ADVERTISEMENT

ഫ്രണ്ട് ലൈൻ (കഥ) 

ഇടവപ്പാതിയിലെ തകർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി നഴ്സിങ് കോളേജിന്റെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോളാണ് അവരെ ഞാൻ  ആദ്യമായി കാണുന്നത്. കാറ്റിന്റെ  കുട പിടിച്ചു നഴ്സിങ് കോളേജിലേക്ക് അവർ നടന്നു വരുന്നത് ദൂരെ നിന്ന് എനിക്ക് കാണാമായിരുന്നു. മഴപ്പെരുക്കത്തിൽ കലങ്ങി മറിഞ്ഞു അവർക്കു ചുറ്റും ഒഴുകുന്ന  ചുവന്ന നീർചാലുകളെയും ആകാശം പിളർക്കുന്ന മിന്നലുകളെയും ഒന്നും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഭയപ്പെടുത്തുന്ന ആ കാലാവസ്ഥയിലും കോളേജിന്റെ മുൻപിൽ താൽക്കാലികമായി കെട്ടിയ സമര പന്തലിലെ കുട്ടികളോട് അവർ കുറച്ചു നേരം എന്തോ സംസാരിക്കുന്നതു കാണാമായിരുന്നു.

 

ഒരു സൈക്കോളജി ഗസ്റ്റ് അധ്യാപകനായ എന്റെ നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള അന്നത്തെ ക്ലാസ് കഴിഞ്ഞിരുന്നു. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിൽ എന്നെ ഏറെ അദ്ഭുതപ്പെടുത്തിയത് മൂന്നു വർഷം കൊണ്ട് നഴ്സിങ് കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്കുണ്ടാക്കുന്ന മാറ്റങ്ങളാണ്. പ്ലസ് ടു വിദ്യാർഥികളായി ഇന്നലെ കടന്നു വന്ന ഇവർ മൂന്ന് വർഷം കഴിയുമ്പോൾ എത്ര പ്രൊഫഷണൽ ആയിട്ടാണ് സ്വന്തം ജീവിതത്തെയും തനിക്കു ചുറ്റുമുള്ള ലോകത്തെയും നോക്കി കാണുന്നത്. 

 

നിലയ്ക്കാത്ത ഈ പെരുമഴയിൽ എങ്ങനെ പുറത്തേക്കിറങ്ങും എന്നാലോചിച്ചു സ്റ്റാഫ് റൂമിൽ പുറത്തെ മഴ വെറുതെ നോക്കിയിരിക്കുമ്പോളാണ് അവർ അങ്ങോട്ട് കടന്നു വരുന്നത്. വളരെ ചുരുങ്ങിയ വാക്കുകളിൽ അവരെ സ്വയം പരിചയപ്പെടുത്തി എന്ന് വരുത്തി അവർ നേരെ ക്ലാസ്റൂമിലെക്കു പോയി. സൈക്കോളജിയിൽ ഉയർന്ന റാങ്കോടെ ഗവേഷണം നടത്തുന്ന എന്നിലെ ആൺഅഹന്ത അങ്ങോട്ട് പരിചയപ്പെടുത്താനും  സമ്മതിച്ചില്ല. നഴ്സിങ് കോളേജിന്റെ പഴയ ഓട്ടിൻപുറത്തു തകർത്തു പെയ്യുന്ന മഴയുടെ രൗദ്രഭാവങ്ങൾ നോക്കി  ഒഎൻവിയുടെ കവിത ‘‘പെങ്ങൾ’’ കേട്ടുകൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു.  

 

‘‘ആര് നീയെന്നു ഞാൻ ചോദിച്ചതില്ല 

നിൻ പേര് പോലും നീ പറഞ്ഞുമില്ലെങ്കിലും 

എന്നോട് ചൊല്ലാതെ ചൊല്ലുന്നു,

നിൻ പെങ്ങളാണിവൾ ....’’

