ADVERTISEMENT

ട്രീസാ ജോണിന്റെ ഡയറിക്കുറിപ്പുകൾ  (കഥ)

 

ട്രീസാ ജോണിന്റെ പേരമകൾ വല്യമ്മച്ചിയുടെ പഴയ ഡയറിക്കുറിപ്പുകൾ മറിച്ചുനോക്കുകയായിരുന്നു:

 

2020 മാർച്ച് 20

 

ഇന്ന് ഉച്ചയോടെ ഇടപ്പള്ളിയിൽ ലിസച്ചേച്ചിയുടെ ഫ്ലാറ്റിലെത്തി. രാവിലത്തെ പരശുറാമിനാണ് എറണാകുളം നോർത്ത് വരെ വന്നത്. ട്രെയിൻ അര മണിക്കൂർ വൈകി. ചൈനയിൽ പലരുടെയും ജീവനെടുത്ത പുതിയ വൈറസ് ബാധയെക്കുറിച്ച് കംപാർട്മെന്റിലെ സഹയാത്രികർ സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തിലേക്കും അത് പടരുന്നതിന്റെ ആശങ്ക അവരുടെ വാക്കുകളിൽ നിറഞ്ഞു. ഞാൻ നാളത്തെ പി എസ് സി ടെസ്റ്റിന് വേണ്ടി കോച്ചിങ് ക്‌ളാസ്സിലെ പാഠങ്ങൾ നോക്കിക്കൊണ്ടിരുന്നു.

 

ചേച്ചിയും ജോസേട്ടനും ജോലിക്കു പോയതുകൊണ്ട് ഫ്ലാറ്റിന്റെ കീ വാതിലിനു മുന്നിലെ ഷൂ റാക്കിൽ ഉണ്ടെന്നു ചേച്ചി പറഞ്ഞിരുന്നു. ചേച്ചി ചോറും കറികളും ഉണ്ടാക്കി ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്നു.

 

ഞാൻ കുളിച്ച് ഫ്രെഷ് ആയി ഊണ് കഴിച്ചപ്പോഴേക്കും നല്ല ഉറക്കം വന്നു. സുഖമായി ഉറങ്ങി ഉണർന്നപ്പോൾ സമയം അഞ്ചു മണി. ഒരു ചായ ഉണ്ടാക്കി അതുമായി ബാൽക്കണിയിൽ നിന്ന് പരിസരം നോക്കിക്കണ്ടു. തെല്ലകലെ കൊച്ചി മെട്രോയുടെ നീലവണ്ടി ഓടുന്നുണ്ട്. കുറേക്കൂടി അകലെ ലുലുമാളും മാരിയറ്റ് ഹോട്ടലും . ഹൈവേയിൽ വാഹനങ്ങളുടെ നല്ല തിരക്കുണ്ട്.

 

ആറുമണിയായപ്പോഴേക്കും ലിസച്ചേച്ചിയും ജോസേട്ടനും ജോലികഴിഞ്ഞു വന്നു. മൂന്നുനാലു മാസത്തെ ഇടവേളയിൽ നേരിൽ കാണുന്നതുകൊണ്ട് ചേച്ചി കുറച്ച് മെലിഞ്ഞതായി തോന്നി. അത്താഴത്തിനു ഞങ്ങൾ ചപ്പാത്തിയും തക്കാളിയും ഉള്ളിയും വഴറ്റിയ കറിയും ഉണ്ടാക്കി. പിന്നെ ഉച്ചയ്ക്കലത്തെ ചോറും ചിക്കൻ കറിയും.. ചേച്ചി കഷ്ടിച്ച് ഒരു ചപ്പാത്തിയേ തിന്നുള്ളു. തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ 

ഇറക്കാൻ വിഷമം എന്ന് അവൾ പറഞ്ഞു.

 

ഹോസ്പിറ്റലിൽ ചേച്ചിക്ക് കഴിഞ്ഞ ഒരാഴ്ചയായി നല്ല തിരക്കായിരുന്നു. ദുബായിൽ നിന്നും വന്ന വൈറസ് ബാധിച്ച രണ്ടുപേരുടെ പരിചരണം അവളുടെ ഡ്യൂട്ടി ആയിരുന്നു. ചെറിയ തലവേദനയുണ്ട്, പനിയുടെ ഒരു ഛായയും. നെറ്റിയിൽ ടൈഗർ ബാം പുരട്ടി ഒരു പാരസെറ്റമോളും കഴിച്ച് ചേച്ചി നേരത്തെ ഉറങ്ങാനായി മുറിയിലേക്ക് പോയി.

ഞാൻ കുറെ നേരം ജനറൽ നോളഡ്‌ജ് ബുക്ക് വായിച്ചിരുന്നു. പിന്നെ മുട്ടുകുത്തി സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... ചൊല്ലി ഉറങ്ങാൻ കിടന്നു.

 

മാർച്ച് 21

 

രാവിലെ എഴുന്നേറ്റു കിച്ചണിലെത്തിയപ്പോഴേക്കും ചേച്ചി ഉച്ചഭക്ഷണത്തിനുള്ള ചോറും കറികളും റെഡി ആക്കിയിരുന്നു. പനി അല്പം കുറവുണ്ടെങ്കിലും രാത്രിയിൽ ഇടയ്ക്കു ചുമ വന്നതുകൊണ്ട് ഉറക്കം ശരിയായില്ലെന്ന് അവൾ പറഞ്ഞു. തിരക്കുള്ളതുകൊണ്ട് അവൾ ലീവ് എടുക്കുന്നില്ല. ബ്രേക്ക് ഫാസ്റ്റിന് പുട്ടും കടലക്കറിയും തയ്യാറാക്കാൻ ഞാനും ചേച്ചിയെ സഹായിച്ചു. ജോസേട്ടന് ശനിയാഴ്ച ഓഫീസ് അവധിയാണ്.

