ADVERTISEMENT

ചായം തേച്ച വില്ലൻ വേഷങ്ങൾ (കഥ) 

 

നേരം ഏറെയായി. ഇരുട്ടിനു നല്ല ഘനം. അമാവാസി അടുക്കുന്നു. മാനത്ത് മേഘങ്ങൾ  മൂടിയതുകൊണ്ടു ചന്ദ്രനെ കാണാൻ കഴിയുന്നില്ല. ചാറ്റൽ മഴയുണ്ട്. കലാസമിതിയുടെ വാൻ റോഡ് സൈഡിൽ നിർത്തി. ബാക്കിയുള്ളവരോട് യാത്ര പറഞ്ഞു ഗംഗാധരൻ അവിടെ ഇറങ്ങി. വീട് വരെ വണ്ടി എത്തില്ല. അതുകൊണ്ട്  വഴിയിൽ ഇറങ്ങി നടക്കുകയാണ് അയാളുടെ പതിവ്. ഈ പാടം കടന്ന്  ചെറിയ റോഡിൽ കയറി പിന്നെ വലത്തേക്ക് ഒരു രണ്ടു ഫർലോങ് നടന്നാൽ വീട് കാണാം. ഇടയ്ക്ക് ഒരു ചെറിയ തോടും മുറിച്ചു കടക്കണം. അവിടെ കലുങ്കിൽ കുറച്ചു നേരം ഇരിക്കുകയും ആവാം. ആ നടപ്പ് ഒരു സുഖമാണ്. അതുകൊണ്ടു അയാൾ എന്നും ഇവിടെയാണ് വണ്ടിയിറങ്ങുക.

 

ഗംഗാധരനെ ഇറക്കി വാൻ യാത്രയായി. അയാൾ വണ്ടി ഇരുളിലേക്ക് മറയുന്നത്  നോക്കി നിന്നു. ഓടി അകലുന്ന വണ്ടിയുടെ വെളിച്ചം ഇരുട്ടിനു വഴി മാറുന്നു. ഗംഗാധരൻ തോളിൽ ചെറിയ സഞ്ചിയും തൂക്കി മുണ്ടു മടക്കിക്കുത്തി പതിയെ പാടവരമ്പത്തേക്കിറങ്ങി. വരമ്പിലെ ചെളിയിൽ വീഴാതെ അയാൾ  മുന്നോട്ടു നടന്നു. മഴ ഇപ്പോഴും ചാറുന്നുണ്ട്. ഇരുട്ടും മഴയും അയാൾക്ക് ശീലമാണ്. തണുപ്പുണ്ട്. അയാൾ ജുബ്ബയുടെ കീശയിൽ നിന്നു  ഒരു ബീഡി എടുത്ത് ചുണ്ടത്തു വെച്ചു. കുപ്പായത്തിന്റെ ഇടതുകൈ മടക്കിൽ വെച്ച ഒരു തീപ്പെട്ടി എടുത്തു മഴയിൽ നനയാതെ കൈ ചേർത്തുപിടിച്ചു കൊള്ളി ഉരച്ചു. ആ കൊള്ളിയുടെ അരണ്ട വെളിച്ചത്തിൽ ഭയപ്പെടുത്തുന്ന ആ മുഖം തെളിഞ്ഞു വന്നു. ചുവപ്പും വെളുപ്പും പച്ചയും കലർന്ന ചായക്കൂട്ടുകൾ ആ മുഖത്തെ ഭീകരമാക്കിയിരുന്നു. കളി തീരാൻ നേരം വൈകിയതിനാൽ വേഷം മുഴുവൻ അഴിക്കാൻ കഴിഞ്ഞില്ല. മുഖത്ത് കത്തി വേഷത്തിന്റെ ചായക്കൂട്ട് ഇപ്പോഴുമുണ്ട്.

