ADVERTISEMENT

അറുപതിലെ പ്രണയം (കഥ)

 

ഭാനുമതി ടീച്ചർ റിട്ടയേർഡ് ചെയ്തപ്പോൾ യുപി സ്കൂൾ കരഞ്ഞു.

സഹപ്രവർത്തകർക്കു കൂടെപിറപ്പ് തിരിച്ചു വരാത്തിടത്തേക്കു യാത്ര പോകുന്ന വേദന..!

 

25 വർഷത്തെ അധ്യാപനം ഇന്നിവിടെ അവസാനിച്ചു..! കണക്കു ടീച്ചറിന്റെ കണക്കുകൾ മുഴുവൻ എഴുതി പൂരിപ്പിച്ചു. സഹപ്രവർത്തകർ മാലയും ബൊക്കയും അണിയിച്ച് വീട്ടിലെത്തിച്ചപ്പോൾ രാഘവൻ മാഷ് കാത്തു നിൽപ്പുണ്ടായിരുന്നു.

ആള് അധ്യാപകൻ ഒന്നുമല്ല.. ഭാനുമതി ടീച്ചർ ഭർത്താവിനെ മാഷേ.. എന്നു വിളിച്ചു. നാട്ടുകാർ അതു ഉൾക്കൊണ്ടു പേരു ചേർത്ത് രാഘവൻ മാഷേ എന്നു വിളിച്ചു പോന്നു..

 

വീടിനോടു ചേർന്നുള്ള മൂന്ന് ഏക്കറോളമുള്ള പുരയിടത്തിൽ കൃഷി..

മുപ്പത് വർഷമായി കൃഷി.. അതാണ് ജോലി.

 

ഇപ്പോൾ പ്രായം അറുപത് കഴിഞ്ഞു. പക്ഷേ, നാല്പതിലെ ആരോഗ്യമാ..

ചില രാത്രികളിൽ ടീച്ചറും മാഷും യൗവ്വനത്തിലേക്കു പോകുമ്പോൾ മാഷിന്റ ചെവിയിൽ ടീച്ചർ പറയുന്ന രഹസ്യമാണ് അത്..!

 

ഇനി മാഷിനെ സഹായിക്കാൻ ഒരാളും കൂടി ആയല്ലോ. കാപ്പി കുടിക്കിടയിൽ ദാമോദരൻ മാഷ് തമാശയിൽ പറഞ്ഞെങ്കിലും ടീച്ചറിന്റ കണ്ണു നിറഞ്ഞു.

ആരും ആ കണ്ണീര് കണ്ണിൽ കണ്ടില്ല.. കണ്ടത് മാഷ് മാത്രം..!

യാത്ര പറച്ചിലു കഴിഞ്ഞ് സഹപ്രവർത്തകർ പോയപ്പോൾ മാഷും ടീച്ചറും തനിച്ചായി..!

 

അപ്പോൾ ബാഗ്ലൂരിൽ നിന്നും, പൂനയിൽ നിന്നും ഭോപ്പാലിൽ നിന്നും മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും വിളിയെത്തി. വിശേഷങ്ങൾ തിരക്കി സന്തോഷം പങ്കിട്ടു. പക്ഷേ വരാൻ പറ്റില്ലാത്രേ..

 

വിഡിയോ കാളിൽ കാണാമല്ലോ എപ്പോഴും എത്ര പ്രാവശ്യം പറഞ്ഞു ക്യാമറ ഫോൺ അയച്ചു തരാമെന്ന്. മരുമകളുടെ പരിഭവം.

 

അവർക്കു നമ്മളെ കാണണമെങ്കിൽ നേരിട്ട് വരട്ടെ. മാഷ് ആ തീരുമാനം എടുത്തിട്ട് വർഷങ്ങളായി.. ടീച്ചർ മാഷിനെ ചോദ്യം ചെയ്തിട്ടില്ല..!

സന്ധ്യക്കു വിളക്കുവച്ച് തിണ്ണയിൽ ഇരുന്ന് ടീച്ചർ നാമം ജപിക്കുമ്പോൾ മാഷ് അടുത്തു വന്നിരുന്നു. ടീച്ചറിൽ കൗതുകം. കമ്മ്യൂണിസം തലക്കുപിടിച്ച ആള്. ഇപ്പോ ഇതെന്തുപറ്റി..!

