മ കാത്തുകൊള്ളും എന്ന വിശ്വാസം ഹരിദാസിനെ കൂടുതൽ ധൈര്യവാനാക്കി.

 

പതിവു കോളേജ് ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ എത്തിയതായിരുന്നു അശ്വതി. നാലുകെട്ടിന്റെ ഉമ്മറത്ത് വെറ്റില മുറുക്കിക്കൊണ്ട് ചാരുകസേരയിൽ ഗൗരവത്തോടെ അച്ഛൻ ഇരിക്കുന്നു. കാര്യസ്ഥൻ കേശവൻ അച്ഛന്റെ കൂടെ എപ്പോഴും കാണും. കേശവൻനായരെ അശ്വതിക്ക് പണ്ടേ കണ്ടുകൂടാ. ഇല്ലാത്ത വാർത്തകളൊക്കെ പറഞ്ഞ് അച്ഛന്റെ ചെവിയിലെത്തിക്കുന്നത് ഇയാളാണ്. ഇന്നും എന്തെങ്കിലും കാണും അച്ഛനെ ഉശിരു കേറ്റാൻ... അശ്വതി മനസ്സിൽ ഓർത്തു. ആരെയും ശ്രദ്ധിക്കാതെ ഇല്ലത്തിന്റെ അകത്തളങ്ങളിലേക്ക് കയറി പോകവേ അച്ഛൻ വിളിച്ചു. 

‘‘അശ്വതി അവടൊന്നു നിന്നേ…’’

അച്ഛന്റെ സ്വരത്തിലെ ഗൗരവം അശ്വതിയുടെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകി.

“നിന്നെയും മേലേപാടത്തെ ഹരിദാസിനെപ്പറ്റിയും പാടത്തും പറമ്പിലുമുള്ളവർ സംസാരിക്കുന്നു. ഹരിദാസനുമായി നിനക്കെന്താണ്. .? കവലകളിലും ഒക്കെ ഇതിനെപറ്റി പലതും പറയുന്നുണ്ട്. കിഴക്കേടത്ത് കുട്ടികളാരും ഇന്നേവരെ ഒരു മാനക്കേടുമുണ്ടാക്കിയിട്ടില്ല, കുടുംബത്തിന് യോഗ്യമല്ലാത്തതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. സംഭവിക്കത്തുമില്ല, എന്നും ഓർമ്മയിലുണ്ടാവണം. നിനക്കതു മനസ്സിലാകുന്നുണ്ടല്ലോ..? അല്ലേ..... പിന്നെ ഇവിടിരുന്നുള്ള പഠിപ്പൊക്കെ മതി. കോളേജിലേക്ക് പോയുള്ള പഠിപ്പൊന്നും വേണ്ടാ, അല്ലേത്തന്നെ ഇല്ലത്തേ പെൺക്കുട്ടികൾ പഠിച്ച് ഉദ്യോഗം കിട്ടിയിട്ടു വേണ്ട.....” രാമൻ നമ്പൂതിരി അർദ്ധവിരാമമിട്ടു നിർത്തി.

 

അച്ഛന്റെ മുമ്പിൽ നിന്ന് സംസാരിക്കാൻ നന്നേ ഭയമായിരുന്ന അശ്വതി മൗനം ഭജിച്ചു. കോണിപ്പടികൾ കയറി മുറിയിലേക്ക് പോയി അല്പനേരം കട്ടിലിൽ ഒരോന്നു ചിന്തിച്ചു കൊണ്ടു കിടന്നു. എന്നായാലും അച്ഛനിതറിയേണ്ടതാണ്. 