 

കീചകവധം ആട്ടക്കഥ കാണാൻ ധാരാളം പേരുണ്ടായിരുന്നു. വിദേശികളും ഉണ്ടായിരുന്നു. അവർക്കാണിപ്പോൾ മലയാളികളേക്കാൾ കഥകളി പഥ്യം. അവർ നിർത്താതെ കൈയടിക്കുന്നുണ്ടായിരുന്നു. ഇതു എത്രാമത്തെ സദസ്സിലാണ് കീചകനായ തന്റെ വീഴ്ച്ച കണ്ട് ജനം കൈയടിക്കുന്നത്?? . അറിയില്ല.!! ഒന്ന് മാത്രം അറിയാം എല്ലാവരും തന്റെ മരണം ആഗ്രഹിക്കുന്നു. സദസ്സുകളുടെ  എണ്ണം മറന്നിട്ട്  കാലം കുറേയായി. പന്ത്രണ്ടു വർഷം കഴിഞ്ഞു താൻ അരങ്ങിലെ കീചകനായി ജീവിക്കാൻ തുടങ്ങിയിട്ട്. ഒരാൾ പോലും ഇതുവരെ കീചകന്റെ വിജയം ആഗ്രഹിച്ചിട്ടില്ല !. ആരും വില്ലൻ ജയിക്കാൻ ആഗ്രഹിക്കില്ലല്ലോ!!

 

ഇരുട്ടിനെ ഭഞ്ജിക്കാൻ അയാളുടെ കൈയിൽ ഇടയ്ക്ക് മിന്നുന്ന ടോർച്ചും, ബീഡിയും മാത്രം. ദൂരെ നിന്ന് നോക്കിയാൽ ഇരുട്ടിൽ പുക വിട്ടുകൊണ്ട് പാടവരമ്പത്തു കൂടി ഭയപ്പെടുത്തുന്ന ഒരു മാടൻ വരുന്നത് പോലെ തോന്നും. ചാറ്റൽ മഴയും, തവളകളുടെയും, ചീവിടുകളുടെയും കരച്ചിലും ആ ഭയത്തിനു ആക്കം കൂട്ടി. ഇടയ്ക്ക് ബീഡിയുടേയും, പുകയുടേയും വെളിച്ചത്തിൽ കാണുന്ന അയാളുടെ ചായം തേച്ച ഭയാനകമായ മുഖം ഭീകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. അന്തരീക്ഷം മാത്രമല്ല അയാളുടെ മനസ്സും കലുഷിതമായിരുന്നു. ഇരുട്ടിന്റെ മറവിലൂടെ വന്നു ഭയം വിതക്കുന്ന  മാടനെ പോലെയുള്ള അനേകം വില്ലന്മാരെ അരങ്ങിൽ ആടിത്തിമർത്തു ശരീരം ക്ഷീണച്ചിരിക്കുന്നു. ഈ ബീഡിയുടെ കനൽ പോലെ ഈ ശരീരം വേഗം എരിഞ്ഞടങ്ങുമോ എന്നയാൾ ഭയപ്പെട്ടു. ഡോക്ടറും അതുതന്നെയല്ലേ ഓരോ തവണ കാണുമ്പോഴും പറയാറുള്ളത്. കാർന്നു തിന്നുന്ന രോഗത്തിനേക്കാൾ വലിയ വില്ലനാണോ താൻ? 

 

ഗംഗാധരൻ തന്റെ നടപ്പിന്റെ വേഗം കൂട്ടി. അയാൾ പാടത്തിന്റെ അക്കരെ എത്താറായി. തണുത്ത കാറ്റ് വീശുന്നു. കത്തി തീരാറായ ബീഡി അയാൾ രണ്ടു മൂന്നാവർത്തി ആഞ്ഞു വലിച്ചു. ഉള്ളിലേയ്ക്ക് പോയ പുക രൂപാന്തരം പ്രാപിച്ചു പുറത്തേക്കു വന്നു. ചായം തേച്ച മുഖം പുകപടലങ്ങൾ കൊണ്ട് മൂടി. എരിഞ്ഞടങ്ങിയ ബീഡിക്കുറ്റി പാടത്തേക്കു വലിച്ചെറിഞ്ഞിട്ടയാൾ വരമ്പത്തു നിന്ന് റോഡിലേക്ക് കയറി. ഗ്രാവൽ ഇട്ട ചെറിയ വഴി. അങ്ങ് ദൂരെ തോടിനു കുറുകേ റോഡ് പോകുന്നത്  കാണാം. അവിടെ കലിങ്കിന്റെ അരികിലുള്ള പോസ്റ്റിൽ മഴയിൽ കുതിർന്നു നിന്ന് ഒരു ചെറിയ ബൾബ് എരിയുന്നു. ഗംഗാധരൻ ആ വെളിച്ചം ലക്ഷ്യമാക്കി നടന്നു. ആടി തിമിർത്ത കാലുകൾ കുഴയുന്നുണ്ടോ? ഇരുളിന്റെ ഘനവും,  മനസ്സിന്റെ വേദനയും അയാളുടെ കാലുകൾക്ക് ഭാരം കൂട്ടുന്നുണ്ടോ? 

