ADVERTISEMENT

യാത്രയ്ക്കായുള്ള കാത്തിരിപ്പ് (കഥ) 

 

ചിലത് സ്ഥിരം  ആയി കഴിഞ്ഞാൽ പിന്നെ അതൊരു ശീലം ആണ്. സാവിത്രിയമ്മക്ക് താൻ എന്നും കഴിക്കുന്ന പ്ലേറ്റിനോടും മുറുക്കിത്തുപ്പുന്ന കോളാമ്പിയോടും ഒക്കെ വല്ലാത്ത ഒരു അടുപ്പം ആണ്. ആ പാത്രത്തിൽ കഴിച്ചില്ലെങ്കിൽ തന്നെ സാവിത്രിയമ്മക്ക് വല്ലാത്ത ഒരു അങ്കലാപ്പാണ്. മുടി ചീകുന്ന ചീർപ്പിനോടും കണ്ണ് തുറപ്പിക്കുന്ന കണ്ണാടിയോടും ഒക്കെയുണ്ട് സാവിത്രിയമ്മക്ക് ഈ പ്രിയം. ഈ സാധനങ്ങൾ ഒക്കെ ഇരിക്കുന്നിടത്തു നിന്നും ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പോലും ഉള്ളിലെ  നീറ്റൽ വാതോരാതെയുള്ള വാക്കുകളിൽ നന്നായി അറിയാം.

 

ഈ തൊണ്ണൂറ്റിനാലാം വയസ്സിലും മിടുക്കിയാണ് സാവിത്രിയമ്മ. സ്വന്തം കാര്യങ്ങൾ മറ്റാരെക്കൊണ്ടും ചെയ്യിപ്പിക്കുന്നതിഷ്ടമല്ല. അങ്ങനെ ചെയ്യിപ്പിക്കാറും ഇല്ല. ഈ പ്രായത്തിലും അതിരാവിലെ എഴുന്നേറ്റ് പ്രാർഥിക്കുന്നത് എനിക്ക് ഇടയ്ക്ക് കൗതുകം ആയി തോന്നാറുണ്ട്.

 

പ്രഭാതപ്രാതൽ സ്ഥിരം ഇരിപ്പിടത്തിലിരുന്നു, സ്ഥിരം പ്ലേറ്റിൽ, സ്ഥിരം സമയത്ത് കഴിച്ചതിനുശേഷം റൂമിലെ തടി മേശയ്ക്ക് മുകളിലെ വർണശബളമായ നാലഞ്ചു ഗുളികകൾ വായിലേക്കിടും. അതും ഒരു ശീലം ആണ്. പിന്നെ ഉമ്മറത്തു വന്ന് അയഞ്ഞ കണ്ണാടി മൂക്കിൽ ഉറപ്പിച്ചതിനു ശേഷം പേപ്പർ വായന തുടങ്ങും. കുനിഞ്ഞിരുന്നു പേപ്പറിലോട്ട് കുമ്പിട്ട് ഒരു വായന. എസ്എസ്എൽസിക്ക് വേണ്ടി പഠിക്കുന്ന കുട്ടികൾ പോലും ഇങ്ങനെ ശ്രദ്ധയോടെ വായിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ചരമക്കോളത്തിലാണ് ഏറ്റവും വല്യശ്രദ്ധ. കൂ‌ടെ ഉണ്ടായിരുന്നവർ ആരേലും പോയോ എന്നറിയാനാണ് ഈ നോട്ടം. അങ്ങനെ ആരെങ്കിലും മരിച്ചവാർത്ത പത്രത്തിൽ കണ്ടാൽപ്പിന്നെ ചരിത്ര ക്ലാസ് വീട്ടിൽ ആരംഭിക്കുകയായി. സഹികെട്ടു അമ്മയുടെ ഈ രാമായണം വായന ഒന്ന് നിർത്തുവോ എന്ന് മുകുന്ദനമ്മാവൻ ചോദിക്കുന്നത് ഞാൻ  കേട്ടിട്ടുണ്ട്.

 

ദിവസങ്ങൾ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. കൂ‌ടെ പഠിച്ചിരുന്നവരുടെ ഒക്കെ മരണവാർത്ത വായിക്കുമ്പോൾ ആ മനസിലെ ആധിയും വേദനയും ഞാൻ കണ്ടിട്ടുണ്ട്. വൈകിയില്ല, നിനച്ചിരുന്ന ആ വാർത്ത സാവിത്രിയമ്മ നാട്ടുകാർക്ക് നൽകി. രഥത്തിൽ ഏറി വന്നവന്റെ കൂ‌ടെ വർണഗുളികകൾ ഒക്കെ ബാക്കിവച്ച് എല്ലാം ചിട്ടയോടെ അടുക്കിപെറുക്കി വച്ചിട്ട് സാവിത്രിയമ്മ പോയി. മറ്റെവിടെയോ ഒരിടത്ത് മറ്റൊരു കൂട്ടുകാരി സാവിത്രിയമ്മയുടെ വിയോഗം പത്രത്തിൽ വായിച്ച് തന്റെ ഊഴത്തിനായി കാത്തിരിക്കുന്നുണ്ടാവും.

 

English Summary : Yathrakkayulla Kathiruppu, Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com