ADVERTISEMENT

വന്ദേ മുകുന്ദ ഹരേ (കഥ)

 

ഒരു തോളിൽ ഭാണ്ഡവും മറ്റേതിൽ ഇടയ്ക്കയും ആയി അയാൾ പടി ഇറങ്ങി കിഴക്കോട്ടു നടന്നു. കണ്ണ് കലങ്ങിയിരുന്നു. നടത്തത്തിനു വേഗത കൂടുതൽ ആണ്. ധൃതി പിടിച്ചു എങ്ങോട്ടാണ് എന്ന് സൗദാമിനി ചോദിച്ചിട്ടും അയാൾ ഒന്നും പറഞ്ഞില്ല. അവർ വീടിന്റെ ഉമ്മറത്തുള്ള തൂണിൽ ചാരി നിന്നു. അവരുടെ സാരിത്തുമ്പിൽ പിടിച്ചു ഹരിയും. അല്ല ഹരിനാരായണൻ! അങ്ങനെ വിളിക്കണം എന്നാണ് ശങ്കരൻ എപ്പോഴും പറയാറ്.

 

ഇനിയും അര ഫർലോങ്ങ് കിഴക്കോട്ടു നടക്കണം ഗുരുവായൂർ പടിഞ്ഞാറേ നടയിൽ എത്താൻ. നാവാമുകുന്ദനെ കാണാതെ പോകാൻ കഴിയില്ല. മനസുരുകി പ്രാർഥിക്കണം. ക്ഷേത്രത്തിൽ  എത്തിയപ്പോഴേക്കും ഉച്ചപൂജക്ക്‌ നടയടച്ചിരുന്നു. അടഞ്ഞ ശ്രീകോവിലിനു മുൻപിൽ അയാൾ നിലയുറപ്പിച്ചു. അയാൾ ഭാണ്ഡം താഴെ ഇറക്കി വച്ചു. ഇടയ്ക്ക ഇടത്തെ തോളിൽ തൂക്കി; വിറയ്ക്കുന്ന കൈയിൽ കോലെടുത്തു ഇടയ്ക്കയിൽ പതിയെ കൊട്ടി അഷ്ടപദി പാടാൻ തുടങ്ങി. കണ്ണിൽ നിന്നും ചുടുകണ്ണീർ, ഒട്ടിയ കവിളിലൂടെ താഴേക്ക് ഒഴുകുന്നു.

 

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ

സന്താപഹാരി മുരാരേ........

 

പാട്ടു പാടി മുഴുവിപ്പിക്കുന്നതിനു മുൻപേ വാദ്യമേളങ്ങളുടെ ഒച്ച ഉയർന്നു. ശ്രീകോവിലിനുള്ളിൽ  നിന്നും മണിനാദം നിർത്താതെ മുഴങ്ങി. നട തുറന്നു. തുളസിമാല അണിഞ്ഞ കൃഷ്ണ വിഗ്രഹം അതിന്റെ ചൈതന്യം പരത്തി. മനസ്സു നിറഞ്ഞു ഭക്തജനങ്ങൾ കൈ കൂപ്പി ഭജിച്ചു.

 

അമ്പലത്തിന്റെ കിഴക്കേ ഗോപുരം വഴി പുറത്തേക്കു ഇറങ്ങാൻ തുടങ്ങവേ പിറകിൽ നിന്നു ഒരു വിളി.

 

‘‘ശങ്കരാ ഒന്ന് നിൽക്കുക. താൻ നിന്നു തേങ്ങുന്നത് ഞാൻ കണ്ടില്ല എന്ന്  വിചാരിക്കേണ്ട. എല്ലാം ശരിയാവും! അയാൾ തിരിഞ്ഞു നിന്നു വണങ്ങി. 