 

ഒരല്പം നേരത്തേ ആയിപ്പോയി, എങ്കിലും ഇനി കോളേജിൽ പോകുന്നില്ലെന്നോർക്കുമ്പോൾ അശ്വതിയുടെ ചിന്തകൾ ദു:ഖത്തിലാഴ്ന്നു. പ്രണായാർദ്രമായ മനസ്സിൽ ഹരിദാസിനെപ്പറ്റിയുള്ള ഓർമ്മകൾ വന്നു തുടങ്ങി. ദിവസവും പാടവരമ്പത്തൂടെ കവലയിലെ ബസ്സു കാത്തു നിൽക്കുന്നിടം വരെ ഹരിയേട്ടനുമായി സംസാരിച്ചു നടക്കുന്നത് ഓർമ്മയിൽ വന്നു. ഹരിയേട്ടൻ എഴുതുന്ന കവിതകൾ ആദ്യം വായിക്കുന്നത് ഞാനായിരുന്നു. കൂടെ ആതിര കാണുമെങ്കിലും ഞങ്ങൾക്കു വേണ്ടി വേഗത്തിൽ മുന്നിൽ നടന്നു പോകും. ഹരിയേട്ടനെ ഇനി എങ്ങനെ കാണും. കുറെനേരം ഒരോന്നു ചിന്തിച്ചു കിടന്ന് ഉറങ്ങിപോയി. 

 

പ്രഭാതത്തിൽ ഉണർന്ന് വാതായനത്തിന്റെ തുരുമ്പെടുത്ത ഓടാമ്പൽ നീക്കി പ്രഭാതത്തിലെ കാഴ്ചകളിലേക്ക് നോക്കി അല്പനേരം നിന്നു. ഏതോ ഒരമ്പലത്തിൽ ഉത്സവത്തിന് എഴുന്നെള്ളിക്കാനാണെന്നു തോന്നുന്നു മുറ്റത്തെ കർണ്ണനെ കുളിപ്പിച്ചു നിർത്തിയിട്ടുണ്ട്. ആ നാട്ടിലെ മിക്ക ഉത്സവത്തിനും ഭഗവാന്റെ തിടമ്പെടുക്കുന്നത് കർണ്ണനായിരുന്നു. തലയെടുപ്പുള്ള ലക്ഷണമൊത്ത കിഴക്കേടത്ത് കർണ്ണൻ. എന്റെ കൈ കൊണ്ടു തന്നെ ശർക്കരയും പഴക്കുലയും വേണമെന്നത് അവനു നിർബദ്ധമായിരുന്നു.

 

കോളേജിൽ പോകാത്ത ദിവസങ്ങൾ വല്ലാത്ത വിരസത തോന്നി. ഇല്ലത്ത് ആകെയുള്ളൊരു കൂട്ട് ലക്ഷ്മിക്കുട്ടി ആയിരുന്നു. ചിറ്റമ്മയുടെ മകൾ ലക്ഷ്മിക്കുട്ടിയും ഞാനും ഒരേ പ്രായക്കാരാണ്. പഠിക്കാൻ അത്ര പോരാത്തതുകൊണ്ട് പത്താം തരം കഴിഞ്ഞപ്പോഴെ പഠിപ്പു നിർത്തി. അവൾക്കിഷ്ടപ്പെട്ട മുത്തുമാലയും കരിമണിമാലയും വളയുമൊക്കെ പട്ടണത്തിൽ നിന്നും ഞാനായിരുന്നു വാങ്ങി വരുന്നത്. എല്ലാ വിശേഷങ്ങളും ഞങ്ങൾ പങ്കുവെക്കുന്നത് കിഴക്കുഭാഗത്ത് സ്ത്രീകൾക്കു മാത്രമായുള്ള തറവാട്ടുകുളത്തിൽ മുങ്ങിക്കുളിക്കുമ്പോഴാണ്. ഏറെനേരം നീളുന്ന കുളത്തിലെ മുങ്ങിക്കുളി വളരെ രസകരമാണ്. മേലുതേക്കാൻ വാക കാണും. കുളി കഴിഞ്ഞ് പടവിലിരിക്കുന്ന ആവണക്കിന്‍ കുരുവും മഞ്ഞളും അരച്ചു വെച്ചത് നെറ്റിയിൽ തൊടും. പടികൾ കയറി മുകളിൽ എന്റെ മുറിയിൽ പോയി പാതി ഈറനണിണ മേൽമുണ്ട് മാറ്റി പുതിയ പട്ടുപ്പാവടയും ബ്ലൗസും അണിയും. 

