ADVERTISEMENT

വെളുപ്പാൻ കാലത്തെ തീവണ്ടിയാത്ര (കഥ)

 

വെളുപ്പാൻ കാലത്ത് വണ്ടി പെട്ടന്ന് പാർക്കിങ്ങിൽ ഇട്ട് സ്റ്റേഷനിലേക്ക് ഓടി കയറി. സമയം വൈകിയതിനാലും ട്രെയിനിന്റെ ചെറിയൊരു മുളക്കവും വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ചക്കിയെ കാണാനുള്ള ഉള്ളിലെ കൊതിയും എന്റെ വേഗതകൂട്ടി. ടിക്കറ്റ് കൗണ്ടറിൽ പണം നീട്ടികൊണ്ട് ഞാൻ പറഞ്ഞു. ‘ഒരു എർണ്ണാകുളം സ്ലീപ്പർ...’

 

ടിക്കറ്റും ബാക്കി പണവും എണ്ണി പോലും നോക്കാതെ ഫ്ലാറ്റ്ഫോമിലേയ്ക്ക്...

 

അറ്റത്തേയ്ക്ക് നോക്കിയപ്പോൾ, ട്രയിൻ മെല്ലേ സ്റ്റേഷനിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നു. എന്റെ ഹൃദയമിടിപ്പ് കച്ചേരിയുടെ അവസാന ഭാഗത്തേ ഓർമ്മിപ്പിക്കുമാറ് താളലയമായിരിക്കുന്നു.... പക്ഷേ ആ ട്രയിൻ അല്ലായിരുന്നു ഞാൻ കണാൻ കണ്ണുനട്ടിരിക്കുന്ന ചക്കി വരുന്ന ട്രയിൻ.

 

ഇനിയും രണ്ട് മണിക്കൂർ കൂടുതലെടുക്കുത്രേ, മംഗളാ എക്സ്പ്രസ്സ് എത്താൻ, അന്വേഷണോദ്യോഗസ്ഥരുടെ മറുപടി. പിന്നെയാണ് ഞാനാലോചിക്കുന്നത്. ഞാൻ ഫ്ലാറ്റ്ഫോം ടിക്കറ്റിന് പകരം എറണാകുളം ടിക്കറ്റ് എന്തിനെടുത്തു? 

 

ചക്കിയോട് ഞാൻ പറഞ്ഞത് സ്റ്റേഷനിൽ വന്ന് കണ്ട് മടങ്ങുമെന്നാണ്. എന്നാലും, അവളെ ഒറ്റയ്ക്ക് യാത്രയാക്കാൻ മനസ്സ് വന്നില്ല. വീണ്ടും കാത്തിരിപ്പ്... പക്ഷേ ആ കാത്തിരിപ്പിന് 20 വർഷം കാത്തിരുന്നതിനെക്കാളും ദൈർഘ്യം ഉണ്ടോയെന്ന തോന്നൽ...  സെക്കന്റുകൾ, മിനുട്ടുകളായും, മിനുട്ടുകൾ മണിക്കൂറുകളായും സമയം നീങ്ങി തുടങ്ങി. അൽപസമയത്തിനുള്ളിൽ എത്തിചേരുമെന്നു പ്രതീക്ഷിക്കുന്നു. എന്ന് കേട്ടു മടുത്ത അറിയിപ്പുകൾക്ക് വിരുദ്ധമായി, ഒന്നാം ഫ്ലാറ്റ്ഫോമിൽ എത്തി ചേർന്നു എന്ന ശബ്ദം.. അലതല്ലാൻ തുടങ്ങി... 

 

കയറാനുള്ള യാത്രക്കാർ ബാഗുകൾ കയ്യിലെടുക്കുന്നു. ചിലർ അവസാന വെള്ളം കുടിക്കൽ എന്ന തോന്നലുകൾ, തോന്നിക്കുമാറ് കുപ്പിവെള്ളം ആഞ്ഞ് കുടിച്ച് കുപ്പിയെ കരിവേപ്പില പോലെ പാളത്തിലേയ്ക്ക് വലിച്ചെറിയുന്നൂ– ‘... വളഞ്ഞ വഴിയിൽ സീറ്റ് ലക്ഷ്യമാക്കി, വണ്ടിയുടെ മറുവശത്ത് കൂടി കയറൽ ലക്ഷ്യമാക്കിയ ചില വിരുതർ പാളത്തെ മുറിച്ച് നിൽക്കുന്നു. എന്തായാലും 20 വർഷങ്ങൾക്ക് ശേഷം എന്റെ ചക്കിയെയും കൊണ്ട് മംഗള ഞാൻ സ്ഥാനമുറപ്പിച്ച സ്ഥലത്ത് നിന്നും അല്പ്പം മാറി ഒരു കുറിമ്പിയെ പോലെ നീങ്ങി നീങ്ങി നിന്നു ...

