ADVERTISEMENT

എന്റെ പേരക്ക മോഹങ്ങൾ (കഥ)

 

നീണ്ട ആറ് മാസത്തെ കാരാഗൃഹ വാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് അച്ഛൻ എന്നിൽ കുറച്ച് ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുന്നു. കാരാഗ്രഹം എന്ന് ഞാൻ ഉദേശിച്ചത് സെൻട്രൽ ജയിൽ അല്ല കേട്ടോ, പക്ഷേ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഏറെക്കുറെ അതിനോട് ഉപമിക്കാമെന്ന് തോന്നുന്നു. 

 

ട്രെയിൻ ഓടി തുടങ്ങി എങ്കിലും പോകാനൊരു പേടി ഒരു മര്യാദയും ഇല്ലാത്ത വൈറസ് ആണ് പടരാൻ വലിയ പാടൊന്നുമില്ല അങ്ങനെ ഞങ്ങൾ കാറ് എടുത്ത് പോകാമെന്ന് തീരുമാനിച്ചു. റെന്റ് എ കാർ എടുത്ത് നേരെ വിട്ടു മണ്ണെറിഞ്ഞാൽ പൊന്ന് വിളയും പാലക്കാടിന്റെ മണ്ണിലേക്ക്. 

 

മുമ്പൊക്കെ മാസത്തിൽ മൂന്നോ നാലോ തവണയെങ്കിലും നാട്ടിൽ പോയ്കൊണ്ടിരുന്ന അച്ഛന് കഴിഞ്ഞ ആറ് മാസമായിട്ട് കുടുംബക്കാരെയെല്ലാം 6 ഇഞ്ച് സ്‌ക്രീനിൽ മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. അതിന്റെ വിഷമം മാറ്റാമെന്ന് കരുതി കുറച്ച് നാൾ അച്ഛൻ നാട്ടിൽ തന്നെ ഇരുന്നോട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചു. അച്ഛനും ആ തീരുമാനം നന്നേ ബോധിച്ചു കൂടാതെ അച്ഛമ്മയ്ക്കും.

 

വർക്ക് ഫ്രം ഹോം ചെയ്യാൻ തുടങ്ങിയപ്പോഴാണ് മനസിലായത് ഓഫീസ് എത്ര മനോഹരമായ ഒരു ഇടമായിരുന്നു എന്ന്. വീട്ടിലിരുന്നാൽ മറ്റ്  പല കാര്യങ്ങൾ എന്ത് വേണമെങ്കിലും നടക്കും പണി എടുക്കൽ ഒഴിച്ച്, എങ്കിലും പണി എടുക്കാതെ വയ്യല്ലോ. ലീവ് അധിക നാൾ കൊണ്ട് പോകാൻ ബുദ്ധിമുട്ടായതിനാൽ ഞാനും അമ്മയും ചേട്ടനും വീട്ടിലേക്ക് തിരിച്ച് വന്നു. വീട്ടിൽ അച്ഛൻ ചെയ്തുകൊണ്ടിരുന്ന പല ജോലികളും എനിക്ക് ഏറ്റെടുക്കേണ്ടി വന്നു, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അച്ഛൻ ഏറെ സ്നേഹത്തോടെ നട്ട് വളർത്തിയ പേരമരത്തിന് വെള്ളമൊഴിക്കുക എന്ന ദൗത്യമായിരുന്നു. ചില ഇടത്ത് പേരക്ക ചില ഇടത്ത് കൊയ്യക്ക അങ്ങനെ പല പേരിൽ ഈ ഐറ്റം അറിയപ്പെടുന്നുണ്ട്. വീടിനോട് ചേർന്ന് തന്നെയാണ് പേരമരം സ്ഥിതി ചെയ്യുന്നത്, അതിനാൽ ടെറസിൽ കേറിയാൽ കയ്യെത്തും ദൂരത്ത് സാധനം കിട്ടും. 