 

‘‘അവിടുന്നിന് അറിയാമല്ലോ, ഞങ്ങൾ തമ്മിൽ ഉള്ള അടുപ്പം. അങ്ങും കുചേലനും പോലെ ആയിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം. ഞാൻ ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല, എന്നാൽ അയാൾ എല്ലാം അറിഞ്ഞു ചെയ്തിരുന്നു എനിക്കും എന്റെ അമ്മയ്ക്കും’’ അയാൾ കണ്ണീർ തുടച്ചു. 

 

‘‘ ഇപ്പോൾ ഈ കിടപ്പു എനിക്ക് സഹിക്കാൻ കഴിയുന്നില്ല. പക്ഷേ പോണം. പോവാതെ തരമില്ല’’ അയാൾ കൈകൂപ്പി പ്രാർഥിച്ചു.

 

‘‘ഇനി അങ്ങ് തന്നെ തുണ’’  

 

ശങ്കരാ നീ ധൈര്യമായി പോകൂ.. എല്ലാം ശരിയാവും.. പക്ഷേ ഒന്നോർക്കുക; കർമഫലം അനുഭവിക്കാതെ തരമില്ല...അത് നീയായാലും, ഞാനായാലും, നിന്റെ സുഹൃത്തായാലും’’

 

ഏഴിലക്കര അമ്പലത്തിനു മുൻപിലുള്ള സ്റ്റാൻഡിൽ ബസ്സ് എത്തിയപ്പോഴേക്കും നേരം ഇരുട്ടി. അമ്പലത്തിനുള്ളിലേക്കു നോക്കി അയാൾ പ്രാർഥിച്ചു.

 

‘‘മൃത്യുഞ്ജയാ ആയുസ്സ് കൊടുക്കണേ’’ ഇരുട്ടിലൂടെ നടന്നു പടിപ്പുര എത്തിയപ്പോഴേക്കും വീട് കാണാറായി. ആ രാത്രിയിൽ ഭീകര രൂപം പൂണ്ടു ആ വലിയ വീട് അയാളെ ഭയപ്പെടുത്തി. പടിപ്പുര വാതിൽ തള്ളിത്തുറന്നു അയാൾ രണ്ടു ചുവടു അകത്തേക്ക് വച്ചു. മുന്നോട്ടു നടക്കാൻ കഴിയുന്നില്ല. ആരോ പിറകിൽ നിന്ന് പിടിച്ചു വലിക്കുന്നത് പോലെ. അയാളുടെ കാലുകൾക്കു ചലനശേഷി നഷ്ടപെട്ട പോലെ.  ഇല്ല. തനിക്കു ആ കിടപ്പു കാണാനുള്ള ത്രാണിയില്ല!!. 

 

ഉമ്മറത്തു നിലവിളക്കിന്റെ അരണ്ട വെളിച്ചം മാത്രം. അവിടെ നിന്ന് ഒരു വിളി കേട്ടു ‘‘ആരാ അവിടെ?’’ ഉത്തരം പറയാൻ അയാൾക്ക്‌ നാവു പൊങ്ങിയില്ല. പകരം തോളിൽ തൂങ്ങിയ ഇടയ്ക്കയിൽ അയാൾ കോലുകൊണ്ട്  ഒന്ന് കൊട്ടി. ഇടയ്ക്ക തന്നെത്തന്നെ  പ്രതിനിധീകരിക്കുന്നു എന്ന് അയാൾ ഏറെനാൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു. ഭിക്ഷാംദേഹിയായ സന്യാസിക്ക്  ഭാണ്ഡം പോലെ ഈ ഇടയ്ക്ക തന്റെ ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇടയ്ക്കയുടെ നാദം തിരിച്ചറിഞ്ഞത് പോലെ ഉമ്മറത്തു നിന്നും ചോദ്യങ്ങൾ ഉയർന്നു... കൃഷ്ണൻ കുചേലനെ തിരിച്ചറിഞ്ഞത് പോലെ.

