‘നിന്നെയെനിക്ക് ഇഷ്ടപെടനായില്ലെങ്കിൽ, ജീവിതത്തിലൊരാളെയും എനിക്ക് സ്നേഹിക്കാൻ പറ്റില്ല’

gift
പ്രതീകാത്മക ചിത്രം: Photocredit : Mila Supinskaya Glashchenko/ Shutterstock
SHARE

ചോക്കോ ബാർ (കഥ)

‘‘ദേ നമ്മളെ മോഹനൻ മാഷ് ആത്മഹത്യ ചെയ്തുത്രെ’’ ചന്ദ്രക്കോട് നിവാസികൾ അന്നുണർന്നത് മാഷുടെ ആത്മഹത്യാ വാർത്ത കേട്ടുകൊണ്ടാണ്.

ഒരാൾക്ക് പോലും ആ മരണവാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നലെ വരെ എല്ലാരേം വിളിച്ചു ചേർത്ത് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ മീറ്റിംഗ് കൂടി പിരിഞ്ഞതേയുള്ളു. റിട്ടയർമെന്റ് കഴിഞ്ഞിരിക്കുന്ന മാഷിനു പറയത്തക്ക വിധം സാമ്പത്തികമായോ ആരോഗ്യപരമായോ പ്രശ്നങ്ങൾ ഇല്ലതാനും. ഏക മകളുടെ വിവാഹം 3 മാസം മുൻപ് കഴിഞ്ഞതേയുള്ളൂ. മകളാണേ ഭർത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് താമസം മാറുകേം ചെയ്തു.

ഇന്നലെക്കൂടി മകളേം ഭർത്താവിനേം വിളിച്ചു സംസാരിച്ചതേയുള്ളു എന്തിനാണ് മാഷ് എന്നെ ഒറ്റക്കാക്കിപോയതെന്നു മാഷിന്റെ ഭാര്യ അവിടെ കരഞ്ഞു കൊണ്ട് ആവർത്തിക്കുന്നുണ്ടായിരുന്നു.

ഇനി മാഷിന്റെ മരണത്തിന് ഒന്നു രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു എൻജിനീയറിങ് കോളേജിൽ:

‘‘ഡാ മനു നീ അവിടെ എന്തെടുക്കുവാ ശ്വേതാ ഇപ്പൊ വരും.’’ മനുവിന്റെ എല്ലാമെല്ലാമായ ശ്വേതക്ക് വേണ്ടിയുള്ള ബർത്ഡേയ് പാർട്ടി ക്യാമ്പസിനകത്തുള്ള ഒരു കോഫി ഷോപ്പിൽ സർപ്രൈസ് ആയിട്ടു ഒരുക്കുവാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മനുവും കൂട്ടരും. ഈ സമയം മനു അവിടെ കോഫിഷോപ്പിലെ വാഷ് ബേസിനിൽ നിന്ന് വായ് കഴുകികൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെ പോലെയല്ല മനുവിന് വായ ഇടയ്ക്കിടക്ക് കഴുകി കൊണ്ടിരിക്കണം. അതും ചിലപ്പോ വായ കഴുകൽ ദീർഘ നേരം നീളും. ചില്ലറയൊന്നുമല്ല ഇതുകൊണ്ടുള്ള പ്രശ്നം മനുവിന്. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വച്ചു തനിക്ക് പോവാനുള്ള ട്രെയിൻ വന്നതും പോയതും ഒന്നും വായ കഴുകലിനിടയിൽ മനു അറിഞ്ഞില്ല. കോളേജ് യൂണിവേഴ്സിറ്റി പരീക്ഷക്ക് രാവിലെ വൈകി എണീറ്റപ്പോ വായ കഴുകി കഴുകി പിന്നേം വൈകി പരീക്ഷ ഹാളിൽ എത്തിയപ്പോഴേക്കും പരീക്ഷ കഴിയാനായിരുന്നു