 

ദിവസവും ഒരു പേരക്ക തരുന്ന മരമാണ് നീ ഇടക്കിടക്ക് അതിനെ ഒന്ന് ശ്രദ്ധിച്ചേക്കണേ, ഒന്നരാടം വെള്ളമൊഴിക്കണം പിന്നെ... മുഴുവിപ്പിക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞു. അച്ഛൻ ഒന്ന് കൊണ്ടും പേടിക്കണ്ട മെ ഹു നാ.

 

വീട്ടിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞിരുന്നു, ഇടക്കിടക്ക് മറന്നു പോയെങ്കിലും ഓർത്തെടുക്കുന്ന നിമിഷം തന്നെ ഒട്ടും വൈകാതെ ഞാൻ ചെന്ന് നോക്കുമായിരുന്നു. ന്യൂനമർദ്ദം അതിന്റെ  ഏറ്റവും മികച്ച പ്രകടനം സംഭാവന ചെയ്യുന്ന സമയം ആയതിനാൽ ഒരു തുള്ളി പോലും വെള്ളം എനിക്ക് ഒഴിക്കേണ്ടി വന്നില്ല. 

 

ഞായർ വന്നു അത് 4 തവണയും വന്നു എന്നിട്ടും പേരക്ക മാത്രം കിട്ടിയില്ല. ടെറസിൽ പോയി പേരക്ക നോക്കി ഞാൻ മടുത്തു. കായ കുറച്ച് വന്നിട്ടുണ്ടെങ്കിൽ കൂടിയും ഒന്നും മൂക്കുന്നില്ല പഴുക്കുന്നുമില്ല. ഇതെന്ത് മാരണം? ഞാൻ ആലോചിച്ചു. 

 

രാവിലെ എന്നും കുളിയും ഭക്ഷണവും കഴിഞ്ഞ് ജോലിക്ക് കേറുന്നതിന് മുമ്പ് ടെറസിൽ പോയി പേരക്ക നോക്കുന്നത് എന്റെ ഒരു ശീലമായി. കൊതിപ്പിക്കാനായി വന്നു നിൽക്കുന്ന 7,8 കായകൾ പഴുക്കാനുള്ള മട്ടില്ല. എന്നാലും അതെന്താ അങ്ങനെ? അച്ഛന് ദിവസവും ഓരോ പേരക്ക വീതം തന്നു കൊണ്ടിരുന്ന മരത്തിന് എന്നോട് മാത്രം എന്താണൊരു വിമുഖത.

 

വാഴ കുലച്ചു. ബബ്ലൂസ് നാരങ്ങ സമ്പുഷ്‌ഠമായി വന്നു എന്നിട്ടും പേരക്ക മാത്രം കിട്ടിയില്ല. പേരക്ക കഴിക്കാമെന്ന എന്റെ മോഹം ഏതാണ്ട് ഉപേക്ഷിക്കേണ്ട സ്ഥിതിയായി. വഴിയരികിൽ കൊട്ടയിൽ തേജസ്സോടെ നിറഞ്ഞ്  നിൽക്കുന്ന വലിയ പേരക്ക പക്ഷേ സംസ്ഥാനം കടന്ന് വന്നവനാണ് അവന്റെ ഉള്ളിൽ എന്തൊക്കെ കാണുമെന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. എന്നാൽ നമ്മടേത് തനി കൊച്ചിക്കാരനും. പുറമെ റഫ് ആണെങ്കിലും ഉള്ളിൽ നൈസ് ആണ്.

 

പരിചയക്കാരുടെ വീട്ടിലാർക്കും പേരമരമില്ല. നല്ല നാടൻ പേരക്ക കഴിക്കണമെങ്കിൽ നാട്ടിൽ തന്നെ പോകണമെന്ന സ്ഥിതിയായി. ദൈവമേ നാട്ടിലുള്ള എന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ നാടിന് പുറത്ത് പോയി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും? ഒരു കഷ്ണം പേരക്കയ്ക്ക് വേണ്ടി അവർക്ക് നാട്ടിലേക്ക് വണ്ടി കേറാൻ കഴിയുമോ? അതും ഈ സമയത്ത്. എന്റെ ചിന്ത കാട് കയറി കുറെ അങ്ങ് പോയി പിന്നെ എപ്പഴോ തിരിച്ച് വന്നു...