 

കുഴഞ്ഞു തുടങ്ങിയ കാലുമായി അയാൾ തോടിന്റെ അടുത്തെത്തി; അവിടെയുള്ള കലിങ്കിൽ  കയറി ഇരുന്നു. തന്റെ വേദനകളെയും അനുഭവങ്ങളെയും വിരഹത്തെയും സ്നേഹത്തെയും ആഗ്രഹങ്ങളെയും ആനന്ദത്തെയും അങ്ങനെ പലതിനേയും എത്രയോ കാലമായി ഒഴുക്കി കൊണ്ട് പോകുന്ന തോടാണ് അടിയിൽ എന്ന് അയാൾ തിരിച്ചറിഞ്ഞു. ആ തണുത്ത മഴയിലും, ആ ചിന്തകൾ  അയാൾക്ക് ചെറിയ ചൂടു പകർന്നു. അയാൾ തോളിലെ സഞ്ചി തുറന്ന് ഒരു ക്വാട്ടർ കുപ്പി ബ്രാണ്ടി പുറത്തെടുത്തു ഒന്ന് കുലുക്കി. അതിന്റെ അടപ്പു തുറന്നു. ഇടതു കൈയിൽ കുപ്പിയെടുത്തു മൂക്കിലേക്ക് അടുപ്പിച്ചു ഒന്ന് മണത്തു. വലതു കൈയിലെ വിരൽ തൊട്ട് മൂന്ന് തുള്ളി പിതൃക്കൾക്കായി പുറത്തേക്കു ഇറ്റിച്ചു. കുപ്പിയിൽ നിന്നും ഒരു കവിൾ ഒറ്റവലിക്ക് കുടിച്ചു. ചുവന്ന ചായം തേച്ച ചുണ്ടിൽ വലതു കൈപ്പത്തികൊണ്ട് അമർത്തി തുടച്ചു. മുഖത്തെ ചായം പടർന്നത് അയാൾ അറിഞ്ഞില്ല. പക്ഷേ മനസ്സിലും ശരീരത്തിലും തണുപ്പിനെ വെല്ലുന്ന ഉന്മാദം വന്നു നിറയുന്നതു അയാൾ അറിഞ്ഞു. ‘കീചകന്റെ ആത്മാവ് തന്നിലേക്ക് വരുന്നത് അയാൾ അറിഞ്ഞു’

 

എന്താ, വിരാട രാജ്യത്തിന്റെ സർവ്വ സൈന്യാധിപനായ കീചകൻ യോഗ്യനല്ലേ? ഇതിലും വലിയ എന്ത് യോഗ്യതയാണ് ഒരു ദാസി പെണ്ണിന് തന്നെ സ്നേഹിക്കാൻ വേണ്ടത്? എന്നിട്ടും അവൾ വെറും ഒരു പാചകക്കാരന്റെ പുറകേ പോയി. അയാൾ രണ്ടാം പാണ്ഡവനായ ഭീമസേനനാണത്രെ.  ഭീമസേനനാണെങ്കിലും അവന് നായകനാവാൻ എന്ത് യോഗ്യതയാണുള്ളത്? പ്രച്ഛന്ന വേഷധാരിയായി നിനച്ചിരിക്കാത്ത മാത്രയിൽ വന്ന് ആക്രമിച്ചു കൊല്ലുന്നയാൾ നായകനല്ല,  ഭീരുവാണ്!!. എന്നിട്ടും ആളുകൾ അവനു വേണ്ടി കയ്യടിക്കുന്നു. കീചകന്റെ മരണം ആഘോഷിക്കുന്നു. വില്ലനായ കീചകന്റെ മരണം ആഘോഷിക്കപ്പെടേണ്ടത് തന്നെ!.

