ADVERTISEMENT

കളിപ്പാവ (കഥ)

 

മായ വന്നയുടനെ കൈയില്‍ ഉണ്ടായിരുന്ന മൊബൈൽ ബെഡിലേക്ക് എറിഞ്ഞു.

 

‘‘ഹോ... മടുത്തു. ഇനി ഈ ഫ്രണ്ട്ഷിപ്പ് മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. ഐ ഹേറ്റ് ഹിം.’’

 

‘‘എന്ത് പറ്റി മായേ... നീ രാഹുലിനെ കുറിച്ചാണോ പറയുന്നത്?’’

 

‘‘രാഹുല്‍! എനിക്ക് കേള്‍ക്കേണ്ട അവനെ കുറിച്ച്’’ മായ വാതില്‍ വലിച്ചടച്ച് പുറത്തേക്ക്‌ പോയി. 

 

ശ്രുതി വീണ്ടും കണ്ണുകള്‍ തന്റെ മൊബൈല്‍ സ്ക്രീനിലേക്ക് തിരിച്ചു. വാട്സപ്പിലെ പ്രൊഫൈൽ പിക്​സും ചെയ്തു അവൾ അതിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. 

 

രാവിലെ ശ്രുതി കുളി കഴിഞ്ഞ് വന്നിട്ടും മായ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. 

 

‘‘മായേ..... സമയമായി... എണീറ്റെ.. നീ കോളേജിലേക്ക് വരുന്നില്ലേ.’’

 

‘‘ഞാന്‍ വരുന്നില്ല’’ 

 

‘‘വൈ’’

 

‘‘ഐ കാണ്ട് ഫേസ് ഹിം.’’ 

 

‘‘എന്താ ഉണ്ടായത്. നീയും രാഹുലും തമ്മില്‍ വഴക്കിട്ടോ?’’

 

‘‘അവന്റെ ക്യാരക്റ്റർ ശരിയല്ല ശ്രുതി... ഞാന്‍ അവനെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടല്ലേ കണ്ടത്... എന്നിട്ടും...’’

 

‘‘അതിന്‌ നീ എന്തിന്‌ ലീവ് എടുക്കണം? എന്തിന്‌ അവനെ ഫേസ് ചെയ്യാന്‍ മടിക്കണം?  സത്യത്തില്‍ എന്താ ഉണ്ടായത്?’’

 

‘‘ഒരു വിഷമം ഉണ്ടാവുമ്പൊ ആശ്വസിപ്പിക്കണ്ട. കുത്തി നോവിക്കാതിരുന്നൂടെ’’

 

‘‘അതിന്‌ ഞാനെന്ത് ചെയ്തെന്നാ?’’

 

‘‘നീയല്ല. അവന്‍’’

 

‘‘ലീവ് ഇറ്റ്. ഈ പിണക്കം അങ്ങ് മാറിക്കോളും. ഞാന്‍ ഇതെത്ര കണ്ടതാ. നീ വേഗം റെഡി ആവാന്‍ നോക്ക്യേ...’’

 

‘‘ഇത് ഇനി പഴയ പോലെ ആവില്ല. ഞാന്‍ ഇനി ഒരിക്കലും അവനോട് മിണ്ടില്ല.’’

 

‘‘ടൈം ആവാറായി. നീ വരുന്നുണ്ടെ വാ...’’

 

‘‘നീ നടന്നോ. ഞാന്‍ ഫസ്റ്റ് ഹവർ കഴിഞ്ഞെ വരുന്നുള്ളൂ. അല്ലെങ്കില്‍ വേണ്ട. ഞാന്‍ ഇപ്പൊ തന്നെ ഇറങ്ങാം. അവന്റെ കൈയിലിരിപ്പ് കാരണം ഞാനെന്തിനു ക്ലാസ് മുടക്കണം’’

 

ഉച്ചക്ക് ക്യാൻറ്റീനിൽ ഒറ്റക്ക് ഇരിക്കുന്ന സൂര്യയുടെ അടുത്ത് രാഹുല്‍ വന്നിരിക്കുന്നത് അവർ കണ്ടു. 

 

‘‘ഇപ്പൊ കണ്ടില്ലേ.. ഞാന്‍ പറഞ്ഞത് എങ്ങനുണ്ട്?’’

 

‘‘അതിന്‌ നീയെന്നോട് ഒന്നും പറഞ്ഞില്ലല്ലോ’’

 

‘‘എന്റെ പൊന്ന് ശ്രുതി.... ഇവിടെ ഇത്രേം ടേബിൾ ഒഴിഞ്ഞു കിടന്നിട്ടും അവന് അവിടെ തന്നെയേ ഇരിക്കാന്‍ കണ്ടുള്ളൂ...’’

 

‘‘അത് എന്തേലും ആവട്ടെ.’’