 

നാശം പിടിക്കാനായിട്ട് ഒരു മരം, നമ്മുടെ  വെള്ളം കുടിച്ച് വളരുകയും വേണം എന്നാൽ നമ്മൾക്കൊരു ആവിശ്യത്തിന് ഒട്ട് ഉപകരിക്കുകയുമില്ല. അച്ഛൻ നാട്ടിൽ നിന്നും വന്നാൽ ഉടനെ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം അത് ഉറപ്പ്. ആ ആഴ്ച ഞങ്ങൾ നാട്ടിൽ പോയി 2 ദിവസം താമസിച്ചതിന് ശേഷം തിരിച്ച് വന്നു. കൂടെ അച്ഛനും. 

 

അച്ഛൻ പറഞ്ഞത് പോലെ ഒന്നുമല്ല കാര്യങ്ങൾ, ദിവസവും അച്ഛന് ഓരോ പേരക്ക വീതം തന്ന മരം കഴിഞ്ഞ ഒരു മാസം ആയിട്ടും എനിക്കൊരു തേങ്ങയും തന്നില്ല... ഒരു ഉപകാരവുമില്ലേൽ പിന്നെ എന്തിനാണ് അങ്ങനെ ഒരു മരം. നമ്മൾക്ക് അതങ്ങ് മുറിച്ചാലോ ?

 

അച്ഛൻ എന്നെയൊന്ന് തുറിച്ച് നോക്കി. ഇട്ടാവട്ട സ്ഥലത്ത് വർഷങ്ങളായി തന്റെ വിയർപ്പൊഴുക്കി ഒരു സസ്യ ശ്യാമള കോമളം പടുത്തുയർത്താൻ പാട് പെടുന്ന അച്ഛനിലെ കൃഷിക്കാരനും പ്രകൃതി സ്നേഹിയും ഒരേപോലെ ഉറഞ്ഞാടി എഴുന്നേറ്റ്  വന്ന പോലെ എനിക്ക് തോന്നി. ഞാനൊന്ന് ഭയന്നു.

 

അച്ഛൻ ഒന്നും മിണ്ടാതെ ടെറസിലേക്ക്  പോയി, മടുപ്പോടെ ഞാനും... പേരക്ക മരത്തിനെ അടിമുടിയൊന്ന് നോക്കിയിട്ട് അച്ഛൻ പറഞ്ഞു, മരം നടേണ്ടതും അതിനെ ശ്രദ്ധയോടെ പരിപാലിച്ച് വളർത്തി കൊണ്ട് വരേണ്ടതും മരത്തിന്റെ ആവിശ്യമല്ല നമ്മടെ ആവിശ്യമാണ്. അത്കൊണ്ട് തന്നെ ഇനി ഇപ്പോൾ ഇതിൽ നിന്നും ഒരു പേരക്ക പോലും കിട്ടിയില്ലെങ്കിൽ പോലും ഈ മരം നമ്മൾ മുറിക്കില്ല ഈ മരം എന്നല്ല ഏത് മരവും. മനസ്സിലായോ?

 

ഞാൻ പാതി ബോധ്യത്തോടെ തലയാട്ടി. അച്ഛൻ താഴേക്ക് പോകാൻ ഒരുങ്ങി. എനിക്ക് അപ്പോഴും പൂർണ്ണ ബോധം കൈവന്നിരുന്നില്ല, വെറുമൊരു മരത്തിന്റെ പുറത്ത് ഇത്രയും സെന്റിമെൻസൊ? ഫിസിക്സ് ലെക്ചർ കേട്ട ബയോളജി സ്റ്റുഡന്റിനെ പോലെ ഞാൻ അങ്ങനെ നിന്നു. 

വരുന്നില്ലേ ? അച്ഛൻ ഒന്ന് തിരിഞ്ഞിട്ട് ചോദിച്ചു. 

ഞാൻ തലയാട്ടി

വരുമ്പോൾ അതും കൂടി എടുത്തോ 

ഞാൻ, കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി

ടെറസ്സിന്റെ തിട്ടിൽ പറിച്ച് വെച്ച പഴുത്ത 4 പേരക്ക.

 

English Summary: Ente Perakka Mohangal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com