അതൊക്കെ പോട്ടെ നമുക്ക് വീണ്ടും കോഫിഷോപ്പിലേക്ക് പോവാം. മനുവിന് ശ്വേത എന്ന് പറഞ്ഞാൽ ജീവനാണ്. സ്കൂളിൽ വെച്ചേ മനസിൽ കടന്നു കൂടിയതാണ് ശ്വേത. സ്കൂളിൽ മനുവും ശ്വേതയും വേറെ വേറെ ഡിവിഷനിൽ ആയതു കൊണ്ടും ഇഷ്ടം തുറന്നു പറയാനുള്ള പേടി കൊണ്ടും ശ്വേതയോടു ഒന്നും സംസാരിച്ചിരുന്നില്ല. പിന്നെ ഹയർ സെക്കന്ററിക്ക് അവളുടെ സ്കൂളിൽ തന്നെ ചേരണമെന്ന് മനു ആഗ്രഹിച്ചിരുന്നെങ്കിലും മാർക്ക് കുറവായതോണ്ട് നടന്നില്ല. പിന്നെയും മനു കാത്തിരുന്നു. ശ്വേതാ +2 പഠനം കഴിഞ്ഞു സിഎം എഞ്ചിനീറിങ്ങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എടുത്തപ്പോ മനു പിന്നെ ഒന്നും ആലോചിച്ചില്ല. റാങ്ക് കുറവായിരുന്നെങ്കിലും മനു മാനേജ്മെന്റ് സീറ്റിൽ അതെ കോളേജിൽ കമ്പ്യൂട്ടർ സയൻസ് തന്നെ എടുത്തു. ക്ലാസ്സ്‌മേറ്റ്സ് സിനിമയെ പോലെ കോളേജിൽ വെച്ച് ഇഷ്ടം തുറന്നു പറയാനൊക്കെയായിരുന്നു മനുവിന്റെ പ്ലാൻ.

പക്ഷേ മനു വിചാരിച്ചതു പോലെ ഒന്നും നടന്നില്ല പഴയ ആ ഉണ്ടക്കണ്ണി, പൊടിമീശക്കാരൻ തുടങ്ങിയ പൈങ്കിളി ആയിട്ട് ശ്വേതയോടു ഇഷ്ടം പറയാൻ ചെന്നപ്പോ നിനക്ക് വട്ടാണോന്നു ചോദിച്ചോണ്ട് ശ്വേതാ എളുപ്പത്തിൽ തടിയൂരി. പിന്നെ ശ്വേതയിൽ മതിപ്പുളവാക്കാനുള്ള പരാക്രമമായി ക്ലാസ് കഴിഞ്ഞിട്ടു ഗിറ്റാർ പഠിക്കാൻ പോയി, തട്ടിമുട്ടി ഗിറ്റാർ വായിയ്ക്കാൻ പഠിച്ചു. ഗിറ്റാർ ആയിട്ട് ഒരു വൈകുന്നേരം അവളുടെ അടുത്ത് വീണ്ടും ചെന്നപ്പോ ശ്വേതയുടെ മനസൊന്നിളകിയെങ്കിലും തനിക്കു പിന്നേം ആലോചിക്കണമെന്നു പറഞ്ഞു.

ഇതിപ്പോ അവസാനത്തെ പ്രതീക്ഷയാണ്. കൂട്ടത്തിൽ ആരോ ഫോൺ വിളിച്ചു പെട്ടെന്നു കോഫിഷോപ്പിലേക്ക് വരാൻ പറഞ്ഞതു കേട്ടിട്ട് ഒന്നുമറിയാതെ വന്ന ശ്വേതാ കാണുന്നത് കോഫിഷോപ് മൊത്തം അവളുടെ ഫോട്ടോസ് കൊണ്ട് അലങ്കരിച്ച് അവൾ ചിരിക്കുന്ന ചിത്രമുള്ള വലിയ ബർത്​ഡേ കേക്ക് ഒരുക്കി വെച്ചിരിക്കുന്നതുമാണ്. പിന്നെ എല്ലാരും കൂടി ‘‘ഹാപ്പി ബെർത്ഡേ ശ്വേതാ’’ ന്ന് ആർത്തു വിളിക്കുന്നതിനൊപ്പം മനു വന്നു മുട്ടിൽ കുത്തിയിരുന്ന് വീണ്ടും ഇഷ്ടം പറഞ്ഞപ്പോ ശ്വേത സ്തംഭിച്ചു പോയി. 