 

പിന്നീട് അവരെ കാണുന്നത് ഗസ്റ്റ് അധ്യാപകരായ ഞങ്ങൾ പതിവ് കാഴ്ചക്കാരായി മാത്രം നിൽക്കുന്ന കോളേജിന്റെ മാനേജ്മെൻറ് കൗൺസിലിന്റെ മീറ്റിങ്ങിൽ വച്ചാണ്. എല്ലവരെയും അതിശയിപ്പിച്ചു കൊണ്ട് അവർ മാസങ്ങളായി ശമ്പളം കിട്ടാതെ പഠിപ്പിക്കുന്ന ഗസ്റ്റ് അധ്യാപകർക്ക് വേണ്ടിയും സ്കോളർഷിപ് മുടങ്ങി കിടക്കുന്ന നഴ്സിങ് വിദ്യാർഥികളെക്കുറിച്ചും സംസാരിച്ചു തുടങ്ങി. വർഷങ്ങളായി കുത്തഴിഞ്ഞു കിടക്കുന്ന അവിടത്തെ രീതികളോടുള്ള അതൃപ്തിയും ഇനി ഇത് തുടർന്നാൽ മുന്നിലെ സമര പന്തലിലെ വിദ്യാർഥികളുടെ ആവശ്യങ്ങളിൽ ഇത് കൂടി കൂടി ചേർക്കും എന്നുള്ള ഒരു താക്കീതു കൂടി കൊടുത്താണ് ഇന്നലെ വന്ന അവർ അവരുടെ സംസാരം അവസാനിപ്പിച്ചത്. 

 

എന്റെ ക്ലാസ്സുകളിൽ യവന ചിന്തകനായ എപിക്റ്റ്റ്‌സിന്റെ ‘സ്റ്റോയിക് ഫിലോസോഫി’യെക്കുറിച്ചും, ‘‘നിങ്ങൾക്ക്  എന്ത് സംഭവിക്കുന്നു എന്നുള്ളതല്ല, നിങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ് പ്രധാനം’’ എന്ന് പറഞ്ഞു വിദ്യാർഥികൾക്കു കൗൺസിലിങ് കൊടുക്കുന്ന ഞാൻ നിശബ്ദനായി  ഇരിക്കുമ്പോൾ ആണ് അവർ തുലാവർഷത്തിലെ പെരുമഴ പോലെ പെയ്തിറങ്ങിയത്.

പിന്നീട് അദൃശ്യമായ ഒരു ചുവന്ന രാഖി ചരട് പോലെ അവർ എന്റെ അടുത്ത സുഹൃത്ത് ആയിത്തീരുമ്പോളേക്കും ആ വഴിയമ്പലത്തിൽ അതിഥികളായി എത്തിയ ഞങ്ങളുടെ തടവുകാലം കഴിഞ്ഞിരുന്നു. 

 

വളരെ കുറെ നാളുകൾക്കു ശേഷം അവരെ അപ്രതീക്ഷിതമായി കാണുമ്പോൾ  കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന ആ വാർഡിൽ അവരുടെ സങ്കടങ്ങളെ അവർ ശക്തമായി  പ്രതിരോധിക്കുവാൻ ശ്രമിക്കുന്നത് പോലെ തോന്നി.  ഒരു നേർത്ത രക്ഷ പോലെ കിടക്കുന്ന കൊന്തയും പാതിമുറിഞ്ഞ വാക്കുകളും ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന അവരുടെ കണ്ണുകളിൽ നിന്ന് പാതിവഴിയിൽ നിലച്ചുപോകുന്ന കുരുന്നുജീവന്റെ നിലവിളികളെ കുറിച്ച് എന്നെ ഓർമിപ്പിച്ചു. ഉണ്ണിപ്പൂക്കളും കണ്ണിമാങ്ങകളും നിനച്ചിരിക്കാതെ  തല്ലിക്കൊഴിക്കുന്ന  മകര മാസത്തിലെ മഴ  അവരുടെ കണ്ണുകളിൽ  നിറയുകയായിരുന്നു.  

 