 

ഭക്ഷണം കഴിച്ച ശേഷം ശ്രുതി ലൈബ്രറിയില്‍ ചെന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ മുന്നിലുള്ള കസേരയില്‍ രാഹുലും സ്ഥാനം ഉറപ്പിച്ചു. 

 

‘‘ എന്താ ഈ വഴിക്ക് ? ഇത് ലൈബ്രറിയാ മാഷേ...’’

 

‘‘ തന്നെ കണ്ടു കേറിയതാ ’’

 

‘‘ സോപ്പൊന്നും വേണ്ട. എന്താ കാര്യം ’’

 

‘‘ ഈ അസൈൻമെന്റ് എഴുതി കഴിഞ്ഞാ എനിക്ക് തന്നെ തരണം. പകര്‍ത്തി എഴുതിയിട്ട് നാളെ തരാം.’’

 

‘‘അതിന്‌... ഞാനിത്...’’

 

‘‘അപ്പൊ ശെരി. എല്ലാം പറഞ്ഞ പോലെ. ഞാന്‍ ക്ലാസ്സിൽ കാണും.’’

 

ഇത് കേട്ട് ചിരിക്കുന്ന ശ്രുതിയെ കണ്ടാണ് മായ അവിടേക്ക് വന്നത്. ശ്രുതിയെ രൂക്ഷമായൊന്ന് നോക്കി അവള്‍ മിണ്ടാതെ അവിടുന്ന് പോയി. അന്ന് ക്ലാസ് തീരുന്നതിന് മുന്‍പ് മായ ഹോസ്റ്റലിലേക്ക് പോയി. 

 

‘‘ ഹോ... പേടിപ്പിച്ചല്ലോ ... നീയെന്താ ലൈറ്റ് ഇടാതെ ഇരുട്ടത്ത്?’’ സ്വിച്ച് ഓണ്‍ ആക്കി കൊണ്ട്‌ ശ്രുതി ചോദിച്ചു. 

 

‘‘ഞാനൊന്ന് ഉറങ്ങി പോയി. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.’’

 

‘‘എന്താ മായേ...’’ 

 

‘‘ഞാന്‍ പറഞ്ഞതല്ലേ രാഹുല്‍ ആളത്ര ശരിയല്ലെന്ന്. നീ അവനോട് വലിയ കമ്പനിക്കൊന്നും പോണ്ട.’’

 

‘‘അതിന്‌ ഞാന്‍ അവനോട് എന്ത് കമ്പനിക്ക് പോയെന്നാ?’’

 

‘‘ നീയൊന്നും പറയേണ്ട. ഞാന്‍ കണ്ടതാ ലൈബ്രറിയില്‍...’’

 

‘‘ അത് അസൈൻമെൻ്റിന്റെ കാര്യം പറഞ്ഞതാ.’’

 

‘‘ ചിരിയും കളിയുമൊക്കെ ഞാന്‍ കണ്ടതാ. ആ ചിരി മായാന്‍ അധിക സമയം വേണ്ട. ഒരു മാതിരി അന്യന്‍ സിനിമയിലെ പോലെയാ അവന്റെ സ്വഭാവം. ’’

 

‘‘ അവന്റെ പെരുമാറ്റത്തിൽ എനിക്കിതുവരെ തെറ്റായൊന്നും തോന്നിയിട്ടില്ല. പിന്നെ എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം.’’

 

‘‘ ശ്രുതി.... ഞാന്‍...’’

 

‘‘ ആദ്യം നിങ്ങള്‍ക്കിടയിലെ പ്രശ്നം എന്താണെന്ന് പറ. പെട്ടെന്ന് അവന്റെ സ്വഭാവം മോശമാണെന്ന് പറയാന്‍ ഒരു കാരണം കാണില്ലേ.’’

 

മായ ഒന്നും പറഞ്ഞില്ല. 

 

ശ്രുതി മൊബൈലില്‍ വാട്സപ്പ് തുറന്ന് ആ പ്രൊഫൈല്‍ പികിലൂടെ കണ്ണോടിച്ചു. ആളെ ഓൺലൈനില്‍ കണ്ടപ്പോള്‍ വേഗം നെറ്റ് ഓഫ് ചെയ്തു. രണ്ട് ദിവസം മായയും ശ്രുതിയും തമ്മില്‍ ഒന്നും സംസാരിച്ചില്ല. അവര്‍ക്കിടയില്‍ ഒരു അകല്‍ച്ച രൂപപ്പെട്ടു. 

 

‘‘ ടീ... ശ്രുതി... ഇതെന്താ ഒറ്റക്ക്...’’ 

 

‘‘ഏയ്.. ഒന്നുമില്ല.... രാഹുല്‍..’’

 

‘‘എന്നാ വാ... ഇവിടെ ഇരിക്കണ്ട. നമുക്ക്‌ ക്യാന്റീനിൽ പോയി വല്ലതും കഴിക്കാം.’’