ഒന്നും പറയാതെ ശ്വേതാ അങ്ങനെ തരിച്ചു നിന്നപ്പോ ഇതൊന്നും കണ്ടു സഹിക്ക വയ്യാതെ കൂട്ടത്തിലുള്ള ശ്രുതി ശ്വേതയോടു പൊട്ടിത്തെറിച്ചു. ‘‘ഡീ ശ്വേതാ ഇന്നത്തോട് കൂടി ഇത് തീരുമാനമാക്കണം. നിന്നെ മനു സ്കൂൾ തൊട്ടു സ്നേഹിച്ചു തുടങ്ങി, നിനക്ക് വേണ്ടി നീ ചേർന്ന കോളേജിൽ നിന്റെ കോഴ്സ് തന്നെ അവനും എടുത്തു, നിനക്ക് വേണ്ടി ഗിറ്റാർ പഠിച്ചു, ദേ ഇപ്പൊ നിനക്ക് വേണ്ടി എല്ലാരേം വിളിച്ചു ചേർത്ത് നിന്റെ ബർത്ഡേ പാർട്ടി ഒരുക്കി. ഇതൊന്നും കണ്ടിട്ടും നിന്റെ മനസ്സിളകുന്നില്ലെങ്കിൽ തീർത്തു പറ അവനെ സ്നേഹിക്കാൻ പറ്റില്ലാന്ന്, ‘‘ഡാ മനു ഇവള് പോവുന്നെങ്കിൽ പോട്ടെടാ, നിന്നെ ഈ ശ്രുതി പൊന്നു പോലെ നോക്കി സ്നേഹിച്ചോളാം’’ അത്രയും നേരത്ത തന്റെ പ്രസംഗം അവിടെ ടേബിളിൽ ഉണ്ടായിരുന്ന വെള്ളമെടുത്തു കുടിച്ചു ശ്രുതി നിർത്തി.

ശ്രുതി ഇത് കാര്യമായിട്ടു പറഞ്ഞതാണോ അതോ തമാശയാണോ എന്നുള്ള ആശയകുഴപ്പത്തിൽ ഒരു ഉത്സവ പ്രതീതിയിലായിരുന്ന കോഫിഷോപ് പെട്ടെന്ന് ഒരു നിമിഷത്തേക്ക് മൂകതയിലായി. പെട്ടെന്നുള്ള മൂകത മുറിച്ചു കൊണ്ട് ‘‘ഡാ മനു ഇനിയും നിന്നെയെനിക്ക് ഇഷ്ടപെടനായില്ലെങ്കിൽ ജീവിതത്തിലൊരാളെയും എനിക്ക് സ്നേഹിക്കാൻ പറ്റില്ല, ഇനി നിന്നെയല്ലാതെ വേറെയൊരാളെ എനിക്ക് സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നുമില്ല’’ എന്നും പറഞ്ഞുകൊണ്ട് ശ്വേത ഓടിപോയി മനുവിനെ കെട്ടിപിടിച്ചു. അവരുടെ പ്രണയം മൊട്ടിട്ടു.