എറണാകുളത്തേക്കു പോകുവാൻ ഞാൻ കുറച്ചു നേരത്തെ ഇറങ്ങി. പള്ളിയുടെ മുന്നിൽ റോഡരികിലുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ രൂപക്കൂട്ടിനു മുൻപിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. ഒമ്പതര മണിയോടെ ഞാൻ മഹാരാജാസിലെത്തി. നല്ല തിരക്കായിരുന്നു അവിടെ. ഒരുവിധം നന്നായി മിക്കവാറും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിഞ്ഞു.

 

ഫ്ലാറ്റിലെത്തി ഊണ് കഴിച്ച് ഉറങ്ങാൻ കിടന്നു.വാതിലിൽ മുട്ടുകേട്ടാണുണർന്നത്. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. വാതിൽ തുറന്നപ്പോൾ ജോസേട്ടൻ മൊബൈൽ ഫോൺ കയ്യിൽ തന്നിട്ട് ചേച്ചിയോട് സംസാരിക്കാൻ പറഞ്ഞു. ജോസേട്ടന്റെ മുഖത്ത് വല്ലാത്ത പരിഭ്രാന്തിയുണ്ടായിരുന്നു. ‘‘ ട്രീസാ നീ വിഷമിക്കണ്ട’’, ചേച്ചി പറഞ്ഞു : 

‘‘രണ്ടു ദിവസം മുൻപേ തന്നെ ഞങ്ങൾ എല്ലാ സ്‌റ്റാഫിന്റേയും ബ്ലഡും, നാസൽ ഫ്‌ളൂയിഡും ടെസ്ടിനയച്ചിരുന്നു. ഇന്ന് റിസൾട്ട് വന്നപ്പോൾ എന്റെ കാര്യം പോസിറ്റീവ് ആണോ എന്നൊരു സംശയം പറയുന്നു. ആ ദുബായ് പിള്ളേരിൽ നിന്നും കിട്ടിയതായിരിക്കണം. ഞാൻ നല്ല ശ്രദ്ധ വെച്ചിരുന്നു. മാസ്കും ഗ്ലൗസും എപ്പോഴും ധരിച്ചിരുന്നു, സാനിറ്റയിസറും യൂസ് ചെയ്തിരുന്നു. ഒന്നും നമ്മൾ ആഗ്രഹിക്കുന്നപോലല്ലല്ലോ. പിതാവിന്റെ നിശ്ചയം ഇതായിരിക്കാം’’,  ചേച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

ശ്വാസമെടുക്കാൻ ഒന്ന് നിർത്തി ചേച്ചി പറഞ്ഞു. ‘‘ഐസൊലേഷനിൽ കഴിയണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഫ്ലാറ്റിൽ വേണമെങ്കിൽ നിൽക്കാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ ഇവിടെ ഹോസ്പിറ്റലിൽ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. ഇച്ചായനും നിനക്കും പകർന്നാലോ എന്ന റിസ്ക് എടുക്കാൻ വയ്യ. ഇച്ചായനും ഒടുവിൽ സമ്മതിച്ചപ്പോൾ എനിക്ക് ആശ്വാസമായി. ഒരു ദിവസമെങ്കിലും അടുത്ത് പെരുമാറിയതുകൊണ്ടു നീയും രണ്ടാഴ്ചയെങ്കിലും നിരീക്ഷണത്തിൽ കഴിയേണ്ടിവരും. നീ പേടിക്കണ്ട. ഭയപ്പെടാനൊന്നുമില്ലെന്നാണ് ഡോക്ടർമാരും പറഞ്ഞത്. ഈ അസുഖമാണെന്നൊന്നും നാട്ടിൽ അമ്മച്ചിയെ അറിയിക്കേണ്ട. എന്താവശ്യമുണ്ടെങ്കിലും ജോസിച്ചായനോട് പറയാൻ മടിക്കേണ്ട. പിന്നെ, നാളെ രാവിലെ എന്റെ കൂടെ ജോലി ചെയ്യുന്ന സിസ്റ്റർ മറിയ അവിടെ വരും. എന്റെ കുറെ ഡ്രസ്സ് കൊടുത്തയക്കണം. നീയും ഇച്ചായനും ഇപ്പോൾ ഇങ്ങോട്ടു വരണ്ട. വന്നാൽ തന്നെ കാണാൻ അവർ സമ്മതിക്കുമോ എന്നറിയില്ല. എല്ലാവരും എന്റെ പരിചയക്കാരും സഹപ്രവർത്തകരും ആണല്ലോ. അതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല.’’

 

എനിക്ക് വല്ലാതെ ആധിയായി. അമ്മച്ചിയെ വിളിച്ച് ചേച്ചിക്ക് നല്ല പനിയായതുകൊണ്ട് നാളെ ഞാൻ വരുന്നില്ലെന്നും ഒരാഴ്ചയെങ്കിലും ഇവിടെ തങ്ങുമെന്നും പറഞ്ഞു. 