 

‘‘ഞാന്‍ വരുന്നില്ല.’’

 

‘‘രാഹുല്‍...’’ സൂര്യ അവനെ നീട്ടി വിളിച്ചു. 

 

ശ്രുതിയോട് ബൈ പറഞ്ഞ് അവന്‍ അവിടുന്ന് സൂര്യയുടെ അടുത്തേക്ക് പോയി. 

 

മുറിയില്‍ ചെന്ന ഉടനെ ശ്രുതി കട്ടിലിലേക്ക് വീണു. മായ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ ഉണരുന്നത്. ഉറക്കചടവോടെ ശ്രുതി കണ്ണ് തുറന്നു നോക്കുമ്പോള്‍ മായ കരയുകയായിരുന്നു. അവൾ മായയുടെ അടുത്ത് ചെന്നിരുന്നു. 

 

‘‘എന്താ... മായേ...’’

 

‘‘അവന്‍ തീര്‍ത്തും എന്നെ അവോയി‍‍ഡ് ചെയ്യുകയായിരുന്നു. ഒന്ന് സോറി പറയാമെന്ന് കരുതി വിളിച്ചപ്പോ...’’

 

‘‘മായേ.... കരയാതെ...’’ 

 

‘‘അവന്‍ ബിസി ആണെന്ന്... സംസാരിക്കാന്‍ താത്പര്യം ഇല്ലെന്ന്. അവന് സൂര്യയെ ആയിരുന്നു ഇഷ്ടമെങ്കിൽ... പിന്നെ... എന്നോടെന്തിനായിരുന്നു...’’ പറഞ്ഞ്‌ മുഴുവിക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു. 

 

വെറുമൊരു സൗഹൃദം മാത്രമായിരുന്നില്ല മായക്ക് രാഹുലിനോട് ഉണ്ടായിരിക്കുന്നത് എന്ന് ശ്രുതിക്ക് 

തോന്നി. മായയുടെ വാക്കുകളില്‍ നിന്നും അവള്‍ക്ക് അവനോട് തോന്നിയ പ്രണയം ശ്രുതി വായിച്ചെടുത്തു. 

 

‘‘മായേ... ചിലര്‍ അങ്ങനാണ്. പുതിയ സൗഹൃദം  ഉണ്ടാകുമ്പോള്‍ പഴയതെല്ലാം അങ്ങ് മറന്ന് പോകും’’

 

‘‘എങ്ങനാ ശ്രുതി.... ഒരാള്‍ക്ക് ഇങ്ങനെ മാറാൻ പറ്റുമോ?’’ 

 

‘‘പറ്റുമായിരിക്കും. അവനെ സംബന്ധിച്ച് പെണ്‍കുട്ടികള്‍ അവന് കളിപ്പാവകൾ ആയിരുന്നു. അവന്റെ ഓരോ നേരം പോക്ക്.... ഇന്നു സൂര്യ... നാളെ വേറെ ആരെങ്കിലും.’’

 

രാത്രി ഒരുപാട് വൈകിയിരുന്നു. ശ്രുതിക്ക് ഉറക്കം വന്നതേയില്ല. അവൾ ഫോൺ എടുത്തു സമയം നോക്കി. രണ്ട് മണി ആയിട്ടുണ്ടായിരുന്നു. അവൾ ഡാറ്റ ഓൺ ആക്കി വാട്സപ്പ് തുറന്നു. ആ പ്രൊഫൈൽ പിക് നോക്കി കൊണ്ടിരുന്നു. പെട്ടെന്ന് ആൾ ഓൺലൈൻ വന്നത്.

 

‘രാഹുല്‍ ടൈപിങ്....’

 

ശ്രുതിയുടെ നെഞ്ചൊന്ന് പിടഞ്ഞു. അവൾ കണ്ണ് തിരുമ്മി നോക്കി. സ്ക്രീനില്‍ അങ്ങനെ ഒന്നും കണ്ടില്ല. അത് അവളുടെ തോന്നല്‍ മാത്രമായിരുന്നു. 

 

അവൾ സൂര്യയുടെ കോണ്ടാക്റ്റ് എടുത്തു. രണ്ട് മണിക്ക് അവളും ഓൺലൈൻ ഉണ്ടായിരുന്നു. 

വീണ്ടും തിരിച്ച് വന്നു ആ പ്രൊഫൈൽ പിക് നോക്കുമ്പോള്‍ പഴയതിൽ നിന്നും വ്യത്യസ്തമായി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . കണ്ണില്‍ നിന്ന് ഇറ്റുവീഴുന്ന തുള്ളി സ്ക്രീനില്‍ പതിച്ചു. ആ തുള്ളി കൊണ്ട്‌ അവന്റെ ഫോട്ടോക്ക് കുറുകെ അവൾ കുത്തിവരച്ചു. 

 

English Summary: Kalippava, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com