 

വീട്ടിലുള്ള സമയങ്ങളിലൊക്കെ നാലുകെട്ടിന്റെ നടുമുറ്റത്തും തൊടിയിലുമായി നടത്തം. എന്നോടൊപ്പം ലക്ഷ്മിക്കുട്ടി കാണും. എത്ര ദിവസങ്ങളായി ഹരിയേട്ടനെ കണ്ടിട്ട്. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ചിന്തിക്കും. ഒരിക്കൽ എന്റെ മനസ്സ് അമ്മയെ അറിയിച്ചു. അമ്മയുടെ മനസ്സിൽ മറ്റൊന്നാണെന്ന് അന്നാണറിഞ്ഞത്. 

 

രാവുണ്ണിമാമന്റ മകൻ രാജേന്ദ്രനെക്കൊണ്ട് വേളി കഴിപ്പിക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. അച്ഛന് ഇങ്ങനൊരു ബന്ധത്തിൽ ഒട്ടും താല്പര്യമില്ല. രാജേന്ദ്രനെ കണ്ടു കൂടുന്നതു തന്നെ അശ്വതിക്ക് വെറുപ്പാണ്. മുറച്ചെറുക്കനാണെന്നുള്ള അധികാരത്തിൽ പലപ്പോഴും ശൃംഗരിച്ചോണ്ട് വരും. അസത്ത്. ഞാനും ലക്ഷ്മിക്കുട്ടിയും സ്ക്കൂളിൽ പഠിക്കുന്ന കാലം. കുളിക്കുമ്പോൾ കുളക്കടവിന്റെ പരിസരത്തൊക്കെ പാത്തും പതുങ്ങിയും നിൽക്കുമായിരുന്നു. അച്ഛനോട് പറഞ്ഞ് അയാൾക്ക് പലപ്പോഴും വഴക്കു കിട്ടുമായിരുന്നു. അയാൾക്കിന്നും ഒരു മാറ്റവുമില്ല. അയാളെപ്പറ്റി പല വാർത്തകളും പിന്നീട് ഞാൻ കേട്ടിരുന്നു. കുറെ വർഷങ്ങൾക്കു മുമ്പ് ബോംബെയിൽ പോയി ഒരു ഹിന്ദിക്കാരി പെണ്ണുമായി... ഹൊ.. എന്തൊക്കെ പുകിലായിരുന്നു. അങ്ങനെ എന്തൊക്കെ വാർത്തകൾ അയാളെപ്പറ്റി കേട്ടിരിക്കുന്നു. എല്ലാം കേൾക്കാൻ കൊള്ളാത്തവ തന്നെ. ഇടയ്ക്കൊക്കെ വരും. എങ്ങനെങ്കിലും ഒഴിയാൻ വേണ്ടി പല വഴികളും ഞാൻ തേടും.

 

വൃശ്ചികമാസാരംഭം. കാവിലെ ഉത്സവത്തിന് കൊടിയേറി. വിവിധങ്ങളായ ദേശത്തു നിന്ന് കച്ചവടക്കാർ എത്തിത്തുടങ്ങി. കോളേജിലൊന്നും പോകാതെ ഇല്ലത്തുതന്നെ കഴിഞ്ഞ അശ്വതിക്ക് കാവിൽ ഉത്സവം തുടങ്ങിയത് സന്തോഷകരമായ നിമിഷങ്ങൾ തന്നെയായിരുന്നു. അങ്ങനെയെങ്കിലും ഹരിയേട്ടനെ കാണാമല്ലോ... എത്ര നാളായി ഒന്നു കണ്ടിട്ട്…

 