 

ഞങ്ങൾക്ക് ഈശ്വരവിശ്വാസം ഇല്ലെന്നാരാ പറഞ്ഞത്. മനസ്സിൽ ഒരു ഈശ്വരൻ ഉണ്ട്.. അതിലെങ്കിൽ മനുഷ്യനാവാൻ പറ്റുമോ?

 

ഇന്നലെ വരെ മാഷിതു പറഞ്ഞു കേട്ടില്ല.... ശ്ലോകം ചൊല്ലുന്നതിനിടയിൽ ടീച്ചറൊന്നു ഉന്നം വച്ചു.

 

പ്രായം ഇത്രയും ആയില്ലേ.. നമ്മള് രണ്ടാത്മാക്കള് ഇനി ഇവിടെ തനിച്ചു ജീവിക്കണ്ടേ... ചെറിയ പേടിയൊക്കെ തുടങ്ങി. വിഷമങ്ങൾ പറയുമ്പോഴും മാഷിനു ചിരിക്കാനെ അറിയു... ടീച്ചർ ആ കണ്ണുകളിലേക്കു നോക്കി..

 

മക്കള് വരാത്തതില് സങ്കടം നീറുന്നുണ്ടോ മാഷ്ടെ ഉള്ളില് ..?

ഇല്ല ടീച്ചറേ... ആ വിഷമം ഉള്ളിൽ വച്ചു ടീച്ചറ് ദൈവത്തോടു പ്രാർത്ഥിക്കുന്നതു കണ്ടപ്പോൾ ശരിക്കും എനിക്കു സങ്കടായി..

ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു വന്നു. താനൊന്നു തുമ്മിയാൽ കാര്യം പിടിച്ചെടുക്കുന്ന മാഷിന്റെ  മുന്നിൽ ടീച്ചർക്ക്  അടക്കാനായില്ല..

പൊട്ടിപ്പോയി....

മാഷിന്റെ തോളിൽ വീണു കരഞ്ഞു. കൊച്ചുകുട്ടിയുടെ ഏങ്ങലായിരുന്നു ടീച്ചറുടെ ശബ്ദത്തിന് ..

താൻ സങ്കടപ്പെടാതെ... തന്റെ  ദൈവത്തോടു ഞാനും പ്രാർത്ഥിക്കാം..

ആദ്യമായി ടീച്ചർക്കൊപ്പം മാഷും നാമം ജപിച്ചു.

ബെഡ്റൂമിൽ കട്ടിലിന് അഭിമുഖമായി മേശയിൽ നിൽക്കുന്ന മൂന്നു പാവകുട്ടികൾ. മൂന്നുമക്കൾക്കും ആദ്യമായി വാങ്ങിയ ഉടുപ്പ് അണിയിച്ച് അവരെ അങ്ങനെ നിർത്തിരിക്കുന്നത് ടീച്ചറാണ്.

 

എടോ.. നാളെ രാവിലെ ഇവരുടെ ഉടുപ്പൊക്കെ അലക്കണം.

മാഷേ, നമ്മൾ മരിക്കും വരെയും ഈ പാവകളെയെ കാണാനേ. വിധിയുള്ളോ?

 

ടീച്ചർ നെഞ്ചിൽ തട്ടി ചോദിച്ചതാണെങ്കിലും മാഷിന്റെ ഉള്ളൊന്നു പിടഞ്ഞു.

മാഷിൽ എന്തോ ചിന്ത കടന്നു കൂടി.

രാത്രിയിൽ കാരണമില്ലാതെ മഴ പെയ്തപ്പോൾ ഇറയത്തിരുന്ന് ടീച്ചറെ നെഞ്ചോടു ചേർത്തുപിടിച്ച് മാഷ് ചോദിച്ചു.

എടോ... ടീച്ചറേ.. നമ്മുക്കൊന്നു പ്രേമിച്ചാലോ..?

ടീച്ചർ അതു പ്രതീക്ഷിച്ചില്ല..!

പണ്ട് .. പണ്ട് .. നമ്മൾ പ്രേമിച്ചില്ലേ. മനസ്സിൽ കൊണ്ടു നടന്ന് .. കത്തുകൾ എഴുതി... താനതൊന്ന് സങ്കൽപ്പിച്ചു നോക്ക്...

ടീച്ചറിൽ കള്ള ചിരി.

ഈ മാഷ് ഇതെന്തു ഭ്രാന്താ ഈ പറയുന്നെ..