രാത്രി എട്ടുമണിക്ക് ഫ്ലാറ്റിന്റെ വാതിലിൽ മുട്ടുകേട്ട് ജോസേട്ടൻ കതകു തുറന്നപ്പോൾ യൂണിഫോമിട്ട ഒരു പൊലീസുകാരനാണ്. ചേച്ചിക്ക് വൈറസ് ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയതുകൊണ്ട് ഞങ്ങൾ രണ്ടുപേരും ക്വാറന്റൈനിലാണെന്നും രണ്ടാഴ്ചത്തേക്ക് കഴിവതും ഫ്ലാറ്റിനു പുറത്തിറങ്ങരുതെന്നും നിശ്ചയമായും പൊതുജന സമ്പർക്കം പാടില്ലെന്നും പറഞ്ഞു. ചുമ, പനി, തൊണ്ട വേദന, തലവേദന തുടങ്ങി എന്തെങ്കിലും അസുഖ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഉപദേശിച്ചു.

 

രാവിലെ PSC ടെസ്റ്റു കഴിഞ്ഞപ്പോൾ എത്രമാത്രം സന്തോഷിച്ചതാണ്. വൈകുന്നേരമായപ്പോഴേക്കും എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ദയാപരനായ കർത്താവേ! ചേച്ചിയുടെ അസുഖം വേഗം ഭേദമാക്കണേ - ഞാൻ നാട്ടിലെ ഇടവകപ്പള്ളിയിൽ ഒരു കുർബാന നേർന്നു.

 

മാർച്ച് 22

 

ഇന്ന് ഏകദിന കർഫ്യൂ ആയിരുന്നു. ആരും വീടിനു പുറത്തിറങ്ങരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. രാവിലെ ഞാൻ എഴുന്നേറ്റപ്പോഴേക്കും ജോസേട്ടൻ കാപ്പി ഉണ്ടാക്കിയിരുന്നു. കാപ്പി കുടിച്ചിരിക്കുമ്പോൾ ജോസേട്ടൻ പറഞ്ഞു : ‘‘ട്രീസാ, കപ്പൽച്ചേതം വന്ന് ഏകാന്തമായ തുരുത്തിൽ ഒറ്റപ്പെട്ടതുപോലെ നമ്മളിനി ഇവിടെ രണ്ടാഴ്ച. ബ്ലൂ ലഗൂൺ എന്ന സിനിമയിലെപ്പോലെ. നീ ആ സിനിമ കണ്ടിട്ടുണ്ടോ?’’

ഞാൻ ഇല്ലെന്നു പറഞ്ഞു. ‘‘ എന്റെ ലാപ്‌ടോപ്പിലുണ്ടാകും. നമുക്കൊരു ദിവസം അത് കാണാം. പിന്നെ അടുക്കള ഇനി മുതൽ നിന്റെ സ്വന്തം. ഒരാഴ്ചത്തേക്ക് പച്ചക്കറികൾ ഫ്രിഡ്ജിലുണ്ടാകും. ഫ്രീസറിൽ മീനും ഇറച്ചിയും ഉണ്ട്. പരിപ്പും അരിയും എല്ലാം ഒരാഴ്ചത്തേക്ക് തികയും. എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കേണ്ട’’.

 

ബ്രേക്ക് ഫാസ്റ്റിന് ബ്രെഡും വെണ്ണയും ഓംലെറ്റും ആകാമെന്ന് വെച്ചു . ഉച്ചക്ക് ചോറും മത്തി കുടംപുളിയിട്ട് കറിയാക്കിയതും വഴുതനങ്ങ മെഴുക്കുപുരട്ടിയും . ജോസേട്ടൻ മീൻ കഴുകി ഉരച്ചു വൃത്തിയാക്കി കഷണങ്ങളാക്കി തന്നു. വായിക്കാൻ താല്പര്യമുണ്ടെങ്കിൽ ഷെൽഫിൽ കുറെ ബുക്കുകൾ ഉണ്ടെന്നു ജോസേട്ടൻ പറഞ്ഞു. ‘‘ ഞാനൊന്നും വായിക്കാറില്ല. എല്ലാം നിന്റെ ചേച്ചി വാങ്ങി വെച്ചതാ. അവൾക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ ധാരാളം ഇടവേള കിട്ടും. എനിക്കാണേൽ സിനിമ കണ്ടിരിക്കാനാണിഷ്ടം.’’

ഇടയ്ക്ക് ഹോസ്പിറ്റലിൽ നിന്നും വന്ന സിസ്റ്റർ മറിയയുടെ കയ്യിൽ ചേച്ചിയുടെ ഡ്രസ്സ് കൊടുത്തയച്ചു. രണ്ടു ചുരിദാറും മൂന്ന് നെറ്റിയും ഞാൻ എനിക്ക് വേണ്ടി മാറ്റിവെച്ചു, മൂന്നു ദിവസത്തെ താമസത്തിനുള്ളതേ ഞാൻ കരുതിയിരുന്നുള്ളൂ.

 

ബുക്ക് ഷെൽഫിൽ പത്തിരുപത് നോവലുകൾ കണ്ടു. ആടുജീവിതം, മനുഷ്യന് ഒരു ആമുഖം, ആരാച്ചാർ, സമുദ്രശില, നിരീശ്വരൻ, തമോവേദം .... ഞാൻ ആരാച്ചാർ വായിക്കാനെടുത്തു.

 

ചേച്ചിയെ വിളിച്ചു. പനി കുറവുണ്ട്. ട്രീറ്റ്മെന്റ് തുടങ്ങി എന്ന് അവൾ പറഞ്ഞു. മലേറിയയ്ക്കുള്ള മരുന്നും രോഗപ്രതിരോധ ശക്തി കൂട്ടുവാനുള്ളതുമാണ് ഇപ്പോൾ ചികിത്സ. ഞാനുണ്ടാക്കിയ കറികൾ വളരെ നന്നെന്നു ജോസേട്ടൻ പറഞ്ഞതായി ചേച്ചി പറഞ്ഞപ്പോൾ സന്തോഷം തോന്നി. ജോസേട്ടൻ സഹായിക്കുന്നുണ്ടെന്നു ഞാനും പറഞ്ഞു.