കാവിലെ ഉത്സവത്തിന്റെ അവസാന ദിവസം. തിറയാട്ടം കാണാൻ ഏറെ ആളുകൾ കൂടിയിട്ടുണ്ട്. വളരെ നാളുകൾക്കു ശേഷം, എത്ര കാത്തിരുന്നിട്ടാണ് ഹരിയേട്ടനെ കാണാൻ കഴിഞ്ഞതെന്ന് ഓർത്തപ്പോൾ അശ്വതിയുടെ മനസ്സിൽ ഒരായിരം മൺചിരാതുകൾ തെളിഞ്ഞു. ഏറെ നാളുകൾക്കു ശേഷം കാണുന്നതുകൊണ്ടാവാം അശ്വതി കൂടുതൽ സുന്ദരിയായി ഹരിദാസിന് തോന്നി. അകലെ നിന്ന് പോലും മിഴികളിൽ നോക്കിക്കൊണ്ട് മനോരഥം കൈമാറി. എല്ലാവരുടെയും ശ്രദ്ധ കാവിലെ തിറയാട്ടത്തിൽ തന്നെയാണ്. ആൾക്കൂട്ടത്തിനിടയിൽ നിന്നും മാറി ഇരുവരും സർപ്പക്കാവിലെ മഞ്ചാടിമരത്തിന്റെ അരികിൽ വന്നു. അവരുടെ മോഹങ്ങളെ തഴുകിയുണർത്തി ഏകാന്തമായി ഉറങ്ങുന്ന മഞ്ചാടിക്കാവ്. മരച്ചില്ലകൾക്കിടയിലൂടെ നിലാവിന്റെ നേർത്ത കണങ്ങൾ അവരെ പുൽകികൊണ്ടിരുന്നു. രാവിന്റെ നിശ്ശബ്ദതയിൽ വിടരാൻവെമ്പി നിൽക്കുന്ന നിശാപുഷ്പങ്ങൾ, സാവധാനം കൊഴിഞ്ഞു താഴേക്ക് വീഴുന്ന ആലിലകൾ, നിലാവുള്ള രാത്രികളിൽ മാത്രം കാണുന്ന പക്ഷികൾ മരക്കൊമ്പിലിരുന്നു ചിലയ്ക്കുന്നത് എങ്ങുനിന്നോ കേൾക്കാം. നീലനിശീഥിനിയിൽ കാറ്റിലൂടെ ഒഴുകിയെത്തിയ ഏഴിലംപാല പൂക്കളുടെ വശ്യഗന്ധം അവരെ ഉന്മത്തരാക്കി. എത്രയോ രാവുകളിൽ ഇവിടെ വന്നിട്ടു ഇതുപോലൊരു വശ്യമായ ഗന്ധം അനുഭവിക്കുന്നത് ഇതാദ്യമായാണ്. പാലകളെല്ലാം ഒന്നിച്ചു പൂത്തതാകാം. ഹരിദാസ് മനസ്സിൽ ഓർത്തു. അകലെ ക്ഷേത്രത്തിലെ നേർത്ത വെളിച്ചം ചെറുതായി കാണാം. ആരും കാണാതെ അന്നവർ ഏറെ നേരം സംസാരിച്ചു... അശ്വതിയെ മാറോടണച്ച് ഏറെനേരം അവിടെ നിന്നു. അനുരാഗത്തിന്റെ തീക്ഷ്ണതയിൽ പാതി അടഞ്ഞ അശ്വതിയുടെ മിഴകളിലും വശ്യതയാർന്ന കവിൾത്തടങ്ങളിലും ഹരിദാസ് ചുംബനങ്ങൾ കൊണ്ടു മൂടി. വെണ്ണക്കൽ ശിൽപം പോലെ ഏറെനേരം അങ്ങനെ തന്നെ നിന്നു. അകലെ കാവിലെ ക്ഷേത്രത്തിൽ തിറയാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു. 