 

ഉമ്മറത്ത് നിന്ന് ആ ശബ്ദം തന്നെ അകത്തേക്ക് വിളിച്ചു. തന്റെ ആത്മ മിത്രത്തിന്റെ വാക്കുകളിൽ വീഴ്ചയെ ഒളിപ്പിക്കാനായി വൃഥാ ഹാസ്യം നിറയ്ക്കാൻ ശ്രമിക്കുന്നത് അയാൾ തിരിച്ചറിഞ്ഞു. പക്ഷേ വാക്കുകളിലെ ദയനീയാവസ്ഥക്കു മറയിടാൻ കഴിഞ്ഞിരുന്നില്ല. മനസ്സു തളർന്നിരിക്കുന്നു. താൻ കണ്ടിട്ടുള്ള ഏറ്റവും ശക്തനായ ഈ മനുഷ്യന് ഇതു എന്തുപറ്റി? തനിക്ക് അറിയാവുന്ന അയാൾ ശരീരം കൊണ്ടുമാത്രമല്ല മനസ്സുകൊണ്ടും ശക്തനായിരുന്നു. ആടിത്തിമർത്ത കളികളിൽ അയാൾ ഭീമനെ പോലെ ബലവാനായിരുന്നു. അർജ്ജുനനെ പോലെ വില്ലാളി ആയിരുന്നു. കൃഷ്ണനെ പോലെ കൗശലക്കാരനായിരുന്നു. പക്ഷേ ഇപ്പോൾ കുരുക്ഷേത്രത്തിന്റെ നടുവിൽ ശരശയ്യയിൽ വീണു കിടക്കുന്ന ഭീഷ്മരെ പോലെ ദുർബലനായിരിക്കുന്നു. 

 

എത്രയൊക്കെ സംഭവിച്ചാലും തന്റെ മനസ്സിന്റെ കളിയരങ്ങിൽ അയാൾ ഇന്നും പച്ചവേഷം കെട്ടുന്ന  ശക്തനായ ആട്ടക്കാരനാണ്. നാവാമുകുന്ദനൊപ്പം കൊണ്ട് നടക്കുന്ന ആ രൂപം വീണു പോയി എന്ന് കരുതാൻ തനിക്കാവില്ല. മനസ്സിലെ കളിയാട്ട കാഴ്ചയെ മറ്റൊന്നും കൊണ്ട് പകരം വയ്ക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു.

 

തളർന്നു കിടക്കുന്ന തന്റെ കൂട്ടുകാരനോട് ഒരാശ്വാസവാക്കു പറയാൻ പോലും തനിക്കു കഴിയുന്നില്ലല്ലോ, എന്നയാൾ നെടുവീർപ്പിട്ടു!!. വിറക്കുന്ന കൈകൾ കൊണ്ടയാൾ ഇടയ്ക്കയിൽ തൊട്ടു. ഇടറുന്ന തൊണ്ടയിൽ നിന്നും ആ പാട്ടു  ഉയർന്നു വന്നു. ഒരു കഥകളി പദം ചൊല്ലണം എന്നാണ് വിചാരിച്ചത്. പക്ഷേ ഗുരുവായൂരിൽ പാടി മുഴുവിപ്പിക്കാൻ പറ്റാത്ത അഷ്ടപദിയാണ് നാവിൽ നിന്നും ഉയർന്നുവന്നത്.

 

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ

സന്താപഹാരി മുരാരേ

ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ

ദ്വാരകാപുരിയെവിടെ

പീലിത്തിളക്കവും

കോലക്കുഴല്‍പ്പാട്ടും

അമ്പാടിപ്പൈക്കളുമെവിടെ

ക്രൂര‌വിഷാദശരം കൊണ്ട് നീറുമീ

നെഞ്ചിലെന്നാത്മ പ്രണാമം

പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ

കാൽക്കലെൻ കണ്ണീർ പ്രണാമം..!

 

കണ്ണീർ തുടച്ചു കൊണ്ട് പെരിങ്ങോടൻ ഇരുട്ടിലേക്ക് തിരഞ്ഞു നടന്നു..... ദൂരെയെങ്ങോ ഒരു തിരിനാളം തേടി...

 

English Summary : Vande Mukundha Hare, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com