 

ഇടവേളകളിൽ ഞാൻ ആരാച്ചാർ വായിച്ചു. നല്ല രസമുണ്ട് മീരയുടെ എഴുത്ത്.

രാത്രി ഭക്ഷണത്തിനു മുൻപ് ജോസേട്ടൻ കുപ്പിയും ഗ്ലാസും കൊറിക്കാൻ കപ്പലണ്ടിയുമെടുത്ത്  ടീവിയ്‌ക്കു മുന്നിലിരുന്നു. ‘‘ട്രീസ ഇവിടെ വാ’’ ജോസേട്ടൻ വിളിച്ചു, ‘‘ നിനക്ക് ഒരു ഗ്ലാസ് എടുക്കണോ ?’’ ഞാൻ കുടിക്കില്ലെന്നു പറഞ്ഞപ്പോൾ ‘‘ഫ്രിഡ്ജിൽ വൈനുണ്ട് അത് വേണോ? ലിസയുണ്ടാക്കിയതാ. അവൾ ഇടക്കൊക്കെ ഒരു ഗ്ലാസ് എനിക്ക് കമ്പനി തരാൻ വേണ്ടി കുടിക്കും’’ എന്നായി.

ഞാൻ വേണ്ടെന്നു പറഞ്ഞ് അടുക്കളയിലേക്കു പോയി. ചപ്പാത്തിയും ബീഫ് ഉലത്തിയതും ഉണ്ടാക്കാമെന്ന് കരുതി. 

 

അടുക്കളയിൽ നിൽക്കുന്ന എന്നെ സിറ്റിംഗ് റൂമിലിരിക്കുന്ന ജോസേട്ടന് കാണാമായിരുന്നു. ഇടക്ക് ഞാൻ അങ്ങോട്ട് തിരിഞ്ഞപ്പോൾ ജോസേട്ടന്റെ കണ്ണുകൾ എന്റെ മാറിലുടക്കിയതായി എനിക്ക് തോന്നി. ഭയം ഒരു വൈറസ്സിനെപ്പോലെ എന്റെ മനസ്സിന്റെ ബാഹ്യാവരണം തുളച്ച് അകത്തു കയറി. മിക്സിയിൽ അരച്ചെടുത്ത മസാല നുറുക്കിയെടുത്ത ഇറച്ചിക്കഷണങ്ങളിൽ തേച്ചു പിടിപ്പിക്കുന്നതിലേക്കു ഞാൻ ശ്രദ്ധ തിരിച്ചു. 

 

ചപ്പാത്തി പരത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് എന്റെ പുറം കഴുത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധമുള്ള ചുടുനിശ്വാസം പതിഞ്ഞപ്പോൾ ഞാൻ ഞെട്ടിത്തിരിഞ്ഞു - ജോസേട്ടൻ തൊട്ടു പിന്നിൽ  ‘‘സഹായം വല്ലോം വേണോ ട്രീസാ?’’ എന്ന് ചോദിച്ചുകൊണ്ട്. ‘‘ജോസേട്ടൻ പോയിരി. ഒരു പത്തു മിനിട്ടിനുള്ളിൽ ഭക്ഷണം റെഡി ആകും’’, ഞാൻ വിറച്ചുകൊണ്ട് പറഞ്ഞു.

 

‘‘ട്രീസാ വാ നമുക്ക് ബ്ലൂ ലഗൂൺ കാണാം’’ ഭക്ഷണം കഴിഞ്ഞപ്പോൾ ജോസേട്ടൻ ക്ഷണിച്ചു. വേണ്ട പിന്നെയാകാം എനിക്കൊരു തലവേദന എന്നു പറഞ്ഞ് ഞാനെന്റെ മുറിയിലേക്ക് നടന്നു. ജോസേട്ടന്റെ കണ്ണുകൾ എന്റെ പിൻഭാഗങ്ങളെ ഉഴിയുന്നതായി എനിക്ക് തോന്നി.

 

സ്ത്രീയെ മോഹിച്ച് അവളെ നോക്കുന്നവൻ എല്ലാം ഹൃദയം കൊണ്ട് അവളോട്‌ വ്യഭിചാരം ചെയ്തു പോയി എന്ന യേശുവചനം ജോസേട്ടനറിയില്ലേ? എന്റെ മനസ്സിൽ കയറിക്കൂടിയ ഭയം പെരുകാൻ തുടങ്ങി.

 

ഹവ്വയുടെ കാലം മുതൽ എക്കാലത്തും പെണ്മനസ്സിലേക്കു അതിക്രമിച്ചു കയറി, അവിടെയിരുന്നു പെരുകി, അവളുടെ സ്വാസ്ഥ്യം നശിപ്പിക്കുന്ന വൈറസ് ആണല്ലോ ഭയം എന്ന് ഞാൻ ചിന്തിച്ചു. സാത്താന്റെ പ്രലോഭനങ്ങളെക്കുറിച്ച്, പാതിവരിയിൽ മുറിയുന്ന പ്രണയങ്ങളെക്കുറിച്ച്, വിശ്വാസവഞ്ചന ചെയ്യുന്ന ഭർത്താവിനെക്കുറിച്ച്, നൊന്തു പ്രസവിച്ച കുട്ടികളുടെ സ്‌നേഹ നിരാസത്തെക്കുറിച്ച്  - എന്തെല്ലാം ഭയങ്ങളിലൂടെയാണ് സ്ത്രീ ജന്മങ്ങൾ കടന്നുപോകുന്നത്. തന്റെ ശരീരത്തിന്റെ സുരക്ഷക്ക് സ്വയം കല്പിച്ച അതിരുകൾ ഏതു നിമിഷവും ലംഘിയ്ക്കപ്പെടാമെന്ന ഭയം നിഴൽ പോലെ എപ്പോഴും അവൾക്കൊപ്പമുണ്ട്. 