 

ഇരുവരും മതിമറന്ന് നിൽക്കുന്നതിനിടയിൽ എവിടെയോ മരച്ചില്ലകൾ ആടിയുലയുന്ന ശബ്ദങ്ങൾ കാതുകളിൽ മുഴങ്ങി. പെട്ടന്നാണ് ഒരടി ഹരിദാസിന്റെ ദേഹത്തു വന്നു പതിച്ചത്. അപ്രതീക്ഷിതമായി സംഭവിച്ചതിൽ ഹരിദാസ് നടുങ്ങി. ആറേഴ് ആളുകൾ ചേർന്ന് അശ്വതിയെ  ബലമായി പിടിച്ചു കൊണ്ടുപോയി. ഹരിദാസിനു നേരെ വലിയ ഒരാക്രമണം തന്നെയുണ്ടായി. ഹരിദാസിന്റെ നീണ്ട ചെറുത്തുനിൽപ്പ് മറികടന്ന് ക്രൂരമായി മർദ്ദിച്ചവശനാക്കി. രാമൻ നമ്പൂതിരിയുടെ ആളുകൾ മകളെ ബലം പ്രയോഗിച്ച് നാലുകെട്ടിലെത്തിച്ചു.

 

കരഞ്ഞു തളർന്ന അശ്വതി ദു:ഖാർദ്രമായ മനസ്സുമായി കിടക്കയിൽ തളർന്നുറങ്ങി. പിന്നീടാരും ഹരിദാസിനെ ആ നാട്ടിൽ കണ്ടിട്ടില്ല. ദു:ഖാഗ്നിയിൽ വീണ അശ്വതി ആ ഒരു സംഭവത്തിനു ശേഷം ഒരിക്കൽ പോലും ഇല്ലത്തിന്റെ പുറത്തേക്കിറങ്ങിയിട്ടില്ല. ഇരുളടഞ്ഞ ഇല്ലത്തിന്റെ അകത്തളങ്ങളിൽ വിടരാൻ മോഹിക്കാത്ത ദു:ഖപുഷ്പമായി മാറി. വർഷങ്ങൾ പലതു കഴിഞ്ഞു. അതിനിടയിൽ ലക്ഷ്മിക്കുട്ടിയുടെ വേളി കഴിഞ്ഞു പാലക്കാട്ടേക്ക് പോയി. എന്റെ സങ്കടങ്ങൾ പറയുന്ന അകെയുള്ളൊരു കൂട്ട് ലക്ഷ്മിക്കുട്ടിയായിരുന്നു. അവളും പോയി. അവളെങ്കിലും സന്തോഷത്തോടെ ഇരിക്കെട്ടെ. 

 

“ലക്ഷ്മിക്കുട്ടിയുടെ വേളിയും കഴിഞ്ഞിരിക്കുന്നു. എന്റെ കുഞ്ഞിനെന്നാണോ ഒരു മംഗല്യഭാഗ്യം ഉണ്ടാകുന്നത് ഭഗവാനെ….”

അമ്മ പലപ്പോഴും പറയുന്നത് കേൾക്കാം. ഇടയ്ക്ക് ഇല്ലത്തിനുള്ളിലെ കുടുംബ ക്ഷേത്രത്തിൽ പോകുന്നതൊഴിച്ചാൽ ബാക്കിയുള്ള സമയങ്ങളെല്ലാം നാലുകെട്ടിലെ അശ്വതിയുടെ മുറിയിൽ തന്നെയായിരിക്കും. ഒന്നിനും ഒരുത്സാഹം തോന്നിയില്ല. ഒന്നു രണ്ടു തവണ അശ്വതിയെ കാണാൻ ആതിര വന്നിരുന്നു. അന്നിരുവരും ഹരിദാസിനെപ്പറ്റി പറഞ്ഞ് ഒരുപാട് കരഞ്ഞുകൊണ്ടാണ് പിരിഞ്ഞത്. അച്ഛനും കാര്യസ്ഥൻകേശവൻനായരും പല വിവാഹാലോചനകളും അശ്വതിക്ക് കൊണ്ടുവന്നു. ഗന്ധർവ്വൻ സ്നേഹിച്ച പെണ്ണിനെ പോലെ ഒന്നിനും സമ്മതം മൂളാതെ ഹരിദാസിനായി കാത്തിരുന്നു. എന്താണെന്നറിയില്ല പഴയ ശൗര്യമൊന്നും രാമൻനമ്പൂതിരിയിൽ ഇപ്പോൾ കാണുന്നില്ല.