 

ഭ്രാന്തല്ലടോ.. യാഥാർഥ്യം ... നമ്മുടെ കല്യാണം ഇന്നു കഴിഞ്ഞെന്നു വിചാരിക്കുവാ.. അപ്പോൾ ഈ രാത്രിയുടെ പ്രത്യേകത എന്താ...

ടീച്ചർ നാണം കൊണ്ടു ചൂളി...

അയ്യേ.. ഈ മാഷ്... അങ്ങനെ പറഞ്ഞെങ്കിലും ടീച്ചറുടെ കണ്ണിലെ തിളക്കം മാഷ് കണ്ടു.

 

എടോ.. റിട്ടയർമെന്റ് ജീവിതം ഓർമ്മകൾ അയവിറക്കി  കളയാനല്ല ഞാൻ ആലോചിക്കുന്നത്. മുപ്പത്തെട്ടു വർഷം ഒന്നിച്ചു ജീവിച്ച നമ്മൾ വീണ്ടും പ്രേമിച്ച് ... പ്രേമിച്ച് ഒന്നൂടെ ജീവിക്കുക. എന്തു രസായിരിക്കും..

 

അതും പറഞ്ഞ് മാഷ് ടീച്ചറുടെ ചെവിയിൽ വെറുതെ തലോടി.. ഇക്കിളിയെടുക്കുന്നു മാഷേ.. ടീച്ചർ കൊഞ്ചി. അപ്പോ ടീച്ചറുടെ ഉള്ളിൽ പ്രണയം വറ്റിയിട്ടില്ല.. മാഷ് ടീച്ചറെ ചേർത്തുപിടിച്ചു.

 

മാഷിനു ഇപ്പോ കുറുമ്പുകൂടീട്ടാ .. പരിഭവം അഭിനയിച്ച് ടീച്ചർ മാഷിന്റെ നെഞ്ചിലെ നരച്ച രോമം വലിച്ചെടുത്തു. മാഷൊന്നു നിലവിളിച്ചു പോയി.. പ്രതീക്ഷിച്ചില്ലല്ലോ ..

ടീച്ചർ പേടിച്ചു പോയി. പിന്നെ അവിടെ വിരലുകൾ കൊണ്ടു തടവി.

ഒരുമ്മ കൊടുത്തു.. മാഷിൽ കള്ള ചിരി.

 

ടീച്ചറെ.. ഒരു മോഹം.. അന്നു ഞാൻ ടീച്ചറെ കല്യാണം കഴിച്ചു വന്നതിന്റെ വൈകുന്നേരമാ ടീച്ചറുടെ വീട്ടിലെ പശു ദീനം വന്നു മരിച്ചത്..

അതിന്റ പേരും പറഞ്ഞ് ആദ്യരാത്രി കണ്ടത് പത്തു ദിവസം കഴിഞ്ഞിട്ടാ.. ഇന്ന് നമുക്കതിന്റെ ഒരു ഓർമ്മ പങ്കിട്ടാലോ..?

 

ടീച്ചറിൽ പൊട്ടിച്ചിരി

അല്ലേ.... ഈ മാഷ് എന്നെ ചമ്മിക്കും...

മാഷ് വിട്ടു കൊടുക്കുന്നില്ല..!

നമ്മുടെ പുതിയപ്രണയത്തിന്റ ആരംഭം ഈ ആദ്യരാത്രിയോടെ ആവട്ടെ...

ടീച്ചർ എതിർത്തില്ല.. മാഷിൽ ഒരു കുഞ്ഞിന്റെ ഭാവം കണ്ടപ്പോൾ ടീച്ചർക്ക് ആ മുഖം താലോലിക്കാൻ തോന്നി..

 

മാഷ് മുറിയിലേക്കു ചെല്ല്.. ഞാനൊരു കൂട്ടം കൊണ്ടു വരാം..

തന്നെ വരിഞ്ഞ കൈവിടുവിച്ച് ടീച്ചർ അടുക്കളയിലേക്കു പോയി...

മാഷ് ഇരുട്ടിൽ നോക്കി കള്ളച്ചിരി ചിരിച്ചു. 

 

പിന്നെ ബെഡ്റൂമിൽ ചെന്നു മേശയിൽ നിൽക്കുന്ന പാവകളെ മലർത്തി കിടത്തി മുകളിൽ ടൗവ്വൽ ഇട്ടു മൂടി.