 

എന്റെ കണ്ണുകൾ... ബോഗികൾക്കുള്ളിലൂടെ ചക്കിയെ തിരഞ്ഞു. പക്ഷേ.... തിരയുന്നതിലും വേഗത്തിൽ ഒരു ജാലകത്തിന് പുറത്ത് നിന്ന് കുപ്പിവളയുടെ കിലുക്കത്തോട് കൂടി മനു ഏട്ടാ..... എന്ന വിളി എന്റെ കാതുകളിൽ തുളച്ച് കയറി. ഞാൻ ആ ജാലകത്തിനടുത്തേയ്ക്ക് ശരവേഗത്തിൽ നടന്നു നീങ്ങി.. കുപ്പി വളയിട്ട ചക്കിയുടെ കൈ വിരൽ സ്പർശിച്ചു കൊണ്ട് എന്റെ വിരലുകൾ നിമിഷ നേരത്തേയ്ക്ക് സൗഹൃദത്തിന്റെ കണാചരട് ലക്ഷ്യമായി നീങ്ങി തുടങ്ങിയ നിമിഷം..... തലേ ദിവസം വണ്ടിയിൽ വാങ്ങി സൂക്ഷിച്ച അലിഞ്ഞ് തുടങ്ങിയ ‍‍ഡയറിമിൽക്ക് ബാർ ചോക്ലേറ്റ് അവൾക്ക് നൽകി.

 

വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ചോക്ലറ്റുമായി കാത്തിരുന്ന കഥ അവൾക്കും എനിയ്ക്കും അറിയാവുന്നതിനാൽ, അതിനെ കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവളുടെ കുലുങ്ങി കുലുങ്ങിയുള്ള ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. ഇത്രയൊക്കെ ആയപ്പോഴേക്കും വണ്ടി പുറപ്പെടാനുള്ള നിർദേശം മുഴങ്ങി... വരുന്നോ എന്റെ കൂടെ പകുതി ദൂരമെന്ന് അവൾ ചോദിച്ചില്ലങ്കിലും അവളുടെ നയനങ്ങൾ അത് ആഗ്രഹിച്ചിരുന്നെന്ന്, ഞാനെടുത്ത ടിക്കറ്റ് അവൾക്ക് നേരേ കാണിച്ചപ്പോഴെനിക്ക് അറിയാൻ കഴിഞ്ഞു.

 

അപ്പോഴാണവൾ ആ സത്യം പറയുന്നത്. സ്ലീപ്പർ ക്ലാസാണ് എടുത്തിരുന്നങ്കില്ലും ഒറ്റയ്ക്ക് ഉള്ള യാത്രയായതിനാൽ എസിലോട്ട് മാറി. ഞാനെടുത്ത ടിക്കറ്റ് സ്ലീപ്പറാണുതാനും. ടി.ടി ഏമാനെ കണ്ട് ചോദിച്ചെങ്കില്ലും, ഒന്നും നടന്നില്ല. ഏതായാല്ലും ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. എസിയുടെ വാതിൽക്കൽ നിൽക്കാൻ. അതിൽ രണ്ട് കാര്യങ്ങളുണ്ട്. ഗ്ലാസ് വിന്റോ ആയതിനാൽ മറ്റ് ശബ്ദങ്ങൾ ഞങ്ങളെ ശല്യം ചെയ്യില്ല, പിന്നെ വലിയ തിരക്കില്ലാതെ ഞങ്ങൾക്ക് വല്ലതും മിണ്ടി പറഞ്ഞിരിക്കാം. രണ്ട് മണിക്കൂർ മുമ്പ് സമയം പോകാത്തതിൽ ശപിച്ച ഞാൻ.. ഇപ്പോൾ സമയം വേഗം പോകുന്നതിൽ ശപിക്കുന്നു.. രണ്ടും ഈ ഞാൻ തന്നെ. അത് രണ്ടും എന്റെ ചക്കിക്കുവേണ്ടിയാണു താനും...