 

അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കാവിലെ ഉത്സവത്തിന് കൊടിയേറ്റമായിരുന്നു ഇന്നലെ. അശ്വതി എന്തെന്നില്ലാത്ത സന്തോഷത്തിലാണ്. ആകെയൊരു മാറ്റം. എന്തോ ഒന്ന് മനസ്സിൽ തീരുമാനിച്ചതു പോലെ. ഇന്നു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അശ്വതിയുടെ ഇരുപത്തൊന്നാം പിറന്നാളാണിന്ന്. വർഷങ്ങൾക്കു ശേഷമാണ് അശ്വതി ചന്ദനപ്പുടവയുടുത്ത് കാവിലെ ഉത്സവത്തിൽ പങ്കെടുക്കുന്നത്. ചുറ്റുവിളക്കിന്റെ ദീപപ്രഭയിൽ കർപ്പൂരഗന്ധം നിറഞ്ഞ അന്തരീക്ഷം. നിറയെ ഭക്തജനങ്ങളുടെ തിരക്ക്. ഹരിയേട്ടൻ ഇല്ലാത്ത ഉത്സവം, ഓർത്തപ്പോൾ നേർത്തൊരു നനവ് ഹൃദയത്തിൽ തട്ടി മിഴികളിൽ ഈറനണിഞ്ഞു. സാരിയുടെ കോന്തല കൊണ്ട് ആരും കാണാതെ കണ്ണുകൾ തുടച്ചു. ഏറെനേരം കഴിഞ്ഞിരിക്കുന്നു. കാവിൽ ഉത്സവത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നിൽക്കുന്നു. ചെറിയൊരു മയക്കത്തിനു ശേഷം ഗോമതിയമ്മ കട്ടിലിൽ നിന്ന് എഴുന്നേറ്റിരുന്നു. ഗാനമേള അവസാനിച്ചിട്ടില്ല, പാട്ടുകൾ കേൾക്കാം. 

തുള്ളിക്കൊരു കുടം പേമാരി

ഉള്ളിലൊരു കുടം തേന്മാരി

മാനത്തിരിക്കിണ കുളിരും കോരി

മണ്ണിലു വന്ന വിരുന്നുകാരീ വിരുന്നുകാരീ

തകതിമിതകജം തകതിമിതകജം തകതിമിതകജം താ

തതീന്ത തതീന്ത തതീന്ത തതീന്ത 

തിമൃത…തിമൃത…തെയ്യ്....”

 

ഗാനമേളയുടെ അവസാനത്തെ തകർപ്പൻ പാട്ടാണെന്നു തോന്നുന്നു. ആളുകളൊക്കെ വളരെ ആവേശത്തിൽ നൃത്തം വെക്കുന്നു. പതിവുപോലെ ഗോമതിയമ്മ തിരികത്തിച്ച ഓട്ടു വിളക്കുമായി വാതിൽ പടിയിലേക്ക് വളരെ പ്രയാസപ്പെട്ടു നടന്നു. കാറ്റിനൊപ്പം പാട്ട് ഉയർന്നും താണും കേൾക്കാം. എത്രയോ വർഷങ്ങൾ, വർഷത്തിലെ എല്ലാം ദിവസങ്ങളിലും ഇതുപോലെ തുടരുന്നു. 