 

മക്കൾക്കു പ്രായായില്ല കേട്ടോ.. ഉറങ്ങിക്കോ..

കഴിഞ്ഞ ആഴ്ച്ച മാഷ് വാങ്ങി കൊടുത്ത കോട്ടൻ സിൽക്കിന്റ സാരി ഉടുത്ത് പാലുമായി ടീച്ചർ മുറിയിലേക്കു വന്നപ്പോൾ മാഷ് കൗതുകത്തോടെ നോക്കി.

ടീച്ചർക്ക് കുറച്ചു മുമ്പേ കണ്ടതിലും പ്രായം കുറഞ്ഞ പോലെ..

ടീച്ചറിൽ നാണം..

 

അവർ പാൽ പങ്കു വെച്ചു കുടിച്ചു. മനസ്സു പങ്കു വെച്ചു രസിച്ചു. ഒടുവിൽ.. അവർ അവരെ പങ്കു വെച്ചു. അവർ യാഥാർഥ്യങ്ങളുടെ മറ്റൊരു മുഖത്തേക്കുപ്പോയി.

രാവിലെ തൊടിയിൽ ചാലുവെട്ടാൻ മാഷ് തൂമ്പയുമായി ഇറങ്ങിയപ്പോ ചായയുമായി ടീച്ചർ ഓടി വന്നു.

 

ദേ.. മാഷേ. ഇതു കുടിച്ചിട്ടു പറമ്പിലേക്കിറങ്ങിയാൽ മതി. ടീച്ചറീന്നു പതിവില്ലാത്തതാണ്.. മാഷിൽ ഒരു അർഥമുള്ള ചിരി. ഇന്നു മുതൽ സമയം ഉണ്ടല്ലോ. പിന്നെ. ഒരുപാട് ആരോഗ്യം കളയണ്ടാ. പെട്ടെന്നു കയറി പോരണം.... 

ടീച്ചർ ഭാര്യയുടെ അധികാരം ഉപയോഗിച്ചു.

മാഷ് അത് ആസ്വദിച്ചു..

 

തൂമ്പയുമായി തൊടിയിലേക്കിറങ്ങിയ ആൾ തിരിഞ്ഞു നോക്കി. പിന്നെ വായുവിൽ കൈ ഉയർത്തി ടീച്ചർക്കു നേരെ ഒരു ഫ്ലൈയിംഗ് കിസ് എറിഞ്ഞു കൊടുത്തു.

ടീച്ചർ അതു വാങ്ങി തന്റെ ചുണ്ടോടു ചേർത്തു വെച്ചു. വാഴത്തോപ്പിൽ ചെന്ന് മുണ്ടിൽ.. അരയിൽ കെട്ടി വെച്ചിരുന്ന മൊബൈൽ എടുത്ത് മൂത്ത മകനെ വിളിച്ചു..

ഞങ്ങളെ കാണണമെന്നവിചാരം കൂടെ കൂടെ അവൻ പറയാറുണ്ട് ..!

 

പാച്ചു ... മക്കള് വരാത്തതിൽ അമ്മക്കു നല്ല വിഷമം ഉണ്ട്..അച്ഛന്റെ സങ്കടം മക്കളു നോക്കണ്ട..

 

അച്ഛാ.. ഇപ്പോ വന്നാൽ ഇവിടെ ആകെ കാര്യങ്ങൾ കുഴഞ്ഞു മറിയും. മിക്കവാറും കമ്പിനി എന്നെ ജർമ്മനിയിലേക്ക് വിടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ രണ്ടു കൊല്ലത്തേക്ക് അച്ഛൻ നിർബന്ധിക്കരുത്.

 

ഇല്ലടാ മോനെ.. മോന്റെ സന്തോഷം കളഞ്ഞിട്ട് ഒന്നും ഞങ്ങൾക്കു വേണ്ട..

ഫോൺ വെച്ചപ്പോൾ ബാക്കി ഉള്ളവരെ വിളിക്കാൻ തോന്നിയില്ല.. ഭാര്യമാരുടെ വാക്കിൽ ജീവിക്കുന്നവരാ.. ചോദ്യം ചിലപ്പോളവരെ വേദനിപ്പിക്കും.

ടീച്ചർ അറിയേണ്ട..

 

ഉച്ചയൂണു കഴിഞ്ഞ് മാഷിന്റെ മടിയിൽ തല വെച്ച് ടീച്ചർ കിടന്നപ്പോൾ മാഷ് കുശലം ചോദിച്ചു.. എന്താ ടീച്ചറേ.. ഒരു കുഞ്ഞിനെ കൂടി വേണമെന്നു തോന്നുന്നുണ്ടോ?