 

ഞങ്ങളുടെ സംസാരം പല വിഷയങ്ങളിലേക്കും കടന്നു കൊണ്ടേയിരുന്നു. എന്റെ ചക്കി വളർന്ന് ഒരമ്മായണന്ന ബോധത്തോടു കൂടി തന്നെ അവളുടെ കണ്ണുകളിൽ ഞാനും, എന്റെ കണ്ണുകളിൽ അവളും കുറെ നേരം നോക്കി നിന്നു. പിന്നെ അവൾ തന്നെ മെല്ലേ മറ്റൊരു വിഷയത്തിലേയ്ക്ക് എന്റെ ബോധമനസിനെ നയിച്ചു. ഇന്നവൾ ഒരു ഭാര്യയാണ്, അമ്മയാണ്, ഉത്തരവാദിത്തപ്പെട്ട ഒരു ഗുരുവാണ്.... എന്നാലും എനിക്ക് എന്നും അവൾ എന്റെ പഴയ കളി കൂട്ടുകാരി, തൊട്ടാവാടി, ചക്കിയാണ്... 

 

മണിക്കൂറുകൾ കഴിഞ്ഞ് പോകുന്നു. ഞങ്ങളുടെ ആരും അറിയാത്ത യാത്ര അവസാനിക്കാൻ പോകുന്നു, എന്ന തോന്നലുകൾ വീണ്ടും ഇരു കൂട്ടരുടെയും, മനസിൽ തളം കെട്ടാൻ തുടങ്ങി. ഇനിയെന്ന് കാണുമെന്നു പോലും പറയാൻ കഴിയാത്ത ജീവിതയാത്ര. ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കുവാൻ 20 മിനുട്ട് അവശേഷിക്കേ വീണ്ടും ഞങ്ങൾ അറിയാതെ അവളുടെ വിരൽ തുമ്പ് കൊണ്ട് എന്റെ വിരൽ തുമ്പിൽ ഹരിശ്രീ വരച്ചു. ഉപബോധ മനസിൽ അവളുടെ മുടിയിഴയിൽ കൂടി എന്റെ വിരലുകൾ വീണ മീട്ടാൻ തുടങ്ങുമ്പോഴേക്കും, അവളുടെ കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകാൻ വെമ്പൽ കൊണ്ട് നിൽക്കുമ്പോഴേക്കും... എന്റെ കവിളുകളിൽ വലിയ ഒരു ശബദത്തോട് കൂടി ജലധാര നടക്കുന്നു,

 

പെട്ടന്ന് ഞെട്ടി കണ്ണ് തുറന്ന് നോക്കുമ്പോൾ മറ്റൊരു വളയിട്ട കൈ കുമ്പിളിൽ പച്ച വെള്ളം ധാരധാരയായി എന്റെ കണ്ണുകളിൽ ഒലിച്ചിറങ്ങുന്നു. പതിവ് സമയവും കഴിഞ്ഞ് ഉണരാത്ത ഭർത്താവിനെ സ്നേഹത്തോടെ ഉണർത്തിയ ഭാര്യ, എന്ത് സ്വപ്നാ കണ്ടു കിടക്കണേ? എന്റെ മനു ഏട്ട... വേഗം പോയി കുളിച്ച് വരൂ... നമ്മുക്ക് ഒരുമിച്ച് പ്രാതൽ കഴിക്കാം... എനിക്ക് അവളോട് പറയാൻ പറ്റുമോ? ഞാൻ കണ്ട സ്വപ്നമെന്താണന്ന്. എന്നെ പിടിച്ചെഴുന്നേൽപ്പിച്ച് ബാത്ത് റൂമിനുള്ളിൽ സ്നേഹത്തോടെ തള്ളി കൊണ്ട് ചെന്നാക്കിട്ടവൾ പോയി. പോകുമ്പോഴവൾ വീണ്ടും.... പറയുന്നുണ്ടായിരുന്നൂ.... വേഗം വരൂ ട്ടോ..... ഇനി അതിന്റെ ഉള്ളിൽ കയറി സ്വപ്നം കണ്ടിരിക്കണ്ട......

 

പക്ഷേ ഞാൻ സ്വപ്നം കണ്ടു... തിരക്കുള്ള പട്ടണത്തിൽ താമസിക്കുന്ന തിരക്കുള്ള എന്റെ ചക്കിയെ. ഭാര്യയുടെയും അമ്മയുടെയും ഗുരുവിന്റെയും എല്ലാ കർത്തവ്യങ്ങളും ചെയ്യുന്ന എന്റെ ചക്കിയെ. എന്നെങ്കില്ലും കാണുമെന്ന സ്വപ്നവും കണ്ടുകൊണ്ട്.... അന്നും..... ഇന്നും.... എന്നും.... 

 

സ്വപ്നത്തിനെത്ര വയസ്സായി കാണും.....

 

English Summary: Veluppankalathe Theevandi Yathra, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com