പിന്നീട് കോളേജിൽ അവരുടെ മാത്രം ദിനങ്ങളായിരുന്നു, മനുവും ശ്വേതയും മിക്ക വൈകുന്നേരങ്ങളിലും കോഫി ഷോപ്പിൽ പോയിരിക്കുന്നത് പതിവായി. അങ്ങനെയിരിക്കെ ഒരു ദിവസം കോഫിഷോപ്പിനു ഇറങ്ങാൻ നേരം ശ്വേതാ ഷോപ്പിലെ വെയ്റ്ററെ വിളിച്ചിട്ടു രണ്ടു ചോക്കോബാർ കൊണ്ടുവരാൻ പറഞ്ഞു. അതും കേട്ടതും മനുവിന്റെ മുഖം വല്ലാണ്ടായി. ‘‘ചോക്കോബാർ ഒഴിച്ച് നീ വേറെന്തെലും പറഞ്ഞോ ശ്വേതാ. എനിക്ക് ചോക്കോബാർ ഇഷ്ടമല്ല.’’ ‘‘അങ്ങനെയാണേ നീ കഴിക്കണ്ട ഞാൻ കഴിച്ചോളാമെന്നു’’ പറഞ്ഞപ്പോ മനു അതിനും സമ്മതിച്ചില്ല. അപ്പൊ ശ്വേതക്ക് കഴിച്ചേ തീരുമെന്നും വാശിയായി. അതെന്താ നിനക്കിഷ്ടമില്ലാത്തതു ഞാനും കഴിക്കാൻ പാടില്ലേന്നു ചോദിച്ചു ശ്വേതാ കോഫിഷോപ്പിലെ ഫ്രീസറിന്നു ചോക്കോബാർ എടുത്തു മനുവിന്റെ മുന്നിലിരുന്നു. 

ശ്വേതാ ചോക്കോബാറിന്റെ കവർ എടുത്തു മാറ്റി കഴിക്കാൻ നേരം പെട്ടെന്ന് എന്തോ വന്ന് അടിച്ചു ഐസ്ക്രീം മൊത്തം മുഖത്തു ശ്വേതയുടെ മുഖത്ത് തെറിച്ചു. ഒരു നിമിഷം ശ്വേതക്ക് ഒന്നും മനസിലായില്ല. മനുവിന്റെ മുഖം കണ്ടപ്പോഴാണ് ശ്വേതക്ക് അത് മനു ചോക്കോബാർ അടിച്ചു തെറിപ്പിച്ചതാണെന്നു മനസിലായെ. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ശ്വേതയുടെ മുഖം ചുവന്നു തുടുത്തിരുന്നു, ശ്വേത ഒന്നും പറയാതെ കോഫിഷോപ്പിനു ഇറങ്ങി പോയി. മനു പിന്നാലെ ക്ഷമ പറഞ്ഞോണ്ട് പോയെങ്കിലും ശ്വേത അതൊന്നും വക വെക്കാതെ ഹോസ്റ്റലിലോട്ടു നടന്നു.

മനുവിന് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിത്തം കിട്ടുന്നില്ല. ഒന്നുറങ്ങാൻ പറ്റുന്നില്ല. ദേഷ്യം പിടിച്ചപ്പോ ചോക്കോബാർ ഒന്ന് തട്ടിമാറ്റാമെന്നു കരുതിയേയുള്ളു. പക്ഷേ അത് തെറിച്ചു ശ്വേതയുടെ മുഖത്താവുമെന്നൊന്നും ഒരിക്കൽ പോലും വിചാരിച്ചില്ല. അതിന്റെ പിറ്റേന്ന് ക്ലാസ്സിൽ വെച്ച് ശ്വേതയെ വീണ്ടും കണ്ടപ്പോ പിന്നേം കാര്യം പറഞ്ഞു മനസിലാക്കാൻ നോക്കി. ഒരു രക്ഷയുമില്ല. അവളുടെ സംസാരത്തിൽ നിന്നും ശ്വേതയുടെ പിണക്കത്തിന്റെ ആഴം വ്യക്തമായിരുന്നു. 