എനിക്കും ഒന്നും  പറയുവാൻ കഴിഞ്ഞില്ല. പാതിവഴിയിൽ നിലച്ചു പോയ എന്റെ ഗവേഷണവും തോൽവികളിൽ നിന്ന് തോൽവികളിലേക്ക് മാത്രം നടന്നു നീങ്ങുന്ന ഞാൻ ഒരു ഭീരുവിനെ പോലെ എല്ലാവരിൽ നിന്നും ഒളിച്ചോടി തന്നിലേക്ക് തന്നെ ഉൾവലിഞ്ഞ മഴ നനഞ്ഞ ഒരു പക്ഷികുഞ്ഞായി എന്നോ മാറിയിരുന്നു. പക്ഷേ  അവരുടെ ആ സങ്കടകടലിലും എന്നെ അദ്ഭുതപ്പെടുത്തികൊണ്ട് ഞാൻ പോലും മറന്നു പോയ എന്റെ ജന്മദിനത്തിൽ  അവർ എനിക്ക് ഒരു ആശംസാ കാർഡും ‘‘മുൻപേ പറക്കുന്ന പക്ഷികൾ’’ എന്ന നോവലും  സമ്മാനമായി അയച്ചു തന്നു.  “ആരേയും കീഴടക്കാതേയും ആരോടും പകയില്ലാതേയും, താഴ്‌വരകളിലേക്ക്‌  വഴി കാണിച്ചു മുൻപേ നടന്നു പോയവരുടെ” നിറഞ്ഞ മനസ്സുകളെ കുറിച്ചും നമ്മൾ സ്വപ്നം കാണേണ്ട പുതിയ ആകാശങ്ങളെ കുറിച്ചും അവർ എന്നെ ഓർമപ്പെടുത്തിയിരുന്നു. 

 

ലോക മാനസിക ആരോഗ്യ ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ദേശീയ കോൺഫറൻസിൽ കോവിഡ് കാലത്തിലെ മാനസിക ആരോഗ്യം കൈവരിക്കാൻ ചെയ്യേണ്ട പ്രായോഗികമായ നിർദേശങ്ങൾ എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുന്നതിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് അവരെ കുറിച്ച് ഇപ്പോൾ ഞാൻ ഓർത്തത്. കുറച്ചു നാളുകൾക്കു മുൻപ് അവർ ഒത്തിരി സ്വപ്നം കണ്ടിരുന്ന ഇറ്റലിയിലെ ഫ്ലോറൻസ് എന്ന നഗരത്തിൽ നഴ്സിങ് ജോലിയിൽ ചേർന്നു അവർ എന്നോട് ഫോണിൽ പറയുമ്പോൾ വളരെ സന്തോഷവതിയായിരുന്നു. അപ്രതീക്ഷിതമായി കോവിഡ് എല്ലാം മാറ്റിയെഴുതിയപ്പോൾ പോലും അവർ എങ്ങനെ ആത്മധൈര്യത്തോടെ മാനസിക സമ്മർദ്ദം കൈകാര്യം ചെയ്തു എന്നുള്ളത് എന്നെ ഏറെ അദ്ഭുതപെടുത്തിയിരുന്നു.

 

ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിൽ അവരുടെ പ്രായോഗികമായ പല നിലപാടുകളും എന്നെ ജീവിതത്തിൽ പലപ്പോഴും അതിശയിപ്പിച്ചിരുന്നു എന്ന് ഞാൻ അവരോടു പറയുമ്പോൾ അവർ പൊന്നുരുക്കുന്ന കന്നി മാസത്തിലെ വെയിലിൽ പൊള്ളുന്ന നെറ്റിയിലേക്ക് പെയ്തിറങ്ങിയ മഴ പോലെ  അവർ പതിയെ പറഞ്ഞുതുടങ്ങി.  

 

‘‘തുടക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്നും എങ്ങനെ നേരിടണമെന്നും ആർക്കും അറിയുമായിരുന്നില്ല. യൂറോപ്പിൽ കോവിഡ്  കനൽ മഴയായി ആദ്യം ഇവിടെ ഇറ്റലിയിൽ പെയ്തിറങ്ങുമ്പോൾ ഒരു ശ്മശാനത്തിന്റെ ഭയപ്പെടുത്തുന്ന നിശ്ശബ്ദതയിലേക്കാണ് ഓരോ ഡ്യൂട്ടിയും തുടങ്ങിയത്. പക്ഷേ മുൻനിരയിൽ നിന്ന് ഞങ്ങൾ പിന്മാറിയാൽ സംഭവിക്കാവുന്ന ദുരന്തങ്ങളുടെ ആഴവും അങ്ങ് നാട്ടിൽ എല്ലാവരും സുരക്ഷരാണെന്ന ഒരു ഉറപ്പും  മാത്രമാണ് ഒരു വെളുത്ത വസ്ത്രത്തിന്റെ മാത്രം നേർത്ത രക്ഷയിൽ മാസ്ക് പോലും ഇല്ലാതിരുന്ന ആ കാലത്തിൽ മനസ്സ് നിറയെ പ്രാർത്ഥനകളുമായി ഞങ്ങൾ മുൻപേ  നടന്നത്’’

 

‘‘നിങ്ങൾക്ക് ഇത് എങ്ങനെ കഴിയുന്നു?’’