 

ഗംഗാധരൻ തിരശ്ശീലയ്ക്കു പിന്നിലെ പോലെ അലറി വിളിച്ചു. കുപ്പിയെടുത്തു അയാൾ ഒരു കവിൾ മദ്യം കൂടി കുടിച്ചു. സമിതിയിലെ ഏറ്റവും നല്ല ആട്ടക്കാരൻ അങ്ങനെ വിശേഷണങ്ങൾ എന്തെല്ലാം.  ഗംഗാധരനാശാനെ പോലെ ഭാവങ്ങൾ വിടരുന്ന മുഖങ്ങൾ വേറെയില്ല എന്നാണ് പുതിയ പിള്ളേർ പറയുന്നത്.  പക്ഷേ എന്നും കത്തി വേഷങ്ങൾ; കീചകൻ, രാവണൻ, കംസൻ, പൂതന, ദുര്യോധനൻ...വില്ലന്മാരുടെ നിരകൾ നീണ്ടു പോകുന്നു. നായകന്റെ യശസ്സ് ഉയർത്താൻ ജനിച്ച വില്ലന്മാർ. നായകന്റെ കാലിന്റെ അടിയിൽ കിടന്നു പിടഞ്ഞു മരിക്കാൻ വിധിക്കപ്പെട്ട കോമരങ്ങൾ. ആ മരണത്തിനു കാതോർത്തു ഒരു സദസ്സ് മുഴുവൻ കാത്തിരിക്കുന്നു. ഗംഗാധരൻ അരങ്ങത്തു  എന്നും വില്ലൻ തന്നെ. മരണം ആടിത്തിമിർക്കുന്ന കഥകളി കോമരം. തന്റെ മരണം കൈയടിച്ചു ആഘോഷിക്കുന്ന ജനത്തിന് വേണ്ടി മരിക്കാൻ വിധിക്കപ്പെട്ടവൻ.

 

റോഡിന്റെ നടുവിൽ നിന്ന് അയാൾ വില്ലനെപ്പോലെ വീണ്ടും അലറി വിളിച്ചു. നായകനെ പോലെ പൊട്ടിച്ചിരിച്ചു. മനുഷ്യനെ പോലെ മഴയിൽ മുഖം പൊത്തി പിടിച്ചു കരഞ്ഞു. ചാറ്റൽ മഴയിൽ അയാളുടെ മുഖത്തെ ചായം ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു. അരണ്ട വഴിവിളക്കിന്റെ വെളിച്ചത്തിൽ അയാൾ താഴെ തോട്ടിലേക്ക് എത്തി നോക്കി. പച്ചയും ചുവപ്പും വെള്ളയും കറുപ്പും  നിറങ്ങൾ കൂടിക്കലർന്ന തന്റെ മുഖം കണ്ടയാൾ ഭയന്നു!!. എങ്കിലും അയാൾ ഒന്നുകൂടെ തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കടും നിറങ്ങളുടെ ചായക്കൂട്ടിൽ കീചകൻ പുനർജനിക്കുകയാണോ?  മഴ കനത്തു. അയാളുടെ മുഖത്തെ കടുത്ത ചായക്കൂട്ടം ആ മഴവെള്ളത്തിൽ ഒലിച്ചു താഴെ തോട്ടിലെ വെള്ളത്തിൽ കലർന്നു തുടങ്ങിയിരുന്നു. തന്റെയുള്ളിലെ വില്ലനായ കീചകൻ ആ തോട്ടിലെ വെള്ളത്തിലൂടെ ഒഴുകി പോകുന്നത് ഗംഗാധരൻ നോക്കി നിന്നു.

 

English Summary : Chayam Thecha Villanmar, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com