എന്തിനാണ് ചോക്കോബാർ അടിച്ചു തെറിപ്പിച്ചതെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മാത്രം മനുവിന് ഉത്തരമുണ്ടായില്ല. പിന്നേം ഫ്രണ്ട്സ് എല്ലാരും കൂടി സംസാരിച്ച് എല്ലാം തുറന്നു സംസാരിക്കാനായി രണ്ടു പേരെയും കൂടി കോഫിഷോപ്പിൽ ആക്കികൊടുത്തു. കുറേ സംസാരിച്ചെങ്കിലും അവസാനം വിഷയം ചോക്കോബാറിൽ തന്നെയെത്തി. അവിടെയും മനുവിന് ചോക്കോബാർ അടിച്ചു തെറിപ്പിച്ചതിനു പ്രത്യേകിച്ചു കാരണമൊന്നും പറയാനുണ്ടായിരുന്നില്ല. അത് പക്ഷേ തനിക്കിഷ്ടമില്ലാത്ത ഒരു ഭക്ഷണം നീയും കഴിക്കേണ്ട എന്ന മനുവിന്റെ പുരുഷാധിപത്യമായി ശ്വേതക്ക് തോന്നിയിട്ടുണ്ടാവാം. മനു പിന്നെ ഒന്നും പറയാതിരുന്നപ്പോ ശ്വേതാ‘‘ Its All Over Manu’’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി.

മനുവിന്റെ മനസ്സ് അപ്പോഴേക്കും മരവിച്ചിരുന്നു. മനു ഹോസ്റ്റലിൽ പോയി കുളിമുറിയിൽ കയറി കുറെ നേരം കരഞ്ഞു. പിന്നെ മനു വായ കഴുകി തുടങ്ങി. പിന്നേം കരഞ്ഞു കൊണ്ട് കഴുകി. അവസാനം കുറച്ചു നേരം മനു കുളിമുറിയിലുള്ള കണ്ണാടിയിലേക്ക് നോക്കി തന്റെ ആ പഴയ നാലാം ക്ലാസ് സ്കൂൾ കാലഘട്ടത്തിലേക്കു പോയി.

അവസാനത്തെ പീരീഡ് ആണ്. എല്ലാരടേം പ്രിയങ്കരനായ മോഹനൻ മാഷ് കുട്ടികൾക്ക് കുറച്ചു കണക്കു കൊടുത്തിരിക്കുകയാണ്. ഏറ്റവും ആദ്യം ശരിയായി കണക്കു ചെയുന്ന ആൾക്ക് സമ്മാനമായി സ്കൂളിന് പുറത്തുള്ള കടയിൽ നിന്ന് ചോക്കോബാർ പ്രഖ്യാപിച്ചിട്ടുണ്ട് മോഹനൻ മാഷ്. എല്ലാരും മത്സരിച്ചു കണക്കു ചെയ്യുകയാണ്.  ചോക്കോബാർ എങ്ങനെയെങ്കിലും അടിച്ചെടുക്കണമെന്നുള്ളതിനാൽ ഉത്തരം തെറ്റാണോ എന്നൊന്നും നോക്കാതെ കണക്കു ചെയ്തു കഴിഞ്ഞു എന്ന് വിളിച്ചു പറഞ്ഞു. മാഷ് ചിരിച്ചു കൊണ്ട് പേപ്പർ നോക്കി. ഉത്തരം തെറ്റായിരുന്നെങ്കിലുംമാഷ് അത് മറച്ചു വെച്ച് അമ്പട മിടുക്കാ ചോക്കോബാർ അടിച്ചെടുത്തല്ലോ പറഞ്ഞു മനുവിനെ അഭിനന്ദിച്ചപ്പോ ബാക്കിയുള്ള പിള്ളേരെല്ലാം മനുവിനെ അസൂയ കണ്ണോടെ നോക്കുന്നുണ്ടായിരുന്നു അങ്ങനെ ക്ലാസ് ഒക്കെ കഴിഞ്ഞു ബെല്ലടിച്ചു സ്കൂൾ വിട്ടപ്പോ മോഹനൻ മാഷ് മനുവിനെ കൂട്ടി സ്റ്റാഫ്‌റൂമിലേക്ക് പോയി. പോവുന്ന വഴിക്കു പ്യൂണിനോട് പൊയ്ക്കോളാൻ പറഞ്ഞു താക്കോൽ വാങ്ങുന്നുണ്ടായിരുന്നു. 