 

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയോതി ഞാൻ കിടന്നു.

 

മാർച്ച് 23

 

വിട്ടുമാറാത്ത നടുക്കത്തോടെയാണ് ഞാനിതെഴുതുന്നത്. ഇന്ന് ജോസേട്ടൻ ഓഫീസിൽ പോയിരുന്നു, തനിയെ ആയതുകൊണ്ട് ഉച്ചയ്ക്ക് കറികളൊന്നും വെച്ചില്ല. ഇന്നലെ ബാക്കിവന്നതൊക്കെ മതിയായിരുന്നു. അതുകൊണ്ടു കുറെ നേരം ആരാച്ചാർ വായിച്ചിരിക്കാൻ കഴിഞ്ഞു.

 

ഇന്നലത്തെപ്പോലെ ഇന്നും സന്ധ്യയ്ക്ക് ജോസേട്ടൻ ഡ്രിങ്ക്സ് കഴിച്ചു. അത്താഴത്തിനുള്ളത് റെഡിയാക്കി, ഞാനൊന്ന് മേലുകഴുകി ബാത്റൂമിൽ നിന്നും വെളിയിൽ വന്നപ്പോൾ മുറിയിൽ തൊട്ടടുത്ത് ജോസേട്ടനെ കണ്ടു ഞെട്ടി. പൊടുന്നനെ ജോസേട്ടനെന്നെ വരിഞ്ഞുമുറുക്കി എന്റെ ചുണ്ടുകളിൽ ബലമായി ചുംബിക്കാനാഞ്ഞു. സർവ്വശക്തിയുമെടുത്ത് ഞാൻ തള്ളിമാറ്റി അടുക്കളയിലേക്കോടി. പിന്നാലെ വന്ന ജോസേട്ടന്റെ നേർക്ക് ഇറച്ചിയരിയുന്ന കത്തിയെടുത്ത് ചൂണ്ടി ഞാൻ ആക്രോശിച്ചു :‘‘ഇനി അടുത്ത് വന്നാൽ ഞാൻ അലറി വിളിച്ച് അടുത്ത ഫ്‌ളാറ്റുകളിലുള്ളവരെ മുഴുവൻ അറിയിക്കും.’’ ജോസേട്ടൻ തലകുനിച്ച് സിറ്റിംഗ് റൂമിലേക്ക് പോയി. 

 

ഞാൻ ആഹാരം കഴിക്കാനൊന്നും നിൽക്കാതെ എന്റെ മുറിയിൽപ്പോയി കതകടച്ചു കിടന്നു. കർത്താവേ! ഇതെന്തൊരു പരീക്ഷണം? എന്റെ ക്ലാസ്‌മേറ്റ് രേഖ പറഞ്ഞതെത്ര ശരി. അവൾ സ്നേഹിച്ചു വിവാഹം കഴിച്ചയാളെ ഡിവോഴ്‌സ് ചെയ്ത് വീട്ടിൽ വന്നു നിൽക്കുമ്പോഴാണ് ഞാൻ കണ്ടത്. ‘‘ഈ ആണുങ്ങൾക്കെല്ലാം ഇരട്ടമുഖമാണെടീ. അനുകൂല സാഹചര്യം വരുമ്പോൾ അവന്റെ മുഖംമൂടിയഴിയും അസന്മാർഗിയുടെ അല്ലെങ്കിൽ സാഡിസ്റ്റിന്റെ വികൃതമുഖം തെളിയും.’’ - അവൾ പറഞ്ഞിരുന്നു.

 

മാർച്ച് 25

 

ഇന്നലെ (മാർച്ച് 24) രാത്രി എനിക്ക് ഡയറി എഴുതാനായില്ല. ഇന്നലെ രാവിലെ നേരിൽ കണ്ടപ്പോൾ യാതൊരു കുറ്റബോധവും ജോസേട്ടന്റെ മുഖത്ത് കണ്ടില്ല. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ പെരുമാറി. ഞാൻ കഴിയുന്നതും ഒഴിഞ്ഞു മാറി നടന്നു. 

 

തേങ്ങ ചിരകാനും മീൻ വൃത്തിയാക്കാനും പച്ചക്കറി അരിയാനും മറ്റും ജോസേട്ടൻ കൂടി. ഞാൻ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. 

 

ഇന്നലെ മുതൽ വൈറസ് പ്രതിരോധത്തിനായി രാജ്യമൊട്ടാകെ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ ആണെന്ന് ടി.വി. വാർത്ത എന്നിൽ ആശങ്ക വളർത്തി. ജോസേട്ടന് വർക്ക് ഫ്രം ഹോം ആയതുകൊണ്ട് പകൽ സമയം കൂടി ഫ്ളാറ്റിലുണ്ടാകുമെന്നത് എന്നെ കൂടുതൽ ഭയപ്പെടുത്തി.

 

ചേച്ചിക്ക് ക്ഷീണം കുറവുണ്ടെന്നു പറഞ്ഞു. എന്റെ നാട്ടിലേക്കുള്ള മടക്കം ഇനിയും നീളുമല്ലോ എന്ന എന്റെ സങ്കടത്തിൽ ചേച്ചി ആശ്വസിപ്പിച്ചു.