ദേ.. മനുഷ്യനെ നാണം ഇല്ലേ..ഞാനൊരു റിട്ടയേർഡ് ടീച്ചറാ..

കള്ളച്ചിരി മുഖത്തു വരാതെ ഗൗരവം നടിച്ച് ടീച്ചർ എണീറ്റു പോകാൻ നോക്കി.. മാഷ് പിടിച്ചവിടെ ഇട്ടു.

ഒന്നു ശ്രമിച്ചാൽ തെറ്റുണ്ടോ?

ഈ പ്രായത്തിലോ.. എന്റെ മാഷേ.. പ്രേമം തലക്കുപിടിച്ചാൽ ഭ്രാന്തു വരുമോ.. മാഷിനിപ്പോ ഭ്രാന്താ എന്നോടു..

പിന്നെ അടക്കി പറഞ്ഞു.

സത്യം പറ മാഷേ ഈ ഭ്രാന്ത് പ്രേമമാണോ.. കാമമാണോ ?

രണ്ടും..

അതൊരു സുഖമുള്ള ജീവിതമായി അവർക്കു തോന്നി..

പാവ ഇട്ടിരുന്ന മക്കളുടെ ഉടുപ്പുകൾ ടീച്ചർ അലക്കാൻ മറന്നപ്പോൾ മാഷ് മനസ്സുനിറയെ സന്തോഷിച്ചു.

 

ടീച്ചറുടെ പെരുമാറ്റത്തിൽ നിറയെ പ്രണയം കടന്നുവന്നുതുടങ്ങി.

രണ്ടു പേരും പരസ്പരം ആഹാരം വായിൽ വെച്ചു കൊടുത്തപ്പോൾ മാഷ് അനുഭവിച്ച സന്തോഷം ...

 

കുളികഴിഞ്ഞു വന്ന ടീച്ചർക്ക് നെറുകയിൽ രാസ്നാദി തിരുമ്മി ... നെറ്റിക്കു മേലേ സിന്ദൂരം ഇട്ടു കൊടുത്തപ്പോൾ ടീച്ചർ അനുഭവിച്ച സന്തോഷം ..

മൂന്നു ഏക്കറിന്റെ അതിർ വരമ്പിലെ ചുറ്റു മതിലിലെ വള്ളിചെടി വെട്ടിമാറ്റുന്നതിനിടയിൽ മാഷിനു വെറുതെ ഒരു കൗതുകം

മൊബൈലെടുത്തു ടീച്ചറെ വിളിച്ചു. അടുക്കളയിൽ അവലു നനക്കാൻ തേങ്ങ ചിരകി കൊണ്ടിരുന്ന ടീച്ചറുടെ നല്ല ജീവൻ പോയി..

മാഷിനു വല്ലതും പറ്റിയോ..?

പരിഭ്രമത്തോടെ ഫോൺ എടുത്തപ്പോൾ മറുതലക്കൽ നിന്നു മാഷിന്റ വക ഒരു ചുടു ചുബനം....

 

ദേ.. മാഷേ.. ഈ പേടിപ്പിക്കല് വേണ്ടായിരുന്നു..

ടീച്ചർ ഫോൺ കട്ടു ചെയ്തു

ടീച്ചർ പേടിച്ചു കാണും.. മാഷിനു സങ്കടായി.. പറമ്പിൽ നിന്നു തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ടീച്ചറുടെ കാൾ ..

ബാക്കി വഴക്കൂടെ പറയാൻ ആയിരിക്കും..

മാഷ് ഫോൺ എടുത്തപ്പോൾ ടീച്ചറുടെ വക ഒരുമ്മ... മാഷുടെ കയ്യീന്ന് തൂമ്പ പിടി വിട്ടു പോയി.

ടീച്ചർ ശരിക്കും പ്രണയ ലോകത്തെത്തിയെന്നു മാഷിനു തോന്നി.

മക്കൾ അടുത്തില്ലാത്ത വിഷമം മറക്കാൻ താൻ ചെയ്ത ഒരു പരീക്ഷണം.

പക്ഷേ..  ഇപ്പോൾ ഞങ്ങൾ ജീവിക്കുകയാണ്..!