ബാക്കിയെല്ലാ അധ്യാപകരും കുട്ടികളിലൊക്കെ പോയിക്കഴിഞ്ഞപ്പോ. അയാൾ മനുവിനേം കൂടി സ്റ്റാഫ്‌റൂമിന്‌ അകത്തു കയറി വാതിലടച്ചു. വാതിലിനു പുറത്തുള്ള വരാന്തയിൽ കുറച്ചു നേരത്തേക്ക് തങ്ങി നിന്ന നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് സ്റ്റാഫ്‌റൂമിൽ നിന്നും നിസ്സഹായതയുടെ ഞരക്കം കേട്ടതുകൊണ്ടാവാം സ്കൂളിലെ ചുമരുകളും വരാന്തകളും മനുവിന്റെ രക്ഷക്കായി അലമുറയിടുന്നുണ്ടായിരുന്നു. ഓരോ കുട്ടികളെയും അത്രയേറെ താലോലിച്ചു കൊണ്ടിരുത്തുന്നതു കൊണ്ടാവാം സ്കൂളിലെ ബെഞ്ചുകൾ ആരെങ്കിലും വന്നൊന്നു തന്റെ കുട്ടിയെ രക്ഷപെടുത്താൻ വേണ്ടി ദൈവത്തോട് കെഞ്ചുന്നുണ്ടായിരുന്നു. വാതിൽ തുറന്നു അയാളോടൊപ്പം പുറത്തു വന്നപ്പോ മനു വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു.

‘‘ഡാ ചെറുക്കാ ചുമ്മാ മോങ്ങിയാൽ കൊല്ലും ഞാൻ, ഇനി നീയിതെങ്ങാനും ആരോടെങ്കിലും പറഞ്ഞ നീ ജീവിതകാലം നാലാം ക്ലാസിൽ തന്നെയിരിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി’’ കണക്കു തെറ്റിയത് പോട്ടെ നീ ഇപ്പൊ ചെയ്തതിനു നിനക്കു ഞാൻ ചോക്കോബാർ വാങ്ങിച്ചു തരാം. ‘‘അതൊന്നും കേൾക്കാൻ മനുവിന് ത്രാണിയുണ്ടായിരുന്നില്ല അയാളുടെ കൈയും തെറിപ്പിച്ചു കൊണ്ട് മനു വീട്ടിലേക്ക് ഓടി. വീട്ടിലെത്തിയഉടനെ ബാഗും വലിച്ചെറിഞ്ഞു കുളിമുറിയിലേക്കോടിയ മനുവിനെ കണ്ട് അമ്മ ഇവനിതെന്തു പറ്റിയെന്നു ചേച്ചിയോട് ചോദിക്കുന്നുണ്ടായിരുന്നു. 

കുളിമുറിയിലെത്തി വാതിൽ കുറ്റിയിട്ടു കരഞ്ഞു കൊണ്ട് വായിലെ ആ വൃത്തികെട്ട ചൊവ മാറുന്നത് വരെ മനു വെള്ളമെടുത്തു കോപ്ലിച്ചു തുപ്പിക്കൊണ്ടിരുന്നു.