 

“മോളെ ആതിരെ.... മോളെ.... ആതിരെ….. നീ ഉറങ്ങിയോടി.... “

നിശബ്ദം തന്നെ… ഗോമതിയമ്മ വിളക്കുമായി വാതിൽപ്പടിയിൽ നിന്ന് ദൂരേക്ക് നോക്കി നിന്നു. പുഴയിലൂടെ തോണികൾ പോകുന്ന വെട്ടം ചെറുതായി കാണാം. ഗാനമേള അവസാനിച്ചെന്ന് തോന്നുന്നു. കൈയിൽ ബലൂണുമായി കൊച്ചുകുട്ടികളുടെ കൈയിൽപിടിച്ചു അച്ഛനമ്മമാർ റോഡിലൂടെ നടന്നു പോകുന്നതു കാണാം. പതിയെ വഴികളെല്ലാം വിജനമായി. മങ്ങിയ വെട്ടത്തിൽ ഒരു നിഴൽ രൂപം മുന്നോട്ട് വരുന്നതായി തോന്നി. പതിയെ പതിയെ അതടുത്തു വന്നുകൊണ്ടിരുന്നു. ഗോമതിയമ്മക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഏതോ ഒരശുഭനിമിഷത്തിൽ തകർന്ന മനസ്സുമായി നാടുവിട്ടു പോയ മകൻ. വർഷങ്ങളായി കാത്തിരുന്ന മകൻ തന്റെ മുമ്പിൽ നിൽക്കുന്നു. ഒരു വേള ഇരുവരും സ്തബ്ധരായി നിന്നു. ഒരു വാക്കു പോലും പറയാനാകാതെ നിമിഷങ്ങൾ നിശ്ചലമായി നിന്നു.  

“ആതിരെ, മോളെ ആതിരേ” ഉച്ചത്തിലുള്ള വിളി കേട്ട് ആതിര ഉണർന്നു. “നീ ഇത്രയും കാലം എവിടെയായിരുന്നു മോനേ... വർഷങ്ങളായി ഈ അമ്മ നിന്നെ കാത്ത് ഈ വിളക്കു വെട്ടത്തിൽ രാത്രി കാലങ്ങളിൽ നോക്കും. അകലങ്ങളിലേക്ക്. ഏറെ പ്രതീക്ഷകളോടെ… നിന്നെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ച് ഒരു പെണ്ണ് ഇല്ലത്തൂന്ന് പുറത്തിറങ്ങാതെ കരഞ്ഞു ജീവിതം തീർക്കുന്നു.” ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ കണ്ടിരുന്നു, കാവിൽ വെച്ച് ഒരു വേള ഞാൻ അശ്വതിയെ കണ്ടിരുന്നു അമ്മേ. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരുവരുടെയും മനസ്സുകൾ കൈമാറിയിരുന്നു.  

 

അമ്മയുടെ കൈ പിടിച്ചു വീടിന്റെ ഉള്ളിലേക്ക് നടന്നപ്പോൾ എങ്ങുനിന്നോ പാലപൂത്തഗന്ധം കാറ്റിലൂടെ ഒഴുകിയെത്തി. വർഷങ്ങൾക്കു മുമ്പുള്ള ആ രാത്രിയിൽ അനുഭവിച്ച അതേ വശ്യഗന്ധം. ഹരിദാസ് ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചു. നീലനിശീഥിനിയിലെ ഏകാന്തയാമങ്ങളിലെവിടെയോ ഏഴിലംപാലകൾ പൂത്തതാകാം. ഹരിദാസ് മനസ്സിൽ ഓർത്തു. ആ രാത്രിയിൽ കാവിലെ ഉത്സവം പരിസമാപ്തിയാകുകയാണ്. പക്ഷേ അശ്വതിയുടെയും ഹരിദാസിന്റെയും മനസ്സിൽ ഉത്സവം അവസാനിക്കുകയായിരുന്നില്ല, കൊടിയേറുകയായിരുന്നു. വരാനിരിക്കുന്ന ഒരു പൂരം ഇരുവരുടെയും മനസ്സിൽ കൊട്ടി കയറുകയായിരുന്നു. നാളത്തെ പ്രഭാതം ഇവർക്കു വേണ്ടിയുള്ളതായിരിക്കാം. ഹരിദാസിന്റെയും അശ്വതിയുടെയും മോഹങ്ങൾ പൂവണിയുന്ന പൊൻപ്രഭാതങ്ങൾ.

 

English Summary: Neelaniseedhiyil pootha ezhilam palakal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com