 

‘‘ഞങ്ങൾ താമസിക്കുന്ന ഫ്ലോറൻസിൽ നിന്നും കുറച്ചകലെ ആണ് ലോക മഹാദ്ഭുതങ്ങളിൽ ഒന്നായ പിസായിലെ ചരിഞ്ഞ ഗോപുരം. നീ കണ്ടിട്ടുണ്ടോ? ഒരു പക്ഷേ നീ വായിച്ചിരിക്കും.  പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി തുടങ്ങിയപ്പോൾ തന്നെ ചരിവ് അനുഭവപ്പെട്ടു തുടങ്ങിയ ഈ ഗോപുരം അതിശക്തമായ നാലു ഭൂചലങ്ങളെയും  അതി ജീവിച്ചു കൊണ്ട് ഇപ്പോഴും ശാസ്ത്രത്തെ അത്ഭുതപ്പെടുത്തി കൊണ്ട് ഇന്നും അങ്ങനെ തന്നെ ശക്തമായി നിലനിൽക്കുന്നതിന്റെ കാരണം അത് പണിതുയർത്തപ്പെട്ട മണ്ണിന്റെ മൃദുലതയിലാണ്. ഗോപുരത്തിന്റെ ഉയരവും കാഠിന്യവും അടിത്തറ മണ്ണിന്റെ മൃദുത്വവും കൂടി ചേരുമ്പോൾ  ഒരു പ്രത്യേക  മണ്ണ്-ഘടന ചലനാത്മക പ്രതിപ്രവർത്തനത്തിലൂടെ ഭൂകമ്പത്തിന്റെ ഭൂചലനവുമായി ഗോപുരം പ്രതിധ്വനിക്കാത്ത വിധത്തിൽ ഘടനയുടെ വൈബ്രേഷൻ സവിശേഷതകളെ സ്വാധീനിച്ചു ദൃഢമായി നിലക്കൊള്ളുവാൻ കഴിയുന്നു. 

 

ഗോപുരത്തിനെ തകർച്ചയുടെ വക്കിലെത്തിച്ചതുമായ അതേ മൃദുവായ മണ്ണ് അതിനെ അതിജീവിക്കാൻ സഹായിക്കുന്നു എന്ന് പറയുന്നതു പോലെ ഞങ്ങളുടെ ജീവിത സാഹചര്യങ്ങളെ, നഴ്സിങ് പരിശീലനങ്ങളെ അതിജീവനത്തിന്റെ വിശുദ്ധ സങ്കീർത്തനങ്ങളായി മാറ്റുവാൻ വിളിക്കപ്പെട്ടവരാണ് ഞങ്ങൾ !”. 

 

‘‘കൊടും കാറ്റിൽ വൻ വൃക്ഷങ്ങൾ കടപുഴകി വീഴുമ്പോൾ ചെറിയ ചെടികൾ കാറ്റിനെ അതിജീവിക്കുന്നു എന്ന് നമ്മൾ പഠിച്ചിട്ടില്ലേ?”. അവരുടെ വാക്കുകൾക്ക് വല്ലാത്ത ഒരു കരുത്തായിരുന്നു. 

വൃശ്ചിക മാസത്തിലെ മഴ ശാന്തമായി  തൂവി പെയ്യുന്നുണ്ടായിരുന്നതിനിടയിൽ  ഒരു പ്രാർത്ഥന ചെല്ലുന്നത് പോലെ  അവർ പറയുന്നത് എനിക്ക് കേൾക്കുവാൻ കഴിയുമായിരുന്നു. ‘‘നിന്റെ പക്കല്‍ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു (സങ്കീർത്തനങ്ങൾ 36-9)’’

  

വിളക്ക് കൊളുത്തി നീങ്ങുന്നവരെ കുറിച്ച് എവിടെയോ വായിച്ചതു ഞാൻ ഓർത്തു. ഞാൻ നോക്കുമ്പോൾ ആ തെരുവിലാകെ ഇരുട്ടായിരുന്നു. അവർ മുൻപേ ദൂരേക്ക് നടന്നു പോകുമ്പോൾ അവരുടെ ദീപ്തമായ ചിത്രം മങ്ങുകയും അവർ കടന്നു പോകുന്ന വഴിയിൽ പ്രകാശം പടരുന്നുണ്ടായിരുന്നു.

 

English Summary : Friend Line,  Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com