അന്ന് സംഭവിച്ച കാര്യം പലപ്പോഴും മറക്കാൻ ശ്രമിച്ചെങ്കിലും പലപ്പോഴായും ഗുഹയിൽ അകപ്പെട്ടു രക്ഷപെടനാവാത്ത കുട്ടിയെ പോലെ തന്റെ തലയ്ക്കു ചുറ്റും രോമാവൃതമായ കാലുകളിൽ ചുറ്റപ്പെട്ടു ഒരിത്തിരി ശ്വാസത്തിനായി വെമ്പൽ കൊള്ളുന്ന, ഒന്ന് രക്ഷപെടാൻ അലമുറയിടുന്ന കുട്ടിയായി പേടിസ്വപ്നങ്ങൾ വന്നു മനുവിന്റെ രാത്രികളെ വേട്ടയാടിക്കൊണ്ടേയിരുന്നു. അന്നത്തെ സംഭവത്തിനു ശേഷം ചോക്കോബാർ എന്ന് കേൾക്കുമ്പോഴേ മനുവിന് ഭയമായിരുന്നു. വല്ല കടകളിലും ചോക്കോബാർ കണ്ണിൽപെട്ടാൽ തന്നെ മുഖം തിരിക്കേണ്ടി വരുമായിരുന്നു. ഇന്നിപ്പോൾ അതെ ചോക്കോബാർ തന്നെ വില്ലനായി വന്നു ശ്വേതയെയും നഷ്ടപ്പെടുത്തി. വിട്ടു പോവാത്ത അന്നത്തെ ആ ചൊവ മാറാൻ മനു വീണ്ടും ഹോസ്റ്റലിലെ കുളിമുറിയിൽ തന്നെ തുടർന്നു.

എത്ര സമയം ഒരു ഭ്രാന്തനെ പോലെ വായും കഴുകികൊണ്ട് താനെവിടെ കുളിമുറിയിൽ നിന്നെന്നു മനുവിന് പോലും നിശ്ചയമില്ല. മനു കുളിമുറിയിൽ നിന്നിറങ്ങിയത് ജ്വലിക്കുന്ന കണ്ണുകളുമായിരുന്നു. ഒരാളോട് പോലും ഒന്നു തുറന്നു പറയാൻ പറ്റാത്ത നിസ്സഹായതയും അതിലേറെ താനനുഭവിച്ചുവരുന്ന മാനസിക സംഘർഷത്തിന്

കാരണക്കാരനായവനോടുള്ള അമർഷവും പകയും എത്രത്തോളം ഉച്ചത്തിലാണെന്ന് ആ കണ്ണുകളിൽ പ്രകടമായിരുന്നു. ഏതാണ്ടൊക്കെ മനസ്സിൽ ഉറപ്പിച്ചു മെസ്സിൽ നിന്നും ആരും കാണാതെ ഒരു കത്തിയും എടുത്തു മനു മോഹനൻ മാഷേ കാണാൻ ഹോസ്റ്റലിൽ നിന്നു പുറപ്പെട്ടു.

അത്രയും എഴുതി ഫുൾസ്‌റ്റോപ് ഇട്ടു കൊണ്ട് മനു തന്റെ ഡയറി മടക്കി സോഫയിലോട്ടു ചാഞ്ഞിരുന്നു. ഒരു പക്ഷേ അന്ന് പോവുന്ന വഴിക്കു ശ്വേത വിളിച്ചില്ലായിരുന്നെങ്കിൽ, എല്ലാം പറഞ്ഞു തീർത്തു വീണ്ടും ഒരുമിച്ചില്ലായിരുന്നെങ്കിൽ, അവളുടെ വിളിയോട് കൂടി അയാളെ ഇല്ലാതാക്കാൻ വേണ്ടിയുള്ള യാത്ര താൻ വേണ്ടെന്നു വെച്ചില്ലായിരുന്നെങ്കിൽ. ഇന്ന് തന്റെ ജീവിതം വല്ല ജയിലിലെ അഴികൾക്കുളിലായിരുന്നേനെ. തന്റെ നല്ലൊരു ബാല്യ കാലം അയാള് കാരണം നശിക്കപ്പെട്ടു. ഇനി അയാളെ കൊന്ന് ജയിലിൽ പോയി ബാക്കിയുള്ള ജീവിതം കൂടി താനെന്തിനു നശിപ്പിക്കണം. 