 

അത്താഴത്തിന് കഞ്ഞിയും കണ്ണിമാങ്ങാ അച്ചാറും മീൻ വറുത്തതുമായിരുന്നു. കഞ്ഞികുടി കഴിഞ്ഞു പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്നെനിക്ക് ഉറക്കം വന്നു. വീണുപോയേക്കുമോ എന്ന പോലെ വല്ലാതെ ക്ഷീണവും തോന്നി. നേരെ മുറിയിലേക്ക് പോയി കിടക്കയിൽ വീണതുപോലും നേരിയ ഓർമയേ ഉള്ളു. 

ദേഹമാകെ എഴുന്നുനിൽക്കുന്ന ലിംഗങ്ങളുള്ള ഒരൊറ്റക്കണ്ണൻ രാക്ഷസൻ എന്നെ പിടിക്കാനെത്തുന്ന ദുഃസ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നു. മൊബൈലിൽ നോക്കിയപ്പോൾ സമയം രാവിലെ ഏഴു മണി കഴിഞ്ഞിരിക്കുന്നു. കർത്താവേ!  

എനിക്കിതെന്തു പറ്റി? ഞാൻ ചാടിയെഴുന്നേറ്റപ്പോൾ ക്ഷീണം കൊണ്ട് വീഴാൻ പോയി. ചെറിയൊരു തലവേദനയും. ബാത്‌റൂമിൽ പോയി വന്നപ്പോൾ രണ്ടു കാര്യങ്ങൾ ഞാൻ ഞെട്ടലോടെ മനസ്സിലാക്കി- ബെഡ്റൂമിന്റെ വാതിൽ ഞാനിന്നലെ കുറ്റിയിട്ടിരുന്നില്ല.  രണ്ടാമത് എന്റെ ബ്രായുടെ ഹുക്കുകൾ അഴിഞ്ഞു കിടന്നിരുന്നു. ഭീതിദമായ ചില ചിന്തകൾ എന്നെ പൊതിഞ്ഞു. 

 

ഞാൻ അടുക്കളയിലെത്തിയപ്പോൾ കാപ്പി കപ്പുനീട്ടിക്കൊണ്ട് ‘‘എന്താ ട്രീസാ!  വല്ലാതെ ഉറങ്ങിപ്പോയോ?  ഞാൻ വിളിക്കാൻ ആലോചിക്കുകയായിരുന്നു’’ എന്ന് ജോസേട്ടൻ പറഞ്ഞു. ഗൂഡമായൊരു ചിരി ആ മുഖത്ത് മിന്നിമറഞ്ഞോ എന്ന് എനിക്ക് തോന്നി. 

ഇന്നലെ രാത്രിയിലെ സംഭവങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. അടുക്കളയിലിരുന്ന കുക്കറിൽ നിന്നും ഞങ്ങൾ രണ്ടുപേർക്കും പ്ലേറ്റിൽ കഞ്ഞി പകർന്നു ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവന്നത് ജോസേട്ടനാണ്. 

 

ഒരു സംശയത്തിന്റെ പുറത്ത് അടുക്കളയിലെ വേസ്റ്റ് ബാസ്കറ്റിൽ ഞാൻ പരതി. അതിൽ കണ്ട ചരുട്ടിക്കൂട്ടിയ ഒരു ന്യൂസ്പേപ്പറിന്റെ കഷണം ഞാൻ കയ്യിലെടുത്തു നോക്കി. ഏതോ വെളുത്ത പൊടിയുടെ തരികൾ !. ജോസേട്ടൻ കുളിക്കാനായി ബാത്‌റൂമിൽ കയറിയ തക്കത്തിന് ഞാൻ ജോസേട്ടന്റെ മുറിയിലെത്തി. മേശപ്പുറത്തൊന്നും കാണാഞ്ഞപ്പോൾ ശബ്ദമുണ്ടാക്കാതെ മേശവലിപ്പു തുറന്നപ്പോൾ അതിൽ സ്ലീപ്പിങ് പിൽസിന്റെ ഒരു സ്ട്രിപ്പ് കണ്ടു. അതിൽ രണ്ടു ടാബ്ലറ്റ്സ് എടുത്തതും വ്യക്തമായിരുന്നു.

 

അപ്പോൾ കഞ്ഞിയിൽ ഉറക്ക ഗുളിക ചേർത്ത് തന്നു എന്ന കാര്യം ഉറപ്പായി. ഞാൻ ഉറക്കത്തിലേക്കു വഴുതി വീണതുകൊണ്ട് വാതിലിന്റെ കുറ്റിയിടാനൊന്നും ഓർത്തില്ലല്ലോ. പക്ഷേ ലൈംഗികമായി ഞാൻ ബലാൽക്കാരം ചെയ്യപ്പെട്ടിട്ടില്ല എന്നതുറപ്പാണ്. അപ്പോൾ ബ്രായുടെ ഹുക്കുകൾ അഴിഞ്ഞു കിടന്നത്? ഒരു ഞെട്ടലോടെ എനിക്ക് മനസ്സിലായി, ജോസേട്ടൻ എന്നെ വിവസ്ത്രയാക്കി ഫോട്ടോയോ വീഡിയോയോ എടുത്തിരിക്കണം. അത് കാണിച്ചു ബ്ലാക്‌മെയ്ൽ ചെയ്യാനായിരിക്കും പ്ലാൻ. 