ഈ പ്രണയത്തിന് ഇത്രയും മധുരമുണ്ടോ?

കാലം മാറിയതു കൊണ്ടാവും..

 

രാത്രിയിൽ ടീച്ചർ ഉറക്കത്തിലേക്കു പോയപ്പോൾ മാഷ് പതുക്കെ എന്നീറ്റു. മേശയിൽ മലർന്നു കിടന്നുറങ്ങുന്ന മുന്നു മക്കളേയും വിളിച്ചുണർത്തി.

ജനാല തുറന്ന് പുറത്തെ മഴ നോക്കി പാച്ചുവിനു കത്തെഴുതി തുടങ്ങി.

എന്റെ മക്കൾക്ക് ...

 

അച്ഛൻ ഒരു മരുന്ന് കണ്ടുപിടിച്ചു. അച്ഛൻ തന്നെ കഴിച്ചു. അമ്മക്കും കൊടുത്തു.. ഞങ്ങൾക്കു രണ്ടു പേർക്കും കഴിച്ചപ്പോൾ നല്ല മാറ്റം ഉണ്ട്.. അസുഖത്തിന്റെ കാര്യം പറയാൻ വിട്ടുപോയി.. ഈ ലോകത്ത് ചികിത്സിച്ചാലും ഭേദമാകാത്ത ഒരു അസുഖമുണ്ട്.. മക്കളുടെ സാമീപ്യം അറിയാതെ വാർദ്ധക്യത്തിൽ ജീവിക്കേണ്ടി വരുന്ന ഏതോ ജന്മത്തിലെ പാപികൾ.. അവർക്കുള്ള മരുന്നാ അച്ഛൻ കണ്ടുപിടിച്ചത്.

 

കാടുകയറി ആലോചിച്ചപ്പോ തോന്നി എന്നിൽ തീരേണ്ട മരുന്നല്ല ഇത്.. കാരണം ലോകം ഉള്ളിടത്തോളം ഈ അസുഖം ഉണ്ടാവും.

 

എന്റെ മക്കളും ഒരു അച്ഛനാണല്ലോ. നാളെ എന്റെ  മോനും അച്ഛനെ പോലെ പ്രായം ആകും ..നിന്റെ മക്കളുടെ സ്നേഹമോ കരുതലോ നിനക്കു നഷ്ടമായാൽ ... എന്റെ  മക്കൾ സ്വയം തളരാതിരിക്കാൻ.. ഈ മരുന്ന് കഴിക്കണം. ഒരു കാരണവശാലും സൈഡ് എഫക്ട് ഇല്ലാത്ത മരുന്നാണ്. പലതരം കൂട്ടുകൾ ചേർന്നതാണ് ഈ മരുന്ന് ...

 

ഇപ്പോൾ നിന്റെ തണലായി ജീവിക്കുന്ന നിന്റെ ഭാര്യയെ എപ്പോഴും ഹൃദയത്തോടെ ചേർത്തു നിർത്തി സ്നേഹിക്കണം.. എന്നിട്ട് ആ സ്നേഹം ഒരുപാട് വിളമ്പി ഒരു പുതിയ ജീവിതം തുടങ്ങണം.. അവിടെ നിങ്ങൾ യൗവ്വനത്തിന്റ ചിന്തയിലേ ജീവിക്കാവു.. ആ ജീവിതം സത്യമായി വരുമ്പോ.. സ്നേഹത്തിന്റെ ഒരു കടല് തന്നെ നിങ്ങളുടെ മുന്നിൽ ഉണ്ടാവും.. ആ കടലിൽ ആവോളം നീന്തി നീന്തി.. മക്കളുതരുമെന്ന് ആഗ്രഹിച്ച സ്നേഹത്തിന്റ വിടവ് ജീവിക്കുന്ന കാലമത്രയും നിങ്ങൾക്കു നികത്താനാവും.. ഞാനും നിങ്ങളുടെ അമ്മയും ആ വിടവുകളത്രയും നികത്തി കൊണ്ടുവരുകയാ.. ഇപ്പോ ജീവിതത്തിന് ഒരു സന്തോഷമൊക്കെ വന്നു തുടങ്ങി.. ഞങ്ങളു തന്നെ അനുഭവസ്ഥരാ.. അതുകൊണ്ടു മരുന്നു വിശ്വസിക്കാം കേട്ടോ..