ഇന്ന് തന്റെ ബാംഗ്ലൂരിലെ ഫ്ലാറ്റിൽ ഇരുന്നു കൊണ്ട് മനു ഇതെല്ലാം ആലോചിക്കാൻ ഒരു കാരണമുണ്ട്. പഴയ ഓർമകളായും പേടിസ്വപ്നമായും വന്നു തന്നെ ദീർഘകാലം മാനസിക സംഘർഷത്തിലാക്കിയ അയാൾ ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം തികയുന്നു.

മനു എണീറ്റ് ഫ്ളാറ്റിലെ ബാൽകെണിയിലോട്ടു നടന്നു. അവിടെ ശ്വേതാ പുറത്തോട്ടു നോക്കി നില്പുണ്ടായിരുന്നു. ‘‘നാളെ അച്ഛൻ നമ്മളെ വിട്ടു പോയിട്ട് ഒരു വർഷം തികയുന്നു മനു. എന്തിനായിരിക്കും അച്ഛൻ സ്വയം ജീവനൊടുക്കുകിയത്? അവസാനവസാനം എന്നെക്കാളും മനുവിന്റടുത്തായിരുന്നില്ലേ അച്ഛന് ഇഷ്ടം. മരിക്കുന്നതിന്റെ തലേദിവസം വരെ നിങ്ങൾ കുറെ സംസാരിച്ചിരുന്നില്ലേ. 

‘‘അതെ ശ്വേതാ നമ്മൾ കല്യാണം കഴിക്കുമ്പോ മാഷ് പഠിപ്പിച്ച വിദ്യാർത്ഥി എന്നല്ലാതെ മാഷിന് എന്നെ ഓർമ്മയൊന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങൾ പഴയ കുറെ ഓർമ്മകൾ പങ്കു വെച്ചപ്പോഴായിരുന്നു മാഷിന്റെ ഇഷ്ട വിദ്യാർഥിയായ എന്നെ ശരിക്കും ഓർമ വന്നതും മനു എന്ന നാലാം ക്ലാസുകാരനെ തിരിച്ചറിയുന്നതുമൊക്കെ. 

മാഷിനോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ് ഞാൻ തന്റെ പിന്നാലെ കൂടിയതെന്നൊക്കെ ഞാൻ അന്ന് മാഷോട് തമാശയായി പറഞ്ഞിരുന്നു. ഒരു പുഞ്ചിരിയോടെ തന്റെ സംസാരമവസാനിപ്പിച്ചു കൊണ്ട് മനു ശ്വേതയെ ചേർത്ത് പിടിച്ചു. ആ പുഞ്ചിരിയിൽ പ്രതികാരവും പ്രണയവും സമാസമം ചാലിച്ചതു കൊണ്ടായിരിക്കണം പടിഞ്ഞാറുൽഭവിക്കുന്ന ശക്തമായ കാറ്റു പോലും അവർ നിൽക്കുന്ന ബാൽക്കണിയിൽ മന്ദഗതിയിലായിരുന്നു.

തന്റെ പ്രതികരണവും പ്രതികാരവും എഴുത്തിലൂടെയും കഥകളിലൂടെയും മാത്രം ചെയ്യാനറിയുന്ന ഒരാൾ ഒരിടത്ത് അത്രയും നേരം താൻ ടൈപ്പ് ചെയ്തുണ്ടാക്കിയ കഥ ഒന്നൂടി കണ്ണോടിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ട് അയാൾ തന്റെ വായ കഴുകാനായി കുളിമുറിയിലോട്ട് നടന്നു.

English Summary: Chocko Bar, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;