 

ജോസേട്ടന്റെ മൊബൈലിൽ നിന്നും അവ ഡിലീറ്റ് ചെയ്യണം. പക്ഷേ കുളിക്കാൻ ബാത്റൂമിൽ പോകുമ്പോഴൊഴിച്ച് എല്ലായ്‌പ്പോഴും ജോസേട്ടന്റെ സ്വന്തം കയ്യിലോ തൊട്ടടുത്തോ ആണ് ഫോൺ. പിന്നെ അതിന്റെ ഓപ്പണിങ് പാറ്റേണും എനിക്കറിയില്ല. ഫോൺ ഷവോമി റെഡ്‌മീ ആണെന്ന് മാത്രമേ അറിയൂ .

 

ജോസേട്ടൻ ഇപ്പോഴും കുളിമുറിയിലാണ്. നാട്ടിൽ റെഡ്‌മീ സെയിൽസ് ആൻഡ് സർവീസ് സെന്ററിലെ ഒരു പയ്യനെ എനിക്കടുത്തറിയാം- അരുൺ. ലോക്ക് ഡൗൺ കാരണം അവൻ വീട്ടിൽ ഇരിപ്പാണ്. ഞാനവനെ വിളിച്ച് ഡാറ്റ ഒന്നും നഷ്ടപ്പെടാതെ പാറ്റേൺ ലോക്ക് എങ്ങനെ പൊളിക്കാമെന്നു ചോദിച്ചു. അവൻ എനിക്ക് മെസ്സേജ് ആയി വിശദമായി അയച്ചു തന്നു. ‘‘തരികിട വല്ലോം ആണോ ട്രീസ ചേച്ചി?’’ അവൻ ചോദിച്ചു. 

‘‘അല്ലെടാ എന്റെ ഒരു ഫ്രണ്ടിനാ. അവൾ കുറെനാൾ യൂസ് ചെയ്യാതിരുന്ന മൊബൈലിന്റെ പാറ്റേൺ മറന്നു പോയി’’, ഞാൻ പറഞ്ഞു. 

പകൽ മുഴുവൻ ജോസേട്ടൻ ലാപ്‌ടോപ്പുമായി ഓഫീസിലെ ജോലികളിൽ ബിസി ആയിരുന്നു. വിശുദ്ധമല്ലാത്ത നോട്ടങ്ങൾ എന്റെ നേർക്ക് നീണ്ടിരുന്നെങ്കിലും മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. മൊബൈൽ അൺലോക്ക് ചെയ്യാൻ അരുൺ അയച്ചുതന്ന സ്റ്റെപ്‌സ് ഞാൻ ആവർത്തിച്ചു പഠിച്ചു. 

 

മാർച്ച് 26

 

ഇന്ന് രാവിലെ ജോസേട്ടൻ കുളിക്കാൻ ബാത്‌റൂമിൽ കയറിയപ്പോൾ ഞാൻ വേഗം മുറിയിൽ ചെന്നു. ഭാഗ്യം, മൊബൈൽ ഫോൺ മേശപ്പുറത്തുണ്ട്. ഒരു 15 -20 മിനിറ്റിനുള്ളിൽ ജോസേട്ടന്റെ കുളി കഴിയും. കർത്താവിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഞാൻ പാറ്റേൺ പൊളിച്ച് ഗ്യാലറിയിലെ ഫോട്ടോസും വീഡിയോസും തെരഞ്ഞു. ഭയപ്പെട്ടതുപോലെ മാർച്ച് 24 ന് വിഡിയോയും എട്ടുപത്തു ഫോട്ടോസുമുണ്ട്. ഞാൻ അവയൊന്നും തുറന്നു നോക്കിയതുപോലുമില്ല. ലജ്ജയും ഭയവും മൂലം തളർന്ന മനസോടെ ഞാനെല്ലാം വേഗം ഡിലീറ്റ് ചെയ്തു. പിന്നെ empty bin അടിച്ചു എല്ലാം പെർമനെന്റ് ആയി ഡിലീറ്റ് ചെയ്തു.

 

അടുക്കളയിലേക്ക് മടങ്ങുമ്പോൾ വല്ലാത്തൊരാശ്വാസമായിരുന്നു എനിക്ക്. കഴുത്തിലണിഞ്ഞ കുരിശുമാലയിൽ ഞാൻ പലവട്ടം മുത്തി.

ലിസ ചേച്ചി വിളിച്ചിരുന്നു. നല്ല ഭേദമുണ്ടിപ്പോൾ, ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് ചെയ്തു ഫലം നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്കു മടങ്ങാനാകുമെന്ന് ചേച്ചി പറഞ്ഞു. ഇച്ചായനും എനിക്കും അസുഖത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നതിൽ ചേച്ചി വളരെ സന്തോഷിച്ചു. 

 

ജോസേട്ടൻ മൊബൈൽ ഫോണിൽ ഏറെ നേരം നോക്കിയിരിക്കുന്നുണ്ടായിരുന്നു.ഓഫ് ചെയ്യലും റീ സ്റ്റാർട്ട് ചെയ്യലും സിം കാർഡ് പുറത്തെടുക്കലും ഇടയ്ക്ക് എന്റെ നേരെ സംശയത്തിന്റെ നോട്ടമയക്കലും ഒന്നും ഞാൻ കണ്ടതായി ഭാവിച്ചില്ല.

ടിവിയിൽ കേട്ടത് പോലെ ഭയപ്പെടരുത്, പക്ഷേ കരുതൽ വേണം. കഴിയുന്നത്ര ഒഴിഞ്ഞു നിൽക്കുകയും ആക്രമിച്ചാൽ സർവ ശക്തിയുമെടുത്ത് പ്രതിരോധിക്കുകയും വേണം.

ആശങ്കകളുടെ ഒരു രാത്രി കൂടി.....