 

പിന്നെ ഒരു കാര്യം അച്ഛൻ പറയാൻ വിട്ടു പോയി.. ഈ മരുന്ന് കതിരിൽ കൊണ്ടു വളം വെച്ച പോലെ ആവരുത് . എന്നു വെച്ചാൽ ഞങ്ങളുടെ പ്രായത്തിൽ ഒറ്റപ്പെട്ടാൽ അതു മറക്കാൻ പരസ്പരം സ്നേഹിച്ചു കളയാം എന്നു വിചാരിച്ചാൽ മരുന്ന് ഫലം ചെയ്യില്ല.. ചിലപ്പോൾ സൈഡ് എഫ്ക്ട് തന്നെ ഉണ്ടായേക്കാം.. മക്കൾ  പേടിക്കണ്ട.. അച്ഛൻ അതിനും പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്.. നീ ഇപ്പഴേ നിന്റെ ഭാര്യയെ പ്രേമിച്ചു തുടങ്ങ് ..അവളും തിരിച്ചങ്ങനെ തന്നെ പ്രേമിക്കട്ടെ.. അങ്ങനെ പരസ്പ്പരം ഇടപെട്ടു തുടങ്ങുമ്പോൾ മക്കള് പറന്നു പോയാലും ശുന്യതവരില്ല ജീവിതത്തിൽ.. അച്ചന്റെ  വാക്കുകളെ മക്കൾ തള്ളി കളയരുത്. നിങ്ങൾ നിങ്ങളുടെ  മക്കളെ സ്നേഹിക്കുന്നതു സത്യമാണെങ്കിൽ അച്ഛന്റ മരുന്നും സത്യമാണ്...

 

നിന്റെ അമ്മക്ക് പ്രായം ഒരുപാട് കുറഞ്ഞു. എനിക്കും.. ധൃതി പിടിച്ചു വരേണ്ട.. കാണണമെന്നു മനസ്സു കൊതിക്കുമ്പോൾ വരാനും മറക്കരുത്. അച്ഛനും അമ്മയും മരുന്നു കഴിക്കുന്നതുകൊണ്ട് (എത്ര കാലം കഴിക്കണമെന്നു അറിയില്ല) ഇപ്പോൾ ജീവിതത്തിൽസന്തോഷമൊക്കെ ഉണ്ട്. നിർത്തട്ടെ.

 

സ്നേഹപൂർവം

മക്കളുടെ അച്ഛൻ

 

മാഷ് കത്തെഴുതി കഴിഞ്ഞപ്പോൾ കത്തിൽ രണ്ടു തുള്ളി കണ്ണീർ വീണു.

കാർബൺ വച്ചു രണ്ടു കോപ്പി എഴുതിയിരുന്നു.

മുന്നുമക്കൾക്കും ഉള്ള കത്ത് കവറിലാക്കി. അഡ്രസ്സ് എഴുതി മേശയിൽ വെച്ചു.

നാളെ പോസ്റ്റു ചെയ്യണം..

ജനാലക്കപ്പുറം മഴ സങ്കട കടലു പോലെ പെയ്തു ... മുണ്ടിന്റ കോന്തല കൊണ്ട് കവിളിൽ പറ്റിയിരുന്ന കണ്ണീര് തുടച്ചു കളഞ്ഞു.

കട്ടിലിൽ കയറി ടീച്ചറെ കെട്ടിപിടിച്ചു കണ്ണടച്ചു കിടന്നപ്പോൾ മനസ്സിനു ഒരു ആശ്വാസം തോന്നി..

 

മക്കൾ...

 

നാളെ അവരെ വേദനിപ്പിക്കരുതേ ഇങ്ങനെ ഒരവസ്ഥ..

ടീച്ചറുടെ കൈത്തലം തന്റെ കവിളിനെ തഴുകുന്ന പോലെ..

കണ്ണുതുറന്നപ്പോൾ ടീച്ചർ ...

താൻ ഉറങ്ങിയില്ലേ..? 

മാഷ് കരയുമ്പോ എനിക്കു ഉറക്കം വര്യോ ....!

കൊച്ചുകുഞ്ഞിനെപ്പോലെ  മാഷ് ടീച്ചറെ കെട്ടിപ്പിടിച്ചു കരഞ്ഞു..

ടീച്ചറും കരഞ്ഞു. മാഷിനെ അണച്ചുപിടിച്ച്... കൊച്ചുകുഞ്ഞിനെപ്പോലെ...

 

English Summary: Arupathile Prenayam Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com