 

മാർച്ച് 27

 

ഇന്ന് രാവിലെ ജോസേട്ടൻ കുളിമുറിയിലൊന്നു കാൽ വഴുതി വീണു. അപ്പോൾ കയ്യിലിരുന്ന ചൂട് വെള്ളം നിറച്ച ചെരുവം ദേഹത്തേയ്ക്ക് മറിഞ്ഞു പൊള്ളലേറ്റു. വേഗം ആംബുലൻസ് വിളിച്ച് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി. ദേഹത്ത് 20 -25 ശതമാനം പൊള്ളലേറ്റതുകൊണ്ട് എട്ടുപത്തു ദിവസം കിടക്കേണ്ടി വരുമെന്ന് പറഞ്ഞു.

വിവരമറിഞ്ഞു വിളിച്ച ചേച്ചിയെ ഞാൻ പേടിക്കാനൊന്നുമില്ലെന്നു പറഞ്ഞാശ്വസിപ്പിച്ചു. 

അടുത്തയാഴ്ച ചേച്ചി വരുന്നതുവരെ ഇവിടെ ഫ്ലാറ്റിൽ ഞാനൊറ്റക്ക്.

 

ഇറച്ചിക്കോഴിയുടെ മുകളിൽ വട്ടമിട്ടു കറങ്ങുന്ന കഴുകനെപ്പോലുള്ള ഒരാൾക്കൊപ്പം കഴിയുന്നതിലും ഭേദമാണത്. എന്നാണാവോ വൈറസ് ആക്രമണത്തിന്റെ ഈ ദുരിത കാലം അവസാനിച്ച് ലോക്ക് ‍ഡൗൺ പിൻവലിക്കുക? 

‘നാളെയ്ക്കായി ആകുലപ്പെടരുത്; നാളത്തെ ദിവസം തനിക്കായി ആകുലപ്പെടുമല്ലോ; അതത് ദിവസത്തിന് അന്നന്നത്തെ ദോഷം മതി’ എന്ന ദൈവവചനം ഞാനോർത്തു.

 

***********

 

ഇത്രയും വായിച്ചു നിർത്തി പേരമകൾ, ട്രീസാ ജോൺ എന്ന വല്യമ്മച്ചിയോട് പറഞ്ഞു:

‘‘വല്യമ്മച്ചീ! മേ ഐ ആസ്ക് യു എ ക്വസ്ററ്യൻ?’’.

‘‘ഷൂട്ട് !’’ വല്യമ്മച്ചി പറഞ്ഞു.

‘‘ബാത്‌റൂമിൽ കാൽ തെറ്റി വീണ് വെള്ളം മറിഞ്ഞ് ജോസ് അങ്കിൾ ഹോസ്പിറ്റലൈസ്‌ഡ്‌ ആകുന്നത് ഈസ് അൺ ബിലീവബിൾ. ഇറ്റ് ഈസ് ലൈക് യു ജസ്റ്റ് വാണ്ടഡ് ടു റിമൂവ് യുവർ ബ്രദർ ഇൻ ലോ ഫ്രം ദി സീൻ!’’

 

‘‘യു ആർ റൈറ്റ് മോളേ !’’ കണ്ണിറുക്കി ചിരിച്ചുകൊണ്ട് വല്യമ്മച്ചി തുടർന്നു ‘‘വാസ്തവത്തിൽ സംഭവിച്ചത് ഇതാണ്. അന്ന് രാവിലെ അടുക്കളയിൽ പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. ‘‘ട്രീസാ!  ബാത്റൂമിലെ ഗീസർ വർക്ക് ചെയ്യുന്നില്ല . നീ കുറച്ചു വെള്ളം ചൂടാക്ക്.’’ ജോസേട്ടൻ പറഞ്ഞു. ഒരു ചെരുവത്തിൽ വെള്ളം നിറച്ച് ഇൻഡക്‌ഷൻ കുക്കറിന് മേൽ വെച്ച് നന്നായി തിളപ്പിച്ചു. ‘‘വെള്ളം ചൂടായെങ്കിൽ ഇങ്ങെടുത്തോ ട്രീസാ’’ എന്ന് അപ്പോഴേക്കും ജോസേട്ടന്റെ വിളി വന്നു. 

കുളിമുറിയുടെ വാതിൽ അല്പം ചാരിയിട്ടുണ്ട്. മുന്നനുഭവം വെച്ച് അയാളുടെ മനസ്സിലിരുപ്പ് എനിക്കൂഹിക്കാൻ കഴിഞ്ഞു. മനസ്സുകൊണ്ട് നല്ല തയ്യാറെടുപ്പോടെയാണ് ഞാൻ വാതിൽ തുറന്ന് കുളിമുറിക്കുള്ളിലേക്ക് കയറിയത്. ഭയന്നപോലെ തന്നെ വാതിലിന്റെ മറവിൽ നിന്നും പൂർണ നഗ്നനായി അയാൾ മുന്നോട്ടു വന്നു. ഒരാഭാസച്ചിരിയോടെ അയാളുടെ കൈകൾ എന്റെ മാറിടത്തിലേക്കു നീണ്ടുവന്നു, ഞാൻ മറ്റൊന്നും ചിന്തിച്ചില്ല, തിളച്ച ചൂടുവെള്ളം അയാളുടെ നെഞ്ചിലേക്കും താഴേക്കും വീശിയൊഴിച്ചു- മീൻ കഴുകിയ വെള്ളം ചെടികൾക്കൊഴിക്കുന്ന ലാഘവത്തോടെ.’’

 

English Summary: Tresa Johninte Diary Kurippukal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com